കടന്നുപോയ വര്‍ഷം വായനയുടെ പുതിയ അനുഭവങ്ങളാണ് നമുക്ക് സമ്മാനിച്ചത്. പോയ വര്‍ഷത്തെ ശ്രദ്ധേയമായ പത്ത് നോണ്‍-ഫിക്ഷന്‍ വായനകള്‍ അനുവാചകര്‍ക്കായി പരിചയപ്പെടുത്തുന്നു.
1. 'ഗാന്ധി: ദി ഇയേഴ്‌സ് ദാറ്റ് ചേഞ്ച്ഡ് ദി വേള്‍ഡ്'- രാമചന്ദ്ര ഗുഹ
ഇംഗ്ലീഷില്‍ ഗാന്ധിജിതന്നെ പ്രസിദ്ധീകരിച്ച നൂറോളം രേഖകള്‍ കൂടാതെ, ഇതുവരെ പുറംലോകം കണ്ടിട്ടില്ലാത്ത, അദ്ദേഹത്തിന്റെ പല കുറിപ്പുകളും ഉള്‍പ്പെടുത്തിയാണ് രാമചന്ദ്ര ഗുഹ മഹാത്മാ ഗാന്ധിയുടെ ഈ സമഗ്ര ജീവചരിത്രം ഒരുക്കിയിരിക്കുന്നത്. രണ്ടു ഭാഗങ്ങളായുള്ള ഈ ചരിത്ര ഗവേഷണം 'ഗാന്ധി ബിഫോര്‍ ഇന്ത്യ' എന്ന പുസ്തകത്തിലൂടെ ആരംഭിച്ച്, 'ഗാന്ധി: ദി ഇയേഴ്‌സ് ദാറ്റ് ചേഞ്ച്ഡ് ദി വേള്‍ഡ് (19141948)', എന്ന പുസ്തകത്തിലൂടെ അതിന്റെ പരിസമാപ്തിയില്‍ എത്തുകയാണ്.
എം.കെ. ഗാന്ധി എന്ന ആക്ടിവിസ്റ്റില്‍ നിന്ന് മഹാത്മാഗാന്ധി എന്ന പ്രതിഭാസത്തിലേക്കുള്ള പരിണാമമാണ് രാമചന്ദ്ര ഗുഹ തന്റെ ചരിത്രാന്വേഷണത്തിലൂടെ രേഖപ്പെടുത്തിയിരിക്കുന്നത്. ലോക ചരിത്രത്തില്‍ ഗാന്ധിജിയോളം സ്വാധീനം ചെലുത്തിയിട്ടുള്ള മറ്റൊരു ഇന്ത്യക്കാരന്‍ ഉണ്ടായിട്ടില്ല. അതിനാല്‍ അദ്ദേഹത്തിന്റെ സമഗ്ര ജീവചരിത്രം കുറിക്കാന്‍ ഇന്ന് ഇന്ത്യയില്‍ രാമചന്ദ്ര ഗുഹ എന്ന ചരിത്രപണ്ഡിതനെക്കാള്‍ അനുയോജ്യനായി മറ്റൊരാളുംതന്നെ കാണില്ല.
2. 'റിബല്‍ സുല്‍ത്താന്‍സ്: ദി ഡെക്കാന്‍ ഫ്രം ഖില്‍ജി ടു ശിവാജി' - മനു എസ് പിള്ള
മുഗള്‍ ഭരണാധികാരികളുടെയും മറ്റ് ഇസ്ലാമിക ഭരണാധികാരികളുടെയും ചരിത്രം ഭാരതചരിത്രത്തില്‍ നിന്നുതന്നെ മറക്കാനും മായ്ക്കാനുമുള്ള വ്യവസ്ഥാപിതമായ നീക്കങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു എന്ന വസ്തുതയാണ് മനു എസ്. പിള്ളയുടെ 'റിബല്‍ സുല്‍ത്താന്‍സ്: ദി ഡെക്കാന്‍ ഫ്രം ഖില്‍ജി ടു ശിവാജി' എന്ന ചരിത്ര ഗവേഷക പുസ്തകത്തിന്റെ പ്രസക്തി ഏറ്റുന്നത്. പതിമൂന്നാം നൂറ്റാണ്ടുമുതല്‍ പതിനെട്ടാം നൂറ്റാണ്ടു വരെ നീണ്ട ദക്ഷിണേന്ത്യയുടെ ചരിത്രം അടയാളപ്പെടുത്തിക്കൊണ്ട്, ദക്ഷിണേന്ത്യയുടെ ചരിത്രത്തിന്റെ ഗതി നിര്‍ണയിച്ച ചരിത്ര സംഭവങ്ങള്‍, വ്യക്തികള്‍, അടയാളങ്ങള്‍ എന്നിവയാണ് മനു ചരിത്രാരാധകര്‍ക്കായി കാഴ്ചവയ്ക്കുന്നത്.
അലാവുദ്ദീന്‍ ഖില്‍ജിയുടെ ഭരണവും ശിവജിയുടെ ഉയര്‍ച്ചയില്‍ മറാത്തമാരുടെ പ്രസക്തിയും പുസ്തകത്തിന് പാത്രമാകുന്നുണ്ട്. അതുകൂടാതെ, വിജയനഗര സാമ്രാജ്യത്തിന്റെ ഉയര്‍ച്ചയും തകര്‍ച്ചയും അടങ്ങുന്ന ചരിത്രത്തിലൂടെയും പിന്നെ ഹിന്ദു ദൈവങ്ങളെ പൂജിച്ച ബിജാപുരിലെ ഇബ്രാഹിം രണ്ടാമന്‍ എന്ന ഇസ്ലാം രാജകുമാരന്റെയും കുത്തേറ്റുവീണ ധീരയായ ചാന്ത് ബീബി എന്ന റാണിയുടേയുമൊക്കെ ജീവിതകഥകളിലൂടെയുമാണ് 'റിബല്‍ സുല്‍ത്താന്‍സ്: ദി ഡെക്കാന്‍ ഫ്രം ഖില്‍ജി ടു ശിവാജി' ചരിത്രാരാധകരെ കൊണ്ടുപോകുന്നത്.
3. 'ബിക്കമിങ്' - മിഷേല്‍ ഒബാമ
മുന്‍ അമേരിക്കന്‍ രാഷ്ട്രപതി ബറാക് ഒബാമയുടെ പത്‌നി, മിഷേല്‍ ഒബാമയെ അമേരിക്കയുടെ 'പ്രഥമ വനിത' എന്ന അലങ്കാരത്തോടെ മാത്രം കാണാന്‍ ആകില്ല. വിദ്യാഭ്യാസം കൊണ്ടും തന്റെ ഉറച്ച നിലപാടുകള്‍ കൊണ്ടും ബറാക് ഒബാമയുടെ തുല്യ പങ്കാളി എന്ന നിലയില്‍ത്തന്നെ മിഷേല്‍ ഒബാമയെ കാണേണ്ടതുണ്ട്. ഇതു തന്നെയാണ് 'ബിക്കമിങ്' എന്ന തന്റെ ആത്മകഥയിലൂടെ മിഷേല്‍ വെളിവാക്കുന്നത്. കഠിനാധ്വാനവും ആത്മവിശ്വാസവും സ്‌നേഹവും കൈമുതലായി സൂക്ഷിച്ച മിഷേല്‍ റോബിന്‍സണ്‍ എന്ന ഷിക്കാഗോക്കാരിയില്‍നിന്ന് നിശ്ചയദാര്‍ഢ്യവും സത്യസന്ധതയും ഉറച്ച നിലപാടുകളുമുള്ള അമേരിക്കയുടെ പ്രഥമ വനിത - അതും ആദ്യത്തെ കറുത്ത പ്രഥമ വനിത - ആയ മിഷേല്‍ ഒബാമയിലേക്കുള്ള അവരുടെ യാത്രയാണ് ഈ ആത്മകഥ.
4. 'ഡോട്ടേഴ്‌സ് ഓഫ് ദി സണ്‍' - ഐറാ മുഖോത്തി
ഹിസ്റ്ററി എന്നത് 'ഹിസ് സ്റ്റോറി' എന്ന് ആയിരിക്കവെയാണ് ഐറാ മുഖോത്തിയുടെ 'ഡോട്ടേഴ്‌സ് ഓഫ് ദി സണ്‍' എന്ന ചരിത്രാഖ്യാനത്തിന്റെ പ്രസക്തിയേറുന്നത്. മുഗള്‍ ചരിത്രം ധാരാളം തവണ പറയപ്പെട്ടിട്ടുള്ള ഒന്നാണെങ്കിലും, 'ഡോട്ടേഴ്‌സ് ഓഫ് ദി സണ്‍' മുഗള്‍ രാജകൊട്ടാരത്തിലെ സ്ത്രീകളുടെ അറയിലേക്ക് വെളിച്ചം വീശുന്ന ഒന്നാണ്. ഇവിടെ രാഷ്ട്രീയ ചര്‍ച്ചകളില്‍ ഹുമയൂണിന്റെ പ്രതിനിധിയായിരിക്കുകയും തന്റെ അറുപത്തിയഞ്ചാം വയസ്സിലും മഞ്ഞും മലയും താണ്ടുകയും ചെയ്ത ഖന്‍സാദ ബീഗത്തിനെയും പതിമൂന്നാം വയസ്സില്‍ ചക്രവര്‍ത്തിയായി അവരോധിക്കപ്പെടേണ്ടി വന്ന അക്ബറിന്റെ രക്ഷാകവചമായി വര്‍ത്തിച്ച, അദ്ദേഹത്തിന്റെ അര്‍ദ്ധസഹോദരിമാരായ ജിജി അനഘയെയും മാഹം അനഘയെയും, ഇവരെപ്പോലെ ചരിത്രത്തിന്റെ താളുകളില്‍ മറവിയില്‍ മങ്ങിപ്പോയ ഒട്ടനവധി സ്ത്രീ കഥാപാത്രങ്ങളെയുമാണ് ഐറാ ഈ പുസ്തകത്തിലൂടെ നമുക്ക് പരിചയപ്പെടുത്തിത്തരുന്നത്.
5. '21 ലെസ്സണ്‍സ് ഫോര്‍ ദി ട്വന്റി ഫസ്റ്റ് സെഞ്ച്വറി' - യുവല്‍ നോഹ ഹറാറി
ഇന്നലെയുടെ ചരിത്രം പറഞ്ഞ 'സാപിയന്‍സി'നും നാളെയുടെ സാധ്യതകളെ വിശകലനം ചെയ്ത 'ഹോമോ ഡെയുസി'നും ശേഷം യുവല്‍ നോഹ ഹാറാറിയെ പോലെ ശാസ്ത്രീയ അടിത്തറയുള്ള, ചിന്തകനും ദാര്‍ശനികനും സ്വാഭാവികമായി എത്തിച്ചേരുന്നിടമാണ് സമൂഹത്തിലെ ഇന്നിന്റെ ചോദ്യങ്ങള്‍. തീവ്രവാദം, ആഗോളതാപനം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ബിഗ് ഡേറ്റ, സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിക്കുന്ന തെറ്റായ വാര്‍ത്തകള്‍ എന്നിങ്ങനെയുള്ള പല വിഷയങ്ങളാണ് ഈ പുസ്തകത്തിനായി തിരഞ്ഞെടുത്തിട്ടുള്ളത്. മനുഷ്യന്റെ ഇന്നത്തെ അവസ്ഥയില്‍ നിന്നുമുള്ള പരിണാമം, പുതു സാങ്കേതികവിദ്യയുടെ വളര്‍ച്ചയ്‌ക്കൊത്തുള്ള മനുഷ്യന്റെ വൈകാരിക പരിണാമം എന്നിങ്ങനെ നവയുഗത്തില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്ന വിഷയങ്ങളും യുവല്‍ പുതിയ പുസ്തകത്തില്‍ ചര്‍ച്ചചെയ്യുന്നു. മതം, ദേശീയത, മുതലാളിത്തം, വ്യാവസായിക വിപ്ലവം എന്നിങ്ങനെയുള്ള സ്ഥിരം വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതിനൊപ്പം, പഞ്ചസാരയാണോ അതോ തീവ്രവാദമാണോ മനുഷ്യരാശിയുടെ മുഖ്യ എതിരാളി എന്നിങ്ങനെ ഒരേസമയം രസകരവും എന്നാല്‍ ഉള്‍ക്കാഴ്ചയാര്‍ന്നതുമായ നിരീക്ഷണങ്ങളും ഈ പുസ്തകത്തില്‍ ധാരാളമായി കാണാം.
6. 'സ്മാള്‍ ആക്ട്സ് ഓഫ് ഫ്രീഡം' - ഗുര്‍മഹര്‍ കൗര്‍
വീരമൃത്യു വരിച്ച ക്യാപ്റ്റന്‍ മന്‍ദീപ് സിങ്ങിന്റെ പുത്രിയായ ഗുര്‍മേഹര്‍ കൗര്‍, അവരുടെ അമ്മയും അമ്മൂമ്മയും എന്ന നിലയില്‍ പിന്നിലേക്ക് നീണ്ടു കിടക്കുന്ന തലമുറകളിലെ സ്ത്രീകളുടെയെല്ലാം പോരാട്ടങ്ങളുടെയും സഹനത്തിന്റെയും കഥ പറയുന്ന പുസ്തകമാണ് 'സ്മാള്‍ ആക്ട്സ് ഓഫ് ഫ്രീഡം'. യുദ്ധങ്ങള്‍ കൊണ്ടും വിഭജനം കൊണ്ടും രാജ്യത്തിനുണ്ടാവുന്ന നേട്ടങ്ങള്‍ക്കായി ജവാന്മാരും അവരുടെ കുടുംബങ്ങളും നല്‍കുന്ന വില എന്തെന്നും, വിദ്വേഷം കൊണ്ടോ ഭീഷണി കൊണ്ടോ തങ്ങളെ നിശ്ശബ്ദരാക്കാന്‍ കഴിയില്ല എന്നുമുള്ള ഗുര്‍മഹറിന്റെ സ്വാതന്ത്ര്യ പ്രഖ്യാപനമാണ് ഈ പുസ്തകം.
7. 'ദി ലാസ്റ്റ് ഗേള്‍' - നാദിയ മുറാദ്
സമാധാനത്തിനുള്ള നോബല്‍ പുരസ്‌കാരത്തിന് അര്‍ഹയായ മനുഷ്യാവകാശ പ്രവര്‍ത്തക നാദിയ മുറാദ് രചിച്ച 'ദ ലാസ്റ്റ് ഗേള്‍' ആണ് കടന്നുപോയ വര്‍ഷത്തെ മറ്റൊരു ശ്രദ്ധേയ കൃതി. ഐ.എസ്. ഭീകരരുടെ തടവില്‍പ്പെട്ട് വര്‍ഷങ്ങളുടെ യാതനകള്‍ക്കുശേഷം രക്ഷപ്പെടലും ആ തിക്താനുഭവങ്ങളുടെ ആഘാതങ്ങളില്‍ നിന്നുള്ള കരകയറലുമാണ് ഇതിലെ ഇതിവൃത്തം.
8. 'ബ്രീഫ് ആന്‍സേഴ്‌സ് ടു ദി ബിഗ് ക്വസ്റ്റ്യന്‍സ്' - സ്റ്റീഫന്‍ ഹോക്കിന്‍സ്
ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനിന്റെ ഒപ്പം നിര്‍ത്താവുന്ന, ഈ നൂറ്റാണ്ടിലെ തന്നെ പ്രഗത്ഭന്മാരില്‍ പ്രഗത്ഭന്‍ എന്നു പറയാവുന്ന, അടുത്തിടെ അന്തരിച്ച ശാസ്ത്രജ്ഞന്‍ സ്റ്റീവന്‍ ഹോക്കിന്‍സ് രചിച്ച 'ബ്രീഫ് ആന്‍സേര്‍സ് ടു ദി ബിഗ് ക്വസ്റ്റ്യന്‍' എന്ന കൃതിയെ പരാമര്‍ശിക്കാതെ വയ്യ തന്നെ.
9. 'ബോണ്‍ എ ക്രൈം' - ട്രെവര്‍ നോഹ
അമേരിക്കന്‍ ടെലിവിഷന്‍ രംഗത്ത് നിരവധി പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയ ഹാസ്യകലാകാരന്‍ ട്രെവര്‍ നോഹയുടെ ദക്ഷിണാഫ്രിക്കയിലെ ചെറുപ്പകാലമാണ് 'ബോണ്‍ എ ക്രൈം' എന്ന ആത്മകഥയിലൂടെ അദ്ദേഹം നര്‍മത്തില്‍ ചാലിച്ച് അനുവാചകരുമായി പങ്കുവെക്കുന്നത്. നര്‍മം, ഭക്തി എന്നീ രണ്ട് 'ആയുധങ്ങള്‍' ഉപയോഗിച്ച് വംശീയതയെ തടുക്കാന്‍ തന്നെ പഠിപ്പിച്ച തന്റെ അമ്മയെയാണ് ട്രെവര്‍ ഈ പുസ്തകത്തിലൂടെ നമുക്ക് പരിചയപ്പെടുത്തി തരുന്നത്.
10. 'ആന്റ്സ് എമങ് എലഫന്റ്‌സ്' - സുജാത ഗിഡില
സ്വാതന്ത്ര്യാനന്തരവും ഭാരതത്തില്‍ നിലനിന്നിരുന്ന തൊട്ടുകൂടായ്മയുടെ ദുരിതങ്ങള്‍ അനുഭവിക്കുകയും വിദ്യാഭാസം നേടുന്നതിലൂടെ അതിനെ ഒരു പരിധി വരെ അതിജീവിക്കുകയും ചെയ്ത തന്റെ കുടുംബത്തിന്റെ കഥയാണ് സുജാത ഗിഡില 'ആന്റ്സ് എമങ് എലഫന്റ്‌സ്' എന്ന തന്റെ പുസ്തകത്തിലൂടെ പങ്കുവെയ്ക്കുന്നത്.
ഒരു വര്‍ഷത്തെ മികച്ച പുസ്തകങ്ങള്‍ ഈ പട്ടികയില്‍ ഇടം നേടിയ പത്തെണ്ണം മാത്രമാണ് എന്ന് പറയുക വയ്യ. എന്നിരുന്നാലും, മികച്ചവയുടെ പട്ടികയില്‍ ഇവ സ്ഥാനം പിടിക്കും എന്നുറപ്പ് !
Content Highlights: gandhi the years that changed the world, Rebel Sultans The Deccan from Khilji to Shivaji, becoming, daughters of the sungandhi the years that changed the world, Rebel Sultans The Deccan from Khilji to Shivaji, becoming, daughters of the sun