അങ്ങേയറ്റം ആലങ്കാരികമായ പദവി, അധികാരവുമില്ല; ആരാണ് ഗവര്‍ണര്‍? | പി. രാജീവിന്റെ പുസ്തകത്തിൽനിന്ന്‌


പി. രാജീവ്അംബേദ്കര്‍ നടത്തിയ പരാമര്‍ശം നര്‍മം കലര്‍ന്നതായിരുന്നു. അങ്ങേയറ്റം ആലങ്കാരികമായ ഈ പദവിയിലേക്ക് മത്സരിക്കാന്‍ അപൂര്‍വം വ്യക്തികളല്ലേ തയ്യാറാവുകയുള്ളൂ എന്നാണ് അദ്ദേഹം ചോദിച്ചത്.

ഡോ. ബി.ആർ അംബേദ്കർ, പി. രാജീവ് എഴുതിയ പുസ്തകം, കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

ഇന്ത്യന്‍ ഭരണഘടനയുടെ കരട് അവതരിപ്പിക്കുമ്പോള്‍ ജനാധിപത്യ ഇന്ത്യയിലെ ഓരോ പദവിയും കയ്യാളുന്നവര്‍ ആരായിരിക്കണം ,അവര്‍ എങ്ങനെയായിരിക്കണമെന്നും അവരുടെ പരിമിതികളും അധികാരങ്ങളും എന്തൊക്കെയാണെന്നും ഭരണഘടനാശില്പിയായ ഡോ. ബി.ആര്‍. അംബേദ്കര്‍ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. ആരാണ് ഗവര്‍ണര്‍ എന്ന ചോദ്യത്തിന് അംബേദ്കര്‍ നല്‍കിയ വിശദീകരണം പി. രാജീവ് ഭരണഘടന: ചരിത്രവും സംസ്‌കാരവും എന്ന പുസ്തകത്തില്‍ ലളിതമായി വിശദമാക്കിയിട്ടുണ്ട്. മാതൃഭൂമി പ്രസിദ്ധീകരിച്ച പുസ്തകത്തില്‍നിന്നും ആരാണ് ഗവര്‍ണര്‍ എന്ന ഭാഗം വായിക്കാം.

......................................................................

'ഗവര്‍ണര്‍ എന്നത് അങ്ങേയറ്റം ആലങ്കാരികമായ പദവി മാത്രമാണ്...ഗവര്‍ണര്‍ക്കു നിര്‍വഹിക്കേണ്ട ഒരു ചുമതലയും ഇല്ലെന്ന് ഈ ഭരണഘടന അസംബ്ലിയിലെ എല്ലാവര്‍ക്കും അറിയാമെന്ന് ഞങ്ങള്‍ കരടു തയ്യാറാക്കിയ കമ്മിറ്റി കരുതുന്നു. ഒരു പ്രശസ്തമായ പ്രയോഗം കടമെടുക്കുകയാണെങ്കില്‍, ഗവര്‍ണര്‍ക്ക് വിവേചനാധികാരത്തോടെയോ സ്വന്തം തീരുമാനത്തിന്റെ അടിസ്ഥാനത്തിലോ നിര്‍വഹിക്കേണ്ട ഒരു ചുമതലയും ഇല്ല എന്നതാണ്. പുതിയ ഭരണഘടനയുടെ തത്ത്വമനുസരിച്ച് എല്ലാ കാര്യങ്ങളിലും മന്ത്രിസഭയുടെ ഉപദേശത്തെ പിന്തുടരേണ്ടതുണ്ട്.' ഭരണഘടന അസംബ്ലിയില്‍ ഗവര്‍ണറെ എങ്ങനെ നിശ്ചയിക്കണമെന്ന ചര്‍ച്ചകളില്‍ ഇടപെട്ടുകൊണ്ടാണ് അംബേദ്കര്‍ ഈ വിശദീകരണം നടത്തുന്നത്. മൂന്നു നിലപാടുകള്‍ ചര്‍ച്ചകളില്‍ അംഗങ്ങള്‍ സ്വീകരിച്ചിരുന്നു. ചിലര്‍ ഗവര്‍ണര്‍ എന്ന പദവിതന്നെ വേണ്ടെന്ന നിലപാടുകാരായിരുന്നു. ഭരണഘടനാജനാധിപത്യത്തിലേക്ക് രാജ്യം പ്രവേശിക്കുമ്പോള്‍ കോളനിയായിരുന്ന കാലത്തെ കാഴ്ചപ്പാടുകളില്‍നിന്ന് വിമുക്തി നേടണമെന്ന് അവര്‍ അഭിപ്രായപ്പെട്ടു.

നിശ്ചിതയോഗ്യതയുള്ള വ്യക്തിയെ പ്രസിഡന്റ് നാമനിര്‍ദേശം ചെയ്യണമെന്നതായിരുന്നു ഭരണഘടന കമ്മിറ്റിക്കുവേണ്ടി മുന്നോട്ടുവെച്ച നിര്‍ദേശം. ബ്രജേശ്വര്‍ പ്രസാദ് മറ്റൊരു ഭേദഗതി നിര്‍ദേശിച്ചു. പ്രവിശ്യകളിലെ (സംസ്ഥാനങ്ങളിലെ) നിയമസഭകള്‍ നിര്‍ദേശിക്കുന്ന പാനലില്‍നിന്നു വേണം നാമനിര്‍ദേശം നടത്താനെന്നതായിരുന്നു അദ്ദേഹത്തിന്റെ ഭേദഗതി. മറ്റു ചില അംഗങ്ങളും സമാനമായ നിര്‍ദേശങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്. ജനാധിപത്യത്തില്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനുതന്നെയായിരിക്കണം ഗവര്‍ണറെ നിയമിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സവിശേഷമായ മുന്‍കൈ ഉണ്ടാകേണ്ടതെന്നതായിരുന്നു ഈ നിലപാട്.

ചിലര്‍ നോമിനേഷന്‍ സംവിധാനത്തിലൂടെ ഗവര്‍ണറെ നിയമിക്കാന്‍ പാടില്ലെന്ന നിലപാടുകാരായിരുന്നു. ഗവര്‍ണര്‍ വേണമെന്നാണ് തീരുമാനമെങ്കില്‍ അത് വോട്ടെടുപ്പിലൂടെ ആകാമെന്നും അവര്‍ അഭിപ്രായപ്പെട്ടു. അങ്ങനെ പണം ചെലവഴിച്ച് തിരഞ്ഞെടുപ്പു നടത്തി ഗവര്‍ണറെ നിശ്ചയിക്കുന്നത് പാഴ്ച്ചെലവല്ലേ എന്ന മറുവാദം മറ്റു ചില അംഗങ്ങളും ഉന്നയിച്ചു. ഇതിനോടു പ്രതികരിച്ചുകൊണ്ട് അംബേദ്കര്‍ നടത്തിയ പരാമര്‍ശം നര്‍മം കലര്‍ന്നതായിരുന്നു. അങ്ങേയറ്റം ആലങ്കാരികമായ ഈ പദവിയിലേക്ക് മത്സരിക്കാന്‍ അപൂര്‍വം വ്യക്തികളല്ലേ തയ്യാറാവുകയുള്ളൂ എന്നാണ് അദ്ദേഹം ചോദിച്ചത്. ഒന്നുകൂടി അദ്ദേഹം വ്യക്തമാക്കി: 'പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുന്നത് ഒരു നയത്തിന്റെ അടിസ്ഥാനത്തിലാണ്. എന്നാല്‍, ഗവര്‍ണര്‍ അങ്ങനെയല്ല; അദ്ദേഹത്തിന് ഒരു നയവുമില്ല, അധികാരവുമില്ല... ഗവര്‍ണറുടെ അധികാരങ്ങള്‍ വളരെ പരിമിതവും നാമമാത്രവുമാണെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. അത് ആലങ്കാരികമാണ്.' വിശാലമായ ചര്‍ച്ചകള്‍ക്കുശേഷം പ്രസിഡന്റിന് ഗവര്‍ണറെ നാമനിര്‍ദേശം ചെയ്യാമെന്ന നിര്‍ദേശംതന്നെ അംഗീകരിച്ചു.

ഗവര്‍ണറുടെ അധികാരങ്ങളെ സംബന്ധിച്ചും വ്യത്യസ്ത കാഴ്ചപ്പാടുകള്‍ തമ്മില്‍ ശക്തമായ ഏറ്റുമുട്ടലുകള്‍ അസംബ്ലിയിലുണ്ടായി. യഥാര്‍ഥത്തില്‍ ഗവര്‍ണര്‍ക്ക് എന്താണ് അധികാരമെന്ന ചോദ്യത്തിന് ഉത്തരമായി ഉപയോഗിച്ച വാക്കുകളെയും വാചകഘടനയെയും കുറിച്ചുവരെ സംവാദങ്ങളുണ്ടായി. പ്രവിശ്യകളിലെ നേതാക്കള്‍ക്കു പക്വതയാകുന്നതേയുള്ളൂ. അതുകൊണ്ട് ഗവര്‍ണര്‍ക്ക് വിശാലമായ അധികാരങ്ങള്‍ നല്കേണ്ടതുണ്ടെന്ന് ചിലര്‍ വാദിച്ചു. എല്ലാ അധികാരങ്ങളും ഇന്ത്യാ ഗവണ്‍മെന്റില്‍ കേന്ദ്രീകരിക്കണമെന്ന നിലപാടും സ്വീകരിച്ചു. യഥാര്‍ഥത്തില്‍ ഇന്ത്യക്കാര്‍ക്കു ഭരിക്കാന്‍ പക്വതയായിട്ടില്ലെന്നും അതുകൊണ്ട് പൂര്‍ണസ്വരാജ് നല്കേണ്ടതില്ലെന്നുമുള്ള ബ്രിട്ടന്റെ വാദത്തിന്റെ തനിപ്പകര്‍പ്പായിരുന്നു ഇത്. ഈ വാദം 1935ലെ ഗവണ്‍മെന്റ് ഓഫ് ഇന്ത്യാ ആക്ടിലെ വകുപ്പുകളുടെ തനിയാവര്‍ത്തനം വേണമെന്ന നിലപാടാണ്. അത് അങ്ങേയറ്റം ജനാധിപത്യവിരുദ്ധമാണെന്ന് അംബേദ്കര്‍ വ്യക്തമാക്കി.

ഗവര്‍ണര്‍ക്ക് അധികാരങ്ങള്‍ ഒന്നുംതന്നെയില്ലെന്നും കടമകളാണ് ഉള്ളതെന്നും അംബേദ്കര്‍ വ്യക്തമാക്കി. എന്നാല്‍, ഏറ്റവും കൂടുതല്‍ തര്‍ക്കങ്ങള്‍ ഉയര്‍ന്നത് കരട് ഭരണഘടനയിലെ 143-ാം ആര്‍ട്ടിക്കിളിനെ (ഭരണഘടനയിലെ 163) വിവേചനപരമായി കടമകള്‍ നിര്‍വഹിക്കുന്നതു സംബന്ധിച്ചായിരുന്നു. പണ്ഡിറ്റ് കുന്‍സ്രു അതിനോടു വിയോജിച്ചു. എങ്ങനെയും വ്യാഖ്യാനിക്കാവുന്ന വാക്കുകള്‍ ഭരണഘടനയുടെ അടിസ്ഥാനകാഴ്ചപ്പാടിനെ ദുര്‍ബലപ്പെടുത്തുമെന്ന് അദ്ദേഹം വാദിച്ചു. അംബേദ്കറുടെ അന്നത്തെ മറുപടി ഇന്നും ഏറെ പ്രസക്തമാണ്: 'ഗവര്‍ണറെ അദ്ദേഹത്തിന്റെ ചുമതലകളുടെ നിര്‍വഹണത്തില്‍ ഉപദേശിക്കുന്നതിനും സഹായിക്കുന്നതിനും മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മന്ത്രിസഭയുണ്ടാകും; ഈ ഭരണഘടന നിഷ്‌കര്‍ഷിക്കുന്ന വിവേചനാധികാരത്തോടെ ഗവര്‍ണര്‍ നിര്‍വഹിക്കേണ്ട ചുമതലകളൊഴികെ എന്ന വാചകംതന്നെ എല്ലാം വ്യക്തമാക്കുന്നുണ്ട്. എന്നാല്‍, അതിനുപകരം മന്ത്രിമാരുടെ ഉപദേശത്തിനും ആഗ്രഹത്തിനും (Wish) എതിരായി എപ്പോഴൊക്കെ പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹത്തിനു തോന്നുന്നുവോ, അപ്പോഴൊക്കെ വിവേചനാധികാരത്തോടെ പ്രവര്‍ത്തിക്കാമെന്നായിരുന്നു വ്യവസ്ഥയെങ്കില്‍ പണ്ഡിറ്റ് കുന്‍സ്രുവിന്റെ വിമര്‍ശനം ശരിയാകുമായിരുന്നു.'58 ഈ വിവേചനാധികാരം വളരെ പരിമിതമാണെന്നും അതുകൊണ്ടുതന്നെ ഗവര്‍ണറെ സംബന്ധിച്ച് വിശദീകരിക്കുന്ന മറ്റ് ആര്‍ട്ടിക്കിളുകളുമായി ചേര്‍ത്തുവെച്ചുകൊണ്ടു മാത്രമേ ആര്‍ട്ടിക്കിള്‍ 143 (ഇപ്പോഴത്തെ ആര്‍ട്ടിക്കിള്‍ 163) വ്യാഖ്യാനിക്കാനെന്നും പറഞ്ഞു. ഏതെല്ലാം കാര്യങ്ങളില്‍ ഗവര്‍ണര്‍ക്കു വിവേചനപരമായി തീരുമാനമെടുക്കാമെന്ന് ഭരണഘടന വ്യക്തമാക്കുന്നുണ്ട്. അതാണ് ഭരണഘടനാപരമായ പരിമിതി.

ഗവര്‍ണര്‍ക്കു വിവരങ്ങള്‍ നല്കുന്നതു സംബന്ധിച്ച് 147-ാം ആര്‍ട്ടിക്കിള്‍ (ഭരണഘടനയിലെ 167) ഭരണഘടനാജനാധിപത്യസങ്കല്പത്തിന് എതിരാണെന്നതായിരുന്നു എച്ച്.വി. കാമത്തിന്റെ നിലപാട്: 'എങ്ങനെയാണ് മന്ത്രിസഭ പരിഗണിക്കാന്‍ പോകുന്ന കാര്യങ്ങളെ സംബന്ധിച്ച് നിര്‍ദേശം നല്കുന്നതിനു മുഖ്യമന്ത്രിയെ വിളിപ്പിക്കാന്‍ ഗവര്‍ണര്‍ക്കു കഴിയുക? ഇത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നതിന് മന്ത്രിസഭയ്ക്കു പൂര്‍ണമായ അവകാശവും അധികാരവുമുണ്ട്. ഇതില്‍ ഗവര്‍ണര്‍ക്ക് ഇടപെടാന്‍ അവകാശമില്ല. നിങ്ങള്‍ ഇത് മന്ത്രിസഭയുടെ പരിഗണനയ്ക്കു വിടണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെടാന്‍ ഗവര്‍ണര്‍ക്ക് അധികാരവുമില്ല. അത് ഭരണഘടനാജനാധിപത്യത്തിന് എതിരാണ്.' മന്ത്രിസഭ തീരുമാനിക്കുന്ന കാര്യങ്ങളില്‍ ഇടപെടുന്നതിന് ഗവര്‍ണര്‍ക്ക് അധികാരമില്ലെന്നും ആ സാഹചര്യത്തില്‍ കാര്യങ്ങള്‍ മുന്‍കൂട്ടി അറിയിക്കുന്നത് വണ്ടിയെ കുതിരയ്ക്കു മുന്‍പില്‍ കെട്ടുന്നതുപോലെയാണെന്ന പരിഹാസം നിറഞ്ഞ വിമര്‍ശനം ഉയരുകയുണ്ടായി. ഒരു ചാണകത്തരി ഒരു പാത്രത്തിലെ പാലിനെ മുഴുവന്‍ നശിപ്പിക്കുന്നതുപോലെ ആര്‍ട്ടിക്കിള്‍ 147 ഭരണഘടനയെത്തന്നെ നശിപ്പിക്കുമെന്ന് രോഹിണി കുമാര്‍ ചൗധുരി അഭിപ്രായപ്പെട്ടു. 'നമ്മുടെ ഭരണഘടനയെ നശിപ്പിക്കുന്ന കറുത്ത പാടായിരിക്കും ആര്‍ട്ടിക്കിള്‍ 147. ഇത് അംഗീകരിക്കുകയാണെങ്കില്‍ എങ്ങനെയാണ് ഒരു കഷണം ചാണകം ഒരു പാത്രം പാലിനെ നശിപ്പിക്കുന്നത്, അതുപോലെ ഈ ആര്‍ട്ടിക്കിള്‍ ഭരണഘടനയെ നശിപ്പിച്ചുകളയും. ഇത് പ്രവിശ്യകളില്‍ അധികാരത്തര്‍ക്കങ്ങളിലേക്കു നയിക്കുന്ന ഭരണപ്രതിസന്ധിയുണ്ടാക്കും.' ഭരണനിര്‍വഹണത്തിലും നിയമനിര്‍മാണത്തിലും മന്ത്രിസഭ എടുക്കുന്ന തീരുമാനങ്ങളും മുഖ്യമന്ത്രി ഗവര്‍ണറെ അറിയിക്കേണ്ടതുണ്ട്. ഉത്തരവുകള്‍ ഗവര്‍ണറുടെ പേരിലായതുകൊണ്ട് അത് ആവശ്യമാണെന്ന നിലപാടാണ് ഒടുവില്‍ അസംബ്ലി സ്വീകരിച്ചത്. സംസ്ഥാന ഭരണനിര്‍വഹണത്തെയും നിയമനിര്‍മാണനിര്‍ദേശങ്ങളെയും സംബന്ധിച്ച് ഗവര്‍ണര്‍ ആവശ്യപ്പെട്ടാല്‍ വിവരങ്ങള്‍ നല്കാന്‍ മുഖ്യമന്ത്രിക്ക് ഉത്തരവാദിത്വമുണ്ട്. എന്നാല്‍, ദൈനംദിന ഭരണനിര്‍വഹണത്തില്‍ ഗവര്‍ണര്‍ക്ക് പ്രത്യേക അവകാശങ്ങളൊന്നും ഭരണഘടന നല്കുന്നില്ല. വിവരങ്ങള്‍ തേടുന്ന കാര്യത്തിലും ഗവര്‍ണറുടെ തുടര്‍ ഇടപെടലുകളൊന്നും ഭരണഘടന അനുവദിക്കുന്നില്ല.

ഭരണഘടനയിലെ വ്യത്യസ്ത ആര്‍ട്ടിക്കിളുകളെ ഭരണഘടന അസംബ്ലിയിലെ ചര്‍ച്ചകളും സുപ്രീംകോടതിയുടെ വിവിധ വിധികളുമായി ചേര്‍ത്തുവെച്ചു വായിക്കുമ്പോള്‍ നല്ല വ്യക്തത ലഭിക്കും. അല്ലെങ്കില്‍ അബദ്ധധാരണകളിലേക്ക് എത്തുകയും സ്വയം കുരുക്കുകളില്‍ ചെന്നുപെടുകയും ചെയ്യും. ഉദാഹരണത്തിന്, മന്ത്രിസഭ അധികാരത്തില്‍ തുടരുന്നത് ഗവര്‍ണറുടെ ഇച്ഛയ്ക്ക(Pleasure)നുസരിച്ചാണെന്ന് ഭരണഘടന വ്യവസ്ഥ ചെയ്യുന്നുണ്ട്. അതുകൊണ്ട് തനിക്ക് ഇഷ്ടമില്ലെന്നു തോന്നിയാല്‍ മന്ത്രിസഭയെയോ മന്ത്രിമാരെയോ പുറത്താക്കാന്‍ അധികാരമുണ്ടെന്ന് ഏതെങ്കിലും ഗവര്‍ണര്‍ വാദിച്ചാലോ? ഇങ്ങനെയൊക്കെ വ്യാഖ്യാനിക്കാന്‍ ഇടയുണ്ടെന്നു കണ്ട് അംബേദ്കര്‍ കൃത്യമായ വിശദീകരണം നല്കുന്നുണ്ട്. ഗവര്‍ണറുടെ പ്ലെഷര്‍ അനുസരിച്ച് എന്നതിന്റെ അര്‍ഥം നിയമസഭയിലെ ഭൂരിപക്ഷമെന്നല്ലാതെ മറ്റൊന്നുമല്ല. എന്നാല്‍, മന്ത്രിസഭകളുടെ രൂപീകരണഘട്ടത്തിലാണ് ഇതു പലപ്പോഴും വിവാദങ്ങളിലേക്കെത്തുന്നത്. പലപ്പോഴും പ്രയോഗത്തില്‍ ഇത് ആത്മനിഷ്ഠമോ രാഷ്ട്രീയനിലപാടോ ആയി മാറിയതുകൊണ്ട് പല ഘട്ടങ്ങളിലും സുപ്രീംകോടതിക്കുതന്നെ ഇടപെടേണ്ടി വന്നിട്ടുണ്ട്.

പുസ്തകം വാങ്ങാം">
പുസ്തകം വാങ്ങാം

ഭരണഘടന അസംബ്ലി ചര്‍ച്ചകളില്‍ കൂടുതല്‍ രൂക്ഷമായ വിമര്‍ശനമുയര്‍ന്നത് ആര്‍ട്ടിക്കിള്‍ 278 (ഭരണഘടനയിലെ 356) സംബന്ധിച്ചാണ്. സര്‍ക്കാരുകളെ പിരിച്ചുവിടുന്നതിനുള്ള അധികാരം ജനാധിപത്യത്തില്‍ അംഗീകരിക്കാന്‍ കഴിയാത്തതാണെന്ന് പലരും അഭിപ്രായപ്പെട്ടു. 'നമ്മള്‍ ഫെഡറല്‍ ഭരണഘടനയെയും സ്വയംഭരണസംസ്ഥാനങ്ങളെയും അംഗീകരിച്ചുകഴിഞ്ഞു. അതുകൊണ്ട് സംസ്ഥാനങ്ങള്‍ക്ക് അല്പമെങ്കിലും പരിഗണനയും ആദരവും നല്കണം. ഈ ആര്‍ട്ടിക്കിള്‍ 278, സംസ്ഥാനങ്ങളുടെ സ്വയംഭരണം ഇല്ലാതാക്കുന്നു. അതുകൊണ്ട് ഇതേ രൂപത്തില്‍ നിലനില്ക്കില്ല. ദൈവത്തെയോര്‍ത്ത് ഇതൊഴിവാക്കണം' എന്ന് ഷിബ്ബന്‍ ലാല്‍ സക്സേന അഭിപ്രായപ്പെട്ടു.

ജനാധിപത്യക്കുരുതിക്കു പിന്നീട് പലപ്പോഴും ഉപയോഗിച്ച ചരിത്രം അന്നത്തെ ചര്‍ച്ചകളെ വീണ്ടും പ്രസക്തമാക്കുന്നുണ്ട്. 1959-ല്‍ കേരള സര്‍ക്കാരിനെ പിരിച്ചുവിട്ട കോണ്‍ഗ്രസ്സാണ് ഭരണഘടന അസംബ്ലിയിലെ ചര്‍ച്ചകളുടെ അന്തസ്സത്തയെ തകര്‍ക്കുന്ന ജനാധിപത്യക്കുരുതിക്കു തുടക്കമിട്ടത്. ഗവര്‍ണറുടെ വിവേചനാധികാരം ജുഡീഷ്യല്‍ പരിശോധനയ്ക്കു വിധേയമാക്കാമെന്ന ബൊമ്മൈ കേസിലെ വിധി ഭരണഘടനാസങ്കല്പത്തെ സംരക്ഷിക്കുന്നതായിരുന്നു. ഇതാണ് സങ്കുചിത രാഷ്ട്രീയതാത്പര്യങ്ങള്‍ക്കായി സര്‍ക്കാരുകളെ പിരിച്ചുവിടുന്നതിനു നിയന്ത്രണം വരുത്തിയത്. 1999 ഫെബ്രുവരിയില്‍ ബിഹാറിലെ റാബ്റിദേവി സര്‍ക്കാരിനെ പിരിച്ചുവിട്ട വാജ്പേയി സര്‍ക്കാരിന് മാര്‍ച്ചില്‍ അവരെ വീണ്ടും മുഖ്യമന്ത്രിയാക്കേണ്ടിവന്നത് ബൊമ്മൈ കേസിലെ വിധിയുടെ ഫലമാണ്.

ഭരണഘടനയുടെ കരട് അവതരിപ്പിക്കുമ്പോള്‍ അംബേദ്കര്‍ നടത്തിയ പ്രസംഗത്തില്‍ കരട് ഭരണഘടന ഒരു ഫെഡറല്‍ ഭരണഘടനയാണെന്ന് ആധികാരികമായി പ്രഖ്യാപിച്ചു. അതാണ് ഒന്നാമത്തെ ആര്‍ട്ടിക്കിളില്‍ യൂണിയന്‍ ഓഫ് സ്റ്റേറ്റ്സ് എന്ന് ആധികാരികമായി പ്രഖ്യാപിച്ചത്. ഭരണഘടന ഉറപ്പുവരുത്തിയ ഭാഷയുടെയും സംസ്‌കാരത്തിന്റെയും വൈവിധ്യങ്ങളെ എങ്ങനെയാണ് പ്രയോഗം തകര്‍ത്തതെന്നതും പരിശോധിക്കേണ്ടതാണ്.

Content Highlights: Governor, Dr. B.R Ambedkar, P.Rajeev, Indian Constitution


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

22:40

എന്റെ റൂംമേറ്റാണ് ഐഎഎസും ഐപിഎസും എന്താണെന്നെന്നെ പഠിപ്പിച്ചത് - കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022

Most Commented