എഴുത്തുകാരനും നാടകകൃത്തും നടനുമായിരുന്ന നരേന്ദ്രപ്രസാദ് ഓര്‍മയായിട്ട് പതിനെട്ട് വര്‍ഷമായിരിക്കുന്നു. 2003 നവംബര്‍ മൂന്നാം തിയ്യതിയാണ് ആകസ്മികമായി അദ്ദേഹം നമ്മെ വിട്ടുപോയത്. നരേന്ദ്രപ്രസാദിന്റെ സര്‍ഗാത്മകജീവിതത്തെക്കുറിച്ച് ചിരകാലസുഹൃത്തും സഹപ്രവര്‍ത്തകനും നടനുമായ പ്രൊഫ.അലിയാര്‍ സംസാരിക്കുന്നു. 

ദീര്‍ഘകാലസൗഹൃദമായിരുന്നു ഞങ്ങള്‍ തമ്മില്‍ ഉണ്ടായിരുന്നത്. 1975-ല്‍ ഞാന്‍ തിരുവനന്തപുരം ഗവ.ആര്‍ടസ് കോളേജിലേക്ക് സ്ഥലം മാറ്റം കിട്ടി വന്നദിനം മുതല്‍ അദ്ദേഹവുമായി സൗഹൃദം പുലര്‍ത്തി വന്നു. നരേന്ദ്രപ്രസാദ് അന്ന് ജ്വലിച്ചുനില്‍ക്കുന്ന സാഹിത്യ വിമര്‍ശകനാണ്. നേരില്‍ പരിചയപ്പെടുന്നതിനു മുമ്പേ അദ്ദേഹത്തിന്റെ 'അലഞ്ഞവര്‍ അന്വേഷിച്ചവര്‍' എന്ന നോവല്‍ ഖണ്ഡശ്ശയായി വരുമ്പോള്‍ തന്നെ ഞാന്‍ വായിച്ചിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹം എനിക്ക് അപരിചിതനായിരുന്നില്ല. കുടുംബത്തോടൊപ്പം ഞങ്ങള്‍ അടുത്തടുത്തു തന്നെ താമസമാരംഭിച്ചു. എന്നും രാവിലെ ഒന്നിച്ച് കോളേജിലേക്ക് പോകും വൈകിട്ട് ഒരുമിച്ചിറങ്ങും. ഏറെക്കാലം അങ്ങനെ തുടര്‍ന്നു.

ആധുനിക സാഹിത്യത്തിന്റെ വരവ് എം. മുകുന്ദന്‍, പുനത്തില്‍ കുഞ്ഞബ്ദുള്ള, കാക്കനാടന്‍, മാധവിക്കുട്ടി, സക്കറിയ തുടങ്ങിയവര്‍ കഥകളിലൂടെയും സച്ചിദിനന്ദന്‍, കടമ്മനിട്ട തുടങ്ങിയവര്‍ കവിതകളിലൂടെയുമൊക്കെ അറിയിച്ചുകൊണ്ട് മലയാളസാഹിത്യത്തില്‍ വലിയ മാറ്റങ്ങള്‍ വന്നിരുന്ന കാലം. മലയാള സാഹിത്യത്തിന്റെ ഭാവുകത്വ പരിണാമത്തെ വായനക്കാര്‍ക്കു പരിചയപ്പെടുത്തിക്കൊടുക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ച നിരൂപകന്‍ കൂടിയാണ് നരേന്ദ്രപ്രസാദ്. കൃത്യമായി ഓരോ സാഹിത്യമുന്നേറ്റങ്ങളും നിരീക്ഷിക്കുകയും അത് എഴുത്തിലൂടെ അടയാളപ്പെടുത്തുകയും ചെയ്തു അദ്ദേഹം. ഇന്നും സാഹിത്യവിമര്‍ശനരംഗത്ത് പാഠപുസ്തകം പോലെ പഠിക്കാവുന്ന ലേഖനങ്ങളാണ് അദ്ദേഹം എഴുതിയത്. ഒറ്റയൊറ്റയായ കഥകളെ നിരീക്ഷിച്ച് പഠനം എഴുതുന്നതില്‍ പ്രത്യേക നൈപുണ്യമുണ്ടായിരുന്നു അദ്ദേഹത്തിന്. എം.പി നാരായണപ്പിള്ളയുടെ 'മുരുകന്‍ എന്ന പാമ്പാട്ടി' എന്ന കഥയ്‌ക്കെഴുതിയ പഠനം അതില്‍ ശ്രദ്ധേയമാണ്. കഥകളെ മാത്രമല്ല കവിതകളും അദ്ദേഹത്തിന്റെ നിരൂപണപ്പട്ടികയിലുണ്ടായിരുന്നു. സച്ചിദാനന്ദന്റെയും കടമ്മനിട്ടയുടെയും കവിതാസമാഹാരങ്ങള്‍ക്കെഴുതിയ ആമുഖപഠനങ്ങള്‍ വളരെ പ്രധാനപ്പെട്ടതാണ്. പിന്നീട് നിരൂപണങ്ങളുടെ സമാഹാരങ്ങള്‍ ഒന്നൊന്നായി പ്രസിദ്ധീകരിച്ചു.

ആയിടയ്ക്കാണ് തന്റെ തട്ടകം നാടകമാണെന്ന തിരിച്ചറിവ് നരേന്ദ്രപ്രസാദിനുണ്ടാവുന്നത്. തികച്ചും യാദൃച്ഛികമായ തിരിച്ചറിവായിരുന്നു അത്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി നാടകവിഭാഗം ജി. ശങ്കരപ്പിള്ള സാറിന്റെ നേതൃത്വത്തിലുള്ള സ്‌കൂള്‍ ഓഫ് ഡ്രാമ കോളേജ് അധ്യാപകര്‍ക്കു വേണ്ടി തിയേറ്റര്‍ വര്‍ക് ഷോപ്പ് സംഘടിപ്പിച്ചു. യു.ജി.സി ഫണ്ടോടുകൂടിയുള്ള ശില്പശാലയുടെ ഉദ്ദേശ്യം കോളേജ് തലത്തിലുള്ള നാടകപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുക, ക്യാപസ് നാടകങ്ങള്‍ വികസിപ്പിക്കുക, നാടകത്തില്‍ തല്‍പരരായ വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ പരിശീലനം നല്‍കുക തുടങ്ങിയവയായിരുന്നു. അത്തരത്തില്‍ കുട്ടികളെ വാര്‍ത്തെടുക്കാന്‍ അധ്യാപകര്‍ക്ക് പരിശീലനം നല്‍കുക വഴി ക്യാംപസ് തിയേറ്റര്‍ ഉണര്‍ത്തുക എന്നതായിരുന്നു ലക്ഷ്യം. യൂറോപ്യന്‍ നാടുകളില്‍ ക്യാംപസ് തിയേറ്റര്‍ എന്ന വളരേ പ്രബലമായ ഒരു നാടകശാഖ തന്നെയുണ്ടായിരുന്നു. ലബ്ധപ്രതിഷ്ഠരായ നാടകകൃത്തുക്കള്‍ പോലും എന്താണ് നാടകത്തില്‍ പുതുതായി സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്നറിയാന്‍ ക്യാംപസ്സുകളിലേക്ക് പോയിക്കൊണ്ടിരുന്ന കാലമാണ്. ദേശീയ ശില്പശാലയാണ്. മലയാളത്തിനു പുറമേ തമിഴ്, കന്നട, മണിപ്പൂരി തുടങ്ങിയ ഭാഷയില്‍ നിന്നൊക്കെ അധ്യാപകരുണ്ടായിരുന്നു. നരേന്ദ്രപ്രസാദും ഞാനും ആ ക്യാംപില്‍ പങ്കെടുത്തു. ഒരു മാസത്തോളം നീണ്ടുനിന്ന ആ ക്യാംപില്‍ നിന്നാണ് നരേന്ദ്രപ്രസാദ് എന്ന നാടകകൃത്ത് ഉരുവം കൊള്ളുന്നത്. 1979-ല്‍ 'മൂന്നു പ്രഭുക്കന്മാര്‍' എന്ന ആദ്യ നാടകം അദ്ദേഹം എഴുതി തിരുവനന്തപുരത്ത് അവതരിപ്പിച്ചു.  പി.കെ വിക്രമന്‍ നായര്‍ ട്രോഫി നാടക മത്സരത്തിലാണ് നാടകം അവതരിപ്പിച്ചത്. നാടകം പുരസ്‌കാരാര്‍ഹമായി. മാത്രമല്ല ആദ്യത്തെ നാടകത്തിന് നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചു. അടുത്ത വര്‍ഷവും 'ഇര' എന്ന നാടകവുമായി നരേന്ദ്രപ്രസാദ് എത്തി. അതിനും നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചു. പിന്നീട് നാടകരംഗത്ത് സജീവമായിത്തന്നെ തുടരുകയായിരുന്നു അദ്ദേഹം. 

prof. Aliyar
പ്രൊഫ.അലിയാര്‍

1982-ലാണ് സംഗീത നാടക അക്കാദമിയുടെ ആഭിമുഖ്യത്തില്‍ അമേച്വര്‍ നാടകമത്സരം നടത്തുന്നത്. നരേന്ദ്രപ്രസാദിന്റെ 'സൗപര്‍ണിക' എന്ന നാടകം ഏറ്റവും മികച്ച നാടകമായി തിരഞ്ഞെടുക്കപ്പെട്ടു. രചന, സംവിധാനം, നടന്‍, നടി തുടങ്ങിയ മേഖലകളിലെല്ലാം സൗപര്‍ണിക അവാര്‍ഡുകള്‍ ഏറ്റുവാങ്ങി. കേരളത്തിലുടനീളമുള്ള വേദികളില്‍  നാടകം അവതരിപ്പിക്കപ്പെട്ടു. ദേശീയ നാടകോത്സവത്തിലേക്ക് തിരഞ്ഞെടുത്തു. 1985-ല്‍ അദ്ദേഹത്തിന്റെ 'വെള്ളിയാഴ്ച' എന്ന നാടകം കേന്ദ്ര-സംഗീതനാടക അക്കാദമിയുടെ ആഭിമുഖ്യത്തില്‍ നടന്ന മത്സരത്തില്‍ ദക്ഷിണേന്ത്യയില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട നാടകമായി. തിരുവനന്തപുരത്തെ നാടകതല്‍പ്പരരായ ഒരു കൂട്ടം ചെറുപ്പക്കാരായിരുന്നു നരേന്ദ്രപ്രസാദിന്റെ നാടകങ്ങള്‍ അവതരിപ്പിച്ചിരുന്നത്. ഭരത് മുരളി, എം. ആര്‍ ഗോപകുമാര്‍, എന്‍.കെ ഗോപാലകൃഷ്ണന്‍, ലീലാ പണിക്കര്‍, എം.വി ഗോപകുമാര്‍ കെ.എം റഷീദ് തുടങ്ങിയവരോടൊപ്പം ഞാനും അദ്ദേഹത്തിന്റെ നാടകസംഘത്തില്‍ പങ്കുചേര്‍ന്നു. നാട്യഗൃഹം എന്നപേരില്‍ ആരംഭിച്ച ട്രൂപ്പ് കേരളനാടകചരിത്രത്തിലെ നാഴികക്കല്ല് തന്നെയായിരുന്നു. 

തിരുവനന്തപുരം ആര്‍ട്‌സ് കോളേജില്‍ നിന്നും എം.ജി യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സിന്റെ ഡയറക്ടറായിട്ടാണ് അദ്ദേഹം സ്ഥലംമാറ്റം കിട്ടി പോകുന്നത്. അതൊടൊപ്പം തന്നെ തന്റെ സര്‍ഗാത്മകവീഥിയില്‍ പുതിയൊരു നേട്ടം കൂടി അദ്ദേഹം കൈവരിച്ചിരുന്നു. സിനിമ എന്ന തട്ടകമായിരുന്നു അത്. ഒരു ദശാബ്ദക്കാലത്തോളം മലയാളസിനിമ അദ്ദേഹത്തിനൊപ്പം നടന്നു. വില്ലന്‍ കഥാപാത്രങ്ങള്‍ക്ക് പുതിയഭാവം പകര്‍ന്നുകൊണ്ട് അദ്ദേഹം ആസ്വാദകമനസ്സുകളില്‍ ചിരപ്രതിഷ്ഠ നേടി. വില്ലനായും സഹനടനായും ദേശീയതലത്തില്‍ വരെ ശ്രദ്ധ പിടിച്ചുപറ്റാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. സിനിമയില്‍ സജീവമായിരിക്കേയാണ് ശ്വാസകോശസംബന്ധമായ അസുഖം കാരണം അകാലത്തില്‍ അമ്പത്തിയാറാമത്തെ വയസ്സില്‍ മരണപ്പെടുന്നത്. പ്രിയ സുഹൃത്ത് തിരിതെളിയിച്ച സര്‍ഗാത്മകകര്‍മമണ്ഡലങ്ങളെല്ലാം തന്നെ ഈയവസരത്തില്‍ സ്മരിക്കുന്നു. അതുല്യ കലാകാരനുമുന്നില്‍ പ്രണാമം.

Content Highlights ; 18 death anniversary of actor writer narendraprasad