കെന്റക്കിയിലെ കൃഷിഭൂവുടമകളാണ് ആർതർ ഷെൽബിയും അദ്ദേഹത്തിന്റെ ഭാര്യയായ എമിലി ഷെൽബിയും. നല്ല മനസ്കരായ ഈ ദമ്പതികൾ പക്ഷേ സാമ്പത്തികമായ ബാധ്യതകളിൽ പെട്ടുഴറുന്ന സമയമാണ്. തങ്ങൾക്കുകീഴിൽ പണിയെടുക്കുന്ന അടിമകളോട് വളരെ സ്നേഹത്തോടെയും സൗഹാർദ്ദത്തോടെയുമാണ് അവർ ഇതുവരെ പെരുമാറിയിട്ടുള്ളത്. തങ്ങളുടെ സാമ്പത്തികബുദ്ധിമുട്ടിന് അല്പം ആശ്വാസം ലഭിക്കണമെങ്കിൽ അടിമസമ്പാദ്യത്തിൽ നിന്നും രണ്ടുപേരെ വിൽക്കണം. കൂട്ടത്തിൽ ഏറ്റവും മികച്ചവരെയാണ് വിൽപ്പനക്ക് വെക്കേണ്ടത്. ആരെയൊക്കെയാണ് വിൽക്കേണ്ടത് എന്ന ചർച്ചയിലാണ് ഷെൽബി ദമ്പതിമാർ. നിർഭാഗ്യവശാൽ നറുക്ക് വീഴുന്നത് ടോം എന്ന മധ്യവയസ്കനും ഹാരി എന്ന ആൺകുട്ടിക്കുമാണ്. ടോം തന്റെ ഭാര്യയോടും മക്കളോടുമൊത്ത് ഷെൽബി കുടുംബത്തിനു കീഴിൽ ബുദ്ധിമുട്ടുകളില്ലാതെ ജീവിച്ചുവരികയാണ്. എമിലി ഷെൽബിയുടെ വേലക്കാരിയായ എലിസയുടെ മകനാണ് ഹാരി. അടിമവ്യാപാരിയായ മിസ്റ്റർ ഹാലിക്ക് ഇവരെ രണ്ടുപേരെയും നാളെത്തന്നെ കൈമാറാനാണ് പദ്ധതി. എമിലിയ്ക്ക് പക്ഷേ ഹാരിയെ വിട്ടുകൊടുക്കുന്നതിനോട് എതിർപ്പുണ്ട്. കാരണം അവർ എലിസയോട് സത്യം ചെയ്തതാണ് ഒരിക്കലും മകനെ വിൽക്കാൻ സമ്മതിക്കുകയോ തന്റെയടുക്കൽ നിന്നും പറിച്ചുമാറ്റുകയോ ചെയ്യില്ല എന്ന്. അതേ സമയം ടോമിനെ വിൽക്കുന്നത് എമിലിയുടെ മകൻ ജോർജിനും ഇഷ്ടമില്ല. ജോർജിന്റെ ഏറ്റവും നല്ല സുഹൃത്തും കളിക്കൂട്ടുകാരനുമാണ് അങ്കിൾ ടോം.

അങ്കിൾ ടോമിനെയും ഹാരിയെയും വിൽക്കാൻ പോകുന്നു എന്ന ചർച്ച എലിസ കേൾക്കാനിടയാവുന്നു. രണ്ടുമക്കളെ ഗർഭാവസ്ഥയിൽ തന്നെ നഷ്ടപ്പെട്ടതാണ് എലിസയ്ക്ക്. ഹാരിയിലാണ് തന്റെ സന്തോഷം മുഴുവനും ഹാരിയെ പ്രസവിക്കുന്നതിനു മുന്നേ അവളുടെ ഭർത്താവ് ജോർജ് അടിമത്തത്തിൽ നിന്നും ചാടിപ്പോയതാണ്. എവിടെയാണ് എന്ന വിവരമൊന്നുമില്ല. എങ്ങോട്ടെങ്കിലും ഓടിപ്പോകാൻ തീരുമാനിക്കുന്ന എലിസ യജമാനത്തിയായ എമിലിക്ക് ഒരു മാപ്പപേക്ഷ എഴുതിവെച്ചതിനുശേഷം മകനെയും കൊണ്ട് അന്നു രാത്രി തന്നെ ഒളിച്ചോടി.

എലിസയുടെ പലായനം സത്യത്തിൽ ഷെൽബികുടുംബത്തിന് വലിയൊരു ആഘാതമായിരുന്നു. എങ്കിലും മുമ്പിലുള്ള ബാധ്യതയെ മറികടക്കാൻ അങ്കിൾ ടോമിനെ ഉടൻ തന്നെ വിറ്റ് കാശാക്കാനുള്ള തീരുമാനം നടപ്പാക്കി. അടിമക്കച്ചവടക്കാരനായ മിസ്റ്റർ ഹാലി തന്റെ ബോട്ടിൽ മിസിസിപ്പി റിവറിലൂടെ ടോമിനെയും കൊണ്ട് അടിമച്ചന്തയിൽ എത്തി ഇരട്ടി വിലക്ക് വിൽക്കാനാണ് പദ്ധതിയിട്ടത്. അങ്കിൾ ടോം ആരോഗ്യദൃഢഗാത്രനായ മനുഷ്യനാണ്. ആരായാലും പറയുന്ന പണം കൊടുത്ത് വാങ്ങിപ്പോകും. അടിമച്ചന്തയിലേക്കുള്ള യാത്രക്കിടയിൽ കണ്ടുമുട്ടിയ ഇവ എന്ന കൊച്ചുപെൺകുട്ടിയുമായി ചങ്ങാത്തത്തിലാവുന്നു അങ്കിൾ ടോം. അപ്രതീക്ഷിതമായി അവൾ പുഴയിൽ വീഴുമ്പോൾ രക്ഷപ്പെടുത്തിയതോടെ ടോമിനോടുള്ള കൃതജ്ഞതപ്രകാരം ഇവയുടെ പിതാവ് അഗസ്റ്റിൻ സെന്റ് ക്ലെയർ ടോമിനെ വിലയ്ക്കു വാങ്ങി. ന്യൂഓർലിയൻസിലെ വീട്ടിലേക്ക് അടിമയായി എത്തുന്ന ടോം തന്റെ സ്വതസിദ്ധമായ പെരുമാറ്റത്തിലൂടെ ഇവയുടെ കളിക്കൂട്ടുകാരനായി. രണ്ടുപേരും ബൈബിൾ തങ്ങളുടെ ജീവഗ്രന്ഥമായി കൊണ്ടുനടക്കുന്നവരാണ്. ക്രിസ്തുവിലുള്ള വിശ്വാസം ഇവയെയും ടോമിനെയും ഒരേ ചിന്താഗതിക്കാരാക്കി മാറ്റി.

ഇതിനിടയിൽ എലിസയെത്തേടിപ്പിടിച്ച് കൊടുക്കാൻ മിസ്റ്റർ ഹാലി അടിമവേട്ടക്കാരുടെ സംഘത്തലവനായ ടോം ലോക്കറിനെയും കൂട്ടാളികളെയും ഏർപ്പാടാക്കിയിട്ടുണ്ട്. എലിസ എത്തിച്ചേരാൻ വഴിയുള്ള പ്രദേശങ്ങളൊക്കെ ടോം ലോക്കർ സ്കെച്ചു ചെയ്തു കഴിഞ്ഞു. മകനെയും കൊണ്ടുള്ള പ്രയാണത്തിനിടയിൽ അടിമത്തത്തിൽ നിന്നും എന്നോ ചാടിപ്പോയ ഭർത്താവായ ജോർജ് ഹാരിസിനെ എലിസയും മകനും കണ്ടുമുട്ടി. കാനഡയിലേക്ക് മൂന്നുപേരും കടക്കാൻ ശ്രമിക്കവേ ടോം ലോക്കർ അവരെ പിടികൂടുന്ന ഘട്ടമെത്തി. പ്രാണരക്ഷാർഥം ജോർജ് വെടിയുതിർത്തു. പ്രാണനുമായി ടോം ലോക്കർ മല്ലിടുന്നത് കണ്ടുനിൽക്കാൻ എലിസക്കായില്ല. അയാൾ മരിച്ചുപോകുമെന്ന് ഭയന്ന അവൾ ജോർജിനോട് നിർബന്ധം പിടിച്ചുകൊണ്ട് ടോമിനെ ഒരു ആശുപത്രിയിൽ കൊണ്ടുപോകുന്നു.

ന്യൂ ഓർലിയൻസിൽ, ടോമങ്കിളിന്റെ പുതിയ യജമാനന്റെ വീട്ടിൽ സെന്റ് ക്ലെയറും കസിൻ ഒഫീലിയയും തമ്മിൽ ഒരു ദീർഘസംവാദത്തിലാണ്. അടിമകളുടെ യജമാനനാണെങ്കിലും കൂടി കറുത്തവർഗക്കാർക്കെതിരെയുള്ള നീതിനിഷേധമാണ് അടിമത്തം എന്നുവാദിക്കുന്നു ക്ലെയർ. ഒഫീലിയയാകട്ടെ കറുത്തവരെല്ലാം തന്നെ മനുഷ്യസഹജമായ ജീവിതം നയിക്കാൻ യോഗ്യതയില്ലാത്തവരാണെന്ന മട്ടിലാണ് വാദിക്കുന്നത്. അതിന് മറുപടിയായി ക്ലെയർ അവൾക്കു മുമ്പിലേക്ക് ടോപ്സി എന്ന അടിമപ്പെൺകുട്ടിയെ നീക്കിനിർത്തി. ടോപ്സിക്ക് വേണ്ടത്ര വിദ്യാഭ്യാസവും ഭക്ഷണവും നൽകാൻ ഒഫീലിയയോട് ആവശ്യപ്പെടുന്നതോടെ ഒഫീലിയ നിശബ്ദയായി.

രണ്ടുവർഷമേ ഇവയോടൊപ്പം കഴിയാൻ അങ്കിൾ ടോമിന് കഴിയുന്നുള്ളൂ. ഒരിക്കൽ സ്വർഗത്തെ മുഴുവനായും സ്വപ്നം കാണുന്നു ഇവ. ആ അനുഭവം അവൾ പിറ്റേന്ന് കണ്ണിൽകണ്ടവരോട് മുഴുവൻ പറഞ്ഞുനടന്നു. ടോമങ്കിളിന് അറിയാത്ത ഒന്നുണ്ടായിരുന്നു ഇവയെക്കുറിച്ച്. ഗുരുതരമായ ഒരു രോഗത്തിന് അടിപ്പെട്ട പെൺകുട്ടിയായിരുന്നു ഇവ. താമസിയാതെ അവൾ മരണപ്പെട്ടു. ഇവയുടെ സ്വർഗാരോഹണം ക്ലെയറിന്റെ കുടുംബത്തെ തെല്ലൊന്നുമല്ല ഉലച്ചുകളഞ്ഞത്. ടോപ്സിയെ മികച്ച വിദ്യാലയത്തിൽ ചേർക്കുന്നത് ഒഫീലിയ തന്നെയാണ്. അതോടെ എല്ലാ അടിമകളെയും ക്ലെയർ സ്വതന്ത്രരാക്കാൻ തീരുമാനിച്ചു.

അടിമകളെ സ്വതന്ത്രരാക്കാനുള്ള തീരുമാനം പ്രായോഗികമാക്കുന്നതിനുമുന്നേ തന്നെ ദുരൂഹസാഹചര്യത്തിൽ സെന്റ് ക്ലെയർ കൊല്ലപ്പെട്ടു. തന്റെഭർത്താവിന്റെ ആഗ്രഹപൂർത്തീകരണത്തിന്റെ ഭാഗമായി ടോം ഉൾപ്പെടെയുള്ള അടിമകള ലേലം ചെയ്ത് വിൽക്കുന്നു മിസിസ് ക്ലെയർ. സൈമൺ ലെഗ്രീ എന്ന പ്ലാന്ററുടെ കയ്യിലേക്കാണ് ടോമങ്കിൾ പിന്നെ എത്തിപ്പെട്ടത്. ലൂസിയാനയിൽ പുതിയ അടിമകളോടൊപ്പം ടോമങ്കിളും ബന്ധിക്കപ്പെട്ടു. ലെഗ്രീ തന്റെ തോട്ടത്തിലേക്കുമാത്രമല്ല, ലൈംഗികാവശ്യത്തിനും അടിമകളെ വാങ്ങാറുണ്ട്. അക്കൂട്ടത്തിൽ പെട്ടതാണ് എമിലിൻ എന്ന പെൺകുട്ടി. തന്റെ കൂട്ടത്തിലുള്ള അടിമകളെയെല്ലാം ചാട്ടവാറുകൊണ്ട് അടിച്ചുപരുവമാക്കി അനുസരണയുള്ളവരാക്കി തീർക്കേണ്ടുന്ന ചുമലത ലെഗ്രീ ഏൽപ്പിക്കുന്നത് ടോമങ്കിളിനെയാണ്. ടോം അത് അനുസരിച്ചില്ല. പകരം അടിമകളോട് ദൈവത്തിൽ വിശ്വസിക്കാനും ബൈബിൾ വചനങ്ങൾ ഏറ്റുപാടാനുമാണ് ടോം ആഹ്വാനം ചെയ്തത്. ലെഗ്രീയുടെ ക്രൂരതകൾക്ക് നിമിഷംപ്രതി ഇരയായിക്കൊണ്ടിരുന്നു ടോം. എങ്കിലും അയാൾ തന്റെ ആദർശങ്ങളിൽ നിന്നും ഒട്ടും വ്യതിചലിച്ചില്ല. തോട്ടത്തിൽ പണിയെടുക്കുമ്പോൾ ലെഗ്രീയുടെ കാമാർത്തിക്കിരയായി വലിച്ചെറിയപ്പെട്ട കാസി എന്ന ലൈംഗിക അടിമയെ ടോം പരിചയപ്പെട്ടു. കാസിയുടെ മകളെയും മകനെയും അവളിൽ നിന്നും പറിച്ചെടുത്ത് ആർക്കോ വിറ്റ് കാശാക്കിക്കഴിഞ്ഞു ലെഗ്രീ. വീണ്ടും അയാളിൽ നിന്നും ഗർഭിണിയായപ്പോൾ അവൾ ചെയ്തത് പ്രസവിച്ചയുടൻ കുഞ്ഞിനെ കൊന്നുകളയുക എന്നതായിരുന്നു. ഇനിയൊരു കുഞ്ഞുകൂടി തന്റെയടുക്കൽ നിന്നും പറിച്ചുമാറ്റുന്നത് സഹിക്കാൻ കഴിയാതെയായിരുന്നു കുഞ്ഞിനെ കാസി കൊന്നുകളഞ്ഞത്.

അതേ സമയം അടിമവേട്ടക്കാരൻ ടോം ലോക്കറിന് വെടിയേറ്റതോടെ മാനസാന്തരമുണ്ടായി. അയാൾ തന്നെ മുൻകയ്യെടുത്ത് എലിസയും ജോർജും മകൻ ഹാരിയും കാനഡയിലേക്ക് കടന്നു. ടോമങ്കിളിന്റെ ദുരിതപൂർണമായ ജീവിതം അദ്ദേഹത്തിന്റെ വിശ്വാസത്തെയും ഉലച്ചുതുടങ്ങിയ നാളുകളാണ് പിന്നീട് സംഭവിച്ചത്. എന്നിരുന്നാലും തന്റെ ഓരോ കണ്ണിലും ജീസസിനെയും ഇവയെയും പ്രതിഷ്ഠിച്ചുകൊണ്ട് ടോമങ്കിൾ എല്ലാം സഹിച്ചു. കാസിയെയും എമിലിനെയും രക്ഷപ്പെടാൻ വേണ്ട എല്ലാ സഹായങ്ങളും സാഹസികമായി ചെയ്തുകൊടുത്തതും ടോമങ്കിൾ തന്നെയായിരുന്നു. ടോം അറിയാതെ അവർ എവിടെയും പോവില്ല എന്നറിയാവുന്ന ലെഗ്രീ ആ കാരണത്താൽ നികൃഷ്ടമായി ടോമിനെ പീഡിപ്പിച്ചുകൊണ്ടേയിരുന്നു. ടോം പക്ഷേ അവരെക്കുറിച്ച് ഒരക്ഷരം ഉരിയാടിയില്ല. തോറ്റുകൊടുക്കാൻ തയ്യാറല്ലാത്ത ലെഗ്രീയുടെ ഈഗോ അങ്കിൾ ടോമിനെ ഇഞ്ചിഞ്ചായി വേദനയനുഭവിപ്പിച്ചുകൊണ്ട് വധിക്കുക എന്ന ഹരത്തിലേക്കാണ് നയിച്ചത്. തന്നെ ക്രൂരമായി മർദ്ദിക്കുന്നവർക്ക് മാപ്പ് നൽകണേ ജീസസ് എന്നപേക്ഷിച്ചുകൊണ്ട് അങ്കിൾ ടോം മരണാസന്നനായി. അതേ സമയത്താണ് അത്യന്തം വേദനാജനകമായ മറ്റൊരു ട്വിസ്റ്റ് കൂടി സംഭവിക്കുന്നത്. ടോമിനെ തിരികെ വാങ്ങാൻ, അദ്ദേഹത്തെ കണ്ടെത്താൻ നിരന്തരം പരിശ്രമിച്ചുകൊണ്ടിരുന്ന ഷെൽബി കുടുബം ലെഗ്രീയുടെ അടുത്തെത്തുമ്പോൾ കാണുന്നത് ഇനി കണ്ണുകൂടി അടയാൻ മാത്രം ജീവനവശേഷിക്കുന്ന ടോമിനെയാണ്. തന്റെ യജമാനകുടുംബത്തെ ഒരുനോക്ക് കണ്ടുവെന്ന അടയാളപ്പെടുത്തലെന്നവണ്ണം ടോം ശരീരം ഒന്നു ചലിപ്പിച്ചു, ശേഷം ജീവനറ്റുപോയി. പാപഭാരത്താൽ ഷെൽബി കുടുംബം നിശ്ചലരായി നിന്നുപോകുന്നു.

1851 ജൂൺ അഞ്ചിനാണ് 'അങ്കിൾ ടോംസ് കാബിൻ അഥവാ അധ:സ്ഥിതരുടെ ജീവിതം' പിറവികൊണ്ടത്. പത്തൊമ്പതാം നൂറ്റാണ്ടിൽ ഏറ്റവും കൂടുതൽ വിറ്റുപോയ പുസ്തകങ്ങളിൽ രണ്ടാം സ്ഥാനത്തായിരുന്നു 'അങ്കിൾ ടോംസ് കാബിൻ'്. ഒന്നാം സ്ഥാനം ബൈബിളിനായിരുന്നു എന്നതാണ് ഈ നോവലിനെ മഹത്തരമാക്കുന്ന മറ്റൊരു വസ്തുത. അമേരിക്കൻ നോവലിസ്റ്റ് ഹാരിയറ്റ് ബീച്ചർ സ്റ്റോവ് 1851-ൽ തന്റെ അടിമത്തവിരുദ്ധരോഷം പ്രകടിപ്പിക്കാനായി 'ദ നാഷണൽ ഇറ' എന്ന അമേരിക്കൻ വാരികയിൽ എഴുതിക്കൊണ്ടിരുന്ന കുറിപ്പുകളാണ് പിന്നീട് 'അങ്കിൾടോംസ് കാബിൻ' എന്ന നോവലായി പരിണമിച്ചത്. വാഷിങ്ടൺ ഡി.സിയിൽ നിന്നും അച്ചടിച്ചുവന്ന ദ നാഷണൽ ഇറ അക്കാലത്ത് നിരോധിക്കപ്പെട്ട പ്രസിദ്ധീകരണങ്ങളുടെ പട്ടികയിൽ ഇടം പിടിച്ചതാണ്. 'അങ്കിൾ ടോംസ് കാബിൻ' പ്രസിദ്ധീകരിക്കുമ്പോൾ വളരെ കുറച്ച് അധ്യായങ്ങൾ മാത്രമായിരുന്നു എഴുത്തുകാരിയുടെ മനസ്സിലുണ്ടായിരുന്നത്. തന്റെ സമൂഹത്തിലെ കൊള്ളരുതായ്മകളോട് പ്രതികരിക്കുവാൻ പറ്റിയ ഒരു മാധ്യമം എന്നതു മാത്രമായിരുന്നു അങ്കിൾ ടോമിലൂടെ ഹാരിയറ്റ് ഉദ്ദേശിച്ചിരുന്നത്. പക്ഷേ ആദ്യത്തെ രണ്ട് അധ്യായങ്ങൾ കഴിയുകയേ വേണ്ടൂ, നാഷണൽ ഇറയുടെ ലെറ്റർ ബോക്സുകൾ പ്രതികരണങ്ങളാൽ കുമിഞ്ഞുകൂടി. വായനക്കാർ കൂടി എഴുത്തുപ്രക്രിയയിൽ ഇടപെടുന്ന രീതിക്കാണ് അവിടെ തുടക്കമിട്ടത്. ഓരോ കത്തുകളിലും തങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന അടിമത്തത്തിന്റെ ദുരിതപൂർണമായ ചിത്രങ്ങളും വിശദാംശങ്ങളും രാജ്യത്തിന്റെ വിവിധഭാഗത്തുനിന്നും എഴുത്തുകാരിക്ക് ലഭിച്ചുകൊണ്ടേയിരുന്നു.

ഹാരിയറ്റിനെക്കൊണ്ട് അടിമത്തത്തിനെതിരായി ചെറിയ എന്തെങ്കിലുമൊരു സാഹിത്യസൃഷ്ടി നടത്തിക്കുക എന്ന എഡിറ്ററുടെ ചിന്തയ്ക്കപ്പുറത്തേക്ക് അങ്കിൾടോം നടന്നുകയറിയതോടെ എഴുത്തുകാരിക്കുമേൽ സമ്മർദ്ദം വന്നുതുടങ്ങി. പ്രമേയം വിപുലമാക്കേണ്ടതിന്റെ ആവശ്യകതയെ, അന്നത്തെ അമേരിക്കൻ സാഹചര്യത്തിൽ വ്യക്തമാക്കിക്കൊടുക്കേണ്ടുന്ന ഉത്തരവാദിത്തം എഡിറ്റർ നേരിട്ടേറ്റെടുത്തു. പ്രതിസന്ധിയിലായത് ഹാരിയറ്റ് ആണ്. ഒറ്റയ്ക്കൊരു കടൽ നീന്തിക്കടക്കുന്ന അവസ്ഥ! ഓരോ അധ്യായത്തിലും എഴുത്തുകാരി പറയേണ്ടതായ സംഭവങ്ങളുടെ നീണ്ടനിരതന്നെ വായനക്കാരുടെ കത്തുകളിലൂടെ വന്നുതുടങ്ങി. അമേരിക്കയുടെ മുക്കിലും മൂലയിലും നടക്കുന്ന അടിമത്തചൂഷണം തുറന്നുകാട്ടുക എന്നത് അങ്കിൾ ടോമിന്റെ ഉത്തരവാദിത്തമായി ആളുകൾ വിശ്വസിച്ചു. നിരോധിക്കപ്പെട്ട വാരിക പൂർവാധികം ശക്തിയോടെ അനവധി കോപ്പികൾ അച്ചടിക്കാൻ തുടങ്ങി. ആയിടക്കാണ് കൃതിയുടെ പ്രസക്തിയെ മാർക്കറ്റ് ചെയ്യാനായി ജോൺ പി. ജുവറ്റ് എന്ന പ്രസാധകൻ ഹാരിയറ്റിനെ തേടിയെത്തുന്നത്. എന്തുകൊണ്ട് ഇതൊരു പുസ്തകമാക്കിക്കൂടാ? അങ്കിൾ ടോമിനെ പുസ്തകമാക്കിയാൽ വിറ്റുപോകുമോ? കാരണം വായിക്കാൻ പുസ്തകം വാങ്ങുന്നത് അടിമകളുടെ ഉടമകളാണല്ലോ. കാശുകൊടുത്ത് പുസ്തകം വാങ്ങി വായിക്കാൻ അടിമകൾക്ക് അന്ന് സ്വാതന്ത്ര്യമില്ലല്ലോ. ജോൺ ജുവറ്റിന് സമ്മതം കൊടുത്തെങ്കിലും പുസ്തകവിൽപ്പനയിൽ ഹാരിയറ്റിന് ആശങ്കയുണ്ടായിരുന്നു. എഴുത്തുകാരിയുടെ ആശങ്കയെ പാടെ റദ്ദുചെയ്തുകൊണ്ട് 1852 മാർച്ച് ഇരുപതിന് പുസ്തകം ഇറങ്ങി. ഒറ്റ ദിവസം കൊണ്ട് ഒരു നോവലിന്റെ മുവ്വായിരം കോപ്പികൾ അമേരിക്കൻ പ്രസാധകചരിത്രത്തിലാദ്യമായി പത്തൊമ്പതാംനൂറ്റാണ്ടിൽ വിറ്റഴിക്കപ്പെട്ടു! പിന്നെയങ്ങോട്ട് നിരന്തരം അങ്കിൾ ടോമിന്റെ അച്ചടിയാണ് ജുവറ്റിന്റെ പ്രസ്സിൽ നടന്നത്. പ്രസിദ്ധീകരിച്ച ആദ്യവർഷം തന്നെ മൂന്നുലക്ഷം കോപ്പികൾ! ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും പ്രസാധകന് മാനേജ് ചെയ്യാൻ പറ്റാത്ത തരത്തിൽ ഡിമാന്റ് വന്നപ്പോൾ ഒരിടക്ക് അച്ചടി തന്നെ നിർത്തിവെച്ചു! ആ അവസരത്തിലാണ് അബ്രഹാം ലിങ്കൺ ഹാരിയറ്റിനെ തന്റെ അടിമത്തനിരോധനസമരത്തിലേക്ക് ക്ഷണിക്കുന്നത്. ''വായനയുടെ മഹായുദ്ധമുണ്ടാക്കിയ കൊച്ചുവനിത'' എന്നാണ് ഹാരിയറ്റിനെ അന്ന് ലിങ്കൺ വിശേഷിപ്പിച്ചത്.

ലോകത്തിലെ എല്ലാ ഭാഷകളിലേക്കും 'അങ്കിൾ ടോംസ് കാബിൻ' വളരെ പെട്ടെന്നു തന്നെ വിവർത്തനം ചെയ്യപ്പെട്ടു. ബൈബിളിനുശേഷം ഏറ്റവും കൂടുതൽ അമേരിക്കയിൽ വിറ്റഴിക്കപ്പെട്ട കൃതിയായി 'അങ്കിൾ ടോംസ് കാബിൻ' മാറി. ലണ്ടനിൽ ആദ്യ അച്ചടിയിൽ രണ്ട് ലക്ഷം കോപ്പികളാണ് 'അങ്കിൾ ടോംസ് കാബിൻ' വിറ്റുപോയത്. വളരെ കുറച്ചുവർഷങ്ങൾക്കുള്ളിൽ തന്നെ ഒന്നര മില്യൺ കോപ്പികളുമായി ലണ്ടൻ അങ്കിൾ ടോമിനെ മുൻനിരയിൽ തന്നെ നിർത്തി.

തന്റെ പാത്രസൃഷ്ടിയിൽ ഹാരിയറ്റ് വളരെയധികം ഗൃഹപാഠങ്ങൾ ചെയ്തിരുന്നു. അങ്കിൾ ടോം എന്ന കഥാപാത്രത്തെ എഴുത്തുകാരിക്ക് ലഭിക്കുന്നത് ജോസിയ ഹെൻസൺ എന്ന അടിമയുടെ ഓർമക്കുറിപ്പുകളിൽ നിന്നാണ്. കാനഡയിൽ ജീവിതം സുരക്ഷിതമാക്കിയതിനുശേഷമാണ് ജോസിയ ഹെൻസൺ തന്റെ അടിമജീവിതത്തെക്കുറിച്ച് പുസ്തകമെഴുതിയത്.മേരിലാന്റിലെ മുവ്വായിരത്തി എഴുനൂറ് ഏക്കർ തോട്ടത്തിൽ അടിമവേലചെയ്തിരുന്ന ജോസിയ ഹെൻസൺ തന്റെ യജമാനൻ ഐസക് റിലിയുടെ കണ്ണുവെട്ടിച്ച് അടിമച്ചങ്ങല പൊട്ടിച്ചോടിയ ഓട്ടം നിർത്തിയത് കാനഡയിലെത്തിയശേഷമാണ്. അമേരിക്കയിൽ നിന്നും സ്വാതന്ത്ര്യവുമായി വരുന്നവരെ സംരക്ഷിച്ചതും അവർക്കുവേണ്ട സൗകര്യങ്ങൾ ചെയ്തുകൊടുത്തതും ജോസിയ ആയിരുന്നു. എലിസയെയും ജോണിനെയും തന്റെ നോവലിൽ കാനഡയിലേക്ക് എഴുത്തുകാരി പറഞ്ഞയക്കുന്നതും ഈ ധൈര്യത്തിലാണ്. ഹാരിയറ്റിന്റെ 'അങ്കിൾ ടോംസ് കാബിൻ' ഹിറ്റായതോടെ ജോസിയ ഹെൻസൺ തന്റെ ഓർമക്കുറിപ്പുകളുടെ പേര് മാറ്റി. 'ദ മെമറീസ് ഓഫ് അങ്കിൾ ടോം' എന്ന പേരിലായി പിന്നീട് ജോസിയയുടെ എഴുത്തുകൾ എല്ലാം തന്നെ. ഹെൻസൺ എക്കാലവും അറിയപ്പെടുന്നത് അടിമകളുടെ അത്താണി എന്നാണ്. ജോസിയ ഹെൻസൺ അന്തരിച്ചപ്പോൾ കാനഡ സർക്കാർ അദ്ദേഹത്തിന്റെ വീട് മ്യൂസിയമാക്കി മാറ്റി. അതിനിട്ട പേരിന് ഒട്ടും മാറ്റമില്ലായിരുന്നു; അങ്കിൾടോംസ് കാബിൻ ഹിസ്റ്റോറിക് സൈറ്റ്!

അടിമത്തത്തിൽ നിന്നും ഒളിച്ചോടിപ്പോവുകയും സ്വന്തമായി ജീവിതം കെട്ടിപ്പടുക്കുകയും ചെയ്ത നിരവധി ആളുകളുമായി എഴുത്തുകാരി അക്കാലത്ത് ബന്ധപ്പെടുകയും അവരുടെ ജീവിതപശ്ചാത്തലങ്ങൾ ചോദിച്ചു മനസ്സിലാക്കുകയും ചെയ്തിരുന്നു. അടിമത്തം അത്രമേൽ ശക്തമായി നിലനിന്നിരുന്ന കെന്റക്കി തന്നെയായിരുന്ന ഹാരിയറ്റിന്റെ ലക്ഷ്യവും. അവർ കാലങ്ങളോളം അവിടെ താമസിച്ചു. അങ്കിൾ ടോംസ് കാബിൻ എഴുതിയതിനുശേഷം വിശദീകരണങ്ങൾ കൊണ്ട് പൊറുതിമുട്ടിയ ഹാരിയറ്റ് 'എ കീ റ്റു അങ്കിൾ ടോംസ് കാബിൻ' എന്നൊരു പുസത്‌കവുമെഴുതി. എങ്ങനെയാണ് അങ്കിൾ ടോം പിറന്നത് എന്നതിനുള്ള വിശദീകരണമായിരുന്നു അത്. ജൂൺ അഞ്ച് എന്ന ദിനം ചരിത്രത്തിന്റെ ഭാഗമാവുന്നത് അങ്കിൾ ടോമിന്റെ പിറന്നാൾ എന്ന നിലയിൽ കൂടിയാണ്. നൂറ്റി എഴുപതാം പറന്നാളിലും അങ്കിൾ ടോം പൂർവാധികം ഓജസ്സോടെ വായിക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു.

Content Highlights :170 Anniversary of immortal novel Uncle Toms Cabin by Harriet Elisabeth Beecher Stowe