ട്ടിക്കറുത്ത തലമുടിയോടുകൂടിയ പച്ചക്കണ്ണുകളും വലിയൊരു കണ്ണടയുമുള്ള വിശ്വവിഖ്യാതനായ ഒരു പതിനൊന്നുകാരൻ കഥാപാത്രത്തിന്റെ ജന്മദിനമാണിന്ന്. തനിക്ക് മാന്ത്രികശക്തിയുണ്ടെന്ന് വളരെ വൈകി തിരിച്ചറിഞ്ഞ ആ കഥാപാത്രത്തിനു പിറകേ ഊണും ഉറക്കവും നഷ്ടപ്പെടുത്തി ലോകത്താകമാനമുള്ള കുട്ടികളും മുതിർന്നവരും വായനയിലൂടെ സഞ്ചരിച്ചു. ആറുവർഷമെടുത്ത് താനെഴുതിയ നോവൽ ബാലസാഹിത്യം എന്ന അതിർവരമ്പ് ഭേദിച്ചുകൊണ്ട് ആസ്വാദനത്തിന്റെയും ഉദ്വേഗത്തിന്റെയും കൊടുമുടിയേറുന്നത് നോക്കിനിന്നു സ്രഷ്ടാവായ ജെ.കെ റൗളിങ്. പതിനൊന്നുകാരനായ ഹാരിപോർട്ടർ അനാഥത്വത്തിന്റെയും അപകർഷതയുടെയും അസ്വാതന്ത്ര്യത്തിന്റെയും അനിശ്ചിതത്വത്തിന്റെയും അരക്ഷിതാവസ്ഥയുടെയും അനുഭവങ്ങൾ നേരിട്ടപ്പോൾ ലോകം ഒന്നടങ്കം ഹാരിപോട്ടറുടെ നന്മക്കായി പ്രാർഥിച്ചു, ഹാരി ചെയ്യുന്നതെല്ലാം അവർക്ക് നല്ലതുമാത്രമായി.

'ഹാരിപോട്ടർ ആൻഡ് ദ ഫിലോസഫേഴ്സ് സ്റ്റോൺ 'എന്ന തന്റെ പ്രഥമ നോവൽ പൂർത്തിയാക്കിയപ്പോൾ റൗളിങ് ആദ്യം സമീപിച്ചത് വലുതും ചെറുതുമായ പ്രസാധകസ്ഥാപനങ്ങളെയായിരുന്നു. തൊണ്ണൂറായിരം വാക്കുകളുള്ള ഒരു ബാലസാഹിത്യം ഏറ്റെടുത്ത് പ്രസിദ്ദീകരിക്കുന്നതിലെ റിസ്ക് ആയിരുന്നു എല്ലാവരും ചൂണ്ടിക്കാണിച്ചത്. ഒന്നാമത്തേത് ഒരു തുടക്കക്കാരിയുടെ പുസ്തകം, രണ്ടാമതായി ഇത്രയധികം പേജുകളുള്ള പുസ്തകം കുട്ടികൾ വായിക്കില്ല, മൂന്നാതായി എഴുതിയിരിക്കുന്നത് ഒരു പെണ്ണാണ്. ആൺകുട്ടികൾ പുസ്തകം വാങ്ങിക്കൊള്ളണമെന്നില്ല. അവരെ സംബന്ധിച്ചിടത്തോളം ഉദ്വേഗഭരിതമായ വായനകളൊക്കെ അവർക്ക് സമ്മാനിച്ചത് വലിയ പുരുഷ എഴുത്തുകാരാണ്. ഹാരിപോട്ടറുമായി കയറിയിറങ്ങാത്ത പ്രസിദ്ധീകരണശാലകളില്ലെന്നായി. ഒടുക്കം ബ്രിട്ടീഷ് പബ്ലിഷറായ ബാരി കണിങ്ഹാം ആണ് ബ്ലൂംസ്ബെറിയോട് പുസ്തകം ഏറ്റെടുക്കാൻ നിർദ്ദേശിക്കുന്നത്. ബ്ലൂംസ്ബെറിയുടെ ബാലസാഹിത്യവിഭാഗത്തിനായി പുതിയ എഴുത്തുകാരുടെ രചനകൾ തയ്യാറാക്കുകയായിരുന്നു അദ്ദേഹം അപ്പോൾ. ബ്ലൂംസ്ബെറിയുടെ ചീഫ് എക്സിക്യുട്ടീവ് തന്റെ എട്ടുവയസ്സുകാരിയെയാണ് റൗളിങ്ങിന്റെ പുസ്തകത്തിന് നിലവാരമുണ്ടോ എന്നറിയാൻ ഏൽപിച്ചത്. ഹാരിപോട്ടറുടെ ആദ്യ അധ്യായത്തിന്റെ കുറച്ചുപേജുകൾ മാത്രം നൽകിക്കൊണ്ട് മകളുടെ പ്രതികരണം നിരീക്ഷിച്ച ചീഫ് എക്സിക്യുട്ടീവ് പുസ്തകത്തിന്റെ റിസൽട്ടറിഞ്ഞു. ഇതിന്റെ ബാക്കി കൂടി തരൂ എന്നായി പെൺകുട്ടി. അവളെ അത്രമാത്രം ത്രസിപ്പിച്ചിരുന്നു ഹാരിപോട്ടർ. മറ്റെന്തിനെക്കാളും മഹത്തരമാണ് ഈ കൃതി എന്ന് എക്സിക്യുട്ടീവ് പ്രസ്താവിച്ചത് മകളുടെ ആവശ്യത്തിൽ നിന്നാണ്. ബ്ലൂംസ്ബെറി പുസ്തകം സ്വീകരിക്കുകയും 2500 പൗണ്ട് അഡ്വാൻസായി റൗളിങ്ങിന് നൽകുകയും ചെയ്തു.

പ്രൂഫ് കോപ്പികൾ സാഹിത്യത്തിലെ വിശിഷ്ടവ്യക്തികൾക്കും എഡിറ്റർമാർക്കും വായനക്കായി ബ്ലൂംസബെറി അയച്ചുകൊടുത്തു. അവരുടെ കമന്റുകൾ ബ്ലർബായി രേഖപ്പെടുത്തി. പുസ്തകത്തിന്റെ പേജുകളേക്കാളും അവർ ഭയപ്പെട്ടത് റൗളിങ്ങിന്റെ ഐഡന്റിറ്റിയായിരുന്നു. ജോവാൻ റൗളിങ്ങ് എന്നത് പെൺനാമമാണ്. ആൺകുട്ടികളാണ് വായനക്കാരിൽ ഭൂരിഭാഗവും. അതു മുൻകൂട്ടി കണ്ടുകൊണ്ട് എഴുത്തുകാരിയുടെ സമ്മതത്തോടെ ജെ.കെ റൗളിങ്ങ് എന്നാക്കിമാറ്റി. അഞ്ഞൂറ് കോപ്പികളാണ് ആദ്യം പരീക്ഷണാർഥം അച്ചടിച്ചത്. അതിൽ മുന്നൂറെണ്ണവും ലൈബ്രറികളിലേക്കാണ് വിതരണം ചെയ്തത്. വിപണിയിലുള്ള ഇരുനൂറെണ്ണത്തിൽ നിന്നും രണ്ടായിരവും രണ്ടുലക്ഷവും ഇരുപത് ലക്ഷവും രണ്ടുകോടിയും കോപ്പികളായി 'ഹാരിപോട്ടർ ആൻഡ് ദ ഫിലോസഫേഴ്സ് സ്റ്റോൺ' കാലങ്ങൾ പോകപ്പോകെ ഇരട്ടിച്ചുകൊണ്ടേയിരുന്നു.

ഇന്ന് ലോകത്തിലെ തന്നെ ഏറ്റവും മൂല്യമേറിയ എഴുത്തുകാരിൽ ഒരാളായി റൗളിങ് മാറി. പോരാത്തതിന് നിരവധി തുടർക്കഥകൾ ഹാരിപോട്ടറിന് വന്നുകൊണ്ടേയിരുന്നു. 1997 ജൂൺ ഇരുപത്തിയാറിനാണ് ബ്ലൂംസ്ബെറി ആദ്യമായി ഹാരിപോട്ടർ അച്ചടിച്ച് വിപണിയിറക്കിയത്. ഇന്നേയ്ക്ക് ഇരുപത്തിനാലാം പിറന്നാളിന്റെ നിറവിലാണ് മാന്ത്രികനായ ഹാരി!

Content Highlights: 24th publishing Anniversary of Harry potter and the Philosopher's stone