കുഞ്ഞുണ്ണിമാഷ് വിടവാങ്ങി 13 വര്‍ഷത്തിന് ശേഷം അദ്ദേഹത്തിന്റെ ജന്മനാടായ വലപ്പാട്ട് സ്മാരകം ഉയര്‍ന്നു. അദ്ദേഹത്തിന്റെ കവിതപോലെ ലളിതമാണ് സ്മാരകവും. ഭംഗിയുള്ളതും. ഒറ്റനോട്ടത്തില്‍തന്നെ മാഷുടെ കവിതകളോട് തോന്നുന്ന അടുപ്പം സ്മാരകത്തിനോടും തോന്നും. സ്വാഭാവിക ജലസ്രോതസ്സ് നിലനിര്‍ത്തി അതില്‍ താമരനട്ട് മനോഹരമാക്കിയിരിക്കുന്നു. കയറിച്ചെല്ലുന്നത് മാഷുടെ പ്രതിമയ്ക്കടുത്തേക്കാണ്. അകത്ത് കയറിയാല്‍ മാഷുടെ 30 ചിത്രങ്ങള്‍ കാണാം. പ്രഭാതം മുതല്‍ പ്രദോഷം വരെ മാഷുടെ ഒരു ദിവസത്തെ ജീവിതമാണ് ഈ ചിത്രങ്ങള്‍ പറയുന്നത്. ഫോട്ടോഗ്രാഫര്‍ ഇമ ബാബു വര്‍ഷങ്ങള്‍ക്ക് മുമ്പ് പകര്‍ത്തിയ ഈ ചിത്രങ്ങള്‍ മാഷെ കാണാത്ത പുതുതലമുറയ്ക്ക് വേണ്ടിയുള്ളതാണ്. ഈ മുറിയില്‍ കുട്ടികള്‍ക്ക് രചനകള്‍ നടത്താനും ചര്‍ച്ചകള്‍ക്കും സൗകര്യമൊരുക്കും.

വായിക്കാനിടം മുകളില്‍

സ്മാരകത്തിലെ മുകളിലെ നില വായനശാലയാണ്. ബാലസാഹിത്യവും പ്രസിദ്ധരായ എഴുത്തുകാരുടെ കൃതികളും ഇവിടെയുണ്ടാകും. കുട്ടികളില്‍ നിന്നാണ് വായനശാലയിലേക്ക് പുസ്തകങ്ങള്‍ ശേഖരിക്കുന്നത്. കുട്ടികളുടെ വലിയ പങ്കാളിത്തമുണ്ടായെന്ന് മാത്രമല്ല, മുതിര്‍ന്നവരും പുസ്തകങ്ങള്‍ കൊണ്ടുവരുന്നുണ്ട്. കുഞ്ഞുണ്ണി മാഷുടെ പുസ്തകങ്ങള്‍ക്ക് ഇവിടെ പ്രത്യേക ഇടമുണ്ടാകും.

kunjunni mash memorial
വലപ്പാട്ടെ കുഞ്ഞുണ്ണിമാഷ് സ്മാരകം. ഫോട്ടോ: മനീഷ് ചേമഞ്ചേരി

ബാലസാഹിത്യ ഗവേഷണ ലൈബ്രറിയും ഇവിടെ സ്ഥാപിക്കുന്നുണ്ട്. ഗീതാ ഗോപി എം.എല്‍.എ. ഇതിന് അഞ്ച് ലക്ഷം രൂപ നല്‍കാമെന്നേറ്റിട്ടുണ്ട്. ദിവസവും നിശ്ചിത സമയം സ്മാരകത്തിലെ വായനശാല തുറക്കാനാണ് ഉദ്ദേശിച്ചിട്ടുള്ളത്. കുട്ടികള്‍ക്കും അമ്മമാര്‍ക്കും പ്രയോജനപ്പെടുന്ന വിധത്തിലാകും പ്രവര്‍ത്തനം. കേരള സാഹിത്യ അക്കാദമിക്കാണ് സ്മാരകത്തിന്റെ ചുമതല എന്നതിനാല്‍ അക്കാദമിയാണ് ലൈബ്രേറിയനെ നിശ്ചയിക്കുക.

സ്മാരകസമിതിയുടെ നിശ്ചയദാര്‍ഢ്യം

സ്മാരകം യാഥാര്‍ഥ്യമായതിന് പിന്നില്‍ സ്മാരകസമിതിയുടെ നിശ്ചയദാര്‍ഢ്യമാണ്. വെറുമൊരു കെട്ടിടമാകരുത് സ്മാരകമെന്ന തീരുമാനത്തില്‍ നില്‍ക്കുമ്പോഴാണ് കോഴിക്കോട് മരം സ്റ്റുഡിയോ പ്രവര്‍ത്തകര്‍ സമിതിയെ സമീപിക്കുന്നത്. സ്മാരകം രൂപകല്പന ചെയ്യാന്‍ തയ്യാറാണെന്ന് അവര്‍ അറിയിച്ചു. ആവശ്യത്തിന് കാറ്റും വെളിച്ചവും കടക്കത്തക്ക രീതിയില്‍ വേറിട്ട രീതിയിലാണ് മരം സ്റ്റുഡിയോ സ്മാരകം രൂപകല്പന ചെയ്തത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കോസ്റ്റ്ഫോര്‍ഡ് ഏറ്റെടുത്തു. ചെങ്കല്ലും ഇഷ്ടികയുമെല്ലാം ഉപയോഗിച്ചാണ് സ്മാരകം പണിതത്.

ഇവിടെയുണ്ട് വളപ്പൊട്ടും മഞ്ചാടി മണികളും നാരായവും

കുഞ്ഞുണ്ണി മാഷുടെ മരുമകന്‍ കേശവരാജിന്റെ വീട്ടിലെ ഒരു മുറി മാഷുടെ സ്മാരകമാണ്. 'മോളിത് സൂക്ഷിച്ച് വയ്ക്കണ'മെന്ന് പറഞ്ഞ് കേശവരാജിന്റെ ഭാര്യ ഉഷ കേശവരാജിനെ മാഷ് ഏല്‍പിച്ചതാണീ അമൂല്യ വസ്തുക്കള്‍. കുഞ്ഞുണ്ണി മാഷെന്ന് കേട്ടാല്‍ ആദ്യം ഓര്‍മവരിക നിറഞ്ഞ താടിയും കട്ടിക്കണ്ണടയുമാണ്. കണ്ണട ഉഷ സൂക്ഷിക്കുന്നുണ്ട്. വളപ്പൊട്ടുകള്‍ മാഷുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു. ചില്ലുകുപ്പികളില്‍ അതും ഇവിടെ നിറഞ്ഞിരിക്കുന്നു.

kunjunni mash memorial
കേശവരാജിന്റെ വീട്ടിലെ മുറിയില്‍ സൂക്ഷിച്ചിരിക്കുന്ന കുഞ്ഞുണ്ണി മാഷുടെ ശേഖരത്തില്‍ നിന്ന് 

കുഞ്ഞുനാവില്‍ ഹരിശ്രീ കുറിച്ച് നിരവധി കുട്ടികളെ അക്ഷര ലോകത്തേക്ക് മാഷ് നയിച്ചിട്ടുണ്ട്. അക്ഷരമെഴുതിക്കാന്‍ മാഷ് ഉണ്ടാക്കിയ സ്വര്‍ണനാരായവും ഉഷ സൂക്ഷിക്കുന്നുണ്ട്. മാഷ് സ്ഥിരമായി ധരിച്ചിരുന്ന രുദ്രാക്ഷമാല, മോതിരം, മാഷിന് ലഭിച്ച വാഴക്കുന്നം പുരസ്‌കാരം എന്നിവയും ഉഷ ഭദ്രമായി വെച്ചിട്ടുണ്ട്.

മാഷിന് സുഹൃത്തുക്കളും ആരാധകരും അയച്ച നൂറ് കണക്കിന് കത്തുകള്‍, മാഷെക്കുറിച്ച് വന്ന പത്രവാര്‍ത്തകള്‍, എഴുത്തുകാര്‍ സമര്‍പ്പിച്ച പുസ്തകങ്ങള്‍ എന്നിവകൊണ്ട് നിറഞ്ഞിരിക്കുകയാണ് ഈ മുറി. തലമുറ കൈമാറിയും ഇവ സൂക്ഷിക്കുമെന്ന് ഉഷ പറഞ്ഞു. മാഷുടെ അപൂര്‍വ ചിത്രങ്ങളും ഇവിടെയുണ്ട്.

kunjunni mash
ചില്ലുകുപ്പികളില്‍ സൂക്ഷിച്ചിരിക്കുന്ന വളപ്പൊട്ടുകള്‍

സ്മാരകത്തില്‍ ഇനി വേണ്ടത്

കുഞ്ഞുണ്ണിമാഷ് സ്മാരകം സന്ദര്‍ശിക്കാന്‍ കുട്ടികള്‍ക്ക് അവസരമൊരുക്കണം. മാഷെക്കുറിച്ച് കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കാന്‍ കഴിയണം. സ്മാരകം സജീവമാകണം. അതിന് പ്രാദേശികസമിതിയെ നിയോഗിക്കണം.

Content Highlights: A memorial for Kunjunni Mash at his ancestral home at Valappad near Thriprayar