മാര്‍ക്സ് മതത്തെപ്പറ്റി പറഞ്ഞത് എന്താണ് എന്ന ചോദ്യത്തിന് മാര്‍ക്സിസ്റ്റുകളും മതപക്ഷങ്ങളും സാധാരണ നല്‍കുന്ന ഉത്തരം, ''മതം മനുഷ്യനെ മയക്കുന്ന കറപ്പ്'' എന്നാണ്. മാര്‍ക്സ് എന്ന വിചാരഭീമന്റെ സങ്കീര്‍ണവും സര്‍ഗാത്മകവുമായ ചിന്താപ്രപഞ്ചത്തോട് ചെയ്യുന്ന അക്ഷന്തവ്യമായ അപരാധമാണത്. മനുഷ്യസമൂഹങ്ങള്‍ക്ക് ദുസ്സഹഭാരമായിത്തീര്‍ന്നിരിക്കുന്ന മതം എന്ന സാമൂഹിക-രാഷ്ട്രീയ-മനഃശാസ്ത്ര-അധികാര വ്യവസ്ഥിതിയെപ്പറ്റി മാര്‍ക്സ് ചരിത്രത്തെയും സംസ്‌കാരത്തെയും സാമൂഹികജീവിതത്തെയും മനുഷ്യമനസ്സിനെയും കൂട്ടിയിണക്കിയ തന്റെ അസാധാരണമായ ദര്‍ശനത്തിന്റെ വെളിച്ചത്തില്‍ കുറച്ച് വാക്കുകള്‍കൊണ്ട് സൃഷ്ടിച്ച വിവരണത്തിലെ ഒരു ചെറുവാചകം മാത്രമാണത്. അത് വളച്ചൊടിക്കപ്പെട്ടിട്ടുമുണ്ട്. 'മയക്കുന്ന' എന്ന പദം അദ്ദേഹം ഉപയോഗിച്ചിട്ടില്ല. അദ്ദേഹത്തിന്റെ മതനിരീക്ഷണത്തിന്റെ പൂര്‍ണരൂപം വ്യക്തമാക്കുന്നത് അതിന് മുന്‍പോ ശേഷമോ മതം ഇത്ര ചുരുങ്ങിയ വാക്കുകളില്‍ ഇത്ര ആഴത്തിലും യാഥാര്‍ഥ്യബോധത്തോടെയും കാവ്യാത്മകമായും നിര്‍വചിക്കപ്പെട്ടിട്ടില്ല എന്ന വാസ്തവമാണ്.

മാര്‍ക്സിന്റെ മതവിവരണം പ്രത്യക്ഷപ്പെടുന്നത് അദ്ദേഹമെഴുതിയ ഹെഗലിന്റെ വലതുപക്ഷ തത്ത്വചിന്തയുടെ വിമര്‍ശനത്തിന് ഒരു ചേര്‍ത്തുവെപ്പ് (A Contribution to the critique of hegel's philosophy of rights) എന്ന പുസ്തകത്തിന്റെ ആമുഖത്തിലാണ്. 1843-44-ല്‍ അദ്ദേഹത്തിന്റെ 25-ാം വയസ്സിലാണ് രചന. അദ്ദേഹം ജെന്നി ഫോണ്‍ വെസ്റ്റ്ഫാലനെ (Jenny von Westphalen) വിവാഹംചെയ്ത കാലഘട്ടം. ഈ പുസ്തകം മാര്‍ക്സിന്റെ ജീവിതകാലത്ത് വെളിച്ചംകണ്ടില്ല. ആമുഖം മാത്രം 1844-ല്‍ പ്രസിദ്ധീകരിക്കപ്പെട്ടു. മാര്‍ക്സിന്റെ പിന്നീടുണ്ടായ രചനകളില്‍ മതപരാമര്‍ശങ്ങള്‍ നാമമാത്രമായേ പ്രത്യക്ഷപ്പെടുന്നുള്ളൂ. മുതലാളിത്തത്തിന്റെ സേവകന്‍ എന്ന പദവിയേ അദ്ദേഹം മതത്തിന് നല്‍കിയുള്ളൂ.

weekly
ആഴ്ചപ്പതിപ്പ് വാങ്ങാം

താഴെ കൊടുത്തിരിക്കുന്ന മൊഴിമാറ്റത്തെക്കുറിച്ച് ഒരു വാക്ക്. ജര്‍മന്‍ മൂലത്തില്‍നിന്ന് നടത്തിയ ഇംഗ്ലീഷ് മൊഴിമാറ്റത്തെയാണ് ഞാന്‍ ആശ്രയിച്ചിരിക്കുന്നത്. മാര്‍ക്സിന്റെ ഭാഷ ക്ലിഷ്ടവും കാച്ചിക്കുറുക്കിയതും ധ്വനികളിലും പ്രതിധ്വനികളിലും അമൂര്‍ത്ത ചരിത്രസ്മരണകളിലും ഒളിപ്പിച്ചുവെച്ചിരിക്കുന്ന അര്‍ഥങ്ങള്‍ നിറഞ്ഞതുമാണ്. അറിവിന്റെ ബഹുവിധമേഖലകളെ ഒരേസമയം സ്പര്‍ശിക്കുന്ന തന്റെ ചിന്താസാമ്രാജ്യത്തെയാണ് ഒരു അറുംപിശുക്കനെപ്പോലെ അദ്ദേഹമെടുത്ത് നിരത്തുന്ന ദുഷ്‌കര പദാവലി പ്രതിനിധാനംചെയ്യുന്നത്. ഇവിടെ നല്‍കിയിരിക്കുന്ന മൊഴിമാറ്റം അദ്ദേഹത്തിന്റെ അര്‍ഥത്തിലേക്കെത്താന്‍ ഞാന്‍ നടത്തിയ ഒരു സാഹസികശ്രമം മാത്രമാണ്. ഇതിലും നല്ല മൊഴിമാറ്റങ്ങളിലേക്ക് - കഴിയുമെങ്കില്‍ ജര്‍മനില്‍നിന്ന് നേരിട്ടുള്ളതിലേക്ക് - ഇത് വാതില്‍ തുറക്കട്ടെ എന്ന് ആശിക്കുന്നു.

പുതിയലക്കം മാതൃഭൂമ ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ നിന്നും

ലേഖനത്തിന്റെ പൂര്‍ണരൂപം വായിക്കാം

Content Highlights: What did Karl Marx say about religion Mathrubhumi weekly