രുപത് നോവലുകള്‍, പതിനാല് കഥാസമാഹാരങ്ങള്‍, പതിനഞ്ച് തിരക്കഥകള്‍ രണ്ട് തവണ കേരള സാഹിത്യഅക്കാദമി അവാര്‍ഡ്, കേരള ചലച്ചിത്ര അവാര്‍ഡ്,സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം അവാര്‍ഡ് ..കിഴക്കേപ്പൈനുംമൂട് ഈശോ മത്തായി എന്ന പേരിനേക്കാള്‍ മലയാളിക്ക് സുപരിചതം പാറപ്പുറത്ത് എന്ന തൂലികാനാമമാണ്. നാല്‍പത് വര്‍ഷമായി ഈ ഭൂമികയില്‍ നിന്നും മാഞ്ഞുപോയിട്ടെങ്കിലും അരനാഴികനേരം എന്ന വിഖ്യാതരചനയാല്‍ വായനക്കാരുടെ, സിനിമാസ്വാദകരുടെ പ്രിയപ്പെട്ട പാറപ്പുറത്ത് ഇന്നും ജനഹൃദയങ്ങളില്‍ കുടിയിരിക്കുന്നു.

1924-ലെ ശിശുദിനത്തിലാണ് കെ.ഇ മത്തായി എന്ന പാറപ്പുറത്ത് ആലപ്പുഴ മാവേലിക്കരയിലെ കുന്നം എന്ന ഗ്രാമത്തില്‍ ജനിക്കുന്നത്. കുന്നം സ്‌കൂളിലെ പ്രഥമികവിദ്യാഭ്യാസത്തിനുശേഷം ചെട്ടികുളങ്ങര ഹൈസ്‌കൂളില്‍ പഠനത്തിന് ചേര്‍ന്നെങ്കിലും അപ്രതീക്ഷിതമായി പിതാവ് മരണപ്പെട്ടതിനാല്‍ കുടുംബത്തിന്റെ ഉത്തരവാദിത്തം മുഴുവന്‍ പതിമൂന്നുകാരനായ മത്തായില്‍ വന്നുചേര്‍ന്നതോടെ പഠിപ്പ് നിര്‍ത്തി. വളരെ വൈകാതെ തന്നെ അക്കാലത്തെ അന്നം തേടിയുള്ള ഓട്ടത്തിന്റെ നാട്ടുനടപ്പ് പട്ടാളത്തില്‍ ചേരുക എന്നതായതിനാല്‍ നേരെ പോയി പട്ടാളത്തില്‍ ചേര്‍ന്നു. ഇരുപത്തിയൊന്നുവര്‍ഷമാണ് രാജ്യത്തിനു വേണ്ടി സേവനം ചെയ്തത്. അതിനിടയില്‍ അമ്മിണിയെ വിവാഹം ചെയ്തു,കുഞ്ഞുങ്ങളുമായി. പട്ടാളത്തില്‍ നിന്നും പിരിഞ്ഞുപോന്നപ്പോള്‍ ആദ്യം ചെയ്തതാവട്ടെ മാവേലിക്കരയില്‍ സരിതാ പ്രസ് എന്ന സ്ഥാപനത്തിന് തുടക്കമിടുക എന്നതായിരുന്നു. 

ഓണാട്ടുകരയുടെ കഥാകാരന്‍ എന്ന നിലയില്‍ തന്റെ എഴുത്തുജീവിതം പടിപടിയായി ഉയര്‍ത്തിക്കൊണ്ടുവന്നു പാറപ്പുറത്ത്. പ്രഥമനോവലായ കാണാപ്പൊന്ന് പക്ഷേ അപൂര്‍ണമായിത്തന്നെ തുടര്‍ന്നു അദ്ദേഹത്തിന്റെ മരണം വരെ. പാറപ്പുറത്തിന്റെ മരണാനന്തരം കെ. സുരേന്ദ്രനാണ് കാണാപ്പൊന്ന് പൂര്‍ത്തിയാക്കിയത്. കാണാപ്പൊന്നിനെ താന്‍ മനസ്സില്‍ കണ്ടതുപോലെ പേന കാണാന്‍ കൂട്ടാക്കാതിരുന്നെങ്കിലും പാറപ്പുറത്തിന് പരാതിയില്ലായിരുന്നു. നോവലിന്റെ പൂര്‍ണതയ്ക്കുവേണ്ടി സമയം ചിലവഴിക്കാനും മിനക്കെട്ടില്ല. ഓമന, പണിതീരാത്തവീട്, നിണമണിഞ്ഞ കാല്‍പ്പാടുകള്‍, ആദ്യകിരണങ്ങള്‍, മകനേ നിനക്കുവേണ്ടി, അന്വേഷിച്ചു കണ്ടെത്തിയില്ല തുടങ്ങി നോവലുകളുടെ നീണ്ടനിര തന്നെ അദ്ദേഹത്തെയും കാത്തിരിപ്പുണ്ടായിരുന്നു. ജനപ്രിയമായ തലക്കെട്ടുകള്‍ കൊണ്ടും പ്രമേയാവതരണം കൊണ്ടും ശ്രദ്ധിക്കപ്പെട്ട നോവലുകള്‍ക്ക് ചലച്ചിത്രഭാഷ്യം കൈവരാന്‍ കാലങ്ങളുടെ കാത്തിരിപ്പൊന്നും വേണ്ടി വന്നില്ല. നോവലും തിരക്കഥയും പാറപ്പുറത്തിന്റെ ഇടംവലം കൈകളില്‍ കിടന്ന് അമ്മാനമാടി. അക്കാലത്തെ പ്രമുഖ നിര്‍മാതാക്കളും അഭിനേതാക്കളും പാറപ്പുറത്തിന്റെ വരാന്‍ പോകുന്ന നോവലുകളെക്കുറിച്ച് ഉത്കണ്ഠാഭരിതരായിരുന്ന കാലം! ചൂടപ്പം പോലെ വിറ്റുപോയിരുന്ന നോവലുകള്‍ അതിലും ചൂടോടെ അഭ്രപാളിയിലെത്തിയപ്പോള്‍ നാടകത്തിലും പാറപ്പുറത്ത് കൈവച്ചു. വെളിച്ചം കുറഞ്ഞ വഴികള്‍ എന്ന നാടകം നിരവധി സ്റ്റേജുകള്‍ കണ്ടു. മരിക്കാത്ത ഓര്‍മകള്‍ എന്ന പേരില്‍ പാറപ്പുറത്ത് തന്റെ അനുഭങ്ങള്‍ ഒന്നൊന്നായി വായനക്കാര്‍ക്കായി നിരത്തി. സാധാരണക്കാരനായ ഒരുവനാണ് താന്‍ എന്നു പ്രഖ്യാപിച്ചു ആ ഓര്‍മകളത്രയും.  

പട്ടാളജീവിതത്തിനുശേഷം മുഴുവന്‍ സമയവും എഴുത്തുകാരനായിത്തുടര്‍ന്ന പാറപ്പുറത്ത് സാഹിത്യപ്രവര്‍ത്തകസഹകരണസംഘത്തിന്റെ ശൈശവദശകളില്‍ ഒപ്പം ചേര്‍ന്നു നടന്നയാളാണ്. 1974 മുതല്‍ 77 വരെ എസ്.പി.സി.എസ്സിന്റെ ഡയറക്ടറായി അദ്ദേഹം പ്രവര്‍ത്തിച്ചു. എണ്‍പതില്‍ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു. 1981 ഡിസംബര്‍ മുപ്പതിന് മരിക്കുന്നതുവരെ ആ പദവിയില്‍ തുടര്‍ന്നു. 

ഹൈസ്‌കൂള്‍ വരെ വിദ്യാഭ്യാസം, ശേഷം ഇരുപത്തിയൊന്ന് വര്‍ഷം രാജ്യസേവനം, അമ്പത്തിയേഴ് വയസ്സുവരെയുള്ള ജീവിതത്തില്‍ ബാക്കിയുള്ള കാലമത്രയും എഴുത്ത്- ഇതായിരുന്നു പാറപ്പുറത്തിന്റെ ജീവിതചക്രം. അതിനിടയില്‍ പതിനഞ്ച് സിനിമകള്‍ക്ക് പാറപ്പുറത്ത് തിരക്കഥയെഴുതിയതില്‍ പതിനാലും സ്വന്തം കഥകളായിരുന്നു. പോരാത്തതിന് 19 സിനിമകള്‍ക്ക് സംഭാഷണവും പകര്‍ന്നു. അരനാഴികനേരത്തില്‍ തലവെട്ടവും കാണിച്ചു. പാറപ്പുറത്ത് ഓര്‍മയായിട്ട് നാല്‍പത് വര്‍ഷം തികഞ്ഞിരിക്കുന്നു. കണ്ട് മറന്നിട്ട് അരനാഴികനേരം പോലുമായിട്ടില്ല എന്ന തോന്നല്‍ ഓരോ മലയാളിയിലും അനുഭവിപ്പിച്ചുകൊണ്ട് അതുല്യനായ എഴുത്തുകാരന്‍ തന്റെ സൃഷ്ടികളാല്‍ തലയെടുപ്പോടെ ജനഹൃദയങ്ങളില്‍ ജീവിക്കുന്നു.