പ്രതീകാത്മക ചിത്രം | എ.എഫ്.പി.
സതീഷ്കുമാറിന്റെ ആത്മകഥയായ 'യാത്രയുടെ അനന്തപദങ്ങള്‍' എന്ന പുസ്തകത്തിലെ ഒരു ഭാഗം വായിക്കാം...
1988ലെ വസന്തകാലം. ഞാന്‍ എന്റെ സുഹൃത്ത് ജോണ്‍ ലെയ്‌നിന്റെ ബീഫോഡിലെ വീട്ടില്‍ ഒരു സന്ദര്‍ശനത്തിനെത്തിയതായിരുന്നു. പതിവില്ലാത്തവിധം മ്ലാനവദനനായിരുന്നു അദ്ദേഹം. 'ഞങ്ങള്‍ ഫോക്‌സ്‌ഹോളിലെ സ്‌കൂള്‍ അടച്ചൂപൂട്ടാന്‍ തീരുമാനിച്ചു. വേദനാജനകമായിരുന്നു ഈ തീരുമാനം. ഡാര്‍ട്ടിങ്ടന്റെ അത്മാവായിരുന്നു ആ വിദ്യാലയം. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ അനുഭവത്തില്‍നിന്ന് ഇത് മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയില്ലെന്ന് ഞങ്ങള്‍ക്കു മനസ്സിലായി.'
'ഏതൊരു പ്രതിസന്ധിയും ഒരു അവസരംകൂടിയാണ്,' ഞാന്‍ പറഞ്ഞു. 'പഴയ വാതിലുകള്‍ അടയുമ്പോള്‍ പുതിയവ തുറക്കുന്നു. സ്‌കൂള്‍ നടത്തിക്കൊണ്ടുപോകാന്‍ നിങ്ങള്‍ക്ക് കഴിയുന്നില്ലെങ്കില്‍ എന്തുകൊണ്ട് നിങ്ങള്‍ക്ക് ഒരു സര്‍വകലാശാല ആരംഭിച്ചുകൂടാ? പാരിസ്ഥിതികവും ആത്മീയവുമായ മൂല്യങ്ങളെക്കുറിച്ച് പഠിക്കുന്നതിനുള്ള ഒരു മാതൃകാസ്ഥാനമായിരിക്കും ഡാര്‍ട്ടിങ്ടണ്‍ എന്നെനിക്ക് തോന്നുന്നു. സ്‌കൂള്‍ അടച്ചുപൂട്ടുന്നത് പുതിയ ഒരു സംരംഭം തുടങ്ങുന്നതിനുള്ള സുവര്‍ണാവസരമായി കണ്ടുകൂടേ?'
ഞാന്‍ നോര്‍ത്ത് ഡെവനില്‍ വാസമുറപ്പിച്ചതിനുശേഷം ജോണും ഞാനും എല്ലാ കാര്യങ്ങളിലും പരസ്പരം സഹകരിച്ചുകൊണ്ടാണ് മുന്നോട്ടു നീങ്ങിയത്. ഇരുവരുടെയും പദ്ധതികളില്‍ ഞങ്ങള്‍ പരസ്പരം താത്പര്യം കാണിച്ചു. ജോണ്‍ റിസര്‍ജന്‍സിന്റെ ആര്‍ട്ട് എഡിറ്ററും 'ഗ്രീന്‍ ബുക്‌സി'ന്റെ ബോഡ് അംഗവുമായിരുന്നു. ജോണ്‍ സംഘടിപ്പിച്ച പല സമ്മേളനങ്ങളിലും കോഴ്‌സുകളിലും ഒരു സജീവസഹായിയായി ഞാനും ഉണ്ടാകുമായിരുന്നു.
ഇത്തരത്തില്‍ ഞങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തനാധിഷ്ഠിതമായ നല്ലൊരു ബന്ധം നിലനിന്നിരുന്നു. അതിനാല്‍ത്തന്നെ, ഡാര്‍ട്ടിങ്ടണ്‍ ഒരു സര്‍വകലാശാലയായി മാറ്റുന്നതിനെക്കുറിച്ചുള്ള നിര്‍ദേശം ഞാന്‍ മുന്നോട്ടുവെച്ചപ്പോള്‍ അദ്ദേഹം അത് ഗൗരവത്തില്‍ത്തന്നെ എടുത്തു.
ഡാര്‍ട്ടിങ്ടണ്‍ ഒരളവുവരെ പതിവുരീതിയിലുള്ള വിരസതയില്‍ വീണുകഴിഞ്ഞെന്നും ആ പ്രദേശത്തിന്റെ പുനരുജ്ജീവനത്തിന് ഊര്‍ജിതമായ ചില പദ്ധതികള്‍ ആവിഷ്‌കരിക്കേണ്ടതുണ്ടെന്നും ജോണിന് അഭിപ്രായമുണ്ടായിരുന്നു. അദ്ദേഹം പറഞ്ഞു: 'ഇക്കാര്യത്തെക്കുറിച്ച് ഇനിയും കൂടുതലായി എന്തെങ്കിലും പറയൂ.'
'മധ്യയുഗം മതങ്ങളുടെ കാലഘട്ടം എന്നാണ് അറിയപ്പെട്ടിരുന്നത്. അന്ന് എല്ലാവരും ദൈവശാസ്ത്രപഠനത്തില്‍ ഉത്സാഹം കാട്ടി. പിന്നെ യുക്തിചിന്തയുടെ കാലഘട്ടം വന്നു. അക്കാലത്ത് യുക്തിചിന്തയുടെയും ശാസ്ത്രീയവും വിശകലനാത്മകവുമായ പദ്ധതിയുടെയും അടിസ്ഥാനത്തിലായിരുന്നു പഠനമേഖലകളെയെല്ലാം സമീപിച്ചിരുന്നത്. ഇപ്പോള്‍ നമ്മള്‍ മറ്റൊരു പരിവര്‍ത്തനഘട്ടത്തിലൂടെ കടന്നുപോവുകയാണ്.
പരിസ്ഥിതിചിന്തയുടെയും ആത്മീയതയുടെയും പുതിയ യുഗത്തിന്റെ പിറവിക്കാണ് നാം സാക്ഷ്യംവഹിച്ചുകൊണ്ടിരിക്കുന്നത്. ഈയൊരു പരിണാമത്തിന്റെ ആവിഷ്‌കാരത്തിനായി പുതിയ സ്ഥാപനങ്ങളുടെ ആവശ്യകതയുണ്ട്. ഈ മേഖലയില്‍ നേതൃത്വം നല്കുന്ന ഒരു പ്രദേശമായി ഡാര്‍ട്ടിങ്ടനെ കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,' ഞാന്‍ മറുപടി പറഞ്ഞു. 'എനിക്കിപ്പോഴും പൂര്‍ണബോധ്യം വന്നില്ല. ഇക്കാര്യത്തില്‍ ഇനിയും എന്തെല്ലാം ആശയങ്ങളാണ് താങ്കള്‍ കരുതിവെച്ചിട്ടുള്ളത്?' ജോണ്‍ ചിരിച്ചുകൊണ്ട് ചോദിച്ചു, 'ഉദാഹരണമായി, ജെയിംസ് ലവ്‌ലോക്കിന്റെ 'ഗായിയ പരികല്പനം' എടുക്കുക.
സര്‍വകലാശാലകളൊന്നുംതന്നെ അതിനെ തൊടില്ല. അതേസമയം നമ്മുടെ കാലഘട്ടത്തിലെ ഏറ്റവും ശ്രദ്ധേയമായ ഒരു ആശയമാണത്. അതുപോലെ റൂപേര്‍ട്ട് ഷെല്‍ഡ്രേക്കിന്റെ ശരീരഘടനോത്പത്തിശാസ്ത്രവിഷയകമായ 'മോര്‍ഫോ ജെനിറ്റിക്‌സി'നെ വ്യവസ്ഥാപിതഭരണവര്‍ഗം സംശയദൃഷ്ടിയോടെയാണ് വീക്ഷിക്കുന്നത് എന്ന് താങ്കള്‍ക്കറിയാമല്ലോ.
.jpg?$p=cc29bd4&&q=0.8)
നേച്ചര്‍ മാഗസിന്‍ അഭിപ്രായപ്പെട്ടത് ഒരു പുസ്തകം കത്തിച്ചുകളയണമെന്നു തീരുമാനിക്കപ്പെടുകയാണെങ്കില്‍ അതിനു തിരഞ്ഞെടുക്കപ്പെടാന്‍ സര്‍വഥാ യോഗ്യമാവുക ഫൂപര്‍ട്ട് ഷെല്‍ഡ്രേക്കിന്റെ 'എ ന്യൂ സയന്‍സ് ഓഫ് ലൈഫ്' ആയിരിക്കും എന്നാണ്. ധിഷണാപരമായ അന്വേഷണങ്ങള്‍ക്ക് ആത്മീയമായ ഒരു പിന്‍ബലം നല്കുന്നതില്‍ ഒരു സര്‍വകലാശാലയും താത്പര്യം കാണിക്കില്ല. അപ്പോള്‍ ഇത്തരം ആശയങ്ങളെക്കുറിച്ച് ആഴത്തില്‍ പഠിക്കണം എന്ന് ആഗ്രഹിക്കുന്നവര്‍ എവിടെ പോകും? അതുകൊണ്ടാണ് ഞാന്‍ പറഞ്ഞത് ഫോക്‌സ്‌ഹോളിലെ സ്‌കൂള്‍ അടച്ചുപൂട്ടുമ്പോള്‍ ഒഴിഞ്ഞുകിടക്കുന്ന കെട്ടിടങ്ങള്‍ ഗംഭീരമായ ഒരു പുതിയ സംരംഭം തുടങ്ങുന്നതിനുള്ള സുവര്‍ണാവസരമാണ് താങ്കള്‍ക്ക് തുറന്നുനല്കുന്നത്!'
'താങ്കള്‍ പറയുന്നത് കേള്‍ക്കല്‍ വളരെ രസകരമായി തോന്നുന്നുണ്ട്. പക്ഷേ, ഈ ആശയം എങ്ങനെ നമുക്ക് മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയും?' ജോണ്‍ അദ്ഭുതത്തോടെ ചോദിച്ചു. അല്പനേരം ആലോചിച്ചശേഷം അദ്ദേഹം പറഞ്ഞു: 'ഡാര്‍ട്ടിങ്ടണിലെ പ്രമുഖരായ വ്യക്തികളെ ഞാന്‍ വിളിച്ചുചേര്‍ക്കാം. താങ്കള്‍ അവരെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുക.' തികഞ്ഞ ഒരു വെല്ലുവിളിയായിരുന്നു അത്. എങ്കിലും ഞാന്‍ ആ വെല്ലുവിളി സ്വീകരിക്കാമെന്നു സമ്മതിച്ചു.
ഏതാനും ആഴ്ചകള്‍ക്കുശേഷം ഏംഹേസ്റ്റ് സെന്ററിന്റെ സൗകര്യപ്രദമായ ഹാളില്‍ ഡാര്‍ട്ടിങ്ടണ്‍ എസ്റ്റേറ്റിന്റെ എല്ലാ വകുപ്പുതല മാനേജര്‍മാരും ചില ട്രസ്റ്റിമാരും ഒത്തുകൂടി. തന്റെ സംക്ഷിപ്തമായ ആമുഖപ്രസംഗത്തില്‍ ജോണ്‍ പറഞ്ഞു: 'ഓരോ യുഗത്തിനും രൂപം നല്കിയത് ഡെസ്‌കാര്‍ട്ടസ്, മാര്‍ക്‌സ്, ഫ്രോയിഡ്, യുങ്, ഐന്‍സ്റ്റീന്‍ തുടങ്ങിയ പുരോഗമനകാരികളും വിപ്ലവകാരികളുമായ പ്രബലരായ ചിന്തകരാണ്. സതീഷിന്റെ മനസ്സില്‍ വലിയൊരു ആശയമുണ്ട്. ഭാവിയെ കരുപ്പിടിപ്പിക്കാന്‍ പോകുന്ന നമ്മുടെ കാലഘട്ടത്തിലെ ശക്തമായ ചിന്തകരുടെ ആശയങ്ങള്‍ക്ക് ഒരു അടിത്തറ പണിയാന്‍ ഡാര്‍ട്ടിങ്ടണ് കഴിയണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നു. തന്റെ കാഴ്ചപ്പാടുകള്‍ നമുക്കു മുന്നില്‍ അവതരിപ്പിക്കുന്നതിനുവേണ്ടിയാണ് ഞാന്‍ അദ്ദേഹത്തെ ഇവിടേക്ക് ക്ഷണിച്ചുവരുത്തിയിരിക്കുന്നത്.'
ഞാന്‍ പറഞ്ഞു: 'ഡാര്‍ട്ടിങ്ടണ്‍ ആശയലോകത്തെ മാറ്റത്തിന്റെ പ്രാരംഭകാല മുന്നണിപ്പോരാളിയും മാര്‍ഗദര്‍ശിയുമാണ്. എന്നാല്‍ മാറ്റം ഒരു ദിനംകൊണ്ട് ഉണ്ടാകുന്നതല്ല. നൂതനമായ ഒരു സാമൂഹികക്രമത്തിനുവേണ്ടി ധൈഷണികവും ദാര്‍ശനികവും പ്രായോഗികവുമായ ഉറച്ച ഒരു അടിത്തറ നാം കെട്ടിപ്പടുക്കേണ്ടതുണ്ട്. ഇത്തരമൊരു പ്രവര്‍ത്തനം നടക്കുന്ന ഒരു കേന്ദ്രവും ഇന്ന് ബ്രിട്ടനില്‍ ഒരിടത്തുമില്ല. പരിസ്ഥിതിസൗഹാര്‍ദപരമായ അര്‍ഥശാസ്ത്രത്തിന്റെയും കൃഷിരീതികളുടെയും വ്യവസായത്തിന്റെയും സുസ്ഥിരവികസനം എന്ന ലോകവീക്ഷണത്തിനുവേണ്ടി സമ്പൂര്‍ണമായി സമര്‍പ്പിക്കപ്പെട്ട ഒരു സര്‍വകലാശാല ഡാര്‍ട്ടിങ്ടണ്‍ കേന്ദ്രീകരിച്ച് വളര്‍ന്നുവരണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു.'
'അതിന് എന്തു ചെയ്യണമെന്നാണ് താങ്കളുടെ അഭിപ്രായം?' സദസ്സില്‍നിന്ന് ചോദ്യം ഉയര്‍ന്നു.
'ജെയിംസ് ലവ്‌ലോക്, വെന്‍ഡെല്‍ ബെറി, ഹെയ്‌സല്‍ ഹെന്‍ഡേഴ്‌സണ്‍, ഡേവിഡ് ബോം, റൂപ്പര്‍ട്ട് ഷെല്‍ഡ്രെയ്ക്, ഫ്രിറ്റ്‌ജോഫ് കാപ്ര തുടങ്ങി അവരവരുടെ മണ്ഡലങ്ങളില്‍ സര്‍ഗാത്മകമായ ആവിഷ്‌കാരങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന പ്രഗല്ഭരായ ചിന്തകരെയും ശാസ്ത്രജ്ഞരെയും തത്ത്വചിന്തകരെയും സജീവപ്രവര്‍ത്തകരെയും ഇവിടേക്ക് ക്ഷണിച്ചുവരുത്തി നമ്മള്‍ അവരുടെ ക്ലാസുകള്‍ നടത്തണം. ലോകത്തിന്റെ എല്ലാ ഭാഗങ്ങളില്‍നിന്നുമുള്ള വിദ്യാര്‍ഥികള്‍ ഇവിടെ വന്ന് രണ്ടോ മൂന്നോ വര്‍ഷം താമസിച്ചു പഠിക്കും. അധ്വാനം, ധ്യാനം, വിജ്ഞാനം, സാമൂഹികബോധം എന്നിവ ഈ സര്‍വകലാശാലയുടെ നാല് അവശ്യഘടകങ്ങളായിരിക്കും.'
തുടര്‍ന്ന് സജീവചര്‍ച്ച നടന്നു. ഇത്തരമൊരു പദ്ധതിക്കുള്ള സാമ്പത്തിക സ്രോതസ്സ് എങ്ങനെ കണ്ടെത്തും? എങ്ങനെയുള്ള വിദ്യാര്‍ഥികളാണിവിടെ വരിക? അവര്‍ക്ക് ബിരുദങ്ങളും സര്‍ട്ടിഫിക്കറ്റുകളും നല്കുമോ? എല്ലാവരിലും ഈ ആശയം വലിയ ആവേശമുണര്‍ത്തി. എല്ലാ ചോദ്യങ്ങളുടെയും അഭിപ്രായപ്രകടനങ്ങളുടെയും അടിത്തട്ടില്‍ ആശ്ചര്യത്തിന്റെയും വിരുദ്ധമായ ആശയങ്ങളുടെയും സമ്മിശ്രവികാരങ്ങള്‍ വ്യക്തമായിരുന്നു. ശക്തമായി അനുകൂലിക്കാനോ എതിര്‍ക്കാനോ ആരും തയ്യാറായില്ല.
.jpg?$p=6a12f4a&&q=0.8)
ട്രസ്റ്റ് ചെയര്‍മാന്‍ ജോണ്‍ പോണ്ടിന്‍ അഭിപ്രായപ്പെട്ടു: 'ഒരു സര്‍വകലാശാലയെക്കുറിച്ചും, രണ്ടോ മൂന്നോ വര്‍ഷം നീണ്ടുനില്ക്കുന്ന കോഴ്‌സിന് ചേര്‍ന്നു പഠിക്കാന്‍ വിദേശവിദ്യാര്‍ഥികളടക്കം വരുന്നതിനെക്കുറിച്ചുള്ള ആശയങ്ങള്‍ തുടക്കത്തില്‍ത്തന്നെ വെച്ചുപുലര്‍ത്തുന്നത് ഇന്നത്തെ നിലയില്‍ ഒരു അതിമോഹമായിരിക്കും. ചെറിയ കോഴ്‌സുകളെക്കുറിച്ച് തുടക്കത്തില്‍ ആലോചിക്കുന്നതാവും നന്നാവുക. ഏതായാലും ഇക്കാര്യത്തില്‍ ഞങ്ങള്‍ക്ക് കൂടുതല്‍ പരിഗണന നല്കാന്‍ കഴിയുന്നതരത്തില്‍ വിശദമായ ഒരു പ്രോജക്റ്റ് രേഖ താങ്കള്‍ തയ്യാറാക്കി സമര്‍പ്പിക്കണമെന്നാണ് എനിക്ക് താങ്കളോട് അഭ്യര്‍ഥിക്കാനുള്ളത്.'
അത് വളരെ പ്രോത്സാഹജനകമായ പ്രതികരണമായി എനിക്കു തോന്നി. പദ്ധതിനിര്‍ദേശം എഴുതി സമര്‍പ്പിക്കുന്നതിനുവേണ്ടി ജോണ്‍ പോണ്ടിന്‍ എനിക്ക് 1000 പൗണ്ട് ഫീസായി വാഗ്ദാനം ചെയ്തു. ഈ ആശയത്തോടുള്ള അദ്ദേഹത്തിന്റെ ഉറച്ച പ്രതിബദ്ധതയുടെ തെളിവായി ഞാനതെടുത്തു. പദ്ധതിനിര്‍ദേശം എഴുതിത്തയ്യാറാക്കുന്നതിനുവേണ്ടി അദ്ദേഹം എനിക്ക് ആറാഴ്ച സമയം അനുവദിച്ചു. അതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനുവേണ്ടി ഒരു വാരാന്ത്യയോഗവും സംഘടിപ്പിക്കപ്പെട്ടു.
രണ്ടു ദിവസം നീണ്ടുനിന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ ബിരുദങ്ങള്‍ നല്കുന്നതും ഔദ്യോഗികാംഗീകാരം നേടുന്നതും പലവിധ പ്രശ്‌നങ്ങള്‍ക്കിടയാക്കും എന്ന നിഗമനത്തിലാണ് ഞങ്ങള്‍ എത്തിച്ചേര്‍ന്നത്. മാത്രമല്ല, തുടക്കത്തില്‍ത്തന്നെ ഒരു സര്‍വകലാശാല സ്ഥാപിക്കുന്നതിനു പകരം നാലോ അഞ്ചോ ആഴ്ചകള്‍ മാത്രം നീണ്ടുനില്ക്കുന്ന ഹ്രസ്വകാല കോഴ്‌സുകള്‍ നടത്തുന്ന ഒരു കോളജ് ആരംഭിക്കുന്നതാണ് നല്ലതെന്ന കാര്യത്തിലും ഞങ്ങള്‍ യോജിപ്പിലെത്തി.
പരിസ്ഥിതി-ആത്മീയവിഷയത്തില്‍ തനതായ സംഭാവനകള്‍ നല്കിയിട്ടുള്ള, അതുപോലെ അധ്യാപനത്തിലും ആശയവിനിമയത്തിലും സാമര്‍ഥ്യം തെളിയിച്ചിട്ടുള്ള ഒരു പ്രഗല്ഭവ്യക്തിയെ ഈ കോഴ്‌സുകള്‍ക്ക് നേതൃത്വം നല്കുന്നതിനായി തിരഞ്ഞെടുക്കണം. പദ്ധതിക്കുള്ള ബജറ്റ് ഉള്‍പ്പെടെയുള്ള രേഖകള്‍ 1989 ഒക്ടോബറില്‍ നടക്കുന്ന ഡാര്‍ട്ടിങ്ടണ്‍ ട്രസ്റ്റിമാരുടെ അടുത്ത യോഗത്തില്‍ സമര്‍പ്പിക്കുന്നതിന് ഒരു ഔപചാരിക അഭ്യര്‍ഥന തയ്യാറാക്കുന്നതിനായി ജോണ്‍ ലെയ്ന്‍, ആന്‍ ഫിലിപ്‌സ്, ബയന്‍ നിക്കോള്‍സണ്‍, പിന്നെ ഞാനും അടങ്ങിയ ഒരു ചെറിയ സ്റ്റിയറിങ് ഗ്രൂപ്പിനും യോഗം രൂപം നല്കി.
വേനല്‍ക്കാലത്തുടനീളം സ്റ്റിയറിങ് ഗ്രൂപ്പിന്റെ യോഗം ചേര്‍ന്നു. മിക്കവാറും രണ്ടാഴ്ചയ്‌ക്കൊരിക്കല്‍ ഇത്തരം യോഗങ്ങളില്‍ പങ്കെടുക്കുന്നതിന് ഞാന്‍ ഹാര്‍ട്ട്‌ലാന്‍ഡില്‍നിന്നും ഡാര്‍ട്ടിങ് ടണിലേക്ക് യാത്രചെയ്തു. പ്രോസ്‌പെക്ടസിന്റെ കരട് പലതവണ ഞങ്ങള്‍ തിരുത്തിയെഴുതി. ഓരോ വരിയും ഓരോ വാക്കും പുനഃപരിശോധനയ്ക്ക് വിധേയമാക്കി. ബജറ്റിന്റെയും പ്രോസ്‌പെക്ടസിന്റെയും അന്തിമ കരടുരേഖ സെപ്റ്റംബര്‍മാസം അവസാനത്തോടെ തയ്യാറായി.
അടുത്ത ട്രസ്റ്റ് യോഗത്തില്‍ ചര്‍ച്ച ചെയ്യുന്നതിനായി ഈ കരടുരേഖ സമര്‍പ്പിക്കാന്‍ തീരുമാനിച്ചു. കോര്‍ട്ടിജോ റൊമേറോയില്‍ ഞാന്‍ ഒരു കോഴ്‌സ് നടത്തുന്ന സമയത്തുതന്നെയാണ് ട്രസ്റ്റ് യോഗവും ചേരുക. ട്രസ്റ്റ് യോഗം കഴിഞ്ഞാലുടന്‍തന്നെ കോളേജ് ആരംഭിക്കുന്നതിന് ആവശ്യമായ തയ്യാറെടുപ്പുകള്‍ നടത്തുന്നതിനുവേണ്ടി യോഗം ചേരണമെന്നും സ്റ്റിയറിങ് കമ്മിറ്റി തീരുമാനിച്ചു. അതിനാല്‍ സ്‌പെയിനില്‍ നടക്കുന്ന കോഴ്‌സ് പൂര്‍ത്തിയാക്കുന്നതിന് ഒരുദിവസം മുന്‍പുതന്നെ എനിക്ക് ഉത്കണ്ഠയോടെ മടക്കയാത്ര നടത്തേണ്ടിവന്നു.
മുന്‍ തീരുമാനപ്രകാരം ബ്രയന്‍ എന്നെ സ്റ്റേഷനില്‍ സ്വീകരിക്കാനെത്തി. ട്രസ്റ്റ് യോഗത്തിന്റെ തീരുമാനമെന്താണെന്നും, പദ്ധതിനിര്‍ദേശവും ബജറ്റും ട്രസ്റ്റ് അംഗീകരിച്ചിട്ടുണ്ടോ എന്നും അറിയാനുള്ള ഉത്കണ്ഠയോടെ ഞാന്‍ അദ്ദേഹത്തിന്റെ കാറില്‍ കയറി. ബ്രയന്‍ ഒരു വാക്കുപോലും ഉരിയാടിയില്ല. അരമണിക്കൂര്‍നേരം കാര്‍ ഓടിക്കുന്നതിനിടയില്‍ അദ്ദേഹം സ്‌പെയിനിലെ എന്റെ അനുഭവങ്ങളെക്കുറിച്ചും മറ്റു നിസ്സാരകാര്യങ്ങളെക്കുറിച്ചും മാത്രം സംസാരിച്ചുകൊണ്ടിരുന്നു. ഒടുക്കം ക്ഷമകെട്ട് ഞാന്‍ ചോദിച്ചു:
'ട്രസ്റ്റ് യോഗത്തിന്റെ തീരുമാനമെന്താണ്?'
'താങ്കള്‍ എപ്പോഴാണ് എന്നോടീ ചോദ്യം ചോദിക്കുക എന്ന് അദ്ഭുതത്തോടെ കാത്തിരിക്കുകയായിരുന്നു ഞാന്‍,' ബ്രയന്‍ മറുപടി പറഞ്ഞു, 'കോളജിനെ സംബന്ധിച്ച ചര്‍ച്ച മാറ്റിവെച്ചിരിക്കുകയാണ് എന്ന് താങ്കളെ അറിയിക്കുന്നതില്‍ എനിക്ക് ഖേദമുണ്ട്. ആറുമാസത്തിനുള്ളില്‍ ചേരുന്ന അടുത്ത ട്രസ്റ്റ് യോഗത്തില്‍ മാത്രമേ പദ്ധതിനിര്‍ദേശം ചര്‍ച്ച ചെയ്യുകയുള്ളൂ.'
ഇത് എനിക്ക് കടുത്ത നൈരാശ്യത്തിന്റെ മുഹൂര്‍ത്തമായിരുന്നു. എങ്കിലും ഞങ്ങള്‍ മുന്‍കൂട്ടി തീരുമാനിച്ചപ്രകാരം ജോണ്‍ ലെയ്‌നിന്റെ വീട്ടില്‍ യോഗം ചേര്‍ന്നു. അസ്വസ്ഥതയോടെ ഞാന്‍ മനസ്സില്‍ പറഞ്ഞു: 'ഡാര്‍ട്ടിങ്ടണില്‍ കാര്യങ്ങള്‍ തീരുമാനിക്കാന്‍ വല്ലാത്ത കാലവിളംബംതന്നെ!'
ഞങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുകയായിരുന്നു. എന്നാല്‍ ഈ കാലതാമസം എന്റെ മനസ്സില്‍ സംശയത്തിന്റെ വിത്തുകള്‍ പാകി.
ട്രസ്റ്റിമാര്‍ ഒടുവില്‍ സമ്മതം മൂളും എന്ന ഉറച്ച വിശ്വാസത്തിലാണ് ഞങ്ങള്‍ മുന്നോട്ടു നീങ്ങിയിരുന്നത്. എന്നാല്‍ എന്റെ ഉള്ളിന്റെയുള്ളില്‍ ആ വിശ്വാസത്തിന് ഇളക്കംതട്ടുന്നതായി തോന്നി. തീര്‍ച്ചയായും ജോണ്‍ ലെയ്‌നിന് ഈ ആശയത്തോട് ഉറച്ച പ്രതിബദ്ധതയുണ്ടായിരുന്നു. ഓരോ ട്രസ്റ്റ് അംഗത്തെയും കണ്ട് ബോധ്യപ്പെടുത്താനുള്ള ശ്രമവും അദ്ദേഹം നടത്തുന്നുണ്ടായിരുന്നു. എന്നാല്‍ യോഗത്തില്‍ അവര്‍ എങ്ങനെ വോട്ട് രേഖപ്പെടുത്തും എന്ന കാര്യത്തില്‍ ഒന്നും ഊഹിക്കാന്‍ കഴിയുമായിരുന്നില്ല.
ഒടുവില്‍ തീരുമാനമെടുക്കുന്ന ദിനം വന്നെത്തി. 1990 മാര്‍ച്ച് 29ന് ട്രസ്റ്റ് യോഗത്തിനു മുന്‍പുള്ള ഉച്ചവിരുന്നിലേക്ക് ബ്രയനെയും ആനിനെയും എന്നെയും ക്ഷണിച്ചു. കോളേജിനുവേണ്ടിയുള്ള നിര്‍ദേശത്തെക്കുറിച്ച് അവസാനമായി കുറച്ചു വാക്കുകള്‍കൂടി പറയുവാന്‍ ട്രസ്റ്റിമാര്‍ എന്നോട് ആവശ്യപ്പെട്ടു. ടാഗോറിന്റെയും ഏംഹേസ്റ്റിന്റെയും പേരുകളിലേക്ക് ശ്രദ്ധയാകര്‍ഷിച്ചുകൊണ്ട് ഞാന്‍ പറഞ്ഞു, 'ഡാര്‍ട്ടിങ്ടണ്‍ ഹാളിന്റെ സ്ഥാപകരുടെ ആന്തരികോദ്ദേശ്യത്തെ പ്രതിഫലിപ്പിക്കുന്നതാണ് ഈ കോളേജിനെക്കുറിച്ചുള്ള ആശയം. ഈ പദ്ധതിനിര്‍ദേശത്തിന് അംഗീകാരം നല്കുകവഴി ട്രസ്റ്റിമാരെന്ന നിലയില്‍ നിങ്ങള്‍ നമ്മുടെ കാലഘട്ടത്തിന്റെ പ്രതിസന്ധിയോട് ധീരമായി പ്രതികരിക്കുകയാണ്. ഇക്കാര്യത്തില്‍ നിങ്ങള്‍ മുന്‍കൈയെടുക്കുന്നില്ലെങ്കില്‍ മറ്റാരാണ് അതിന് തയ്യാറാവുക?'
പത്തുമിനിറ്റോളം ഞാന്‍ സംസാരിച്ചു. സദസ്സിലുണ്ടായ പ്രതികരണത്തില്‍ നിന്നും എന്റെ അഭ്യര്‍ഥന നന്നായി സ്വീകരിക്കപ്പെട്ടതായി എനിക്കു തോന്നി. ട്രസ്റ്റിമാര്‍ യോഗം ചേരുന്ന മുറിയിലേക്കു പോയി. ഞങ്ങള്‍ അവരുടെ തീരുമാനത്തിനുവേണ്ടി ഉത്കണ്ഠയോടെ കാത്തിരുന്നു. ഏതാണ്ട് അഞ്ചുമണിയായപ്പോള്‍ ജോണ്‍ ലെയ്ന്‍ പുറത്തുവന്ന് പ്രഖ്യാപിച്ചു, 'നമുക്ക് കോളേജ് ലഭിച്ചിരിക്കുന്നു. മോറിസ് ആഷ് കോളേജിന് ഒരു പേരും നിര്‍ദേശിച്ചിട്ടുണ്ട്. അദ്ദേഹം പറഞ്ഞതിങ്ങനെയാണ്, 'നമ്മള്‍ ഇ.എഫ്. ഷൂമാക്കറിന്റെ ആശയങ്ങളില്‍നിന്നും ഇത്രയേറെ പ്രചോദനം ഉള്‍ക്കൊണ്ടിട്ടുള്ള സ്ഥിതിക്ക് എന്തുകൊണ്ട് നമുക്ക് ഇതിനെ ഷൂമാക്കര്‍ കോളേജ് എന്ന് വിളിച്ചുകൂടാ? കൂടാതെ, മിസ്റ്റര്‍ സതീഷ്, താങ്കളെ ഈ പുതിയ കോളേജിന്റെ ഡയറക്ടര്‍സ്ഥാനം ഏറ്റെടുക്കാനും ക്ഷണിച്ചിരിക്കുന്നു.'
ആഹ്ലാദനിര്‍ഭരമായ ഒരു നിമിഷമായിരുന്നു അത്!
ഏപ്രിലിനും ഡിസംബറിനുമിടയില്‍ ഞങ്ങള്‍ കോളേജിലെ മുഖ്യ അധ്യാപകരെ നിയമിക്കുകയും പദ്ധതിയെക്കുറിച്ച് പ്രചാരണം നടത്തുകയും ചെയ്തു. 1991 ജനുവരി 13ന് ഞങ്ങള്‍ കോളേജ് ആരംഭിച്ചു. കോളേജിന്റെ ആദ്യത്തെ ആസ്ഥാനപണ്ഡിതനായി ഞങ്ങള്‍ തിരഞ്ഞെടുത്തത് ജെയിംസ് ലവ്‌ലോക്കിനെയായിരുന്നു.
അസാധാരണമായ ഒരു ആകസ്മികതയെന്നോണം കോളേജിന്റെ ഉദ്ഘാടനദിവസംതന്നെയാണ് ഗള്‍ഫ് യുദ്ധം പൊട്ടിപ്പുറപ്പെട്ടത്. വിദേശത്തുനിന്ന് എത്താന്‍ സാധ്യതയുണ്ടായിരുന്ന ചില പഠിതാക്കളെ ഇത് തടസ്സപ്പെടുത്തി. ആ വിപരീതസാഹചര്യം ഉണ്ടായിരുന്നിട്ടും ഒന്നാമത്തെ കോഴ്‌സില്‍ ചേരാന്‍ ഇരുപത്തഞ്ചുപേര്‍ എത്തിച്ചേര്‍ന്നു എന്നത് ഞങ്ങള്‍ക്കെല്ലാവര്‍ക്കും ആശ്വാസവും ആഹ്ലാദവും നല്കി. തുടര്‍ന്ന് കോളേജിലെ വിദ്യാര്‍ഥികളുടെ എണ്ണം അനുക്രമം വര്‍ധിച്ചുകൊണ്ടിരുന്നു. കോളേജിന്റെ ആദ്യവര്‍ഷംതന്നെ 30 വ്യത്യസ്തരാജ്യങ്ങളില്‍നിന്നുള്ള പഠിതാക്കള്‍ കോളേജിനെ തേടിയെത്തി.
റിസര്‍ജന്‍സ് എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിക്കുകയും, ഷൂമാക്കര്‍ കോളേജിന്റെ ഡയറക്ടര്‍ചുമതല ഏറ്റെടുത്ത് നടത്തുകയും ചെയ്യുക എന്നത് രണ്ടു ജോലികള്‍ ഒരേസമയം ചെയ്യലായിരുന്നു. എങ്കിലും ഈ വെല്ലുവിളി എന്നില്‍ സേവനത്തെക്കുറിച്ച് പുതിയൊരു പരിപ്രേക്ഷ്യം സൃഷ്ടിക്കുന്നതിന് പര്യാപ്തമായി എന്ന തോന്നലും എന്നിലുളവാക്കി. പാശ്ചാത്യസംസ്‌കാരത്തിന്റെ പ്രതിസന്ധിയോട് സജീവമായി പ്രതികരിക്കുന്ന ഒരു വിദ്യാഭ്യാസകേന്ദ്രത്തിന്റെ സൃഷ്ടിയില്‍ ഉള്‍ച്ചേരുക എന്നത് തീര്‍ച്ചയായും മഹത്തായ ഒരു വെല്ലുവിളി ഏറ്റെടുക്കല്‍തന്നെയാണ്.
കോളേജിനുവേണ്ടിയും റിസര്‍ജന്‍സിനുവേണ്ടിയുമുള്ള പ്രവര്‍ത്തനങ്ങള്‍ വാസ്തവത്തില്‍ പരസ്പരപൂരകവും ആത്മാവിന് ഉണര്‍വും ഊര്‍ജസ്വലതയും നല്കുന്നതുമായിരുന്നു.
ഷൂമാക്കര്‍ കോളേജ് എന്റെ ഇന്നുവരെയുള്ള ജീവിതാനുഭവങ്ങളുടെയും പ്രവര്‍ത്തനങ്ങളുടെയും പരമകോടിയായിരുന്നു. എന്റെ ഭിക്ഷുജീവിതം നല്കിയ ആത്മീയമായ അടിത്തറയും, ഭൂദാനപ്രസ്ഥാനത്തിന്റെ സാമൂഹികതാത്പര്യവും ലോകം ചുറ്റും നടന്നപ്പോള്‍ ഞാന്‍ പിന്തുടര്‍ന്ന സമാധാനത്തിന്റെ ആദര്‍ശങ്ങളും റിസര്‍ജന്‍സ് ഉയര്‍ത്തിപ്പിടിക്കുന്ന പാരിസ്ഥിതികാവബോധവും ഇവിടെ ഒന്നിച്ച് സമ്മേളിപ്പിക്കുവാന്‍ എനിക്ക് കഴിയുന്നു. എന്റെ ജീവിതമുടനീളം എനിക്ക് വഴികാട്ടിയായിത്തീര്‍ന്ന മൂല്യങ്ങളും ആശയാഭിലാഷങ്ങളും ഇവിടെ ഒരൊറ്റ ബിന്ദുവില്‍ കേന്ദ്രീകരിച്ചിരിക്കുന്നു.
Content Highlights: Yathrayude Ananthapadhangal, Book, Autobiography of Satheesh Kumar, Mathrubhumi Books
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..