ദെനാലി കൊടുമുടിയിലേക്കുള്ള പാത| ഫോട്ടോ ചെറിയാൻ തോമസ്
പെട്ടെന്നാണ് ഒരു ചുരമിറങ്ങിക്കൊണ്ടിരുന്ന ഞങ്ങളുടെ ബസിന്റെ ഇടതുവശത്തെ താഴ്വരയ്ക്കുമീതേ, ഉയര്‍ന്നും താഴ്ന്നും കിടക്കുന്ന ഒരു പരവതാനിപോലെ കാണപ്പെട്ട പുല്മൈതാനപ്പരപ്പുകളുടെ അങ്ങേയറ്റത്ത്, ആകാശം ഭൂമിയില്‍ മുട്ടുന്ന അവ്യക്തരേഖയില്, ദെനാലി കൊടുമുടി പ്രത്യക്ഷപ്പെട്ടത്. ഞങ്ങള്‍ അതിനുനേര്‍ക്ക് പോകേണ്ട റോഡ് ആളനക്കമില്ലാത്ത ഒരു ഒറ്റയടിപ്പാതപോലെ അത്യകലത്തേക്ക് അപ്രത്യക്ഷമായി. ഹിമാലയത്തിലൂടെ യാത്രചെയ്യുമ്പോള്‍ വിസ്മയിപ്പിക്കുന്ന പര്‍വതദൃശ്യങ്ങള്‍ വന്നുപെടാറുണ്ട്. പക്ഷേ, അവ അപ്രതീക്ഷിതങ്ങളല്ലതന്നെ; ഒരു പര്വതസാമ്രാജ്യത്തിന്റെ ഭാഗമാണ്. എന്നാല്‍ അലാസ്കന്‍ ടന്‍ഡ്രയിലെ കുറ്റിക്കാടുകളുടെയും മൊട്ടമലകളുടെയും പ്രപഞ്ചത്തില്‍ ഇങ്ങനെയൊരു മോഹന ഹിമമണിമന്ദിരത്തിന്റെ കാഴ്ച, നാം അത് തേടിച്ചെല്ലുകയാണെങ്കില്പോലും നമ്മെ സ്തബ്ധരാക്കുന്നു. താജ്മഹലിലേക്ക് ആദ്യം കണ്ണയയ്ക്കുമ്പോള്‍ ഉണ്ടാകുന്ന അവസ്ഥ: ഇങ്ങനെയൊരു എല്ലാം തികഞ്ഞ, വടിവൊത്ത കറതീര്‍ന്ന, അതീന്ദ്രിയരൂപം നാം പ്രതീക്ഷിക്കുന്നില്ല. ദെനാലിശിഖരത്തിന്റെ ഭംഗിയെ അസാധാരണമാക്കുന്നത് ട്രന്ഡ്രയുടെ വിജനതയില്‍ അത് നിര്‍മിക്കുന്ന മാന്ത്രികസാന്നിധ്യത്തിന്റെ ആകസ്മികതയാണ്. ഡേവിഡ് കോപ്പര്‍ഫീല്‍ഡ് ആ വന്യതയില്‍ ഒരുനിമിഷത്തേക്ക് നമ്മുടെ കണ്ണുകെട്ടിയതുപോലെ.
ഞങ്ങള്‍ പര്‍വതത്തിന്റെ സമ്പൂര്‍ണ ദൃശ്യം നല്കുന്ന കുന്നിന്‍പുറ താവളത്തിലെത്തിയപ്പോളാണ് ദെനാലി അതിന്റെ എല്ലാ മഹിമകളുമണിഞ്ഞ് വിളങ്ങുന്ന കാഴ്ച പ്രത്യക്ഷമായത്. ഞങ്ങള്‍ കണ്ടത് ആകാശം മുട്ടി, നിലകളും ചാര്‍ത്തുകളും പടിപ്പുരകളും ചായിപ്പുകളും ഇറക്കുകളും നിഴലിന്റെയും വെളിച്ചത്തിന്റെയും രഹസ്യ അറകളുമായി, പല ഉയരങ്ങളിലുള്ള മഞ്ഞുശിഖരങ്ങള്‍ ഒന്നൊന്നിനുമേല്‍ പതിപ്പിച്ചതുപോലെ തോന്നിപ്പിക്കുന്ന ഒരു പര്‍വതസമുച്ചയമാണ്. എന്നാലത് ഒരൊറ്റ കൂമ്പാരമാണ്. ഗാങ്ടോക്കില്‍നിന്ന് നാഥുലായിലേക്ക് പോകുന്ന വഴിയിലെ ഒരു നാടുകാണിയില്‍നിന്ന്, മേഘങ്ങള്‍ ഒരുനിമിഷത്തേക്ക് അനുവദിച്ച കാഞ്ചന്‍ജംഗയുടെ കാഴ്ച എനിക്കോര്‍മവന്നു. അതും ഇങ്ങനെയൊരു സ്വര്ഗീയസദനമായിരുന്നു. ഞങ്ങള്‍ നില്‍ക്കുന്നത് പര്‍വതത്തില്‍നിന്ന് അമ്പതിലേറെ കിലോമീറ്റര്‍ അകലെയാണത്രെ. ആ ദൂരത്തില്നിന്നുപോലും ദെനാലിയുടെ വലുപ്പം നടുക്കുന്നു. സഞ്ചാരിത്താവളത്തിന് താഴെ ഒരു നദി ഒഴുകുന്നുണ്ട്. അതിനുമപ്പുറത്ത് കറുത്ത മലകളുടെ നിര. അവയുടെ അടുക്കുകള്ക്കപ്പുറത്ത് ദെനാലിയുടെ അടിക്കുന്നുകളും ഉപശിഖരങ്ങളും തലയുയര്‍ത്തുന്നു. അവയ്ക്കുമപ്പുറത്ത് മുഖ്യശിഖരത്തിന്റെ കൂര്‍ത്ത മുന നീലാകാശത്തെ ഉരുമ്മുന്നു. ഞങ്ങള്‍ ഒന്നിറങ്ങിച്ചെന്ന് അല്പസമയം നദിക്കരയില്‍ ചെലവഴിച്ചു. അവിടന്നാണ് പര്‍വതത്തിലേക്കുള്ള നീണ്ട ട്രെക്കിങ്പാത ആരംഭിക്കുന്നത്. അതിലൂടെ തങ്ങളുടെ യാത്ര ആരംഭിക്കുന്നവരുണ്ട്, മലയ്ക്ക് ശിഷ്യപ്പെട്ടിട്ട് മടങ്ങിവരുന്നവരുണ്ട്. ഞങ്ങള്‍ക്ക് കൊതിതോന്നി. പക്ഷേ, ദെനാലിയെ പോയി തൊടാനുള്ള അവസരം ഞങ്ങള്‍ക്കില്ല എന്നറിയാമെന്നിരിക്കെ എന്തിന് സങ്കടം? താവളത്തിന് പിന്നിലെ കുന്നിന്ചെരിവിലെ പുല്മേടുകളിലൂടെ കയറിപ്പോകാനും കൊതിതോന്നി-അത് കൈപ്പിടിയില്‍ ഒതുങ്ങുന്നതാണ്. പക്ഷേ, അതും വിലക്കപ്പെട്ട കനിയാണ്.
കരടി - മുന്നറിയിപ്പുകളാണ് എങ്ങും. ആ മേടുകള്‍ അദ്ദേഹത്തിന്റെ നാടാണ്. നാം അതിലേ സൈ്വരവിഹാരത്തിന് പോകുകയും അദ്ദേഹം നമ്മുടെ മുന്പില് വന്നുചാടുകയും ചെയ്താല്‍, പണ്ട് ഏദന്‍തോട്ടത്തില്‍നിന്ന് കുപിതനായ ദൈവം ആദാമിനെയും ഹവ്വയെയും തുരത്തിയതുപോലെ നിസ്സാരമാവില്ല പരിണത ഫലങ്ങള്‍. അതുകൊണ്ട് ലളിതമായി പറഞ്ഞാല്‍, ആ സ്വപ്നവും പൊലിഞ്ഞു. സഞ്ചാരികള്‍ക്ക് തലയില്‍വെച്ച് ഫോട്ടോയെടുത്ത് രസിക്കാനായി വെച്ചിരിക്കുന്ന കൊമ്പോടുകൂടിയ ഒരു മൂസ് ശിരസ്സ് ഞങ്ങളും തലയില്‍വെച്ച് ചിത്രമെടുത്തു. കുറേസമയംകൂടി, വിശ്വാസംവരാതെയെന്നപോലെ ദെനാലിയുടെ സുന്ദരവിഗ്രഹത്തിലേക്ക് മിഴിച്ചുനോക്കിനിന്നു. മടങ്ങാന്‍ സമയമായി. സഹയാത്രികര്‍ ബസില്‍ തിരിച്ചുകയറിത്തുടങ്ങി. മടങ്ങിപ്പോകുമ്പോള്‍ പര്‍വതത്തിന്റെ മറ്റൊരു വീക്ഷണകോണില്‍നിന്നുള്ള ദൃശ്യം ലഭിച്ചു. ഇടത്തും വലത്തും ചക്രവാളങ്ങളിലെ പ്രത്യക്ഷമാകുന്ന ഒരു ഹിമപര്വതനിരയുടെ ഭാഗമാണ് ദെനാലി. അലാസ്കാ റേഞ്ച് എന്നറിയപ്പെടുന്ന 650 കിലോമീറ്റര്‍.നീളമുള്ള ഈ മലനിര കാനഡയിലാരംഭിച്ച് അലാസ്കയില്‍ അവസാനിക്കുന്നു. 1902-ലാണ് ദെനാലിയുടെ ശിഖരത്തിലെത്താന്‍ പര്‍വതാരോഹകരുടെ ശ്രമങ്ങളാരംഭിച്ചത്. 1909-ല്‍ ഉയരംകുറഞ്ഞ ശിഖരത്തിലും 1913-ല്‍ ഏറ്റവും ഉയര്‍ന്നതിലും മലകയറ്റക്കാര്‍ എത്തി. ഇന്ന് എവറസ്റ്റും മറ്റുംപോലെ ദെനാലിയും പര്‍വതാരോഹകരുടെ ഒരു പ്രിയപ്പെട്ട ലക്ഷ്യമാണ്. ഏതാണ്ട് നാലാഴ്ച സമയവും സുരക്ഷിതമായ ഒരുങ്ങലുകള്ക്ക് വേണ്ട പൈസയുമുണ്ടെങ്കില്‍ സമര്‍ഥനായ ഒരു പര്വതാരോഹകന് ദെനാലിയുട മുകളിലെത്തി മടങ്ങാം. നൂറുപേരോളം ദെനാലി കയറ്റത്തില്‍ മരിച്ചിട്ടുണ്ട്. അതാരും അത്ര കാര്യമായി എടുക്കാറില്ല. സാഹസികര്‍ക്ക് മരണം ഒരു പ്രതികൂല സാഹചര്യമല്ല, ഒരു വെല്ലുവിളിയാണ് എന്ന് തോന്നുന്നു. ഭാഗ്യവാന്മാര്..
പുതിയ ലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച സക്കറിയയുടെ അലാസ്കന്‍ യാത്രാവിവരണത്തിന്റെ അവസാന അധ്യായത്തില്‍ നിന്നും
Content Highlights: Zacharia Alaska travelogue last chapter
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..