നിക്ക് ചാരാനും ചായാനും ഉണ്ടായിരുന്ന ഒരേ ഒരു മൃണ്മയി യാത്രയായിട്ട് രണ്ട് വര്‍ഷം തികഞ്ഞിരിക്കുന്നു. അഷിതയെക്കുറിച്ച് പറയാനുള്ളതെല്ലാം ഞാന്‍ പലവട്ടം എഴുതിക്കഴിഞ്ഞതാണ്. എന്റെ ഉള്ളില്‍ നിറയുന്ന ഒരു സാന്നിധ്യമായിട്ടാണ് എനിക്ക് അഷിതയെ എപ്പോഴും തോന്നിയിട്ടുള്ളത്. അത്തരമൊരു സാന്നി ദ്ധ്യത്തെക്കുറിച്ച് കൂടുതലെന്തു പറയാന്‍? അത് ഒരനുഭവമാണ് പറയാനായെത്ര വാക്ക്കൂട്ടു വന്നാലും വാക്കൊന്നും തികയാത്ത ഒരനുഭവം.

എന്റെ കഥകളെ അടിസ്ഥാനമാക്കി നീ എന്നെ ഇന്റര്‍വ്യൂചെയ്യണം, ശിഹാബുദ്ദീന്‍ എന്റെ ജീവിതമാണ് ചോദിച്ചത് എന്ന് ഏറ്റവുമവസാനം വരെ ആവശ്യപ്പെട്ടിരുന്നു. അതിനുള്ള അവസരം വരും മുന്‍പ് എന്റെ ചെറിയമ്മ യാത്രയായി. അഷിതക്കഥകളിലെ ചില വാചകങ്ങള്‍ ഞാന്‍ പലകുറി അവരോട് പറയുമായിരുന്നു. അപ്പോള്‍ അഷിത പറയുന്ന ഒരു കാര്യമുണ്ട്. നീയെന്റെ കഥകളെ പിടിച്ചെടുക്കുമ്പോലെ മറ്റാരും പിടിച്ചെടുക്കാറില്ല. നീ എന്റെ കഥയെ തൊടുമ്പോള്‍ എന്റെ ഹൃദയം നിന്നുപോകുന്നതുപോലെ, നീയെങ്ങനെയാണെന്റെ കഥയിലെ മര്‍മ്മത്തെ തൊടുന്നതിത്ര വേഗം? 

അഷിതയുടെ മൂന്ന് കഥകള്‍ കൂട്ടിച്ചേര്‍ത്ത് ഒരു സിനിമയാക്കണം എന്ന് ഞാന്‍ പറയുമ്പോള്‍ നിനക്കെന്റെ സമ്മതമേ ആവശ്യമില്ല, നീ നിനക്കു തോന്നുന്നതൊക്കെ ചെയ്‌തോ എന്റെ കഥകള്‍ വച്ച് എന്നായിരുന്നു മറുപടി. അഷിത സാഹിത്യത്തില്‍ അവശേഷിപ്പിച്ചത് പകരം വയ്ക്കാനാവാത്ത ശൂന്യതയാണ്. 

രണ്ട് ദിവസം മുമ്പാണ് ഇ. ഹരികുമാറിന്റെ ഓര്‍മദിനം കടന്നുപോയത്. സാഹിത്യത്തില്‍ വളരെ നിശബ്ദമായി ജീവിച്ച എഴുത്തുകാരായിരുന്നു ഇവര്‍ രണ്ടുപേരും. ഞാന്‍, ഞാന്‍ എന്ന നിലവിളിയില്ലാതെ, പരിഗണനയ്‌ക്കോ പുരസ്‌കാരങ്ങള്‍ക്കോ വേണ്ടി മുറവിളി കൂട്ടാതെ  സാഹിത്യത്തിനെ തപസ്സു പോലെ കൂടെ കൊണ്ടു നടന്നവര്‍, കൂടെകൂട്ടിയവര്‍...അവരുടെ കഥകള്‍ വേണ്ടവരിലേക്കെത്തിച്ചേരും ഏതു കാലത്തും ഒരു ഗിമ്മിക്കുകളുടെയും കൂട്ടില്ലാതെ. മറക്കാന്‍ പറ്റില്ല അവരെ കാലത്തിന്, കാലം കൊണ്ട് ആര്‍ക്കും അവരെയൊന്നും മായ്ച്ചുകളയാനും പറ്റില്ല. 

ഓര്‍മയായും വായനയായും എഴുത്തായും അഷിത ഇന്നും നിറഞ്ഞുനില്‍ക്കുന്നു. നിശബ്ദത കൊണ്ട് വിജയിച്ചവരാണ് അഷിത. മൗനം നിറച്ച വാക്കുകള്‍ കൊണ്ട് എഴുതി വിജയിച്ചയാളാണ്. ഒരു കൊച്ചുകുട്ടിയുടെ ദേഷ്യവും വാശിയും വഴക്കും പിണക്കവുമൊക്കെ എഴുത്തുകാരി എനിക്കു അനുഭവങ്ങളായി സമ്മാനിച്ചിട്ടുണ്ട്. ആ ഓര്‍മകള്‍ ഇനിയുള്ള കാലത്തേക്ക് ധാരാളമാണ് എനിക്ക്.
ചെറിയമ്മക്ക് ഒരു കഥ എന്ന എന്റെ ഒരു കഥയുണ്ട്. അതില്‍ അഷിതയുടെ തരികളുണ്ട്. ഇന്ന് ഞാന്‍ എഴുതാനിരിക്കുകയാണ് വീണ്ടും ഒരു ചെറുകഥ. ഇതാണ് എനിക്ക് എന്റെ മൃണ്‍മയിക്കു വേണ്ടി ചെയ്യാനാവുന്ന ശ്രാദ്ധമൂട്ട്...

Content Highlights: Writer Priya A.S writes about ashitha on her second death anniversary