'സാഹിത്യം നന്നായെഴുതിയതുകൊണ്ടുമാത്രം കാര്യമില്ല, എഴുത്തുകാരന്‍ മതേതരവാദിയായിരിക്കണം'


By സക്കറിയ

8 min read
Read later
Print
Share

'മൂന്നാമതായി എഴുത്തുകാരന്‍ എന്നും സാധുജനപക്ഷത്തു നില്ക്കുന്നവനായിരിക്കണം. അതിനെ ഞാന്‍ ഇടതുപക്ഷം എന്നു വിളിക്കും.'

സക്കറിയ | ഫോട്ടോ: മാതൃഭൂമി

സക്കറിയയുടെ 'കാലത്തിന്റെ കുറിപ്പുകള്‍' എന്ന പുസ്തകത്തിലെ 'എഴുത്തുകാരന് രാഷ്ട്രീയം വേണം രാഷ്ട്രീയ അടിമത്തമല്ല' എന്ന ഭാഗത്തുനിന്ന്;

സ്വന്തം വീട്ടില്‍നിന്ന് കിട്ടുന്ന ഒരു സ്നേഹോപഹാരംപോലെ, ഒരു സമ്മാനംപോലെയുള്ള ഒരു പുരസ്‌കാരമാണ് ഇത്. ഒരു ഭംഗിവാക്കായി തോന്നാമെങ്കിലും അത് സത്യമാണ്. ഞാന്‍ പാലായില്‍ പൊതുവേദികളില്‍ അധികം പ്രത്യക്ഷപ്പെട്ടിട്ടില്ല. ഒരുപക്ഷേ, ഇതാദ്യമായിട്ടായിരിക്കാം, ഇത്രയധികം പാലാക്കാരും ചുറ്റുമുള്ളവരുമായ ആളുകളെ സംബോധന ചെയ്യാന്‍ എനിക്ക് കഴിയുന്നത്. അതിനൊരു അവസരമുണ്ടാക്കിയതിന് ജോര്‍ജ്കുട്ടിയെന്ന് ഞാന്‍ വിളിക്കുന്ന അഡ്വ. ജോര്‍ജ് സി. കാപ്പനോടും രവിയോടും മറ്റ് ഇതിന്റെ സംഘാടകരോടും പ്രത്യേകം നന്ദി പറയുന്നു. മറന്നുപോകുന്നതിനു മുന്‍പ് പറയട്ടെ, ജോര്‍ജ് സി. കാപ്പന്‍ ഈയൊരു ഗംഭീരമായൊരു സ്ഥാപനത്തെ കഴിഞ്ഞ മൂന്നുമൂന്നര ദശകങ്ങള്‍കൊണ്ട് പടുത്തുയര്‍ത്തി. അതിനെ ഒരു പണമിടപാടിന്റെ മാത്രം സ്ഥാപനമാക്കിത്തീര്‍ക്കാതെ ഇവിടെ പ്രസംഗകരില്‍ ആരോ പറഞ്ഞതുപോലെ നന്മയുടെ സ്ഥാപനമാക്കി മാറ്റി. ജനങ്ങള്‍ക്ക് പണത്തിന്റെ കാര്യത്തിന് അപ്പുറത്തോട്ടുള്ള ചില കാര്യങ്ങള്‍ ചെയ്തുകൊടുക്കുക എന്ന രീതി. അതുപോലെ പാലാ എന്ന പാലാ നാരായണന്‍ നായരെ ഓര്‍മിക്കാന്‍ ഈ ബാങ്കിനു സന്മനസ്സുണ്ടായി. അതിനുള്ള ഒരു വിശാലമനഃസ്ഥിതി ഈ ബാങ്കിനുണ്ടായി. അതിനെല്ലാം കാപ്പനെ ഞാന്‍ അനുമോദിക്കുന്നു. ഞാന്‍ മനസ്സിലാക്കുന്നു, അദ്ദേഹത്തിന്റെ പാനല്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്, എതിരില്ലാതെ.

ഇന്നത്തെക്കാലത്ത് നമുക്കെല്ലാവര്‍ക്കും അറിയാവുന്നതുപോലെ കേരളത്തില്‍ എതിരില്ലാതെ ഒന്നും ചെയ്യാന്‍ പറ്റുകില്ല. അങ്ങനെയുള്ള നാട്ടില്‍ ഇതു സാധിക്കുക എന്നത് ഒരു ചെറിയ കാര്യമല്ല. എല്ലാവര്‍ക്കും അറിയാവുന്ന ഒരു പഴയ തമാശയുണ്ട്. ഇവിടെനിന്ന് ഞണ്ടുകളെ അമേരിക്കയ്ക്ക് കയറ്റിയയയ്ക്കുന്നതു സംബന്ധിച്ച്- നിങ്ങള്‍ക്കറിയാം, കാരണം, ഒരാളുമാത്രം ഈ ഞണ്ടുകളെ തുറന്ന കൂടയ്ക്കകത്താണ് അമേരിക്കയ്ക്കു വിട്ടത്, കയറ്റിയയയ്ക്കുന്നത്. അപ്പോള്‍ അദ്ഭുതമായി, നിങ്ങളെങ്ങനെയാണ് ഈ ഞണ്ടുകളെ തുറന്ന കൂടയ്ക്കകത്ത് കയറ്റിവിടുന്നത്? ഇത് മലയാളിഞണ്ടുകളാണ്, അയാള്‍ പറഞ്ഞു, ഒരെണ്ണംപോലും പുറത്തുകടന്ന് രക്ഷപ്പെടില്ല. ഒരുത്തന്‍ മുകളിലേക്ക് കയറിയാല്‍ മറ്റവന്‍ താഴേന്നു പിടിക്കും. അത്തരത്തിലുള്ള ആളുകളാണ് നമ്മള്‍ മലയാളികള്‍- പക്ഷേ, മലയാളികളിലും നല്ലയാളുകളുണ്ടല്ലോ. നമ്മള്‍ മിടുക്കന്മാരാണ്. ബുദ്ധിസാമര്‍ഥ്യം ഒട്ടും കുറവുമില്ല. വമ്പിച്ച അബദ്ധങ്ങള്‍ കാണിക്കുമെങ്കിലും നമ്മുടെ ബുദ്ധിക്ക് ഒരു കുറവുമില്ല. അപ്പോള്‍ ഈ തരത്തിലുള്ള നമ്മുടെ ഇടയിലാണ് ജോര്‍ജുകുട്ടിക്ക് ഇത്രയും കാലം ഇവിടെ കഴിയാന്‍ സാധിച്ചത്. അത് ചെയ്ത പ്രവൃത്തിയുടെ മേന്മയാണ്. ചെയ്ത സേവനത്തിന്റെ മേന്മയാണ്. അതിനൊപ്പം ഞാന്‍ പറയുകയാണ് രണ്ടുമൂന്നു കൊല്ലം മുന്‍പ് രവി എന്നെ ഇവിടത്തെ ലൈബ്രറി കാണിച്ചു. വാസ്തവത്തില്‍ ഞാന്‍ അദ്ഭുതപ്പെട്ടുപോയി. പാലാപോലുള്ള ഒരു ചെറിയ നഗരത്തില്‍ ഇത്രയ്ക്കും നല്ല ഒരു ലൈബ്രറി ഒരു സ്വകാര്യ ഇനിഷ്യേറ്റീവ് ആയിട്ട് ഉണ്ടായല്ലോ. ശീതീകരിച്ച മുറിയും നല്ല സ്മാര്‍ട്ടായിട്ടുള്ള ലൈബ്രേറിയനും ഒക്കെയിരിക്കുന്നതു കണ്ടു. അതിന്റെയര്‍ഥം എത്രയോ വായനക്കാര്‍ക്ക് കയറിച്ചെല്ലാനുള്ള ഒരു കേന്ദ്രമാണ് ഉണ്ടാക്കിവെച്ചിരിക്കുന്നത്.

ഒരു പുസ്തകം വായിച്ചാല്‍ മതി ചിലപ്പോള്‍ ഒരാളിന്റെ ജീവിതത്തില്‍ വിപ്ലവം സൃഷ്ടിക്കാന്‍- നമ്മള്‍ എടുത്തെറിയപ്പെടും അകലങ്ങളിലേക്ക്. അതിന് ഒറ്റപ്പുസ്തകം ചിലപ്പോള്‍ മതിയായേക്കും. അതുപോലെത്തന്നെ ഗംഭീരങ്ങളായ പുസ്തകങ്ങളാണ് അവിടെ കണ്ടത്. നല്ല ആഴമുള്ള വായനയ്ക്കുള്ള പുസ്തകങ്ങള്‍. ഞാന്‍ പ്രതീക്ഷിച്ചതിനപ്പുറം. അതു കണ്ടപ്പോള്‍ എന്റെ പഴയ വായനക്കാലം ഓര്‍മവന്നു. ഞാന്‍ ഉരുളികുന്നത്തുനിന്ന് നടന്ന് പൊന്‍കുന്നം- പാലാ റോഡില്‍ വന്ന് കെ.എം.എസ്. ബസ്സില്‍ കയറി വിളക്കുമാടത്ത് വരും. വിളക്കുമാടത്തായിരുന്നു എന്റെ സ്‌കൂള്‍. എനിക്കു പൂവരണി വായനശാലയായിരുന്നു ഒരഭയം. ഇടയ്ക്ക് എന്റെ അപ്പനെന്നെ ഇളങ്ങുളം വായനശാലയിലും പറഞ്ഞുവിടും. അവിടെ കവലയ്ക്കല്‍ പഴയ ഒരു ചെറിയ തടിപ്പുരയ്ക്കകത്ത് ഒരു ഗ്രന്ഥശാല. പൂവരണിയിലും ഇളങ്ങുളത്തുനിന്നുമുള്ള വളര്‍ച്ചയാണെനിക്ക് പാലാ മുനിസിപ്പല്‍ ലൈബ്രറിയിലേക്ക് പ്രവേശനം തന്നത്. രവി അവിടെ ലൈബ്രേറിയനായിരുന്നു. എബ്രഹാം അവിടെ രവിയോടൊപ്പമുണ്ട്. ഇവരു രണ്ടുപേരും ചേര്‍ന്ന് എനിക്കും എന്നെപ്പോലെ എത്രയോ ചെറുപ്പക്കാര്‍ക്കും പുസ്തകങ്ങളുടെ ലോകം തുറന്നുതന്നു. ഞങ്ങള്‍ വായനയ്ക്കുവേണ്ടി ദാഹിച്ചു നടന്നവരാണ്. നല്ല പുസ്തകങ്ങളെവിടുന്ന് കിട്ടും എന്നന്വേഷിച്ച്. എന്തു കിട്ടിയാലും വായിക്കും. ചീത്ത പുസ്തകം വായിക്കും. നല്ല പുസ്തകവും വായിക്കും. സംസ്‌കൃതപുസ്തകംപോലും വായിക്കും. മനസ്സിലാകില്ല. എങ്കിലും വായിക്കും.

പുസ്തകത്തിന്റെ കവര്‍

ഈ തരത്തിലുള്ള ഞങ്ങളോട് രവിയും എബ്രഹാമുമൊക്കെ പുസ്തകങ്ങള്‍ എടുത്തുതന്ന് പറയും: ഇതാ ഒരു നല്ല പുസ്തകം വന്നിരിക്കുന്നു. കോട്ടയത്തു പോയി അവര്‍ പുതിയ പുസ്തകങ്ങള്‍ വാങ്ങി വരും. കൊണ്ടുവരുന്ന ദിവസം ഞങ്ങള്‍ അതു കാത്തുനില്ക്കും. കാരണം, എന്ത്, ഏതൊക്കെ പുസ്തകങ്ങളാണ് വന്നിരിക്കുന്നത് എന്നു കാണാനും അതില്‍നിന്നും പറ്റുമെങ്കില്‍ ഏറ്റവും നല്ലത് എടുത്തു കൊണ്ടുപോകാനും ഞങ്ങള്‍ കാത്തുനില്ക്കും. അങ്ങനെയുള്ള എന്നെ സംബന്ധിച്ചിടത്തോളം ഞാന്‍ എഴുത്തുകാരന്‍ എന്ന പേരില്‍ വളര്‍ന്നുവന്നുവെങ്കില്‍, ഒരു എഴുത്തുകാരനായിത്തീര്‍ന്നുവെങ്കില്‍ അതിന്റെ പിന്നില്‍ ഒരൊറ്റക്കാര്യമേയുള്ളൂ: ഞാന്‍ ഒരു വായനക്കാരനായിരുന്നു. ഒരു പുസ്തകപ്പുഴുവായിരുന്നു. പുസ്തകപ്പുഴു അല്ലെങ്കില്‍പ്പോലും ഒരു വായനക്കാരനായിരിക്കുക എന്നുള്ളത് പ്രധാനമാണ്. എഴുത്തുകാരനാവുക എന്നുള്ളത് ഒരു പ്രധാന കാര്യമല്ല. എന്താകുന്നതും ഒരു പ്രധാനപ്പെട്ട കാര്യമല്ല. ഒരു പോലീസുകാരനാകുന്നതു പ്രധാനപ്പെട്ട കാര്യമല്ല. ഒരു ബാങ്കറാകുന്നതു പ്രധാനപ്പെട്ട കാര്യമല്ല. വക്കീലാകുന്നതു പ്രധാനപ്പെട്ട കാര്യമല്ല. ഒരു നല്ല കൃഷിക്കാരനാകുന്നതും പ്രധാനമല്ല. പക്ഷേ, അതിനപ്പുറത്ത് വായന നമ്മളെ മറ്റൊരു തലത്തിലേക്ക്, മനസ്സിന്റെ ലോകത്തിലേക്ക് തുറന്നുവിട്ടില്ലെങ്കില്‍ നമ്മുടെ സാധ്യതകള്‍ ഒരു വശത്ത് ഒതുങ്ങിപ്പോകുന്നു. വായനയാണ് വിമോചനം.

പണ്ട് നമുക്കുവേണ്ടി സമയം വിനിയോഗിക്കാന്‍ ഗുരുക്കന്മാരുണ്ടായിരുന്നു. നമ്മള്‍ അവരുടെ കൂടെത്തന്നെ ജീവിച്ച് അവര്‍ക്കറിയാവുന്ന മുഴുവന്‍ കാര്യങ്ങളും നമുക്ക് പറഞ്ഞുതന്ന് നമ്മളെ വളര്‍ത്തിക്കൊണ്ടുപോയിരുന്നു. ഇന്നത് സാധ്യമല്ല. അവിടെയാണ് പുസ്തകങ്ങളുടെ വില. നമ്മള്‍ മക്കളെ ഡോക്ടര്‍മാരും എന്‍ജിനീയര്‍മാരും ആയി മാറ്റിക്കൊണ്ടിരിക്കുകയാണ്. അതിലെ ദുരന്തം എന്താണെന്നുവെച്ചാല്‍ അവര്‍ക്ക് വായനയില്ല. ഞാന്‍ സാമാന്യവത്കരണം നടത്തുകയല്ല. വായനയുള്ളവരെ എനിക്കറിയാം. ധാരാളം പേരെയറിയാം. പക്ഷേ, പൊതുവില്‍ ഈ കുട്ടികള്‍ക്ക് വായനയില്ലാതെപോകുന്നു. അതുകൊണ്ട് അവര്‍ മെച്ചപ്പെട്ട മനുഷ്യരാകുന്നില്ല. അവര്‍ ധാരാളം പൈസയുണ്ടാക്കുന്ന ഡോക്ടറും എന്‍ജിനീയറും ഒക്കെ ആകും, കോടീശ്വരന്മാരാകും. പക്ഷേ, മനുഷ്യത്വം ഇല്ലാതെയായിപ്പോകും. അതിന്റെ കൂടെ ലോകപരിജ്ഞാനമില്ലാതെയാകും. ലോകത്തിലും ഇന്ത്യയിലും എന്താണ് സംഭവിക്കുന്നത് എന്ന് അവബോധമില്ലാതെയായിപ്പോകും. അങ്ങനെയുള്ള ഒരു ഡോക്ടറെ സത്യത്തില്‍ എനിക്കു പേടിയാണ്.

പാലാ ഒരു ചെറിയ നഗരമാണ്, ഭംഗിയുള്ളതാണ്. പാലായില്‍ ജെ.കെ.വി. ഉണ്ടായിരുന്ന കാലത്ത് ഞങ്ങള്‍ ഇവിടുത്തെ പന്നികളെപ്പറ്റി തമാശു പറഞ്ഞിരുന്നു. അന്ന് പാവപ്പെട്ടവരുടെ ഉപജീവനമാര്‍ഗമായിരുന്നു പന്നികള്‍. ചെലവില്ലാത്ത കാര്യമാണ്. അതിനു പ്രത്യേകിച്ചു തീറ്റ കണ്ടുപിടിക്കേണ്ട കാര്യമൊന്നും ഉണ്ടായിരുന്നില്ല. അത് മനുഷ്യന്‍ നിക്ഷേപിച്ചിരുന്നു! അങ്ങനെയുണ്ടായിരുന്ന കാലത്തും മുനിസിപ്പല്‍ വായനശാല ഉണ്ടായിരുന്നു. എനിക്കിപ്പോഴും ഓര്‍മയുണ്ട്, ഈ പാലത്തിനടുത്ത് ഞങ്ങള്‍ കുട്ടികള്‍ സൂക്ഷിച്ച്, പേടിച്ച്, മറിച്ചുനോക്കിയിട്ട് തിരികെ കൊടുക്കുന്ന പുസ്തകങ്ങളുള്ള ഒരു കമ്യൂണിസ്റ്റ് ഗ്രന്ഥശാല ഉണ്ടായിരുന്നു. അതു നടത്തിയിരുന്നത് ആരായിരുന്നു എന്ന് എനിക്കോര്‍മയില്ല. അതെ, ഒരു ചെറിയ കമ്യൂണിസ്റ്റു പുസ്തകക്കടവരെ അന്നു പാലായിലുണ്ടായിരുന്നു. പാലാ ഒരു ഇടതുപക്ഷത്തിന്റെ സ്ഥലമല്ലായിരുന്നുവെന്ന് നിങ്ങള്‍ സമ്മതിക്കുമല്ലോ. ഇതു വളരെ യാഥാസ്ഥിതികരായ ക്രിസ്ത്യാനികളുടെയും അല്ലാത്തവരുടെയും ഒക്കെയായ ഒരു സ്ഥലമാണ്. ഞാന്‍ ഈ രീതിയിലൊക്കെ പുസ്തകങ്ങള്‍ തപ്പിപ്പിടിച്ചു വായിച്ചുവന്നു. എന്റെ അപ്പന്റെ വായനശീലം എങ്ങനെ വന്നുവെന്ന് അറിഞ്ഞുകൂടാ. ക്രിസ്ത്യന്‍ കര്‍ഷകകുടുംബത്തില്‍ ജനിച്ച ആ മനുഷ്യന്‍ എങ്ങനെ ഒരു വായനക്കാരനായിത്തീര്‍ന്നു, ഒരു പുസ്തകപ്രേമിയായി എന്നെനിക്കറിഞ്ഞുകൂടാ.

എനിക്കോര്‍മ വരുമ്പോള്‍ തൊട്ട് പുസ്തകങ്ങള്‍ വീട്ടിലുണ്ട്. മാതൃഭൂമി ആഴ്ചപ്പതിപ്പുണ്ട്. ഞാന്‍ അതു വായിച്ചു വളര്‍ന്നു. അന്ന് മധ്യവര്‍ഗ ക്രിസ്ത്യാനികള്‍ യാതൊരു കാരണവശാലും കമ്യൂണിസ്റ്റുകാരുമായി കൂട്ടുകൂടുന്നവരായിരുന്നില്ല. എന്റെ അപ്പന്‍ കമ്യൂണിസ്റ്റ് സഹയാത്രികനായിരുന്നു. അവരുടെ കൂടെ നടന്നിരുന്നവനായിരുന്നു. അവിശ്വാസിയായിരുന്നു. അതൊക്കെ സ്വതന്ത്രമായി ചിന്തിക്കാന്‍ എന്നെ സ്വാധീനിച്ചു. എന്നെ ഒരു വായനക്കാരനാക്കി, സ്വതന്ത്രനാക്കി വിട്ടു. എനിക്കു വീട്ടില്‍നിന്നു കിട്ടിയിരുന്ന ഓര്‍ഡര്‍ 'നീ ഫൈനല്‍ പരീക്ഷയ്ക്ക് തോക്കരുത്' എന്നു മാത്രമായിരുന്നു. കഴിയുമെങ്കില്‍ തോക്കരുത്, തോറ്റാലും വലിയ കുഴപ്പമില്ല. അതു മാത്രമായിരുന്നു ഞങ്ങള്‍ക്കു കിട്ടിയ ഒരാജ്ഞ. ഇന്നത്തെ മാതാപിതാക്കളുടെ ആശങ്ക അന്നില്ലായിരുന്നു. ഇന്ന് ജീവിതം എത്രയോ കൂടുതല്‍ മത്സരം നിറഞ്ഞതായി.

പുസ്തകം. അതിലൂടെയാണ് ഞാന്‍ വളര്‍ന്നത്. അതിന്റെ ഒരു ഉത്പന്നം മാത്രമാണ് ഞാന്‍. ഞാന്‍ വായിച്ച പുസ്തകങ്ങളിലൂടെയാണ് ഞാന്‍ വളര്‍ന്നുവന്നത്. അതു കഴിഞ്ഞ് ഇവിടം വിട്ടു പോയി ഇംഗ്ലീഷു പഠിച്ചു. ഇംഗ്ലീഷ് പുസ്തകങ്ങള്‍ വായിച്ചു. അപ്പോളവിടെ വേറൊരു തലത്തില്‍ വേറൊരു സെന്‍സിബിലിറ്റി എനിക്കു കിട്ടുന്നു. ആ സെന്‍സിബിലിറ്റിയൊക്കെ വെച്ചിട്ടായിരിക്കാം എഴുത്തിന്റെ ഒരു രീതി എനിക്കു കിട്ടുന്നത്. ഞാന്‍ മനസ്സുകൊണ്ടാരു ഉരുളികുന്നംകാരന്‍ മാത്രമാണ്. ഞാന്‍ പലേടത്തും എഴുതിയിട്ടുണ്ട്. എനിക്ക് പ്രകൃതിയെ വര്‍ണിക്കണമെങ്കില്‍ എന്റെ ഓര്‍മയില്‍ കിടക്കുന്നത് ഞാന്‍ ഉരുളികുന്നത്തു കണ്ട വെളിച്ചവും ചന്ദ്രനും സൂര്യനുമൊക്കെയാണ്. കര്‍ഷകന്റെ മനഃശാസ്ത്രം നല്ലതുപോലെ എന്റെ മനസ്സില്‍ പതിഞ്ഞു. എന്റെ സ്വന്തം നിലപാടുകള്‍ സ്വീകരിക്കാനുള്ള ഒരു ധൈര്യം എനിക്കത് തന്നു. അത് എനിക്ക് വളരെ ഗുണകരമായിട്ടുണ്ട് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. എനിക്ക് സത്യസന്ധമെന്ന് വിശ്വസിക്കുന്ന നിലപാടുകളില്‍ ഉറച്ചുനില്ക്കാനുള്ള ഒരു ശേഷി, കര്‍ഷകന്റെ മണ്ണില്‍നിന്നുയര്‍ന്നുവന്നതിന്റെ ഒരു ഗുണം ഉണ്ടെന്നാണ് വിശ്വാസം.

മലയാളത്തിലെ മിക്ക എഴുത്തുകാരും കര്‍ഷകമണ്ണില്‍നിന്നു വന്നവരാണ്. നമ്മുടെ സാഹിത്യം ഗ്രാമത്തില്‍നിന്ന് വന്നതാണ്. ബഷീറിനെയെടുത്താലും പൊറ്റെക്കാട്ടിനെയെടുത്താലും നമ്മുടെ സാഹിത്യം ഇന്നും ഗ്രാമങ്ങളില്‍നിന്നും വായിച്ചുവളര്‍ന്നവരുടെ എഴുത്താണ്. ആ ഓര്‍മകളെല്ലാം എനിക്കുണ്ട്. പാലാക്കാരെപ്പറ്റി പറഞ്ഞുവരുമ്പോള്‍ കട്ടക്കയത്തില്‍ ചെറിയാന്‍ മാപ്പിളയെപ്പറ്റിയും പറയേണ്ടതുണ്ട്. മലയാളി ക്രൈസ്തവപാരമ്പര്യത്തില്‍ പ്രത്യേകിച്ച് മലയാളി സുറിയാനി ക്രിസ്ത്യാനി പാരമ്പര്യത്തില്‍, കോട്ടയത്തും മറ്റും പുസ്തകശാലകളും അച്ചടിസ്ഥാപനങ്ങളുമൊക്കെ നടത്തുന്നുണ്ടെങ്കിലും അവരുടെ ജീവിതത്തില്‍ പുസ്തകംവായനയ്ക്ക് വലിയ സ്ഥാനമൊന്നും കൊടുത്തിട്ടില്ല. ഇതിനെ നമ്മള്‍ എങ്ങനെയാണ് കാണേണ്ടത്? വാസ്തവത്തില്‍ ഞാനിതിനെ രൂക്ഷമായിട്ട് വിമര്‍ശിക്കുകയും പരിഹസിക്കുകയും ചെയ്തിട്ടുണ്ട്. ക്രിസ്ത്യാനി സാംസ്‌കാരികമായിട്ട്, സാഹിത്യപരമായിട്ട്, കലാപരമായിട്ട്, പുറകോട്ടു പോയി നില്ക്കുന്ന ഒരു സമൂഹമാണെന്ന് ഞാന്‍ എഴുതിയിട്ടുണ്ട്.

കാരണം, ക്രിസ്ത്യാനിയുടെ ശ്രദ്ധ മുഴുവനും കൃഷിയില്‍ അല്ലെങ്കില്‍ ബിസിനസ്സില്‍ ആയിരുന്നു. ആ മേഖലകളിലായിരുന്നു കിസ്ത്യാനിയുടെ സംരംഭശേഷി. അവരുടെ പ്രയത്നം മുഴുവന്‍ അങ്ങോട്ടാണ് പോയത്. അപ്പോള്‍ അവര്‍ ബുദ്ധിജീവിയുടെ കസേരയില്‍ കയറി ഇരിക്കുമെന്നു നമ്മള്‍ വിചാരിച്ചാല്‍ അത് നടക്കുകയുമില്ല. പക്ഷേ, ഞാന്‍ കണ്ടിട്ടുള്ള ഏറ്റവും അസാധാരണരായ വായനക്കാരില്‍ ചിലര്‍ ഈ ചുറ്റുപാടുകളില്‍നിന്നു വന്ന ക്രിസ്ത്യന്‍ കുടുംബങ്ങളില്‍ ജനിച്ചവരായിരുന്നു. അവരെ ഞാന്‍ ക്രിസ്ത്യാനികളെന്നു വിളിക്കില്ല. അവര്‍ അവിശ്വാസികളായിരുന്നു. സ്വതന്ത്രരായിരുന്നു. അരുവിത്തുറ കോളേജിലെ മാത്തമാറ്റിക്സ് പ്രഫസറായിരുന്ന കെ.ജെ. എബ്രാഹം. ഞാന്‍ കണ്ടിട്ടുള്ള ഏറ്റവും ഗംഭീരനായ വായനക്കാരനായിരുന്നു അദ്ദേഹം. ഇങ്ങനെ വായനയ്ക്കുവേണ്ടി, ചിന്തയ്ക്കുവേണ്ടി ജീവിതം അര്‍പ്പിച്ച ഒരു മനുഷ്യന്‍. എന്റെ ജീവിതത്തിന് ഒരു വഴിത്തിരിവു തന്ന മനുഷ്യനാണ്. ഞാന്‍ കഥയും നോവലുമൊക്കെ വായിച്ച്, വിശ്വസാഹിത്യമൊക്കെ വായിച്ച് അങ്ങനെ ഇരിക്കുമ്പോള്‍ അദ്ദേഹം എന്നോടു പറഞ്ഞു, 'എടോ ചരിത്രം വായിച്ചില്ലെങ്കില്‍ മനുഷ്യന്‍ ഒരിടത്തും എത്തുകയില്ല. നീ നിന്റെ പാസ്റ്റ് എന്താണ് എന്നറിയണം. എന്താണ് സെക്കന്‍ഡ് വേള്‍ഡ് വാര്‍ എന്നറിയണം. എന്താണ് കത്തോലിക്കാസഭയുടെ യഥാര്‍ഥചരിത്രം എന്നറിയണം. അതറിയാതെ നമ്മള്‍ ഈ തരികിടയൊന്നും കാണിച്ചിട്ടു കാര്യമില്ല. ഫിലോസഫി അറിയണം.' ആ രീതിയില്‍ അവറാച്ചന്‍ എന്നെ വഴിതിരിച്ചുവിട്ടു. സാഹിത്യംകൊണ്ടുമാത്രം നമുക്ക് ബോധവിജ്ഞാനം ഉണ്ടാക്കിയെടുക്കാന്‍ കഴിയുമോ എന്നെനിക്കു സംശയമുണ്ട്. ഞാന്‍ സത്യം പറഞ്ഞാല്‍ എന്റെ ചെറുപ്പകാലത്ത്, എഴുതിത്തുടങ്ങുന്ന കാലത്ത് കട്ടക്കയത്തിനെ പുച്ഛിച്ചിട്ടുണ്ട്. ഒ.വി. വിജയനാണ് എന്നോടു പറഞ്ഞത്, താന്‍ കട്ടക്കയത്തിനെ നന്നായി വായിക്കണം. കട്ടക്കയം അവസാനകാലത്ത് വളരെ ദുഃഖിതനായിരുന്നുവത്രേ. അപ്പോ ആരോ ചോദിച്ചു, എന്തുകൊണ്ടാണ് ഇങ്ങനെ ദുഃഖിതനായിരിക്കുന്നത്. 'ഒത്തിരി എനിക്ക് നല്കപ്പെട്ടു. പക്ഷേ, എനിക്കൊന്നും ചെയ്യാന്‍ കഴിഞ്ഞില്ലല്ലോ എന്നൊരു ദുഃഖമാണെനിക്കുള്ളത്' എന്നദ്ദേഹം പറഞ്ഞുവത്രേ. ആ കട്ടക്കയത്തിനെ ഞാനോര്‍ക്കുന്നു, വെട്ടൂര്‍ രാമന്‍ നായരെ ഞാന്‍ ഓര്‍ക്കുന്നു, പിന്നെ ജെ.കെ.വി... ജെ.കെ.വി. വാസ്തവത്തില്‍ മലയാളം കണ്ടിട്ടുള്ള ഏറ്റവും ബ്രില്യന്റായിട്ടുള്ള ചെറുകഥാകൃത്തുക്കളില്‍ ഒരാളായിരുന്നു. കുട്ടപ്പനെന്നാണ് ഞങ്ങള്‍ വിളിച്ചിരുന്നത്.

സാഹിത്യത്തിലെ എടപാടുകള്‍ എങ്ങനെയാണെന്നാല്‍ അതില്‍, ഒരു എസ്റ്റാബ്ലിഷ്മെന്റുണ്ട്. അദൃശ്യമായി കാര്യങ്ങള്‍ നിയന്ത്രിക്കുന്ന ഒരേര്‍പ്പാടുണ്ട്. ജെ.കെ.വിയെ ആരും ആ സ്ഥലത്തു കൊണ്ടുപോയി എത്തിച്ചില്ല. ജെ.കെ.വി. അതിനുവേണ്ടി പരിശ്രമിച്ചിട്ടുമില്ല. മലയാളത്തിലെ ഏറ്റവും നല്ല കഥകള്‍ എഴുതിയിട്ടുള്ള ഈ മനുഷ്യന്‍ പാലായില്‍നിന്നുള്ളതാണ്. അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍പോലും ഇന്നു കിട്ടാനുണ്ടോ എന്നെനിക്കറിഞ്ഞുകൂടാ. ഇവിടെ ലളിതാംബിക അന്തര്‍ജനത്തിന്റെ കാര്യം പറഞ്ഞുകഴിഞ്ഞു. രാമപുരത്തുവാര്യരുടെ കാര്യം പറയേണ്ട കാര്യംപോലുമില്ല. അസാധാരണപ്രതിഭയായിരുന്നു. കര്‍ഷകരുടെ ഈ നാട്ടില്‍നിന്ന് എത്രയോ പേര്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. ജോസഫ് പുലിക്കുന്നേല്‍. അദ്ദേഹത്തെ ഒരു സഭാവിമര്‍ശകനായിട്ടാണ് ആളുകള്‍ കാണുന്നത്. അദ്ദേഹം ഒന്നാംതരം ഗദ്യം എഴുതുന്ന ആളാണ്. എസ്.പി. നമ്പൂതിരി എന്റെ മുന്നിലിരിക്കുന്നു. ഒന്നാംതരം യാത്രാവിവരങ്ങളെഴുതിയിട്ടുള്ള ആളാണ്.

റബ്ബറായിരുന്നു പാലാക്കാര്‍ക്ക് ഒരു ചീത്തപ്പേരു തന്നത്. പക്ഷേ, റബ്ബറായിരുന്നു നമ്മള്‍ക്ക് കഞ്ഞി തന്നത്. വലിച്ചാല്‍ നീളുന്നതും വിട്ടാല്‍ പൂര്‍വസ്ഥിതിയെ പ്രാപിക്കുന്നതും എന്നു പറഞ്ഞ് പാലാക്കാരെ പുച്ഛിക്കുന്ന ഒരു രീതിയുണ്ട്. ഞാന്‍ പറയാറുണ്ട്, അങ്ങനെയെങ്കില്‍ നിങ്ങള്‍ കാലില്‍ ധരിക്കുന്ന ചെരുപ്പുവരെ നിങ്ങള്‍ ഊരിക്കളയണം. എന്റെ അമ്മയുടെ ഫസ്റ്റ് കസിന്‍ കൂടിയായിരുന്ന ജോര്‍ജ് തോമസ് കൊട്ടുകാപ്പള്ളിക്ക് ഒന്നാംതരം ഒരു ഗ്രന്ഥശേഖരമുണ്ടായിരുന്നു. അറുപതുകളില്‍ മനോഹരമായ ലൈബ്രറിയായിരുന്നു സെന്റ് തോമസ് കോളേജിനുണ്ടായിരുന്നത്. മണര്‍കാടു പാപ്പന്‍. നമ്മളെല്ലാരും ഒരു ബിസിനസ്സുകാരന്‍ മാത്രമായിട്ടാണ് അദ്ദേഹത്തെ കണ്ടിരുന്നത്. നല്ല വായനക്കാരനായിരുന്നു അദ്ദേഹം. ഞാന്‍ അദ്ഭുതപ്പെട്ടുപോയിട്ടുണ്ട്, പാപ്പന്‍ചേട്ടന്റെ വായനയുടെ പരപ്പു കണ്ടിട്ട്. ആളുകള്‍ പുച്ഛിക്കുന്നതുപോലെയോ പുറത്തുനിന്നു കാണുന്നതുപോലെയോ അല്ല സമൂഹത്തിന്റെ ഉള്ളുകള്ളികള്‍. നേരത്തേ പറഞ്ഞ എബ്രഹാം എന്ന ഒറ്റ വായനക്കാരനിലൂടെ ഒരുപാട് വിദ്യാര്‍ഥികളിലേക്ക് പുസ്തകങ്ങളുടെ സന്ദേശം കടന്നുപോയി. അങ്ങനെയാണ് സമൂഹം വളരുന്നത.് നമുക്ക്, മലയാളികള്‍ക്ക് അല്പം കുറവുള്ള ഒരു സാധനമുണ്ട്: 'സംസ്‌കാരം.' സംസ്‌കാരസമ്പന്നത, പെരുമാറ്റത്തിന്റെ മാന്യത. അതൊക്കെപ്പോലും വായനയിലൂടെ ലഭിക്കും. ഒതുങ്ങിയിരുന്നു വായിക്കുകയും ചിന്തിക്കുകയും ചെയ്യുന്ന ധാരാളം ആളുകള്‍ നമുക്കിവിടെ ഉണ്ടായിരുന്നു. അവരുടെ ഒരു പിന്‍ഗാമിയായിട്ടാണ് ഞാനിവിടെ നില്ക്കുന്നത്.

എന്താണ് എഴുത്തുകാരന്‍ ചെയ്യേണ്ടത് എന്നതിനെപ്പറ്റി ചോദിച്ചാല്‍, എഴുത്തുകാരന്‍ സാഹിത്യം നന്നായിട്ടെഴുതിയതുകൊണ്ടുമാത്രം കാര്യമില്ല. എഴുത്തുകാരന്‍ ഒരു കമ്മിറ്റഡ്-സോഷ്യല്‍ ബീയിങ് ആയിരിക്കണം. അവനവന്‍ ജീവിക്കുന്ന സാഹചര്യത്തോടു കൂറുണ്ടായിരിക്കണം. അറുപതുകളില്‍ ഞങ്ങളൊക്കെ എഴുത്തു തുടങ്ങുമ്പോള്‍ അതിലൊന്നും ഒരു കാര്യവുമില്ല എന്നു കരുതിയിരുന്നു. മനുഷ്യനും സമൂഹവും അപ്രധാനമാണ് എന്നു കരുതി. മുകുന്ദനും ഞാനുമൊക്കെ അങ്ങനെ ചിന്തിച്ചിരുന്നു. പക്ഷേ, പതുക്കപ്പതുക്കെ അത് മനസ്സിലാക്കുകയായിരുന്നു. മലയാളികള്‍ നിര്‍മിച്ച ഒരു മനുഷ്യന്‍ മാത്രമാണ് ഞാന്‍. എനിക്ക് ഈ സമൂഹത്തോട് കൂറു വേണം. ജനാധിപത്യത്തോടു കൂറു വേണം. എന്തുകൊണ്ടാണ് ഇന്ത്യ ഇന്ത്യയായിട്ടു നിലനില്ക്കുന്നത്? നമ്മള്‍ ഒരു ജനാധിപത്യരാഷ്ട്രമായതുകൊണ്ടാണ്. ജനാധിപത്യത്തിലുള്ള വിശ്വാസം എഴുത്തുകാരന്‍ ഊട്ടിയുറപ്പിച്ചുകൊണ്ടിരിക്കണം. എഴുത്തുകാരന്‍ ജനാധിപത്യത്തില്‍ ഉറച്ചുനില്ക്കുകതന്നെ വേണം. അല്ലാതെ, ഞാനിപ്പോള്‍ ലോകത്തിലെ ഏറ്റവും നല്ല കഥയെഴുതിയതുകൊണ്ടോ നോവലെഴുതിയതുകൊണ്ടോ ഒരു കാര്യവുമില്ല. എന്റെ മനഃസാക്ഷി ഈ നാടിനോടൊപ്പം ഉണ്ടായിരിക്കണം.

രണ്ടാമത് ഞാന്‍ വിശ്വസിക്കുന്നത് മതേതരത്വമാണ്. എഴുത്തുകാരന്‍ ഒരു സംശയവുമില്ലാതെ മതേതരവാദിയായിരിക്കണം. വിദ്വേഷം നിറഞ്ഞ ഇന്നത്തെ ജാതിയും മതവും നമ്മുടെ ജീവിതത്തില്‍ പാടില്ല. ജാതിയും മതവും നമ്മുടെ എഴുത്തില്‍ പ്രതിഫലിക്കാനും പാടില്ല.

മൂന്നാമതായി എഴുത്തുകാരന്‍ എന്നും സാധുജനപക്ഷത്തു നില്ക്കുന്നവനായിരിക്കണം. അതിനെ ഞാന്‍ ഇടതുപക്ഷം എന്നു വിളിക്കും. എന്നെ സംബന്ധിച്ചിടത്തോളം കമ്യൂണിസ്റ്റു പാര്‍ട്ടിയൊന്നുമല്ല ഇടതുപക്ഷം. കമ്യൂണിസ്റ്റുപാര്‍ട്ടി അതിന്റെതായ നന്മ കേരളത്തിനു ചെയ്ത ഒരു മഹദ്പാര്‍ട്ടിയാണ്. എന്നെ സംബന്ധിച്ചിടത്തോളം ആ പാര്‍ട്ടി അപ്രധാനമാണ്. ആ പാര്‍ട്ടി ഒരിക്കല്‍ പ്രതിനിധീകരിച്ചിരുന്ന ചില സാധുജനപക്ഷമൂല്യങ്ങളുണ്ട്. അത് വളരെ പ്രധാനമാണ്. അതിന് പാര്‍ട്ടിയുടെ ചരടും ഒന്നും നമുക്കാവശ്യമില്ല. ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്ത് എഴുത്തുകാരന്‍ സാധുജനപക്ഷത്ത് നിന്നില്ലെങ്കില്‍ അത് സമൂഹത്തോടു ചെയ്യുന്ന ഒരു വഞ്ചനയാണ്. ജാതിയില്‍നിന്ന്, മതത്തില്‍നിന്ന്, മാധ്യമങ്ങളുടെ അജന്‍ഡയില്‍നിന്ന് ഒഴിഞ്ഞുനില്ക്കണം. അതിന്റെയൊക്കെ അടിമയായാല്‍ എഴുത്തുകാരന്‍ പൂജ്യം. രാഷ്ട്രീയപാര്‍ട്ടികളില്‍നിന്നും പ്രത്യേകിച്ചും സ്വതന്ത്രനായിരിക്കണം. എഴുത്തുകാരന് രാഷ്ട്രീയം വേണം. അടിമത്തമല്ല, രാഷ്ട്രീയപ്രവര്‍ത്തനങ്ങളെ വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യമാണ് വേണ്ടത്.

(2017 ജൂലായ് 27ന് 'മഹാകവി പാലാ പുരസ്‌കാരം 2017'
സ്വീകരിച്ചുകൊണ്ട് സക്കറിയ ചെയ്ത പ്രസംഗത്തിന്റെ വരമൊഴിരൂപം
കിസ്‌കോ സഫലം മാസിക- 1 സെപ്റ്റംബര്‍ 2017)

Content Highlights: Zakharia, Kaalathinte kurippukal, Books excerpt, Mathrubhumi books

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
gandhinagar second street, sathyan anthikkad Mamukoya movies, sreenivasan

8 min

'ഗ്ലാമറിനോടുള്ള ഒരുതരം വൈരാഗ്യബുദ്ധി ശ്രീനിവാസന് അക്കാലംതൊട്ടേ ഉണ്ട്, അതു തെളിഞ്ഞിരിക്കയാണ്!'

Jun 4, 2023


Manu S Pillai, Book Cover

12 min

എത്ര മായ്ക്കാന്‍ ശ്രമിച്ചാലും മായാത്ത മുഗള്‍ചരിത്രം; മനു എസ്. പിള്ളയുടെ റിബല്‍ സുല്‍ത്താന്‍മാര്‍!

Jun 3, 2023


Madhavikkutti and Gandhi

11 min

മഹാത്മാഗാന്ധിയും മാധവിക്കുട്ടിയും തമ്മിലെന്ത് ബന്ധം?

May 31, 2023

Most Commented