''Writing is nothing more than a guided dream.'
-Jorge Luis Borges 

1. സ്വപ്നം

ഒരാള്‍ കാണുന്ന സ്വപ്നം  മറ്റു പലരുടെയും ഓര്‍മ്മകളുടെ ഭാഗമാണ് എന്ന് അവസാനിക്കുന്ന ഒരു കഥയാണ്,  ഹൊര്‍ഹെ ബോര്‍ഹസിന്റെ Martin Fierre  എന്ന കഥ. ആ കഥയുടെ ഘടനതന്നെ സ്വപ്നത്തിന്റെയാണ്. ഒരു പട്ടണത്തിന്റെ കീര്‍ത്തി അതിലൂടെ കടന്നുപോയ സൈന്യങ്ങളുടെ ഓര്‍മ്മകൊണ്ട് പറഞ്ഞുതുടങ്ങുന്ന കഥ സ്വപ്നസദൃശമായ വേറെയും സന്ദര്‍ഭങ്ങളിലേക്ക് തെന്നുന്നു. രണ്ട് സ്വേച്ഛാധിപത്യങ്ങളുടെ രണ്ടുവിധത്തിലുള്ള ഓര്‍മ്മ പറഞ്ഞ് കഥ അവസാനിക്കുന്നത് ഒരു കത്തിപ്പയറ്റ് സ്വപ്നം കാണുന്ന ഒരാളെ പറഞ്ഞുകൊണ്ടാണ്. പിന്നെ ആ സ്വപ്നത്തിന്റെ വിവരണവും. 

''ഇതൊന്നും ഒരിക്കലും ഉണ്ടായിട്ടില്ലാത്തതുപോലെയാണ്'' എന്ന ഒരു വാചകം കഥയില്‍ പലയിടത്തും ബോര്‍ഹസ് ആവര്‍ത്തിക്കുന്നുമുണ്ട്. സ്വേച്ഛാധിപത്യവും അപമാനവും  ഹിംസയും കലരുന്ന ഒരു സ്വപ്നംപോലെ ഈ കഥ നമ്മള്‍ വായിക്കുന്നു. എഴുത്ത്,  ഓര്‍മ്മയേയും സ്വപ്നത്തെയും നിര്‍മ്മിക്കുന്നതിനെയും ആശ്രയിക്കുന്നതിനെയും പറ്റി പറയുകയാണ്, അല്ലെങ്കില്‍, ഈ കഥ.   

സാധാരണമായ ഏതൊരു ജീവിതത്തെയും ചിലപ്പോഴെങ്കിലും തൊട്ടുപോകുന്ന  അലൗകികമായ അലകള്‍, ബോര്‍ഹസിന്റെ   കഥകളിലും കവിതകളിലും ഉള്ളതുപോലെ, ''ഒരാള്‍ കാണുന്ന സ്വപ്നം  മറ്റു പലരുടെയും ഓര്‍മ്മകളുടെ ഭാഗമാണ്'' എന്ന വരിയിലുമുണ്ട്. എഴുത്തില്‍, ആ വെളിച്ചം, സ്വപ്നങ്ങളുടെയും ഭാവനയുടെയും ഭാഗമാകുന്നു. നല്ലതും ചീത്തതും സന്തോഷിപ്പിക്കുന്നതും ഭയപ്പെടുത്തുന്നതുമായ സ്വപ്നങ്ങള്‍, അവ  എഴുത്തിനെയും ഭാവനയെയും എപ്പോഴും വലം വെയ്ക്കുന്നു.  എന്നാല്‍, ദൈവരഹിതമായ ഒരു മനസ്സിനെ സ്പര്‍ശിക്കുന്ന 'അലൗകികമായ അല', അത് എന്തായിരിക്കുമെന്നു ഓര്‍ത്തു നോക്കാന്‍ ബോര്‍ഹസിന്റെ ഈ കഥയും പ്രേരിപ്പിക്കുന്നു. 

എന്നാല്‍,  ഈ 'വെളിച്ച'ത്തെ, അലൗകികമായ അലയെ, പ്രപഞ്ചത്തിലെ തന്നെ ഒരു നേരം എന്നപോലെ അവതരിപ്പിക്കാന്‍ ബോര്‍ഹസ് കണ്ടുപിടിച്ചത് ഒരു വന്യമൃഗത്തെയാണ്, 'കടുവ'യെ. അഥവാ,  അങ്ങനെ തുടിക്കുന്ന ഒരു 'ജീവനെ' തന്റെ കഥകളുടെയും കവിതകളുടെയും മിടിപ്പായി  ബോര്‍ഹസ് പലപ്പോഴും  അവതരിപ്പിക്കുന്നു. ബോര്‍ഹസ്സിന്റെ 'DREAM TIGERS' (1960, 1964ഇല്‍ ഇംഗ്ലീഷ് പരിഭാഷ) ആ 'കടുവ'യുടെ പുസ്തകമാണ്. തന്റെ പ്രധാനപ്പെട്ട പുസ്തകം എന്നാണ് കഥകളും കവിതകളുമായി വേര്‍പിരിയുന്ന  ഈ പുസ്തകത്തെ ബോര്‍ഹസ് തന്നെ വിശേഷിപ്പിച്ചത്.

വാസ്തവത്തില്‍, ബോര്‍ഹസിന്റെ കഥകളും കവിതകളും ചിലപ്പോള്‍  പ്രബന്ധങ്ങള്‍ വായിക്കുമ്പോഴും, ഈ 'കടുവ' നമ്മുടെ കൂടെ കൂടുന്നു.  ഒരു ജന്തുവിന്റെ പെരുമാറ്റത്തോടെ. ഞാനാകട്ടെ, അതിനെ  കാണുകയും ചെയ്യുന്നു:  വെളിച്ചത്തില്‍ കുളിച്ചുനില്‍ക്കുന്ന വെള്ളച്ചാട്ടത്തിന്റെ അരികില്‍ നില്‍ക്കുന്നതായോ, ഇതുവരെയും സന്ദര്‍ശിക്കാത്ത ഒരു ടൌണില്‍, അതിരാവിലെ,  രാത്രിയില്‍ നിന്നും ഇറങ്ങി,  തെരുവിലൂടെ നടക്കുന്നതായോ എല്ലാം. കുറച്ചു വര്‍ഷം മുമ്പ് 'കടുവയും കഥകളും' എന്ന ഒരു കഥയും ഒരിക്കല്‍ അങ്ങനെയൊരു ഓര്‍മ്മയില്‍ ഞാന്‍ എഴുതിയിരുന്നു. അന്ധതയുടെയും വെളിച്ചത്തിന്റെയും അര്‍ത്ഥങ്ങളില്‍ ഒരാള്‍ എങ്ങനെയാണ് പ്രവേശിക്കുക എന്ന് പരീക്ഷിക്കുന്ന പോലെ. 

കലയിലോ ജീവിതോദ്ദേശത്തിലോ ഒരാള്‍ കണ്ടുമുട്ടുന്ന, അല്ലെങ്കില്‍ അന്വേഷിക്കുന്ന,  ഉത്കൃഷ്ടത, perfection, ഈ 'കടുവകള്‍' അവതരിപ്പിക്കുന്നുണ്ടാകാം. അങ്ങനെ വിശ്വസിക്കാന്‍ നമ്മള്‍  ഇഷ്ടപ്പെടുകയും ചെയ്യും.  അവ പ്രത്യക്ഷപ്പെടുന്ന പരിസരങ്ങള്‍കൊണ്ടുതന്നെ. എന്നാല്‍, ഈ കടുവകള്‍ അതിനും അപ്പുറത്തേക്ക് നടക്കുന്നു. രൂപരഹിതമായ ഉള്ളടക്കം കൊണ്ട് കഥയുടെയോ കവിതയുടെയോ അദമ്യമായ ആഗ്രഹത്തെ, ചിത്രീകരിക്കുന്ന ''മറ്റൊരു രൂപ''ത്തെ അവ പറയുന്നു. 

ബോര്‍ഹസിന്റെ ചില വരികള്‍ തന്നെ ആ ആഗ്രഹത്തെ പ്രതിയാണ്:  ഉറങ്ങുമ്പോള്‍ സ്വപ്നങ്ങള്‍ എന്നെ തേടിയെത്തുന്നു. പെട്ടെന്നുതന്നെ ഞാന്‍ സ്വപ്നം കാണുകയാണ് എന്ന് എനിക്ക് മനസ്സിലാവുന്നു. പിന്നെ ഞാന്‍ വിചാരിക്കുന്നു, ഇതൊരു സ്വപ്നമാണ്, എന്റെ ഇച്ഛയുടെതന്നെ ശുദ്ധമായ ഒരു വ്യതിചലനം; എനിക്കിപ്പോള്‍ പരിധിയില്ലാത്ത ശക്തിയാണ്. ഞാന്‍ ഒരു കടുവയുടെതന്നെ കാരണമാകുന്നു. തന്റെ എഴുത്തിന്റെതന്നെ അവസ്ഥയാണ്, (വെമുല), ബോര്‍ഹസ് ഇതിലൂടെ അന്വേഷിച്ചതെന്നു വായിച്ചിട്ടുണ്ട്. അവയുടെ 'ആത്മീയമായ' മുഹൂര്‍ത്തങ്ങള്‍ക്ക് ഒപ്പം. ഒരു കവിതയില്‍ എഴുതിയപോലെ: 

We shall seek a third tiger. This
will be like those other a shape
of my dreaming, a system of words 
(The other tiger) 

തന്റെ മുപ്പതുകളുടെ അന്ത്യത്തില്‍ മാത്രം കഥകള്‍ എഴുതാന്‍ തുടങ്ങിയ ഒരാള്‍, അതേ സാവകാശത്തോടെ, തന്റെ എഴുത്തിന്റെ 'ഉത്കൃഷ്ടത'യിലേക്ക് അങ്ങനെ പ്രവേശിയ്ക്കുകയായിരുന്നു എന്നു വേണം പറയാന്‍. അല്ലെങ്കില്‍, എഴുത്തിലൂടെ തന്റെ തന്നെ പരമമായ അദൃശ്യതയിലേക്ക് ബോര്‍ഹസ് സഞ്ചരിക്കുകയായിരുന്നു. മരണത്തിലേക്ക് വിലയിക്കുന്ന ഒരു ശക്തിയായിരുന്നു അതെങ്കില്‍ ആ ശക്തിയുടെ പ്രാതിനിധ്യം ആ 'സ്വപ്നക്കടുവ'കള്‍ക്ക് ഉണ്ടായിരുന്നു. 

ബോര്‍ഹസ്സിന്റെ പ്രസിദ്ധമായ ഒരു കവിതയില്‍ (Mirrors) പറയുന്ന പോലെയാണ് ആ സ്വപ്നങ്ങളും നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. സ്വപ്നങ്ങളും കണ്ണാടികളും കൊണ്ട് സായുധരായ രാത്രിനേരങ്ങളെപ്പോലെയാണ് അപ്പോള്‍  എഴുത്തുതന്നെ.  മനുഷ്യരെ അത്  ''പ്രതിബിംബങ്ങള്‍'' ആക്കുന്നു. അല്ലെങ്കില്‍, അങ്ങനെ ഓര്‍മ്മിപ്പിക്കുന്നു. 

2. മരണം

''Death is the essence of life.Life is an approaching death'
Jorge Luis Borges 

എന്റെ ഏത് പട്ടണത്തിലായിരിക്കും ഞാന്‍ മരിക്കുക എന്ന് ചോദിച്ചു തുടങ്ങുന്ന കവിത, The Web, ഒരുപക്ഷെ ബോര്‍ഹസ്സിന്റെ അവസാന  കവിതകളില്‍ ഒന്നായിരിക്കും. താന്‍ ജീവിച്ച പട്ടണങ്ങളുടെയും താന്‍ സന്ദര്‍ശിച്ച പട്ടണങ്ങളുടെയും ഓര്‍മ്മയാണ് ഈ കവിത. മരണത്തിന്റെ സമയവും സ്ഥലവും ഓര്‍മ്മിക്കുമ്പോഴും. മരണത്തെക്കുറിച്ചുള്ള പേടിയല്ല, പകരം അക്ഷമയോടെ പ്രകടിപ്പിക്കുന്ന ഒരാഗ്രഹമാണ് വരികളില്‍. 

നഗരങ്ങള്‍ സംസ്‌കാരങ്ങളെ കുറിച്ചു കൂടി പറയുന്നു. അതിനാല്‍ മനുഷ്യവംശത്തിന്റെ മോഹമോ പാപമോ ചിലപ്പോള്‍ നഗരങ്ങള്‍ സൂചിപ്പിക്കുന്നു. സംസ്‌കൃതരായ മനുഷ്യരുടെ വാസസ്ഥലം എന്നതിനേക്കാള്‍ നഗരങ്ങള്‍ വ്യക്തികള്‍ കുടിയേറുന്ന സ്വപ്നമാണ്. ഒരു സ്വപനത്തില്‍ നിന്ന് ഉണര്‍ന്ന് മറ്റൊരു സ്വപ്നത്തില്‍ 'വസിക്കല്‍'.    

പല യൂറോപ്യന്‍ നഗരങ്ങളും അമേരിക്കന്‍, തെക്കേ അമേരിക്കന്‍ നഗരങ്ങളും കവിതയില്‍ വരുന്നു. നാരാ, എന്ന ജപ്പാനീസ് പട്ടണവും, അവിടെ ഒരു സത്രത്തിലെ നിലത്ത് കിടന്നുറങ്ങുമ്പോള്‍ സ്വപ്നം കണ്ട, കാണാതെ തൊട്ട ബുദ്ധ വിഗ്രഹം വരെ. ഏത് ഭാഷയിലാണ് ഞാന്‍ മരിക്കാന്‍ വിധിക്കപ്പെടുക എന്ന് ആലോചിക്കുന്നു. തന്റെ പൂര്‍വീകരുടെ ഭാഷയായ  സ്പാനിഷിലൊ അതോ മുത്തശ്ശി വായിച്ചിരുന്ന ഇംഗ്ലീഷ് ബൈബിളിലൊ? ഏത് സമയത്തായിരിക്കും മരിക്കുക, ഉച്ചയ്ക്ക് രണ്ടു മണിക്ക്? അതോ ഒരു കാക്കയുടെ അസ്തമയ ഛായയില്‍ അതുവരെയും കണ്ട എല്ലാ വസ്തുക്കളെയും രാത്രി ലളിതമായി സംഗ്രഹിക്കുമ്പോള്‍?  

ബോര്‍ഹസിന്റെ ഈ  കവിതയുടെയും ഭംഗി, അന്ധതയുടെ ഒരു ചിമിഴില്‍ അത്രയും ദീര്‍ഘമായി കഴിഞ്ഞതിന്റെ ഓര്‍മ്മയുമാകണം. 

റോബര്‍ട്ടോ ബൊലാഞ്ഞോയുടെ ഒരു കുറിപ്പുണ്ട്. ജനീവയില്‍ ബോര്‍ഹസിനെ അടക്കം ചെയ്ത സെമിത്തേരി സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു ബൊലാഞ്ഞോ, അവിടെയൊന്നും ഒരു മനുഷ്യനുമില്ല, തികഞ്ഞ നിശബ്ദതയും. അതൊരു perfect cemetery തന്നെയാണ് എന്നാണ് ബൊലാഞ്ഞോ എഴുതുന്നത്. ഒരു വൈകുന്നേരം, വേണമെങ്കില്‍, നിങ്ങള്‍ക്ക് ഒരു പുസ്തകവുമായി അവിടെ പോകാം, അവിടെ എവിടെയെങ്കിലും ഇരുന്ന് വായിക്കാം. 

ബൊലാഞ്ഞോ  സെമിത്തെരിയുടെ കാവല്‍ക്കാരനോട് ഹോര്‍ഹസ്സിന്റെ ശവകുടീരം കാണണമെന്നു പറഞ്ഞു. വലിയ ആ സെമിത്തേരിയില്‍, ബോര്‍ഹസിന്റെ ശവകുടീരം എവിടെ എന്ന് അയാള്‍  കൃത്യമായി പറഞ്ഞു കൊടുത്തു. ബൊലഞ്ഞോ, തെറ്റാതെ അവിടത്തന്നെ എത്തി. Jorge Luis Borges എന്ന് എഴുതിയ ശവകുടീരത്തിനു മുമ്പില്‍ നിന്നു, ജനിച്ച തീയ്യതിയും മരിച്ച തീയ്യതിയും പിന്നെ ഏതോ പഴയ ഒരു ഇംഗ്ലീഷ് കവിതാവരികളും എഴുതിവെച്ചിരുന്നു. ''അങ്ങനെ നിന്നുകൊണ്ട് ഞാന്‍  പലതും ഓര്‍ത്തു, പലരെയും ഓര്‍ത്തു'', ബൊലാഞ്ഞോ  എഴുതുന്നു: ''ഇംഗ്ലീഷ്, ജര്‍മ്മന്‍ റൊമാന്റിക്കുകളെ, ജീവിതം എന്തുമാത്രം വിചിത്രമാണ് എന്ന്.''  

പിന്നെ ബൊലാഞ്ഞോ അവിടെ അടുത്തുള്ള ഒരു ബഞ്ചില്‍ ഇരുന്നു. ശവകുടീരത്തിനഭിമുഖമായി. ആ സമയം, ഒരു ബലിക്കാക്ക, അവിടെ എവിടെ നിന്നോ എന്തോ പറഞ്ഞു. ഒരു ബലിക്കാക്ക! ''ഞാന്‍ ജനീവയിലായിരിക്കുന്നതിനു പകരം പോ-യുടെ ഒരു കവിതയിലാണ് എന്നപോലെ''. ബൊലാഞൊ എഴുതുന്നു.

പിന്നെയാണ് ബൊലഞ്ഞോ കാണുന്നത്,  ആ സെമിത്തെരി മുഴുവന്‍ ബലിക്കാക്കകളാണ്. കറുകറുത്ത ബലിക്കാക്കകള്‍, അവ കല്ലറക്കല്ലിലും മരക്കൊമ്പുകളിലും ഇരുന്നു. ചിലത് അവിടെ പുല്‍മേട്ടിലൂടെ നടന്നു. സെമിത്തേരിയില്‍ നിന്നും മടങ്ങുമ്പോള്‍ കാക്കകള്‍ ചിലതു തന്റെയും കൂടെ നടന്നു എന്ന്  ബൊലാഞൊ എഴുതുന്നു.

Content Highlights: A study about Argentine short story writer Jorge Luis Borges stories