-
2015 ജനുവരി ഏഴാംതീയതിക്കു മുന്‍പുവരെ ചാര്‍ലി ഹെബ്ദോ എന്ന ആക്ഷേപഹാസ്യ മാസിക ലോകത്തിനു മുന്നില്‍ ഇത്രയൊന്നും അറിയപ്പെട്ടിരുന്നില്ല. തീവ്ര ഇടതുവഴി സ്വീകരിച്ച, യുക്തിവാദികളായ മതേതരരും വര്‍ണ വംശ വെറിയന്മാര്ക്കെതിരേ നില്ക്കുന്നവരുമായ കുറച്ചു മനുഷ്യരുടെ കൂട്ടായ്മയിലാണ് ചാര്‍ലി ഹെബ്ദോ പുറത്തിറങ്ങിയിരുന്നത്. അതുകൊണ്ടുതന്നെ ഇവരുടെ രാഷ്ട്രീയനിലപാടുകളോടു സാമ്യപ്പെടുന്ന പരിമിതമായ വായനക്കാര്‍ മാത്രമായിരുന്നു ഈ മാസികയ്ക്ക് ആ ദിവസംവരെയുണ്ടായിരുന്നത്. എന്നാല്‍, ഏഴാം തീയതിയിലെ കൂട്ടക്കൊലയ്ക്കുശേഷം ചാര്‍ലി ഹെബ്ദോ ഫ്രാന്‍സില്‍ മാത്രമല്ല, ലോകത്തിലെ എല്ലാ ജനങ്ങള്‍ക്കും മുന്നില്‍ ഒറ്റദിവസംകൊണ്ട് പ്രശസ്തമായി. മരിച്ചവരോട് ഐക്യപ്പെടാനായി പാരിസിലെ തെരുവുകളില്‍ ജനങ്ങള്‍ 'ഞാന്‍ ചാര്‍ലി' എന്ന മുദ്രാവാക്യമുയര്‍ത്തി പ്രതിഷേധിച്ചു.
എന്നാല്‍, കൂട്ടക്കൊല കഴിഞ്ഞ് മൂന്നാംദിവസം പുറത്തിറങ്ങിയ മാസികയില്‍ അവര്‍ ഇങ്ങനെ എഴുതി: 'ഞാന്‍ ചാര്‍ലിയാണെന്ന് പ്രഖ്യാപിച്ച ലക്ഷക്കണക്കിനു ജനങ്ങളും എല്ലാ സ്ഥാപനങ്ങളും ബുദ്ധിജീവികളും മാധ്യമപ്രവര്‍ത്തകരും മതവിശ്വാസികളും ഒരു കാര്യംകൂടി ഉറപ്പിച്ചു പറയണം. ഞങ്ങള്‍ മതേതരരാണെന്ന്.' സാധാരണ നാട്ടുനടപ്പനുസരിച്ച് തങ്ങളോട് ഐക്യപ്പെടുന്നവരോട് ഔപചാരികമായി നന്ദി പറയുവാനല്ല, പകരം നിങ്ങള്‍ മതേതരരാണെന്ന് ഉറക്കെപ്പറയാന്കൂടി സന്നദ്ധരാവണമെന്ന രാഷ്ട്രീയനിലപാടാണ് ചാര്‍ലി ഹെബ്ദോയിലൂടെ അവര്‍ ആവശ്യപ്പെട്ടത്.
ചാര്‍ലി ഹെബ്ദോ ഉന്നയിച്ച ഈ നിലപാടിനൊപ്പം നില്ക്കുക എത്ര ദുഷ്കരമാണെന്ന് ആള്ക്കൂട്ടത്തിനറിയാം. അതുകൊണ്ടുതന്നെ ഇതിനു തൃപ്തികരമായ ഒരു മറുപടി ലഭിക്കുകയുണ്ടായില്ല. ചാര്‍ലി ഹെബ്ദോയ്ക്ക് അനുകൂലമായി നിലപാടെടുത്ത അജ്ഞാതരായ ജനങ്ങള്‍ മാത്രമല്ല, നാമോരോരുത്തരും ഈ നിലപാടിനൊപ്പം നില്‍ക്കുമോ എന്ന് സ്വയം ചോദിക്കേണ്ടതുണ്ട്.
ചിന്തിക്കാനും അഭിപ്രായം പറയാനും എഴുതാനും മാത്രമല്ല, ഭക്ഷണം, വസ്ത്രധാരണം, പ്രണയം തുടങ്ങി വ്യക്തിയുടെ വ്യത്യസ്ത സ്വാതന്ത്ര്യങ്ങളെ അടിച്ചമര്‍ത്തുന്ന ഇന്ത്യനവസ്ഥയില്നിന്ന് ചാര്‍ലി ഹെബ്ദോയെ വായിച്ചറിയുമ്പോള്‍ മനസ്സിലാവുന്ന ഒരു കാര്യം ഏതു മതവും അത് ഏതു രാജ്യത്തുമാകട്ടെ, യുക്തിയെ, അവിശ്വാസത്തെ, നര്‍മത്തെ, ശാസ്ത്രത്തെ, സ്വാതന്ത്ര്യത്തെ ഭയക്കുന്നു എന്നതാണ്. ചാര്‍ലി ഹെബ്ദോയിലെ കാര്ട്ടൂണിസ്റ്റുകളാവട്ടെ, കല്ബുര്ഗിയാവട്ടെ, ബംഗ്ലാദേശിലെ ബ്ലോഗറായ അവിജിത്ത് റോയ് ആകട്ടെ, മതത്തിന്റെ യുക്തിയില്ലായ്മയോടുള്ള നിര്‍ഭയമായ പോരാട്ടത്തിലാണ് കൊല്ലപ്പെട്ടത്. ഇസ്ലാമികതീവ്രവാദിക്കും ഹൈന്ദവതീവ്രവാദിക്കുമിടയിലെ അകലം കേവലം പേരുകളുടെതു മാത്രമാണ്. അതുകൊണ്ട് പ്രച്ഛന്നവേഷധാരികളായ മതത്തിന്റെ പിന്തുണകളെ ചാര്‍ലിയില്‍ അവര്‍ ഇങ്ങനെ പരിഹസിച്ചു: 'ഞങ്ങളോടുള്ള ബഹുമാനാര്‍ഥം നോത്രദാമിലെ പള്ളിമണികള്‍ മുഴങ്ങി എന്നു കേട്ടപ്പോള്‍ ഞങ്ങള്‍ ചിരിച്ചുപോയി.'
യൂറോപ്പിന്റെ അദ്ഭുതം നിറഞ്ഞ കാഴ്ചകള്‍ക്കൊടുവില്‍ ഞാനും കൂട്ടുകാരനായ ചിക്കുവും ചാര്‍ലി ഹെബ്ദോയുടെ ഓഫീസിലേക്ക് ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെ നടക്കുമ്പോള്‍ ഞങ്ങള്‍ക്കറിയാമായിരുന്നു ഈ യാത്ര ഒരുപക്ഷേ, പോലീസിന്റെ ചോദ്യംചെയ്യലില്‍ അവസാനിച്ചേക്കാം എന്ന്. പാരിസിലെ കാഴ്ചകള്‍ ഏതൊക്കെ എന്ന് യാത്രയ്ക്കു മുന്‍പ് തയ്യാറാക്കിയ കുറിപ്പടിയിലേക്ക് ചാര്‍ലി ഹെബ്ദോ എന്ന് എഴുതിച്ചേര്‍ത്തത് ചിക്കുവായിരുന്നു. ആ നടത്തത്തിനിടയില്‍ ഇത് നമ്മുടെ ഐക്യദാര്‍ഢ്യമാണ്, അതിനാല്‍ ഭയക്കാതിരിക്കുക എന്ന് ഞങ്ങള്‍ പറയാതെ പരസ്പരം പറഞ്ഞ വാക്കുകളാണ്.
വഴിയില്‍ കാണുന്ന അപരിചിതരോട് ചാര്‍ലി ഹെബ്ദോയുടെ ഓഫീസ് എവിടെ എന്നു ചോദിച്ച് ആ യാത്രയെ സംശയത്തിന്റെ വലയിലേക്കു മാറ്റിനിര്‍ത്താന്‍ തയ്യാറല്ലാത്തതുകൊണ്ടുതന്നെ, പല വഴികളിലൂടെ തെറ്റിപ്പിരിഞ്ഞ് ഞങ്ങള്‍ നമ്മുടെ നാട്ടിലെ ഒരിടവഴിപോലെ തോന്നിക്കുന്ന ഒരു തെരുവിലെത്തി. ആ തെരുവിലേക്കുള്ള പ്രശേനത്തിരിവില് സെയിന്റ് സാബിന് തെരുവ് എന്ന് എഴുതിയിരുന്നു. അവിടെ സീബ്രാലൈനിനു തൊട്ടു മുകളിലുള്ള ബോര്‍ഡില്‍ Jesuis Charile (ഞാന്‍ ചാര്‍ലി) എന്ന കറുപ്പും വെളുപ്പും നിറഞ്ഞ പോസ്റ്റര്‍ പതിച്ചിരുന്നു. അവിടെനിന്ന് തെരുവിലേക്കു തിരിയുമ്പോഴുള്ള കെട്ടിടത്തിന്റെ പുറംചുവരില്‍ ജനുവരി 7നു ശേഷം പുറത്തിറങ്ങിയ ചാര്‍ലി ഹെബ്ദോയുടെ ലക്കം പതിച്ചിരുന്നു. ആ ലക്കത്തിന്റെ മുഖചിത്രത്തിനു മുകളില്‍ 'എല്ലാവര്ക്കും മാപ്പു നല്കിയിരിക്കുന്നു' എന്ന വാചകം ഉണ്ടായിരുന്നു. തെരുവില്‍ ആള്പ്പെരുമാറ്റമില്ലായിരുന്നു.
ചുറ്റുപാടുകള്‍ നോക്കിയശേഷം മൊബൈല്‍ ക്യാമറയില്‍ ആ ചുവരില്‍ പതിച്ച ചിത്രങ്ങള്‍ എടുത്തു. ഈ തെരുവിനടുത്തെവിടെയെങ്കിലുമാവാം ചാര്‍ലി ഹെബ്ദോയുടെ ഓഫീസ് എന്ന് ഞങ്ങളുടെ അമിതവിശ്വാസം ഞങ്ങളെ ഓര്‍മിപ്പിച്ചു. ആ തെരുവിന്റെ അറ്റത്തേക്കു നടക്കുന്നതിനിടയില്‍ ഒരു അപ്പാര്‍ട്ട്മെന്റില്‍നിന്നും ഒരു സ്ത്രീയും അവരുടെ പത്തോ പന്ത്രണ്ടോ വയസ്സു തോന്നിക്കുന്ന മകളും ഇറങ്ങി ഞങ്ങള്‍ക്കെതിരേ വരുന്നതു കണ്ടു. മകളോടു സംസാരിച്ചുകൊണ്ട് വന്ന അവര്‍ പൊടുന്നനേ തലയുയര്‍ത്തി. ഒരു നിമിഷം, പേടിച്ചിട്ടെന്നപോലെ അവര്‍ മകളെ അവരോടു ചേര്‍ത്തുനിര്‍ത്തി. എന്റെ താടിയും ചിക്കുവിന്റെ മീശയില്ലാത്ത, താടി മാത്രമുള്ള രൂപവും ഒരുപക്ഷേ, വല്ലാത്തൊരു ഭയത്തിലേക്ക് ആഴ്ത്തിക്കളഞ്ഞിട്ടുണ്ടാവുമെന്ന തിരിച്ചറിവില്‍ ഞങ്ങള്‍ അവരെ നോക്കിച്ചിരിച്ചു. അവര്‍ ഭയത്തില്‍നിന്നും പുറത്തേക്കു വരാന്‍ പിന്നെയും സമയമെടുത്തു. ഞാന്‍ ആ കുട്ടിയെ നോക്കി സ്നേഹത്തോടെ കൈവീശി. അവള് തിരിച്ചും കൈവീശി. അപ്പോള്‍ മാത്രമാണ് അവര്‍ കുറച്ചെങ്കിലും ആശ്വാസത്തോടെ ആ മുറുകലില്നിന്നും വേര്‍പെട്ടത്.
ആ സ്ത്രീയെയും മകളെയും വിട്ട് ഞങ്ങള്‍ മുന്നോട്ടു നടന്നു. തെരുവ് അവസാനിക്കുംമുന്പ് വലത്തോട്ടുള്ള വഴിയില്‍ പോലീസിന്റെ ബാരിക്കേഡുകള്‍ കണ്ടു. ആ വഴി ഞങ്ങള്‍ വന്ന വഴിയെക്കാള്‍ വീതിയുള്ളതായിരുന്നു. അവിടെ കുറച്ചു മനുഷ്യരുണ്ടായിരുന്നു. ഞങ്ങള്‍ ചിരപരിചിതമായ ഒരു സ്ഥലമെന്നപോലെ നടന്നു. അവിടെങ്ങും ചാര്‍ലി ഹെബ്ദോയുടെ ഓഫീസെന്നു പറയുവാനുള്ള ഒരു അടയാളങ്ങളും ഇല്ലായിരുന്നു. കുറച്ചു നേരം ആ വഴിയില്‍ നിന്നശേഷം വഴിതെറ്റിയതാവാം എന്നു കരുതി ഞങ്ങള്‍ നടന്ന തെരുവിലേക്ക് തിരിച്ചുനടന്നു. ആ വഴിക്കപ്പുറത്തുള്ള വഴികളിലൊരിടത്തും ചാര്‍ലി ഹെബ്ദോയെ ഓര്‍മിപ്പിക്കുന്ന ഒരു പോസ്റ്റര്‍പോലും ഇല്ലാതിരുന്നതിനാല്‍ വീണ്ടും സെയിന്റ് സാബിര്‍ തെരുവിലേക്ക് തിരിച്ചുവന്നു. അവിടെവെച്ച് കണ്ട ഒരു വഴിനടക്കാരനോട് ചാര്‍ലി ഹെബ്ദോയുടെ ഓഫീസ് എവിടെ എന്നു ചോദിച്ചു. അയാള്‍ ഞങ്ങള്‍ മുന്‍പു പോയ ആ വീതിയുള്ള വഴിയിലേക്കു കൈചൂണ്ടി. അവിടെ ഇടതുവശത്തുള്ള കെട്ടിടത്തിലായിരുന്നു ഓഫീസ് എന്നു പറഞ്ഞു. ഞങ്ങള്‍ നന്ദി പറഞ്ഞു. അവിടേക്കു വീണ്ടും നടന്നു.
ആ കെട്ടിടത്തിന്റെ തുടക്കത്തില്‍, ഒരു ഓഫീസ് കണ്ടു. അതില്‍ നിഴല്‍പോലെ ചില മനുഷ്യരുടെ നടത്തങ്ങളും. ആ ഓഫീസിനുള്ളില്‍, തോല്‍ക്കാനാവാത്ത നിശ്ചയംപോലെ Prints not Dead എന്ന് വെളിച്ചംകൊണ്ട് ചട്ടമിട്ട് എഴുതിയത് കണ്ടു. ഇതുതന്നെയാവും ചാര്‍ലിയുടെ ഓഫീസ് എന്ന് ഞങ്ങള്‍ ഉറപ്പിച്ചു. ആ നേരം, കെട്ടിടത്തിന്റെ രണ്ടാംനിലയില്‍നിന്നും ഇറങ്ങിവന്ന പ്രായമായ ഒരു സ്ത്രീയോട് ഇതാണോ ചാര്‍ലി ഹെബ്ദോയുടെ ഓഫീസെന്ന് ഞങ്ങള്‍ ചോദിച്ചു. അവര്‍ അല്ല എന്ന് തലയാട്ടി.
ആ പ്രായമായ സ്ത്രീയുടെ പേര് അനറ്റ് എന്നായിരുന്നു. ചാര്‍ലി ഹെബ്ദോയുടെ ഓഫീസിനടുത്ത് ജോലി ചെയ്യുന്ന സ്ത്രീ. അവര്‍ ഞങ്ങളെ '6' എന്ന നമ്പര്‍ കാണിച്ചുതന്നു. ഇതായിരുന്നു ചാര്‍ലിയുടെ ഓഫീസ്. ഇതുവഴിയായിരുന്നു അവിടേക്കുള്ള പ്രവേശനവാതില്‍. ഇന്ന് ഇവിടെ ചാര്‍ലി ഹെബ്ദോ പ്രവര്‍ത്തിക്കുന്നില്ല, അവര്‍ പറഞ്ഞു. ഞങ്ങള്‍ ഇന്ത്യയില്‍നിന്ന് വരികയാണെന്നും ഈ അക്രമത്തോടു മനസാ എതിര്‍പ്പുള്ള രണ്ടു മനുഷ്യരാണെന്നും സൂചിപ്പിച്ചു. അപ്പോള്‍ അനറ്റ് പറഞ്ഞു. വെടിവെപ്പു നടക്കുമ്പോള്‍ തൊട്ടപ്പുറത്തുള്ള ഓഫീസില്‍ ഞാനുണ്ടായിരുന്നു. എന്താണ് സംഭവിക്കുന്നതെന്നറിയില്ലായിരുന്നു. പിന്നീടാണ് എല്ലാം അറിഞ്ഞത്. ഇതു പറയുമ്പോഴേക്കും അവരുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു. ഞങ്ങളെയെല്ലാം ആ തിയേറ്ററിനുള്ളില്‍ പോലീസ് കൊണ്ടുപോയി അടച്ചിട്ടു. എല്ലാവരും ഭയന്നു നിലവിളിക്കുകയായിരുന്നു. അനറ്റിനു വാക്കുകള്‍ കൂട്ടിവെക്കുവാന്‍ ഏറെ പ്രയാസപ്പെടേണ്ടിവന്നു. ഞങ്ങളുടെ അനൗചിത്യം നിറഞ്ഞ ആകാംക്ഷ അവരെ പൊട്ടിക്കരയിച്ചു, നിങ്ങള്‍ക്ക് ഈ മരിച്ചവരെ അറിയുമോ എന്നതായിരുന്നു അത്. എന്നും കാണുന്നവര്‍, പരസ്പരം അഭിവാദ്യം ചെയ്യുന്നവര്‍, തമാശ പറഞ്ഞ് പൊട്ടിച്ചിരിക്കുന്നവര്‍. അനറ്റ് ഒന്നുകൂടി പറഞ്ഞു, ഞങ്ങളാരും മുസ്ലിങ്ങള്‍ക്കെതിരല്ല. ആ മരിച്ച ഓരോ മനുഷ്യരും അതിബുദ്ധിമാന്മാരായിരുന്നു. വിവേകശാലികളായിരുന്നു.
അപരിചിതരായ ഞങ്ങളോട് അനറ്റ് ഏറെ നേരം സംസാരിച്ചു. അതീവസുരക്ഷയില്‍ മറ്റെവിടെയോ ആണ് ചാര്‍ലി ഹെബ്ദോയുടെ ഓഫീസ് എന്നു മാത്രമേ അവര്ക്കറിവുള്ളൂ. ജനുവരി ഏഴിലെ വെടിവെപ്പിനുശേഷം ആ കെട്ടിടത്തില്‍ മറ്റു പല സ്ഥാപനങ്ങളിലായി ജോലി ചെയ്തിരുന്ന പതിനഞ്ചോളം ജോലിക്കാര്‍ പിന്നീട് അവിടേക്കു വരാതായി. അവരെല്ലാം ഇപ്പോള്‍ ആ നടുക്കത്തില്‍നിന്ന് വിട്ടുമാറാതെ സൈക്കോളജിസ്റ്റുകളുടെ ചികിത്സയിലാണ്. അനറ്റ് പോകുംമുന്‍പ് മറ്റൊരു തെരുവിന്റെ തുമ്പിലേക്കു കൊണ്ടുപോയി. അവിടെ ഷാര്‍ബ്, കബ്യൂ, ഒനോറെ, വൊലിന്സ്കി റ്റിഗ്നോസ് എന്നിവരെ ഗാബി സില്‍വിയ തെരുവിന്റെ നീല ബോര്‍ഡിനു കീഴില്‍ ഞങ്ങള്‍ കണ്ടു. അനറ്റിനോടു നന്ദി പറഞ്ഞു. അവര്‍, ലോകം സമാധാനത്തില്‍ കഴിയട്ടെ എന്നും പറഞ്ഞു.
Polite Society believed in God so that it need not talk to Him (Words, Sartre)
ചാര്‍ലി ഹെബ്ദോയുടെ ഓഫീസിനു മുന്നിലെ, ആകാശത്തിലേക്ക് ഉയര്‍ന്നുനില്‍ക്കുന്നൊരു എടുപ്പില്‍ വലിയൊരു ചിത്രമുണ്ട്. ഒരു രംഗവേദിയില്‍ ഷെയ്ക്സ്പിയറും ചെക്കോവും സാമുവല്‍ ബെക്കറ്റും സാര്‍ത്രുമെല്ലാം ഇരിക്കുന്നു. സ്വാതന്ത്ര്യത്തെക്കുറിച്ച്, മനുഷ്യവിമോചനത്തെക്കുറിച്ച്, സ്നേഹത്തെക്കുറിച്ച് പറഞ്ഞ എഴുത്തുകാര്‍ക്കു മുന്നില്‍വെച്ചാണ് ആ അരുംകൊലകള്‍ നടന്നത്.
തിരികെ നടക്കുമ്പോള്‍ വെളിച്ചം കെട്ടുതുടങ്ങിയിരുന്നു. ആ നേരമൊന്നും തുടക്കത്തില്‍ സംശയിച്ചതുപോലെ ആരാലും ഞങ്ങള്‍ ചോദ്യംചെയ്യപ്പെട്ടില്ലല്ലോ എന്ന ആശ്വാസം കൈമാറിയില്ല. അപരിചിതരായ ഞങ്ങളോട് ചാര്‍ലി ഹെബ്ദോയിലെ വെടിവെപ്പിനെക്കുറിച്ച് സംസാരിക്കാന്‍ തയ്യാറായ, മനുഷ്യരില്‍ ഇപ്പോഴും ഒടുങ്ങാത്ത വിശ്വാസമുള്ള അനറ്റ് എന്ന വൃദ്ധയായ സ്ത്രീയെക്കുറിച്ചായിരുന്നു പറഞ്ഞതത്രയും. ഭയമില്ലാതെ, ജാതിയും മതവും ചോദിക്കാതെ രണ്ടു മനുഷ്യജീവികള്‍ക്കു സംസാരിക്കാനുള്ള ഇടം കുറഞ്ഞുകൊണ്ടിരിക്കുന്ന ഈ ലോകത്ത് ആ വൃദ്ധയായ സ്ത്രീ ആ വൈകുന്നേരത്തെ ഞങ്ങളുടെ അദ്ഭുതവും ഇനിയും പ്രതീക്ഷിക്കുവാന്‍ ബാക്കിയാവുന്ന ചില വെളിച്ചങ്ങളുണ്ട് എന്നുള്ള ഓര്മകൂടിയായിരുന്നു.
നടക്കുംതോറും ഇരുട്ടും കൂടിവന്നു. റിപ്പബ്ലിക് സ്ക്വയറിനരികില് എത്തുമ്പോള്‍ ചാര്‍ലി ഹെബ്ദോയ്ക്ക് ഐക്യദാര്ഢ്യമെഴുതിയ ഗ്രാഫിറ്റികളും പോസ്റ്ററുകളും കണ്ടു. ആ എഴുത്തുകള്‍ക്കു താഴേ വാടിയ പൂക്കളും. പാരിസിലെ ഗരേദു നോര്ദില്നിന്നും മടങ്ങുമ്പോള്‍ മെട്രോ സ്റ്റേഷനിലെ പത്രമാസികകള്‍ വില്‍ക്കുന്ന കടയില്‍നിന്നും ചാര്‍ലി ഹെബ്ദോയുടെ അന്നിറങ്ങിയ ലക്കം വാങ്ങി. ഭാഷയറിയില്ലെങ്കിലും ഞാനതു മറിച്ചുനോക്കി. അന്ന് ഒക്ടോബര്‍ ഏഴായിരുന്നു. ചാര്‍ലി ഹെബ്ദോയില്‍ വെടിവെപ്പു കഴിഞ്ഞിട്ട് ഒന്‍പതു മാസം തികയുന്ന ദിവസം!
മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ഉണ്ണി ആറിന്റെ പുസ്തകപ്പുഴു എന്ന പുസ്തകത്തില്‍ നിന്നും
Content Highlights: writer Unni R visit to charlie hebdo magazine office
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..