
-
യുക്തിവാദിപ്രസ്ഥാനത്തിന്റേയും ഇടതുപക്ഷത്തിന്റേയും മുന്‍നിരപ്രവര്‍ത്തകനും പ്രശസ്ത പത്രപ്രവര്‍ത്തകനുമായ പുത്തന്‍ വീട്ടില്‍ നാരായണന് നായര്‍ എന്ന പവനന് ഓര്‍മ്മയിലേക്ക് മറഞ്ഞിട്ട് ജൂണ്‍ 22-ന് പതിനാറ് വര്‍ഷം. പവനന്റെ ഭാര്യ പാര്‍വ്വതി പവനന് എഴുതിയ പവനപര്‍വ്വം എന്ന ഓര്‍മ്മക്കുറിപ്പുകളില്‍ നിന്ന് ഒരു ഭാഗം ഇവിടെ വായിക്കാം..
കമ്യൂണിസ്റ്റ് നേതാക്കളില്‍ ചിലരും കമ്യൂണിസ്റ്റ് മന്ത്രിമാരില്‍ ചിലരും ഞങ്ങളുടെ വീട് സന്ദര്‍ശിക്കുക പതിവാണ്. ഒരിക്കല്‍പോലും ഞങ്ങളുടെ വീട്ടില്‍ വരാത്തവരില്‍ ഒരാള്‍ ടി.വി. തോമസായിരുന്നു. മന്ത്രിയായ ശേഷം ചിലപ്പോഴെല്ലാം ഫോണില്‍ പവനനെ അന്വേഷിക്കും. പവനനില്ലെന്നറിഞ്ഞാല് തിരിച്ചുവിളിക്കാന്‍ പറയണമെന്നല്ലാതെ മറ്റൊന്നും അദ്ദേഹം അന്വേഷിക്കാറില്ല. എം.എന്നാണെങ്കില്‍ വീട്ടില്‍ അന്നുണ്ടാക്കിയ മീന്കറിയെപ്പറ്റിവരെ അന്വേഷിക്കും; വീട്ടിലെ ഒരു കാരണവര്‍ അന്വേഷിക്കുമ്പോലെ.
ടി.വി. തോമസ് വ്യവസായമന്ത്രിയായിരുന്ന കാലം. അദ്ദേഹം ജപ്പാനില്‍ പോയി തിരിച്ചുവന്നിരിക്കുകയാണ്. അദ്ദേഹത്തിന് എതിരാളികള്‍ ധാരാളമുണ്ടായിരുന്നു. ജപ്പാനില്‍ പോയി തിരിച്ചുവന്നപ്പോള്‍ അദ്ദേഹത്തിനെതിരെ അപവാദങ്ങള്‍ പരക്കുന്നുണ്ടായിരുന്നു. ആ കാര്യങ്ങളെല്ലാം മന്ത്രിയെ അറിയിക്കാനും അദ്ദേഹത്തിന്റെ മറുപടി പത്രത്തിലൂടെ കൊണ്ടുവരാനുമുള്ള ധിറുതിയിലാണ് പവനന്. ഫോണില്‍ വിളിച്ചാല്‍ മന്ത്രിയെ കിട്ടുന്നില്ല. സമയം മുന്‍കൂട്ടി നിശ്യിക്കാതെ മന്ത്രിമന്ദിരങ്ങളില്‍ പോവാന്‍ പവനനിഷ്ടപ്പെട്ടിരുന്നില്ല. ഔദ്യോഗികവസവിലേക്ക് വിളിച്ചാല്‍ മന്ത്രി ബാത്ത്റൂമിലാണ്, ഭക്ഷണം കഴിക്കുകയാണ്, ഉറങ്ങാന്‍ പോയി; അല്ലെങ്കില്‍ കോണ്‍ഫറന്‍സിലാണ് എന്ന മറുപടി. പവനന് ക്ഷമ നശിച്ചു.
ഇതിലൊന്നിലും പങ്കെടുക്കാത്ത ഒരുസമയം അന്വേഷിച്ച് പവനനെ അറിയിക്കാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി സെക്രട്ടറി എസ്. കുമാരനോടാവശ്യപ്പെട്ടു. പവനന്റെ ആവശ്യം മന്ത്രിയെ അറിയിച്ചതായി സ. എസ് പവനനെ അറിയിച്ചു.
താമസിയാതെ ഒരു കാര്‍ വീട്ടുപടിക്കലെത്തി. അതില്നിന്നിറങ്ങിവന്നത് ടി.വി. തോമസായിരുന്നു.
''ഞാന്‍ സുഖമില്ലാതെ ഇരിക്കുകയായിരുന്നു. പവനന് ഒന്നന്വേഷിക്കാന്കൂടി തോന്നിയില്ലല്ലോ'' എന്ന മറുഗോളില് മന്ത്രി പവനനെ തോല്പിച്ചുകളഞ്ഞു. പവനന് ഗൗരവത്തില്‍തന്നെ. ''എന്തെങ്കിലും ഒന്ന് പറയെടോ പവനാ'' -ടി.വി. വിടുന്നില്ല.
നര്മത്തില്കൂടി പരിഹസിക്കാന്‍ പവനന് പ്രത്യേക കഴിവാണ്. ആ അടവ് പവനനും ഉപയോഗിച്ചു.
അവര്‍ സംസാരിക്കുന്നതിനിടയില്‍ മേശക്കപ്പുറത്തുനിന്ന് ഇപ്പുറത്തേക്ക് കടക്കാന്‍ ശ്രമിക്കുന്ന എന്റെ മകന്റെ ബുദ്ധിമുട്ട് മന്ത്രിയുടെ ശ്രദ്ധയില്‍ പെട്ടു. സാമാന്യം തടിയുള്ള രാജനെ ഒറ്റക്കൈകൊണ്ട് തൂക്കി മറുവശത്തേക്കാക്കി. ടി.വി. തോമസ് 'വെയ്റ്റ്ലിഫ്റ്ററാ'യിരുന്നുവെങ്കില്‍ ശോഭിക്കുമായിരുന്നുവെന്ന എന്റെ കമന്റ് പവനന് രസകരമായി തോന്നി. മന്ത്രിപ്പണിയേക്കാള്‍ അദ്ദേഹത്തിന്റെ ആകാരത്തിനും മറ്റും യോജിക്കുന്നത് 'വെയ്റ്റ്ലിഫ്റ്റ്' തന്നെയാണെന്ന് എനിക്കു തോന്നി. അദ്ദേഹത്തിന്റെ ഡ്രസിലും പ്രത്യേകത ഉണ്ടായിരുന്നു. സൈഡ്ബട്ടനോടുകൂടിയ വെളുത്ത ജുബ്ബയും ഡബിള്‍മുണ്ടും. നടത്തത്തിലും ഇരുത്തത്തിലും എല്ലാം പ്രത്യേകത തോന്നിച്ചിരുന്നു. നെറ്റിപ്പട്ടം കെട്ടിയ ആനയുടെ ഗാംഭീര്യം.
ടി.വിയും പവനനും ലോഹ്യത്തില്തന്നെ പിരിഞ്ഞു. കാലത്തെ കര്മഭരിതമാക്കുന്നവര് കാലത്തിനതീതരായിത്തീരും. കാലത്തെ സ്മരിച്ചവരെ കാലവും സ്മരിക്കും. ചരിത്രങ്ങളെല്ലാം ഓര്‍മകളാണ്. കാലമാണ് എല്ലാത്തിനും ആധാരം. കാലമില്ലാതെ ജീവിതവുമില്ല.
ഞങ്ങളുടെ വീട് എപ്പോഴും സജീവമായിരുന്നു. സഖാവ് പി. നാരായണന് നായര്‍ (അടുപ്പമുള്ളവര്‍ പി. എന്ന് വിളിക്കും) ഏട്ടന്റെ അടുത്ത സുഹൃത്തായിരുന്നു. ഒറ്റപ്പാലത്ത് മിക്കവാറും വരും. അദ്ദേഹം തമാശ പറയുന്നതില്‍ സമര്‍ഥനാണ്. കമ്യൂണിസ്റ്റ് എം.പിയായ കെ.കെ. വാരിയര്‍. ഇവരെല്ലാവരും ഒരുമിച്ചുകൂടുന്ന ദിവസങ്ങളില്‍ വീട് ഉല്‍സവച്ഛായയില്‍ നിറയും. തമാശകളുടെ മാലപ്പടക്കം പൊട്ടുമ്പോള്‍ നിയന്ത്രിക്കാന്‍പറ്റാത്ത എന്റെ ചിരി വല്ലാതെ കഷ്ടപ്പെടുത്തും. അവരോടൊപ്പം ചിരിക്കുന്ന പവനനെ, ഇന്നത്തെ മനുഷ്യനില്‍ കണ്ടെത്താന്‍ ഞാന്‍ ശ്രമിക്കും. ഏറെനേരം ആ മുഖത്തേക്ക് നോക്കിയിരിക്കും. എപ്പോഴും മന്ദഹസിക്കുന്ന പവനന്. മുഖം കനപ്പിച്ചോ വിഷമിച്ചോ ഇരിക്കുന്നത് കണ്ടിട്ടില്ല. ആ മന്ദഹസിക്കുന്ന മുഖമുള്ള പവനനാണ് ഇന്നും എന്റെ ഹൃദയത്തിലുള്ളത്.
1967ല്‍ ഇ.എം.എസ് വീണ്ടും മുഖ്യമന്ത്രിയായി. അപ്പോഴേക്കും കമ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നുകഴിഞ്ഞിരുന്നു. ടി.വി. തോമസും എം.എന്‍. ഗോവിന്ദന്‍നായരും മന്ത്രിസഭയിലുണ്ട്. ഇ.എം.എസ് ഇവരെ ശത്രുക്കളായിത്തന്നെ കരുതി. ടി.വി. തോമസും എം.എന്നും മുഖ്യമന്ത്രിയുമായി ഏറ്റുമുട്ടലുകളുണ്ടായിട്ടുണ്ട്. ഏറ്റുമുട്ടലിനിടയില്‍ ടി.വി. തോമസ് ഇ.എം.എസിനെതിരെ ആഞ്ഞടിക്കുക പതിവായിരുന്നു.
കമ്യൂണിസ്റ്റ് മന്ത്രിമാര്‍ക്കെതിരായി അഴിമതിയാരോപണമുന്നയിച്ചപ്പോള് ടി.വി ഫലിതരൂപേണ ഇ.എം.എസിനെ വാക്കുകള്‍കൊണ്ട് ആക്രമിക്കാനാണ് പുറപ്പെട്ടത്. അന്നദ്ദേഹം പറഞ്ഞു:
''ആളുകള്‍ക്ക് ഭ്രാന്തുപിടിച്ചാല്‍ ചങ്ങലക്കിടാം. എന്നാല്‍, ചങ്ങലക്ക് ഭ്രാന്ത് പിടിച്ചാലോ?''. അന്ന് ടി.വി. തോമസ് ഇ.എം.എസിനെതിരെ നടത്തിയ പ്രയോഗം മാര്‍ക്സിസ്റ്റുകാര്‍ക്ക് സഹിക്കാന്‍ കഴിഞ്ഞില്ല. അന്ന് മന്ത്രിയുടെ ഫലിതം പത്രങ്ങളില്‍ 'ബോക്സാ'യി കൊടുത്തിരുന്നു.
ഒരുച്ചനേരം ടി.വി. തോമസ് അസംബ്ലിയില്‍നിന്നും തിരിച്ചുവന്ന് പവനനെ ഫോണില്‍ വിളിച്ചു:
''എങ്ങനെയിരുന്നു എന്റെ ഇന്നത്തെ പ്രയോഗം?''
''ഉഗ്രനായിരിക്കുന്നു'' എന്നുപറഞ്ഞ് ചിരിക്കുന്ന പവനന് എന്റെ കണ്മുന്നില് നില്ക്കുന്നു.
Content Highlights: writer Pavanan Memory By Parvathy Pavanan
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..