1951 ലാണ് വൈക്കം മുഹമ്മദ് ബഷീറിന്റെ 'ന്റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്നു!' എന്ന നോവല്‍ പ്രസിദ്ധീകരിക്കുന്നത്. 2021 ല്‍ എഴുപതു വര്‍ഷം തികയുന്ന, മലയാള വായനാലോകം ഹൃദയത്തിലേറ്റിയ  ആ പ്രണയകഥയുടെ സൂക്ഷ്മമായ ജൈവപരിസരങ്ങളും സ്ത്രീപക്ഷ ഇടങ്ങളും എങ്ങിനെയാണ് നവോത്ഥാനാനന്തര കേരളത്തില്‍ അടയാളപ്പെട്ടത് അന്വേഷിക്കുന്നു.

മ്പ! അതാണ് പെണ്ണ്. മൂര്‍ച്ചയുള്ളതും ബലിഷ്ഠവുമായ ആണത്തത്തെ, അതിന്റെ കോയ്മകളെ, അധികാരഘടനകളെ, കുടുംബത്തിനകത്തുനിന്നും മതവിശ്വാസത്തിനകത്തുനിന്നും ചെറു ചെറുവാക്കുകള്‍ കൊണ്ട് പൊട്ടാസ് പൊട്ടിക്കുന്നപോലെ നിസാരമായി പൊട്ടിച്ചുകളഞ്ഞവള്‍, പേരില്‍ത്തന്നെ ഉഗ്രനൊരു ഉമ്മയുള്ളവള്‍! അതെ ഉമ്മ! നമ്മുടെ മലയാള ഭാഷാഖ്യാനങ്ങളില്‍ രണ്ടുമ്മയാണുള്ളത്. ഒന്ന്, ചുംബനത്തെ വീട്ടില്‍ വിളിക്കുന്ന പേരായ ഉമ്മ. രണ്ട്, മുസ്ലീം സ്ത്രീ എന്ന അമ്മയുമ്മ (ഈ എഴുതുന്നതില്‍ത്തന്നെ ഒരു കുഴപ്പമുണ്ട്. ഉമ്മ എന്ന് പറഞ്ഞുകഴിഞ്ഞ്, അത് അമ്മയെന്ന് കൂടുതല്‍ മനസിലാക്കിക്കൊടുക്കേണ്ടതുണ്ട് എന്ന തോന്നലിന്റെ പ്രശ്‌നം).  തല്‍ക്കാലം അതവിടെ നില്‍ക്കട്ടെ, അപ്പോള്‍ ഉമ്മ. ഇത് പേരില്‍ ഉമ്മയുള്ള ഉമ്മ; അതായത് കുഞ്ഞുതാച്ചുമ്മ. ആനമക്കാരിന്റെ പുന്നാരമോള്. 'ന്റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്നു!' എന്ന ബഷീര്‍ നോവലിലെ 'യഥാര്‍ഥ ' നായിക. പൊതുവേ ഈ നോവല്‍ അറിയപ്പെടുന്നത് ഒന്നാന്തരം പ്രണയകഥയായാണ്. കുഞ്ഞു താച്ചുമ്മയുടെ പുന്നാരമോള്‍ കുഞ്ഞു പാത്തുമ്മയുടെ പ്രണയകഥ. എന്നാല്‍ ഇതിലെ താരം കുഞ്ഞുതാച്ചുമ്മയാണ്. മലയാളകഥയിലെ ഏറ്റവും ശക്തയായ പെണ്‍പേര്. പൊരുതലിന്റെ പെണ്‍വീറ്. തുറന്നടിച്ച  പറച്ചിലാണ് ആയുധം. ക്ഷിപ്രകോപിയാണ്. വൈവിധ്യത്തിന്റേയും വൈരുധ്യത്തിന്റേയും സമന്വയമാണ്. അടുത്ത നീക്കം എന്തെന്ന് പ്രവചിക്കാനാവില്ല. എന്തും പറയും ! വേണമെങ്കില്‍ ഭര്‍ത്താവിനെ മാത്രമല്ല, പുന്നാരമകളായ പാത്തുമ്മയെ വരെ വെല്ലുവിളിക്കും തള്ളിപ്പറയും തെറിവിളിക്കും. ഒന്നാന്തരമായി കള്ളവും പറയും. അങ്ങനെ മലയാള കഥയിലെ 'അമ്മയുമ്മ'മാരില്‍ അടിച്ചേല്‍പ്പിക്കപ്പെട്ട എല്ലാ 'നന്മ-കാരുണ്യ-വിനയപാഠ'ങ്ങളേയും ഒരുമിച്ച് പൊളിച്ചു കളയുന്ന ഒരു കിടിലന്‍ ബഷീറിയന്‍ നിര്‍മിതിയാണ് താച്ചുമ്മ. ഒരു നിമിഷത്തെ ആലോചനക്കുശേഷം തെറ്റുതിരുത്താനും ശരിയാണെന്ന് സമ്മതിക്കാനും പിന്നേയും ഹാലിളകി ഇരട്ടിശക്തിയില്‍ വെല്ലുവിളിക്കാനും മടിയില്ലാത്ത ഒരമ്മക്കഥാപാത്രം. വെറുതെ വരക്കുന്ന കളങ്ങളിലും കള്ളികളിലും കുടുക്കാനാവില്ല, വഴങ്ങിക്കിട്ടില്ല. എന്നാല്‍ കള്ളികള്‍ക്കകത്തു തന്നെ വിധ്വംസകമായി നില്‍ക്കുകയും ചെയ്യും! കാഫ്രിച്ചികളായ പെണ്ണുങ്ങളോടു മാത്രമല്ല, പരിഷ്‌കാരികളായ മുസ്ലീം സ്ത്രീകളോടുപോലും മിണ്ടരുതെന്ന് മകളെ വിലക്കിക്കളയും! എന്നാലും സ്‌നേഹത്തിന്റെ നിറകുടമാണ്. കനല്‍ തിളച്ചുതൂവുന്ന സ്‌നേഹം!

'ന്റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്നു!' എന്ന കിടിലന്‍ ടൈറ്റില്‍ യഥാര്‍ഥത്തില്‍ കുഞ്ഞുതാച്ചുമ്മയുടെ മകള്‍ കുഞ്ഞു പാത്തുമ്മയുടെ പഞ്ച് ഡയലോഗാണ്. 'നിന്റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്നു' എന്ന താച്ചുമ്മയുടെ പഞ്ച് ഡയലോഗിന്റെ തുടര്‍ച്ചയാണത്. മലയാള കഥയുടെ എഴുത്തടരുകളില്‍ ടൈറ്റിലായി ഹിറ്റായ ആദ്യ പെണ്‍ പഞ്ച് ഡയലോഗ് ; അതിനുമപ്പുറം ടൈറ്റിലായി ഹിറ്റായ ഏക മുസ്ലീം പെണ്‍ പഞ്ച് ഡയലോഗ്! നീലഞരമ്പുള്ള ഖസാക്കിലെ മൈമൂനയിലോ, തുടപ്പക്കട്ടയെടുത്ത് മുഖത്തലക്കുമെന്നു പറഞ്ഞ ഉറൂബിന്റെ രാച്ചിയമ്മയിലോ, സേതുവിന് സേതുവിനോട് മാത്രമേ ഇഷ്ടമുള്ളൂ എന്ന എം.ടിയുടെ പെണ്‍പറച്ചിലിനോ കാരൂരിന്റെ മരപ്പാവകളിലെ പെണ്‍വര്‍ത്തമാനത്തിനോ സരസ്വതിയമ്മയുടെ പോരുശേഷിയുള്ള പെണ്‍മൊഴികള്‍ക്കോ മാധവിക്കുട്ടിയുടെ ഇടിമിന്നലുപോലുള്ള പെണ്‍ചിത്രങ്ങളിലോ സാറാ ജോസഫിന്റെ അരികുമൂര്‍ച്ചകളുള്ള പെണ്‍മൊഴികളിലോ ഇല്ലാത്ത 'ഒരിത്', 'ഒരു പഞ്ച് ' കുഞ്ഞുതാച്ചുമ്മയുടെ പ്രകോപനപരമായ ഭാഷാകലാപങ്ങളിലുണ്ട്. കളിയും കാര്യവും കലര്‍ന്നുകിടക്കുന്ന ബഷീറിയന്‍ ഭാഷയുടെ മഹേന്ദ്രജാലമാണതിന്റെ അടിത്തറ. ഭാഷയുടെ വിചിത്രമായ ലീല; അന്തരീക്ഷത്തില്‍ അത്ഭുതം സൃഷ്ടിക്കുന്ന ഇന്ത്യന്‍ റോപ് ട്രിക്. ആണത്തത്തെ സ്വൈര്യം കെടുത്തുന്ന, പൊളിക്കുന്ന, തലങ്ങും വിലങ്ങും ആക്രമിക്കുന്ന പെണ്‍വീര്യം. (ഇതിനിടയില്‍ ഒരു കാര്യം ചോദിക്കട്ടെ: മലയാള സിനിമയില്‍ ഇന്നും എത്ര പെണ്‍ പഞ്ച് ഡയലോഗുണ്ട്? 'ഇന്നേക്ക് ദുര്‍ഗാഷ്ടമി...' തുടങ്ങിയ ചുരുക്കം ചില പഞ്ച് ഡയലോഗിനപ്പുറം എന്തുണ്ട്? ദുര്‍ഗാഷ്ടമി ഡയലോഗ് മലയാളമല്ല താനും!) അതുകൊണ്ടുതന്നെ നവോത്ഥാനാനന്തര മലയാളത്തിലെ ഈ മുസ്ലീം പെണ്‍പഞ്ച് ഡയലോഗിന് സവിശേഷമായ ഒരു രാഷ്ട്രീയ ഇടമുണ്ട്.    
  
അപ്പോള്‍ ആ 'ഒരിത്' കഥയുടെ ടൈറ്റിലില്‍ തുടങ്ങുന്നു. 'ന്റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്നു!'. അത് ചെത്തിക്കൂര്‍പ്പിച്ച, പോളിഷ് ചെയ്ത ഒരു വജ്രവാക്യമാണ്. കടതല മാറ്റാന്‍ പറ്റില്ല. 'ന്റു' വിനും ' ണ്ടാര്‍ന്നു!'വിനുമിടയില്‍ ഒരു വാക്ക്, ഒരക്ഷരം മാറ്റി പ്രതിഷ്ഠിക്കാനാവില്ല. പണിത്തഴക്കം വന്ന പെരുന്തച്ചന്റെ കൊത്തുപണിയാണ്. അണുവിട മാറ്റിയാല്‍ കണക്ക് തെറ്റും. കൂട്ട് ഉറയ്ക്കില്ല. അവസാനത്തെ ആശ്ചര്യചിഹ്നത്തില്‍ വരെ ബഷീറിന്റെ പെരുങ്കളിയാട്ടമുണ്ട്. 'ന്റു' വില്‍ തുടങ്ങിയാല്‍ 'ണ്ടാര്‍ന്നു!' വില്‍ മാത്രം വന്നുനില്‍ക്കുന്ന, ഇടയില്‍ സ്റ്റോപ്പില്ലാത്ത തൊടുത്ത അമ്പുപോലുള്ള പാസഞ്ചര്‍ ട്രെയിനാണത്. ഇനി ആ ഒറ്റ ട്രെയിനിലെ പല ബോഗികളിലെ 'പാസഞ്ചേഴ്‌സ്' ആരൊക്കെ, എന്തൊക്കെ എന്ന് നോക്കാം. 'എന്റെ' യുണ്ട്. 'ഉപ്പുപ്പ'യുണ്ട്. 'ഒരു ആന- ഒരേയൊരു ആന 'യുണ്ട്. ഒരു ' ണ്ടാര്‍ന്നു!' ഉണ്ട്. ആഹാ, ആ ' ണ്ടാര്‍ന്നു!' വില്‍ ഒരു ഭൂതകാലമുണ്ട്, വര്‍ത്തമാനത്തെപ്പറ്റിയുള്ള സൂചനയുണ്ട്, കണിശമായ ചരിത്രപരമായ ഉറപ്പുണ്ട്. കുഞ്ഞുപാത്തുമ്മയുടെ 'ന്റുപ്പുപ്പാ'യില്‍ ആശ്ചര്യചിഹ്നത്തിന്റെ നെടുങ്കന്‍ കുത്തബ് മീനാറാണുള്ളത്. എന്നാല്‍ താച്ചുമ്മയുടെ 'നിന്റുപ്പുപ്പാ'യില്‍ അതുമാത്രമല്ല, തീര്‍ച്ചമൂര്‍ച്ചകളുണ്ട്. ആ ആശ്ചര്യചിഹ്നത്തില്‍ ഭര്‍ത്താവായ വട്ടനടിമയോടും പുന്നാരമകളായ കുഞ്ഞുപാത്തുമ്മയോടുമുള്ള ചില പ്രഖ്യാപനങ്ങളുണ്ട്: കളി എന്നോട് വേണ്ട എന്ന പ്രഖ്യാപനം, ചരിത്രം കേട്ടുപഠിച്ചോ എന്ന ആജ്ഞ, തന്നോടുതന്നെയുള്ള ആവര്‍ത്തിച്ചുള്ള ബോധ്യപ്പെടുത്തല്‍.

നിന്റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്നു!
ന്റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്നു!

രണ്ട് തലമുറയിലെ പെണ്‍പറച്ചിലുകള്‍ !

അതില്‍ ആനയുള്ളതും ഇല്ലാത്തതുമായ ഭൂതവര്‍ത്തമാനങ്ങള്‍! അധികാരത്തിന്റെ, സമ്പത്തിന്റെ കുലചിഹ്നമായ ആനയുടെ സാന്നിധ്യവും അസാന്നിധ്യവും. ഈ കഥയില്‍ കുഞ്ഞുതാച്ചുമ്മ 'ആളാകാന്‍ ' ഉപയോഗിക്കുന്ന ഗതകാല പ്രതാപത്തിന്റെ ആ മുട്ടന്‍ ടൂള്‍ 'അപ്പോള്‍ ' ഇല്ലാത്ത ആന തന്നെ. പിന്നീട് ആ പര്‍വതാകാരമിത്തിനെ, ചരിത്രത്തെ, ചരിത്രഭാവനയെ കുഴിയാനയായി കുട്ടികള്‍ പരിഹസിക്കുമ്പോഴും ഇല്ലാത്ത ബഷീറിയന്‍ ആന സാന്നിധ്യമറിയിക്കുന്നു. ആനമക്കാര്‍ക്ക് ആന ഉണ്ടായിരുന്നോ? ആര്‍ക്കറിയാം! താച്ചുമ്മയാണ് ഉണ്ടെന്ന് പറയുന്നത്. ഉണ്ടെങ്കിലും ഇല്ലെങ്കിലും ആ ആന അത്ര ചില്ലറക്കാരനല്ലായിരുന്നു.

'അത് അസലൊള്ള ആനേര്‍ന്ന്!' -എന്നു വെച്ചാല്‍ ആ ആന മുസ്ലീമായിരുന്നു എന്ന്. മലയാളകഥയിലെ ആദ്യ മുസ്ലീം ആന?! ചുമ്മാതല്ല, തെളിവുണ്ട്. താച്ചുമ്മയുടെ മകളും പ്രണയനായികയുമായ കുഞ്ഞുപാത്തുമ്മ, കാമുകനായ നിസാര്‍ അഹമ്മദിന്റെ പെങ്ങള്‍ അയിഷയോട് ആനയെപ്പറ്റി പറയുന്നത് കേള്‍ക്കൂ: 
'അദ് ചത്ത് - മരിച്ചുപോയി !' 
'ഇസ്ലാമിന്റെ ആനയായതുകൊണ്ട് മരിച്ചു പോയി എന്നോ മൗത്തായിപ്പോയി എന്നോ വേണം പറയാന്‍.' തീര്‍ന്നില്ല ആനയുടെ വമ്പ് :
'അത് നാല് കാഫ്രീങ്ങളെ കൊന്ന്!'
'ഇസ്ലാമിനെ എത്ര കൊന്നു?'
'ഒറ്റ ഒന്ന് നേം കൊന്നില്ല. അദ് അസെലൊള്ള ആനേര്‍ന്ന്. ''
അപ്പോള്‍ തീര്‍ച്ചയായും ചില്ലറക്കാരനല്ല ആന. ഈ പുണ്യം ചെയ്തതുകൊണ്ട് 'സ്വര്‍ഗത്തില്‍ കല്‍, കരട്, മുത്ത്, മാണിക്കത്താലുള്ള നാലു മാളികകള്‍ ' എന്നിവ കിട്ടാന്‍ പോകുന്ന കക്ഷിയാണ്. മാത്രമല്ല, ഈ ചെറുനോവലിനെ ചലിപ്പിക്കുന്ന, അസാധാരണ മാനങ്ങളിലേക്ക് വളര്‍ത്തുന്ന മിത്തും ഈ ആണാന തന്നെ. സ്വയം തകര്‍ത്തുകൊണ്ട് അവസാനിപ്പിക്കുന്നതും അവന്‍ തന്നെ. ക്ലൈമാക്‌സില്‍ ആനയുടെ ചരിത്രാസ്തിത്വത്തെ പുതുതലമുറയെക്കൊണ്ട് ചോദ്യം ചെയ്യിക്കുന്നു ബഷീര്‍. ഒരു വമ്പന്‍മിത്തില്‍ നിന്ന് കുഴിയാനയാക്കി ഒരഴിച്ചുകെട്ടല്‍! അതുപക്ഷേ, കെട്ടിയഴിയ്ക്കലല്ല. എന്നാല്‍ ആ അഴിച്ചുകെട്ടലിനിടയില്‍ മറ്റെന്തൊക്കെയോ ഉണ്ടോ? നോക്കാം:

കുഞ്ഞുതാച്ചുമ്മ ഒരുഗ്രന്‍ വിപ്ലവകാരിയാണ്. കുഞ്ഞുതാച്ചുമ്മക്ക് അടുക്കളപ്പണി എന്ന 'പരമ്പരാഗത പെണ്‍പണി' വശമില്ല. ചെയ്യാന്‍ പറഞ്ഞാല്‍ ഒട്ട് സൗകര്യപ്പെടുകയുമില്ല. അത് ചെയ്യുന്നത് ഭര്‍ത്താവ് വട്ടനടിമ. 'പെണ്ണായി പെറന്നാ തീപിടിപ്പിക്കാനെങ്കിലും അറിയണം' എന്ന ഭര്‍ത്താവിന്റെ പറച്ചിലിന് പഴയ മെതിയടിപ്പുറത്ത് ക്ടോ, പ്‌ടോ എന്ന് നടന്നുകൊണ്ട് കുഞ്ഞുതാച്ചുമ്മ പറയും: 'ഞാ ആനമക്കാരിന്റെ പുന്നാരമോളാ'. അതും പോരാഞ്ഞ് 'പെണ്‍ധാര്‍ഷ്ട്യം' പ്രവര്‍ത്തിക്കുന്നതു നോക്കൂ! ഭര്‍ത്താവ് കൈക്ക് വെള്ളമൊഴിച്ചു കൊടുത്തില്ലെങ്കില്‍ കുഞ്ഞുതാച്ചുമ്മ ഉണ്ണുകയില്ല! എന്തൊരഹങ്കാരം! മലയാള കഥയിലെ അടുക്കളകളെ ഇങ്ങിനെ ചുമ്മാ പുല്ലുപോലെ അട്ടിമറിച്ച വേറെ ഏതു പെണ്ണുണ്ട്? അതും 1951 ല്‍ എഴുതിയ ഒരു നോവലില്‍! ( രുചി പോരെന്നു പറഞ്ഞ് അടുക്കളയിലെ ചട്ടിയും കലവും തല്ലിപ്പൊട്ടിച്ച മലയാള കഥയിലെയും സിനിമയിലേയും ആമ്പെറന്നോരേ, ഓടെടാ ഓട്, കണ്ടം വഴി ഓട്. അമ്പതുകളുടെ ആദ്യം ഉണ്ടായിരുന്ന ഒരു ഗ്രേറ്റ് കേരള കിച്ചണാണിത് ).

'എടീ നിന്റെ നാവൊന്നടക്ക് ' എന്ന് ആമ്പെറന്നോന്‍ പറയുമ്പോള്‍ മറുപടി ഇങ്ങനെ: ' ഇല്ലേല് മൂക്കി വലിച്ചുകേറ്റുവോ? ഞാ ആനമക്കാരിന്റെ പുന്നാരമോളാ; ഇനിക്കു ലെയിനസൊണ്ട്. '
കുഞ്ഞുതാച്ചുമ്മയ്ക്ക് എന്തുപറയാനും ലൈസന്‍സുണ്ട്! ആ ലൈസന്‍സ് ആനയുള്ള ആണായ ആനമക്കാരിന്റെ മോളായതുകൊണ്ടാണ്. എന്നുവെച്ചാല്‍ ഭര്‍ത്താവിന്റെ ആണത്തത്തെ ഖണ്ഡിക്കാന്‍ അതിനേക്കാള്‍ പാരമ്പര്യവും സാമ്പത്തികാധികാരവും ആനയധികാരവുമുള്ള പിതാവിന്റെ പുന്നാരമോള്‍ എന്ന വീശരിവാള്‍. ആണത്തത്തെ അതിനേക്കാള്‍ പ്രബലമായ ആണത്തം കൊണ്ട് തകര്‍ക്കല്‍. ആ ലൈസന്‍സിന്റെ പുറത്ത്, ഭര്‍ത്താവിനോട് വഴക്കുണ്ടാക്കുമ്പോള്‍ പുന്നാരമകളായ കുഞ്ഞുപാത്തുമ്മയോട് അവര്‍ ചോദിക്കുന്നു: 
'ചെമ്മീനടിമ പവമ്മാറാന്‍ പോയോടീ? '
തൊട്ടടുത്ത് മകള്‍ പറയുന്നു:
'ഉമ്മാക്ക് പടച്ചവനോടും പിണക്കമാണ്. നിസ്‌കാരമൊന്നുമില്ല. എന്തിന് പ്രാര്‍ഥിക്കുന്നു?'
'ഓ... ഒത്തിരി നിസ്‌കരിച്ചതാ. അന്ന്ട്ട്...' എന്ന് ഉമ്മ അര്‍ധോക്തിയില്‍ പറയുന്നു. വിശ്വാസത്തിന്റെ അകത്തുനിന്നുള്ള ചെറുതകര്‍ച്ച, സാമ്പത്തികവും സാമൂഹികാധികാരവുമായി ബന്ധപ്പെട്ട സങ്കടം, വാശി ഒക്കെ താച്ചുമ്മയുടെ ആ നിഷേധത്തിലുണ്ട്. എന്നാല്‍  താമസിയാതെ കുഞ്ഞുതാച്ചുമ്മ അത് തിരുത്തുന്നുമുണ്ട്. മണ്‍ചട്ടി നിലത്തടിച്ച് പൊട്ടിച്ചതോടെ 'ഇഞ്ഞി അവക്ക് ശെരട്ടേക്കൊട്ത്താ മതി' എന്ന് വട്ടനടിമ പറയുമ്പോള്‍ കുഞ്ഞുതാച്ചുമ്മ വാവിട്ടു കരയുന്നു: 'മയ്യദ്ദീനേ, നേര്‍ച്ചക്കാരേ, കേക്കണൊണ്ടോ? മുത്ത് നബിയേ, കേക്കണൊണ്ടോ? ആനമക്കാരിന്റെ പുന്നാര മോക്ക് ശെരട്ടേക്കൊട്ത്താ മതീന്ന്!'. അതാണ് താച്ചുമ്മ. ആവശ്യത്തിന് ദൈവത്തെ വിളിക്കും പുകഴ്ത്തും. ആവശ്യത്തിന് വിമര്‍ശിക്കുകയും ചെയ്യും. ഒരിക്കല്‍ ചീത്തവിളിച്ചതിന് ഭര്‍ത്താവ് കഴുത്തിനുപിടിച്ചപ്പോള്‍ ഇങ്ങിനെ കരയുന്നു: 'പടച്ചോനെ, ഇനിക്കാരൂല്ല! മയ്യദ്ദീനേ * ഇനിക്കാരൂല്ല!' 

ഇവിടെ ബഷീറിന്റെ ഒരിടപെടലുണ്ട്. പുസ്തകത്തില്‍ ഒരു ഫുട്‌നോട്ടായിട്ട്. മയ്യദ്ദീനേ * എന്നതിനൊരു കിടിലന്‍ ഫുട്‌നോട്ട്. അതിങ്ങനെയാണ്:
'ഈ മയ്യദ്ദീന്‍ എന്ന മുഹിയുദ്ദീന്‍ അബ്ദുല്‍ ഖാദര്‍ ജിലാനിയാണ്. ഒരു പുണ്യപുരുഷന്‍ കുറേ നൂറ്റാണ്ടു മുന്‍പ് മരിച്ചു. ബാഗ്ദാദിലോ മറ്റോ ആണ് കബറടക്കിയിരിക്കുന്നത്. ഇതുപോലെ കുറേ അധികം പേരുണ്ട്. ഇവര്‍ക്ക് വല്ലതിനും കഴിവുണ്ടോ? ഖുര്‍ ആനിലൂടെ അല്ലാഹ് പറയുന്നു: ഞാന്‍ ആരുടേയും ശുപാര്‍ശ കേള്‍ക്കുന്നവനല്ല.'
 
എന്തിനാണ് ഈ ഫുട് നോട്ട്? അതും 'ചുമ്മാ ലളിതമായി ഒരു പ്രേമ കഥ പറയുന്നു' എന്ന് തോന്നിപ്പിക്കുന്ന ഒരു നോവലില്‍? സംശയിക്കണ്ട, അത് ബഷീര്‍ എന്ന കളി നിയന്ത്രിക്കുന്ന റഫറിയുടെ വിസിലാണ്. തോന്നുംപടി കളി വേണ്ട, ഇടപെടും എന്ന താക്കീത്, ചരിത്രത്തിലേക്കൊരു ചുണ്ടുവിരല്‍.

'ന്റുപ്പാപ്പ'  കുഞ്ഞുപാത്തുമ്മയുടെയും നിസാര്‍ അഹ്മദിന്റെയും പ്രണയകഥയാണ്. വേണമെങ്കില്‍ കക്കൂസ് പരിസരത്ത് രൂപപ്പെട്ട പ്രണയകഥ എന്നൊരു അഡീഷണല്‍ ഡിഗ്രി കൂടികൊടുക്കാം. അതൊരു തമാശയല്ല താനും. കാരണം നിസാര്‍ അഹ്മദ് ഒരു പുരോഗമനവാദിയാണ്, വല്യവൃത്തിക്കാരനാണ്! ആ വൃത്തിയുടെ വേരുകള്‍ ചികഞ്ഞാല്‍ ഗാന്ധിജിയിലേക്കും നാരായണ ഗുരുവിലേയ്ക്കും പൊയ്കയില്‍ അപ്പച്ചനിലേക്കും സമുദായത്തിന്റെ ആന്തരിക നവീകരണത്തിന് വൃത്തിയും വെടിപ്പും ആരോഗ്യവും വേണമെന്ന നവോത്ഥാന ചിന്തകളിലേക്കും എത്താം. അപ്പോള്‍ നിസാര്‍ പറമ്പിന്റെ അതിരില്‍കുത്തിയ കക്കൂസ് അത്ര ചെറുതല്ലെന്ന് സാരം. നവോത്ഥാനത്തിന്റെ രാഷ്ട്രീയ സിരയിലെ അഴിച്ചുപണിയിലാണതിന്റെ മര്‍മ്മം. അതൊക്കെ എന്തായാലും കുഞ്ഞുതാച്ചുമ്മയില്ലെങ്കില്‍ ഈ നോവലില്ല. കഥ മാറും. ആനക്ക് നടന്നുവരാന്‍ വേറെ പെണ്‍വഴിയെവിടെ? 'നിന്റുപ്പാപ്പാക്കൊരാനേണ്ടാര്‍ന്നു!' എന്ന്  വേറാരു പറയും? നോവലില്‍ പഞ്ച് ഡയലോഗുകള്‍ വേറെയുമുണ്ട്. 'വെളിച്ചത്തിനെന്ത് വെളിച്ചം', 'ന്റെ കരളില് വേതന ', 'ഇനിക്ക് ലെയിനസൊണ്ട് ', 'കള്ളസാച്ചി പറേങ്കയ്യേല ' തുടങ്ങി ഒരുപാടുണ്ട്. പക്ഷേ, ന്റുപ്പാപ്പയിലുള്ള വാക്കിന്റെ കൊമ്പനാന വേറൊന്നിലുമില്ല. 

ഇനി ക്ലൈമാക്‌സിലേക്ക്. കുഞ്ഞുപാത്തുമ്മയുടെ പ്രണയം പൂവിടുന്നു. വസന്തം സംഭവിക്കുന്നു. അവസാന അധ്യായത്തിന്റെ തലക്കെട്ട് 'പുതിയ തലമുറ സംസാരിക്കുന്നു' എന്നാണ്. എന്താണ് പുതിയ തലമുറ കുട്ടികള്‍ സംസാരിക്കുന്നത്? ഒന്നുമില്ല, ഒരു ചെറുവാചകം: ''അദ് കുയ്യാനേര്‍ന്ന് '' എന്നുമാത്രം. പ്രതാപിയായ ആനയെ അവര്‍ കുയ്യാനയാക്കി! 'പടച്ചോനെ!'കുഞ്ഞുതാച്ചുമ്മ നെഞ്ചത്തടിച്ചപേക്ഷിച്ചു :'കുരുത്തംകെട്ട ഈ വകന്തകട തലതെറിപ്പീര്''. പക്ഷേ, ഒന്നും സംഭവിച്ചില്ല. കുഞ്ഞുതാച്ചുമ്മ തോറ്റോ?
നോവലിനൊടുവില്‍ മകളോട് കുഞ്ഞുതാച്ചുമ്മ പറയുന്നു: 'നിന്റുപ്പുപ്പാട... ബല്യ കൊമ്പനാന.. കുയ്യാനേര്‍ന്ന്! കുയ്യാന'. ഇത് താച്ചുമ്മയുടെ കീഴടങ്ങലായി വായിക്കാം. പക്ഷേ, തൊട്ടു മുന്‍പിലുള്ള വാചകം നോക്കൂ: 'പരമസുന്ദരിയായ കുഞ്ഞുപാത്തുമ്മയെ നോക്കി. യോഗ്യനായ നിസാര്‍ അഹ്മദിനെ ഓര്‍ത്തു. ശോഭനമായ ഭാവിയിലേക്ക് കാലെടുത്തുവെച്ചിട്ടേയുള്ളൂ. റബ്ബുല്‍ ആലമീനായ തമ്പുരാന്‍ എല്ലാം നേരെയാക്കും. ചരിത്രം ചരിത്രം തന്നെയാണ്.' അവിടെയാണ് ബഷീര്‍ നട്ടുമുളപ്പിച്ച ആനയുടെ അസാന്നിധ്യവും സാന്നിധ്യവും കൊരുക്കുന്നത്, കലങ്ങിമറിയുന്നത്. ചരിത്രം ചരിത്രം തന്നെയാണെന്ന്! അപ്പോള്‍ ആ മിത്ത് ആണ്‍ലോകത്തോട് പൊരുതാനുള്ള താച്ചുമ്മയുടെ തീര്‍ച്ചമൂര്‍ച്ചയുള്ള ആയുധമായിരുന്നു. വമ്പന്‍കൊമ്പുള്ള, മതവേരുള്ള മുട്ടനൊരു ആണായുധം! മകളുടെ ശോഭനമായ ഭാവിയായിരുന്നു അവരുടെ ലക്ഷ്യം. അതെത്തിപ്പിടിച്ചപ്പോള്‍ പിന്നെന്തു നോക്കാന്‍? ആയുധം താഴെയിട്ടു! ആണത്തത്തെ അങ്ങനെയാണോ നേരിടേണ്ടത് ? അങ്ങിനെ പരിഹരിക്കാനാകുമോ ആണത്തത്തിന്റെ അധികാരപ്രശ്‌നങ്ങള്‍? സ്ത്രീ പ്രശ്‌നങ്ങള്‍ക്ക് അതൊരു പരിഹാര രീതിയാണോ എന്നീ ചോദ്യങ്ങള്‍ പ്രസക്തമാണ്. അതങ്ങനെയല്ല താനും. പക്ഷേ, താച്ചുമ്മ  ശക്തമായി അതുപയോഗിച്ചു; വിധ്വംസകമായിത്തന്നെ. അതോടൊപ്പം ചരിത്രം ചരിത്രം തന്നെയാണെന്ന ആശ്വാസവാക്ക് മനസില്‍ ഇട്ടുകൊടുത്തുകൊണ്ടാണ് താച്ചുമ്മ ആനയെ കുയ്യാനയാക്കാന്‍ വിട്ടുകൊടുക്കുന്നത്. അല്ലാതെ മലയാള കഥയിലെ ഏറ്റവും പ്രതാപിയായ പെണ്ണ് ചുമ്മാതങ്ങ് കീഴടങ്ങുമോ? ഞാന്‍ വിശ്വസിക്കില്ല! താച്ചുമ്മയ്ക്ക് ആനയെ വളര്‍ത്താനുള്ള ലൈസന്‍സുണ്ട്!

വൈക്കം മുഹമ്മദ് ബഷീറിന്റെ പുസ്തകങ്ങള്‍ വാങ്ങാം

Content Highlights: Vaikom Muhammad Basheer, Ntuppuppakkoranendarnnu