'മെയ്തീനേ ആ ചെറ്യേ സ്പാനറിങ്ങെടുത്തേ'...കുതിരവട്ടം പപ്പു തീര്‍ത്ത വിസ്മയത്തില്‍ പകുതിപങ്കും കൈപ്പറ്റിയിരുന്നത് അദ്ദേഹത്തിന്റെ ഡയലോഗ് ഡെലിവറിയിലുള്ള അസാമാന്യമായ തഴക്കം തന്നെയായിരുന്നു. ചെറുപ്പം മുതലേ കോഴിക്കോടിന്റെ നാടകവളര്‍ച്ചയില്‍ പങ്കുചേര്‍ന്ന കുതിരവട്ടം പപ്പുവിന്റെ അഭിനയം നേരിട്ടുകണ്ട രാമുകാര്യാട്ട് പിടിച്ചപിടിയാലെ അദ്ദേഹത്തെ സിനിമയിലേക്കുകൊണ്ടുവന്നു. കുതിരവട്ടം പപ്പുവിന്റെ ഓര്‍മകള്‍ക്ക് ഇരുപത്തൊന്നാണ്ട് തികയുമ്പോള്‍ അച്ഛനെക്കുറിച്ച് സംസാരിക്കുകയാണ് മകന്‍ ബിനു പപ്പു.   

അച്ഛന്‍ എന്നെ സംബന്ധിച്ചിടത്തോളം ഒരുപാടൊരുപാട് തിരക്കുള്ളയാളാണ്. വീട്ടില്‍ വളരെ അപൂര്‍വമായേ വരാറുള്ളൂ. ഒരു പത്താം ക്ലാസുകാരനോട് എല്ലാ രക്ഷിതാക്കളും ആവര്‍ത്തിക്കുന്ന പല്ലവി അദ്ദേഹം കാണുന്നവേളയിലൊക്കെ എന്നോടും ആവര്‍ത്തിച്ചിരുന്നു; നന്നായി പഠിക്ക് എന്ന്. ഒരു സെറ്റില്‍ നിന്നും മറ്റൊരു സെറ്റിലേക്ക് പോകുന്ന വഴി ഒന്നു വീട്ടില്‍ കയറിയിട്ട് പോകുന്ന അച്ഛനെയായിരുന്നു അന്നൊക്കെ കാണാന്‍ കിട്ടിയിരുന്നത്. വീട്ടില്‍ വന്ന് പോകുമ്പോള്‍ വളരെ സന്തോഷം നിറഞ്ഞ മുഖം കാണാം. തികച്ചും സാധാരണക്കാരനായ അച്ഛന്‍. അസുഖമായി വിശ്രമിക്കാന്‍ തുടങ്ങിയപ്പോഴാണ് അച്ഛന്‍ വീട്ടിലൊതുങ്ങിയത്. അച്ഛന്‍ മലയാള സിനിമയില്‍ എവിടെ നില്‍ക്കുന്ന ആളാണ് എന്ന ബോധ്യമൊക്കെ ഞങ്ങള്‍ മക്കള്‍ക്ക് വന്നുതുടങ്ങിയ കാലമാണ് അത്. 

അക്ഷരാ തിയേറ്റര്‍ എന്ന പേരില്‍ അച്ഛന് സ്വന്തമായി ഒരു നാടകട്രൂപ്പ് ഉണ്ടായിരുന്നു. തിക്കോടിയന്റെയൊക്കെ കഥകള്‍ക്ക് തിരക്കഥയെഴുതിയിരുന്നത് അച്ഛന്‍ തന്നെയായിരുന്നു. അവധിക്കാലത്ത് അച്ഛന്റെ കൂടെ നാടക റിഹേഴ്‌സല്‍ കാണാന്‍ പോയ ഓര്‍മയുണ്ട്. ഒരുപാട് നാടകങ്ങളില്‍ അഭിനയിച്ചതിനുശേഷമാണല്ലോ അച്ഛന്‍ സിനിമയിലെത്തുന്നത്. നാടകത്തിലെ അഭിനയം കണ്ടിട്ടാണ് രാമുകാര്യാട്ട് അച്ഛനെ സിനിമയിലേക്ക് ക്ഷണിക്കുന്നത്. 

കുതിരവട്ടം, ദേശപോഷിണി വായനശാല, പദ്മദളാക്ഷന്‍...ഇതെല്ലാം കൂടി ഒത്തുചേര്‍ന്നതാണ് കുതിരവട്ടം പപ്പു. അച്ഛന്റെ കലാവാസന വളര്‍ന്നത് ഒരു നാടിന്റെ കൂടി സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുടെ ഫലമായിട്ടാണ്. കലയെ അത്രമേല്‍ സ്‌നേഹിച്ചിരുന്ന ഒരു തലമുറതന്നെ അക്കാലത്ത് ദേശപോഷിണി പരിസരങ്ങളിലുണ്ടായിരുന്നു. നാടകങ്ങള്‍ കാണാനും തങ്ങളുടെ നാട്ടിലെ അഭിനേതാക്കളെ കയ്യടിച്ച് പ്രോത്സാഹിപ്പിക്കാനും സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ ഉറക്കൊഴിഞ്ഞ് സദസ്സിനെ സജീവമാക്കിയിരുന്നു. കുതിരവട്ടം പപ്പു എന്ന നടന്‍ ഇന്നും പ്രിയങ്കരനാവുന്നത് അദ്ദേഹത്തിന്റെ വ്യത്യസ്തത നിറഞ്ഞ അഭിനയത്തിലൂടെയാണ്. തനിക്ക് കിട്ടിയ ഓരോ വേഷവും അനായാസേന, സ്വതസിദ്ധമായ ശൈലിയോടെ അവതരിപ്പിച്ചിരുന്ന അച്ഛന്‍ ശരിക്കും ഒരു റഫറന്‍സ് പുസ്തകം തന്നെയാണ്.

കുതിരവട്ടം പപ്പു, ബിനു പപ്പു
കുതിരവട്ടം പപ്പുവും ബിനു പപ്പുവും (ഫയല്‍ഫോട്ടോ)

കുതിരവട്ടം പപ്പുവിന്റെ നാടകമെഴുത്ത് അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവരുടെ അകമ്പടികളോടെ തന്നെ നടന്നിരുന്ന ഒന്നായിരുന്നു. വീട്ടില്‍ ഒരു മുറിയില്‍ എഴുത്ത് ബഹളങ്ങള്‍ കേള്‍ക്കാം. അവിടെ അച്ഛന് പ്രിയപ്പെട്ടവരും അച്ഛനെ സ്‌നേഹിക്കുന്നവരുമായ സഹനാടകപ്രവര്‍ത്തകരുടെ ഇടപെടലുകള്‍ കേള്‍ക്കാം. വാദപ്രതിവാദങ്ങളും എന്തിനേറെപ്പറയുന്നു അടിയുടെ വക്കത്തെത്തുന്ന തെറ്റിപ്പിരിയലുകളും ഇറങ്ങിപ്പോക്കുകളും വരെ ഉണ്ടാവാറുണ്ടായിരുന്നു. അച്ഛന്റെ നാടകസുഹൃത്തുക്കളില്‍ പലരും മരിച്ചുപോയി. ബാംഗ്ലൂരിലാണ് ഞാന്‍ താമസമാക്കിയിരിക്കുന്നത്. കോഴിക്കോട് വരുമ്പോള്‍ അച്ഛന്റെ വേണ്ടപ്പെട്ടവരെ ഇടയ്ക്ക് കാണാറുണ്ട്. അവര്‍ക്ക് തിരിച്ചറിയാന്‍ പ്രയാസമാകുമ്പോള്‍ പപ്പുവിന്റെ മോന്‍ എന്ന അഡ്രസ്സാണ് ബലം. 

അച്ഛന്റെ അഭിനയസാമ്യതകളില്‍ നിന്നും മാറിനടക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്. കുതിരവട്ടം പപ്പുവിന്റെ തുടര്‍ച്ച അഭിനയത്തില്‍ ഞാനാഗ്രഹിക്കുന്നില്ല. കാരണം തുടര്‍ച്ചയ്ക്കു സാധ്യതയില്ലാത്തവണ്ണം തീര്‍ത്തും പഴുതടയ്ക്കപ്പെട്ടുകൊണ്ടാണ് അച്ഛന്‍ ഓരോ അഭിനയവും കാഴ്ചവെച്ചിരിക്കുന്നത്. കുതിരവട്ടം പപ്പു എന്ന അഭിനയരസം വിടവാങ്ങിയിട്ട് ഇരുപത്തൊന്നു വര്‍ഷങ്ങളായി. ഓര്‍മ്മയില്‍ ഇന്നും സെറ്റില്‍ നിന്നും സെറ്റുകളിലേക്കുള്ള യാത്രകള്‍ക്കിടയില്‍ സമയം കണ്ടെത്തി ഓടിക്കയറി വരുന്ന ഉത്സാഹവാനായ അച്ഛന്‍ തന്നെയാണ്.

Content Highlights: Actor Binu Pappu remembers his Father Kuthiravattom Pappu on his 21 Death Anniversary