ബംഗാളി സാഹിത്യത്തിലെ കീറ്റ്സ് എന്നു വിശേഷിക്കപ്പെട്ട ശുകാന്ത ഭട്ടാചാര്യ. പതിനാലുവയസ്സോടെ ബംഗാളിയിലും ഇംഗ്ളീഷിലും അസാമാന്യമായ ഭാഷാ വൈദഗ്ധ്യം പ്രകടിപ്പിച്ചിരുന്ന പ്രതിഭ. പതിനെട്ടാം വയസ്സിൽ കമ്യൂണിസ്റ്റ് പാർടി ഓഫ് ഇന്ത്യയുടെ അംഗത്വം നേടിയ വിപ്ളവകാരി. ബംഗ്ല കവിതയിലെ പ്രണയവും വിരഹവും ഭക്തിയും പാടേ തുടച്ചുമാറ്റിക്കൊണ്ട് സാമൂഹിക പ്രതിബദ്ധതയും കമ്യൂണിസ്റ്റ് വിപ്ലവോത്സുകതയും അസംഘടിത സമൂഹത്തിലെ നെറികേടുകളും കവിതകളിലൂടെ വിളിച്ചുപറഞ്ഞ യുവകവി. ഇരുപത്തിയൊന്നു വയസ്സിനുള്ളിൽ തനിക്കു ചെയ്തുതീർക്കാൻ കഴിയുന്നത്രയും സാമൂഹികപ്രവർത്തനങ്ങൾ പൂർത്തിയാക്കിയ മഹദ് വ്യക്തിത്വം. ശുകാന്ത ഭട്ടാചാര്യയുടെ എഴുപത്തിനാലാം ചരമവാർഷികം നിശബ്ദമായി കടന്നുപോകുമ്പോൾ ബംഗാൾ സാഹിത്യം നമിക്കുകയാണ് സാഹിത്യത്തെ മനുഷ്യത്വവൽക്കരിക്കുന്ന പ്രക്രിയക്ക് ശുകാന്ത നൽകിയ നേതൃത്വത്തിന്.

സോഷ്യലിസവും രാജ്യസ്നേഹവും മനുഷ്യസ്നേഹവും കാൽപനികതയും ചേരുംപടിയെന്നവണ്ണം തന്റെ കവിതയിൽ ജോൺ കീറ്റ്സിനെപ്പോലെ ചേർത്തതിലാവാം ശുകാന്തയെ 'ബംഗാൾ കീറ്റ്സ്' എന്ന് വിശേഷിപ്പിച്ചത്. ബംഗാൾ രാഷ്ട്രീയത്തിലേക്ക് അടിമുടി കമ്യൂണിസത്തെ കലർത്താൻ നാൽപതുകളുടെ രണ്ടാം പകുതിയിൽ സ്വമേധയാ മുന്നിട്ടിറങ്ങിയ യുവനേതാവ്. അദ്ദേഹത്തിന്റെ സഹചാരിയായിരുന്ന സുഭാഷ് മുഖോപാധ്യയുടെ വാക്കുകളിൽ പറഞ്ഞാൽ 'പ്രായത്തിനുമുമ്പേ പക്വതയാർജിച്ച പ്രതിഭ'.

ബംഗ്ളാദേശിലെ ഫരീദാപൂരിലെ ഒരു യാഥാസ്ഥിക ബ്രാഹ്മണവൈദിക കുടുംബത്തിൽ 1930-ലാണ് ശുകാന്ത ജനിച്ചത്. അക്കാലത്തെ കമ്യൂണിസ്റ്റ് വിദ്യാർഥി നേതാവായിരുന്ന അന്നദാശങ്കർ ഭട്ടാചാര്യയുടെ തീഷ്ണവും ചടുലവുമായ പ്രസംഗം കേട്ട് വിപ്ളാവേശം കൊണ്ട് ശുകാന്ത തന്റെ കമ്യൂണിസ്റ്റ് ആചാര്യനായി കണ്ടതും അദ്ദേഹത്തെയായിരുന്നു.

'കിഷോർ സഭ' എന്ന ബാലസാഹിത്യപ്രസിദ്ധീകരണത്തിന്റ- പുരോഗമ ആശയങ്ങളായിരുന്നു ആ പ്രസിദ്ധീകരണത്തിന്റെ മുഖമുദ്ര-എഡിറ്റർ ഇൻചാർജായി നിയോഗിച്ചത് ശുകാന്തിനെയായിരുന്നു. കുടുംബത്തിൽ നിന്നുള്ള എതിർപ്പുകൾ അവഗണിച്ചുകൊണ്ട്, കുടുംബത്തിലെ അന്ധവിശ്വാസങ്ങളോട് പടപൊരുതിക്കൊണ്ട് തന്റെ വിപ്ളവചിന്തകളോട് അണുവിട വിട്ടുവീഴ്ച ചെയ്യാൻ അദ്ദേഹം തയ്യാറല്ലായിരുന്നു. വളരെ ചെറുപ്പത്തിൽ തന്നെ അമ്മയെയും ഓർമവെക്കും മുമ്പേ സഹോദരിയെയും നഷ്ടപ്പെട്ട ശുകാന്തയുടെ ഏക ആശ്രയം ഏട്ടത്തിയമ്മയായിരുന്നു. ഒരിക്കൽ അദ്ദേഹം അവർക്കെഴുതി ' എനിക്ക് ജനങ്ങളുടെ കവിയാകണം. ജനങ്ങളെക്കൂടാതെ എന്റെയുള്ളിൽ കവിതയില്ല. ഒരു കമ്യൂണിസ്റ്റുകാരന് മുകളിലും അതിനുമപ്പുറത്തുമാണ് ഞാൻ.''

സ്വാതന്ത്ര്യസമരകാലത്തെ കോളിനിവിരുദ്ധ കവിയും പുരോഗമനവാദിയുമായ കാസി നസ്റുൽ ഇസ്ലാമിൽ ആകൃഷ്ടനായിരുന്നു ശുകാന്ത. അദ്ദേഹത്തിൽ നിന്നാണ് ആഫ്രോ- അമേരിക്കൻ കവിതകളെക്കുറിച്ചും സ്വത്വത്തെ ചൊല്ലിയുള്ള അവരുടെ നരകജീവിതത്തെക്കുറിച്ചുമെല്ലാം ശുകാന്ത മനസ്സിലാക്കുന്നത്. നസ്റുലിന് ശേഷം ബംഗാളി കാൽപനികത ശുകാന്തയ്ക്കു ചാർത്തിക്കൊടുത്ത പട്ടമാണ് 'കിഷോർ ബിദ്രോഹി കോബി'(കൗമാര വിപ്ളവ കവി)

പ്രത്യക്ഷത്തിൽ ശുകാന്ത വളരെ സൗമ്യശീലനും മൃദുഭാഷിയുമായിരുന്നെങ്കിലും അസാധ്യമായ ധൈര്യവും എതിരാളികളെ പ്രകോപിതരാക്കുന്ന ഭാഷയും അദ്ദേഹം തന്റെ സാഹിത്യത്തിലുപയോഗിച്ചു. ഉപമകളും രൂപകങ്ങളും കൊണ്ട് തീർത്ത ഭാവനാലോകത്തിന്റെ സാഹിത്യസൗന്ദര്യം ഇന്നും പഠനവിധേയമായിക്കൊണ്ടിരിക്കുന്നു. അദ്ദേഹത്തിന്റെ വിഖ്യാതകവിതയായ 'ഹേ മൊഹജിബോൻ' എന്ന കവിത വിശപ്പിന്റെയും ഭക്ഷണത്തിന്റെയും വർത്തമാനപ്രാധാന്യത്തെയാണ് പ്രമേയമാക്കിയിരിക്കുന്നത്.

'ഏക്തി മോറൊഗർ കഹാനി' (The Tale of a Cock)എന്ന കവിതയിൽ പ്രമേയമാക്കിയിരിക്കുന്നത് മികച്ച ഭക്ഷണം കഴിക്കാനുള്ള അഗ്രഹത്തെയാണ്. മധ്യവർഗത്തിനും സാധാരണക്കാരായ തൊഴിലാളികൾക്കും തീൻമേശ എന്നത് ഒരു വിദൂരസങ്കല്പമാകുന്നതിനെക്കുറിച്ചും ടേബിളിൽ ഭക്ഷണങ്ങൾ താനേ വന്നു നിറയുന്നത് സ്വപനം കാണുന്ന സാധാരണക്കാരനെക്കുറിച്ചുമാണ് ഈ കവിത പറയുന്നത്. ശുകാന്തയുടെ മിക്ക കവിതകളും മരണാനന്തരമാണ് വീണ്ടെടുക്കപ്പെട്ടത്.

ശുകാന്തയുടെ ജീവചരിത്രകാരനായിരുന്ന ജഗന്നാഥ് ചക്രവർത്തിയുടെ കണ്ടെത്തൽ പ്രകാരം രാപലില്ലാതെ സാഹിത്യാധ്വാനവും സാമൂഹികപ്രവർത്തനങ്ങളും നടത്തിയിരുന്നു അദ്ദേഹം. പട്ടിണിപ്പാവങ്ങൾക്കുവേണ്ടി ഭക്ഷണക്യാമ്പുകൾ സംഘടിപ്പിച്ചുകൊണ്ട് മിക്ക ദിവസങ്ങളിലും അദ്ദേഹം പട്ടിണികിടന്നു. ''വിപ്ളവത്തിനായി തുടിക്കുന്ന എന്റെ ഹൃദയത്തിൽ പലപ്പോഴും ഞാൻ ലെനിൻ തന്നെയായി, അവരിൽ ഒരാളായി ഞാനും.''അദ്ദേഹം എഴുതി.

വിപ്ലവ കവിയായിരിക്കെ തന്നെ ഒരുപിടി നല്ല കഥകളും നോവലും അദ്ദേഹം എഴുതി. 1947 മെയ് പതിമൂന്ന് ശുകാന്തയുടെ ആയുസ്സിന് പൂർണ വിരാമമിടുമ്പോൾ ആ കണ്ണുകൾ പ്രതീക്ഷയോടെ ഉറ്റുനോക്കിയത് ഒരു പക്ഷേ അടുത്തുതന്നെ സംഭവിക്കാനിരിക്കുന്ന തന്റെ മാതൃരാജ്യത്തിന്റെ സ്വാതന്ത്ര്യത്തിലേക്കാണ്. ഇന്ത്യ പിന്നെയും കാത്തിരുന്നു മൂന്നുമാസം കൂടി. കവിക്ക് ഇരുപത് വയസ്സ് തികഞ്ഞ നാളിൽ വീട്ടുകാർ നടത്തിയ ആഘോഷത്തിനിടെ കുടുംബത്തിലെ മുതിർന്നയാൾ സമ്മാനമായി നൽകിയ ഒരു രൂപാ നാണയവും കൊണ്ട് ശുകാന്ത നേരെ ഓടിയത് ഒരു ഫോട്ടോ സ്റ്റുഡിയോയിലേക്കായിരുന്നു. സ്വന്തമായി ഒരു ഫോട്ടോ സൂക്ഷിക്കണം എന്ന ആഗ്രഹം എത്രയോ കാലമായി മനസ്സിൽ കൊണ്ടുനടക്കുന്നതാണ്. ശുകാന്തയുടേതായി അവശേഷിക്കുന്നത് ആ ഒരു ഫോട്ടോ മാത്രമാണ്. ക്ഷയരോഗം മൂർച്ഛിച്ച് ഇരുപത്തൊന്നു വയസ്സു തികക്കാതെ മരണമടയുമ്പോൾ ചരിത്രത്തിനു സമ്മാനിക്കാൻ അദ്ദേഹത്തിന്റെ കയ്യിൽ ആ മുഖചിത്രം മാത്രമേ ഉണ്ടായിരുന്നുള്ളൂ. കാലം അദ്ദേഹത്തെ അടയാളപ്പെടുത്തുമ്പോൾ മറന്നുപോകരുത് ആ ഒരു രൂപാനാണയത്തെയും.

Content Highlights :74 Death anniversary of Bengali Revolutionary Poet Sukantha Bhattacharya