ലഞ്ചൂരൽമടയിൽനിന്നും
കുറത്തിയെത്തുന്നു
വിളഞ്ഞ ചൂരപ്പനമ്പുപോലെ
കുറത്തിയെത്തുന്നു
മലഞ്ചൂരൽമടയിൽനിന്നും
കുറത്തിയെത്തുന്നു
വിളഞ്ഞ ചൂരപ്പനമ്പുപോലെ
കുറത്തിയെത്തുന്നു
കരീലാഞ്ചിക്കാട്ടിൽനിന്നും
കുറത്തിയെത്തുന്നു
കരീലാഞ്ചി വള്ളിപോലെ
കുറത്തിയെത്തുന്നു
ചേറ്റുപാടക്കരയിലീറ-
പ്പൊളിയിൽനിന്നും
കുറത്തിയെത്തുന്നു
ഈറ ചീന്തിയെറിഞ്ഞ കരിപോൽ
കുറത്തിയെത്തുന്നു
വേട്ടനായ്ക്കടെ പല്ലിൽനിന്നും
വിണ്ടുകീറിയ നെഞ്ചുമായി
കുറത്തിയെത്തുന്നു
മല കലങ്ങി വരുന്ന നദിപോൽ
കുറത്തിയെത്തുന്നു
മൂടുപൊട്ടിയ മൺകുടത്തിൻ
മുറിവിൽ നിന്നും മുറിവുമായി
കുറത്തിയെത്തുന്നു
വെന്തമണ്ണിൻ വീറുപോലെ
കുറത്തിയെത്തുന്നു
ഉളിയുളുക്കിയ കാട്ടുകല്ലിൻ
കണ്ണിൽനിന്നും
കുറത്തിയെത്തുന്നു
കാട്ടുതീയായ് പടർന്ന പൊരിപോൽ
കുറത്തിയെത്തുന്നു
കുറത്തിയാട്ടത്തറയിലെത്തി
കുറത്തി നിൽക്കുന്നു
കരിനാഗക്കളമേറി
കുറത്തി തുള്ളുന്നു.
കരിങ്കണ്ണിൻ കടചുകന്ന്
കരിഞ്ചായൽ കെട്ടഴിഞ്ഞ്
കാരിരുമ്പിൻ ഉടൽ വിറച്ച്
കുറത്തിയുറയുന്നു

മലയാളം കാൽപനികതയിൽ ആറാടിക്കൊണ്ടിരുന്ന കാലത്താണ് കടമ്മനിട്ട 'കുറത്തി'യുമായി വരുന്നത്.
നിങ്ങളെന്റെ കറുത്തമക്കളെ ചുട്ടുതിന്നുന്നോ?
നിങ്ങളവരുടെ നിറഞ്ഞകണ്ണുകൾ ചുഴന്നെടുക്കുന്നോ?
നിങ്ങൾ ഞങ്ങടെ കുഴിമാടം കുളം തോണ്ടുന്നോ?
നിങ്ങളോർക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന്!
നിങ്ങളോർക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന്! എന്നുറക്കെപ്പാടിക്കൊണ്ട് മലായളകവിതയുടെ പുരോഗമനകാലം ജനകീയസാഹിത്യമായി കവിതയെ കൂടെക്കൂട്ടിയതിന് കടമ്മനിട്ടയുടെ 'കുറത്തി'യും നിമിത്തമായി. അക്കാലത്ത് കവിത പുരോഗമനകലാസാഹിത്യസംഘത്തിന്റെയും പുരോഗമനാശയങ്ങളുടെയും മുന്നിൽ നിന്നു നയിച്ചത് സാധാരണക്കാരന്റെ അവകാശബോധങ്ങളെ ആയിരുന്നു. അങ്ങനെ കടമ്മനിട്ട ജനകീയനായ കവിയായിമാറി. സാഹിത്യത്തെ കാലഗണനാക്രമത്തിൽ നിരത്തിനിർ്ത്തിയപ്പോൾ ആധുനിക കവി എന്ന പട്ടം ചാർത്തിക്കൊടുത്തു കടമ്മനിട്ടയ്ക്ക്.

മലയാള കവിതാസ്വാദകരെ നടുക്കിയുണർത്തിയ കവിതകളായിരുന്നു അദ്ദേഹത്തിന്റേത്. ഭാഷാപരമായ സഭ്യതയേയും സദാചാരപരമായ കാപട്യത്തേയും ബൗദ്ധികമായ ലഘുത്വത്തേയും കാല്പനികമായ മോഹനിദ്രയേയും അതിലംഘിച്ച കവിതകളായിരുന്നു കടമ്മനിട്ടയുടേത്. ആധുനിക കവിതയുടെ സംവേദനപരമായ എല്ലാ സവിശേഷതകളും പ്രകടിപ്പിക്കുമ്പോൾതന്നെ തികച്ചും കേരളീയമായ ഒരു കാവ്യാനുഭവം സൃഷ്ടിക്കുന്നതിൽ അദ്ദേഹം ഏറെ വിജയം നേടി. വൈദേശികമായ ഇറക്കുമതിച്ചരക്കാണ് ആധുനികകവിത എന്ന് വാദിച്ച പരമ്പരാഗത നിരൂപന്മാർക്കുപോലും കടമ്മനിട്ടക്കവിത ആവിഷ്കരിച്ച കേരളീയ ഗ്രാമീണതയ്ക്കുമുന്നിൽ മുട്ടുമടക്കേണ്ടി വന്നിട്ടുണ്ട്. ഇടതുപക്ഷത്തോടൊപ്പം നടന്നപ്പോഴും ചില ആശയപരമായ എതിരഭിപ്രായങ്ങളും വിയോജിപ്പുകളും അദ്ദേഹം പുലർത്തി.

മാർച്ച് 31, കവി കടമ്മനിട്ട രാമകൃഷ്ണന്റെ പതിമൂന്നാം ചരമവാർഷികം. വീണ്ടുമൊരു തിരഞ്ഞെടുപ്പു കാലം. ഓർമ്മിപ്പിക്കുകയാണ് 'കുറത്തി', ഓർക്കുകയാണ് കടമ്മനിട്ടയെ;

അന്നു നമ്മളടുത്തു നിന്നവരൊ-
ന്നു നമ്മളെ ഓർത്തു രാപ്പകൽ
ഉഴവു ചാലുകൾ കീറി ഞങ്ങൾ
കൊഴുമുനയ്ക്കുൽ ഉറങ്ങി ഞങ്ങൾ
തളർന്ന ഞങ്ങളെ വലയിലാക്കി
അടിമയാക്കി മുതുകു പൊള്ളിച്ചു
ഞങ്ങടെ ബുദ്ധി മങ്ങിച്ചു..
നിങ്ങൾ ഭരണമായ്..

Content Highlights: 13 Death Anniversary of Kadammanitta Ramakrishnan