മെക്സിക്കോയിലെ ഒരു സമ്പന്നകുടുംബത്തിലേക്ക് അപ്രതീക്ഷിതമായി ഒരുച്ചയ്ക്ക് കയറി വന്ന ഭാവിപറച്ചിലുകാരൻ വീട്ടമ്മയെ നോക്കി പ്രവചിച്ചു: 'നിങ്ങളുടെ രണ്ടുമക്കളിൽ ഒരാൾ വൈകാതെ മരണപ്പെടും.' അതുകേട്ട് നിലവിളിച്ചുപോയ ആ അമ്മ അലറി: ''ദൈവമേ അതെന്റെ മകനായിരിക്കരുതേ!'' അമ്മയുടെ ഉച്ചത്തിലുള്ള പ്രാർഥനാ നിലവിളി കേട്ട് തൊട്ടടുത്തു തന്നെ നിൽപുണ്ടായിരുന്ന മകൾ അക്ഷരാർഥത്തിൽ നിർജീവമായിപ്പോയി. മകനായിരിക്കരുതേ എന്ന് അമ്മ പ്രാർഥിക്കുമ്പോൾ മകളായ താൻ മരണപ്പെട്ടാൽ അമ്മയ്ക്ക് പ്രശ്നമേതുമില്ല എന്ന അനുമാനത്തിലെത്തിപ്പെട്ട പതിമൂന്നു വയസ്സുകാരിയായ ആ പെൺകുട്ടി താനൊരു അൺവാണ്ടഡ് ഗസ്റ്റ് ആണ് കുടുംബത്തിൽ എന്ന് സ്വയം പറഞ്ഞ് മനസ്സിലാക്കാൻ തുടങ്ങി. പതിയെപ്പതിയെ കളിചിരികൾ അവളിൽ നിന്നും പിൻവാങ്ങിത്തുടങ്ങി. അന്തർമുഖത്വം ആ പതിമൂന്നുകാരിയുടെ മനസ്സിലും ജീവിതത്തിലും മേൽക്കോയ്മ നേടുകയും ചെയ്തു. സ്വയമേ വരിച്ച ഏകാന്തതയിൽ പക്ഷേ മടിയൊട്ടും കൂടാതെ പുസ്തകങ്ങൾ അവൾക്കൊപ്പം കൂടി.കാലം കഴിഞ്ഞപ്പോൾ ലാറ്റിനമേരിക്കൻ സാഹിത്യത്തിലെയും ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങളിലെയും ജ്വലിക്കുന്ന പേരുകളൊന്നായി മാറി ആ പെൺകുട്ടിയുടേത്-റൊസാർജോ കാസ്തേ യാനോസ് എന്ന മെക്സിക്കൻ കവിയും നോവലിസ്റ്റും ലേഖികയുമായിരുന്നു ആ പെൺകുട്ടി.

1925 മെയ് ഇരുപത്തിയഞ്ചിനാണ് റൊസാർജോ മെക്സിക്കൻ സിറ്റിയിൽ ജനിക്കുന്നത്. തന്റെ കുടുംബത്തിനായി കഠിനാധ്വാനം ചെയ്യുന്ന മായൻ വിഭാഗത്തിൽപെട്ടവരോട് കുടുംബം കാണിക്കുന്ന നിന്ദ്യമായ പെരുമാറ്റത്തോട് തീർത്തും വിയോജിപ്പായിരുന്നു റൊസാർജോക്ക്. വലുതാവുമ്പോൾ ഇവർക്ക് വേണ്ടി ശബ്ദമുയർത്തണം എന്ന ആഗ്രഹം വച്ചുപുലർത്തിക്കൊണ്ട് അവൾ തന്റെ ഓരോ വായനയുടെയും അറിവുകൾ സ്വരുക്കൂട്ടി വെച്ചതും അതിനുവേണ്ടിയായിരുന്നു.

കുടുംബവുമായി വൈകാരികബന്ധമൊന്നുമില്ലാതിരുന്ന റൊസാർജോക്ക് തന്റെ മാതാപിതാക്കളെ വാഹനാപകടത്തിൽ നഷ്ടപ്പെടുമ്പോൾ പ്രായം പതിനഞ്ചുമാത്രമായിരുന്നു. അതിസമ്പന്നമായ കുടുംബത്തിലെ മുതിർന്നയാൾ എന്ന നിലയിൽ പല ഉത്തരവാദിത്തങ്ങളും നിറവേറ്റാനുണ്ടായിരുന്നെങ്കിലും അതിൽ നിന്നെല്ലാം മാറിനിൽക്കുകയാണ് മുതിർന്നപ്പോൾ അവർ ചെയ്തത്. കുടുംബപരമായ സമ്പത്തിന്റെ സംരക്ഷണമല്ല, മറിച്ച് പാർശ്വവത്‌ക്കരിക്കപ്പെട്ടവരുടെ അന്നത്തിനുവേണ്ടിയാണ് താൻ പ്രവർത്തിക്കേണ്ടതെന്ന ബോധ്യം റൊസാർജോ തന്റെ വായനയിലൂടെ നേടിക്കഴിഞ്ഞിരുന്നു.

മെക്സിക്കോയിലെയും മധ്യഅമേരിക്കയിലെയും ബുദ്ധിജീവികളുടെ സംഘത്തിൽ ചേർന്ന റൊസാർജോ വായനയെ ലഹരിമരുന്നാക്കി മാറ്റി. പിന്നെ ചെറിയ ചെറിയ എഴുത്തുകളിലേക്ക് തിരിഞ്ഞു. മെക്സിക്കോയിലെ നാഷണൽ ഓട്ടോണമസ് യൂണിവേഴ്സിറ്റിയിൽ നിന്ന് സാഹിത്യത്തിലും ഫിലോസഫിയിലും ബിരുദങ്ങൾ നേടിയ ശേഷം പാർശ്വവൽക്കരിക്കപ്പെട്ട മെക്സിക്കൻ ജനതയുടെ ഉന്നമനത്തിനായി നിലകൊള്ളുന്ന നാഷണൽ ഇന്റിജിനസ് ഇൻസ്റ്റിറ്റ്യൂട്ടിൽ അധ്യാപികയായി സേവനം ചെയ്തു. മെക്സിക്കോയിലെ പാവപ്പെട്ടവരെ വിദ്യാഭ്യാസത്തിലൂടെ ഉയർത്തിക്കൊണ്ടുവരിക എന്നലക്ഷ്യത്തോടെ പാവനാടകങ്ങൾക്ക് തിരക്കഥയെഴുതി പണമുണ്ടാക്കി സംഭാവന ചെയ്തു റൊസാർജോ.

റൊസാർജോയുടെ ഇരുപത്തിമൂന്നാം വയസ്സിലാണ് ഫിലോസഫി പ്രൊഫസറായ റികോഡോ ഗ്വറേ തജാഗയെ വിവാഹം ചെയ്യുന്നത്. സ്വന്തം മാതാപിതാക്കളിൽ നിന്നും സ്നേഹത്തിന്റെ പേരിൽ നീതി ലഭിക്കാത്ത റൊസാർജോ ഏറെ പ്രതീക്ഷയോടുകൂടി കാലെടുത്തുവച്ച ദാമ്പത്യം പക്ഷേ പൂർണപരാജയമായിരുന്നു. റൊസാർജോയുടെ ഭർത്താവായിരിക്കാൻ താൻ യോഗ്യനല്ലെന്ന് റികോഡോ സ്വയം തെളിയിച്ചു. നിരവധി അസാന്മാർഗിക ബന്ധങ്ങൾ സൂക്ഷിച്ചിരുന്ന ഭർത്താവിനോട് നമസ്കാരം പറഞ്ഞ് റൊസാർജോ വീണ്ടും ഏകാന്തതയെ കൂട്ടുപിടിച്ചു. വിഷാദരോഗത്തിന്റെ മൂർധന്യതയിൽ രാവും പകലുമറിയാതെ റൊസാർജോ ഒരേയിരുത്തം തുടർന്നു. മെക്സിക്കൻ ബൗദ്ധിക സമൂഹത്തിന് പക്ഷേ തങ്ങളുടെ സഹോദരിയെ വിഷാദത്തിന് വിട്ടുകൊടുക്കാൻ മനസ്സില്ലായിരുന്നു. നിരന്തരം കവിതകൾ എഴുതാൻ പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു അവർ.

ആ പ്രോത്സാഹനം റൊസാർജോയെ ഉയർത്തിയത് തെല്ലൊന്നുമല്ലായിരുന്നു. കവിതകൾ, കഥകൾ, നോവലുകൾ, സ്ത്രീപക്ഷലേഖനങ്ങൾ...റൊസാൻജോ വളർന്നു വലിയൊരു വൃക്ഷം തന്നെയായി. ഏതു ജീവിക്കും തന്നാൽ കഴിയുന്ന തണലേകാൻ കഴിയുന്ന വൃക്ഷം. 1971-ൽ മെക്സിക്കൻ ഗവൺമെന്റ് ഇസ്രയേലിലേക്ക് അംബാസിഡറായി അയച്ചതും റൊസാർജോയെ ആയിരുന്നു. പക്ഷേ അത്യാദരണീയമായ ജീവിതം നയിച്ചപ്പോഴും, ചുറ്റിലും ആരാധകർ വളഞ്ഞപ്പോഴും ആ മനസ്സിൽ വിഷാദം ചുരണ്ടിക്കളഞ്ഞിട്ടും പോകാത്ത കറപോലെ ബാക്കിയായിരുന്നു. 1974-ൽ തന്റെ നാൽപത്തിയൊമ്പതാം വയസ്സിൽ ടെൽ അവിവിലെ ഹോട്ടൽ മുറിയിൽ വെച്ച്ഷോക്കേറ്റ് മരണപ്പെടുകയായിരുന്നു റൊസാർജോ. അവരെ അടുത്തറിയുന്നവർ തറപ്പിച്ചുപറഞ്ഞു, തീർച്ചയായും അത് അപകടമല്ല, റൊസാർജോ തനിയേ മരണത്തിലേക്ക് നടന്നുപോയതാണ്. സിൽവിയ പ്ലാത്തിനെയും എമിലി ഡിക്കിൻസണിനെയുമൊക്കെ പ്രണയിച്ച റൊസാർജോയ്ക്ക് മരണവും മറ്റൊരുനുഭൂതി മാത്രമായി മാറി. ഇന്ന് റൊസാർജോയുടെ തൊണ്ണൂറ്റിയാറാം പിറന്നാളാണ്. ജീവിച്ചിരുന്നെങ്കിൽ സ്ത്രീപക്ഷപഠനങ്ങളുടെ ഉജ്വലമായൊരു അധ്യായമായി മാറുമായിരുന്ന റൊസാർജോ, താങ്കൾക്കഭിവാദ്യങ്ങൾ...

Content Highlights : 96 Birth Anniversary of Mexican Writer and Reformer Rosario Castellanos Figueroa