പാലിക്കാനായി ഭുവനമഖിലം ഭൂതലേ ജാതനായി-
ക്കാലിക്കൂട്ടം കലിതകുതുകം കാത്ത കണ്ണന്നു ഭക്ത്യാ
പീലിക്കോലൊന്നടിമലരില്‍ നീ കാഴ്ചയായ് വച്ചിടേണം
മൗലിക്കെട്ടില്‍ തിരുകുമതിനെത്തീര്‍ച്ചയായ് ഭക്തദാസന്‍
................................................................................................................
കുന്നിന്നങ്ങേപ്പുറമടവിയാണായതില്‍പോയ തന്ത്രം
കുന്നിച്ചീടും കുതുകമൊടപു ഞാന്‍ കൂട്ടി നായാട്ടുകാരെ
പന്നിക്കൂട്ടം പുലിയിതുകളേ വേട്ടയാടീട്ടയത്‌നം
കൊന്നിട്ടുണ്ടന്നതിലൊരു രസം സ്വപ്‌നമല്ലിപ്പോഴുമേ
                                                   (മയൂരസന്ദേശം)
 
1875-മുതല്‍ അഞ്ചുവര്‍ഷക്കാലം ആയില്യം രാജാവിന്റെ ഉത്തരവിനാല്‍ ആലപ്പാട്ടും ഹരിപ്പാട്ടുമായി അസ്വാതന്ത്ര്യജീവിതം നയിക്കേണ്ടി വന്ന കേരളവര്‍മ വലിയകോയിത്തമ്പുരാന്‍. ആ കാലത്താണ് ഹരിപ്പാട്ട് സുബ്രഹ്മണ്യക്ഷേത്രത്തില്‍ വിഹരിച്ചിരുന്ന മയിലുകളെ തന്റെ സന്ദേശവാഹകരാക്കി സങ്കല്പിച്ചുകൊണ്ട് പ്രിയതമ ലക്ഷ്മി തമ്പുരാട്ടിയ്ക്കുവേണ്ടി മയൂരസന്ദേശമെഴുതുന്നത്. ആധുനികമലയാളസാഹിത്യത്തിലെ അമൂല്യഖനിയായി മാറി മയൂരസന്ദേശം. ആയില്യം രാജാവിന്റെ അതൃപ്തിക്കിരയാവാന്‍ മാത്രം എന്തു തെറ്റാണ് താന്‍ ചെയ്തതെന്ന് മയൂരസന്ദേശമെഴുതുമ്പോള്‍ കേരളകാളിദാസന് പിടികിട്ടിയിട്ടുണ്ടായിരുന്നില്ല. ആധുനികമലയാളസാഹിത്യത്തിനുമാത്രമല്ല, വിമര്‍ശനപ്രസ്ഥാനത്തിനും നേതൃത്വം കൊടുത്ത കേരളകാളിദാസന്റെ നൂറ്റിയാറാം ചരമവാര്‍ഷികമാണിന്ന്. 
 
ചങ്ങനാശ്ശേരി ലക്ഷ്മീപുരം കൊട്ടാരത്തിലെ അംബികാദേവിത്തമ്പരുരാട്ടിയുടെയും തളിപ്പറമ്പത്ത് മുല്ലപ്പള്ളി നമ്പൂതിരിയുടെയും മകനായി 1845-ല്‍ ജനിച്ച കേരളവര്‍മവലിയകോയിത്തമ്പുരാന്‍ ഇം​ഗ്ലീഷ്, മലയാളം ഭാഷകളില്‍ പാണ്ഡിത്യം നേടിയിരുന്നു. ഒമ്പത് വയസ്സ് തികയുന്നതിനു മുമ്പ് തന്നെ സംസ്‌കൃതത്തില്‍ അറിവ് നേടിയ അദ്ദേഹം തിരുവിതാംകൂര്‍ റാണി ലക്ഷ്മിഭായിയെ വിവാഹം ചെയ്യുക വഴിയാണ് കേരളവര്‍മ വലിയകോയിത്തമ്പുരാനാത്. 
 
ആയില്യം തിരുനാള്‍ മഹാരാജാവ് നടപ്പില്‍ വരുത്തിയ പാഠപുസ്തകക്കമ്മറ്റിയുടെ അധ്യക്ഷച്ചുമതല ഏറ്റെടുത്ത വലിയകോയിത്തമ്പുരാന്‍ തന്റെ പദവിയിലിരുന്ന് കൊണ്ട് മലയാളഭാഷയെ പോറ്റിവളര്‍ത്തി. ഗദ്യഗ്രന്ഥങ്ങള്‍ക്ക് മലയാളം ക്ഷാമമനുഭവിക്കുന്ന കാലമായതിനാല്‍ ഗദ്യങ്ങളെല്ലാം അദ്ദേഹം തന്നെ  എഴുതിയുണ്ടാക്കി. മഹച്ചരിതസംഗ്രഹം, സന്മാര്‍ഗപ്രദീപം, വിജ്ഞാനമഞ്ജരി, സന്മാര്‍ഗസംഗ്രഹം എന്നീ മഹദ് ഗ്രന്ഥങ്ങള്‍ പാഠപുസ്തകക്കമ്മറ്റിയ്ക്കുവേണ്ടി അദ്ദേഹം രചിച്ചു. വിശാഖം തിരുനാള്‍ രാജാവിന്റെ പ്രോത്സാഹനത്തില്‍ അക്ബര്‍ എന്ന ചരിത്രാഖ്യായിക കൂടി അദ്ദേഹത്തിന്റെ സംഭാവനയായി വന്നുചേര്‍ന്നു. അക്ബറില്‍ സംസ്‌കൃതത്തിന്റെ സ്വാധീനം കൂടിപ്പോയോ എന്ന് ചര്‍ച്ചയ്ക്കിടയായപ്പോളേയ്ക്കും മയൂരസന്ദേശം, മണിപ്രവാളശാകുന്തളം, അമരുശതകം, അന്യാപദേശശതകം, മത്സ്യവല്ലഭവിജയം, ധ്രുവചരിതം തുടങ്ങി ധാരാളം സാഹിത്യകൃതികള്‍ അദ്ദേഹം മലയാളത്തിന് നല്കിക്കഴിഞ്ഞിരുന്നു.
 
കേരളവര്‍മയുടെ ദ്വിദീയാക്ഷരപ്രാസവാദം ഉള്ളൂര്‍ ഉള്‍പ്പെടെയുള്ള മഹാകവികള്‍ ഉയര്‍ത്തിപ്പിടിച്ചപ്പോള്‍ അദ്ദേഹത്തിന്റെ അനന്തരവനായ എ.ആര്‍ രാജരാജവര്‍മയാണ് എതിര്‍പക്ഷത്ത് സ്ഥാനമുറപ്പിച്ചിരുന്നത്. പദ്യത്തിന്റെ ബാഹ്യരൂപഭംഗിയേക്കാള്‍ പ്രാധാന്യം ഭാവത്തിനാണെന്ന് എ.ആര്‍ വാദിച്ചു. ഒടുക്കം അനന്തരവന്റെ അപേക്ഷ മാനിച്ച് ദ്വിദീയാക്ഷരപ്രാസവാദത്തെ വെടിഞ്ഞ് അദ്ദേഹം രചിച്ച കൃതിയാണ് 'ദൈവയോഗം.' വൈക്കം ക്ഷേത്രദര്‍ശനം കഴിഞ്ഞ് എ. ആറിനൊപ്പം കാറില്‍ മടങ്ങുമ്പോള്‍ അപകടത്തില്‍പെട്ട്  അറുപത്തിയൊമ്പതാം വയസ്സില്‍, 1914 സെപ്തംബര്‍ ഇരുപത്തി രണ്ടിന് അദ്ദേഹം ലോകം വെടിഞ്ഞു. കേരളവര്‍മവലിയകോയിത്തമ്പുരാന്റെ നിര്യാണം മലയാളഭാഷയിലുണ്ടാക്കിയ ആഘാതത്തെ മഹാകവി വള്ളത്തോള്‍ ഇങ്ങനെ കുറിച്ചിരിക്കുന്നു.
 
അപ്പാണ്ഡിത്യ വിശേഷ,മാവിനയ,മ-
ഗ് ഗാംഭീര്യ, മധൈര്യ,മ-
തൃപ്പാദാശ്രിതവത്സലത്വ മികവാ,
ലോകോപകാരവ്രതം,
അപ്പാരായണ യോഗ്യസത്കവന, മ-
ദ്ദാക്ഷിണ്യ, മസ്‌സൗഹൃദം
പര്‍പ്പാധീശ! ഭവദ്ഗുണങ്ങളില്‍ മറ-
ന്നേയ്ക്കാവതെന്തെന്തുവാന്‍
 
Content Highlights: Kerala Kalidasan, 106 Death Anniversary Of Kerala Kalidasan keralavarma Valiyakoyithampuran