ക്യൂറർ, എലിസ്, ആക്ഷൻ ബെൽ എന്നീ മൂന്ന് തൂലികാനാമങ്ങളിലൂടെ പത്തൊമ്പതാം നൂറ്റാണ്ടിലെ ആദ്യ പകുതിയിൽ ഇംഗ്ലീഷ് സാഹിത്യത്തിൽ നിറഞ്ഞുനിന്ന പ്രതിഭ. ലോകക്ലാസിക്കുകളിലെ നിത്യാത്ഭുത സഹോദരിമാരായ ബ്രോണ്ടി സഹോദരിമാരിൽ മൂത്തവൾ. പതിനാലാം വയസ്സിൽ തന്റെ ഔപചാരിക വിദ്യാഭ്യാസമുപേക്ഷിച്ച് അനിയത്തിമാരായ എമിലിയുടെയും ആനിയുടെയും അധ്യാപികയായി സ്വയം അവരോധിച്ചവൾ. വളരെ ചെറുപ്രായത്തിൽ തന്നെ ലോകസാഹിത്യത്തിലെ എക്കാലത്തെയും മികച്ച നോവലുകളുടെ സ്രഷ്ടാക്കളിൽ ഒരാൾ എന്ന ഖ്യാതിയിലേക്കുയർന്നവൾ...ഇംഗ്ലീഷ് സാഹിത്യത്തിൽ സുവർണലിപികളാൽ എഴുതപ്പെട്ട പേരുകളിലൊന്നായ ഷാർലെറ്റ് ബ്രോണ്ടിയുടെ ഇരുനൂറ്റിയഞ്ചാം ജന്മവാർഷികമാണിന്ന്.

1816 ഏപ്രിൽ ഇരുപത്തിയൊന്നിന് യോർക് ഷൈറിലെ തോർടൺ മാർകറ്റ്സ്ട്രീറ്റിനടുത്താണ് മരിയയുടെയും പാട്രിക് ബ്രോണ്ടിയുടെയും ആറുമക്കളിൽ മൂന്നാമത്തെയാളായി ഷാർലെറ്റ് ജനിച്ചത്. പാട്രിക് ബ്രോണ്ടി ഒരു ഐറിഷ് ആംഗ്ലിക്കൻ പുരോഹിതനായിരുന്നു. ഷാർലെറ്റിന് അഞ്ചു വയസ്സുള്ളപ്പോൾ കാൻസർ മൂലം അമ്മ മരിയ മരണപ്പെട്ടു. മരിയ, എലിസബത്ത്, ഷാർലെറ്റ്, എമിലി, ആനി എന്നീ സഹോദരിമാരും ബ്രാൺവെൽ എന്ന ഏകസഹോദരനും അമ്മ മരിയയുടെ സഹോദരിയായ എലിസബത്ത് ബ്രാൺവെല്ലിന്റെ ഉത്തരവാദിത്തത്തിലാണ് പിന്നീട് വളർന്നത്. തന്റെ പെൺമക്കളെക്കെല്ലാം തന്നെ മികച്ച വിദ്യാഭ്യാസം ലഭിക്കാനായി പാട്രിക് ബ്രോണ്ടി ലാങ്ക്ഷെയറിലെ ക്ലെർജി ഡോട്ടേഴ്സ് സ്കൂളിലേക്ക് അയച്ചെങ്കിലും മരിയയും എലിസബത്തും ക്ഷയരോഗം പിടിപെട്ട് മരണമടഞ്ഞു. അവർ മരിച്ചതോടെ സ്കൂളിൽ നിന്നും വിടുതൽ വാങ്ങി ബാക്കിയുള്ള മക്കളെയും കൂട്ടി പിതാവ് വീട്ടിലേക്ക് തിരികെ പോന്നു. തന്റെ സ്കൂൾ കാലത്തെ അനുഭവങ്ങൾ ഷാർലെറ്റ് 'ജെയ്ൻ ഐറി'ൽ സൂചിപ്പിക്കുന്നുണ്ട്.

തിരികെ വീട്ടിലെത്തിയ സഹോദരിമാർക്ക് അമ്മയായത് ഉള്ളതിൽ മൂത്ത സഹോദരിയായ ഷാർലെറ്റ് ആണ്. അധ്യാപികയായും അമ്മയായും കൂട്ടുകാരിയായും ഷെഫായും തന്റെ അനിയത്തിമാരെ പരിചരിച്ച ഷാർലെറ്റ് പതിമൂന്നാം വയസ്സുമുതൽ അക്ഷരങ്ങളോട് അടിമപ്പെടാൻ തുടങ്ങിയിരുന്നു. കവിതയിൽ നിന്നും തുടങ്ങിയ ആ സാഹിത്യയാത്ര എത്തിനിന്നത് ഇരുനൂറോളം കവിതകളും ആറോളം നോവലുകളും നിരവധി ചെറുകഥകളിലുമായിരുന്നു. അനിയത്തി എമിലി ബ്രോണ്ടിയും അധികം വൈകാതെ ആനിയും കൂടി ആ സർഗാത്മകതയിൽ പങ്കാളിയായതോടെ നിരവധി ഗോഥിക് കഥകൾ പിറന്നു. അക്കാലത്തെ ഇംഗ്ളണ്ടിലെ മന്ത്രവാദവും അന്ധവിശ്വാസവും തന്നെയായിരുന്നു മൂവരുടെയും പ്രധാന സർഗാത്മകോപാധികൾ.

തന്റെ ആദ്യ സാഹിത്യ പരിശ്രമമായ 'ദ പ്രൊഫസർ' എന്ന നോവലുമായി ഷാർലെറ്റ് കയറിയിറങ്ങാത്ത പ്രസിദ്ധീകരണശാലകൾ ഇല്ലായിരുന്നു അക്കാലത്തെ ഇംഗ്ളണ്ടിൽ. നിരാശയായിരുന്നു ഫലമെങ്കിലും ദ പ്രൊഫസറിന് അവസാനത്തെ ഊഴമായിരുന്നു വിധിച്ചിട്ടുള്ളത്. തന്റെ സർഗാത്മകതയിൽ മറ്റാരേക്കാളും ആത്മവിശ്വാസമുണ്ടായിരുന്ന ഷാർലെറ്റ് അധികം വൈകാതെ തന്നെ 'ജെയ്ൻ ഐർ' എന്ന നോവൽ പ്രസിദ്ധീകരിച്ചു. ക്യൂറർ ബെൽ എന്ന തൂലികാനാമത്തിൽ പ്രസിദ്ദീകരിക്കപ്പെട്ട 'ജെയ്ൻ ഐർ: ഒരു ആത്മകഥ' ലണ്ടനിലെ സ്മിത് എൽഡർ ആൻഡ് കമ്പനിയാണ് പ്രസാധനമേറ്റെടുത്തത്. പ്രധാനകഥാപാത്രത്തിന്റെ ജനനം മുതൽ പ്രായപൂർത്തിയാവുന്നതുവരെയുള്ള വിവരണങ്ങളിലൂടെയും സംഭവവികാസങ്ങളിലൂടെയും പുരോഗമിക്കുന്ന പ്രമേയാവതരണമായ ബിൽഡങ്സ്റോമാൻ ആഖ്യാനരീതിയിലൂടെ 'ജെയ്ൻ ഐർ' എന്ന അസാധാരണ പെൺകുട്ടിയുടെ കഥ പത്തൊമ്പതാം നൂറ്റാണ്ടിലെ ഇംഗ്ളണ്ടിൽ മാത്രമല്ല, അമേരിക്കയിലും മറ്റ് യൂറോപ്യൻ രാജ്യങ്ങളിലും മികച്ച പ്രതികരണമാണ് നൽകിയത്. വളരെ പെട്ടെന്നു തന്നെ നിരവധി ഭാഷകളിലേക്ക് 'ജെയ്ൻ ഐർ' വിവർത്തനം ചെയ്യപ്പെട്ടു തുടങ്ങി. ബെൽ എന്ന തൂലികാനാമം ബ്രോണ്ടി സഹോദരിമാർ മൂന്നുപേരും ഉപയോഗിച്ചിരുന്നു അക്കാലത്ത്. ജെയ്ൻ ഐർ ലോകസാഹിത്യത്തിൽ ശ്രദ്ധിക്കപ്പെട്ടതോടെ തങ്ങളുടെ
യഥാർഥപേരുകൾ വെളിപ്പെടുത്തുകയും രചനകളിൽ സ്വന്തം പേര് തന്നെ വെക്കുകയും ചെയ്തു അവർ.

തന്റെ പിതാവിന്റെ വിശ്വസ്ഥനും അനുഗാമിയുമായിരുന്ന ആർതർ ബെൽ നിക്കോളാസുമായുള്ള പ്രണയം വിവാഹത്തിലെത്തിച്ചേർന്നെങ്കിലും രണ്ട് കുടുംബവുമായുള്ള സാമൂഹിക സാമ്പത്തികാനന്തരം ഷാർലെറ്റിന്റെ പിതാവിന് അംഗീകരിക്കാൻ കഴിയുന്നതായിരുന്നില്ല. സ്വന്തം റിസ്കിൽ നടത്തിയ വിവാഹമായതിനാൽ തങ്ങളുടെ സാമ്പത്തിക ഭദ്രത പിതാവിനെ ബോധ്യപ്പെടുത്തേണ്ട ആവശ്യകതയും നവദമ്പതിമാരിൽ വന്നുചേർന്നു. സാമ്പത്തികമായും ബൗദ്ധികമായും സർഗാത്മകമായും സാമൂഹികമായും വളരെ ഉയർന്ന നിലവാരം പുലർത്തിയിരുന്ന പത്നി ഷാർലെറ്റിനെ നിക്കോളാസ് അത്രമേൽ സ്നേഹത്തോടെയും ബഹുമാനത്തോടെയും പരിചരിച്ചുപോന്നു. അധികം വൈകാതെ ഗർഭിണിയായ ഷാർലെറ്റിന് പക്ഷേ പ്രാരംഭഗർഭകാലത്തെ ശാരീരികാസ്വസ്ഥതകൾ താങ്ങാനുള്ള ശേഷി ഉണ്ടായിരുന്നില്ല. അതികഠിനമായ ചർദ്ദിയും തലകറക്കവും രക്തമില്ലായ്മയും കാരണം നിൽക്കാൻ പോലും കഴിയാതെ വീണുപോകാൻ തുടങ്ങി. ഗർഭിണിയായിരിക്കേ ബോധം കെട്ടുവീഴൽ പതിവായി. തന്റെ മുപ്പത്തിയൊമ്പതാമത്തെ പിറന്നാളിന് മൂന്നാഴ്ച മുമ്പ് 1855 മാർച്ച് മുപ്പത്തിയഞ്ചിന് വയറ്റിലെ ഇത്തിരിപ്പോന്ന ജീവനെയും കൊണ്ട് ഷാർലെറ്റ് എന്നെന്നേക്കുമായി കണ്ണുകളടച്ചു.

മരണസർട്ടിഫിക്കറ്റിൽ മണകാരണം ക്ഷയരോഗം എന്ന് അടയാളപ്പെടുത്തപ്പെട്ടെങ്കിലും അവരുടെ ജീവചരിത്രകാരന്മാരുടെ കണ്ടെത്തൽ പ്രകാരം നിർജലീകരണവും പോഷകാഹാരക്കുറവും തുടർച്ചയായ ചർദദിയുമാണ് മരണകാരണമായി കരുതുന്നത്. ഷാർലെറ്റ് ആദ്യമായി എഴുതിയ ദ പ്രൊഫസർ പ്രസിദ്ധീകരിച്ചത് അവരുടെ മരണാനന്തരമാണ്-1857-ൽ. ബ്രോണ്ടി സഹോദരിമാരിൽ അധികകാലം ജീവിച്ചതും ഏറ്റവും ഒടുവിൽ അന്തരിച്ചതും പക്ഷേ ഷാർലെറ്റ് ആയിരുന്നു. ഷാർലെറ്റ് ജനിച്ച് രണ്ടു വർഷത്തിനുശേഷം 1818-ൽ പിറന്ന എമിലി 1848 ലാണ് മരണപ്പെട്ടത്. എമിലിയുടെ രണ്ടു വയസ്സിനിളയതായ അന്നയാവട്ടെ എമിലി മരിച്ച് പിറ്റെ വർഷം തന്നെ അന്തരിച്ചു. അതുപോലെ തന്നെ പ്രതിഭാത്വത്തിന്റെ കാര്യത്തിലും എമിലിയും അന്നയും ഷാർലെറ്റിന്റെ നിഴൽ പറ്റിയായിരുന്നു സർഗാത്മകതയിലേക്ക് പ്രവേശിച്ചത്. ആ മൂവർസംഗത്തിലെ സാഹിത്യനേതാവും ഷാർലെറ്റ് തന്നെയായിരുന്നു.

Content Highlights : 201 Birth Anniversary of Charlotte Bronte