ചുറ്റിനും ഇടതൂര്‍ന്നു നിലകൊള്ളുന്ന റബ്ബര്‍മരങ്ങള്‍. മേലെ നിബിഡമായ ഇലത്തഴപ്പ്. രാവേറെച്ചെന്നിരുന്നു. ഇലപ്പഴുതുകള്‍ക്കിടയിലൂടെ കാണായ ആകാശത്ത് വിളര്‍ത്ത ഒരു ദുര്ബ്ബലചന്ദ്രന്. മേഘങ്ങള്‍ അതിനെ കൂടക്കൂടെ മറയ്ക്കുന്നു. മങ്ങിയ നിലാവില് ചിരപരിചിതമായ ആ ചുറ്റുപാടുകള്‍ അപരിചിതമായ ഏതോ വന്യഭൂവിഭാഗമായി പരിണമിച്ചിരിക്കുന്നു.തോട്ടത്തിന്റെ നടുവിലൂടെയായിരുന്നു ആ ഒറ്റയടിപ്പാത. ബോയിപ്പന് മുന്നിലും ഞാന്‍ പിന്നിലുമായങ്ങനെ കുന്നുകയറുകയാണ്. ബോയിപ്പന്റെ കയ്യില്‍ കത്തിത്തീരാറായ ഒരു മെഴുകുതിരി. സംരക്ഷണത്തിന് ഒരു ചിരട്ടമുറിയുണ്ടെങ്കിലും കാറ്റ് കനക്കുമ്പോള്‍ തിരി കെട്ടു കെട്ടില്ല എന്ന മട്ടിലാവും. വെല്ല്യമ്മച്ചിയുടെ വീട്ടിലെത്താന്‍ ഇനിയുമുണ്ട് രണ്ടു ഫര്‍ലോങ്. കരിയിലകള്‍ക്കിടയിലൂടെ എന്തോ ഇഴഞ്ഞിഴഞ്ഞു നീങ്ങുന്ന ശബ്ദം. എന്റെ ഹൃദയം നിലച്ചുപോയതുപോലെ... 'അമ്മിണി പേടിക്കല്ല്. കാല് തറയില്‍ അമര്ത്തിച്ചവിട്ടിയങ്ങു നടന്നാ മതി. ആ ഒച്ച കേട്ട് അവനങ്ങു ദൂരോട്ട് എഴഞ്ഞുപൊയ്ക്കൊള്ളും...' ഒരു കയ്യില്‍ മരുന്നുകെട്ടും മറുകയ്യില്‍ മെഴുകുതിരിയും. ബോയിപ്പന്, എന്നെ എടുത്തു തോളത്തിരുത്താന് തീരെയും നിര്‍വ്വാഹമുണ്ടായിരുന്നില്ല... രാത്രി മറ്റൊന്നും ചിന്തിക്കാതെ ബോയിപ്പന്റെ പിന്നാലെ ഇങ്ങനെ ചാടിപ്പുറപ്പെടേണ്ടിയിരുന്നില്ലെന്ന് എനിക്കു തോന്നി. പാതിവഴി കഴിഞ്ഞതിനാല്‍ ഇനി വീട്ടിലേക്കു തിരികെപ്പോകാനും രക്ഷയില്ല. ബോയിപ്പന്റെ കൈത്തണ്ടമേല്‍ അള്ളിപ്പിടിച്ച് നടപ്പു തുടര്‍ന്നു. തിരിവെളിച്ചത്തില്‍ നിഴലുകള്‍, ചലിക്കുന്ന രാക്ഷസരൂപങ്ങള്പോലെ...
കറമ്പിപ്പശുവിന്റെ ക്ടാവിന് തലേന്നുമുതല്ക്ക് വിരയിളക്കം. മരുന്നുകൂട്ടിനുള്ള കച്ചോലം പറിക്കാന്‍ വന്നതായിരുന്നു ബോയിപ്പന്. ചേച്ചിമാര്‍ക്ക് വെല്ല്യപരീക്ഷ. കളിക്കാന്‍ കൂട്ടില്ലാതെ വിഷമിച്ചിരിക്കുമ്പോഴാണ് ബോയിപ്പന്റെ വരവ്. അമ്മ വിലക്കിയിട്ടും കരഞ്ഞുവിളിച്ച് ഇറങ്ങിപ്പുറപ്പെട്ടതാണ്... ചെരിപ്പിടാനുംകൂടി മറന്നു. കൂര്‍ത്ത കല്ലുകളിലും തൊട്ടാവാടിത്തലപ്പുകളിലും തട്ടി പാദങ്ങള്‍ വേദനിക്കുന്നു.
കുന്നിന്റെ ഒത്ത നിറുകയിലുള്ള തറവാട്ടിലായിരുന്നു വെല്ല്യമ്മച്ചിയുടെ താമസം. റബ്ബര്വെട്ടുകാരുടെ ഒറ്റപ്പെട്ട ലായങ്ങളല്ലാതെ ആ കുന്നിന്‍പ്രദേശത്ത് പറയത്തക്ക ആളനക്കമൊന്നും ഉണ്ടായിരുന്നില്ല. ഇരുട്ടു കനത്തപ്പോഴാണ് പ്രേതങ്ങളെ ഓര്‍മ്മവന്നത്. പാറകള്‍ക്ക് ഭൂതങ്ങളുടെ ഛായ.
ഓര്‍ക്കാപ്പുറത്ത് മെഴുകുതിരിയും തീര്‍ന്നു. ഭാഗ്യത്തിന് തൊട്ടടുത്തായിരുന്നു പാപ്പയുടെ ലായം. തകരം മേഞ്ഞ ആ വസതിയുടെ മുറ്റത്തുതന്നെയുണ്ടായിരുന്നു പാപ്പയും പരിവാരങ്ങളും. വിറകുപെറുക്കലും വെല്ല്യമ്മച്ചിയുടെ പശുക്കള്‍ക്ക് പുല്ലുചെത്തലുമായിരുന്നു അങ്ങേരുടെ പണി.
കറുത്തു ചടച്ച്, ഗ്രഹണിപിടിച്ചതുപോലെ മുന്നിലേക്ക് ഉന്തിനില്ക്കുന്ന ചള്ളവയറും ചപ്രത്തലമുടിയും മെനകെട്ട കോന്ത്രപ്പല്ലുകളും ഉണക്കച്ചുള്ളിപോലുള്ള ശോഷിച്ച കാലുകളും മുഷിഞ്ഞുനാറിയ കൈലിമുണ്ടും ഒക്കെയായി ഒരു പേക്കാച്ചനായിരുന്നു പാപ്പ.
അതിനെക്കാള്‍ പ്രാകൃതമായിരുന്നു പാപ്പയുടെ മാതാവിന്റെ അവസ്ഥ. ജടപിടിച്ച തലമുടിയും സദാ പീളകെട്ടിയ കണ്ണുകളുമായി, ഏത്താപ്പുപോലെന്തോ വാരിച്ചുറ്റി ആ തിണ്ണമേല്‍ കാലും നീട്ടി എന്തൊക്കെയോ പിറുപിറുത്തുംകൊണ്ടായിരുന്നു ആ വൃദ്ധയുടെ ഇരിപ്പ്.തൊട്ടടുത്ത് മണ്ണില്‍ കുത്തിമറിഞ്ഞുംകൊണ്ട്, ഒരു ചാവാലിപ്പട്ടിയും ഒപ്പം പാപ്പയുടെ സന്താനങ്ങളായ മേരിയും പെണ്ണിയും. രണ്ടും, പാപ്പയുടെ അതേ തഞ്ചംതന്നെ. തേങ്ങാക്കൂട്ടില്‍ താമസിക്കുന്ന ഔസേപ്പിന്റെ പെങ്ങളായ സാറയെ കല്ല്യാണം കഴിച്ചാണ് പാപ്പമുത്തിയും പുത്രനും ഇവിടെ വന്നുപറ്റിയത്. തെളിഞ്ഞ നിറവും സദാ ചിരിക്കുന്ന മുഖവുമുള്ള ഒരു നാടന്സുന്ദരിയായിരുന്നു സാറ. മങ്ങിയ നാട്ടുവെളിച്ചത്തില്‍ ചില നിഴല്‍രൂപങ്ങള്‍ അനങ്ങുന്നതല്ലാതെ എനിക്കൊന്നുമേ തിരിച്ചറിയാനായില്ല. 'മംഗ്ലാവീന്ന് വെല്ല്യമ്പരാട്ടി നാലു കപ്പക്കെഴങ്ങു തന്നത് ചുട്ടു തിന്നുവാരുന്നേ! വെളക്കില് എണ്ണ തീര്‍ന്നതോണ്ട്, ന്ലാവെട്ടത്തിരുന്നു കഴിക്കുവാരുന്നേ!' ബോയിപ്പന് അടുത്തെത്തിയപ്പോള്‍ തന്റെ പതിഞ്ഞ ശബ്ദത്തില്‍ സാറ പറഞ്ഞു. പാപ്പയും അസ്പഷ്ടമായെന്തോ മുരണ്ടു.
സാറ കത്തിച്ചുതന്ന ചൂട്ടുകറ്റയും മിന്നിച്ചുകൊണ്ടായിരുന്നു പിന്നത്തെ യാത്ര. ആളുന്ന ഓലത്തുമ്പില്നിന്നും അടര്‍ന്നുവീഴുന്ന തീത്തുരുമ്പുകള്. അവ നിലത്തു പാറിവീണ് കരിയിലകളെയും ഉണക്കപ്പുല്നാമ്പുകളെയും ആളിക്കത്തിച്ചുവെങ്കിലും മാത്രനേരത്തിനുള്ളില് അവ കത്തിയടങ്ങി. വീട്ടില്‍നിന്നും വെല്ല്യമ്മച്ചിയുടെ അടുത്തേക്കുള്ള യാത്ര ഒരിക്കലും തീരാത്തപോലെ... നടന്നുനടന്ന് എന്റെ കാലടികള്‍ തളര്‍ന്നുതുടങ്ങിയിരുന്നു.
ആഞ്ഞിലിമരത്തിലിരുന്ന് ഒരു കൂമന്റെ മുരള്‍ച്ച. പെട്ടെന്നതാ, കണ്മുന്നിലൂടെ ഒരു കടവാവല് ചിറകുവിരുത്തി നീങ്ങുന്നു... അപ്പോഴേക്കും വീടെത്തിക്കഴിഞ്ഞിരുന്നു. ബോയിപ്പന്റെ കയ്യും പിടിച്ച് നടക്കല്ലുകള്‍ കയറുമ്പോള്‍ എന്തൊരാശ്വാസം! പോര്‍ട്ടിക്കോയില്‍, ട്യൂബ്ലൈറ്റുകളുടെ തീക്ഷ്ണപ്രകാശം. അവിടെ രാവിലെമുതല്‍ക്ക്, കൊണ്ടുപിടിച്ച ചീട്ടുകളി. അപ്പനും ആറു ചിറ്റപ്പന്മാരും അവരുടെ പതിവുകിങ്കരന്മാരും പരിവാരങ്ങളുമൊക്കെയുണ്ട്.വാതില്‍ കടന്നതും, ഞാനൊറ്റ ഓട്ടത്തിന് കസേരകള്ക്കിടയിലൂടെ നൂണുകടന്ന് അപ്പന്റെ മടിയില്‍ വലിഞ്ഞുകയറി അവിടെത്തന്നെ ഇരിപ്പായി. പുറത്ത് ഇരുട്ട് അപ്പോഴും കനംതൂങ്ങി നിന്നു. പക്ഷേ, എനിക്കു തരിമ്പും ഭയം തോന്നിയതേയില്ല. ബലിഷ്ഠഗാത്രരായ അപ്പനും ചിറ്റപ്പന്മാരും ചുറ്റുമുള്ളപ്പോള്‍ ഞാനെന്തിനു പേടിക്കണം?
നേരിയ പുകപടലമുയര്ത്തിക്കൊണ്ട്, ചുറ്റിനും സിഗററ്റിന്റെ സുഖദഗന്ധം. ഗ്ലാസ്സുകളുടെ കലമ്പല്‍. ചീട്ടുകളിക്കിടയിലെ വാഗ്വാദങ്ങള്‍. ജയഘോഷങ്ങള്‍, ആഹ്ലാദച്ചിരിമുഴക്കങ്ങള്... വിസ്കിയും സുഗന്ധലേപനങ്ങളും, വിയര്‍പ്പും ഇടകലര്‍ന്ന പ്രിയതരമായ സുഗന്ധം. അതായിരുന്നു എന്റെ ശൈശവത്തിന്റെ ഗന്ധം. അതെന്റെ സിരകളെ ഉന്മത്തമാക്കി. സ്നേഹവാത്സല്യങ്ങളുടെ ഉറപ്പുള്ള ആ കോട്ടയ്ക്കുള്ളില്‍ ചെലവഴിച്ച വിനാഴികകളില്‍, ലോകത്തിലെ ഏറ്റവും സുരക്ഷിതത്വമനുഭവിക്കുന്ന പൈതലാണ് ഞാനെന്ന് സ്വയം വിശ്വസിച്ചിരുന്നു...
മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച റോസ്മേരിയുടെ ആത്മകഥയില്‍ നിന്നും
Content Highlights: writer Rosemary Autobiography Mathrubhumi Books
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..