ദസ്തയേവ്സ്കി
ബിംബപ്രതിബിംബങ്ങള്‍ അനന്തമായി ഇരട്ടിപ്പിച്ചുകൊണ്ടിരിക്കുന്ന സമാന്തരമായ രണ്ടു കണ്ണാടികള്ക്കിടയിലാണ് ദസ്തയേവ്സ്കിയെ വായിക്കുമ്പോള്‍ നാം പലപ്പോഴും. ഒരാളില്‍ത്തന്നെയുള്ള ഇരട്ടവ്യക്തിത്വങ്ങളും ഒരാളിന്റെ ഇരട്ടയായ അപരനും ആ നോവലുകളില്‍ യഥാര്ഥത്തിനും അയഥാര്ഥത്തിനുമിടയിലെ ഉമ്മറപ്പടിയില്‍ വായനക്കാരെ കൊണ്ടുചെന്നു നിര്‍ത്തുന്നു. പരസ്പരവിരുദ്ധമായ ഇരട്ടകളുടെ സംയുക്തമാണ്, അല്ലെങ്കില്‍, വിഭജിതമായ സ്വത്വമാണ് മനുഷ്യന്റേത് എന്ന ആശയം ഒഴിയാബാധപോലെ ദസ്തയേവ്സ്കിയില്‍ കാണാം. ഇരട്ടയെന്നോ അപരമെന്നോ വിളിക്കാവുന്ന ആ മറുപാതിയെക്കുറിച്ചുള്ള ആശയം മതത്തെയും ധാര്‍മികതയെയും മനുഷ്യപ്രകൃതിയെയും മനോഘടനയെയും സാമൂഹികസ്ഥാനത്തെയും കുറിച്ചുള്ള അദ്ദേഹത്തിന്റെ തത്ത്വചിന്താപരമായ കാഴ്ചപ്പാടിലേക്ക് നമ്മെ കൊണ്ടുപോകുന്നു. വിഭജിതവ്യക്തിത്വം ചുമന്നുനടക്കുന്നവരാണ് ആധുനികമനുഷ്യര്‍ എന്ന ആശയം സാഹിത്യത്തില്‍ പ്രബലമാകുന്നതിനു വളരെ മുമ്പേയാണ് അതിന്റെ പൂര്വദര്ശനമായി യാക്കോവ് പെത്രൊവിച്ച് ഗല്യാദ്കിനെ ദസ്തയേവ്സ്കി സൃഷ്ടിച്ചത്.
ഇരുപത്തഞ്ചുവയസ്സുമാത്രം പ്രായമുണ്ടായിരുന്ന ദസ്തയേവ്സ്കി എഴുത്തുജീവിതത്തിനു തുടക്കംകുറിച്ചുകൊണ്ട് 1846-ല്‍ പ്രസിദ്ധീകരിച്ച രണ്ടു നോവലുകളില്‍ രണ്ടാമത്തേതായ ദ ഡബിളി (The Double) ലാണ് ഗല്യാദ്കിന്‍ എന്ന സര്‍ക്കാര്‍ ഗുമസ്തന് തന്റെ അപരനോ ഇരട്ടയോ ആയ മറ്റൊരു ഗല്യാദ്കിനൊപ്പം പ്രത്യക്ഷപ്പെട്ടത്. യാഥാര്‍ഥ്യം/അയഥാര്ഥ്യം, തഥ്യ/മിഥ്യ, അസ്സല്/പകര്‍പ്പ്, വാസ്തവം/പ്രതീതി, യഥാതഥം/ഭ്രമാത്മകം തുടങ്ങിയ വിരുദ്ധദ്വന്ദ്വങ്ങള്ക്കിടയിലേക്കു വായനക്കാരെ വലിച്ചെറിഞ്ഞുകൊണ്ട് വ്യവസായവിപ്ലവാനന്തര നാഗരികജീവിതാവിഷ്കാരമായി കടന്നുവന്ന ആ നോവലിലെ ഇരട്ട എന്ന ആശയത്തിലെ തീക്ഷ്ണമായ സ്വത്വോത്കണ്ഠകളും മാനസികലോകസങ്കീര്ണതകളുടെ പ്രകാശനവും തിരിച്ചറിയാന്‍, പടിഞ്ഞാറന്‍ യൂറോപ്പില്‍നിന്നു വീശിയ വ്യവസായവിപ്ലവത്തിന്റെയും ആധുനികതത്വഭാവനയുടെയും മുതലാളിത്തത്തിന്റെയും പരിവര്ത്തനതരംഗങ്ങള് വൈകിമാത്രം എത്തിച്ചേര്‍ന്നുകൊണ്ടിരുന്ന പത്തൊമ്പതാംനൂറ്റാണ്ടിന്റെ മധ്യത്തിലെ രാജാധിപത്യ-ജന്മിത്ത റഷ്യയിലെ വായനക്കാരും സാഹിത്യനിരൂപകരും പരാജയപ്പെടുകയാണുണ്ടായത്. സ്വീകരണത്തെക്കാള്‍ ആക്രമണം നേരിട്ട 'ഇരട്ട' എഴുത്തുകാരനെന്ന നിലയില്‍ ദസ്തയേവ്സ്കിയെ കടുത്ത ആത്മവിശ്വാസത്തകര്ച്ചയിലേക്കു മാത്രമല്ല വ്യക്തിജീവിതസന്ദിഗ്ധതകളിലേക്കും വധശിക്ഷാവിധിയുടെ കൊടുംഭീതിയും കഠിനതടവിന്റെയും നാടുകടത്തലിന്റെയും വ്യര്‍ഥമാസങ്ങളും കഷ്ടരാത്രികളുമനുഭവിക്കേണ്ടിവന്ന രചനാശൂന്യമായ പീഡാനുഭവങ്ങളുടെ നീണ്ടകാലത്തേക്കും വലിച്ചെറിഞ്ഞു.
റഷ്യന്‍ നോവലില്‍ത്തന്നെ പുതുരംഗം സൃഷ്ടിച്ചുകൊണ്ട് പാവപ്പെട്ടവര്‍ (The Poor Folk,1846) എന്ന ആദ്യനോവലുമായി കടന്നുവന്ന ദസ്തയേവ്സ്കിയെ പുതിയ ഭാവനയുടെ വാഗ്ദാനമായി വിലയിരുത്തിയത് പത്തൊമ്പതാംനൂറ്റാണ്ടിന്റെ മധ്യത്തിലെ റഷ്യന്സാഹിത്യത്തില് നിര്‍ണായക സ്വാധീനതയുണ്ടായിരുന്ന നിരൂപകന് വിസാറിയോണ് ബെലിന്‍സ്കി (1811-1848) യാണ്. ജീവിതാനന്തരകാലത്ത് ബെലിന്സ്കിയെപ്പറ്റിയുണ്ടായിട്ടുള്ള രചനകള്‍ (അവയുടെ ഇംഗ്ലിഷ് പരിഭാഷ) വായിക്കുമ്പോള്‍ മുപ്പത്തിയേഴാം വയസ്സില്‍ മരിച്ചുപോയ ആ നിരൂപകന് റഷ്യന്‍ റിയലിസത്തിന്റെ വികാസത്തില്‍ വഹിച്ച വഴികാട്ടിയുടെ ധര്‍മം മനസ്സിലാകും. പുതിയൊരു നിക്കൊലായ് ഗോഗൊള്‍ പിറന്നിരിക്കുന്നുവെന്നുവരെ ദസ്തയേവ്സ്കിയെ ബെലിന്‍സ്കി പ്രശംസിച്ചു. എന്നാല്‍ ഇരട്ടയെ നിര്‍ദയമായാണ് ബെലിന്‍സ്കി നേരിട്ടത്. ഇരട്ടയിലെ നായകനായ ഗല്യാദ്കിന്റെ സ്ഥാനം സാഹിത്യത്തിലല്ല മാനസികരോഗാശുപത്രിയിലാണെന്നായിരുന്നു ആക്രമണം. പാവപ്പെട്ടവരിലെ നായകനായ ദെവുഷ്കിനില്നിന്നു വ്യത്യസ്തനാണ് ഗല്യാദ്കിന്‍. ഉത്കര്ഷേച്ഛകൊണ്ട് അയാള്‍ സ്വന്തം കുഴിതോണ്ടുന്നു. അതുകൊണ്ട് സാമൂഹികാനീതികള്ക്കെതിരേയുള്ള അയാളുടെ സമരം സഹാനുഭൂതിയര്ഹിക്കുന്നില്ല എന്ന നിലപാടിന്റെ അടിസ്ഥാനത്തിലാണ് ഗല്യാദ്കിന്റെ കഥയെ രോഗാതുരമെന്ന് ബെലിന്‍സ്കി വിളിച്ചത്. ആ ചെറിയ പരാമര്‍ശം ദസ്തയേവ്സ്കിയെക്കുറിച്ച് പിന്നീടുണ്ടായ പഠനങ്ങളില്‍ പലതിലും നിഴല്പാടു വീഴ്ത്തിയിട്ടുണ്ട്.
ദസ്തയേവ്സ്കിയുടെ കഥാപാത്രങ്ങള്‍ രോഗാതുരവ്യക്തികളാണെന്നും റഷ്യന്‍ ജീവിതത്തിന്റെ യഥാതഥ പ്രതിനിധാനങ്ങളല്ലെന്നുമുള്ള വിമര്ശകാഭിപ്രായങ്ങള്ക്കുപിന്നില് ബെലിന്‍സ്കിയുടെ നിരീക്ഷണം പ്രേതരൂപമായി നില്ക്കുന്നു. ശൈലിയുടെയും പ്രമേയത്തിന്റെയും തലങ്ങളില്‍ കടുത്ത വിമര്‍ശനങ്ങള്‍ ഏതാണ്ടൊക്കെയും അംഗീകരിച്ച ദസ്തയേവ്സ്കി പിന്നീട് ഇരട്ട മാറ്റിയെഴുതി. പത്തൊമ്പതുവര്‍ഷത്തിനുശേഷം 1866-ല്‍ പ്രസിദ്ധീകരിച്ച ആ പരിഷ്കരിച്ച പതിപ്പാണ് ഇന്നു നാം വായിക്കുന്നത്. 'ദ അഡ്വഞ്ചേഴ്സ് ഓഫ് മിസ്റ്റര്‍ ഗല്യാദ്കിന്‍' എന്ന ആദ്യത്തെ ഉപശീര്‍ഷകം മാറ്റി 'എ പീറ്റേഴ്സ്ബര്‍ഗ് പോയം' എന്നാക്കിയതും ഈ പതിപ്പിലാണ്. എഴുത്തുജീവിതത്തിന്റെ തുടക്കത്തില്‍ പിടികൂടിയ ഗോഗൊളിയന്സ്വാധീനതകളെല്ലാം ഇരട്ടയില്നിന്നു വെട്ടിമാറ്റുകയും ചെയ്തു. ഗോഗൊളിന്റെ പരേതാത്മാക്കള്‍ (Dead Souls, 1842) എന്ന നോവലിന്റെയും ഡയറി ഓഫ് എ മാഡ്മാന്‍, ദ നോസ് എന്നീ പ്രസിദ്ധ ചെറുകഥകളുടെയും സ്വാധീനത 'ഇരട്ട'യില്‍ കാണാം. റഷ്യന്‍ ഉദ്യോഗസ്ഥലോകത്തെ ഗുമസ്തന്മാരെയാണ് ഗോഗൊള്‍ തന്റെ കഥകളിലേക്കു കൂട്ടിക്കൊണ്ടുവന്നത്. വിഖ്യാത ചെറുകഥയായ ദ ഓവര്കോട്ടി (1842) ലെ അക്കാക്കി അക്കാക്കിയേവിച്ചാണ് അതിന്റെ ഏറ്റവും പ്രശസ്തമായ മാതൃക. അയാളെപ്പോലെ ഒരു സര്‍ക്കാര്‍ ഗുമസ്തനാണ് ഇരട്ടയിലെ ഗല്യാദ്കിനെങ്കിലും കഥാപാത്രത്തിന്റെ മാനസികഘടനയിലേക്കു കടന്നുചെന്ന് ഗോഗൊള്‍ മാതൃകയെ ദസ്തയേവ്സ്കി ആധുനികകാലത്തിനുവേണ്ടി മാറ്റിയെഴുതി.
ദസ്തയേവ്സ്കി തന്റെ സാഹിത്യജീവിതത്തിലെ ഗോഗൊളിയന് ഘട്ടമെന്നു വിളിക്കാവുന്ന പ്രാരംഭകാലത്തുതന്നെ ചിത്രീകരിച്ചത് ഗോഗൊളിന്റേതുപോലുള്ള 'പാവം സര്‍ക്കാര്‍ ഗുമസ്ത'നെയല്ല, മറിച്ച് അയാളുടെ ആത്മാവബോധ (self consciousness) ത്തെയാണെന്ന് മിഹയില്‍ ബഹ്ചിന് നിരീക്ഷിച്ചിട്ടുണ്ട്. ഗോഗൊളിന്റെ കൃതികളില്‍ ചിത്രീകരിക്കപ്പെട്ടതുപോലെയല്ല സര്‍ക്കാര്‍ ഗുമസ്തന് ദസ്തയേവ്സ്കിയില്‍ പ്രത്യക്ഷപ്പെടുന്നത്; കഥാനായകന് അയാളുടെ വേദനാകരമായ ആത്മാവബോധത്തിന്റെ വസ്തുവാണവിടെ. ഗോഗൊള്‍ അവതരിപ്പിച്ച സര്‍ക്കാര്‍ ഗുമസ്തനെ സ്വയം കണ്ണാടിയില്‍ നോക്കി ധ്യാനിക്കാന്‍ നിര്‍ബന്ധിതനാക്കുകയായിരുന്നു ദസ്തയേവ്സ്കിയെന്നാണ് ബഹ്ചിന്റെ കല്പന. തീര്‍ത്തും വ്യത്യസ്തമായ കലാപ്രസക്തിയാണ് ആ കഥാപാത്രത്തിനു രണ്ടിടത്തുമുള്ളത്. അയാള്‍ ആരാണെന്നുള്ളതല്ല, അയാളെങ്ങനെ സ്വയമറിയുന്നു എന്നതാണ് ഗോഗൊളില്നിന്നു ഭിന്നമായി ദസ്തയേവ്സ്കിയില്‍ നാം കാണുന്നത്. നായകന്റെ യാഥാര്‍ഥ്യമല്ല, ആ യാഥാര്‍ഥ്യത്തെപ്പറ്റിയുള്ള അയാളുടെ അവബോധമാണ് നാമറിയുന്നത്. ഗോഗൊളില്നിന്ന് അങ്ങനെ തുടക്കത്തില്‍ത്തന്നെ ദസ്തയേവ്സ്കി വ്യത്യസ്തനാകുന്നു. പാവപ്പെട്ടവരില്‍ ഗോഗൊളിന്റെ ഓവര്കോട്ടിനെ മാറ്റിയെഴുതിയതുപോലെ ഇരട്ടയില്‍ പരേതാത്മാക്കളെ സ്വന്തം കലാസങ്കല്പങ്ങള്ക്കനുസരിച്ച് ദസ്തയേവ്സ്കി മാറ്റിയെഴുതുകയായിരുന്നുവെന്ന ജോസഫ് ഫ്രാങ്കിന്റെ നിരീക്ഷണവും ഇതിനോടു ചേര്ന്നുനില്ക്കുന്നു.
സെന്റ് പീറ്റേഴ്സ്ബര്‍ഗിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ യാക്കോവ് പെത്രൊവിച്ച് ഗല്യാദ്കിന്‍ നവംബറിലെ ഒരുദിവസം രാവിലെ എട്ടുമണിക്ക് ദീര്ഘനിദ്രയ്ക്കുശേഷം ഉറക്കമെഴുന്നേല്ക്കുന്നിടത്താണ് ഇരട്ടയുടെ തുടക്കം. പീറ്റര്‍ ചക്രവര്‍ത്തി ഏര്‍പ്പെടുത്തിയ പതിനാലു തട്ടുകളുള്ള ഉദ്യോഗസ്ഥ സ്ഥാനശ്രേണിയില്‍ ഒമ്പതാംസ്ഥാനത്തുള്ള ടിറ്റിയുലര് കൗണ്‍സലര്‍ പദവിയിലാണ് ഗല്യാദ്കിന്‍. സ്വന്തം താമസസ്ഥലവും പരിചാരകനുമുള്ള സാമാന്യം ധനികനാണ് ഗല്യാദ്കിന്‍. ഉദ്യോഗത്തില്‍ ഉയര്‍ന്ന സ്ഥാനത്തേക്കുയരണമെന്ന അമിതമായ ആഗ്രഹം ഗല്യാദ്കിനുണ്ട്. പക്ഷേ, വിചിത്രസ്വഭാവിയായ അയാള്‍ക്ക് യാഥാര്‍ഥ്യബോധം കമ്മിയാണ്. തനിക്കുചുറ്റും സംഭവിക്കുന്ന കാര്യങ്ങള്‍ യാഥാര്‍ഥ്യമാണോ തന്റെ കുഴഞ്ഞുമറിഞ്ഞ ദിവാസ്വപ്നത്തിന്റെ തുടര്‍ച്ചയാണോ എന്നു പൂര്‍ണമായും തീര്‍ച്ചയില്ലാതെയാണ് ഗല്യാദ്കിന്‍ ഉണരുന്നത്. തന്റെ ചഞ്ചലസ്വഭാവം തുടരുന്ന അയാള്‍ വിലകൂടിയ ഒരു കുതിരവണ്ടി വാടകയ്ക്കു വിളിച്ച് ഡോക്ടറെ കാണാന്‍ പോകുന്നു. തനിക്കു ചുറ്റും ധാരാളം ശത്രുക്കളുണ്ടെന്നു വിശ്വസിക്കുന്ന ഗല്യാദ്കിനോട് അയാളുടെ ജീവിതശൈലി മാറ്റാനാണ് ഡോക്ടര്‍ ഇവാനോവിച്ച് റൂട്ടെന്സ്പിറ്റ്സിന്റെ ഉപദേശം. തനിക്കു കുഴപ്പമില്ലെന്നു പറഞ്ഞ് പൊട്ടിത്തെറിക്കുകയും പൊട്ടിക്കരയുകയും ചെയ്ത ഗല്യാദ്കിന്‍ ഡോക്ടറോടു ക്ഷമാപണം നടത്തി ഷോപ്പിങ്ങിനു പുറപ്പെട്ട് വിലകൂടിയ സാധനങ്ങള്‍, സ്ത്രീകള്‍ക്കുള്ള ഡ്രസിങ് ടേബിള്‍ ഉള്‍പ്പെടെ വാങ്ങിക്കൂട്ടി. തന്റെ മേലധികാരിയും ധനികനുമായ ഓള്സുഫി ഇവാനോവിച്ചിന്റെ മകള്‍ ക്ലാരയോട് അനുരാഗമുള്ള ഗല്യാദ്കിന്‍ വൈകുന്നേരം അവളുടെ പിറന്നാള്വിരുന്നില് പങ്കെടുക്കാന്‍ പുറപ്പെട്ടു. അവിടെ പ്രവേശനം നിഷേധിക്കപ്പെട്ട അയാള്‍ പിന്‍വാതിലിലൂടെ അകത്തുകടന്ന് ഒരു അലമാരയ്ക്കു പിന്നില്‍ മറഞ്ഞുനിന്നു. ചഞ്ചലമായ ചിന്തകള്‍ക്കുശേഷം അയാള്‍ വിരുന്നുമുറിയിലേക്കു കടന്നുചെന്ന് ക്ലാരയെയും തന്റെ ഓഫീസ് മേധാവി ആന്ദ്രേ ഫിലിപ്പൊവിച്ചിനെയും സമീപിച്ചു. ഗല്യാദ്കിന്റെ പരസ്പരബന്ധമില്ലാത്ത സംഭാഷണത്തില്‍ ഇരുവരും പരിഭ്രമിച്ചു. രണ്ടു വേലക്കാര്‍ അയാളെ അവിടെനിന്നു പുറത്താക്കുകയും ചെയ്തു.
ആ നവംബര്‍ രാത്രിയില്‍ തെരുവില്‍ ഒറ്റയ്ക്കുനിന്ന ഗല്യാദ്കിനു മുന്നില്‍ അയാളുടെ അതേരൂപവും വേഷവുമുള്ള ഒരു അപരന് പ്രത്യക്ഷപ്പെട്ടു. അയാളുടെ പേരും അതുതന്നെയായിരുന്നു - യാക്കോവ് പെത്രൊവിച്ച് ഗല്യാദ്കിന്‍. വീട്ടിലേക്കോടിയ ഗല്യാദ്കിന്‍ കണ്ടത് തന്റെ മുറിയിലെ കിടക്കയില്‍ ഇരട്ട സ്ഥാനംപിടിച്ചിരിക്കുന്നതാണ്. സീനിയര്‍ ഗല്യാദ്കിന്റേതിനു നേര്‍വിപരീതമായ സ്വഭാവത്തിലേക്ക് ഇരട്ടയായ ജൂനിയര്‍ ഗല്യാദ്കിന്‍ അതിവേഗം പരിണമിച്ചു.
ഇടിച്ചുകയറുന്നവനും ഗൂഢാലോചനക്കാരനുമായ ഇരട്ട സീനിയര്‍ ഗല്യാദ്കിന്റെ ഉദ്യോഗസ്ഥനേട്ടങ്ങള്പോലും സ്വന്തമാക്കി. മേലധികാരികളുടെ പ്രീതി പിടിച്ചുപറ്റിയ അയാള്‍ സീനിയര്‍ ഗല്യാദ്കിനെ അവഗണിച്ചു. ക്ലാരയെ അവള്‍ക്കിഷ്ടമല്ലാത്ത പ്രതിശ്രുതവരനില്നിന്നു രക്ഷിച്ചു സ്വന്തമാക്കാന്‍ തന്റെ ഇരട്ട പദ്ധതി തയ്യാറാക്കുകയാണെന്ന് സീനിയര്‍ ഗല്യാദ്കിന്‍ തീര്‍ച്ചപ്പെടുത്തി. ജൂനിയര്‍ ഗല്യാദ്കിന്‍ കുതിരവണ്ടിയില്‍ ഓള്സുഫി ഇവാനോവിച്ചിന്റെ വീട്ടിലേക്കു പോകുന്നത് സീനിയര്‍ ഗല്യാദ്കിന്‍ കണ്ടു. അയാള്‍ സ്വന്തം വീട്ടില്‍ മടങ്ങിയെത്തിയപ്പോള്‍ വീടിനു പുറത്തുവച്ച് രണ്ടുമണിക്ക് തന്നെ കാണണമെന്ന് ക്ലാര അയച്ച കത്തു കിട്ടി. ക്ലാരയില്നിന്നുള്ള സൂചന കിട്ടുന്നതിനുവേണ്ടി വീടിനുപുറത്ത് കാത്തുനിന്നെങ്കിലും വീട്ടിലെ അതിഥികള്‍ ജനലിലൂടെ തന്നെ തുറിച്ചുനോക്കുന്നതാണ് അയാള്‍ കണ്ടത്. വീട്ടിനുള്ളില്‍നിന്ന് ഇരട്ട കടന്നുവന്ന് ഗല്യാദ്കിനെ അകത്തേക്കു ക്ഷണിച്ചു. അയാളോട് അനുകമ്പയോടെ പെരുമാറിക്കൊണ്ട് എല്ലാവരും ചേര്‍ന്ന് അയാളെ ഡോക്ടര്‍ ക്രിസ്ത്യന്‍ ഇവാനോവിച്ച് റൂട്ടെന്സ്പിറ്റ്സിനെ ഏല്‍പ്പിച്ചു. അയാള്‍ ഗല്യാദ്കിനെ മാനസികരോഗാശുപത്രിയിലേക്കു കൊണ്ടുപോയി. ആ വണ്ടിയെ ഏറ്റവുമധികം പിന്തുടര്ന്ന് ഗല്യാദ്കിനെ യാത്രയയച്ചത് അയാളുടെ ഇരട്ടയായിരുന്നു. പിന്നെ അയാള്‍ ഗല്യാദ്കിന്റെ കാഴ്ചയില്‍നിന്ന് അപ്രത്യക്ഷനായി. 'നമ്മുടെ കഥാനായകന് അലറിക്കരയുകയും തലയില്‍ മുറുക്കിപ്പിടിക്കുകയും ചെയ്തു. അഹോ കഷ്ടം! വളരെ മുമ്പേതന്നെ അയാള്‍ക്കറിയാമായിരുന്ന കാര്യങ്ങളാണ് വന്നുഭവിക്കാന്‍ പോകുന്നത്' എന്ന ആഖ്യാതാവിന്റെ പ്രസ്താവനയില്‍ ഇരട്ട അവസാനിക്കുന്നു.
(പി.കെ രാജശേഖരന് എഴുതി മാതൃഭൂമി ബുക്സ് ഉടന്‍ പ്രസിദ്ധീകരിക്കാനിരിക്കുന്ന പുസ്തകത്തില്‍ നിന്നും)
Content Highlights: writer critic p k rajasekharan writes about dostoevsky
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..