റുപത് നാടകങ്ങൾ, മുപ്പത് നോവലുകൾ, ആത്മകഥ, ചരിത്രപുസ്തകങ്ങൾ, സാംസ്കാരികാവലോകനങ്ങൾ, രാഷ്ട്രീയ ഇടപെടലുകൾ...നാല് ദശകങ്ങൾ നീണ്ട സാഹിത്യസപര്യ. ആധുനിക സ്വീഡ്ഷ് സാഹിത്യത്തിന്റെ പിതാവായി അറിയപ്പെടുന്നു ഓഗസ്റ്റ് സ്ട്രിൻബെർഗ്. വിശ്വസാഹിത്യത്തിൽ ഭാഷകൊണ്ടും ആശയം കൊണ്ടും ഇത്രമേൽ പകിടകളിച്ച മറ്റൊരു സാഹിത്യകാരനില്ല. നിരന്തരം സാഹിത്യ പരീക്ഷണങ്ങൾ അസാധ്യവിജയങ്ങൾ..സ്ട്രിൻബെർഗ് തന്റെ സർഗാതമകതയത്രയും കൊണ്ടാടുക തന്നെയായിരുന്നു ജീവിതത്തിലുടനീളം. എക്സ്പ്രഷനിസ്റ്റായും സർറിയലിസ്റ്റായും മാറിക്കൊണ്ട് തന്റെ നാടകപരീക്ഷണങ്ങളെയെല്ലാം വിജയിപ്പിച്ചെടുത്ത അസാമാന്യ പ്രതിഭ മൺമറഞ്ഞിട്ട് നൂറ്റിപ്പത്ത് വർഷങ്ങൾ. മുപ്പതാം വയസ്സിൽ രചിച്ച 'ദ റെഡ് റൂം' എന്ന നോവലിലൂടെ സ്വീഡിഷ് സാഹിത്യത്തിലെ ആദ്യത്തെ ആധുനിക നോവലിന്റെ പിറവിയാഘോഷിക്കുകയായിരുന്നു അദ്ദേഹം. റെഡ് റൂമിനുശേഷം തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. നോവലും നാടകവും ഒരേസമയം ഇരുകൈകളിലുമിട്ട് മരണം വരെ അമ്മാനമാടി സ്ട്രിൻബെർഗ്.

എല്ലാ പ്രതിഭകളുടെയും സർഗാത്മക ജീവിതത്തിൽ സ്വാഭാവികമായും സംഭവിക്കുന്നതുപോല തന്നെ ആദ്യത്തെ നാടകമായ 'മാസ്റ്റർ ഓലോഫ്' തിരസ്കരിച്ചത് സാക്ഷാൽ റോയൽ തിയേറ്റർ തന്നെയായിരുന്നു. 'ദ റെഡ് റൂം' എഴുതുന്നതിന് ഏഴുവർഷങ്ങൾക്ക് മുമ്പായിരുന്നു സംഭവം. ദ റെഡ് റൂം ഹിറ്റായതിനുശേഷവും മാസ്റ്റർ ഒലോഫ് ക്ലാവുപിടിച്ചുതന്നെ കിടന്നു. പിന്നീട് സ്വീഡനിലെ ഏറ്റവും വലിയ നാടകക്കമ്പനിയായ ന്യൂ തിയേറ്റർ ആണ് സ്ട്രിൻബെർഗിലെ നാടകക്കാരനെ അവതരിപ്പിച്ചത്. കഥയെഴുതി നേരെ സിനിമയിലേക്ക് കയറുന്നതുപോല നോവലെഴുതി നേരെ നാടകത്തിലേക്ക്, ജനപ്രിയസാഹിത്യത്തിലേക്ക് കടന്നുവരാനായിരുന്നു സ്ട്രിൻബെർഗിനിഷ്ടം. ന്യൂ തിയേറ്റർ സ്ട്രിൻബെർഗിനെ നിരാശപ്പെടുത്തിയില്ല. 1887-ൽ ദ ഫാദർ, 88-ൽ മിസ് ജൂലി, 89-ൽ ക്രെഡിറ്റേഴ്സ്..തുടരെത്തുടരെയുള്ള നാടകവിജയങ്ങൾ സ്ടിൻബെർഗിനെ തിരശ്ശീലയുടെ പ്രിയങ്കരനാക്കി മാറ്റി.

സ്ട്രിൻബെർഗിന്റെ നാടകങ്ങൾ കാണാൻ ജനങ്ങൾ തടിച്ചുകൂടാൻ പ്രധാനപ്പെട്ട കാരണമുണ്ടായിരുന്നു. അത്രയും കാലത്തെ കടിച്ചാൽ പൊട്ടാത്ത ഡയലോഗുകളിൽ നിന്നും മാറ്റിപ്പിടിച്ചുകൊണ്ട് സ്ട്രിൻബെർഗിന്റെ കഥാപാത്രങ്ങൾ സംസാരിച്ചതു മുഴുവൻ ജനങ്ങൾക്കുവേണ്ടിയായിരുന്നു; സൈദ്ധാന്തികർക്കു വേണ്ടിയായിരുന്നില്ല. സ്വീഡന്റെ ബൗദ്ധികകേന്ദ്രങ്ങളിലെ മുഖ്യ ആകർഷകമായി സ്ട്രിൻബെർഗ് മാറാൻ പിന്നെ കാലങ്ങൾ വേണ്ടിവന്നില്ല.

1849- ജനുവരി 22-നാണ് സ്വീഡനിലെ സ്റ്റോക്ഹോമിൽ സ്ട്രിൻബെർഗ് ജനിച്ചത്. ഷിപ്പിങ് ഏജന്റായിരുന്ന കാൾ ഓസ്കർ സ്ട്രിൻബെർഗിന്റെയും വീട്ടുവേലക്കാരിയായ എലനോറ അൾറികയുടെയും മകൻ. 'ദ സൺ ഓഫ് എ സർവന്റ്' എന്ന ആത്മകഥാനോവലിൽ അദ്ദേഹം തന്റെ ബാല്യകാലജീവിതം വ്യക്തമാക്കുന്നുണ്ട്. വൈകാരികമായി നേരിട്ട അരക്ഷിതാവസ്ഥ, ദാരിദ്ര്യം, മതഭ്രാന്തുകൾ, കുടുംബത്തിലെ അവഗണനകൾ തുടങ്ങി അതിസങ്കീർണമായിരുന്നു അദ്ദേഹത്തിന്റ ബാല്യം. ചെറുപ്പത്തിലേ തന്ന പരിസ്ഥിതിശാസ്ത്രത്തിലും ഫോട്ടോഗ്രാഫിയിലുമുള്ള കമ്പത്തോടൊപ്പം തന്നെ അമ്മയുടെ മതഭ്രാന്തും അല്പം അദ്ദേഹത്തെയും ബാധിച്ചിരുന്നു. അമ്മയെ പിന്നീട് തള്ളിപ്പറയാനുള്ള പ്രധാനകാരണമായി അദ്ദേഹം ചൂണ്ടിക്കാണിച്ചതും വിവേകമില്ലാത്ത പ്രായത്തിൽ തന്നിൽ അടിച്ചേൽപിച്ച മതത്തിന്റെ പേരിലായിരുന്നു. എഴുത്തുകാരന് പതിമൂന്ന് വയസ്സുള്ളപ്പോൾ അമ്മ മരണപ്പെട്ടെങ്കിലും ആ ദു:ഖം തന്നെ അലട്ടിയിരുന്നില്ല എന്നാണ് അദ്ദേഹം പറഞ്ഞത്.

യൂണിവേഴ്സിറ്റി വിദ്യാഭ്യാസത്തിനുശേഷം സ്റ്റോക്ഹോമിലെ ഒരു പത്രത്തിൽ മാധ്യപ്രവർത്തകനായിട്ടാണ് കരിയർ ആരംഭിച്ചത്. ഹെന്റി തോമസ് ബക്കിളിന്റെ ഹിസ്റ്ററി ഓഫ് സിവിലൈസേഷൻ വായിച്ച് ആകൃഷ്ടനായതുമൂലം നേരെ ജോലി ഉപേക്ഷിച്ച് പോയത് റോയൽ ലൈബ്രറിയിൽ അസിസ്റ്റന്റ് ലൈബ്രേറിയനായി ജോലിചെയ്യാനാണ്. പുസ്തകങ്ങൾ വായിക്കുക എന്നതുമാത്രമായിരുന്നു ലക്ഷ്യം. ആ ലൈബ്രറി ജീവിതം തെല്ലൊന്നുമല്ല സ്ട്രിൻബെർഗിനെ ഇന്നത്തെ നിലയിലെത്താൻ സഹായിച്ചത്.

മുപ്പത്തിനാലാം വയസ്സിലാണ് സ്ട്രിൻബെർഗ് ഇരുപത്തിനാലുകാരിയായ സിരിവോൺ എസ്സെൻ എന്ന നാടകനടിയെ കണ്ടുമുട്ടുന്നത്. പരാജിതനായ എഴുത്തുകാരൻ എന്ന് സ്വയം വിശേഷിപ്പിച്ചുകൊണ്ട് പരിചയപ്പെടുത്തിയ സ്ട്രിൻബെർഗിനെ കണ്ടപ്പോൾ സിരി വികാരഭരിതയായി. ഇത്രമേൽ പരാജയബോധം കൊണ്ടുനടക്കുന്ന പ്രതിഭയെ അവർ സ്നേഹിക്കാൻ പിന്നെ അധികനാൾ വേണ്ടി വന്നില്ല. സ്വീഡിഷ് പ്രഭുവിന്റെ ഭാര്യയായിരുന്ന സിരി തന്ത്രത്തിൽ വിവാഹമോചനവും നേടി. റോയൽ തിയേറ്ററിന്റെ ആസ്ഥാന അഭിനേത്രിയായി വിജയപ്പടവുകൾ ചവുട്ടിക്കയറിയ സിരി ആ നേട്ടങ്ങളെല്ലാം സമർപ്പിച്ചത് സ്ട്രിൻബെർഗിനായിരുന്നു. 1877-ൽ രണ്ടുപേരും വിവാഹിതരായി. രണ്ടുവർഷത്തിനുള്ളിൽ 'ദ റെഡ് റൂം' ഇറങ്ങിയതോടെ ആധുനിക സ്വീഡിഷ് സാഹിത്യത്തിന്റെ ബൗദ്ധികമുഖമായി സ്ട്രിൻബെർഗ് അടയാളപ്പെടുത്തപ്പെട്ടു. പിറ്റെ വർഷം കാരിൻ എന്ന പെൺകുഞ്ഞു പിറന്നു അവർക്ക്. ദ സീക്രട്ട് ഓഫ് ഗിൽഡ്, സ്പ്രിങ് ഹാർവെസ്റ്റ്, തുടങ്ങി നാടകങ്ങളുടെ നീണ്ട നിരതന്നെയായിരുന്നു അക്കാലത്ത് സ്ടിൻബെർഗ് പടച്ചുവിട്ടത്.

ക്യാരിനെക്കൂടാതെ ഗ്രെറ്റ, ഹാൻസ് എന്നീ കുട്ടികളും സ്ട്രിൻബെർഗ്-സിരി ദമ്പതിമാർക്ക് ഉണ്ടായി. പതിനാലു വർഷം നീണ്ടുനിന്ന ദാമ്പത്യം.
സ്ട്രിൻബെർഗിന്റെ വ്യക്തിജീവിതത്തിലെ ഏറ്റവും വലിയ വർഷങ്ങളായിരുന്നു അത്. സിരിയുമായി വേർപിരിഞ്ഞത് സെക്സും ദാമ്പത്യവും രണ്ടും രണ്ടാണെന്ന നിലപാടിലായിരുന്നു. മക്കളുടെ ഉത്തരവാദിത്തം സിരി ഏറ്റെടുത്തതോടെ സ്ട്രിൻബേർഗ് സ്വതന്ത്രനായി. അക്കാലത്തെ വിശ്വവിഖ്യാതനായ സാഹിത്യകാരന്റെ ലൈംഗികസിദ്ധാന്തങ്ങളെ പാടേ സ്വീകരിച്ച യൂറോപ്പിനോട് സിരി മൗനം പാലിക്കുകയായിരുന്നു. തന്നെക്കാൾ ഇരുപത്തിമൂന്ന് വയസ്സിന് ഇളപ്പമുള്ള ആസ്ട്രിയൻ വിവർത്തകയും എഴുത്തുകാരിയുമായ ഫ്രിദയെ വിവാഹം ചെയ്തെങ്കിലും ആ ബന്ധത്തിൽ ഒരു മകൾ ജനിച്ചയുടൻ തന്നെ ഇരുവരും വേർപിരിഞ്ഞു. നോർവീജയൻ എഴുത്തുകാരിയായിരുന്ന ഡാഗ്നി ജുവലുമായി ഫ്രിദയുള്ള കാലത്തു തന്നെ പ്രണയം സൂക്ഷിച്ചിരുന്നു സ്ട്രിൻബെർഗ്. ഡാഗ്നിയുടെ അകാലമരണത്തിൽ മനം നൊന്ത് തങ്ങളുടെ ഹണിമൂൺ ട്രിപ്പ് കാൻസൽ ചെയ്തതിന് മൂകസാക്ഷി കൂടിയായി പാവം ഹാരിയറ്റ്. തന്റെ ഉയർന്ന ബൗദ്ധിക നിലവാരം പോലെ തന്നെ മാനസികമായും വിചിത്ര സ്വഭാവങ്ങൾ വച്ചുപുലർത്തിയിരുന്നു സ്ട്രിൻബെർഗ്. ബോട്ടണിയും കെമിസ്ട്രിയും അദ്ദേഹത്തിന്റെ എഴുത്തു വിഷയങ്ങളായി. വിഷയങ്ങൾ അധികരിച്ചതുമൂലം വന്നുചേരുന്ന വന്യതയായി ആളുകൾ അതിനെ കണ്ടു.

സർഗാത്മകത സ്ട്രൻബെർഗിനോടൊപ്പം അനുസരണയോടെ ജീവിച്ചുകൊണ്ടിരിക്കേയാണ് ഇരുപത്തിമൂന്നുകാരിയായ ഹാരിയറ്റ് ബൊസ്സേയെ വിവാഹം ചെയ്യുന്നത്. ഹാരിയറ്റുമായി വിവാഹം ബന്ധം നിലനിൽക്കെത്തന്നെ നടിയും ചിത്രകാരിയുമായ ഫെനി ഫോക്നറുമായി പ്രണത്തിലായി. അദ്ദേഹവുമായി നാൽപത്തിയൊന്ന് വയസ്സിനിളയതായിരുന്നു ഫെനി.ചുരുക്കിപ്പറഞ്ഞാൽ ആളോഹരി ആനന്ദം പോലെ തന്റെ ലൈംഗികജീവിതത്തെ അറിഞ്ഞാസ്വദിക്കുന്നതിൽ തൽപ്പരനായിരുന്നു സ്ട്രിൻബെർഗ്.

എഴുത്തുകാരന്റെ സർവ സ്വഭാവവൈകൃതങ്ങളെയും റദ്ദുചെയ്യപ്പെട്ടുകൊണ്ട് അനവധി കൃതികളിറങ്ങി. തുടർച്ചയായി ലോകം കൊണ്ടാടിയ വ്യക്തിത്വമായി. ടെന്നിസി വില്യംസ്, എഡ്വേർഡ് ആൽബി,മാക്സിംഗോർക്കി, ജോൺ ഓസ്ബൺ,ഇങ്മർ ബെർമാൻ തുടങ്ങി ഇരുപതാം നൂറ്റാണ്ടിലെ പ്രമുഖസാഹിത്യകാരന്മാരെല്ലാം തന്നെ തങ്ങളുടെ ഗുരുവായി കണ്ടത് ഓഗസ്റ്റ് സ്ട്രിൻബെർഗിനെയായിരുന്നു. യുജീൻ ഒനീൽ തനിക്ക് നൊബേൽ സമ്മാനം ലഭിച്ചപ്പോൾ അത് സമർപ്പിച്ചത് സ്ട്രിൻബെർഗിനായിരുന്നു.

'ദ ഫാദർ' അമേരിക്കയിലെ ബെർക്ലി തിയേറ്റർ പുനരവതരിപ്പിച്ച സന്തോഷത്തിലിരിക്കെയാണ് ന്യൂമോണിയ പിടിപെടുന്നത്. ആമാശയത്തിലെ കാൻസർ അവഗണിച്ചതുമൂലമുള്ള പ്രശ്നങ്ങൾ അധികരിക്കുകയും ചെയ്തതോടെ ലോകം കൊണ്ടാടിയ, അത് തിരിച്ചറിഞ്ഞ് നിഗൂഢമായി ആനന്ദം കണ്ടെത്തിയ എഴുത്തുകാരൻ 1912 മെയ് പതിനാലിന് അറുപത്തിമൂന്നാം വയസ്സിൽ അന്തരിക്കുകയായിരുന്നു.

ജീവിച്ചിരുന്നപ്പോൾ ലഭിച്ചതിനേക്കാളേറെ ആദരം തന്റെ മൃതദേഹത്തിന് ലഭിക്കുമെന്ന് മറ്റാരേക്കാളും സ്ട്രിൻബർഗിനറിയാമായിരുന്നു. ഒരുനോക്കുകാണാൻ തിക്കിത്തിരക്കുന്ന ജനസമുദ്രത്തെ അദ്ദേഹം എന്നോ ഭാവനയിൽ കണ്ടതാണ്. വളരെ അടുത്ത കുടംബാംഗങ്ങൾക്കല്ലാതെ മറ്റാർക്കും സന്ദർശനം നൽകരുത് എന്നദ്ദേഹം നിർദ്ദേശിച്ചത് തന്റെ മരണം കാരണം സ്വീഡനിലെ പൊതുജീവിതത്തിന് ഭംഗം വരരുത് എന്ന ആഗ്രഹത്താലായിരുന്നു. മരിച്ചുകഴിഞ്ഞാൽ ദിവസങ്ങളോളം പൊതുദർശനത്തിനുവെക്കാതെ മൂന്നു മണിക്കൂറിനുള്ളിൽ അടക്കവും കഴിഞ്ഞിരിക്കണം എന്ന് സ്വീഡന് സാംസ്കാരിക മന്ത്രാലയത്തോട് അദ്ദേഹം ആവശ്യപ്പെട്ടു. ആരും ഫോട്ടോകളെടുക്കരുത്, അനുശോചനയോഗങ്ങൾ പാടില്ല, തന്റെ ചിത്രമുള്ള മുഖാവരണങ്ങളണിഞ്ഞ് നിരനിരയായി പോകാൻ പാടില്ല തുടങ്ങിയ നിബന്ധനകൾ മരിക്കുന്നതിനുമുമ്പേ അദ്ദേഹം പറഞ്ഞുവെച്ചെങ്കിലും സ്വീഡനിലെ തൊഴിലാളി പ്രസ്ഥാനങ്ങളുടെ അപേക്ഷ പ്രകാരം അവസാനമായി ഒരുനോക്കുകാണാനുള്ള അനുമതി സർക്കാരിന് നൽകേണ്ടി വന്നു.

തങ്ങളുടെ പ്രിയപ്പെട്ടവന്റെ മൃതദേഹം കാണാൻ വീട്ടിലേക്ക് വരരുതെന്നല്ലേ പറഞ്ഞുള്ളൂ, ജനങ്ങൾ റോഡുമുഴുവൻ നിറഞ്ഞു കവിഞ്ഞു നിന്നു, ദൂരെ നിന്നും തങ്ങളുടെ ജനപ്രിയൻ യാത്രയാവുന്നത് കാണാൻ. ആയിരക്കണക്കിനാളുകൾ സെമിത്തേരിയിൽ തടിച്ചുകൂടി, അവസാനത്തെ മണ്ണും ആ ദേഹത്തിൽ വീഴുന്നതുവരെ. അറുപതിനായിരം പേരാണ് സ്ട്രിൻബെർഗിനെ യാത്രയാക്കാനായി അന്ന് തെരുവിൽ വരിവരിയായി നിന്നത്. ലോകത്ത് മറ്റാർക്കും ലഭിക്കാത്ത ജനസമ്മതിയോടെ യാത്രയായ ഒരു സാഹിത്യ താന്തോന്നിയുടെ ഊർജസ്വലമായ ഓർമകൾ നൂറ്റിപ്പത്ത് വർഷങ്ങൾക്കിപ്പുറവും സജീവമാണ്.

Content Highlights :110 Death Anniversary of August Stirindberg father of Modern Swedish Literature