2021 ജനുവരിയിലാണ് ബോസ് കൃഷണമാചാരി കേരളത്തിന്റെ തെക്കുനിന്ന് വടക്കോട്ടേക്ക് ഒരു യാത്ര തിരിക്കുന്നത്. ആലപ്പുഴയിൽ ആരംഭിക്കാൻ ഉദ്ദേശിക്കുന്ന ലോകമേ തവാട് എന്ന കലാപ്രദർശനത്തിലേക്ക് സൃഷ്ടികൾ കണ്ടെത്താനായിരുന്നു അത്. കലാകാരൻമാരെ(കലാകാരികളെയും)നേരിൽ പോയി കണ്ട് അവരുടെ സൃഷ്ടികൾ വിലയിരുത്തുക. ഷോയിലേക്ക് ക്ഷണിക്കുക. ഇതായിരുന്നു ആ യാത്രയുടെ ലക്ഷ്യം. 140 പേരെ പങ്കെടുപ്പിച്ച് നടത്താൻ ഉദ്ദേശിച്ച പ്രദർശനത്തിലെ കലാകാരൻമാരുടെ എണ്ണം ആ യാത്രയോടെ 267-ലേക്ക് ഉയർന്നു. 

''വൈവിധ്യമാർന്ന കലാധാരകളുടെ സംഗമഭൂമിയാണ് കേരളമെന്ന് ആർട്ടിസ്റ്റുകൾക്കിടയിലൂടെയുള്ള ഈ യാത്രയിൽ എനിക്ക് ബോധ്യപ്പെട്ടു. അമൂർത്ത കല, conceptual art, Arte povera, New media, Augmented reality... ബിനാലെയുടെ ഭാഗമായി കലാസൃഷ്ടികൾ കാണാൻ ലോകത്തിന്റെ നാനാഭാഗങ്ങളിലൂടെ സഞ്ചരിച്ചപ്പോൾ ഒരിടത്തും ഇത്രയേറെ വൈവിധ്യം കാണാൻ കഴിഞ്ഞിട്ടില്ല. എന്നെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതും ചരിത്രപരവുമായിയിരുന്നു ആ യാത്ര.'' പ്രദർശനത്തിന്റെ ക്യൂറേറ്റർ കൂടിയായ ബോസ് കൃഷ്ണമാചാരി തന്റെ യാത്രയെ വിലയിരുത്തുന്നു. 

 'ലോകമേ തറവാട്' പ്രദർശനം | കയർ കോർപ്പറേഷൻ ഗോഡൗൺ | 01

art
ഷിജോ ജേക്കബിന്റെ പെയ്ന്റിങ് | ഫോട്ടോ: മധുരാജ്‌

കേരളത്തിലെ കലാകരൻമാർ അനുഭവിക്കുന്ന പ്രശനങ്ങളിലേക്ക് കണ്ണു തുറപ്പിക്കുന്ന ഒരു അനുഭവം കൂടിയായിരുന്നു ഇതെന്ന്  അദ്ദേഹം പറയുന്നു. ''അടുക്കള, ലിവിങ്ങ് റൂം, ബെഡ് റൂം ഇതായിരുന്നു ഇതിൽ ഭൂരിഭാഗം പേരുടെയും സ്റ്റുഡിയോ. കട്ടിലിന്റെ അടിയിലായിരുന്നു അവർ സൃഷ്ടികൾ സൂക്ഷിച്ചിരുന്നത്... അതെ, അതായിരുന്നു അവരുടെ ഷോകേസ്... അത്രമാത്രം സ്വകാര്യവും സത്യസന്ധവും  ഒഴിച്ചുകൂടാനാവാത്തതും  ആയിരുന്നു അവരെ സംബന്ധിച്ചിടത്തോളം കലാപ്രവർത്തനം. വിരലിൽ എണ്ണാവുന്നവർ മാത്രമാണ് ശരിയായ  സ്റ്റുഡിയോവിൽ ഇരുന്ന് ജോലി ചെയ്യുന്നതായി കണ്ടത്.''

അറുപത്തി മൂന്ന് കലാകാരികളും ഈ യാത്രയിലൂടെ പ്രദർശനത്തിൽ ഇടം കണ്ടെത്തി. പതിനഞ്ച് രാജ്യങ്ങളിൽ താമസിച്ച് പ്രവർത്തിക്കുന്ന മലയാളി വേരുകളുള്ള കലാകാരന്മാരുടെ സാന്നിദ്ധ്യം. അവരുടെ മൂവായിരത്തോളം സൃഷ്ടികൾ...! 'ലോകമേ തറവാട്'എന്ന പ്രദർശനം നമ്മുടെ മുന്നിൽ തുറന്നു വെച്ചത് ലോകം മുഴുവൻ പരന്നു കിടക്കുന്ന മലയാളികളുടെ ഏറ്റവും നൂതനവും സമകാലീനവും സർഗ്ഗാത്മകവുമായ  ലോകമാണ്.

''കലാകാരന്മാർക്ക് ഈ ഇരുണ്ട കാലത്ത് സമൂഹത്തിനു വേണ്ടി എന്ത് ചെയ്യാൻ പറ്റും?. കോവിഡ് പകർച്ചവ്യാധിൽ ലോകം പകച്ചു നിൽക്കുന്ന നാളുകളിലായിരുന്നു ലോകമേ തറവാട് എന്ന പ്രദർശനം ഒരു ആശയമായി മുന്നിലേക്ക്  വരുന്നത്. കൃത്യമായി പറഞ്ഞാൽ 2020 സപ്തംബർ മാസത്തിൽ.''- ബോസ് കൃഷ്ണമാചാരി ഓർക്കുന്നു. 

'ലോകമേ തറവാട്' പ്രദർശനം | ന്യൂ മോഡൽ കയർ സൊസൈറ്റി കെട്ടിടം | 02

art
ബ്ലോഡ്‌സോയുടെ ഇൻസ്റ്റലേഷൻ | ഫോട്ടോ: മധുരാജ്

കിഴക്കിന്റെ വെനീസ് എന്ന് അറിയപ്പെടുന്ന ആലപ്പുഴ പൈതൃക നഗരം എന്ന നിലയിൽ അങ്ങിനെ കലയുടെ  ബ്യഹത്തായ ഒരു പ്രദർശനശാലയായി. രണ്ടു കിലോ മീറ്റർ ചുറ്റളവിൽ ഏഴ് ഗ്യാലറികളിലായി ആ സ്വപ്നം യാഥാർത്ഥ്യമാകാനും കഠിനമായ പ്രവർത്തനം ആവശ്യമായി വന്നു. കാടു കയറി ക്കിടന്ന കൂറ്റൻ പാണ്ടികശാലകൾ ലോകോത്തര നിലവാരത്തിൽ മ്യൂസിയം ക്വാളിറ്റി സ്‌പേസ് ഉള്ള  ഗാലറികകളായി  മാറുന്ന മാജിക്കിന് പിന്നീട് നഗരം സാക്ഷ്യം വഹിച്ചു. 

ബോസ് കൃഷ്ണമാചാരി ഡിസൈനറും ആക്കിടക്ടുമായ ഈ പദ്ധതിക്കു വേണ്ടി നൂറുകണക്കിന് വിദഗ്ദ്ധ തൊഴിലാളികൾ, അമ്പതോളം വൊളണ്ടിയർമാർ എന്നിവർ രാപ്പകലില്ലാതെ സമയബന്ധിതമായി, ലക്ഷ്യബോധത്തോടെ നടത്തിയ പ്രവൃത്തിയിലൂടെയാണ് ഈ നേട്ടം കൈവരിക്കാനായത്. അമ്പതിനായിരം ചതുരശ്ര അടി വിസ്താരത്തിൽ ചുരുങ്ങിയത് ഇരുപതടി ഉയരത്തിലുള്ള ഹാളുകൾ. സൃഷ്ടികൾ നേരിട്ട് ഉറപ്പിക്കാൻ പാകത്തിലുള്ള കൃത്രിമച്ചുവരുകൾ. ഒരോ കലാകാരനും ഒരു ഏകാംഗ പ്രദർശനം (solo show) നടത്താനുള്ള   ഇടമാണ് ഇവിടെ നൽകിയിരിക്കുന്നത്. ഗ്യാലറി എന്നാൽ  കലാസൃഷ്ടി ആസ്വദിക്കാനുള്ള കേവലമായ ഒരു ഇടം എന്നതിൽ കവിഞ്ഞ് ഗ്യാലറി തന്നെ  തന്റെ  ഒരു കലാസൃഷ്ടിയായി (work of art) ബോസ് കൃഷ്ണമാചാരി പരിവർത്തിപ്പിച്ചു എന്നത് എടുത്തു പറയേണ്ട മികവാണ്. വൈവിധ്യമാർന്ന കലാരൂപങ്ങളെ അവയുടെ അന്തഃസത്ത ചോരാതെ വർണ്ണവും വെളിച്ചവും ക്രമീകരിച്ച അകത്തളങ്ങളിൽ വാസ്തുശിൽപ്പ സാധ്യതകളെ പരമാവധി ഉപയോഗിച്ച് വിന്യസിച്ചു കൊണ്ടാണ്  അദ്ദേഹം ഇത് സാധ്യമാക്കുന്നത്.

'ലോകമേ തറവാട്' പ്രദർശനം | വില്യം ഗുഡ്ഏക്കർ & സൺസ് കെട്ടിടം | 03

Bose
ക്യുറേറ്റർ ബോസ് കൃഷ്ണമാചാരി | ഫോട്ടോ: മധുരാജ

''ലോകനിലവാരത്തിൽ അവതരിപ്പിക്കാൻ പ്രാപ്തിയുള്ള കലാകാരന്മാരും കലാകാരികളും നമുക്കിടയിലുണ്ട്. പക്ഷെ അവർക്ക് സ്വന്തം സൃഷടികൾ ലോകത്തിനു മുന്നിൽ പ്രദർശിപ്പിക്കാൻ നിലവാരമുള്ള ഗ്യാലറികൾ ഇവിടെയില്ല. ഇത്തരം ഗ്യാലറികൾ അവർക്ക് തുറന്നു കിട്ടുന്നതിലൂടെ മലയാളി കലാകാരൻമാർക്ക് കിട്ടുന്ന അത്മവിശ്വാസം വളരെ പ്രധാനപ്പെട്ടതാണ്.''-ബോസ് കൃഷ്ണമാചാരി വിലയിരുത്തുന്നു. ഈ പ്രദർശനത്തിലൂടെ അവരുടെ സൃഷ്ടികൾ വിൽക്കാനുള്ള ഒരു സാഹചര്യവും ഉണ്ടാകുന്നു. പൊതുവെ ബിനാലെകളിൽ കലാസൃഷ്ടികൾ വിൽക്കാറില്ല. എന്നാൽ ഇവിടെ ആർട്ട് കലക്ടർമാർക്ക് കലാസൃഷ്ടികൾ സ്വന്തമാക്കാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. 

പ്രശസ്ത ചിത്രകാരനായ ഭാഗ്യനാഥിന്റെ ഒരു രചന വിറ്റുപോയത് 28 ലക്ഷം രൂപയ്ക്കാണ് എന്നത് വിരൽ ചൂണ്ടുന്നത് ഈ മേളയുടെ വിപണിമൂല്യം വലുതാണ് എന്നാണ്. ''മലയാളികളായ ആർട്ട് കലക്ടർമാരും അടുത്ത കാലത്തായി നല്ല വില നൽകി ചിത്രങ്ങൾ വാങ്ങാനായി മുന്നോട്ട് വരുന്നുണ്ട്'' ഭാഗ്യനാഥ് സാക്ഷ്യപ്പെടുത്തുന്നു. ഇത് ദൃശ്യകലയെ (visual art)  മുഴുസമയ പ്രവർത്തന മേഖലയായി സ്വീകരിക്കുന്ന പുതിയ തലമുറക്ക് പ്രതീക്ഷയേകുന്നതാണ്. 

''സാംസ്‌കാരിക പദ്ധതികളിൽ(cultural project) നിക്ഷേപിക്കുമ്പോൾ നമ്മുടെ സമൂഹത്തിനും സമ്പദ് വ്യവസ്ഥക്കും ലഭിക്കുന്ന നേട്ടങ്ങളെ നാം വേണ്ട രീതിയിൽ മനസ്സിലാക്കിയിട്ടില്ല. ആ നിലയിൽ നമ്മെ വഴികാട്ടാൻ ഇന്ന്  ലോകത്ത്    ധാരാളം മാതൃകകൾ ഉണ്ട്. അതിൽ പ്രധാനപ്പെട്ടതാണ് സ്‌പെയിനിലുള്ള ബിൽബാവോ (Bilbao) നഗരത്തിൽ 1997-ൽ നിലവിൽ വന്ന ബിൽബാവോ ഗുഗേൻഹീം മ്യൂസിയം (Bilbao Guggenheim museum). ഈ മ്യൂസിയം പിൽകാലത്ത് ആ പുരാതന നഗരത്തിന്റെ തലക്കുറി മാറ്റി എഴുതി. ഫ്രാങ്ക് ഗെഹ്‌റി (Frank  Gehry) എന്ന ലോകോത്തര വാസ്തു ശിൽപ്പി വിഭാവനം ചെയ്ത ഈ ഒരൊറ്റ മ്യൂസിയത്തെ പിൻപറ്റി ഒരു നഗരം സാമ്പത്തികമായി അഭിവൃദ്ധിപ്പെട്ടു. 

ഗ്യാലറിക്ക് മാത്രം അവർ 800 മില്ല്യൺ യൂറോ ചെലവിട്ടുവെങ്കിലും നിർമ്മാണത്തിനു വേണ്ടി ചെലവായ  തുക വെറും ആറു വർഷം കൊണ്ട് സാംസ്‌കാരിക ടൂറിസം വഴി  മ്യൂസിയം  നഗരത്തിന് തിരികെ നൽകി. 2017 ഒക്ടോബറിൽ  മ്യൂസിയത്തിന്റെ ഇരുപതാം ജന്മദിനം ആഘോഷിക്കുമ്പോൾ നഗരത്തിലെത്തിയ സന്ദർശകരുടെ എണ്ണം രണ്ടു കോടി കവിഞ്ഞിരുന്നു. അങ്ങിനെ ആധുനിക കാലത്തെ ഏറ്റവും സ്വാധീനമുള്ള കെട്ടിടമായി ഇത് മാറി. ഇതിനെ 'ബിൽബാവോ ഇഫക്ട് '(Bilbao effect) എന്ന് ലോകം വിളിക്കുന്നു. 

'സാംസ്‌കാരിക നിക്ഷേപവും പ്രകടമായ വാസ്തുവിദ്യയും ചേർന്നാൽ നഗരങ്ങളുടെ സാമ്പത്തിക ഉന്നമനത്തിന് കാരണമാകുന്നു എന്നതാണ് ബിൽബാവോ ഇഫക്ട്  ലോകത്തിന് നൽകുന്ന സന്ദേശം. ഒന്നിച്ച് പ്രർത്തിച്ചാൽ ലോകത്തിന് മുന്നിൽ കൊച്ചുകേരളത്തിനും ലോകോത്തര മാതൃകൾ സമ്മാനിക്കാനാകും.'' ബോസ് തന്റെ സ്വപ്നങ്ങൾ പങ്കുവെക്കുന്നു.

'ലോകമേ തറവാട്' പ്രദർശനം | ഈസ്റ്റേൺ പ്രൊഡ്യൂസ് കമ്പനി | 04

art
ബോണി കേയാറിന്റെ ഫോട്ടോഗ്രഫി | ഫോട്ടോ: മധുരാജ്

കൊച്ചി മുസിരിസ് ബിനാലേ ഫൗണ്ടേഷൻ ആലപ്പുഴ പൈതൃക പദ്ധതിയുടെ ഭാഗമായിട്ടാണ് ലോകമേ തറവാട്  തുറന്നുകൊടുത്തത്. ഏഴ് ഗ്യാലറികൾ. ഇതിന് പുറമെ എറണാകും ദർബാർ ഹാളിൽ സീനിയർ കലാകാരൻമാരായ എ. രാമചന്ദ്രൻ, മുത്തുക്കോയ തുടങ്ങിയവരുടെ പ്രദർശനവും ഉണ്ട്. (ദർബാർ ഹാളിലെ പ്രദർശനം സമാപിച്ചു). രാവിലെ 10 മുതൽ വൈകീട്ട് 6 വരെയാണ് പ്രദശനസമയം. കോവിഡ് കാരണം പല തവണയായി നീട്ടിയ പ്രദർശനം ഈ നവംബർ 30-ന് സമാപിക്കും. 

അർഹമായ  ഗൗരവത്തോടെ ഈ സാംസ്‌കാരിക സംഭവത്തെ കണ്ടുവോ എന്ന കാര്യത്തിൽ സംശയമുണ്ട്. കോവിഡ് ഉയർത്തിയ വെല്ലുവിളിയാകാം ഇതിനു കാരണം. പ്രദർശനത്തിന്റെ ഉദ്ഘാടന വേളയിൽ മലയാളികളുടെ പ്രിയ കഥാകാരൻ എൻ.എസ്. മാധവൻ ഈ സംരഭത്തെ വിശേഷിപ്പിച്ചത് ആലപ്പുഴയുടെ സാംസ്‌കാരിക പുനരുത്ഥാനത്തിന്റെ തുടക്കം എന്നാണ്. ഈ വാക്കുകളുടെ അന്തസത്ത ഉൾക്കൊണ്ട് ഭരണകൂടം ബോസ് കൃഷ്ണമാചാരിയെപ്പോലുള്ള ദീർഘവീക്ഷണമുള്ള കലാകാരൻമാരോട്  ഒന്നിച്ച് പ്രവർത്തിച്ചാൽ ഒരു ബിൽബാവോ ഇഫകട് ആലപ്പുഴയ്ക്കും സ്വപനം കാണാനാവും. യാഥാർത്ഥ്യമാക്കാൻ പറ്റും.

'ലോകമേ തറവാട്' പ്രദർശനം | പോർട്ട് മ്യൂസിയം | 05

Content Highlights: 'Lokame Tharavad' to make Alappuzha, the Bilbao of the East