'ഇത്രയും മുഷിഞ്ഞ വേഷമിട്ട് ആരെങ്കിലും കഥ പറയാന്‍ വരുമോ? ഇയാള്‍ കഥാകാരനൊന്നുമല്ല കള്ളനാണ്.'  ഒരു കഥ പറഞ്ഞുകേള്‍പ്പിക്കാന്‍ സംവിധായകന്റെ വീട്ടുപടിക്കലെത്തിയ കണ്ണൂര്‍, പയ്യന്നൂര്‍ സ്വദേശിയായ അഖില്‍ എന്ന യുവകഥാകൃത്തിനെ എതിരേറ്റത് സംവിധായകന്റെ ഭാര്യയുടെ കടുത്ത വാക്കുകള്‍.

കള്ളനെന്ന പേരില്‍ നാട്ടുകാരില്‍ നിന്നും കിട്ടിയ അടിയുടെ വേദനയില്‍ പിന്‍തിരിഞ്ഞു നടന്ന, കുപ്പായം വാങ്ങാന്‍ കാശില്ലാത്തവന്റെ കൈയില്‍ ഉള്ള് പൊള്ളിക്കുന്ന കുറെ കഥകളുണ്ടെന്ന് അന്നവിടെ കൂടിയവരൊന്നും അറിഞ്ഞില്ല. ജീവിതത്തില്‍ തോറ്റുപോയ കുറേ മനുഷ്യരുടെ ജീവിതം പറയുന്ന ആ കഥകളുടെ മഹത്വമെന്തെന്നും. വര്‍ഷങ്ങള്‍ക്കിപ്പുറം അഖിലിന്റെ 'സിംഹത്തിന്റെ കഥ' എന്ന ആദ്യ നോവല്‍ മാതൃഭൂമി വഴി പ്രസിദ്ധീകരിക്കപ്പെടുമ്പോള്‍ അത് എഴുത്തിനെ നിഷേധിച്ചവര്‍ക്കുള്ള മറുപടി കൂടിയാവുകയാണ്.

പത്താംക്ലാസില്‍ പഠിക്കുമ്പോള്‍ മുതല്‍ എഴുതിയ കഥകളെല്ലാം സാഹിത്യമാസികകള്‍ക്കയച്ച് കൊടുത്തെങ്കിലും എല്ലാവരും ഒരേ രീതിയില്‍ അഖിലിന്റെ കഥകള്‍ക്ക് പുറംതിരിഞ്ഞു നിന്നു. ഒടുവില്‍ ഒരു പരീക്ഷണമെന്നോണമായിരുന്നു സംവിധായകരെ തേടി കഥയുമായിറങ്ങിയത്. അനുഭവം ക്രൂരമായതോടെ സ്വന്തം കഥകളെ കുറിച്ചു കണ്ട സ്വപ്‌നങ്ങളെല്ലാം പാതിവഴിയില്‍ ഉപേക്ഷിച്ചു. പക്ഷേ, കഥയെഴുത്ത് അവസാനിപ്പിക്കാന്‍ കഴിഞ്ഞില്ല. തന്നില്‍ നിന്നു തന്നെയുള്ള ഒരു ഒളിച്ചോട്ടം കൂടിയായിരുന്നു അഖിലിന് എഴുത്ത്. കൂലിപ്പണിക്കാരന്റെ ജീവിതക്കാഴ്ചകളെ പറഞ്ഞു വെക്കാന്‍ അക്ഷരങ്ങള്‍ മാത്രമേ കൂട്ടിനുണ്ടായിരുന്നുള്ളൂ.

പണിയില്ലാത്ത ഒരവസരത്തില്‍ നാട്ടിലെ ലൈബ്രേറിയന്‍ കാലൊടിഞ്ഞ കിടപ്പിലായപ്പോള്‍ പകരക്കാരനായി അഖിലിനെ ഇരുത്തിയതായിരുന്നു സാഹിത്യത്തിന്റെ ഗൗരവമായ വായനയ്ക്ക് തുടക്കമിടുന്നത്. പിന്നീട് ജെ.സി.ബി. ഡ്രൈവറായി ജോലി തുടങ്ങിയപ്പോഴാണ് എഴുതിയ കഥകളെല്ലാം ചേര്‍ത്ത് പുസ്തകമാക്കിയാലോ എന്ന ചിന്ത മനസ്സിലുടക്കിയത്. പക്ഷേ അവിടെയും അഖിലിന് ഒരുപാടു കടമ്പകള്‍ മറികടക്കാനുണ്ടായിരുന്നു. ആമസോണില്‍ പുസ്തകം വില്പനയ്ക്കു വെച്ചതു കൂടാതെ  ബുക്സ്റ്റാള്‍ വഴിയും പുസ്തകം വില്പനയ്ക്കുവെച്ചു. ഏറെ പ്രതീക്ഷകളൊന്നുമില്ലാതെ തന്നെ. 

പൈസ മുടക്കി ആദ്യ ചെറുകഥാ സമാഹാരമായ നീലച്ചടയന്‍ പ്രസിദ്ധീകരിച്ചപ്പോള്‍ ഒരു നിബന്ധന കൂടി വന്നു. പുസ്തകത്തിന്റെ 60 കോപ്പികള്‍ ഗ്രന്ഥകാരന്‍ തന്നെ വീണ്ടും കാശുകൊടുത്ത്  വാങ്ങിയേ പറ്റൂ. പുസ്തകം സൂക്ഷിക്കാന്‍ പോലും ഇടമില്ലാത്ത ആ വീട്ടില്‍ 60 കോപ്പികള്‍  ബാധ്യതയാവുന്നതു കണ്ട് കത്തിച്ചു കളയേണ്ടി വന്നതിന് ഒരു ന്യായീകരണമേ അഖിലിന് പറയാനുള്ളൂ 'എന്റെ കഥ വായിക്കണമെന്നു പറഞ്ഞ് എങ്ങനെ ഞാനൊരാളെ ബുദ്ധിമുട്ടിക്കും, വായന എന്നത് വ്യക്തിയുടെ തിരഞ്ഞെടുപ്പല്ലേ?'. തിരഞ്ഞെടുപ്പ് എന്നത് വ്യക്തിസ്വാതന്ത്ര്യമാണെന്ന ആ ജനാധിപത്യബോധമാണ് (ഇന്നു പലരിലും നാം കാണാത്ത ഒന്ന്) അഖിലിലെ എഴുത്തുകാരനെ വായനക്കാരോട് കൂടുതല്‍ അടുപ്പിക്കുന്ന ഘടകവും.

book cover
പുസ്തകം വാങ്ങാം

അവിടെ നിന്നാവാം അഖിലിന്റെയും നീലച്ചടയനെന്ന കഥാസമാഹാരത്തിന്റെയും ഗതിയില്‍ വഴിത്തിരിവുണ്ടാകുന്നത്. എഴുത്തുകാരെ മുന്‍വിധികളോടെ വിലയിരുത്താത്ത, എതു കഥയും ഒന്നു മറിച്ചു നോക്കി മാത്രം വായനയ്‌ക്കെടുക്കുന്ന ബിപിന്‍ ചന്ദ്രനെന്ന തിരക്കഥകൃത്തിനു മുന്നില്‍ നീലച്ചടയന്‍ ഒരു വിസ്മയമായി. അഖിലിന്റെ എഴുത്തിലെ സത്യസന്ധതയെ അദ്ദേഹം തിരിച്ചറിഞ്ഞെന്നു മാത്രമല്ല, സോഷ്യല്‍ മീഡിയയിലൂടെ ലോകത്തോട് പറയാനുള്ള വലിയ മനസ്സു കൂടി കാണിച്ചു.

ബിപിന്‍ ചന്ദ്രന് പുറകേ സംവിധായകനും അഭിനേതാവുമായ ജോയ് മാത്യുവിനെ പോലുള്ളവരുടെ ഫോണ്‍ വിളികള്‍ അഖിലിനെ തേടിയെത്തി, ആശംസകള്‍ അറിയിച്ചു കൊണ്ട്. ബെന്യാമിന്‍, അഷ്ടമൂര്‍ത്തി തുടങ്ങിയവര്‍ അഖിലിന്റെ കഥകളെ കുറിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രതികരിച്ചു തുടങ്ങി. അതിനിടയില്‍ പുസ്തകം നാലും അഞ്ചും എഡിഷനുകളിലേക്ക് കടന്നുപോയ്‌ക്കൊണ്ടിരുന്നു.  കഥ സിനിമയാക്കാനുദ്ദേശിക്കുന്നുവെന്ന് പറഞ്ഞ് സംവിധായകര്‍ സമീപിക്കാന്‍ തുടങ്ങി. ബുക്സ്റ്റാളില്‍ എത്തുന്ന നവസംവിധായകര്‍ക്കുവേണ്ടി പലരും അഖിലിന്റെ കഥകളെ നിര്‍ദേശിക്കുവാന്‍ തുടങ്ങി.  

ഇതിലൊന്നും ഏറെ ഭ്രമിക്കാതെ എഴുതി പൂര്‍ത്തിയാക്കിയ തന്റെ നോവലുമായിരിക്കുന്ന അഖിലിനെ തേടി ഒരിക്കല്‍ തിരസ്‌കരിച്ച പ്രസാധകരുടെ ഫോണ്‍ വിളികള്‍ വരാന്‍ തുടങ്ങി. താന്‍ അന്നേ വരെ സമീപിക്കാതിരുന്ന പ്രസാധകര്‍ എന്ന നിലയില്‍ മാതൃഭൂമിയില്‍ എത്തിയ അഖിലിന്റെ 'സിംഹത്തിന്റെ കഥ'യെ എല്ലാ സഹായ സഹകരണങ്ങള്‍ ചെയ്തു കൊടുത്തു കൊണ്ടുതന്നെ മാതൃഭൂമി ഏറ്റെടുത്തു. മയ്യഴിയുടെ സ്വന്തം കഥാകാരനായ എം.മുകുന്ദനിലൂടെ പുസ്തകം പ്രകാശിപ്പിക്കപ്പെട്ടപ്പോള്‍ ജയിച്ചത് താനല്ല, അക്ഷരങ്ങളുടെ ശക്തിയെന്നു പറഞ്ഞ് അഖില്‍ നിര്‍മ്മമനാവുന്നു.

ഒരിക്കല്‍ കള്ളനെന്ന് മുദ്രകുത്തപ്പെട്ട അഖില്‍ എഴുത്തുകാരന്‍ എന്ന നിലയില്‍ അറിയപ്പെട്ടു തുടങ്ങിയിരിക്കുന്നു. പുസ്തക പ്രകാശനത്തിനും ഉദ്ഘാടന കര്‍മങ്ങള്‍ക്കുമായി ആളുകള്‍ ഈഎഴുത്തുകാരനെ സമീപിക്കുമ്പോള്‍ അഖിലിന് ഒന്നേ പറയാനുള്ളൂ..'സുഹൃത്തേ, ഇതിലൊന്നും ആഗ്രഹമില്ലാഞ്ഞല്ല... സമയമില്ല....  പുലര്‍ച്ചെ 5 മണിക്ക് എഴുന്നേറ്റ് ജെ.സി.ബി ഓടിക്കാന്‍ പോയാല്‍ ജോലി എപ്പോള്‍ അവസാനിക്കുമെന്ന് ഒരുറപ്പും പറയാന്‍ പറ്റില്ല. ജീവിതം മുന്നോട്ടു പോകണമെങ്കില്‍ ജോലി വേണമല്ലോ.. എന്നോട് ക്ഷമിക്കുക.'

അതെ, ഈ എഴുത്തുകാരന്‍ സമൂഹത്തോട് തികഞ്ഞ പ്രതിബദ്ധതയുളളവന്‍ തന്നെയാണ്.

Content Highlights: Akhil.K, Simhathinte Katha, Mathrubhumi Books