
അക്ബർ കക്കട്ടിൽ | ഫോട്ടോ: കെ.കെ. സന്തോഷ്/ മാതൃഭൂമി
മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച അക്ബര്‍ കക്കട്ടില്‍ ദേശഭാവനയുടെ കഥാകാരന് എന്ന പുസ്തകത്തില്‍ നിന്നും ഒരു ഭാഗം വായിക്കാം
വട്ടോളി നാഷണല്‍ ഹൈസ്കൂള്‍. 9-A യുടെ തൊട്ടു ക്ലാസ് 8-B. അക്ബര്‍ മാഷിന്റെ മലയാളം ക്ലാസ്. കോങ്കണ്ണുകൊണ്ട് മാഷെവിടെയാ നോക്കുന്നത് എന്നറിയില്ലെങ്കിലും നല്ല ഒഴുക്കുള്ള ക്ലാസ്.
മാഷിന്റെ ക്ലാസുകള്‍ക്കും മാസങ്ങള്‍ മുന്നേ 9-A യിലുള്ള റഷീദിന് 8-B യിലുള്ള രംഷീനയോട് ഒരിതീന്ന് വെച്ചാല്‍..? അതന്നെ. ഓനിക്ക് ഓളോട് മുഹബ്ബത്ത്. മാഷുടെ ക്ലാസിനിടയില്‍ റൈറ്റ് സഹോദരന്മാരെ മനസ്സില്‍ ധ്യാനിച്ച് ഓന്റെ ഖല്‍ബിലെ മുഹബ്ബത്ത് ചോന്ന മഷിയും ഹൃദയ ച്ചോരയും മുക്കി എയുതി... എയുതി കടലാസ് ബിമാനത്തിലാക്കി ഓന് ഓളടുത്തേക്ക് പറപ്പിച്ചു. ആദ്യാദ്യം ഇന്ത്യ പറത്തിയ റോക്കറ്റ് പോലെ അത് മ്മടെ ക്ലാസിലേക്ക് തന്നെ തിരിച്ചുബന്നു.
ഡസ്ക്കിനടിയില്‍ വീണയാ ബിമാനം മാഷെടുത്തു റഷീദിന്റെ കയ്യിലോട്ടു കൊടുത്തു വായിക്കാന്‍ പറഞ്ഞു. 'പമ്പീസ്' ഇട്ടത്കൊണ്ടാണോന്നറീല്ല പാത്തിയത് മ്മളാരും കണ്ടില്ല. 'ഇനിയുമുണ്ടൊരു ജന്മമെങ്കില് എനിക്കു നീ ഇണയാകണം'ന്നായിരുന്നു ഓനെഴുതിയത്.
'മോനേ... അനക്കെത്ര വയസ്സായി?' മാഷടെ ചോദ്യം.
'പ.., പതിനാല്.'
'ഓക്കോ..?'
'പ.., പ.., പതിമൂന്ന്.'
പശ്ചിമഘട്ടപദ്ധതി നോക്കുമ്പോലെ (എവിടുന്ന് എവിടം വരേന്ന് ആര്‍ക്കും ഇപ്പോഴും..?) മാഷ് ആ കണ്ണുകൊണ്ട് നോക്കിക്കൊണ്ട് പറഞ്ഞു: 'അല്ല ബലാലേ, പതിമൂന്ന് വയസ്സായ ഓള്‍ക്കും പതിനാല് വയസ്സായ ഇനിക്കും ഇനിയെന്തിനാടോ ഒരു ജന്മം കൂടി? മര്യാദക്ക് നാളെ മുതല്‍ അഞ്ച് ദിവസത്തേക്ക് നല്ല പ്രേമലേഖനം എഴുതി എന്റെ കയ്യില്‍ കൊണ്ടു
വരണം. എന്നിട്ട് ഞാന്‍ മാര്‍ക്കിടും. പക്വത എത്തീന്ന് തോന്നുമ്പോ ഞാമ്പറയും. ന്നിട്ട് മ്മക്ക് പ്രേമം കളിക്കാം...'
പുരുഷൂന്റെ യുദ്ധം കഴിഞ്ഞപോലെ ഓന് നിസ്സഹായനായി എന്റെ മുന്നില്‍ ഇരുന്നു. ക്ലാസിലെ ഒരേയൊരു സാഹിത്യകാരന് മ്മളാണെന്ന് ഞാമ്പറയണ്ടാലോ..? (അല്ലേലും ന്നെ പുകഴ്ത്തുന്നത് നിക്കിഷ്ടല്ല.)
അക്ബര്‍ മാഷ്, വ്യത്യസ്തമായ അഞ്ച് പ്രണയലേഖനം, അതിന്റെ വായനയുടെ തീരത്തുകൂടി റഷീദ് രംഷീനയുടെ ഖല്ബിലേക്ക്...
ആശയദാരിദ്ര്യം വല്ലാതെ വരള്‍ച്ചയുണ്ടാക്കിയ കാലത്ത് നായരേട്ടന്റെ പീട്യേന്ന് മസാലദോശയും വടേം എന്ന എന്റെ ഡിമാന്‍ഡ് മാന്യമായിരുന്നു. അവസാനം ഒത്തുതീര്പ്പുചര്ച്ചക്കൊടുവില് വട ഞാന്‍ വിട്ടുകൊടുത്തു.
അങ്ങനെ നാല് ദിവസോം പ്രണയലേഖനം മാഷ് വായിച്ചു. അതു കേട്ടു രംഷീന 'ധ്രിതന്ത ഋഷിയേത്ര്യ പുളംഗിതയായി' എന്ന് റഷീദും കരുതി. അഞ്ചാമത്തെ പ്രണയലേഖനോം സബ്മിറ്റ് ചെയ്തു. അതും മാഷ് വായിച്ചു. റഷീദിനോട് ഇരിക്കാന്‍ പറഞ്ഞു. മാഷ് ക്ലാസെടുത്തു. ക്ലാസ് കഴിയാറായപ്പോള്‍ മാഷ് വിളിച്ചു:
'അബുഹാജീടെ പുന്നാര മ്യോനെ... ഇങ്ങ് വന്നേ.' എന്നെയാണ്.
ഞാന്‍ 'മെല്ലെ... മെല്ലെ മുഖപടം തെല്ലുയര്‍ത്തി' മൂപ്പരുടെ അടുത്തേക്ക് ചെന്നു. പിന്നെ എന്നോട് പറഞ്ഞു, 'മ്യോനെ, സാഹിത്യകുമാരാ, എനിക്ക് പടച്ചോന് കോങ്കണ്ണ് മാത്രേല്ല, കുരുട്ട് ബുദ്ധിയും ഇഷ്ട്ടംപോലെ തന്നിട്ടുണ്ട്.
ഇത് നീ എഴുതിയതാണെന്ന് മനസ്സിലാക്കാന്‍ ബല്യ പണിയൊന്നൂല്ല. അല്ല സാഹിത്യകുമാരാ ആത്മാവും നെടുവീര്‍പ്പും താഴ്വാരോം ആര്ദ്രതേം ഗര്ഭപാത്രോം ഇല്ലാതെ എഴുതാന്‍ പറ്റൂലേ?'
മാഷിനേ അങ്ങനെ ചോദിക്കാന്‍ പറ്റൂ. ഞാനെന്റെ പല പോസ്റ്റുകളും വായിച്ചു. അതൊക്കെ ഇന്നും അതിലുണ്ട്.
മാഷേ...
വഴിപിരിഞ്ഞു നില്ക്കുന്ന അക്ഷരങ്ങളെ കൂട്ടിയോജിപ്പിക്കാന്‍ പോലും അറിയാത്ത എന്നെയും കൊണ്ട് തിരുവനന്തപുരത്തും മറ്റും കൊണ്ടു പോയി...
സുകൃതം... ആ നല്ലോര്മകള്. മാഷിന്റെ സുലൈമാനിയും തേങ്ങാബിസ്കറ്റും ഇപ്പഴൂണ്ട് ന്റെ നാവില്‍.
ആ ഓര്‍മകള്‍ക്കു മുന്നില്‍...
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..