''കേരളത്തിലെ ഇപ്പോഴത്തെ പെണ്‍കവികളില്‍ 99% വും നല്ല എഴുത്തുകാരികളേയല്ല. അഥവാ ഇനി ആരെങ്കിലും എഴുതിയാല്‍ തന്നെ ഇവിടുത്തെ പ്രമുഖ ആണ്‍ കവികള്‍ ഉടനെ അവരുടെ ഇന്‍ബോക്‌സില്‍ ചെല്ലുകയായി.പിന്നെ അവരുടെ എഴുത്തിനെ വല്ലാതങ്ങു പ്രോത്സാഹിപ്പിക്കുന്നു. നിങ്ങളെ മാധവികുട്ടി ആക്കാം, സുഗതകുമാരി ആക്കാം എന്നൊക്കെ ഉള്ള  വാഗ്ദാനങ്ങള്‍ നല്‍കുന്നു, ഈ വാഗ്ദാനങ്ങളില്‍ കുടുങ്ങി പെണ്‍കവികള്‍ 99% വും ഇവരുടെ പുറകെ പോകുന്നു. അങ്ങനെ പ്രമുഖ പെണ്‍കവികള്‍ ഇവിടെ ഇല്ലാതാകുന്നു''-  കവിയും ഗാനരചയിതാവുമായ അജീഷ് ദാസന്‍ കഴിഞ്ഞ ദിവസം പുസ്തകപ്രകാശനത്തിനിടെ പറഞ്ഞ വാക്കുകള്‍ എഴുത്തുകാരികള്‍ക്കിടയില്‍ പ്രതിഷേധമുളവാക്കിയിരിക്കുകയാണ്. വിഷയത്തെക്കുറിച്ച് എഴുത്തുകാരിയും ആക്ടിവിസ്റ്റുമായി ലിഖിതാ ദാസ് പ്രതികരിക്കുന്നു 

കേരളത്തില്‍ സ്ത്രീ എഴുത്തുകാര്‍ പ്രത്യേകിച്ച് കവയിത്രികള്‍ മുഴുവന്‍ ആണ്‍പറച്ചിലുകളില്‍ വീണുപോകുന്നവരാണെന്നും അവരുടെ പ്രലോഭനങ്ങളില്‍ വീണ് എഴുത്തുകാരി മരിച്ചുപോകുന്നുവെന്നും പറഞ്ഞ അജീഷ്ദാസിന്റെപ്പോലുള്ള മുരട്ടുവാദികള്‍ ഒന്നു മനസിലാക്കിയാല്‍ കൊള്ളാം. കവയിത്രികള്‍ ഏതു നിമിഷവും ആണ്‍തുരുത്തുകളില്‍ ചെന്ന് വീഴാനും അവരുടെ വളര്‍ത്തുപട്ടിയാകാനും വേണ്ടി മോങ്ങിക്കൊണ്ട് നടക്കുന്നവരാണെന്ന ചിന്തയുണ്ടെങ്കില്‍ അതങ്ങ് മാറ്റിവയ്ക്കുന്നതാവും നല്ലത്. ഒരു സുഗതകുമാരി ടീച്ചറൊ മാധവിക്കുട്ടിയൊ ആകാനായി ഇവിടുത്തെ സ്ത്രീ എഴുത്തുകാരാരും അരയും തലയും മുറുക്കി ഇറങ്ങിയിട്ടില്ല.

99% എഴുത്തുകാരികളും അത്തരക്കാരാണ് എന്ന് പറഞ്ഞതിലെ കണക്കുകള്‍ എന്തടിസ്ഥാനത്തിലായാലും സ്ത്രീ വിരുദ്ധമായ ഇത്തരമൊരു തോന്ന്യാസത്തിനെതിരെ ഒരെഴുത്തുകാരി എന്ന നിലയില്‍ വേദിയില്‍ നിന്നു തന്നെ മീരാബെന്‍ ടീച്ചര്‍ പ്രതിഷേധിക്കണമായിരുന്നു. ഒരു പുസ്തക പ്രകാശനവേദിയിലിരുന്നുകൊണ്ട് തികച്ചും മനുഷ്യവിരുദ്ധമായ ആണ്‍ധാര്‍ഷ്ട്യത്തോട് സംയമനം പാലിച്ച പ്രസാധകരോടും എഴുത്തുകാരോടും കാഴ്ചക്കാരോടും സഹതാപം തോന്നുന്നു. സദസ്സിലിരുന്ന് കൂവി പ്രതിഷേധമറിയിച്ച രണ്ടുപേരോട് മാത്രം ഐക്യപ്പെടുന്നു.

മുന്‍ കാലങ്ങളില്‍ എഴുതിയ സ്ത്രീ എഴുത്തുകാരുടെ ഫോട്ടോസ്റ്റാറ്റ് പതിപ്പാവാനല്ല പുതിയകാലത്ത് ഞാനടക്കമുള്ള എഴുത്തുകാരികള്‍ ശ്രമിക്കുന്നത്. തഴയുമ്പോഴും പൊതു ഇടങ്ങളില്‍ പോലും അവഗണിക്കുമ്പോഴും നിരന്തരം കലഹിച്ചും അവകാശങ്ങളെപ്പറ്റി ഉറക്കെ സംസാരിച്ചും എഴുതിയുമൊക്കെ തന്നെയാണ് ഞാനടങ്ങുന്ന നിങ്ങളീപ്പറഞ്ഞ കവയിത്രികള്‍ ഇവിടെ നിലനില്‍ക്കുന്നത്. അല്ലാതെ ആണ്‍ പുരോഗമനിസ്റ്റുകളുടെ വാലിന്ററ്റത്തല്ല ഞങ്ങള്‍ നിലപാടും എഴുത്തും കെട്ടിയിട്ടിട്ടുള്ളത്.

Content Highlights : Ajish Dasan controversay poet acitvist Likhitha Das reacts