വനിതാദിനത്തില്‍ വായിക്കാം തിരഞ്ഞെടുത്ത അഞ്ചെഴുത്തുകാരികളുടെ കൃതികള്‍


പുസ്തകങ്ങളുടെ കവർ

മാതൃഭൂമി ബുക്‌സ് ഈ വര്‍ഷം ഇതുവരെ പ്രസിദ്ധീകരിച്ച വിവിധ എഴുത്തുകാരികളുടെ കൃതികളില്‍ തിരഞ്ഞെടുത്ത പുസ്തകങ്ങളിലെ അധ്യായങ്ങളില്‍നിന്നും ഒരോ ഭാഗംവീതം വായിക്കാം...

സോണിയ ചെറിയാന്‍

ഴിഞ്ഞ കര്‍വാചാദിന് ഞാന്‍ ഹോസ്റ്റലില്‍ ആരുമറിയാതെ വ്രതമെടുത്ത്, ചന്ദ്രോദയം കാണാന്‍ ഒരുങ്ങി താലമെടുത്ത് ടെറസില്‍ പോയി. കുറച്ചുകഴിഞ്ഞപ്പോഴുണ്ട് കൂട്ടുകാരെല്ലാം മണത്തറിത്ത് പിന്നാലെ എത്തിയിട്ടുണ്ട്. ചുവപ്പുടുപ്പും താലവുമായി നില്‍ക്കുന്ന എന്നെ അവര്‍ കൈയോടെ പിടിച്ചു. പിന്നെ ടെറസില്‍ വലിയ പാട്ടും ഡാന്‍സുമായിരുന്നു. ചന്ദ്രോദയം വരെ ഞങ്ങള്‍ നൃത്തം വെച്ചു. അതു കഴിഞ്ഞും.' അവള്‍ ഇങ്ങനെയാണ്, നടക്കാന്‍ പോകുമ്പോഴെല്ലാം ഇതുപോലെ നിറച്ചും കഥകള്‍ പറയും. കഥകള്‍ കേള്‍ക്കാന്‍ ഒത്തിരി ഇഷ്ടമുള്ള എനിക്കുപറ്റിയ കൂട്ടുകാരി. അല്‍മോറയിലെ പഴക്കംചെന്ന ദേവതാരുക്കള്‍ നിറഞ്ഞ കാടുകളിലേക്ക് ക്ലാസുകട്ടുചെയ്ത് അവര്‍ രണ്ടാളും ട്രക്കിങ്ങിന് പോയത്, പിടിക്കപ്പെട്ട് സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ മുന്നില്‍ തലകുനിച്ചുനിന്നത്, ബസന്ത് പഞ്ചമിക്ക് കുന്നിന്‍മുകളിലെ മൈതാനങ്ങളിലും ടെറസുകളിലും ഓടിനടന്ന് പട്ടം പറത്തിയത്, 'ഫൂല്‍ദേ' ഉത്സവത്തിന് കുട്ടികളെല്ലാമൊത്ത് മലങ്കാടുകളില്‍ അലഞ്ഞ് ശേഖരിച്ച പൂക്കള്‍ അമ്പലങ്ങളിലും വീടുകളിലും കേറിനടന്നു കൊടുത്ത് പകരം മധുരം വാങ്ങിയിരുന്നത്...

നിറപ്പൊലിമകൂടിയ ഉത്സവങ്ങളുടെയും നമുക്ക് പരിചയമില്ലാത്ത ആഘോഷങ്ങളുടെയും പശ്ചാത്തലത്തില്‍ മധുരമേറിയ പഹാഡി കഥകള്‍. അല്‍ത്ത ഇട്ടുകൊടുക്കുന്നതിനിടെ നിങ്ങള്‍ മലയാളി പെണ്ണുങ്ങള്‍ എന്താണ് ആഘോഷങ്ങള്‍ക്കൊന്നും നൃത്തം ചെയ്യാത്തതെന്ന് പരിഭവിച്ചു... 'അതൊക്കെ ഞങ്ങള്‍ പഹാഡികള്‍. ഒരു ഉത്സവമുണ്ടായാല്‍ എന്റെ കിടപ്പിലായ മുത്തശ്ശിപോലുമെണീറ്റു ചുവടുവെക്കും.' ഇന്നത്തെ വൈകുന്നേരം ഒരുങ്ങിവന്ന് അവളുടെ കൂടെ നൃത്തംവെക്കാമെന്ന് വാക്കുപറയിച്ചു.

ദീദി ആ മജന്താ കളര്‍ മൈസൂര്‍ സില്‍ക്കുസാരിതന്നെ ഉടുക്കണമെന്ന് വാശിപിടിച്ചു. 'ഭുവന്‍ ഇന്ന് വരാന്‍വൈകും ദീദി, കൂടെയുള്ള സീനിയര്‍ മേജര്‍ കൗശിക് ഉണ്ടല്ലോ, പുള്ളിക്കാരന്റെ ഭാര്യ പ്രസവത്തിന് നാട്ടില്‍ പോയിരിക്കുവാ. അതുകൊണ്ട് അയാള്‍ ഫ്‌ളയിങ് കഴിഞ്ഞ് മെസ്സില്‍ ഡ്രിങ്ക്‌സ് കമ്പനികൊടുക്കാന്‍ പിടിച്ചുവെക്കും.

എന്നാലും മേജര്‍ കൗശിക് സൂപ്പര്‍ ആയി പഠിപ്പിക്കും കേട്ടോ. ഇപ്പോള്‍ ലോ ഫ്‌ളയിങ് അല്ലേ. രാംഗംഗ നദിയുടെ മുകളിലൂടെയാണ് താഴ്ന്നുപറക്കല്‍ ട്രെയിനിങ്. പക്ഷേ, ഭുവന്‍ എന്തായാലും ചന്ദ്രോദയമാവുമ്പോഴേക്കും എത്തും. കഴിഞ്ഞവര്‍ഷം ഞാന്‍ തനിയെ ടെറസില്‍ ആഘോഷിച്ച കര്‍വാചൗദിന്റെയന്ന് എനിക്ക് വാക്കുതന്നതാ. അടുത്തവര്‍ഷം ഉറപ്പായും നിന്റെകൂടെ ഉണ്ടാവുമെന്ന്. എന്റെ ഗഡ്വാളി വാക്കുപാലിക്കും. അത് പക്കാ.' ഈ കിന്നാരമെല്ലാം കേട്ട് ചിരിച്ചുകളിച്ച് ഒരുപാടുനേരം കൊണ്ട് അദിതിയെ ചമയിച്ചുനിര്‍ത്തി ഞാന്‍ വീട്ടിലേക്കു പോയി. ഒന്നൊരുങ്ങി കുഞ്ഞുങ്ങളെയുമൊരുക്കി ആഘോഷത്തിന് ചേരണമല്ലോ.

പി. വത്സല

ച്ഛമ്മയ്ക്ക് രോഗം! അദ്ഭുതം, വ്യസനം! വീട്ടില്‍ ഇന്നുവരെ കുഞ്ഞുങ്ങള്‍ക്ക് പനി, ജലദോഷം എന്നിവയേ ഉണ്ടായിട്ടുള്ളൂ. മുതിര്‍ന്ന സ്ത്രീകള്‍ വിശ്രമിക്കുക, പ്രസവചികിത്സ നടക്കുമ്പോള്‍ മാത്രം. എന്നാല്‍ അച്ഛമ്മ അവരുടെ നടുവകത്ത്, കട്ടിലില്‍ വെറുതെ കിടക്കുന്നത് കാണുകയില്ല. രാത്രി ഉറങ്ങാറാവും വരെ.

ആരാണ് രാവിലെ വെയിലിന് ചൂടുപിടിക്കും മുന്‍പ് പറമ്പുനീളെ നടന്ന്, ഉണക്കത്തേങ്ങ, ഓരോ കണ്ടത്തിലും പെറുക്കിക്കൂട്ടുക? കാറ്റും മഴയും കഴിഞ്ഞാല്‍ തല്ലിക്കൊഴിഞ്ഞ മാമ്പഴം പെറുക്കി, താഴെ കിണറ്റുകരയിലെ, വെള്ളം പാതി നിറച്ച തള്ളച്ചെമ്പില്‍ കഴുകാനിടുക? ഒറ്റയെണ്ണം നശിപ്പിച്ചുകളയാതിരിക്കാന്‍ ശ്രദ്ധിക്കുക?

പിന്നെ എല്ലാവരുടേയും ഭക്ഷണകാര്യം. ആദ്യം വീട്ടിലെയും അയല്‍പക്കങ്ങളിലെയും കുട്ടികള്‍ക്ക് കഴിക്കാനുള്ള ഊഴമാണ്. പിന്നെ വീട്ടിലെ പെണ്ണുങ്ങള്‍ക്കും ആണുങ്ങള്‍ക്കും. അവസാനം രാത്രി ആലയില്‍ നോക്കിനില്ക്കുന്ന പശുക്കളുടെയും കിടാങ്ങളുടെയും പുല്ലുവട്ടി നിറയ്ക്കും. ഓരോ കാലവും ഉണ്ടാക്കിത്തരുന്ന വിഭവങ്ങളെ മുഴുവനും ഏറ്റുവാങ്ങാനും വേണ്ടത് പങ്കുവയ്ക്കാനും ബാക്കിയാവുന്നത് കരുതിവയ്ക്കാനും അച്ഛമ്മയല്ലാതെ മറ്റാരുണ്ട്!

അച്ഛമ്മ ഒരു ആള്‍ മാത്രമായിരുന്നില്ല, സര്‍വ ആഗ്രഹങ്ങള്‍ക്കും വഴികാണുന്ന ഒരു കാവലാളായിരുന്നു. അവര്‍ എന്നെങ്കിലും ദീനക്കിടക്കയില്‍ വീഴുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചുതന്നെയില്ല.
ഞാന്‍ ഉറക്കമുണര്‍ന്നു, കോണിയിറങ്ങി ഇടനാഴിയിലെത്തുമ്പോള്‍ ആളെല്ലാം നടുമുറിയിലും ഉമ്മറത്തും വന്നുനില്ക്കുന്നു. മീനാക്ഷിയമ്മ ഇരുന്ന് നെരിപ്പോടിലെ ചൂടില്‍ തവിടുകിഴി ചൂടാക്കുന്നു; ഒന്നല്ല, രണ്ടുമൂന്ന് എണ്ണം. ദേവു ഏടത്തിയും കിഴി ചൂടാക്കുകയാണ്. ഭാനു ചെറിയമ്മ അതിന്റെ ചൂട് കൈത്തണ്ടിന്റെ അകഭാഗത്ത് സ്പര്‍ശിച്ചുനോക്കുന്നു. പിന്നെ കട്ടിലില്‍ കിടക്കുന്ന അച്ഛമ്മയുടെ പല ഭാഗങ്ങളില്‍ ഇടവിടാതെ ചൂടു പിടിപ്പിക്കുന്നു. നെരിപ്പോടില്‍, കോപിച്ച കനലുകള്‍ പതുക്കെ പല്ലിറുമ്മുന്നു. പുറത്ത് മഴ പെയ്യുന്നു, കരച്ചിലോടെ! കിളികള്‍ ഞരങ്ങുന്നു. അഴിച്ചുവിടാന്‍ വൈകിയ കന്നുകാലികള്‍ ആലയില്‍ കുളമ്പൊച്ച കേള്‍പ്പിക്കുന്നു.

അമ്മ്വേടത്തി വിവാഹം ചെയ്തയച്ച വീട്ടില്‍നിന്ന് എത്തീട്ട് രണ്ടുദിവസമായി. രോഗമറിഞ്ഞ് വന്നതല്ല. അവരുടെ ഭര്‍ത്താവ് കൊണ്ടുവന്ന് വിട്ടതാണ്. പാവം കുറച്ചീസം കുട്ടികള്‍ക്കൊപ്പം കഴിഞ്ഞോട്ടെ എന്ന് വിചാരിച്ചിട്ടാണത്രെ. ചക്കയും മാങ്ങയും നിറയെ പഴുത്തിരിക്കുന്നു. ചാലിയാറിന്റെ അക്കരെ നിന്ന് കോമരമൂത്തമ്മ കൊണ്ടുവന്ന വിശേഷപ്പെട്ട ഒളോര്‍മാമ്പഴവും അമ്മമ്മ കൊടുത്തുവിട്ട ഉണക്കിയ ഈന്തിന്‍പരിപ്പുമുണ്ട്. ഇന്ന് രാവിലെ പലഹാരം ഈന്തിന്‍ അരി, ചക്കരയും തേങ്ങ ചിരവിയതും ചേര്‍ത്ത് കുഴച്ചതാണെന്നും അടുക്കളവല്യമ്മയ്ക്ക് ഏകാദശി നൊയമ്പാണെന്നും അച്ഛമ്മയും അങ്ങനെത്തന്നെയാവും എന്നും ഞങ്ങള്‍ വിചാരിച്ചിരുന്നു.

കലാമണ്ഡലം സരസ്വതി

ലാമണ്ഡലത്തില്‍ രണ്ടു സരസ്വതിമാരുണ്ടായിരുന്നു. എന്നെക്കൂടാതെയുള്ള സരസ്വതി പെരുമ്പാവൂരില്‍നിന്നാണ്. എന്റെ ജൂനിയറാണ് അവള്‍. അദ്ധ്യാപകര്‍ പേരു വിളിക്കുമ്പോള്‍ മാറിപ്പോകാതിരിക്കാനായി എന്നെ 'കോഴിക്കോട് സരസ്വതി' എന്നായിരുന്നു വിളിച്ചിരുന്നത്. പെരുമ്പാവൂരില്‍നിന്നും വന്ന സരസ്വതി പെരുമ്പാവൂര്‍ സരസ്വതിയുമായി. ഒന്നുരണ്ട് സിനിമകളിലൊക്കെ അവളെ കണ്ടു. പിന്നെ കണ്ടിട്ടില്ല. കലാമണ്ഡലത്തില്‍ എല്ലാ മുതിര്‍ന്ന വിദ്യാര്‍ത്ഥികളുടെയും സ്‌നേഹവും വാത്സല്യവും അനുഭവിക്കാന്‍ എനിക്ക് ഭാഗ്യമുണ്ടായിരുന്നു. പത്തുവയസ്സുകാരിയോട് അവര്‍ക്ക് അനുകമ്പയായിരുന്നു. എല്ലാ പരിപാടികള്‍ക്കും മുമ്പില്‍ത്തന്നെ എന്നെയും നിര്‍ത്തും. കലാമണ്ഡലമൊന്നാകെ എപ്പോഴും മുഴങ്ങിനിന്നിരുന്ന പേരായിരുന്നു ഹൈദരാലി! കലാമണ്ഡലം ഹൈദരാലി ഒരു മുഴുവന്‍ സ്‌നേഹമായിട്ടാണ് ഇന്നും എന്റെ മനസ്സിലുള്ളത്.

കഥകളിപ്പദങ്ങള്‍ പാടാന്‍ ഹൈദരാലി എപ്പോഴും മുന്‍പന്തിയിലുണ്ടാവും. വലിയ ഉത്സാഹമാണ് എല്ലാറ്റിലും. കഥകളിഗുരുക്കളില്‍ കലാമണ്ഡലം നമ്പീശന്‍ ആശാന്‍ ആയിരുന്നു ഏറ്റവും മുന്‍പന്തിയിലുണ്ടായിരുന്ന പേര്. നമ്പീശനാശാന്റെ പ്രിയ ശിഷ്യനായിരുന്നു ഹൈദരാലി. രാമന്‍കുട്ടിയാശാന്‍, കുഞ്ഞുവാശാന്‍, പത്മനാഭന്‍ ആശാന്‍ തുടങ്ങിയവര്‍ക്കെല്ലാംവേണ്ടി പാടുന്നത് നമ്പീശന്‍ ആശാനായിരുന്നു. നമ്പീശനാശാന്റെ കൂട്ടത്തിലായിരുന്നു ഗംഗാധരനാശാന്‍. അദ്ദേഹമാണ് ഹൈദരാലിയെ ചേങ്ങല പിടിക്കാന്‍ പഠിപ്പിച്ചത്. ആദ്യം ചേങ്ങല വശത്താക്കണം.

പുറപ്പാട്, തോടയം ഒക്കെ ആദ്യം വശമാകണം. അതും കഴിഞ്ഞിട്ടാണ് ചേങ്ങല കൊട്ടിപ്പാടേണ്ടത്. ചേങ്ങല ഹൈദരാലി വളരെ വേഗത്തില്‍ സ്വായത്തമാക്കി. അദ്ഭുതമായൊരു സിദ്ധിയുണ്ടായിരുന്നു ഹൈദരാലിക്ക്. നമ്മള്‍ നോക്കിയിരുന്നുപോകും. അക്ഷരസ്ഫുടതയില്‍ ഹൈദരാലി കാണിച്ചിരുന്ന മിടുക്ക് കണ്ടും കേട്ടുംതന്നെ അനുഭവിക്കണമായിരുന്നു. സംസ്‌കൃതപദങ്ങള്‍ മുഴുവന്‍ ഹൃദിസ്ഥമാക്കി കൊട്ടിപ്പാടുകയാണ്!

ഹൈദരാലി കലാമണ്ഡലത്തിലെ സെലിബ്രിറ്റി തന്നെയായിരുന്നു. ഇത്രയും പരിചസമ്പന്നരായ, മുതിര്‍ന്ന, കേളികേട്ട ആശാന്മാര്‍ക്കുവേണ്ടി പാടുന്നയാളാണ് എന്നതുതന്നെ വലിയ മഹിമയാണ്. പക്ഷേ, ഹൈദരാലിയുടെ മുഖമുദ്ര മറ്റൊന്നായിരുന്നു ലാളിത്യം. താന്‍ ഇത്രയൊക്കെ അനുഗൃഹീതനായ കലാകാരനാണ് എന്ന ഭാവം ഒട്ടുമേയില്ലാതെ എല്ലാവരോടും എത്രകണ്ട് താഴ്മയോടെ പെരുമാറാന്‍ പറ്റുമോ അത്രയും അദ്ദേഹം പാലിച്ചിരുന്നു. അതുപോലെത്തന്നെ തന്നിലുള്ള സ്‌നേഹം എത്രയുണ്ടോ അത്രയും മറ്റുള്ളവര്‍ക്കു പകര്‍ന്നുതരും. യാതൊരു നാട്യവുമില്ലാത്ത നല്ലൊരു മനുഷ്യന്‍! കൂടെ പഠിക്കുന്നവരെല്ലാം നമ്പൂതിരിമാരും നമ്പീശന്മാരും മറ്റ് ഉയര്‍ന്ന ജാതിക്കാരുമൊക്കെയായിരുന്നു.

അദ്ദേഹം ജാതിവിവേചനം നേരിട്ടിരുന്നോ എന്നെനിക്കറിയില്ല. പക്ഷേ, അദ്ദേഹത്തിന് വിവേചനം എന്ന പദം അന്യമായിരുന്നു എന്നെനിക്കറിയാം. സംഗീതമായിരുന്നു ഹൈദരാലി തിരഞ്ഞെടുത്തത്. കലാമണ്ഡലത്തിലെ സാഹിത്യസദസ്സുകളില്‍ ലളിതഗാനം പാടുക, പ്രാര്‍ത്ഥന ചൊല്ലുക... ഇതിനെല്ലാം മുന്‍പന്തിയില്‍ ഹൈദരാലിയുണ്ടാകും. ചങ്ങമ്പുഴയുടെ വാഴക്കുല എന്നെ സംബന്ധിച്ചിടത്തോളം ഹൈദരാലിയുടെ ശബ്ദത്തില്‍ കേട്ടാല്‍ മാത്രമേ കവിതയാകുമായിരുന്നുള്ളൂ. സാഹിത്യസദസ്സില്‍ ഹൈദരാലിയുടെ വാഴക്കുല കേട്ടില്ലെങ്കില്‍ അങ്ങോട്ടു ഞങ്ങള്‍ ആവശ്യപ്പെടും. എട്ടു വര്‍ഷമാണ് അന്നൊക്കെ കഥകളിപഠനം. അത് സംഗീതമായാലും അഭിനയമായാലും എട്ടു കൊല്ലം പഠിച്ചിരിക്കണം. അതില്‍ ഒരു വിട്ടുവീഴ്ചയുമില്ല. ജീവിതത്തിന്റെ വലിയൊരു ഭാഗം അവിടെപ്പോകും. അതിന് തയ്യാറായി വരുന്നവര്‍ മാത്രമേ കഥകളിരംഗത്ത് ശോഭിച്ചിട്ടുള്ളൂ.

കലാമണ്ഡലം പഠനത്തിനുശേഷവും ഹൈദരാലിയുമായി ഞാന്‍ സൗഹൃദം തുടര്‍ന്നു. നൃത്തം ജീവിതോപാധിയായി തിരഞ്ഞെടുത്ത സമയത്ത് എപ്പോള്‍ വേണമെങ്കിലും സഹായം ആവശ്യപ്പെടാവുന്ന ഒരു സഹോദരിയായി അദ്ദേഹം എന്നെ പരിഗണിച്ചിരുന്നു. വേദികളില്‍ സജീവമായപ്പോള്‍ എന്റെ മോഹിനിയാട്ടത്തിനായി അദ്ദേഹം ഒരു വര്‍ണ്ണം എഴുതി സംഗീതം ചിട്ടപ്പെടുത്തിത്തന്നു. അത് ഞാന്‍ എന്റേതായ രീതിയില്‍ ചിട്ട ചെയ്ത് അവതരിപ്പിച്ചു. അതു കാണാന്‍വേണ്ടി അദ്ദേഹം വന്നു. അദ്ദേഹം അടിമുടി സംഗീതമായിരുന്നു. കല ശുദ്ധമാണ്. ജാതിയാലോ മതത്താലോ ലിംഗത്താലോ വര്‍ണ്ണത്താലോ അതിനെ അശുദ്ധമാക്കാന്‍ കഴിയില്ല. കാരണം, ഇതെല്ലാം കൂടിച്ചേരുന്നിടത്താണ് കലയുണ്ടാവുന്നത്.

ആണ്‍പെണ്‍ വ്യത്യാസങ്ങള്‍ അവരുടെ രൂപത്തിലും ഭാവത്തിലുമല്ലാതെ കലയില്‍ എന്നെ സംബന്ധിച്ചിടത്തോളം ബാധകമായിട്ടില്ലായിരുന്നു. ആര്‍ത്തവസമയങ്ങളില്‍ കലാമണ്ഡലത്തിനു വേണമെങ്കില്‍ നിബന്ധനകള്‍ കൊണ്ടുവരാമായിരുന്നു, അക്കാലത്ത്. സരസ്വതീക്ഷേത്രം എന്ന കാഴ്ചപ്പാടില്‍ നിന്നുകൊണ്ട് പെണ്‍കുട്ടികള്‍ക്ക് ആര്‍ത്തവകാലത്ത് പ്രവേശനം നിഷേധിക്കാം. പക്ഷേ, പുരോഗമനചിന്തകളുടെ ക്ഷേത്രംകൂടിയായിരുന്നു അത്.

ശോഭാ തരൂര്‍

പകിട്ടേറിയ ജീവിതത്തോട് ഞങ്ങള്‍ സ്വാഭാവികമായി ഇഴുകിച്ചേര്‍ന്നു. ഭര്‍ത്താവിന്റെ സഹപ്രവര്‍ത്തകരും പരസ്യക്കമ്പനിയുടമകളും അടങ്ങിയ ഒരു സുഹൃദ്വലയമായിരുന്നു ഞങ്ങളുടേത്. അതില്‍ മാദ്ധ്യമരംഗത്തെയും നാടകരംഗത്തെയും ഒട്ടേറെ പ്രമുഖരുമുണ്ടായി. ഔപചാരികവിരുന്നുകളും പുസ്തകപ്രകാശനങ്ങളുമടക്കം നഗരത്തില്‍ അരങ്ങേറിയിരുന്ന എല്ലാ ചടങ്ങുകളിലും ക്ഷണിതാക്കളെന്ന നിലയ്ക്ക് ഞങ്ങള്‍ പങ്കെടുത്തു. നിരവധി ഇംഗ്ലീഷ് നാടകങ്ങളും ക്ലാസിക്കല്‍ നൃത്തപരിപാടികളും കാണാന്‍ അവസരമുണ്ടായി. സമൂഹത്തിലെ ഉന്നതരുമായുണ്ടായ സമ്പര്‍ക്കം എന്റെ മക്കള്‍ക്ക് ഔന്നത്യങ്ങളിലേക്കുള്ള ചവിട്ടുപടിയായാണ് ഞാന്‍ കണ്ടത്. മനസ്സുവെച്ചാല്‍ എന്തും നേടാം എന്നുതന്നെ ഞാന്‍ ഉറച്ചു വിശ്വസിച്ചു.

ബോംബെ ജിംഖാനാ ക്ലബ്ബിലെ പുല്‍ത്തകിടിയും കസേരകളും യൂണിഫോമണിഞ്ഞ പരിചാരകരുടെ സേവനങ്ങളും എനിക്ക് ആഹ്ലാദം പകര്‍ന്നു. മനസ്സ് ശരിക്കും മേഘങ്ങള്‍ക്കു മേലേ പറന്നു. എങ്കിലും പാദങ്ങള്‍ ഭൂമിയില്‍ത്തന്നെ ഉറച്ചുനിന്നു. കുടുംബപശ്ചാത്തലവും ജനിച്ചുവളര്‍ന്ന സാഹചര്യങ്ങളും വിനയം കൈവിടാതിരിക്കാന്‍ എന്നെ പ്രാപ്തയാക്കി. ഭര്‍ത്താവിന്റെ ഉയര്‍ന്ന പദവിയും ഉദ്യോഗവും മൂലം ലഭിച്ചുപോന്ന പല സുഖസൗകര്യങ്ങളും ശാശ്വതമല്ലെന്ന ബോദ്ധ്യവും എനിക്കുണ്ടായിരുന്നു. ഒരു ഹൃദ്രോഗിയോടൊപ്പമാണ് ജീവിക്കുന്നത് എന്ന് മനസ്സ് കൂടക്കൂടെ ഓര്‍മ്മപ്പെടുത്തി. യുവത്വം കടന്നിട്ടില്ലാത്ത എന്നെ ഈ സത്യം വല്ലാതെ അലട്ടി. മനസ്സ് സദാ അസ്വസ്ഥമായി! ഭര്‍ത്താവിന്റെ അനാരോഗ്യം എന്നില്‍ ആശങ്കയും ഭയവും ജനിപ്പിച്ചു. അത്രയും കാലം ജീവിച്ചപോലെ ഭാവിയിലും ജീവിക്കാനാകുമോ എന്ന ഒരു സന്ദേഹം എന്റെ മനസ്സിനെ ചഞ്ചലമാക്കി.

പ്രതിഭാശാലികളായിരുന്നു എന്റെ മക്കള്‍. അവരുടെ ഭാവിക്കുവേണ്ടി ബാങ്ക് ബാലന്‍സ് ഉണ്ടാക്കുകയല്ല വേണ്ടതെന്നും അവരുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കയാണ് വേണ്ടതെന്നും ഞങ്ങള്‍ വിശ്വസിച്ചു. പൈതൃകവും പാരമ്പര്യവും ഉള്‍ക്കൊണ്ടു വളരാന്‍ ഞങ്ങള്‍ അവരെ സജ്ജരാക്കി. എല്ലാ വര്‍ഷവും സ്‌കൂള്‍ അടച്ചുകഴിഞ്ഞാല്‍ ഞങ്ങള്‍ അവരെ തറവാട്ടിലേക്ക് കൊണ്ടുപോയി. എലവഞ്ചേരിയില്‍ അമ്മമ്മ, ചെറിയമ്മമാര്‍, വലിയമ്മമാര്‍, അമ്മാമന്മാര്‍ എന്നിവരുമായെല്ലാം ആത്മബന്ധമുണ്ടാകാന്‍ ഈ അവധിക്കാലങ്ങള്‍ അവര്‍ക്ക് ഏറെ പ്രയോജനം ചെയ്തു.

ജയശംഖിനിയമ്മയുടെ മക്കളില്‍ ഏറ്റവും മൂത്തത് ഞാനായിരുന്നു. എന്റെ ഏറ്റവും ഇളയ അനുജത്തി ശോഭനയ്ക്ക് ശശിയെക്കാള്‍ വെറും ഒന്നര വയസ്സേ കൂടുതലുള്ളൂ. എന്റെ ഏറ്റവും ഇളയ അനുജന്‍ മുകുന്ദനാകട്ടെ, ശശിയെക്കാള്‍ പ്രായം കുറവായിരുന്നുതാനും! അമ്മാമന്മാരും അമ്മായിമാരുമൊക്കെ എന്റെ മക്കള്‍ക്ക് കൂട്ടുകാരെപ്പോലെയായിരുന്നു. അതിനാല്‍, വേനലവധിക്ക് നാട്ടില്‍ പോകാന്‍ അവര്‍ക്കു വലിയ ഉത്സാഹമായിരുന്നു. നാട്ടിലെത്തിയാല്‍ ചിറ്റിലഞ്ചേരിയിലെ തരൂര്‍ തറവാട്ടില്‍ ചെന്ന് ചന്ദ്രന്റെ വീട്ടുകാരെ കാണാനും ഞങ്ങള്‍ പ്രത്യേകം ശ്രദ്ധപുലര്‍ത്തി. വേനലവധിക്കാലത്താണ് എന്റെ മക്കളുടെ മലയാളം പഠിത്തം! കേരളീയസംസ്‌കാരത്തെക്കുറിച്ചും ആചാരങ്ങളെക്കുറിച്ചുമെല്ലാം അവര്‍ കൂടുതല്‍ മനസ്സിലാക്കിയതും ഇത്തരം അവധിക്കാലങ്ങളിലാണ്.

ഉത്സവങ്ങളിലും കുടുംബത്തിലുണ്ടാവുന്ന ആഘോഷങ്ങളിലും അവര്‍ പങ്കെടുത്തു. പുഴയില്‍ കുളിക്കാന്‍ ശീലിച്ചു. മുറുക്കും കൊണ്ടാട്ടവും നെയ്യും മറ്റും വീട്ടില്‍ ഉണ്ടാക്കാമെന്നത് അവരില്‍ കൗതുകം ജനിപ്പിച്ചു. നഗരത്തില്‍ കാണാത്ത പലതും ഗ്രാമങ്ങളില്‍ കണ്ടപ്പോള്‍ അവര്‍ അദ്ഭുതംകൂറി. ക്ലബ്ബില്‍ സ്പൂണും ഫോര്‍ക്കുമുപയോഗിച്ച് ഭക്ഷണം കഴിച്ചു പരിചയമുള്ള മക്കളോട്, ഇലയില്‍ വിളമ്പുന്ന ചോറ് കൈകൊണ്ടു കുഴച്ചുണ്ണാന്‍ പഠിക്കണം എന്ന് എന്റെ ഭര്‍ത്താവ് പറയുമായിരുന്നു. എന്തും ഏതും ശീലിച്ചിരിക്കണം എന്ന് അദ്ദേഹത്തിനു നിര്‍ബ്ബന്ധമായിരുന്നു. പാശ്ചാത്യവും പൗരസ്ത്യവുമായ ജീവിതരീതികള്‍ അവര്‍ അനായാസം വശമാക്കി. ഇന്ന് എന്റെ മക്കള്‍ വിശ്വപൗരന്മാരായി ജീവിക്കുന്നത് കാണ്‍കെ എന്റെ മനസ്സ് അഭിമാനംകൊണ്ട് നിറയാറുണ്ട്. എലവഞ്ചേരിയിലായാലും ലോകത്തിലെ ഏതൊരു പരിഷ്‌കൃതനഗരത്തിലായാലും വ്യക്തിത്വം കൈവിടാതെ അവര്‍ ജീവിക്കുന്നുവെന്നത് അമ്മയെന്ന നിലയ്ക്ക് എന്നില്‍ കൃതാര്‍ത്ഥതയുണര്‍ത്തുന്നു.

ഇന്ത്യയില്‍ വരാനും ഇവിടുത്തെ രീതികള്‍ കണ്ടുപഠിക്കാനും എന്റെ പേരക്കുട്ടികളും ഉത്സുകരാണ്. ഓഫീസിലും ജോലിയിലും മാത്രം ഒതുങ്ങിക്കൂടുന്ന ആളായിരുന്നില്ല എന്റെ ഭര്‍ത്താവ്. അദ്ദേഹം ഒരു പൊതുകാര്യപ്രസക്തന്‍കൂടിയായിരുന്നു. പലരുമായും അദ്ദേഹം സഹകരിച്ചു. സുഹൃത്തായ സില്‍വസ്റ്റര്‍ ഡിക്കൂനയോടൊപ്പം ബോംബെ അഡ്വടൈസിങ് ക്ലബ് സ്ഥാപിക്കയും സ്വതന്ത്രമായ ആവിഷ്‌കാരശൃംഖലയെക്കുറിച്ച് യുവാക്കളില്‍ ഒരവബോധം സൃഷ്ടിക്കയും ചെയ്തു. ഞാന്‍ എന്റെ ഫിലിംസ് ഡിവിഷന്‍ തിരക്കുകളുമായി മുന്നോട്ടു നീങ്ങി. അതിനിടെ പിന്നണിഗാനരംഗത്തും ഭാഗ്യം പരീക്ഷിക്കാന്‍ എനിക്കവസരമൊത്തു.

പ്രശസ്ത ഗാനരചയിതാവായ പി. ഭാസ്‌കരന്‍ ഒരിക്കല്‍ ശബ്ദപരിശോധനയ്ക്കായി എന്നെ സ്റ്റുഡിയോവിലേക്കു ക്ഷണിച്ചു. ഞാന്‍ ചെന്നു. ഒരു പാട്ടും പാടി. ഉച്ചസ്ഥായിയിലാണ് പാടിയത്. അമിതമായ ആത്മവിശ്വാസംകൊണ്ടോ ഉത്കണ്ഠമൂലമോ എന്നറിയില്ല, ശബ്ദം പാളിപ്പോയി. അതോടെ പിന്നണിഗായികയാവാം എന്ന ചിന്ത അസ്തമിച്ചു. അവസരങ്ങള്‍ എല്ലായ്‌പോഴും തേടിയെത്തില്ലെന്നും സാധകവും കഠിനാദ്ധ്വാനവും ഉണ്ടെങ്കില്‍ മാത്രമേ ജന്മസിദ്ധമായ കഴിവുകളെ പരിപോഷിപ്പിക്കാനാവൂ എന്നും ഞാന്‍ മനസ്സിലാക്കി.

പ്രിയ എ.എസ്.

എല്ലാക്കാലത്തും കഥയെഴുത്തില്‍ എനിക്ക് എന്റെ ഭാഗവതവും രാമായണവും ഭഗവദ്ഗീതയും ഖുര്‍ആനും ബൈബിളും അഷിതയുടെ കഥകളായിരുന്നു. ഇതിലില്ലാത്തത് വേറൊരിടത്തുമില്ല എന്നെനിക്കു മുന്നില്‍ വിടര്‍ത്തിവെച്ച മഹാഭാരതമായിരുന്നു എനിക്കെന്റെ അഷിതയക്ഷരങ്ങള്‍...മറ്റാരും മലയാളത്തിലെന്നെ ഇതുപോലെ മോഹിപ്പിച്ചിട്ടില്ല. അമ്പലത്തില്‍ പ്രദക്ഷിണവഴിയിലെന്നപോലെ ആ 'ചെറു' ചെറുകഥകള്‍ക്കു പിന്നാലെ പദം വെച്ച് പദം വെച്ച് പുറകേ നടക്കാന്‍ തുടങ്ങിയത് പത്താം ക്ലാസില്‍ വെച്ചാണ്. പിന്നെയാണ് ആ അക്ഷരം, കത്തിലൂടെ കണ്ടത്.

അതും കഴിഞ്ഞ് ഏറെനാള്‍ കഴിഞ്ഞാണ് ആ ഭസ്മക്കുറിരൂപം നേര്‍ക്കുനേര്‍ കാണായി വന്നത്. പിന്നെയും നാളേറെ കഴിഞ്ഞാണ് സ്വന്തം കൈയക്ഷരത്തിലെഴുതിയ ഒരു ജീവല്‍വാക്യത്തോടൊപ്പം അഷിതയുടെ കഥകള്‍ എനിക്കഷിത തന്നത്. പിന്നെയാണ് എത്രയോ അഷിതപ്പുസ്തകങ്ങളുടെ പ്രകാശനത്തിനെന്റെ രൂപവും ശബ്ദവും, കൂടെക്കൂട്ടിനിന്ന് അഷിത ഒരു വലിയ കളിക്കുട്ടിയായത്. പിന്നെയുമെപ്പോഴോ ആണ് പല അഷിതപ്പുസ്തകങ്ങളുടെയും മുഖവുരയെഴുത്തിന് 'നീ മതി'യെന്ന് പറഞ്ഞെന്റെ ചെറിയ അക്ഷരങ്ങളെ ലോകസമക്ഷം വലുതാക്കി കാണിച്ചത്.

ഒരു 'മയില്‍പ്പീലിസ്പര്‍ശ'തിരക്കഥയെഴുതാനേല്‍പ്പിച്ചെന്നെ അസുഖക്കിടക്കയില്‍നിന്നെഴുന്നേല്‍പ്പിച്ചതും പിന്നീട്. 'നോവലെറ്റുകളെ അടിസ്ഥാനമാക്കി ശിഹാബുദ്ദീന്‍ ചോദിച്ച ചോദ്യങ്ങള്‍ക്കപ്പുറം എന്റെ ചെറുകഥകളെ അടിസ്ഥാനമാക്കി ഒരു അഭിമുഖം നീ ചെയ്യണം' എന്നും 'എന്റെ ഏതു കഥയെടുത്തും നീ തിരക്കഥയെഴുതിക്കോ' എന്നും മിണ്ടുമ്പം മിണ്ടുമ്പം പറഞ്ഞതും പിന്നെയാണ്. 'നീ എന്റെ ചില കഥകളിലെ വാചകങ്ങള്‍ ഉദ്ധരിക്കുമ്പോള്‍ ഞാന്‍ നെഞ്ചിടിപ്പോടെ ഇരിക്കും, ആ കഥ ഉറവയെടുക്കാനുള്ള ഹേതുവായ ആ വാചകത്തില്‍ത്തന്നെയായിരിക്കും നീ തൊടുന്നത്, നിനക്കു മാത്രമേ അതു പറ്റുള്ളൂ' എന്നെന്നെ വല്യപുള്ളിയാക്കിയതും എപ്പോഴാണ്? എല്ലാക്കാലത്തും കഥയെഴുത്തില്‍ എനിക്ക് എന്റെ ഭാഗവതവും രാമായണവും ഭഗവദ്ഗീതയും ഖുര്‍ആനും ബൈബിളും അഷിതയുടെ കഥകളായിരുന്നു.

'ചെറിയമ്മയ്ക്ക് ഒരു കഥ' എന്ന് മാധ്യമത്തില്‍ കഥയെഴുതിയത് എന്നെയും അഷിതയെയും ചില സമാന അനുഭവങ്ങളുടെ നേര്‍ത്ത വരകള്‍കൊണ്ട് കൂട്ടിയോജിപ്പിച്ചുകൊണ്ടാണ്. എന്റെ അമ്മയെക്കാള്‍ എനിക്കു പ്രിയപ്പെട്ട എന്റെ കുഞ്ഞമ്മയുടെ ഓര്‍മ്മയില്‍ ഞാനങ്ങനെ അഷിതയെ 'ചെറ്യമ്മ'യാക്കിയെങ്കിലും ഒരിക്കലും ആ വിളി നേര്‍ക്കുനേരെ ഉണ്ടായതേയില്ല. സംബോധനയില്ലാതെ, അല്ലെങ്കില്‍ സംബോധനകള്‍ക്കുമപ്പുറത്തുള്ള ഒരു ബന്ധം. ഇണങ്ങി, പിണങ്ങി, തട്ടി, തലോടി, കളിയാക്കി, വിമര്‍ശിച്ച് അങ്ങനെയങ്ങനെ പോയി. നല്ല വികൃതിയും കുസൃതിയും കുട്ടിത്തവും കൂട്ടിക്കുഴച്ച് ആത്മീയതയുടെ മൂശയിലേക്കിട്ടപ്പോഴാണ് അഷിതയുണ്ടായത് എന്നാണെന്റെ വിശ്വാസം.
ഒരിക്കല്‍ സ്വയം ഒരു അബദ്ധത്തില്‍ ചെന്നു ചാടിയിട്ട് നല്ല നോവോടെ എങ്കിലും വടക്കന്‍പാട്ടുകാരിയായി നിന്ന്
അരിങ്ങോടന്‍ നീട്ടിയ നീട്ടെനിക്ക്
എള്ളോളം തന്നെ മുറിഞ്ഞതുള്ളു
ചെറ്യോള് ചെയ്ത ചതിയാണു പ്രിയേ
ചെറ്യോള് ചെയ്ത ചതിയാണച്ഛാ
എന്നു പാടി എന്നെ ചിരിപ്പിച്ചതിനു കണക്കില്ല.
ചില നിസ്സാരകാര്യങ്ങളെ നിസ്സാരകാര്യങ്ങളാക്കി തട്ടിക്കളയാന്‍ പഠിപ്പിച്ചത്, 'നീ പോയി ബൂ ഹഹഹ എന്ന് ശിവാജി ഗണേശന്‍ മട്ടില്‍ ചിരിക്കെ'ന്നു പറഞ്ഞാണ്.

Content Highlights: Women's day 2023, P Vatsala, Kalamandalam Saraswathi, Shobha Tharoor, Priya A.S, Mathrubhumi books

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
tapsee pannu

1 min

തപ്‌സി ഡയറ്റിനായി ഒരു മാസം ചിലവഴിയ്ക്കുന്നത് ഒരു ലക്ഷം രൂപ

Mar 18, 2023


kn balagopal

1 min

കേന്ദ്രം അനുമതി നല്‍കി; തുര്‍ക്കിക്ക് കേരളത്തിന്റെ സഹായമായ 10 കോടി രൂപ അനുവദിച്ചു

Mar 18, 2023


ജോസഫ് പാംപ്ലാനി

2 min

'റബ്ബറിന്റെ വില എം.വി ഗോവിന്ദനു നിസാരമായിരിക്കും,BJP കര്‍ഷകരെ സഹായിച്ചാല്‍ അവര്‍ക്കൊപ്പം നില്‍ക്കും'

Mar 19, 2023

Most Commented