ഇന്ത്യയുടെ 'ബാ-ബാപ്പു' സങ്കല്പത്തിലെ ബാ യാത്രയായിട്ട് എഴുപത്തേഴ് വർഷങ്ങൾ. കസ്തൂർബാ ഗാന്ധി ഇന്ത്യൻ സ്ത്രീ സ്വത്വവും സ്വാതന്ത്ര്യവും ജനാധിപത്യവുമായി എക്കാലവും നിലകൊള്ളുന്നു. ലോകമാരാധിക്കുന്ന ഏറ്റവും മഹാനായ സമരപോരാളിയുടെ പത്നിയായിരിക്കുമ്പോഴും തന്റെ നിലപാടുകളിൽ വിട്ടുവീഴ്ചയ്ക്കില്ലാത്ത കസ്തൂർബ, ഗാന്ധിജിയ്ക്കുമുന്നിൽ ലോകം കുനിയുമ്പോൾ ഗാന്ധിജി തലകുനിച്ച ഏക വ്യക്തിത്വം. ഭാര്തീയ ഭാര്യ-ഭർതൃ സാങ്കല്‍പ്പിക ഉടമ്പടികളെ കാറ്റിൽ പറത്തിയ സ്ത്രീത്വം. സർവോപരി 'ബാ'യുടെ കൂടി ആയുസ്സിന്റെ ആധ്വാനമാണ് നാമിന്നാഘോഷിക്കുന്ന ഓരോ ആഗസ്റ്റ് പതിനഞ്ചും.
ഏഴാം വയസ്സിൽ മോഹൻ ദാസ് കരം ചന്ദ് ഗാന്ധിയമായുള്ള വിവാഹ നിശ്ചയം, പതിമൂന്നാം വയസ്സിൽ വിവാഹം, വിവാഹശേഷം ഏതൊരു ഭാരതീയ പുരുഷനെയും പോലെ പിതൃമേധാവിത്വം തന്റെ ഭാര്യയ്ക്കുമേൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയും ഓരോ ശ്രമത്തിലും ദയനീയമായി പരാജയമേറ്റുവാങ്ങിക്കൊണ്ടിരിക്കുകയും ചെയ്ത മോഹൻദാസ്. 1882-ൽ പതിമൂന്നാം വയസ്സിൽ തുടങ്ങിയ ആ ദാമ്പത്യം 1944 ഫെബ്രുവരി ഇരുപത്തി രണ്ടിന് ആഗാ ഖാൻ കൊട്ടാരത്തിൽ വച്ച് അവസാനിക്കുമ്പോൾ അറുപത്തി രണ്ട് വർഷത്തെ സഹനത്തിന്റെയും സ്നേഹത്തിന്റെയും ഇനിയും പറയാത്ത കഥകൾ അവർക്കിടയിൽ ബാക്കി നിന്നിരുന്നു.
''എന്റെ ഇത്രകാലമുള്ള അനുഭവങ്ങൾ വച്ച് നോക്കുമ്പോൾ കസ്തൂർ നല്ല പിടിവാശിക്കാരിയായിരുന്നു. ഞാൻ കടന്നുപോയ, അനുഭവിച്ച എല്ലാ സമ്മർദങ്ങൾക്കിടയിലും അവൾ ആഗ്രഹിച്ചതും നിനച്ചതും മാത്രമേ അവൾ നടത്തിയിരുന്നുള്ളൂ. ഇത് ഞങ്ങൾക്കിടയിൽ പലപ്പോഴും ദീർഘമോ ഹ്രസ്വമോ ആയ വേർപിരിയലുകളിലേക്ക് നയിച്ചിരുന്നു. പക്ഷേ എന്റെ പൊതുജീവിതം വികാസം പ്രാപിക്കാൻ തുടങ്ങിയപ്പോൾ കസ്തൂർ ഒരു പുഷ്പമായിമാറി. എന്റെ ഉത്തരവാദിത്തത്തിൽ നിന്നും മനപ്പൂർവം അവർ സ്വയം വഴിമാറിത്തന്നു.'' - ഗാന്ധിജി തന്റെ പത്നിയെക്കുറിച്ചെഴുതി.
തിരികെ പോകാൻ സമയമായി എന്ന തോന്നൽ കസ്തൂർബയുടെ ഉള്ളുണർത്തിയപ്പോഴെല്ലാം അവരാഗ്രഹിച്ചത് തന്റെ മോഹൻദാസിന്റെ അടുക്കലെത്താനാണ്. എവിടെ പോയാലും എത്ര പിണങ്ങിയാലും കസ്തൂർബയുടെ തിരിച്ചുവരവ് ആ ഹൃദയത്തിലേക്കായിരുന്നു. പൂനെയിലെ ആഗാ ഖാൻ കൊട്ടാരത്തിൽ തടവുസമാനമായ വിശ്രമജീവിതം ഇനി മുന്നോട്ടില്ലെന്ന് തിരിച്ചറിഞ്ഞ അധികാരികൾ ഗാന്ധിജിയെ കസ്തൂർബയുടെ അടുക്കലെത്തിച്ചു. കളിക്കൂട്ടുകാരന്റെ, വളരും തോറും തന്നെ മര്യാദ പഠിപ്പിക്കാൻ ശ്രമിച്ച് ഒടുക്കം അതുപേക്ഷിച്ച് ഇന്ത്യയെ ഏറ്റെടുത്ത ഭർത്താവിന്റെ മടിയിൽ കിടന്നുകൊണ്ട് കസ്തൂർബ കണ്ണടച്ചു. തന്റെ പിടിവാശികളെല്ലാം തന്നെ ന്യായമായിരുന്നു എന്നു ഗാന്ധിജിയെ ഓർമിപ്പിച്ചിരിക്കാം ആ കണ്ണുകൾ.
''ഞാൻ മടങ്ങുമ്പോൾ സങ്കടപ്പെടരുത്, സന്തോഷിക്കാനുള്ള അവസരമായി കരുതണം...''കസ്തൂർ തന്റെ മോഹൻദാസിനെ ഓർമിപ്പിച്ചു. പിറ്റേന്ന് സർവബഹുമതികളോടെയും ആഗാ ഖാൻ കൊട്ടാരവളപ്പിൽ കസ്തൂർബാ ഗാന്ധിയെ സംസ്കരിച്ചു. അവസാന പുകയും അടങ്ങിയതിനുശേഷമാണ് ഗാന്ധിജി ചിതയ്ക്കു സമീപത്തു നിന്നും തിരികെ വരാൻ കൂട്ടാക്കിയത്. തന്റെ വാശിയോടൊപ്പം, ഉള്ളുതുളയ്ക്കുന്ന വാക് ശകാരങ്ങളോടൊപ്പം അതിനെല്ലാറ്റിനുമുപരി ശക്തമായൊരു സ്ത്രീത്വമായി കസ്തൂർ ഇന്ത്യയൊന്നാകെ വ്യാപിക്കുന്നതായി ഗാന്ധിജിയറിഞ്ഞു.
ചിതയ്ക്ക് തീ കൊളുത്തിയപ്പോൾ ഗാന്ധിജിയുടെ ശിഷ്യർ ചിലർ അദ്ദേഹത്തെ തിരികെ പോയി വിശ്രമിക്കാൻ നിർബന്ധിച്ചുവെങ്കിലും അദ്ദേഹം പറഞ്ഞത് ഇപ്രകാരമായിരുന്നു: ''ഇത് അവസാനത്തെ വിടവാങ്ങലാണ്. നീണ്ട അറുപത്തിരണ്ട് സംവത്സരങ്ങളുടെ പരിസമാപ്തി. ചിതയൊടുങ്ങിത്തീരുന്നതു വരെ ഞാനിവിടെത്തന്നെ നിന്നോട്ടെ...''
''അവൾ ആരായിരുന്നു എന്ന ചോദ്യത്തിന് എപ്പോഴും എനിക്കൊരുപടി മുകളിൽ നിന്ന വ്യക്തിത്വം എന്നാണെനിക്ക് പറയാനുള്ളത്. വിട്ടുവീഴ്ചയില്ലാത്ത അവളുടെ സഹകരണത്തിൽ നിന്നാണ് ഞാൻ ഇത്രയെത്തിയത്. എന്റെ പ്രതിജ്ഞകളോട് വളരെയധികം പ്രതിബദ്ധത കാണിക്കാനും സത്യസന്ധത പുലർത്താനും അവൾ സഹായിച്ചു. എന്റെ എല്ലാ രാഷ്ട്രീയ പോരാട്ടങ്ങളിലും അവൾ എന്റെയൊപ്പം നിലയുറപ്പിച്ചു; അണുവിട വിട്ടുവീഴ്ചയില്ലാതെ. വിദ്യാഭ്യാസം എന്ന വാക്കിന്റെ നിഘണ്ടുപ്രകാരം അവൾ വിദ്യാഭ്യാസമില്ലാത്തവളായിരുന്നു. പക്ഷേ എന്റെ മനസ്സിൽ അവളായിരുന്നു യഥാർഥ വിദ്യാഭ്യാസത്തിന്റെ മാതൃക''- അനുശോചനച്ചടങ്ങിൽ ഗാന്ധിജി പറഞ്ഞു.
ജനിച്ചനാൾ മുതൽ ആസ്തമയുടെ പിടിയിലായിരുന്നു കസ്തൂർബ. രോഗപ്രതിരോധശേഷി നന്നേ കുറഞ്ഞ ആരോഗ്യം. അതിനിടയിൽ നിരന്തരമായ സമരങ്ങൾ, ജയിൽവാസം, യാത്രകൾ, പ്രതിഷേധങ്ങൾ, നിരാഹാരങ്ങൾ...ഗാന്ധിജി നിരാഹാരമിരുന്നപ്പോൾ ഐക്യദാർഢ്യം പ്രഖ്യാപിച്ചും അദ്ദേഹം ജയിലിലടയ്ക്കപ്പെട്ടപ്പോൾ പ്രതിഷേധിച്ചും കസ്തൂർബ നിരാഹാരം കിടന്നിരുന്നു. അതുവരെ കസ്തൂർബയോട് ചെയ്തുപോയ അപരാധങ്ങൾക്കെല്ലാം മാപ്പപേക്ഷിച്ചുകൊണ്ടാണ് ഗാന്ധിജി തന്റെ ജീവിതപങ്കാളിയെ മരണത്തിനു വിട്ടുകൊടുത്തത്. ഇനിയൊരു പങ്കാളിയെ ജീവിതത്തിലേക്ക് ക്ഷണിക്കില്ല, കസ്തൂർബയല്ലാതെ മറ്റൊരാൾ ഗാന്ധിജിയുടെ സ്വകാര്യജീവിതത്തിലുണ്ടാവില്ല എന്ന ഉറപ്പും അതിനിടയിൽ കസ്തൂർബ വാങ്ങിക്കഴിഞ്ഞിരുന്നു. അത്രമേൽ ഗാഢവും ദൃഢവുമായിരുന്നു കസ്തൂർബയ്ക്ക് ഗാന്ധിജിയിലുള്ള സ്വാധീനം.
Content Highlights: 77 Death Anniversary of Kasturba Gandhi