യിരമ്യാവ്
ഒരു നൂറ്റാണ്ടിന്റെ അനുഭവങ്ങളും ഓര്‍മകളും നിറഞ്ഞതായിരുന്നു യിരമ്യാവിന്റെ ജീവിതം. ബ്രിട്ടീഷ് ഇന്ത്യയില്‍ ജീവിച്ച, അവസാനത്തെ അടിമ. കേരളീയ സമൂഹം പിന്നിട്ട, സമരോത്സുകമായ, ബഹുതലസ്പര്‍ശിയായ മാറ്റങ്ങളുടെതായ ഒരു കാലത്തിന്റെ സാക്ഷി. അത്ഭുതങ്ങളുടെ, അനുഭവങ്ങളുടെ വന്‍കര! രണ്ട് ലോകമഹായുദ്ധങ്ങള്‍, വൈക്കം സത്യാഗ്രഹം, സോവിയറ്റ് വിപ്ലവം, കേരളീയ നവോത്ഥാനത്തിന്റെ ഭാഗമായുള്ള സമരങ്ങള്‍. പൊയ്കയില്‍ യോഹന്നാനും ശ്രീനാരായണഗുരുവും. ചരിത്രത്തിന്റെ ഭാഗമായ കടുത്ത വരള്‍ച്ചയും വെള്ളപ്പൊക്കവും. ദളവാക്കുളത്തിന്റെ നിലവിളികളും വയല്‍വരമ്പുകളില്‍ തുളുമ്പിയ കര്ഷകരക്തവും. യിരമ്യാവിന്റെ ഓര്‍മയില്‍ കാലം കോറിയിട്ട ഇത്തരം അനുഭവങ്ങള്‍, അദ്ദേഹവുമായി നടത്തിയ ദീര്‍ഘമായ വര്‍ത്തമാനങ്ങളിലൂടെയാണ് പകര്‍ത്തിയത്- അടിമ ജീവിതത്തിന്റെ ദയനീയതകള്‍ പകുത്തുകാട്ടുന്ന മലയാളത്തിലെ ആദ്യകൃതി. അനില്‍കുമാര്‍ എ.വി എഴുതി മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച 'യിരമ്യാവ്; അടിമയുടെ ജീവിതം' എന്ന പുസ്തകത്തില്‍ നിന്നും ഒരുഭാഗം വായിക്കാം.
കാലദേശാതിര്ത്തികള്ക്കപ്പുറത്ത് അധികാരത്തിന് എങ്ങും ഒരേ മുഖമാണ്; ഒരേ വ്യാകരണവും. ഉടമയുടെ ഗര്‍ജനങ്ങള്‍ക്കും അടിമയുടെ ഞരക്കങ്ങള്‍ക്കും ഒരേ താളമാണ്. അടിമയെന്നാല്‍ വ്യക്ത്യാനുഭവത്തിന്റെ ഏകാന്ത തുരുത്തല്ല. അത് സര്വനാമമാണ്. ചൂഷണത്തിന്റെ കൊടിയ ഭാരം പേറി നടുവൊടിഞ്ഞവരുടെ വ്യത്യസ്ത ലോകമാണ് ഏതൊരു അടിമയുടേതും. കാലം നല്കുന്ന തിരിച്ചറിവുകള്‍ പിന്നീട് ഇടിമുഴക്കങ്ങള്പോലെ, ചുരുട്ടിയ മുഷ്ടികളായി, മുദ്രാവാക്യങ്ങളായി ആ ലോകത്ത് ഉയരുന്നു. അതില്‍ താക്കീതുകളും ഓര്‍മപ്പെടുത്തലുകളും. ലോകത്തിന്റെ ഭാരം വലിച്ച് കുതിച്ചും കിതച്ചും അരഞ്ഞും അലിഞ്ഞും തീര്‍ന്ന അവസ്ഥയില്‍നിന്നുള്ള അതിജീവനം.
ജീവചരിത്രത്തിനും ആത്മകഥയ്ക്കും അനുഭവ വിവരണങ്ങള്ക്കുമുള്ള യോഗ്യത സാധാരണ മനുഷ്യര്‍ക്ക് നിഷേധിക്കുന്നതാണ് വരേണ്യവാദ ചരിത്ര സമീപനം. വേട്ടപ്പട്ടികള്‍ ചരിത്രമെഴുതുംവരെ ചരിത്രം വേട്ടക്കാരുടേത് മാത്രമായിരിക്കുമെന്ന ചൊല്ലില്‍ ഉള്ളടങ്ങിയിട്ടുള്ളത് ഈ വസ്തുതയാണ്.
'ഭൂമിയിലെ നികൃഷ്ടര്‍' എന്ന് ഫ്രാന്‍സ് ഫാനന് വിളിച്ച (The wretched of the earth)വര്‍ക്ക് പരാമര്‍ശിക്കപ്പെടാന്‍ മാത്രം കനമുള്ള ജീവിതമുണ്ടോ എന്ന ചോദ്യം കേവലം നിഷ്കളങ്കമല്ല. അത് അനുഭവങ്ങളില്നിന്നല്ല, ആഡംബരങ്ങളില്നിന്നാണ് 'വസ്തുതകള്‍' തിരയുന്നത്. അഞ്ച് തലമുറയുടെ കഥകള്‍ പറഞ്ഞ യിരമ്യാവ് സമാന്തരചരിത്രപാഠം തന്നെയാവുകയാണ്.
മിഗ്വല്‍ ബാര്‍നറ്റ് എന്ന സ്പാനിഷ് പത്രപ്രവര്ത്തകന് എഴുതിയ 'അടിമയുടെ ആത്മകഥ' എന്ന പുസ്തകത്തിലെ അടിമ എസ്തബാന് മോണ്ടിജോ ഇങ്ങനെ പറയുന്നു... 'ഞാനിങ്ങനെ വീണ്ടും പറയുന്നത് എന്തുകൊണ്ടാണെന്ന് വെച്ചാല്‍ സത്യത്തിന്റെ വായടയ്ക്കാന്‍ ആര്‍ക്കും സാധ്യമല്ല എന്നതുകൊണ്ടാണ്. നാളെ ഞാന്‍ മരിക്കുകയാണെങ്കിലും ശരി എന്റെ അഭിമാനം കളഞ്ഞുകുളിക്കാന്‍ ഞാന്‍ തയ്യാറല്ല. എന്നെക്കൊണ്ടാവുമെങ്കില്‍ ഇപ്പോഴും ഞാന്‍ ആ കഥയെല്ലാം വിളിച്ചുപറയും. പണ്ട് ഞാന്‍ വൃത്തികെട്ട് നഗ്നനായി കാട്ടിലൂടെ അലയുന്ന കാലത്ത് സ്പാനിഷ് സൈനികര്‍ ചൈനീസ് കഥാപാത്രങ്ങളെപ്പോലെ നല്ല വൃത്തിയില്‍ ഒന്നാംകിട ആയുധങ്ങളുമായി നടന്നുപോകുന്നത് കണ്ടിട്ടുണ്ട്. അന്ന് പക്ഷേ, എനിക്ക് മൗനം പാലിക്കാനേ ആവുമായിരുന്നുള്ളു. അതുകൊണ്ടാണ് എനിക്ക് മരിക്കാന്‍ ആഗ്രഹമില്ലെന്ന് ഞാന്‍ പറയുന്നത്. എന്നാല്‍ ഇനി വരാനിരിക്കുന്ന യുദ്ധങ്ങളിലും എനിക്ക് പൊരുതാമല്ലോ...'
ഈ വരികള്‍ വിശദമാക്കുന്നത് തകര്‍ക്കാനാവാത്ത നിശ്ചയദാര്‍ഢ്യത്തിന്റെ ഒരു ഏടാണ്. അടിമക്കാലത്തെ പല പ്രവണതകളും ഇവിടെ വ്യക്തമാക്കുന്നുണ്ട്. മിഗ്വല്‍ ബാര്‍നറ്റ്, എസ്തബാനുമായി നടത്തിയ മുറിയന്‍ സംഭാഷണങ്ങളാണ് 'അടിമയുടെ ആത്മകഥ'യായി രൂപാന്തരപ്പെട്ടത്.
തീക്ഷ്ണമായ തന്റെ അനുഭവങ്ങള്‍ ആരുമായും പങ്കുവെക്കാന്‍ താല്പര്യമില്ലാതിരുന്ന എസ്തബാന് ആദ്യം പതുങ്ങിയ മട്ടിലായിരുന്നു. മൗനത്തിന്റെയും നിസ്സംഗതയുടെയും അകല്‍ച്ച. അവിശ്വസനീയമായ ക്ഷമയോടെ കാത്തിരുന്ന ബാര്‍നറ്റ് പതുക്കെപതുക്കെ ഒരു ജീവിതവും കാലവും സമര്‍ഥമായി പൂര്‍ത്തിയാക്കുകയായിരുന്നു. പറച്ചിലുകള്‍ കൃത്യതയാര്ന്നപ്പോള് എസ്തബാന് മോണ്ടിജോ ശരിക്കും ഗ്രന്ഥകാരന്തന്നെയായി
മാറി.
'പാടിയിലെ ജീവിതം'എന്ന ആദ്യഭാഗം ആരംഭിക്കുന്നതുതന്നെ ചൂഷണത്തിന്റെ ആരും ശ്രദ്ധിക്കാത്ത ഒരു മേഖലയിലേക്ക് കണ്ണോടിച്ചുകൊണ്ടാണ്. ദൈവങ്ങള്‍ സ്വേച്ഛാചാരികളും നിര്ബന്ധബുദ്ധികളുമാണെന്ന എസ്തബാന്റെ തുറന്നടിക്കലും ഇന്ന് നടക്കുന്ന പല വിചിത്രസംഭവങ്ങള്ക്കും പിന്നില്‍ അവരാണെന്ന വിശദീകരണവും നിസ്സാരമല്ല. ഓടിപ്പോന്ന അടിമയായതിനാല്‍ രക്ഷിതാക്കളെ നേരിട്ടറിയാന്‍ കഴിയാത്ത അവസ്ഥ. അടിമകളെ പന്നികളെപ്പോലെ വിറ്റിരുന്ന രീതികള്‍, തോട്ടത്തിലെ പണി- തുടങ്ങി ഒരിക്കല്‍ ഓടിപ്പോകാന്‍ ശ്രമിച്ചതിന് പിടികൂടി വീണ്ടും വിലങ്ങുപൂട്ടപ്പെട്ട അവസ്ഥ എന്നിവയെല്ലാം എസ്തബാന് വിശദീകരിച്ചിട്ടുണ്ട്. കരിമ്പിന് ചണ്ടി വാഗണിലെ ജോലി, ഇണങ്ങാത്ത കോവര്‍ കഴുതയുമായുള്ള ചങ്ങാത്തം, മുറികള്‍ എന്നപേരിലുള്ള ചൂളകളില്‍ വിങ്ങിയുറങ്ങാന് വിധിക്കപ്പെട്ടത്, അവിടെയുണ്ടായ സങ്കരജീവികളുടെ അപകട സഞ്ചാരങ്ങള്‍ - ഇത്തരം കൗതുകക്കാഴ്ചകളെല്ലാം യിരമ്യാവിനും പറയാനുണ്ട്.
അമേരിക്കയിലെ മണലാരണ്യത്തില്‍ കെട്ടിയിടപ്പെട്ട പഴയ അടിമയെപ്പോലെ യിരമ്യാവും സ്വപ്നസമാനമായ അവസ്ഥയിലായിരുന്നു. അമേരിക്കയിലായപ്പോഴും അടിമയുടെ മനസ്സ് ആഫ്രിക്കന്‍ ശുഷ്ക്കജീവിതത്തിലൂടെ സഞ്ചരിച്ചു. സ്വന്തം കടല്ത്തീരത്തെക്കുറിച്ചും അവിടം ഭംഗിയാക്കിനിര്ത്തിയ നിറമണലിനെക്കുറിച്ചും ചിന്തിക്കുകയായിരുന്നു. സിംഹത്തിന്റെ അലര്‍ച്ചയും ഫ്ളെമിംഗോ പക്ഷികള്‍ കൂട്ടംചേര്‍ന്ന് പറന്നകലുന്നതിന്റെ വിദൂരശബ്ദങ്ങളും കേട്ടു. ആ പക്ഷികള്‍ ചെളിക്കകത്തു നിന്ന് ചെറുജീവികളെ കൊത്തിപ്പറക്കുന്നതും അനുഭവിച്ചു, സ്വപ്നം പോലെ. (Slaves Dream) അടിമകളെ കളിക്കരുക്കള് മാത്രമാക്കുന്ന വിനോദങ്ങള്‍. മതവുമായി ബന്ധപ്പെട്ട കളികള്‍. അടിമകളുടെ ചോരതെറിപ്പിച്ച് അവരെ ബലഹീനരാക്കുന്ന പ്രാകൃതാചാരങ്ങള്പോലും കളികളുടെ പേരിലുണ്ടായി. എസ്തബാന് തുടര്‍ന്ന് അടിമകളുടെ ക്രയവിക്രയങ്ങളെ പന്നിവില്പ്പനപോലെയാണ് സ്ഥാനപ്പെടുത്തിയത്.
ഇതിനു സമാനമായ ദുരിതാനുഭവങ്ങള്‍ നിറഞ്ഞതായിരുന്നു യിരമ്യാവിന്റെ ജീവിതവും. അമേരിക്കന്‍ അടിമ വെച്ചുപുലര്‍ത്തിയ സ്വാതന്ത്ര്യബോധംതന്നെയായിരുന്നു വന്യമായ ഒരാവേശത്തോടെ എസ്റ്റേറ്റില്‍ നിന്നും ഒളിച്ചോടാന്‍ യിരമ്യാവിനെയും പ്രേരിപ്പിച്ചത്.
അടിമപ്പണി, ഒളിച്ചോട്ടം
പന്ത്രണ്ടാം വയസ്സില്‍ കങ്കാണി തെളിച്ച വഴിയിലൂടെ യിരമ്യാവ് ചിന്തലാര്‍ എസ്റ്റേറ്റിലെത്തി.
കുറേ വര്‍ഷം ചിന്തലാറില് കഴിഞ്ഞ യിരമ്യാവ് പിന്നെ മുണ്ടപ്ലത്തോട്ടത്തിലേക്ക്. കൊളുന്ത് നുള്ളവെ പാട്ടുപാടിയതിന് കങ്കാണി ചൂരല്‍ കൊണ്ട് ഭീകരമായി തല്ലി. പോത്തിനെ അടിക്കുംപോലെ. പന്ത്രണ്ട് തവണയായിരുന്നു അടി. ചുമലില്‍ നിന്ന് ചോര ഒഴുകി. പണികയറാനായ വേളയിലായിരുന്നു ശിക്ഷ.
കരഞ്ഞുകലങ്ങിയ കണ്ണും മുറിഞ്ഞ മനസ്സുമായി യിരമ്യാവ് അന്ന് ഉറങ്ങാതിരുന്നു. ആ ഇടവേളകളില്‍ രക്ഷപ്പെടാനുള്ള വഴികളും ഉപായങ്ങളും അന്വേഷിച്ച് മനസ്സ് അപകടമാര്ഗങ്ങളിലൂടെ സഞ്ചരിച്ചു. ഒടുവില്‍ ഒന്നുറച്ചു. എങ്ങനെയും രക്ഷപ്പെടുക. എസ്റ്റേറ്റ് ഉടമയായ സായ്പിനും മദാമ്മയ്ക്കും കങ്കാണിമാര്‍ക്കും കപ്പ ഇഷ്ടഭോജ്യമായിരുന്നു. നാവിന് തുമ്പില്‍ വെള്ളമൂറുന്നതുതന്നെ. കപ്പവാങ്ങി വരാമെന്ന ആഗ്രഹത്തിന് മൂപ്പന് സമ്മതം മൂളി.
എസ്റ്റേറ്റിലെ പണികള്‍ക്ക് പുറമെ മറ്റു പുരകളിലെ വിറക് ചുമക്കലും കാവലുമടക്കം അധികജോലി. അങ്ങനെ സ്വരൂപിച്ച ഏഴ് ചക്രം കൈയിലുണ്ട്. കപ്പയ്ക്ക് മൂപ്പന് നല്കിയ പണത്തിനൊപ്പം ആ ഏഴ് ചക്രവും.
വിശ്വസ്തനാണെന്ന പരിഗണനയില്‍ കപ്പ വാങ്ങാന്‍ യിരമ്യാവ് മുണ്ടക്കയത്തേക്ക്. ആ യാത്ര നിശ്ചയിച്ചുറപ്പിച്ചതായിരുന്നു. സ്വാതന്ത്ര്യത്തിന്റെ ആകാശങ്ങള്‍ തേടിയുള്ള പറക്കലിന് ഒരുങ്ങുകതന്നെ ചെയ്തു. സ്വപ്നങ്ങള്‍ കണ്ടും പുതിയ ജീവിതം കൊതിച്ചും വനത്തിലൂടെ ഓടി. ചുറ്റുമെന്താണെന്ന് അറിയാതെയുള്ള ഓട്ടം. കാലുകള്‍ക്ക് മൃഗവേഗമാര്ന്ന അനുഭവം. ഒരൊറ്റ ചിന്തമാത്രം. പെറ്റനാടിനെക്കുറിച്ച്.
മുണ്ടപ്ല തോട്ടത്തില്‍നിന്നും മുണ്ടക്കയത്തേക്കുള്ള ഓട്ടം- യിരമ്യാവിന്റെ മനസ്സിനും ശരീരത്തിനും മുറിവേറ്റിരുന്നു. ഇരുട്ടുകയറിയ കണ്ണുകളും വേദന തളംകെട്ടിയ മനസ്സുമായുള്ള ആ ഓട്ടം. പലേടത്തും തട്ടിവീണു. അട്ടകള്‍ കാലില്‍ കൊളുത്തിക്കയറി. ശരീരത്തില്‍ നിന്ന് ചോര കിനിയുമ്പോള്‍ 'മത്തായിക്കൊക്ക'യുടെ കഥ മനസ്സില്‍ പേടിയായി നിറഞ്ഞു. അടിമവേലയില്‍ നിന്ന് ഒളിച്ചോടിയവരെ സായ്പിന്റെ കങ്കാണിമാര്‍ പിടികൂടി ആ കൊക്കയില്‍ തള്ളുമായിരുന്നു. മത്തായി എന്നയാള്‍ കാളവണ്ടിയുമായി മറിഞ്ഞ് ചത്ത സ്ഥലമാണത്. ശരീരാവശിഷ്ടങ്ങള്‍പോലും കണ്ടെടുക്കാനാവാത്തവിധമായിരുന്നു മത്തായിയുടെ അന്ത്യം. ഇതൊരു ഭീഷണിയായി യിരമ്യാവിന്റെ നിനവുകളിലെത്തി. മലബാറിലെ പഴശ്ശായിക്കുണ്ടംപോലെ. പ്രതികരിക്കുന്നവരെയും ജന്മിമാരുടെ ലൈംഗികാര്‍ത്തിക്ക് വഴങ്ങാത്തവരെയും കൊന്നുതള്ളുന്ന ഗര്‍ത്തമായിരുന്നു അത്. നിലവിളികള്‍പോലും പുറത്ത് കേള്‍ക്കാത്തവിധം ആഴമേറിയ കൊടുംകാട്ടിലെ ഗര്‍ത്തം.
സംശയത്തിന്റെ ആനുകൂല്യങ്ങള്‍ നല്‍കാതെ, വിജനപാതയിലെ മനുഷ്യതുരുത്തുകളെപ്പോലും നോക്കാതെ യിരമ്യാവ് ഓടി; ജീവിതത്തിലേക്ക്. മരം കോച്ചുന്ന തണുപ്പും എല്ലാം അവ്യക്തമാക്കുന്ന ഇരുട്ടും കടന്നുവെച്ച് രാത്രി അയാള്‍ മുണ്ടക്കയത്തെത്തി.
പരിചയക്കാരാരും അവിടെയുണ്ടായില്ല. സമയം ഏറെ കഴിയുംമുമ്പ് ഒരു കാളവണ്ടിയെത്തി. കോട്ടയം ചന്തയിലേക്ക് വാഴക്കുലകള്‍ എത്തിക്കുന്ന വാഹനം. വണ്ടിക്കാരനെ കണ്ടപ്പോള്‍ യിരമ്യാവ് കരയാന്‍ തുടങ്ങി. അയാളുടെ മനസ്സലിഞ്ഞു. എവിടേക്കാണെന്ന് തിരക്കി. വെളുപ്പിനേ യാത്രയുള്ളുവെന്ന ഔദാര്യസ്വരം യിരമ്യാവിന് സാന്ത്വനമായി. വണ്ടിയില്‍ കയറിക്കിടക്കാനുള്ള നിര്‍ദ്ദേശവും കിട്ടി. വാഴക്കുലകള്‍ വകഞ്ഞ് അവന് വണ്ടിയില്‍ കിടന്നു.
നേരം പുലരുംവരെ യിരമ്യാവ് സംതൃപ്തിയോടെ കണ്ണുപൂട്ടിയില്ല. കങ്കാണിയുടെ കാല്‍പ്പെരുമാറ്റം പ്രതീക്ഷിച്ചുകൊണ്ടേയിരുന്നു. മനസ്സില്‍ പ്രേതവിചാരം കണക്കെ 'മത്തായിക്കൊക്ക'. വനജീവികളുടെ അനക്കങ്ങള്‍ സ്വന്തം ശരീരത്തിലാണോ എന്ന് സംശയിച്ചു. ക്ഷീണിച്ചുറങ്ങിയ ചെറിയ നിമിഷത്തെ, സ്വസ്ഥതയെ തകര്‍ത്തത് കാളവണ്ടിക്കാരന്റെ വിളി. സ്വയം ഒളിപ്പിച്ച് യിരമ്യാവ് വണ്ടിയില്‍ ഇരുന്നു. സൂര്യന് കണ്ണുതുറക്കുമ്പോള്‍ ത്തന്നെ മുണ്ടക്കയം വിട്ടു.
അധികം സംസാരിക്കാത്ത തടിയനായ വണ്ടിക്കാരന്. എല്ലും തോലുമായ കാള ഏങ്ങിയേങ്ങി വലിക്കുന്ന വണ്ടി. യിരമ്യാവിന്റെ മനസ്സിന്റെ വേഗത്തിനനുസരിച്ച് ആ ചാവാളിക്ക് ദൂരം ഓടിത്തീര്‍ക്കാനായില്ല. അവന് കാളയെ ശപിച്ചു. വേഗം കൂട്ടാന്‍ ദൈവങ്ങളെ വിളിച്ചു. ഉള്ളുരുകി പ്രാര്‍ഥിച്ചു.
കഞ്ഞിക്കുഴി കവലയായെന്ന് ഓര്‍മിപ്പിച്ചത് വണ്ടിക്കാരന്. അപ്പോഴേക്കും യിരമ്യാവ് വെയിലേറ്റ് വാടിയിരുന്നു. ഇറങ്ങിയയുടന്‍ നാലുപാടും നോക്കി. പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീട്ടിലേക്ക് പോകുന്നത്. കൈയിലുള്ള ചക്രങ്ങള്‍ കൊടുത്ത് നാഴി കടലയും തേങ്ങയും ചക്കരയും വാങ്ങി. തുണിയില്‍ക്കെട്ടി തോളില്വെച്ചു.
അലക്ഷ്യമായ നടത്തംകൊണ്ടൊന്നും കൂര കണ്ടുപിടിക്കാനായില്ല. ചോദ്യങ്ങള്‍ സംശയങ്ങളുണ്ടാക്കുമെന്ന് ഭയന്ന് ആദ്യം അതിന് മുതിര്‍ന്നില്ല. ഒടുവില്‍ അന്വേഷിക്കാന്‍ തന്നെ തീരുമാനിച്ചു. അപ്പോഴും നിറയെ അവ്യക്തതകള്‍ മാത്രം. കുടുംബത്തില്‍ ആരൊക്കെ ബാക്കിയുണ്ടെന്നുപോലും അറിയില്ല. ദീനങ്ങള്‍ ആരെയൊക്കെ കവര്‍ന്നുപോയി. പ്രകൃതിയുടെ രോഷം എത്രപേരെ അനാഥമാക്കി. ഒന്നും തിട്ടമില്ല.
നാട്ടിലാകെ മാറ്റങ്ങള്‍. പഴയ കൂരകള്‍ക്ക് പകരം കുറച്ച് വീടുകള്‍. വഴികളും തീര്‍ത്തും അപരിചിതം. സ്വന്തം നാട്ടിലേക്ക് ഒളിച്ചോടി തിരിച്ചെത്തിയപ്പോള്‍ നാടാകെ മാറിയിരിക്കുന്നു. മാറിയ ഇടവുമായി ആദ്യം പൊരുത്തപ്പെടാനായില്ല.
ഒടുവില്‍ വീട് ചോദിച്ചു. അമ്മയുടെ പേരില്‍. കോട്ടയം ചന്തയില്‍ പുല്ലും വട്ടയിലയും വില്‍ക്കുന്ന അന്നയുടെ വീട്. ഒരു അപരിചിതന് യിരമ്യാവിനെ അന്നയുടെ അടുത്തെത്തിച്ചു. മകനെ തിരിച്ചറിഞ്ഞ അമ്മ കരഞ്ഞുകൊണ്ട് യിരമ്യാവിനെ കെട്ടിപ്പിടിച്ചു.
അച്ഛന് മകനെ അടിമവേലയ്ക്ക് വിറ്റതാണെന്ന് അന്നയ്ക്ക് അറിയില്ലായിരുന്നു. അച്ഛന് ഇല്ലിപ്പൊത്തില് ഒളിപ്പിച്ചുവെച്ച യിരമ്യാവിന്റെ സാധനങ്ങള്‍ ഒരുനാള്‍ അവിടെനിന്ന് വീഴുന്നു. അതുകണ്ട അന്ന ഭര്‍ത്താവിനോട് മകനെപ്പറ്റി കുറെ ചോദിച്ചു കയര്‍ത്തു. യിരമ്യാവിനെക്കുറിച്ച് ഒരു വിവരവും ഇല്ലാത്ത അവര്‍ പിന്നീട് അവ മുന്നില്‍വെച്ച് കരയുമായിരുന്നു. നിര്‍ത്താത്ത ആ കരച്ചിലുകള്‍ ഒടുവില്‍ ഉറക്കത്തിലെത്തും.
യിരമ്യാവ് എത്തുമ്പോള്‍ അച്ഛന് കോട്ടയം കവലയില്‍ പണിക്കുപോയി മടങ്ങിയെത്തിയിരുന്നില്ല. അനുജന്മാര് പാറിയെത്തി. അയല്‍ക്കാര്‍ ഓടി
ക്കൂടി. മകന് എത്തിയത് അച്ഛന് വഴിക്ക് വെച്ചറിഞ്ഞു. മകനെ കണ്ടപ്പോഴും കുറ്റബോധത്താല്‍ അച്ഛന് വീട്ടിലെ സന്തോഷത്തില്‍ പങ്കുകൊള്ളാനായില്ല. ഇത് യിരമ്യാവിനെ വല്ലാതെ വേദനിപ്പിച്ചു. താന്‍ കഷ്ടപ്പെട്ടും സാഹസപ്പെട്ടും വീട്ടിലെത്തിയിട്ടും അച്ഛന് തീരെ സന്തോഷമില്ല. ഹെമിങ്വേയുടെ 'വൃദ്ധനും കടലും' എന്ന കൃതിയിലെ അനുഭവംപോലെ- ചിലപ്പോള്‍ വിജയങ്ങളെല്ലാം അസ്ഥിപഞ്ജരമാണല്ലോ (often victories are skeleton) എന്ന വ്യാകുലത.
എന്നാല്‍ കുഞ്ഞപ്പിയെ കണ്ടതോടെ ആ വേദനകളില്ലാതായി. അവനൊപ്പമാണ് യിരമ്യാവിനെ സായ്പിന് വിറ്റത്. അവന് യിരമ്യാവിനും മുമ്പ് ഒളിച്ചോടി നാട്ടിലെത്തിയിരുന്നു. എസ്റ്റേറ്റിലെ കഥകളാണ് കുഞ്ഞപ്പിക്ക് അറിയേണ്ടിയിരുന്നത്. ബ്ലാക്കിസായ്വിനെയും കങ്കാണിമാരെയും മണിയെപ്പോലുള്ള പാണ്ടി സുഹൃത്തുക്കളെയും കുറിച്ച് അയാള്‍ ചോദിച്ചറിഞ്ഞു.
മുണ്ടപ്ല തോട്ടത്തില്‍ നിന്നും രക്ഷപ്പെട്ടതിന്റെ അനുഭവങ്ങള്‍ ഇരുവരും തമ്മില്‍ പറഞ്ഞു പൊട്ടിച്ചിരിച്ചു. മറ്റുള്ളവര്‍ക്ക് ഇതൊന്നും അധികം മനസ്സിലായില്ല.
രാത്രി വീട്ടിലാകെ ഉത്സവമായിരുന്നു. ആളുകള്‍ വന്നും പോയ്ക്കൊണ്ടുമിരുന്നു. കുറേ ദിവസങ്ങള്‍ക്കുശേഷം കഞ്ഞിവെച്ച് കുടിച്ചു. നേരം പുലര്‍ന്നപ്പോള്‍ ജീവിതം സ്വാഭാവികമായി. അന്നുതന്നെ യിരമ്യാവ് കോട്ടയം ചന്തയില്‍ ചുമടെടുക്കാന്‍ പോയിത്തുടങ്ങി. മറ്റൊരു ജീവിതത്തിന്റെ മറ്റൊരു തുടക്കം.
Content Highlights: Yiramyavu, The last Britis slave, MathrubhumiBooks, Anilkumar A.V
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..