ഇന്ത്യൻ ചിത്രകലയിലെ ആദ്യവാക്ക്, രാജാരവിവർമയുടെ ഭൂമികയായ കേരളത്തിന് ഏറെ അഭിമാനിക്കാനുണ്ട് ആ മഹാകലയെക്കുറിച്ച് പറയുമ്പോൾ. 172 വർഷങ്ങൾക്കുമുമ്പ് കിളിമാനൂർ കൊട്ടാരത്തിൽ ജനിച്ച അദ്ദേഹം കേരളത്തിലെ ഓരോ വീട്ടകങ്ങളിലെ ചുവരുകളിലും ചിരസാന്നിധ്യമാണ്, തന്റെ ചിത്രങ്ങളിലൂടെ. ചെറുപ്പം മുതലേ രവിവർമ ചിത്രങ്ങളിൽ ആകൃഷ്ടയാവുകയും ആ ചിത്രങ്ങളുടെ സാധ്യതകൾ തന്റെ മേഖലയിൽ അവതരിപ്പിക്കുകയും ചെയ്തുകൊണ്ട് സുഹാസിനി തന്റെ ആരാധനയെ ആവിഷ്കാരമാക്കിമാറ്റുകയാണ്. രണ്ടായിരത്തി ഇരുപതിലെ രവിവർമ കലണ്ടർ സുഹാസിനിയുടെ ആശയമാണ്. അതിനുപിന്നിലെ പരിശ്രമങ്ങളെക്കുറിച്ച് മാതൃഭൂമി ഡോട്ട് കോമിന് അനുവദിച്ച അഭിമുഖം വായിക്കാം.

രാജാരവിവർമ കലണ്ടർ രണ്ടായിരത്തി ഇരുപതിന് സമർപ്പിക്കുക എന്ന ആശയത്തിന്റെ പ്രചോദനം എന്തായിരുന്നു സുഹാസിനിയ്ക്ക്?

ചെറുപ്പകാലം തൊട്ടേ രാജാരവിവർമയുടെ ഭാവനയിൽ വിടർന്ന സ്ത്രീസൗന്ദര്യങ്ങൾ എന്നെ ആകർഷിച്ചുകൊണ്ടേയിരിക്കുന്നുണ്ടായിരുന്നു. ഇപ്പോഴും അത് തുടരുന്നു. ദക്ഷിണേന്ത്യൻ സ്ത്രീകളുടെ അസാമാന്യ സൗന്ദര്യവും കുലീനതയും ഞാൻ ആസ്വദിച്ചത് രവിവർമചിത്രങ്ങളിലൂടെയായിരുന്നു. ദേവതമാരായാലും ദമയന്തിയായാലും സാധാരണക്കാരിയായ സ്ത്രീയായാലും രവിവർമയുടെ ക്യാൻവാസിൽ അത് അത്ഭുതസൗന്ദര്യമാവുന്നു. കണ്ണിമയ്ക്കാതെ നോക്കിനിന്നുപോകും. അറുപത്-എഴുപതുകളിലെ പെൺകുട്ടികളെ സംബന്ധിച്ചിടത്തോളം അവർക്കു മുന്നിലുള്ള സൗന്ദര്യമാതൃകകൾ രവിവർമചിത്രങ്ങളിലെ സുന്ദരിമാരായിരുന്നു. എന്റെ യൗവ്വനവും അങ്ങനെ രവിവർമയിൽ ആകർഷിക്കപ്പെട്ടതാണ്. അതുകൊണ്ടുതന്നെയാണ് രണ്ടായിരത്തി ഇരുപതിനെ രാജാരവിവർമചിത്രങ്ങളുടെ പുനഃസൃഷ്ടിക്കായി തിരഞ്ഞെടുത്തത്.

രവിവർമയുടെ മോഡലുകളെ വെല്ലുന്ന മോഡലുകളെയാണ് രാജാരവിവർമ കലണ്ടറിനായി സുഹാസിനി തിരഞ്ഞെടുത്തത്. എന്തൊക്കെയായിരുന്നു തിരഞ്ഞെടുപ്പ് മാനദണ്ഡങ്ങൾ?

എല്ലാ മോഡലുകളും ദക്ഷിണേന്ത്യക്കാരാവണം എന്ന നിർബന്ധമുണ്ടായിരുന്നു. രവിവർമ ചിത്രങ്ങളിൽ അധികവും ദക്ഷിണേന്ത്യൻ സ്ത്രീകളും കുറച്ച് മഹാരാഷ്ട്രക്കാരികളുമായിരുന്നല്ലോ. ഒരു ലൈവ് ഫാഷൻ ഷോ ആയി ആദ്യം ഇങ്ങനെയൊരു പരീക്ഷണം ഞങ്ങൾ 2015-ൽ ചെയ്തു. നാല് നടിമാരും ഭരതനാട്യം-കുച്ചുപ്പുടി നർത്തകരുമായിരുന്നു രവിവർമ ചിത്രങ്ങളായി അവതരിച്ചത്. വളരെ ക്ലാസിക്കായ മുഖവും ശരീരവും വേണം. തികച്ചും ഭാരതനാരികളായ, ഒട്ടും മോഡേൺ ആയി ഒരുതരത്തിലും തോന്നാത്ത മോഡലുകൾക്കായുള്ള ഗവേഷണമായിരുന്നു പിന്നെ. മുടിയിലും കണ്ണിലെ കൃഷ്ണമണിയുടെ നിറത്തിലും ഒന്നും തന്നെ യാതൊരു സന്ധികളും ചെയ്യാൻ ഒരുക്കമല്ലായിരുന്നു. തികച്ചും 'ഇന്ത്യൻ' ആയ മോഡലുകളെ തിരഞ്ഞെടുക്കുക എന്നത് വലിയൊരു ടാസ്ക് തന്നെയായിരുന്നു.

ഒന്നര നൂറ്റാണ്ടിനുശേഷം രവിവർമചിത്രങ്ങളെ ക്യാമറയ്ക്കു മുന്നിലേക്ക് പുനഃസൃഷ്ടിക്കുമ്പോൾ എന്തൊക്ക വെല്ലുവിളികളായിരുന്നു മുന്നിലുണ്ടായിരുന്നത്?

രവിവർമ ചിത്രങ്ങളിലെ മുഖങ്ങളുമായി ചേരുന്ന മുഖങ്ങളെ ചിത്രത്തിനനുസൃതമായി തിരഞ്ഞെടുക്കുക എന്നതായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. തലനാരിഴകീറി താരതമ്യം ചെയ്യുക എന്നൊക്കെ പറയില്ലേ. അതിന് ഞാനും ക്യാമറ ചെയ്ത വെങ്കിട്ടരാമനും കൂടി ഒരു തീരുമാനത്തിലെത്തി. നെറ്റിത്തടവും താടിയും സൂക്ഷ്മമായി വിശകലനം ചെയ്തുകൊണ്ട് അനുയോജ്യരായ മോഡലുകളെ ഓരോ ചിത്രത്തിനുമായി തിരഞ്ഞെടുത്തു. അത് ഏതാണ്ടൊക്കെ ഒത്തുവന്നപ്പോൾ അടുത്ത വെല്ലുവിളിയായിരുന്നു വലച്ചത്. അനുയോജ്യമായ കോസ്റ്റ്യൂമുകൾ വേണം. രവിവർമ ചിത്രങ്ങളിൽ കാണുന്നതുപോലെയുളള സാധനങ്ങൾ രൂപവും വലിപ്പവും മാറാതെ തന്നെ കിട്ടണം. അക്കാലത്തെ ആഭരണങ്ങൾ, വസ്ത്രങ്ങൾ എന്തിന് അണിഞ്ഞൊരുങ്ങിയതുപോലും ഒരു ചലഞ്ചായിരുന്നു. 18-19 നൂറ്റാണ്ടുകളിലെ വേഷവസ്ത്രങ്ങളും ആഭരണങ്ങളും നിത്യോപയോഗസാധനങ്ങളും എല്ലാം രവിവർമ വളരെ വ്യക്തവും സമർഥവുമായാണ് ചിത്രങ്ങളിൽ ആലേഖനം ചെയ്തിരിക്കുന്നത്. നന്നായി അധ്വാനിക്കേണ്ടി വന്നു.

സുഹാസിനിയുടെ ആശയങ്ങളെ അതേപടി ചിത്രമാക്കിയ വെങ്കിട്ടരാം ഈ അധ്വാനത്തിലെ തുല്യപങ്കാളിയാണല്ലോ. വെങ്കിയുടെ ക്യാമറയെ അത്രയ്ക്കിഷ്ടമാണോ?

വെങ്കിട്ടരാം വളരെ പ്രശസ്തനായ ഫോട്ടോഗ്രാഫറാണല്ലോ. മോഡേൺ ഫോട്ടോഗ്രഫിയും ഫാഷൻഫോട്ടോഗ്രാഫിയുമാണ് അദ്ദേഹത്തിന്റെ മേഖല. വളരെ സമർഥവും സർഗാത്മകവുമായ ഛായാഗ്രഹണം അദ്ദേഹത്തിന്റെ കഴിവാണ്. തന്റെ മേഖലയിൽ അതീവ നിപുണനും അസാധ്യ വിവരസമ്പാദകനുമാണ് വെങ്കിട്ടരാം. തന്നിലൊളിഞ്ഞിരിക്കുന്ന ചിത്രകലാവിജ്ഞാനം മുഴുവനായും അദ്ദേഹം പുറത്തെടുത്തു. ഇത് തിളങ്ങുന്ന മോഡേൺ ലോകമല്ല മറിച്ച് പാരമ്പര്യവും ഇന്ത്യൻ ചിത്രകലയുടെ സൗന്ദര്യവും പുനഃസൃഷ്ടിക്കലാണ് എന്ന ഉത്തമബോധ്യം അദ്ദേഹത്തിന്റെ ഓരോ ചുവടുവയ്പ്പിലുമുണ്ടായിരുന്നു. അതിനായി വീണ്ടും വീണ്ടും വായിച്ചു, എന്നോടൊപ്പം ഗവേഷണങ്ങളിൽ പങ്കാളിയായി. രാജാരവിവർമ ഫൗണ്ടേഷനിലെ ഗീതാഞ്ജലി മൈനിയെ ഞാൻ ബന്ധപ്പെടുത്തിക്കൊടുത്തു. മോഡേൺ ഫാഷൻ ഫോട്ടോഗ്രഫിയിൽ നിന്നും വെങ്കിട്ടരാം പൂർണമായും മാറിക്കൊണ്ട് ക്ലാസിക് ഫോട്ടോഗ്രഫിയെ ഇതിനായി സ്വീകരിക്കുകയായിരുന്നു. അദ്ദേഹം നടത്തിയ മുന്നൊരുക്കങ്ങൾ ഏതൊരു പ്രൊഫഷനും മാതൃകയാക്കാവുന്നതാണ്.

shobanaഓരോ ചിത്രത്തിനും മോഡലുകളെ തീരുമാനിച്ചത് സുഹാസിനിയാണ്. ഖുശ്ബു, നദിയ,സമാന്ത, ലിസി, രമ്യാകൃഷ്ണൻ... മോഡലുകളെല്ലാം ആവശ്യപ്പെട്ടതും താങ്കളുടെ തീരുമാനത്തെയാണ്. എന്നാൽ ശോഭനമാത്രം ഒരുചിത്രം ചോദിച്ചുവാങ്ങി.

അതെ. ശോഭന, രാജാരവിവർമയുടെ വലിയൊരു ആരാധികയാണ്. ശോഭനയുടെ മനസ്സിൽ ഒരു പ്രത്യേകചിത്രമുണ്ടായിരുന്നു. രവിവർമ ചിത്രങ്ങളിലെ ഏറ്റവും പ്രശസ്തമായ അമ്മയും കുഞ്ഞും. അതിലേക്കായി കുഞ്ഞിനെ തിരഞ്ഞെടുത്തതും ശോഭനയാണ്. പക്ഷേ കുഞ്ഞ് ഒട്ടും സഹകരിക്കാൻ തയ്യാറല്ലായിരുന്നു. കുഞ്ഞല്ലേ, അമ്മയുടെ വേഷഭൂഷാദികൾ കണ്ട് അന്തംവിട്ടുപോയി, പിന്നെ അസ്വസ്ഥനായി. പിന്നെ ഒരു നായയും ഉണ്ടല്ലോ. കുഞ്ഞിന്റെ ഭാവം ചിത്രത്തിലേതുപോലെത്തന്നെയായിരിക്കണം. അമ്മയുടെ ഭാവം അപ്പോൾ കൃത്യമായിരിക്കണം. വളരെ സാഹസംപിടിച്ച പോസിങ്ങായിരുന്നു. പക്ഷേ, ശോഭന വളരെ നിസ്സാരമായി ചെയ്തു, കൃത്യത വരുന്നതുവരെ ക്ഷമയോടെ നിന്നു. ആ ചിത്രം നിർദ്ദേശിച്ചത് ശോഭനയായിരുന്നു. വളരെ പെർഫെക്ടായി അത് വന്നു. ശോഭനയോട് ഈയവസരത്തിൽ നന്ദി പറയുന്നു, അങ്ങനെയൊരു സംഭാവനയ്ക്ക്.

വളരെ ചിന്തിച്ചും പഠിച്ചും വിലയിരുത്തിയുമൊക്കെയാണ് സുഹാസിനി ഓരോ സംരംഭവും ഏറ്റെടുക്കാറ്. അതിനായി ഏതറ്റംവരെ പോയി കഠിനാധ്വാനം ചെയ്യാനും മടിയില്ല. രാജാരവിവർമ കലണ്ടർ വൻ വിജയമായി. ഈ പദ്ധതി തുടരാൻ ഉദ്ദേശിക്കുന്നുണ്ടോ?

അതെ. രാജാരവിവർമ കലണ്ടർ വലിയൊരു വിജയമായിരുന്നു. അടുത്ത വർഷവും ചെയ്യണം. അതിനുള്ള സാഹചര്യങ്ങൾ അനുകൂലമാണെങ്കിൽ. കലണ്ടർ റീ പ്രിന്റ് ചെയ്യുമോ അതോ റീക്രിയേറ്റ് ചെയ്യുമോ എന്നൊന്നും ഇപ്പോൾ തീരുമാനിക്കില്ല. ഇപ്പോൾ കോവിഡ് പിടിയിലാണല്ലോ എല്ലാ മേഖലയും. ഭാവിയിൽ കാര്യങ്ങൾ എങ്ങനെയായിരിക്കും എന്ന് ചിന്തിക്കാൻ പോലും പറ്റുന്നില്ല. നമുക്ക് കാത്തിരിക്കാം. സമയമുണ്ടല്ലോ.

രവിവർമചിത്രങ്ങൾ ഏതൊരാൾക്കും പ്രചോദനമാണ്. ഓരോ ദൈവത്തിന്റെയും ചിത്രങ്ങൾ നോക്കി നമ്മൾ ഇന്നും തിരിച്ചറിയുന്നത് അദ്ദേഹത്തിന്റെ തന്മയമാർന്ന ഭാവനയുടെ ഫലമാണ്. ചിത്രകാരന്റെ വിജയമാണത്. 2015-ൽ രവിവർമ എനിക്ക് ലൈവ് ഫാഷൻ ഷോയുടെ പ്രമേയമായിരുന്നു. 2020-ൽ രവിവർമ കലണ്ടറായി അത് രൂപാന്തരപ്പെട്ടു. ഇനിയും എന്തെല്ലാം സാധ്യതകളാണ് അദ്ദേഹത്തിന്റെ ചിത്രങ്ങൾ ബാക്കിവച്ചിരിക്കുന്നത്!

സാമൂഹികമായും സാംസ്കാരികമായും രാഷ്ട്രീയമായും ഒരുപടി ഉയർന്നുചിന്തിക്കുന്ന വ്യക്തിത്വമാണ് സുഹാസിനി. തമിഴ്നാട്ടിലെ സ്ത്രീകളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന സംഘടനയെക്കുറിച്ച്?

രാജാരവിവർമ കലണ്ടർ എന്ന ആശയം തന്നെ മുന്നോട്ടുവച്ചത് ആ സംഘടനയുടെ ക്ഷേമത്തിനുവേണ്ടിയാണ്. നാം (Naam) ഫൗണ്ടേഷൻ എന്നാണതിന്റെ പേര്. ചെന്നൈയിലാണ് പ്രവർത്തിക്കുന്നത്. അതിന്റെ ഡയറക്ടർ ഞാനാണ്. ഇപ്പോൾ മുന്നൂറ് സ്ത്രീകളാണ് നാം ഫൗണ്ടേഷന്റെ സഹായത്തോടെ ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നത്. അതിൽ ഭൂരിഭാഗം പേരും വിധവകളാണ്. അവരുടെ ആരോഗ്യം, കുട്ടികളുടെ വിദ്യാഭ്യാസം, തൊഴിൽ പരിശീലനങ്ങൾ എന്നിവയ്ക്കാണ് ഇപ്പോൾ ഫൗണ്ടേഷൻ ശ്രദ്ധകൊടുക്കുന്നത്. നാളെയെന്ന പ്രതീക്ഷയും സന്തോഷവും പ്രദാനം ചെയ്യുക എന്നതാണ് ഫൗണ്ടേഷന്റെ ലക്ഷ്യം. ധാരാളം കൗൺസിലിങ്ങുകൾ നല്കിവരുന്നുണ്ട്. കോവിഡ് കാലത്ത് സാനിറ്റൈസറുകൾ ഉണ്ടാക്കി ധാരാളം ആളുകൾക്ക് ഞങ്ങൾ കൊടുത്തു. പാചകം, കാർ ഡ്രൈവിങ്, പേപ്പർ ബാഗ് നിർമാണം, പെർഫ്യൂം ഉണ്ടാക്കുക തുടങ്ങിയ പരിശീലനങ്ങൾ അവർക്ക് ലഭിച്ചു വരുന്നുണ്ട്. എല്ലാവരും ഒരു കുടുംബമെന്നപോലെ കഴിയുന്നു.

Content Highlights: Actress Suhasini Raja Ravi Varma Painting