മെയ് പത്തൊമ്പത് ഇ.കെ നായനാരുടെ ഓർമദിനം. പതിനേഴ് വർഷം കഴിഞ്ഞിരിക്കുന്നു ജനകീയനായ സഖാവ് വിടപറഞ്ഞിട്ട്. അദ്ദേഹത്തിന്റെ ദീപ്തസ്മരണകൾ പങ്കുവെക്കുകയാണ് ഭാര്യ ശാരദ ടീച്ചർ.

'രാഷ്ട്രീയക്കാരനായിരുന്നില്ലെങ്കിൽ ഞാനൊരു എഴുത്തുകാരനാവുമായിരുന്നു ശാരദേ...'സഖാവ് ഏതെങ്കിലുമൊരു പുസ്തകം കയ്യിലെടുത്തയുടൻ തന്നെ ആ വാക്കുകൾ പ്രതീക്ഷിക്കാം. 'സാരമില്ലെന്നേ നിങ്ങള് എന്തോരം വായിക്കുന്നു. യാത്രാവിവരണങ്ങളും സഖാവിന്റെ ആശയങ്ങളും എല്ലാം എഴുതി പുസ്തകമായില്ലേ. നിങ്ങളൊരു എഴുത്തുകാരൻ കൂടിയാണപ്പാ...'ഞാൻ ചിരിച്ചുകൊണ്ടു പറയും.

'ശാരദേ വായനയുടെ കാര്യത്തിൽ ഞാനൊരു വിദ്യാർഥിയാണ'്- ഇതാണ് സഖാവിന്റെ ന്യായം. എപ്പോഴും കയ്യിൽ ഒരു പുസ്തകവും പേപ്പറും പേനയും ഉണ്ടാകും. നമ്മളൊന്നു മിണ്ടിപ്പറയാൻ ചെന്നാലുള്ള ഒഴിവുകഴിവ് പറച്ചിലാണ് ആ വിദ്യാർഥി പ്രയോഗം. വിദേശത്തേക്കെല്ലാം പോകുന്ന വേളയിൽ വിമാനത്തിൽ നിന്നും വായിക്കാൻ ഉള്ള പുസ്തകങ്ങൾ നേരത്തേ തിരഞ്ഞെടുത്തുവച്ചിരിക്കും സഖാവ്. നിങ്ങളിതെന്താ പരീക്ഷയ്ക്കു പോകുവാന്നോ എന്നൊക്കെ ചോദിച്ചുപോകും ഞാൻ ചിലപ്പോൾ. സഹയാത്രികയല്ലെ ഞാനും, എന്നിട്ടെന്താ സഖാവ് പുസ്തകത്തിലേക്കു മുങ്ങിക്കളയും. എന്റെ മുഖം കാണുമ്പോൾ പറയും 'നീയും ഒരു പുസ്തകമെടുത്ത് വായിച്ചോ, വായന നല്ലതാണ്.' ഇല്ലെങ്കിൽ സഖാവ് വായിച്ചുകൊണ്ടിരിക്കുന്ന പുസ്തകത്തെക്കുറിച്ച് പറയും. ഞാൻ മിണ്ടാതെയിരിക്കും. നമുക്ക് കടിച്ചാൽ പൊട്ടാത്ത സിദ്ധാന്തവും തർക്കവുമൊക്കെയായിരിക്കും വിഷയം.

E K Nayanar

സഖാവ് നല്ലൊരു സാഹിത്യാസ്വാദകനായിരുന്നു. എം.ടി വാസുദേവൻ നായരുടെ 'രണ്ടാമൂഴം' വായിച്ച് ഭയങ്കര ആസ്വാദനമായിരുന്നു. അതുപോലെ മലയാളത്തിലെ മിക്ക പ്രശസ്തരുടെയും കഥകളും കവിതകളും സഖാവിന് ഇഷ്ടമായിരുന്നു. പലരും അദ്ദേഹത്തിന് ഇവിടെ വന്ന് പുസ്തകങ്ങൾ കൊണ്ടുക്കൊടുക്കുമായിരുന്നു. ചില പുസ്തകങ്ങൾ അദ്ദേഹം വായിക്കുന്നതിനു മുമ്പേ എനിക്കു തരും; 'ശാരദേ നീ ഇത് വായിച്ചുനോക്ക്' എന്നു പറയും. അങ്ങനെയാണ് എനിക്കും ഇരുന്ന് വായിക്കാനുള്ള മനസ്സൊക്കെ ഉണ്ടായത്. തകഴിയുടെ 'ചെമ്മീൻ' സഖാവ് ഏതൊക്കെയോ പ്രസംഗങ്ങളിൽ എടുത്തുപറയുമായിരുന്നു. മുണ്ടശ്ശേരിയുടെ 'കാലത്തിന്റെ കണ്ണാടി'യാണ് നായനാർ ഏറ്റവും കൂടുതൽ തവണ വായിച്ച പുസ്തകങ്ങളിൽ ഒന്ന്. ആ പുസ്തകം വായിച്ചാലും വായിച്ചാലും മതിയാവില്ലായിരുന്നു സഖാവിന്.

സഖാവ് മാതൃഭൂമിയിൽ ഒരു കവിതയുമെഴുതിയിട്ടുണ്ട്. വല്യ ഇഷ്ടമായിരുന്നു എഴുത്തുകാരനാവാൻ. വായിച്ചു കഴിഞ്ഞാൽ പിന്നെ കുറച്ചു നേരം ആ ലോകത്താണ് ഉണ്ടാവുക. അപ്പോൾ ആരെന്തു വന്നു പറഞ്ഞാലും ഉള്ളോട്ടെടുക്കില്ല. അത്രയും ഇഷ്ടമാണ് പുസ്തകങ്ങളെ. സിനിമയോടും നല്ല ഇഷ്ടമായിരുന്നു.സഖാവിന്റെ ഇഷ്ട കവി പൂന്താനമാണ്. പൂന്താനത്തെ ഇത്രകണ്ട് തന്റെ പ്രസംഗങ്ങളിൽ ഉപയോഗിച്ച മറ്റൊരു രാഷ്ട്രീയക്കാരൻ ഉണ്ടോ എന്നറിയില്ല. വിരുന്നുസദസ്സുകളിൽ വെച്ച് കെ. കരുണാകരനെ കണ്ടാൽ ഗുരുവായൂരപ്പ ഭക്തനായ അദ്ദേഹത്തോട്'എടോ കരുണാകരാ' എന്നും പറഞ്ഞുകൊണ്ട് ഉടൻ തന്നെ രണ്ട് പൂന്താനവരികൾ ചൊല്ലും. അദ്ദേഹവും അതു തലയാട്ടി ആസ്വദിക്കുമായിരുന്നു. രണ്ടുപേരും നല്ല സൗഹൃദമുണ്ടായിരുന്നു. 'എന്താ നായനാരെ' എന്നും വിളിച്ച് കെ. കരുണാകരനും സഖാവിന്റെ തമാശകളിൽ പങ്കുചേർന്നിട്ടുണ്ട്. ആശയപരമായി രണ്ട് ധ്രുവങ്ങളിൽ നിൽക്കുന്നതൊന്നും സഖാവിന് ഒരു പ്രശ്നമായിരുന്നില്ല. സഖാവങ്ങനെയായിരുന്നു, ആർക്കും സഖാവിനോട് പിണങ്ങാനാവില്ല.

സഖാവിന്റെ പുസ്തകങ്ങളെല്ലാം തന്നെ ഇവിടെ കല്യാശ്ശേരിയിൽ ഇപ്പോഴും ഭദ്രമായിരിക്കുന്നു. പേരക്കുട്ടികൾ അത്യൽഭുതത്തോടെ നോക്കി നിൽക്കാറുണ്ട്. അവർ കുറേയൊക്കെ എടുത്തുകൊണ്ടുപോകും. ജയിലിൽ പോകുന്നത് സഖാവിന് സൈ്വര്യമായി പുസ്തകം വായിക്കാനാണെന്ന് തോന്നിപ്പോയിട്ടുണ്ട് എനിക്ക്. ഒരു കെട്ട് പുസ്തകങ്ങളുമായാണ് പോക്ക്. ജയിൽ വാസം കൊണ്ടാണ് ഹിന്ദി പഠിച്ചത്. സഹതടവുകാരൻ ഹിന്ദിക്കാരനായിരുന്നു. അമ്മയാണ് സംസ്കൃതം പഠിപ്പിച്ചത്. ഭാഗവതവും രാമായണവുമെല്ലാം ഹൃദിസ്ഥമായിരുന്നു.

ബൈബിളും ഖുർ ആനും വായിച്ചിട്ട് 'സംഗതിയെല്ലാം ഒന്നാണ് ശാരദേ' എന്നും പറഞ്ഞ് അദ്ദേഹം ചിരിക്കും. തിരക്കിട്ട പാർട്ടി പ്രവർത്തനങ്ങളിൽ, പ്രതിപക്ഷ നേതാവായിരിക്കുമ്പോൾ, മുഖ്യമന്ത്രിപദങ്ങളിൽ എല്ലാം മുഴുകിയിരിക്കുമ്പോഴും അദ്ദേഹം ഒരു സ്വപ്നം മനസ്സിൽ കൊണ്ടുനടന്നിരുന്നു. സ്വസ്ഥമായി കുറച്ചുകാലം ഇരിക്കണം, കല്യാശ്ശേരിയെക്കുറിച്ച് എഴുതണം. കുറേ അനുഭവങ്ങൾ ഇനിയും എഴുതാനുണ്ട്. 'ശാരദേ നമുക്കതെല്ലാം ശരിയാക്കണം' ഇടക്കിടെ എഴുത്തുമോഹത്തെക്കുറിച്ച് പറഞ്ഞുകൊണ്ടേയിരിക്കും.അതൊന്നും നടന്നില്ല. അപ്പോഴേക്കും യാത്രയായി.

E K Nayanar
പിണറായി വിജയനൊപ്പം

തിരഞ്ഞെടുത്ത് വായിക്കുന്ന സ്വഭാവക്കാരനായിരുന്നില്ല സഖാവ്. ഒരു തുണ്ട് കടലാസാണെങ്കിലും കയ്യിലെത്തിയാൽ അതുമുഴുവനും അരിച്ചുവായിച്ചിട്ടേ തിരികെ തരികയുള്ളൂ. പത്രം കിട്ടിയില്ലെങ്കിൽ വല്ലാത്ത അസ്വസ്ഥതയാണ് സഖാവിന്. അതും ഒരു പത്രം മാത്രം വായിച്ചാലും പോര. സഖാവ് ദൂരയാത്രപോകുമ്പോൾ താമസിക്കുന്നിടത്ത് നിർബദ്ധമായും വേണ്ട സാധനങ്ങളിൽ ആദ്യത്തേത് പത്രമായിരിക്കും. സോപ്പും ചീർപ്പുമൊക്കെ പിന്നെയാണ്.

പതിനേഴ് വർഷം കഴിഞ്ഞിരിക്കുന്നു സഖാവ് ഓർമയായിട്ട്. അദ്ദേഹത്തിന്റെ ജീവനാഡിയായിരുന്ന കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നേതൃത്വം ഭരണത്തുടർച്ചയിലേറുകയാണ് നാളെ. ആ വാർത്ത മാത്രം മതിയാകും സഖാവിന് ആഹ്ദാളിക്കാൻ, ഉയിർത്തെഴുന്നേറ്റ് ഇങ്കിലാബ് വിളിക്കാൻ!

Content Highlights : 17 death Anniersary of E K Nayanar his wife Sarada Teacher shares the Memories