ഇംഗ്ലീഷ് സാഹിത്യത്തെ ലോകസാഹിത്യത്തിന്റെ നട്ടെല്ലായി ഉയര്‍ത്തുന്നതില്‍ മുഖ്യപങ്കുവഹിച്ച എഴുത്തുകാരനും നിരൂപകനും ജീവചരിത്രകാരനും എഡിറ്ററും കവിയും നാടകകൃത്തുമായിരുന്ന ഡോക്ടര്‍ ജോണ്‍സണ്‍ തയ്യാറാക്കിയ ഇംഗ്‌ളീഷ് നിഘണ്ടുവിന്-A Dictionary of the English Language- ഏപ്രില്‍ പതിനഞ്ചിന് ഇരുനൂറ്റി ഇരുപത്തിയാറ് വയസ്സ് തികഞ്ഞിരിക്കുന്നു. ഇംഗ്ലീഷ് ചരിത്രത്തിലെ തികച്ചു വ്യത്യസ്തനായ പ്രതിഭ എന്ന് ഓക്‌സ്ഫഡ് ഇംഗ്ലീഷ് ഡിക്ഷണറിയാണ് ഡോക്ടര്‍ സാമുവല്‍ ജോണ്‍സണെ വിശേഷിപ്പിച്ചത്.
  
ഇംഗ്‌ളീഷ് ഭാഷാചരിത്രത്തില്‍ വളരെ സ്വാധീനം ചെലുത്തിയ നിഘണ്ടുവായതിനാല്‍ തന്നെ 'ജോണ്‍സണ്‍സ് ഡിക്ഷണറി' എന്നാണ് അദ്ദേഹം തയ്യാറാക്കിയ നിഘണ്ടു അറിയപ്പെട്ടത്. പതിനെട്ടാം നൂറ്റാണ്ടിലെ ബ്രിട്ടനിലെ വിദ്യാസമ്പന്നരും വിദ്യാഭ്യാസ-സാംസ്‌കാരിക പ്രവര്‍ത്തകരും എഴുത്തുകാരും നന്നേ വിഷമിച്ചിരുന്നത് തങ്ങളുടെ ഭാഷയുടെ പദപരിമിതികളുടെ കാര്യത്തിലായിരുന്നു. പലപ്പോഴും കൃത്യമായ ആശയസംവേദനത്തിനായി ഭാഷയെ സഹായിച്ചത് അന്യഭാഷകളായ ഡച്ചും സ്പാനിഷും ഫ്രഞ്ചുമൊക്കെയായിരുന്നു. തങ്ങളുടെ ഭാഷാപരിമിതിയില്‍ അസംതൃപ്തരായ ഒരു കൂട്ടം ബുദ്ധിജീവികള്‍ സംഘം ചേര്‍ന്നതിന്റെ ഫലമായി ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പുസ്തകവില്പനക്കാരുടെ നിര്‍ദ്ദേശപ്രകാരം അക്കാലത്തെ 1575 പൗണ്ടിന്റെ സാമ്പത്തിക വാഗ്ദാനത്തില്‍ ഡോക്ടര്‍ ജോണ്‍സണ്‍ ഇംഗ്‌ളീഷ് ഭാഷാനിഘണ്ടുവിന്റെ തച്ചുപണികള്‍ 1746-ലാണ് ആരംഭിച്ചത്. 

മൂന്നു വര്‍ഷം കൊണ്ട് നിഘണ്ടു തയ്യാറാക്കാമെന്ന് ഉറപ്പുകൊടുത്തെങ്കിലും ഏഴുവര്‍ഷത്തെ കഠിനാധ്വാനം വേണ്ടിവന്നു ജോണ്‍സണ്‍ നിഘണ്ടു തയ്യാറാവാന്‍. മറ്റാരുടെയും സഹായമില്ലാതെ ഏഴുവര്‍ഷക്കാലം പദനിര്‍മാണത്തില്‍ മാത്രം ജീവിച്ചു ജോണ്‍സണ്‍. നിഘണ്ടു നിര്‍മാണം എന്ന ഭഗീരഥപ്രയത്നം പൂര്‍ത്തിയാക്കിയെങ്കിലും ജോണ്‍സണ്‍ ഒട്ടും തൃപ്തനായിരുന്നില്ല. മറ്റ് സാഹിത്യപ്രവര്‍ത്തനങ്ങളും എഴുത്തുകുത്തുകളുമെല്ലാം മാറ്റിവെച്ചുകൊണ്ട് അദ്ദേഹം തന്റെ നിഘണ്ടുവിന്റെ പരിഷ്‌കരിച്ച പതിപ്പുകള്‍ വര്‍ഷം കഴിയുംതോറും ഇറക്കിക്കൊണ്ടിരുന്നു. ഓക്‌സ്ഫഡ് ഡിക്ഷണറി ഇംഗ്‌ളീഷ് ഭാഷയുടെ ആധികാരികനിഘണ്ടുവായി കരുതപ്പെടാന്‍ തുടങ്ങിയപ്പോഴും ജോണ്‍സണ്‍സ് ഡിക്ഷണറി അറിയപ്പെട്ടത് ഇംഗ്‌ളീഷ് ഭാഷയുടെ അടിസ്ഥാനപുസ്തകം എന്നാണ്. 

തോമസ് എലിയറ്റ് 1538 -ല്‍ പുറത്തിറക്കിയ ലാറ്റിന്‍- ഇംഗ്‌ളീഷ് 'വേഡ്ബുക്ക്' ഉള്‍പ്പെടെ ഇരുപതോളം നിഘണ്ടുക്കള്‍ ജോണ്‍സണ്‍സ് ഡിക്ഷണറിക്കു മുമ്പായി പ്രചാരണത്തിലുണ്ടായിരുന്നെങ്കിലും വിദ്യാഭ്യാസ-സാഹിത്യ പ്രവര്‍ത്തകരെ സംബന്ധിച്ചിടത്തോളം ഒന്നിനും ഒരു പൂര്‍ണത അവകാശപ്പെടാനില്ലായിരുന്നു. 46 സെന്റീമീറ്റര്‍ ഉയരവും 51 സെന്റീമീറ്റര്‍ വീതിയുമുള്ള 'എ ഡിക്ഷണറി ഓഫ് ദ ഇംഗ്‌ളീഷ് ലാംഗ്വേജ്' അക്കാലത്ത് ലഭ്യമായിട്ടുള്ള ഏറ്റവും ഗുണനിലവാരമുള്ള പേപ്പറിലായിരുന്നു അച്ചടിച്ചത്. 1600 പൗണ്ടായിരുന്നു അക്കാലത്തെ വില. എഴുത്തുകാരന് കൊടുത്ത കൂലിയേക്കാള്‍ വലുതായിരുന്നു നിഘണ്ടുവിന്റെ വില. 'Proud of its great bulk' എന്നാണ് ജോണ്‍സണ്‍ തന്റെ അഭിമാനസൃഷ്ടിയെ നോക്കി വിലയിരുത്തിയത്. രണ്ട് വാല്യങ്ങളിലായിട്ടാണ് നിഘണ്ടു പ്രസിദ്ധീകരിച്ചത്. 

Content Highlights :266 year of Johnsons Dictionary