മാതൃഭൂമി ആഴ്ചപതിപ്പിൽ പ്രസിദ്ധീകരിച്ച ഫർസാനയുടെ 'ചെന്താരകം' എന്ന കഥയിലെ ദേശവും കാലവും മുൻ നിർത്തിയൊരു വായന.

രാൾ പിന്തുടരുന്ന പ്രത്യയശാസ്ത്രത്തിന്റെ ഭൂതവർത്തമാനകാലചെയ്തികളിലെ ജനാധിപത്യധ്വംസനങ്ങളും മനുഷ്യത്വശൂന്യതയും തമസ്കരിക്കുകയോ നിരാകരിക്കുകയോ ചെയ്യുക എന്നത് തീരെ സാമാന്യമാക്കപ്പെട്ട വസ്തുതയാണ്. പക്ഷേ അത് ചരിത്രത്തിന്റെ അപനിർമ്മിതിയിലേക്കോ ചരിത്രനിരാസത്തിലേക്കോ ആവും എത്തിക്കുക. അതേ സമയം, ചരിത്രത്തിന്റെ ശേഷിപ്പുകളെ ഒരു ഭൂമിക മാത്രമാക്കി വെച്ച് കൊണ്ട് എഴുതപ്പെടുന്ന ഫിക്ഷനുകളിൽ - അത് കഥയോ നോവലോ ആവട്ടെ - പരിപൂർണ്ണമായ യാഥാർത്ഥ്യം തേടുന്നത് മൗഢ്യമായിരിക്കും. ഈയൊരു മാനസികഘടനയിൽ നിന്നുകൊണ്ടാവണം 'ചെന്താരകം' (ജൂലൈ 4, മാതൃഭൂമി ആഴ്ചപ്പതിപ്പ്) എന്ന സുന്ദരമായ കഥ വായിക്കേണ്ടത്.

ആദ്യം പറഞ്ഞ സ്വമതനീതിവത്‌കരണം ഒരു ഡോഗ്മ ആയി കൊണ്ടു നടക്കുമ്പോൾ, ഒരു തരത്തിൽ കമ്മ്യൂണിസ്റ്റ് വിരുദ്ധമായ എഴുത്തായിട്ടാവും ആ കഥ വായിക്കപ്പെടുക. വർഗമുന്നേറ്റങ്ങളെ അവഗണിക്കുന്ന എന്നതിലുപരി പ്രതിലോമ സ്വഭാവമുള്ള എന്ന അപകടം കൂടി അതിലുണ്ട്. 'കല കലയ്ക്ക് വേണ്ടി' എന്ന മതത്തെ ഉൾക്കൊള്ളാൻ മാത്രം ധൈഷണികമായ പരിപക്വത - ഇന്റലക്ച്വൽ മെച്യുരിറ്റി -പ്രാപിച്ചാൽ മാത്രമേ ഇത് ഹൃദയത്തെയും മസ്തിഷ്കത്തെയും ത്രസിപ്പിക്കുന്ന കലാസൃഷ്ടിയായി ഉൾക്കൊള്ളാൻ സാധിക്കുകയുളളൂ.

യുവത്വത്തിലെത്തിയ കൊച്ചുമകനും (ബെഞ്ചമിൻ) മുത്തച്ഛനും തമ്മിലുള്ള ഊഷ്മളമായ ബന്ധത്തെയും അവർക്കിടയിലെ ജീവിതത്തിന്റെ പ്രസരിപ്പും സൂചിപ്പിച്ചു കൊണ്ട് തുടങ്ങുന്ന കഥയിലേക്ക് നമ്മെ കൊണ്ട് പോകുന്നത് ബെഞ്ചമിന്റെ പെൺസുഹൃത്തായ ജാനകിയാണ്. മനുഷ്യമനസുകളുടെ അശാന്തി തീരങ്ങളിൽ അലയാൻ താത്‌പര്യമുള്ളവൾ എന്ന് സ്വയം വിശേഷിപ്പിച്ചു കൊണ്ടാണ് ജാനകി, അന്ന് വരെ ഉന്മേഷവാനും ഊർജ്ജ്വസ്വലനുമായിരുന്ന മുത്തച്ഛന്റെ സ്വപ്നദർശനത്തിന് ശേഷമുള്ള പൊടുന്നനെയുള്ള മാറ്റത്തെ കാണിച്ചു തരുന്നത്.

പൊളിറ്റിക്കൽ, ആർട്ടിസ്റ്റിക്, ഇമോഷണൽ എന്നിങ്ങനെ മൂന്ന് സവിശേഷ തരം വായന സാദ്ധ്യമാക്കുന്ന, സമകാലിക കഥകളിൽ വിരളമായ ഒരു തരം പ്രത്യേകത കൂടി 'ചെന്താരക'ത്തിനുണ്ട് എന്ന് വ്യക്തമാണ്. കഥാപാത്രങ്ങൾ, അവരുടെ അതിസൂക്ഷ്മമായ മാനറിസങ്ങൾ, അവരുടെ ജീവിത ചുറ്റുപാടുകൾ, കാലദേശങ്ങൾ എന്നിവയിലെല്ലാം പുലർത്തുന്ന സൂക്ഷ്മത എഴുത്തുകാരിയുടെ മുൻ കഥകളിൽ നിന്നും നമുക്ക് മനസ്സിലായവയാണ്. ചൈനീസ് തെരുവ്, വേട്ടാള തുടങ്ങിയവയിൽ അവ വ്യക്തവുമാണ്. എന്നാൽ ചെന്താരകത്തിലെത്തുമ്പോൾ എഴുത്തുകാരി ബോധപൂർവമോ അബോധപൂർവമോ കാലദേശങ്ങളിൽ ഗിമ്മിക്ക് കാണിച്ചതായോ വായനക്കാരന്റെ മനസ്സിലേക്ക് ഒരു തരം കൺഫ്യൂഷൻ ഇട്ടുകൊടുക്കുന്നതായോ സന്ദേഹിച്ചു പോവും. വർത്തമാനകാലത്ത് നിന്നും അമ്പതു വർഷം പിറകിലേക്ക് പോയാൽ, 1970 കളിലെ പോളണ്ട് കാണുന്ന ഒരാൾക്ക് ചെമ്പടയോ വിപ്ലവത്തിന്റെ ചോരച്ചുവപ്പോ ദൃശ്യമാവില്ല. അതിനും പത്തു വർഷങ്ങൾക്ക് ശേഷമാണല്ലോ സോളിഡാരിറ്റി,
ലാവലേസ് എന്നീ പേരുകൾ ഉയർന്നു വരുന്നത്. പക്ഷേ, കഥയിൽ കൂടി വായനക്കാരിലേക്ക് ഇട്ടുകൊടുക്കുന്ന ദർശനം, അതിന്റെ തീം, സാർവകാലികവും സാർവ ദേശീയവുമാകുമ്പോഴാണ് അത് ഉദാത്തമായ ഒരു സൃഷ്ടിയാവുന്നത്. ഈ സാർവജനീന സ്വഭാവം മുൻ നിർത്തി കഥ അടച്ചു വെച്ച്, കഥാപാത്രങ്ങളിൽ കൂടെ നമ്മൾ സഞ്ചരിക്കുമ്പോൾ, ചുവന്ന പുസ്തകം നമ്മൾ കാണുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ അന്ത്യ പാദത്തിലെ യൂറോപ്പിലേക്കും അവിടെ നിന്ന് സോവിയറ്റ് യൂനിയനിലേക്കും പിന്നെ കിഴക്കനേഷ്യൻ രാജ്യങ്ങളിലേക്കും മനസ്സ് അതിവേഗം സഞ്ചരിക്കുന്നു. അധികാരത്തിന്റെ ഒറ്റശബ്ദങ്ങൾ അവയിൽ പലേടത്തും മുഴങ്ങുന്നു. ചില നിലവിളികളും!

ചിത്രീകരണം: ജോയ് തോമസ്‌
ചിത്രീകരണം ജോയ് തോമസ്‌

വർത്തമാനത്തിൽ നിന്നു കൊണ്ട് പറയുന്ന കഥയുടെ മനോഹാരിത ദൃശ്യമാകുന്നത്, അത് പറയാനുപയോഗിച്ച സങ്കേതങ്ങൾക്കൊണ്ടുകൂടിയാണ്. റിയലിസത്തെയും കാല്പനികതയെയും അതിമനോഹരമായി, വിശ്വസനീയമായി ബ്ലെൻഡ് ചെയ്ത സൃഷ്ടി. ഈ രണ്ട് സ്ത്രീ പുരുഷ കഥാപാത്രങ്ങൾ. പുരുഷ കഥാപാത്രങ്ങളിലെ ദുർബലമായ വ്യക്തിത്വങ്ങൾ. കാല്പനികത. സ്ത്രീകഥാപാത്രങ്ങളിലെ റിയലിസം. അവരിലെ വ്യക്തിത്വത്തിന്റെ കരുത്ത്.

ഒരർത്ഥത്തിൽ, അൻപത് വർഷങ്ങൾക്ക് മുമ്പത്തെ കഥാനായകനെപ്പോലെ തന്നെ, അവ്യക്തവും ദുർബലവുമായ മാനസിക ഘടനയുള്ള ബെഞ്ചമിനെയാണ് മുത്തച്ഛന്റെ വിചിത്ര സ്വപ്ന ദർശനത്തേക്കുറിച്ച് കേട്ട ശേഷമുള്ള പ്രതികരണത്തിൽ നമ്മൾ കാണുന്നത്. ആ സ്വപ്ന വ്യാഖ്യാനത്തിലേക്കുള്ള ഗമനം പോലെ പണ്ടെന്നോ ഉപേക്ഷിച്ചു പോയ ഗ്രാമത്തിലേക്ക് മുത്തച്ഛനെ കൊണ്ടു പോയപ്പോഴാണ് നമുക്ക് മുന്നിൽ ഭൂതകാലത്തിന്റെ ചുരുൾ നിവരുന്നത്. ബെഞ്ചമിനും കഥാനായകനുമിടയിലെ ഒരു തലമുറയെക്കുറിച്ച് കഥാകാരി മൗനം പാലിച്ചതെന്തു കൊണ്ടെന്നും, വിപ്ലവം എന്നോ പ്രതിവിപ്ലവമെന്നോ നമ്മുടെ ബോധമണ്ഡലത്തിനു ഉൾകൊള്ളാൻ പറ്റും വിധം വ്യാഖ്യാനിക്കാവുന്ന ആ മാസ് ഹിസ്റ്റീരിയ, അന്ന് വരെ കഥാനായകനിലുണ്ടായിരുന്ന മാനുഷികത എന്ന സ്വത്വത്തെ അടർത്തിയെടുത്തതെങ്ങനെ എന്നുമുള്ള ഭൂതകാല വിങ്ങലിനെ മുത്തച്ഛൻ അവർക്ക് മുന്നിൽ തുറന്നു കാട്ടുമ്പോൾ നമ്മൾ അദ്ഭുതപ്പെട്ടു പോകുന്നു.

സ്വത്വം / അനന്യത - Identity തന്നെയാണ് അയാളുടെ കാമുകി. ബഹിർഭാഗസ്ഥമായ വായനയിൽ ദുർബലയായ ഒരു പെൺകുട്ടിയായി, കാമുകിയായി തോന്നപ്പെടുന്ന ഐഡന്റിറ്റി, തന്നിൽ നിന്നും നഷ്ടപ്പെട്ടു പോയതിനെക്കുറിച്ച് ജീവിതസായന്തനം വരെ തിരിച്ചറിയാതെ പോയ ഒരു തരം കാല്പനികതയുടെ മതിഭ്രമത്തിലായിരുന്നു മുത്തച്ഛൻ എന്ന് സൂക്ഷ്മവായനയിൽ മനസ്സിലാകുന്നുണ്ട്.

സ്വചെയ്തികൾ - ബോധപൂർവമോ അല്ലാതെയോ ഉള്ളവ- കൊണ്ടുണ്ടാവുന്ന കുറ്റബോധത്തിന്റെ പാരമ്യത ഒരാളുടെ മനസ്സിൽ ഉണ്ടാക്കുന്ന സംഘർഷങ്ങൾ തനിക്കു പോലും മനസ്സിലാക്കാൻ പറ്റാത്ത വിധം അബോധ മനസ്സിൽ അടിഞ്ഞു കൂടിയതിനെ ബ്ലാങ്കറ്റു കൊണ്ട് മൂടിയ അവസ്ഥയിലാണ് പലരെയും നമ്മൾ കാണുക. തെറ്റിൽ നിന്നും രക്ഷപ്പെടാനുള്ള പ്രഥമമാർഗം പലായനം / ഒളിച്ചോട്ടമത്രേ. (ഒരു സ്ത്രീയെ കൊല ചെയ്ത ശേഷം ജോസഫ് ബ്ലോക്ക് സ്വയം അപരവത്‌കരിക്കപ്പെട്ട കഥ പറയുന്ന 'പെനാൽട്ടി കിക്കിനു കാത്തു നിൽക്കുന്ന ഗോളിയുടെ ഉദ്വേഗം' എന്ന പീറ്റർ ഹാൻഡ് കെ യുടെ നോവൽ പോലെ) അങ്ങനെ കഥാപാത്രങ്ങളുടെ മനസ്സിന്റെ ഉള്ളറകളിലേക്കിറങ്ങിച്ചെന്ന്, അവരുടെ ആത്മ സംഘർഷങ്ങളും മനോ സംഘട്ടനങ്ങളും വിശ്വസനീയമായി വാകുകളിൽ കൂടെ പ്രതിഫലിപ്പിക്കുമ്പോഴാണ് കലയുടെ ഉദയം.

തന്റെ കാമുകി വലിച്ചെറിയപ്പെട്ട തണുത്തുറഞ്ഞ പുഴയിലേക്ക് നടന്നു പോകുന്ന മുത്തച്ഛനെ കാണിച്ചു കൊണ്ടാണ് കഥാകാരി അവസാനിപ്പിക്കുന്നത്. മൗലികതയുള്ള ജീവിതസംഭവങ്ങളെ കാല്പനികം എന്ന് തോന്നിപ്പിക്കും വിധമുള്ള നരേഷൻ. അടിമുടി റിയലിസ്റ്റിക് ആയ ഇത്തരമൊരു കഥയിൽ അത്തരം ഒരു ഒടുക്കം അപ്രതീക്ഷിതം തന്നെ. കഥയിലെ കോർ കണ്ടെന്റിന്റെ ഗരിമ കുറച്ചു കളയുന്നതല്ലേ അത് എന്ന ആക്ഷേപമുണ്ടാവാം. പക്ഷേ, ആ ഒരു രംഗം വായിച്ചപ്പോൾ 'മൂന്നാംപക്കം' എന്ന സിനിയിലെ ക്ലൈമാക്സ് ഓർത്തുപോയി. പത്മരാജൻ പ്രതിഭാധനനല്ലെന്ന് ആരും പറയില്ലല്ലോ!

ഇന്നത്തേത് *പൊകയുടെ കാലഘട്ടമാണല്ലോ. എന്തിലും ഏതിലും പൊക നിർബന്ധം. പ്രഭാഷണങ്ങളിലാവട്ടെ, എഴുത്തിലാവട്ടെ, പൊക ഇല്ലെങ്കിൽ വിമർശിക്കപ്പെടും. ഈ കഥയിൽ പൊക തേടുന്നവർ, കാലദേശങ്ങൾ യുക്തം പോലെ ഒന്ന് മാറ്റിപ്പിടിക്കുക. അപ്പോൾ പൊക ശരിയായിഭവിക്കും. ഒന്നുകിൽ കാലം ഒരു പത്തു വർഷം മുൻപാക്കി മാറ്റുക. അല്ലെങ്കിൽ ദേശം പോളണ്ടിൽ നിന്നും കുറെയേറെ നോട്ടിക്കൽ മൈലുകൾ കിഴക്ക് / തെക്ക് കിഴക്കായി സങ്കല്പിക്കുക. ആദ്യത്തേതാണ് സ്വീകാര്യം എങ്കിൽ നിങ്ങൾ ഒരു സോഷ്യലിസ്റ്റാകുന്നു; രണ്ടാമത്തേതെങ്കിൽ ഇമ്പീരിയൽ ക്യാപിറ്റലിസ്റ്റാകുന്നു.

*പൊക: പൊളിറ്റിക്കൽ കറക്ട്നെസ്സ്

Content Highlights : Ahmad Shareef KM Reviews the story Chemtharakam by Farsana Mathrubhumi Weekly