തിരുവനന്തപുരം: എസ്.കെ.പൊറ്റെക്കാട്ട് മിഠായിത്തെരുവിന്റെ കഥ പറഞ്ഞപ്പോള്‍ ചാലയില്‍ കണ്‍വെട്ടത്തു കണ്ട മനുഷ്യരുടെ കഥ പറഞ്ഞാണ് ആ.മാധവന്‍ തമിഴ് സാഹിത്യത്തില്‍ ഇടംപിടിച്ചത്. അദ്ദേഹത്തിന്റെ 200-ഓളം ചാലക്കഥകള്‍ തമിഴ് വായനക്കാര്‍ക്കു പരിചിതമാണ്. 'കടൈത്തെരു കലൈഞ്ജര്‍' (കടത്തെരുവ് കലാകാരന്‍) എന്നാണ് ജയമോഹന്‍ സാഹിത്യത്തില്‍ തന്റെ പൂര്‍വഗാമിയായ മാധവനെ വിശേഷിപ്പിച്ചത്. മലയാളം പഠിച്ച തോപ്പില്‍ മുഹമ്മദ് മീരാന്‍ തമിഴില്‍ കടലോരഗ്രാമത്തിന്റെ കഥപറഞ്ഞപ്പോള്‍ മാധവനിലൂടെ ചാലക്കമ്പോളവും മലയാളത്തിലെ പ്രസിദ്ധകൃതികളും തമിഴിലെത്തി. രണ്ടു കൊല്ലം മുന്‍പ് മീരാനും ഇപ്പോള്‍ മാധവനും വിടപറഞ്ഞതോടെ മലയാളത്തിനും തമിഴിനുമിടയിലെ പാരസ്പര്യത്തിന്റെ കണ്ണികളാണ് മുറിയുന്നത്.
ഇല്ലായ്മയുടെ ബാല്യം മാധവന് പ്രാഥമികവിദ്യാഭ്യാസം മാത്രമാണ് നല്‍കിയത്. പിന്നീട് ചാലയിലെ കടയില്‍ ജോലിക്കു ചേര്‍ന്ന അദ്ദേഹം വായനയിലൂടെ വിശ്വസാഹിത്യം അറിഞ്ഞു. വിവര്‍ത്തനത്തിലേക്കു തിരിഞ്ഞ മാധവന്‍, തമിഴിലെ പ്രധാന പ്രസിദ്ധീകരണങ്ങളില്‍ കഥകളും നോവലുകളുമെഴുതി. ചാലയിലെ ശെല്‍വി സ്റ്റോര്‍ എന്ന തന്റെ പാത്രക്കടയിലിരുന്ന് അദ്ദേഹം കണ്ട സാധാരണക്കാരന്റെ ജീവിതമായിരുന്നു ഏറെ കഥകളുടെും പ്രമേയം.
കച്ചവടക്കാര്‍, ചുമട്ടുതൊഴിലാളികള്‍, പൂചൂടിയ പെണ്ണുങ്ങള്‍, സന്ന്യാസിമാര്‍ തുടങ്ങി പട്ടിയും പൂച്ചയും വരെ അവയില്‍ കഥാപാത്രങ്ങളായി. തമിഴും മലയാളവും ഇടചേര്‍ന്ന ചാലയുടെ ഭാഷയിലാണ് 1975-ല്‍ പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ 'കടൈത്തെരു കതൈകള്‍' എന്ന കൃതി. ആ മണിപ്രവാള ഭാഷ തമിഴിന് പുതുമയായിരുന്നു. ചാലയ്ക്കു മീതെ പരുന്തുകള്‍ പറക്കുന്നതു കണ്ടപ്പോഴാണ് അദ്ദേഹം 'കൃഷ്ണപ്പരുന്ത്' എന്ന നോവലെഴുതിയത്.
എഴുത്തിനു കാവല്‍നിന്ന ഭാര്യ ശാന്ത നേരത്തേ മരിച്ചു. കരമനയാറിന്റെ പശ്ചാത്തലത്തില്‍ നോവലിന്റെ രണ്ടാം ഭാഗം പൂര്‍ത്തിയാക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു. കേന്ദ്ര സാഹിത്യ അക്കാദമിക്കുവേണ്ടി അംഗങ്ങളായ ഡോ. കായംകുളം യൂനുസ്, ഡോ. അജയപുരം ജ്യോതിഷ്‌കുമാര്‍ എന്നിവര്‍ മൃതദേഹത്തില്‍ റീത്ത് സമര്‍പ്പിച്ചു.
Content Highlights: A Madhavan life story