ബെൽസൺ കോൺസെൻട്രേഷൻ ക്യാംപിൽ വെച്ച് ടൈഫസ് ഫീവർ പിടിപെട്ട് ചികിത്സകിട്ടാതെ മരണപ്പെട്ട ആൻഫ്രാങ്ക് എക്കാലവും വേദനനിറഞ്ഞ ഓർമകളാണ് ഓരോ വായനക്കാരനും. നാസിപ്പടയെ ഭയന്ന് തന്റെ കുടുംബത്തോടൊപ്പം രണ്ടുവർഷക്കാലം ഒളിവിൽ കഴിയവേ ആൻ ഫ്രാങ്ക് എഴുതിയ ഡയറിക്കുറിപ്പുകളാണ് അവളെ ലോകപ്രശസ്തയാക്കിയത്. 'ദ ഡയറി ഓഫ് ആൻ ഫ്രാങ്ക്' എന്ന പേരിൽ ആ കുറിപ്പുകൾ പിന്നീട് പുസ്തകമാക്കപ്പെട്ടു. ഡച്ച് ഭാഷയിലെഴുതിയ ആൻഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകൾ കണ്ടെത്തിയത് ആൻഫ്രാങ്കിന്റെ കുടുംബത്തിന് ഒളിവുജീവിതം നയിക്കാൻ ഇടം നൽകിയ ഹെർമീൻ മീപ് ഗീസ് എന്ന ഡച്ച് പൗരയായിരുന്നു. രണ്ടാം ലോകമഹായുദ്ധകാലത്ത് നാസിപ്പട അഴിച്ചുവിട്ട ജൂതവിരോധത്തിന്റെ ഇരകളായി ആൻഫ്രാങ്കുൾപ്പെടെ കുടുംബത്തിലെ നാലംഗങ്ങളെയും തടവിലാക്കിയപ്പോൾ ആൻഫ്രാങ്കിന്റെ ഓർമകൾ മീപിന്റെ വീട്ടിൽ ഡയറിരൂപത്തിൽ അവശേഷിക്കപ്പെട്ടിരുന്നു.

നെതർലാൻസിലെ നാസി അധിനിവേശ പ്രദേശത്താണ് ഓട്ടോഫ്രാങ്കും കുടുംബവും ജീവിച്ചിരുന്നത്. 1942 ജൂൺ പന്ത്രണ്ടിന് ഓട്ടോ ഫ്രാങ്കിന്റെ രണ്ടാമത്തെ മകൾ ആൻഫ്രാങ്കിന് തന്റെ പതിമൂന്നാം പിറന്നാളിന് സമ്മാനമായി കിട്ടിയ ഡയറി ചുവന്ന നിറത്തോടുകൂടിയതായിരുന്നു. രണ്ട് ദിവസം ആ ഡയറിയെ കൂടെ കൊണ്ടുനടന്നശേഷം ഉറങ്ങാൻ പോകുന്നതിനുമുമ്പായുള്ള ദിനസംഭവങ്ങൾ അവൾ പുതിയ ഡയറിയിൽ കുറിച്ചിടാൻ തുടങ്ങി. ജൂലൈ അഞ്ചാം തിയ്യതി നാസിപ്പടയിൽ നിന്നും കിട്ടിയ ഉത്തരവ് പ്രകാരം ഫ്രാങ്ക് കുടുംബം ഉടൻ തന്നെ ജർമനിയിലെ നാസി വർക് ക്യാംപിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്. തുടർന്നു സംഭവിക്കാൻ പോകുന്നത് എന്തായിരിക്കും എന്ന് നല്ല നിശ്ചയമുണ്ടായതിനാൽ ഓട്ടോഫ്രാങ്കും കുടുംബവും ഒളിവിൽ താമസിക്കാൻ തീരുമാനിക്കുകയായിരുന്നു.

രണ്ടാം ലോകമഹായുദ്ധം കഴിഞ്ഞ് ജൂതവിരോധം ഏതാണ്ട് കെട്ടടങ്ങിയപ്പോഴേക്കും ആൻഫ്രാങ്കും സഹോദരി മാർറ്റ് ഫ്രാങ്കും അമ്മ എഡിത് ഫ്രാങ്കും മരണപ്പെട്ടിരുന്നു. ഫ്രാങ്ക് കുടുംബത്തിൽ അവശേഷിച്ച ഏക വ്യക്തി ആൻഫ്രാങ്കിന്റെ പിതാവ് ഓട്ടോ ഫ്രാങ്ക് മാത്രമായിരുന്നു. അദ്ദേഹം മോചിതനായപ്പോൾ മീപ് ഗീസാണ് ആൻഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകൾ അദ്ദേഹത്തെ ഏൽപിച്ചത്. 1947 ജൂൺ 25 നാണ് ആൻഫ്രാങ്കിന്റെ കുറിപ്പുകൾ അച്ചടി പുരണ്ടത്. വളരെ പെട്ടെന്നായിരുന്നു ആളുകൾ ആ പുസ്തകത്തോട് പ്രതികരിച്ചത്. ഫലമോ എഴുപത് ഭാഷകളിലേക്കുള്ള തിരക്കിട്ട വിവർത്തനവും പ്രസിദ്ധീകരണവുമായിരുന്നു.

'ആൻഫ്രാങ്ക്: ഡയറി ഓഫ് എ യങ് ഗേൾ' എന്ന പേരിൽ അമേരിക്കയിലെ പ്രസാധകരായ ഡബിൾഡേ ആൻഡ് കമ്പനിയാണ് ആൻഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകളെ ലോകത്താകമാനം പ്രചരിപ്പിച്ചത്. അതോടുകൂടി ഡയറിക്കുറിപ്പുകൾക്ക് നാടകരൂപവും ചലച്ചിത്രഭാഷ്യവും കൈവന്നു. ആൻഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകൾ ഇന്ന് എഴുപത്തിനാലാം വാർഷികം ആചരിക്കുകയാണ്. ലോകത്തെമ്പാടുമുള്ള മനുഷ്യരുടെ ഊഷ്മളസ്നേഹവും സങ്കടവും ഏറ്റുവാങ്ങിയ ആൻഫ്രാങ്ക് അത്യുന്നതങ്ങളിൽ അനശ്വരയായി വാഴ്ത്തപ്പെട്ടുകൊണ്ടേയിരിക്കുന്നു.

Content Highlights ; 74 Publishing Anniversary of Ann Frank Diary of a Young Girl