വയനാട്: കേരളത്തിലെ നരകമായി മാറിയ സ്വര്‍ഗ്ഗം 


വിജു ബി.

17 min read
Read later
Print
Share

വിജു ബി.യുടെ 'പ്രളയവും കോപവും' എന്ന പുസ്തകത്തിലെ 'വയനാട്: കേരളത്തിലെ നരകമായി മാറിയ സ്വര്‍ഗ്ഗം' എന്ന ഭാഗത്തില്‍നിന്ന്

ഫോട്ടോ: സിനോജ് എം.വി.

ദേവത ഭൂമിയിലെത്തിയപ്പോള്‍
മനുഷ്യര്‍ പട്ടിണിയിലാണെന്നു കണ്ടു,
ദേവതയ്ക്കു വിഷാദമായി,
കൈവെള്ളയില്‍നിന്നൊരു
നെല്‍മണിയെടുത്തവള്‍ മണ്ണില്‍ വിതച്ചു.
(ഒരു കുറിച്യര്‍പാട്ട്)

2018 ഡിസംബര്‍ പാതിയില്‍, വയനാട്ടിലെ പല ഭാഗങ്ങളിലും മറ്റൊരിക്കലും ഉണ്ടാകാത്തതുപോലെ മഴ പെയ്തു. ചെറുവയല്‍ രാമന്റെ ഓര്‍മ്മയില്‍, കഴിഞ്ഞ അന്‍പതു വര്‍ഷക്കാലത്തൊരിക്കലും ഇത്തരമൊരു വിചിത്രമായ കാലാവസ്ഥ ഉണ്ടായിട്ടില്ല. വയനാട്ടിലെ തോട്ടങ്ങളില്‍ പൂവിട്ടു നില്‍ക്കുന്ന റോബസ്റ്റ കാപ്പിച്ചെടികള്‍ക്ക് ഈ ഡിസംബര്‍ മഴ നല്ലതല്ലെന്നു രാമനറിയാം. അത് കാപ്പിക്കുരുക്കളില്‍ കുമിള്‍ രോഗത്തിനു കാരണമാകും.

'ഒടുവില്‍ പ്രകൃതിമാതാവ് നമ്മളെ തിരിച്ചടിക്കുവാന്‍ തുടങ്ങി,' അദ്ദേഹം പറഞ്ഞു. 'വയനാടിന്റെ പാതിയോളം മുങ്ങിപ്പോയ ഓഗസ്റ്റിലെ വെള്ളപ്പൊക്കം ഒരു തിരനോട്ടം മാത്രമായിരുന്നു,' കറുത്തിരുണ്ട് ഇടതൂര്‍ന്ന നീളന്‍ മുടിയുള്ള, അറുപത്തിയൊന്‍പതുകാരനായ രാമേട്ടന്‍-അങ്ങനെയാണദ്ദേഹം സ്നേഹപൂര്‍വ്വം വിളിക്കപ്പെടുന്നത്-കാഴ്ചയില്‍ ഒരു നാല്‍പ്പതുകാരന്‍ കര്‍ഷകനായി തോന്നാം. ലോകമെമ്പാടുമുള്ള കൃഷിശാസ്ത്രജ്ഞരും ഗവേഷണകേന്ദ്രങ്ങളും ചെയ്യുവാന്‍ ശ്രമിക്കുന്ന കാര്യങ്ങള്‍ കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകള്‍കൊണ്ട് രാമന്‍ തനിയെ ചെയ്തത്. രാമന്‍ വളരെ ശ്രമകരമായിത്തന്നെ 51 നെല്‍വിത്തിനങ്ങള്‍ സംഭരിച്ചു സംരക്ഷിച്ചു. അതില്‍ 32 എണ്ണം വയനാട്ടിലെ തനതു വിത്തിനങ്ങളാണ്. വയനാടന്‍മലകള്‍ മരിക്കുകയാണെന്നു വിശ്വസിക്കുവാന്‍ തനിക്കു മതിയായ കാരണങ്ങളുണ്ടെന്നു രാമന്‍ പറയുന്നു.

തമിഴ്നാടും കര്‍ണ്ണാടകവുമായി അതിര്‍ത്തി പങ്കിടുന്ന പശ്ചിമഘട്ടത്തിലെ ഹരിതാഭമായ ടൂറിസ്റ്റു ലഘുലേഖകളില്‍ ചേരുംവിധം 'ഗ്രീന്‍ പാരഡൈസ് ഓണ്‍ എര്‍ത്ത്' (ഭൂമിയിലെ ഹരിതസ്വര്‍ഗ്ഗം) എന്നു വിളിക്കപ്പെടുകയും പിക്ചര്‍ പോസ്റ്റ് കാര്‍ഡുകളില്‍ മഞ്ഞണിഞ്ഞു മനോഹരമായ കാപ്പി, ഏലം തോട്ടങ്ങളും നെല്‍വയലുകളുമായി കാണപ്പെടുകയും ചെയ്യുന്ന ഈ ഉന്നത തടം അതിന്റെ നാശത്തിന്റെ വക്കിലാണ്. 'വരുംവര്‍ഷങ്ങളില്‍ സംഭവിക്കുവാന്‍ പോകുന്ന അതിഭീകരമായ പ്രകൃതിദുരന്തങ്ങളുടെ ലക്ഷണങ്ങള്‍ക്കാണു നമ്മള്‍ സാക്ഷ്യംവഹിക്കുന്നത്,' സ്വന്തം വയലില്‍നിന്ന് കൊയ്തെടുത്ത ഒരു കെട്ടു കറ്റ മെതിക്കുന്നതിനിടെ രാമന്‍ മുന്നറിയിപ്പു നല്‍കുന്നു. കാലാവസ്ഥാവ്യതിയാനത്തിന്റെയും ആഗോളതാപനത്തിന്റെയും പ്രത്യാഘാതങ്ങള്‍ കൂടുതലായി അനുഭവപ്പെടുന്ന സ്ഥലങ്ങളിലൊന്നാണു വയനാട്. ഋതുക്കളുടെ സമയക്രമത്തിലുള്ള മാറ്റമാണ് ഒന്നാമത്തെ ലക്ഷണം. കൂടുതല്‍ കൃത്യമായിപ്പറഞ്ഞാല്‍, മുന്‍കാലത്ത് കൃത്യമായ സമയത്തു വരികയും മെല്ലെ ഓടുന്ന ഒരു തീവണ്ടി വേഗതയാര്‍ജ്ജിക്കുന്നതുപോലെ തുടര്‍ന്ന് കൃത്യമായ കാലയളവില്‍ കൊയ്ത്തുകാലത്തിനൊപ്പം സമയം ക്രമീകരിക്കുകയും ചെയ്തിരുന്ന കാലവര്‍ഷത്തിന്റെ സമയം തെറ്റിയുള്ള ആഗമനമാണിതിന്റെ പ്രധാന ലക്ഷണം.

താളം തെറ്റുന്ന മഴപ്പെയ്ത്ത്

വയനാട്ടില്‍ പ്രത്യേകിച്ചും പലതരത്തില്‍പ്പെട്ട മഴകളുണ്ട്- ചെറിയ ചാറ്റലായി പെയ്ത് നേരിയ പട്ടുനൂലുകള്‍പോലെ നമ്മുടെ ദേഹത്തും തോളിലും വീഴുന്ന നൂല്‍മഴ, പൊടുന്നനേ എവിടെനിന്നെന്നില്ലാതെ വന്ന് പെയ്യുകയും അതേവേഗതയില്‍ വനത്തിനപ്പുറം അപ്രത്യക്ഷമാകുകയും ചെയ്യുന്ന മഞ്ഞുമഴ. മഞ്ഞും മഴയും തമ്മിലുള്ള പ്രണയം വയനാട്ടിലെ ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്ന പ്രധാനഘടകമാണ്. ഈ മഴ, തോട്ടവിളകള്‍ക്ക് അനുയോജ്യമായ താപനില പ്രദാനം ചെയ്യുന്നതുകൊണ്ട് തോട്ടങ്ങളെ സംബന്ധിച്ചിടത്തോളം വളരെയേറെ പ്രയോജനപ്രദമാണ്. ഈയടുത്തകാലംവരെ കേരളത്തിലെ മറ്റു പല സ്ഥലങ്ങളെയുംപോലെ ആറു വ്യത്യസ്തതരം മഴകള്‍ ലഭിച്ചിരുന്നതായി രാമന്‍ പറയുന്നു. ഓരോ മഴയ്ക്കും പ്രത്യേക ശബ്ദവും താളവും നിറവും മണവുമായിരുന്നു. മലയാളമാസങ്ങളുടെ പേരോടുകൂടിയായിരുന്നു ഇവയുടെ പേരുകള്‍ തുടങ്ങിയിരുന്നത്. കുംഭമഴയിലാണു തുടക്കം, ഫെബ്രുവരിയില്‍ പെയ്യുന്ന ഈ വേനല്‍മഴ അന്തരീക്ഷത്തിലെ പൊടിപടലത്തെ കഴുകിക്കളയുന്നു. പിന്നീട് മേടമഴ അഥവാ വിഷുമഴ (ഏപ്രിലില്‍). ഇത് ചടുലവും ഹ്രസ്വവുമാണ്. എങ്കിലും ഈ മഴ വരണ്ടമണ്ണിനെ കൃഷിക്കു പാകമാക്കുന്നു. കിഴങ്ങുവര്‍ഗ്ഗങ്ങളായ ചേനയും ചേമ്പും നടുന്നത് അപ്പോഴാണ്. ഇടവപ്പാതിയില്‍ ( മെയ്-ജൂണ്‍) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം (മണ്‍സൂണ്‍) ആഗതമാകുന്നു. നെല്‍വയലുകള്‍ ജലസേചനത്തിനു തയ്യാറായിരിക്കും. മിഥുനമഴ (ഓഗസ്റ്റ്) കനത്ത മഴ കൊണ്ടുവരുന്നു. സമതലങ്ങള്‍ വെള്ളക്കെട്ടുകളാകുന്നു, കിണറുകള്‍ നിറയുന്നു. ചിങ്ങമഴ (സെപ്റ്റംബര്‍) സൗമ്യവും രസകരവുമാണ്. അത് ഒളിച്ചുകളിക്കുകയും വെയിലില്‍പ്പോലും ചാറിനില്‍ക്കുകയും ചെയ്യുന്നു. തുലാമഴ (ഒക്ടോബറില്‍) കനത്ത ഇടിമുഴക്കത്തിന്റെ അകമ്പടിയോടെ വടക്കുകിഴക്കന്‍ കാലവര്‍ഷത്തിന്റെ വരവറിയിച്ചുകൊണ്ട് പെയ്യുന്നു.

'നൂറുകണക്കിനു വര്‍ഷങ്ങളായി നാം മണ്‍സൂണ്‍ കലണ്ടര്‍ അനുസരിച്ചാണു കൃഷിയിറക്കുന്നത്. മഴയുടെ പതിവു മാതൃക എന്നന്നേക്കുമായി ഇല്ലാതായിരിക്കുന്നു. ഓഗസ്റ്റില്‍ കനത്ത മഴ ലഭിച്ച പോയവര്‍ഷമൊഴികെയുള്ള, കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ വയനാട്ടില്‍ മഴ കുറവായിരുന്നു,' അദ്ദേഹം പറയുന്നു. വയനാട് കടുത്ത കാലാവസ്ഥാമാറ്റത്തിലേക്കു പോകുന്നുവെന്നാണ്, മഴയുടെ അളവിനെപ്പറ്റിയുള്ള രാമന്റെ നിരീക്ഷണം അസ്ഥാനത്തല്ല. വിവിധ ഗവേഷണസംഘങ്ങള്‍ കഴിഞ്ഞ ദശകത്തില്‍ നടത്തിയ പഠനങ്ങള്‍ കാണിക്കുന്നത്, അവശേഷിക്കുന്ന വനം സംരക്ഷിക്കുന്നതിലൂടെ മാത്രമേ അതിനെ തടയാനാകൂ. 2013 മുതല്‍ 17 വരെയുള്ള നാലു വര്‍ഷക്കാലത്ത്, കാലാവസ്ഥാവകുപ്പിന്റെ മഴക്കണക്കനുസരിച്ച് വയനാട്ടില്‍ ലഭിച്ച മഴയുടെ അളവ് കുറഞ്ഞുവരുന്നതായാണു കാണുന്നത്. 2013-ല്‍, (ജൂണ്‍ 1 മുതല്‍ ഓഗസ്റ്റ് 19 വരെ) 2436.2 മില്ലിമീറ്ററും 2014-ല്‍ 2242.2 മില്ലിമീറ്ററും മഴ പെയ്തു, 2015 ആയപ്പോള്‍ അത് 1360.2 മില്ലിമീറ്റര്‍ ആയി കുറഞ്ഞു. വീണ്ടും 2016-ല്‍ 991.4 മില്ലിമീറ്ററായി കുറഞ്ഞ മഴയളവ് 2017-ല്‍ അല്‍പ്പം ഉയര്‍ന്ന് 1197.8 മില്ലീമീറ്ററായി.

കൂടാതെ, ഗവേഷകരായ ധനേഷ് കുമാറും പവന്‍ ശ്രീനാഥും 1983 മുതല്‍ 2011 വരെ വരെയുള്ള ഇരുപത്തിയെട്ടു വര്‍ഷങ്ങളിലെ മഴയളവുകളില്‍ നടത്തിയ പഠനത്തില്‍, ഒരു വര്‍ഷത്തില്‍ സാമാന്യമായ മഴ (2030 മില്ലിമീറ്റര്‍) ലഭിച്ച ദിവസങ്ങള്‍ കുറഞ്ഞുവരുന്നതായി കാണുന്നു. പക്ഷേ, ഏറ്റവും കുറഞ്ഞ മഴയോ ഏറ്റവും കൂടിയ മഴയോ ലഭിച്ച ദിവസങ്ങള്‍ കൂടുകയും ചെയ്യുന്നു. വയനാട്ടില്‍ നിരീക്ഷിക്കപ്പെടുന്ന കാലാവസ്ഥാവ്യതിയാനങ്ങളില്‍ കുറഞ്ഞ താപനിലയിലെ വര്‍ദ്ധനവ്, തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തിന്റെ പ്രാരംഭത്തിലെ ദുര്‍ബലത, ദിവസേനയുള്ള മഴയുടെ ധ്രുവീകൃതാവസ്ഥ, കൂടക്കൂടെയുള്ള കനത്ത മഴ എന്നിവയെല്ലാം ഉള്‍പ്പെടുന്നു.

ഈ ജലസമ്മര്‍ദ്ദവും കാലാവസ്ഥാ അസ്ഥിരതയും മൂലം ഈ പ്രദേശത്തെ ഉപജീവനമാര്‍ഗ്ഗങ്ങളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടെ മേല്‍ വരള്‍ച്ചയുടെ ഭീഷണി ഉയര്‍ന്നു നില്‍ക്കുന്നു. 'കാലാവസ്ഥാവ്യതിയാനം, കാലാവസ്ഥാമണ്ഡലങ്ങളിലെ മാറ്റം, വര്‍ദ്ധിച്ച താപനില, മഴയുടെ രൂപമാറ്റം എന്നിങ്ങനെയുള്ള മാറ്റങ്ങള്‍ ഉണ്ടാക്കുന്നു. ക്രമേണയുള്ള മാറ്റങ്ങളോടൊപ്പം അത്യധികമായ വരള്‍ച്ച, കനത്ത വെള്ളപ്പൊക്കം, കൊടുങ്കാറ്റ് എന്നീ അതിരൂക്ഷകാലാവസ്ഥകള്‍ സംഭവിക്കുന്നതിനുള്ള സാദ്ധ്യത വളരെ കൂടുകയും ചെയ്യുന്നു.'
പശ്ചിമഘട്ടത്തിന്റെ ഉയര്‍ന്ന ഭാഗങ്ങളിലെ താപനിലയില്‍ ക്രമാനുഗതമായ വര്‍ദ്ധനവുണ്ടാകുന്നതായി വയനാടുനിന്നും ഇടുക്കിയില്‍നിന്നും ശേഖരിച്ച സ്ഥിതിവിവരക്കണക്കുകള്‍ കാണിക്കുന്നു. വയനാട്ടിലെ അമ്പലവയലിലുള്ള റീജിയണല്‍ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് സ്റ്റേഷന്‍, ഇടുക്കിജില്ലയില്‍ കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഏലം ഗവേഷണകേന്ദ്രം (കാര്‍ഡമം റിസര്‍ച്ച് സ്റ്റേഷന്‍) എന്നിവിടങ്ങളില്‍ രേഖപ്പെടുത്തിയ താപനിലപ്പട്ടികയടിസ്ഥാനമാക്കി കേരള സ്റ്റേറ്റ് ആക്ഷന്‍ പ്ലാന്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ച് ( കേരള സംസ്ഥാന കാലാവസ്ഥാ വ്യതിയാന പ്രവര്‍ത്തനപദ്ധതി) തയ്യാറാക്കിയ റിപ്പോര്‍ട്ട്, കേരളത്തിന്റെ ഹൈറേഞ്ച് മേഖലയിലെ പരമാവധി താപനില 1984നും 2009നും ഇടയ്ക്ക് 1.46 ഡിഗ്രി സെല്‍ഷ്യസ് കൂടി എന്നു വെളിപ്പെടുത്തുന്നു.

'ജൈവവൈവിദ്ധ്യത്തിന്റെ വിളനിലമായ പശ്ചിമഘട്ടത്തിലെ ഹൈറേഞ്ചില്‍ ആഗോളതാപനത്തിന്റെയും വനനശീകരണത്തിന്റെയും പ്രത്യാഘാതങ്ങള്‍ വളരെ കൂടുതലായി അനുഭവപ്പെടുന്നതായി ഇതു വെളിപ്പെടുത്തുന്നു,' റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. 1983 നും 2010നും ഇടയ്ക്കുള്ള കാലയളവില്‍ ദിവസേനയുള്ള ശരാശരി താപനില, ശൈത്യകാലത്ത് 0.6 ഡിഗ്രി സെല്‍ഷ്യസും വേനല്‍ക്കാലത്ത് 0.55 ഡിഗ്രി സെല്‍ഷ്യസും വര്‍ദ്ധിച്ചതായി കൊട്ടമ്പറമ്പിലെ സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്സസ് ഡെവലപ്മെന്റ് ആന്‍ഡ് മാനേജ്മെന്റ് നടത്തിയ സൂക്ഷ്മപഠനം പറയുന്നതായി റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.

പശ്ചിമഘട്ടത്തിനും കേരളത്തിനും അടുത്ത ഇരുപതു വര്‍ഷക്കാലത്തേക്കു സംഭവിക്കുന്ന കാലാവസ്ഥാമാറ്റങ്ങള്‍ മഴയുടെ കുറവ്, അന്തരീക്ഷതാപനിലയിലെ വര്‍ദ്ധനവ്, സമുദ്രനിരപ്പിലുണ്ടായ ഉയര്‍ച്ചകൊണ്ടുള്ള പ്രളയം എന്നിവയാണെന്ന് ഇന്ത്യന്‍ നെറ്റ്വര്‍ക്ക് ഫോര്‍ ക്ലൈമറ്റ് ചേഞ്ച് അസ്സസ്മെന്റ്, രാജ്യത്തെ നാലു മേഖലകളിലെ കാലാവസ്ഥാമാറ്റങ്ങളുടെ പ്രത്യാഘാതങ്ങളെപ്പറ്റി കേന്ദ്രസര്‍ക്കാരിനു സമര്‍പ്പിച്ച അതിന്റെ പ്രഥമപഠന റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. മുന്‍കാലത്തേക്കുള്ള കാലാവസ്ഥാമാറ്റത്തെ പ്രവചിച്ചതില്‍ താപനില 2050 ആകുമ്പോഴേക്കും 2 ഡിഗി സെല്‍ഷ്യസ് കൂടുമെന്നാണുള്ളത്. ഈ മേഖലയിലെ കേരളാതിര്‍ത്തിയില്‍ 1 മുതല്‍ 3 വരെ ഡിഗ്രി ചൂടു കൂടാം. പശ്ചിമഘട്ടമടക്കമുള്ള പടിഞ്ഞാറന്‍തീരത്താകമാനം മഴദിനങ്ങളുടെ എണ്ണം കുറയാന്‍ സാദ്ധ്യതയുണ്ട്. ഒരു വനതട്ടകംപോലെ അനവധി ഹരിതമലകളും ഇടയ്ക്കിടെ 2100 മീറ്ററോളം ഉയരമുള്ള ചില വലിയ പര്‍വ്വതങ്ങളുമുള്ള ഒരു സൗമ്യതാഴ്വരയുടെ ചിത്രക്കാഴ്ചയാണു വയനാടിന്റെ വിഹഗവീക്ഷണം നല്‍കുന്നത്. വയല്‍, നാട് എന്നീ വാക്കുകള്‍ ചേര്‍ന്നാകാം വയനാട് എന്ന പേരു വന്നത്. കോഴിക്കോട്, കണ്ണൂര്‍ ജില്ലകളുടെ ഭാഗങ്ങള്‍ വിഭജിച്ചുമാറ്റി, കേരളത്തിലെ പന്ത്രണ്ടാമത് ജില്ലയായി വയനാടു രൂപംകൊണ്ടത് 1980 നവംബര്‍ ഒന്നിനാണ്. ജില്ലയുടെ ഭൂമിവിസ്തീണ്ണം 2130 ചതുരശ്രകിലോമീറ്ററാണ്. ഇതില്‍ 907.04 ചതുരശ്രകിലോമീറ്റര്‍ വനമേഖലയാണ്.

ബ്രിട്ടീഷ് ഭരണകാലത്ത് വയനാട്, മദ്രാസ് പ്രസിഡന്‍സിയുടെ കീഴിലുള്ള മലബാര്‍ ജില്ലയുടെ ഭാഗമായിരുന്നു. മല എന്നത് തമിഴിലും മലയാളത്തിലുമുള്ള വാക്കും ബാര്‍ എന്നത് കര, നാട് എന്നീ അര്‍ത്ഥങ്ങളുള്ള പേര്‍ഷ്യന്‍ വാക്കുമാണ്. രണ്ടു സംസ്ഥാനങ്ങള്‍ അതിര്‍ത്തികളായുള്ള ഒരേയൊരു ജില്ലയാണിത്, കര്‍ണ്ണാടകവും തമിഴ്നാടും. നിബിഡവനങ്ങളാണതിരുകളില്‍ ഉള്ളത്. കര്‍ണ്ണാടകയിലെ കൂര്‍ഗ്, മൈസൂര്‍ ജില്ലകളുമായും തമിഴ്നാട്ടിലെ നീലഗിരി ജില്ലയുമായും ഇത് റോഡുമാര്‍ഗ്ഗം ബന്ധിക്കപ്പെട്ടിരിക്കുന്നു. കര്‍ണ്ണാടകയിലെ കൂര്‍ഗ്, മൈസൂര്‍ എന്നിവിടങ്ങള്‍ മുതല്‍ തമിഴ്നാട്ടിലെ നീലഗിരി ജില്ല അതിരാകുന്ന പശ്ചിമഘട്ടത്തിന്റെ കിഴക്കന്‍ചെരിവുകള്‍വരെ വ്യാപിച്ചുകിടക്കുന്ന വിശാലമായ വനമേഖലയുടെ ഭാഗമാണു വയനാടന്‍കാടുകള്‍. വയനാടിനെ രണ്ടു ജില്ലാ വിഭാഗങ്ങളാക്കി തിരിക്കാം, സംസ്ഥാനാതിര്‍ത്തിയിലൂടെയുള്ള കിഴക്കന്‍ വരണ്ടപ്രദേശവും ബ്രഹ്‌മഗിരി വരെയുള്ള ആര്‍ദ്രഭൂമിയായ പടിഞ്ഞാറന്‍ മലഞ്ചെരിവുകളും അതിര്‍ത്തിരേഖകളുമുള്‍പ്പെടുന്ന പ്രദേശവും. ഇന്ന്, അധഃപതിക്കുകയും വിഭജിക്കപ്പെടുകയും ചെയ്തെങ്കിലും വയനാട് തടത്തിലെ വനങ്ങള്‍ നൂറ്റാണ്ടുകള്‍ക്കു മുമ്പൊരു കാലത്ത് കൂടുതല്‍ നിബിഡവും ആര്‍ദ്രവും ആയിരുന്നിരിക്കണം.

മനുഷ്യനിര്‍മ്മിത ദുരന്തം

പ്രളയത്തിന്റെ അനന്തരഫലങ്ങള്‍ ഏറ്റവും കൂടുതലായി അനുഭവപ്പെട്ട പ്രദേശമായ മാനന്തവാടിയിലെ പഞ്ചാരക്കൊല്ലി ഗ്രാമം. ഒരു കാലത്ത് മധുരമുള്ള ഓറഞ്ചുകള്‍ വിളയുന്ന സ്ഥലമായിരുന്നതുകൊണ്ടാണീ ഗ്രാമത്തിനു പഞ്ചാരക്കൊല്ലി എന്നു പേരുവന്നത്. പക്ഷേ, സി.എസ.് രമേശന്റെ ജീവിതത്തില്‍ ഒന്നും മധുരതരമായി അവശേഷിക്കുന്നില്ല. 2018 ഓഗസ്റ്റ് 16നു വാഴയും കാപ്പിയും കൃഷി ചെയ്തിരുന്ന ഒന്നരയേക്കര്‍ ഭൂമി ഉരുള്‍പൊട്ടലില്‍ അയാള്‍ക്കു നഷ്ടമായി. മലയുടെ മദ്ധ്യഭാഗത്തായി ഭാഗികമായി തകര്‍ന്ന വീട് മാത്രമാണു ബാക്കിയുണ്ടായിരുന്നത്. നിലംപതിച്ച വന്‍മരങ്ങളും മണ്ണും കല്ലുമെല്ലാം വീടിന്റെ അവശിഷ്ടങ്ങളെ ചുറ്റിക്കിടന്നു. അയല്‍വക്കത്തുള്ള നാലു വീടുകള്‍ ഉരുള്‍പൊട്ടലില്‍ പൂര്‍ണ്ണമായും ഒലിച്ചുപോയി. 'എനിക്കിനി ഇങ്ങോട്ടൊരിക്കലും താമസത്തിനായി വരാനാകില്ല, ഇവിടെ എപ്പോള്‍ വേണമെങ്കിലും ഉരുള്‍പൊട്ടാം,' അയാള്‍ പറയുന്നു.

മാനന്തവാടിയില്‍നിന്ന് രണ്ടു കിലോമീറ്റര്‍ അകലെയുള്ള പള്ളിക്കുന്നില്‍, കമ്പമലയില്‍നിന്ന് മണ്ണും മരങ്ങളും പാറകളും പൊട്ടിവീണ് 300 ചതുരശ്രമീറ്റര്‍ ഭാഗത്തുള്ള പതിനഞ്ചു വീടുകള്‍ തകര്‍ന്നു. ഉരുള്‍പൊട്ടലില്‍ വീടുകളും തകര്‍ന്നപ്പോള്‍, കമ്പമലയ്ക്കു ചുറ്റുവട്ടത്തുള്ള നൂറുകണക്കിനു ജനങ്ങള്‍ അവിടെനിന്നും താമസം മാറ്റി. ഇവിടെയുള്ളതില്‍ മിക്കവാറും എല്ലാ വീടുകള്‍ കുന്ന് ഇടിച്ചുനിരത്തി നിര്‍മ്മിച്ചതാണ്. പക്ഷേ, വീടിനു മുകളില്‍ മൊട്ടക്കുന്നുകള്‍ അപകടകരമാംവിധം ഉയര്‍ന്നുനിന്നിരുന്നു. മഴ പെയ്തപ്പോള്‍ കുന്നുകള്‍ ദുര്‍ബലമാകുകയും വീടുകളുടെ മുകളിലേക്ക് തകര്‍ന്നുവീഴുകയും ചെയ്തു. 'വീടുകളുടെ അനിയന്ത്രിതവും അശാസ്ത്രീയവുമായ നിര്‍മ്മിതിയാണ് ഉരുള്‍പൊട്ടലിനു കാരണമായത്. മലയില്‍നിന്നും അടര്‍ന്നുവീണ ഒരു വീട് അടുത്തുള്ള പുരയിടത്തില്‍ യാതൊരു കേടുപാടുകളും കൂടാതെ തങ്ങിനിന്നു, വീട് യഥാര്‍ത്ഥത്തില്‍ ആരുടേതാണെന്ന വാദമുണ്ടാകുന്ന വിധത്തില്‍!' പരിസ്ഥിതിപ്രവര്‍ത്തകനായ സി.എസ.് അന്‍വര്‍ പറഞ്ഞു. ജൂണ്‍ 2018ലെ മഴക്കാലത്ത് കോഴിക്കോട്, കണ്ണൂര്‍, വയനാട് ഭാഗങ്ങളിലുണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ ഒരു സ്ഥലപരിശോധന നടത്തി. ഭൂരിപക്ഷം സംഭവങ്ങളിലും ഇടതടവില്ലാത്ത മഴയിലാണിതു സംഭവിച്ചതെങ്കിലും മലഞ്ചെരിവുകളിലെ അശാസ്ത്രീയമായ നിര്‍മ്മാണങ്ങളാണ് ഉരുള്‍പൊട്ടലിനു കാരണമായതെന്ന് ജി.എസ്.ഐ. കണ്ടെത്തി. കനത്ത മഴയാണു കാരണമായതെങ്കിലും അശാസ്ത്രീയമായ മലഞ്ചെരിവു രൂപീകരണവും കെട്ടിടനിര്‍മ്മാണത്തിന്റെ പേരില്‍ ചെയ്ത സുരക്ഷിതമല്ലാത്ത മല ഇടിച്ചുനിരത്തലുമാണ് ഉരുള്‍പൊട്ടലിന്റെ ഭൂമിശാസ്ത്രപരമായ കാരണമെന്ന് വൈത്തിരിയിലെ മൃഗാശുപത്രി ഭാഗത്തുണ്ടായ ഉരുള്‍പൊട്ടല്‍ ഉദാഹരണമാക്കി ജി.എസ്.ഐ. ചൂണ്ടിക്കാട്ടുന്നു. മണ്ണിലെ ജലസമ്മര്‍ദ്ദം കൂടുന്നതിനു കാരണമായത് നിരന്തരമായ മഴയാണെന്നും ജി.എസ്.ഐ. കൂട്ടിച്ചേര്‍ക്കുന്നു.

2018 ജൂണ്‍ 1 മുതല്‍ സെപ്റ്റംബര്‍ 30 വരെയുള്ള കാലത്ത് തെക്കുപടിഞ്ഞാറന്‍ മണ്‍സൂണില്‍നിന്ന് 16.59 ശതമാനം അധികമഴയാണു ജില്ലയില്‍ ലഭിച്ചത്. ജില്ലയ്ക്കുള്ളില്‍ത്തന്നെ ലഭിച്ച മഴയില്‍ വ്യത്യാസമുണ്ടായിരുന്നു. ഉയര്‍ന്ന സ്ഥലങ്ങളില്‍ കൂടുതല്‍ മഴയുണ്ടായി. ഉദാഹരണത്തിനു ബാണാസുരപോലെയുള്ള മലനിരകളില്‍ 4000 മില്ലിമീറ്റര്‍ -5000 മില്ലിമീറ്റര്‍ ആണു മഴ ലഭിച്ചത്. വൈത്തിരി മുനിസിപ്പാലിറ്റിയില്‍ ഒരാഴ്ച ലഭിച്ച മഴ 850 മില്ലിമീറ്ററാണ്. അത് സാധാരണയിലും വളരെ കൂടുതലായിരുന്നു. ഇതേ കാലയളവില്‍ വടക്കുകിഴക്കന്‍ മണ്‍സൂണില്‍ 1582 മില്ലിമീറ്റര്‍ മഴ വയനാട്ടില്‍ ലഭിച്ചു. ഇടുക്കിയില്‍ മൂന്നാര്‍ എന്നപോലെ വയനാട്ടില്‍ വൈത്തിരി ഒരു ടൂറിസ്റ്റ് ആകര്‍ഷനകേന്ദ്രമാണ്. പരിസ്ഥിതിനാശത്തില്‍ മൂന്നാറിനു സമാന്തരമായ ഒരു മാര്‍ഗ്ഗത്തില്‍ത്തന്നെയാണു വൈത്തിരിയും. കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളിലായി ഇവിടുത്തെ ഭൂപ്രകൃതിയില്‍ ഗണ്യമായ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. മലമുകളിലും ചെരിവുകളിലുമെല്ലാം, സ്വാഭാവികഭൂമി ഇടിച്ചുനിരപ്പാക്കി കെട്ടിടങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നു.

മലിനീകരിക്കപ്പെടാത്ത അന്തരീക്ഷവും കേവലമായ പ്രകൃതിസൗന്ദര്യവും ചേര്‍ന്ന വൈത്തിരിക്ക് നല്‍കുവാന്‍ പലതുമുണ്ട്. മഞ്ഞുമൂടിയ നിത്യഹരിത മലനിരകളുള്ള ലക്കിടി ഇന്ത്യയിലെ ഏറ്റവും മഴ ലഭിക്കുന്ന പ്രദേശങ്ങളിലൊന്നാണ്. ലക്കിടിയും പൂക്കോട് തടാകവും വൈത്തിരിയില്‍നിന്നും അഞ്ചു കിലോമീറ്റര്‍ അകലത്തില്‍ സ്ഥിതിചെയ്യുന്നു. ഈ ടൂറിസ്റ്റ് ആകര്‍ഷണങ്ങളെ ചൂഷണം ചെയ്തുകൊണ്ട് വൈത്തിരിയില്‍ നിര്‍മ്മാണനിയമങ്ങളെയെല്ലാം കാറ്റില്‍പ്പറത്തിക്കൊണ്ട് കെട്ടിടങ്ങളുണ്ടാകുന്നു. വയനാട്ടില്‍ ഏറ്റവും കൂടുതല്‍ ഉരുള്‍പൊട്ടലുകളുണ്ടായ സ്ഥലം വൈത്തിരിയാണെന്ന് ഈ ജില്ല ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഹ്യൂം സെന്റര്‍ ഫോര്‍ ഇക്കോളജി ആന്‍ഡ് വൈല്‍ഡ് ലൈഫ് ബയോളജി എന്ന സ്ഥാപനം പ്രളയശേഷം നടത്തിയ ഒരു പഠനത്തില്‍ പറയുന്നു. കനത്ത ഉരുള്‍പൊട്ടലുകള്‍ മുനിസിപ്പാലിറ്റി മന്ദിരത്തെയോ പോലീസ് സ്റ്റേഷനെയോ ഒഴിവാക്കിയില്ല.

മലകളുടെ ചെരിവ് 30 ഡിഗ്രിയില്‍ കൂടുതലായ വയനാടിന്റെ തെക്കുപടിഞ്ഞാറന്‍ മേഖലയിലാണ് 90 ശതമാനം ഉരുള്‍പൊട്ടലുകളും സംഭവിച്ചത് ഹ്യൂം പഠനം കണ്ടെത്തുന്നു. മലകള്‍ നശിപ്പിക്കുന്നതിലൂടെ പരിസ്ഥിതിലോലമായ മേഖലകള്‍ കൂടുതല്‍ അപകടസാദ്ധ്യതയുള്ളതാക്കുന്നു. അങ്ങനെ ദുര്‍ബലമായിരിക്കുന്ന മണ്ണിനു കൂടുതല്‍ വെള്ളത്തെ താങ്ങിനിര്‍ത്തുവാനാകാതെ വരികയും ഉരുള്‍പൊട്ടല്‍ സംഭവിക്കുകയും ചെയ്യുന്നു. 'ഈ മേഖല ഉരുള്‍പൊട്ടലിനു തികഞ്ഞ സാദ്ധ്യതയുള്ളതാണ്. പുതിയ ഏതെങ്കിലും നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പ്രദേശത്തെ കൂടുതല്‍ ദുര്‍ബലമാക്കുന്നു, അങ്ങനെ ഒരു പ്രകൃതിദുരന്തം സംഭവിക്കുകയും ചെയ്യുന്നു,' വയനാട്ടിലെ എം.എസ്. സ്വാമിനാഥന്‍ ഫൗണ്ടേഷനിലെ ശാസ്ത്രജ്ഞയായ സുമ ആര്‍. പറയുന്നു. വൈത്തിരി, പൊഴുതന, പടിഞ്ഞാറേത്തറ, വെള്ളമുണ്ട, മാനന്തവാടി, തിരുനെല്ലി, തൊണ്ടാര്‍നാട്, തവിഞ്ഞല്‍ എന്നിവ ഉള്‍പ്പെട്ടതാണീ മേഖല.
'ഭൂമിയുടെ സ്ഥിരത, അതിന്റെ ഉയരത്തെയും മഴയെ പിടിച്ചുവെക്കുന്നതിനുള്ള കഴിവിനെയും ആശ്രയിച്ചിരിക്കുന്നു. മഴയുടെ മാതൃകയനുസരിച്ച് നമുക്ക് വയനാടിനെ അഞ്ചു മണ്ഡലങ്ങളായി വിഭജിക്കേണ്ടതുണ്ട്.

വികസനപ്രവര്‍ത്തനങ്ങള്‍ ഈ വിഭജനത്തെ അടിസ്ഥാനമാക്കി മാത്രമേ നടത്തുവാന്‍ പാടുള്ളൂ,' സുമ പറയുന്നു. 'പ്രായോഗികമായി, ഇത്ര വലിയ അളവില്‍ മഴ ഉള്‍ക്കൊള്ളുന്നതിനുള്ള ശേഷി വയനാട്ടിലെ മലകള്‍ക്കില്ല,' അവര്‍ കൂട്ടിച്ചേര്‍ക്കുന്നു. WGEEP കേരളത്തിലെ പല മേഖലകളും പ്രത്യേകിച്ച് വയനാട് ഭാഗങ്ങള്‍ കടുത്ത ജലദൗര്‍ലഭ്യം അനുഭവിക്കുന്നുണ്ട്. വൈത്തിരി, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി എന്നിവ ഉള്‍പ്പെടുന്നതാണ് ഒന്നാം (പ്രഥമ) പരിസ്ഥിതിലോലമേഖല ('എക്കോളജിക്കല്‍ സെന്‍സിറ്റീവ് സോണ്‍), അതായത്, ഈ പ്രദേശങ്ങളില്‍ വനഭൂമി വനത്തിനല്ലാത്ത ആവശ്യങ്ങള്‍ക്കോ, കൃഷിഭൂമി കൃഷിയേതര ആവശ്യങ്ങള്‍ക്കോ ഉപയോഗിക്കുവാന്‍ അനുമതിയില്ല. പ്രാദേശികവാസികളുടെ ജനസംഖ്യയിലെ വര്‍ദ്ധനവുണ്ടാകുമ്പോള്‍ നിലവിലുള്ള വില്ലേജ് വാസസ്ഥലങ്ങള്‍ വികസിപ്പിക്കേണ്ടിവരുന്ന സാഹചര്യത്തിലല്ലാതെ, ഭൂപ്രകൃതിയോ ഘടനയോ മാറ്റുന്നതിനനുവാദമില്ല. നിലവിലുള്ള ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, വന-പരിസ്ഥിതി വകുപ്പ് മന്ത്രാലയത്തിന്റെ (മിനിസ്ട്രി ഓഫ് എന്‍വയോണ്‍മെന്റ് ആന്‍ഡ് ഫോറസ്റ്റ്) പോളിസി, പശ്ചിമഘട്ട വിദഗ്ദ്ധാധികാര സമിതി (വെസ്റ്റേണ്‍ ഘാട്ട്സ് എക്സ്പെര്‍ട്ട് അതോറിറ്റി) അനുയോജ്യമാംവിധം പരിഷ്‌കരിച്ച് നടപ്പാക്കണമെന്ന് WGEEP നിര്‍ദ്ദേശിക്കുന്നു. റോഡും മറ്റു വികസനപദ്ധതികളും നടപ്പാക്കുന്നതിനു മുമ്പ് EIA യുടെ പരിസ്ഥിതി ആഘാത നിര്‍ണ്ണയത്തിനായി സമര്‍പ്പിക്കണം. പരിസ്ഥിതിമൂല്യങ്ങളും സാമാന്യ പ്രയോജനങ്ങളും കണക്കിലെടുത്തുകൊണ്ട് അതിന്റെ മൂല്യം നിര്‍ണ്ണയിക്കേണ്ടതുണ്ട്. ഈ നിര്‍ദ്ദേശങ്ങളൊന്നുംതന്നെ പരിഗണിക്കപ്പെട്ടിട്ടില്ല.

വയനാടിന്റെ വടക്കുഭാഗത്തേക്കു നീങ്ങുമ്പോള്‍, പ്രത്യേകിച്ചും തിരുനെല്ലി, മാനന്തവാടി പഞ്ചായത്തുകളില്‍ പല ഇടങ്ങളിലും ഭൂമിയുടെ ഉപരിതലത്തില്‍ വിള്ളലുകളുണ്ട്. ഭൂമി പിളര്‍ന്നതുപോലെയുള്ള വലിയ വിടവുകള്‍ കാണാം. 'ലോകത്തിലെ ഏറ്റവും പഴക്കമേറിയ, 2500 ലക്ഷം വര്‍ഷങ്ങളോളം പഴയ ശിലാരൂപീകരണങ്ങള്‍ ഈ ഭാഗത്തുണ്ട്. ഈ ശിലാവിന്യാസങ്ങള്‍ ഭൂഗര്‍ഭശാസ്ത്രപരമായ മാറ്റങ്ങള്‍മൂലം ദുര്‍ബലമായിട്ടുണ്ടോ എന്നു പഠനം നടത്തേണ്ടതാവശ്യമാണ്,' സുമ പറയുന്നു. ശാസ്ത്രീയവും പാരിസ്ഥിതികവുമായ ഭൂകണക്കെടുപ്പ് (ലാന്‍ഡ് ഓഡിറ്റിങ്) നടത്തിയതിനുശേഷം മാത്രമേ ഈ പരിസ്ഥിതിലോല മലഞ്ചെരിവുകളില്‍ പുതിയ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ അനുവദിക്കാവൂ. വൈത്തിരിയിലെയും മാനന്തവാടിയിലെയും അരുവികളില്‍ മുക്കാല്‍ ഭാഗവും നികത്തപ്പെട്ടതാണ് പ്രളയത്തിനു കാരണം. പനമരം, മാനന്തവാടി എന്നിവിടങ്ങളിലെ പ്രാഥമിക ജലസ്രോതസ്സുകളായ ഇവയുടെ സംഗമമാണ് കബനീനദിയായി പരിണമിക്കുന്നത്. അവ നികത്തിയ ഭൂമിയില്‍ കെട്ടിടങ്ങളും റോഡുകളും നിര്‍മ്മിക്കപ്പെട്ടു.

പനമരം, മാനന്തവാടി, ബസവള്ളി എന്നിവിടങ്ങളിള്‍ വെച്ചു സംഗമിക്കുന്ന പ്രധാനവും ഉപപ്രധാനവുമായ അരുവികളില്‍ 70 ശതമാനം കൈയേറപ്പെട്ടതായി 2017-ല്‍ സോയില്‍ സര്‍വ്വേ ഡിപ്പാര്‍ട്ടുമെന്റ് ചൂണ്ടിക്കാണിച്ചിരുന്നു. 'ഈ അരുവികള്‍ വര്‍ഷങ്ങള്‍കൊണ്ട് കൈയേറ്റം ചെയ്യപ്പെടുകയും നികത്തപ്പെടുകയും ചെയ്തു. കനത്ത മഴയുണ്ടാകുമ്പോള്‍, വെള്ളത്തിനു അടുത്ത പ്രദേശങ്ങളിലേക്ക് കയറി ഒഴുകാതെ വേറെ മാര്‍ഗ്ഗമില്ല,' സര്‍വ്വേ നടത്തിയ സോയില്‍ സര്‍വ്വേ ഡിപ്പാര്‍ട്ട്മെന്റിലെ അസ്സിസ്റ്റന്റ് ഡയറക്ടര്‍ പി.യു. ദാസ് പറയുന്നു.

വയനാട്ടില്‍ രണ്ട് അണക്കെട്ടുകളുണ്ട്, ഒന്ന്-കബനി നദിയുടെ പോഷകനദിയായ കാരാപ്പുഴ നദിയിലുള്ള കാരാപ്പുഴ ഡാം. ജലസേചനോദ്ദേശ്യത്തില്‍ നിര്‍മ്മിക്കപ്പെട്ടതാണിത്. രണ്ടാമത്തേത് ബാണാസുരസാഗര്‍. ഇത് ഇന്ത്യയിലെ ഏറ്റവും വലിയ ഭൗമ അണക്കെട്ടാണ്. കബനിയുടെ മറ്റൊരു പോഷകനദിയായ കരമനത്തോടിലാണ് ഈ അണക്കെട്ട്. കക്കയം ജലവൈദ്യുതപദ്ധതിയെ പ്രബലപ്പെടുത്തുന്നതിനും വയനാട്ടിലെ കുടിവെള്ളത്തിനും ജലസേചനത്തിനുമുള്ള മാര്‍ഗ്ഗമായും ആണ് ഇതു നിര്‍മ്മിക്കപ്പെട്ടത്. ഒരു അസുരന്റെ പേരിലുള്ള ഇന്ത്യയിലെ ഒരേയൊരു അണക്കെട്ടാകും ഇത്. ഐത്യഹ്യമനുസരിച്ച് മഹാബലിയുടെ പുത്രനാണു ബാണാസുരന്‍. ബാണാസുരന്‍ മലമുകളില്‍ കഠിനതപസ്സ് അനുഷ്ഠിച്ചുവെന്നാണു പുരാണകഥ. 2018 ഓഗസ്റ്റില്‍ ബാണാസുരഡാം ഒരു രാക്ഷസരൂപം കൈക്കൊണ്ടു, പക്ഷേയത് മനുഷ്യന്റെ പ്രവൃത്തിയിലെ അബദ്ധംമൂലമായിരുന്നു-ജില്ലാ അധികാരികളുമായി വേണ്ടതുപോലെയുള്ള ഏകോപനമില്ലാതെ ഡാമിന്റെ ഷട്ടറുകള്‍ തുറന്നതായിരുന്നു കാരണം.

ഇത് ഉത്തരവയനാട്ടിലെ പല ഭാഗങ്ങളിലും പ്രത്യേകിച്ച് പനമരം, മാനന്തവാടി നദിയോരങ്ങളില്‍ കനത്ത വെള്ളപ്പൊക്കത്തിനു കാരണമായി. ഡാം തുറക്കുന്നതിനു മുമ്പ് അധികാരികള്‍ ജില്ലാ ഭരണകൂടവുമായി വിവരം കൈമാറുകയും യോജിച്ച് പ്രവര്‍ത്തിക്കുകയുമാണു വേണ്ടത്. കൂടാതെ, ഭാവിയില്‍ കനത്ത മഴയോ ഡാമുകള്‍ തുറക്കേണ്ട സന്ദര്‍ഭങ്ങളോ ഉണ്ടാകുകയാണെങ്കില്‍ പ്രളയസാദ്ധ്യത കൂടിയ സ്ഥലങ്ങളെപ്പറ്റിയുള്ള അവലോകനങ്ങളോ പഠനമോ നടത്തിയിട്ടില്ല. വയനാട്ടില്‍ ചില നിയന്ത്രണങ്ങള്‍ നടപ്പിലാക്കുവാന്‍ ജില്ലാ അധികാരികള്‍ ശ്രമിച്ചെങ്കിലും, മൂന്നാറിലേതുപോലെ സ്ഥലമിടപാടു ലോബി (ഭൂമി ക്രയവിക്രയസംഘം) അതിനെ ചെറുക്കുകയാണുണ്ടായത്.

2015-ല്‍ വയനാട് കലക്ടറായിരുന്ന കേശവേന്ദ്രകുമാര്‍ കെട്ടിടങ്ങളുടെ ഉയരത്തിന്റെ കാര്യത്തില്‍ നിയന്ത്രണം കൊണ്ടുവന്നു. ഡിസ്ട്രിക്ട് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റിയുടെ ചെയര്‍മാനെന്ന നിലയില്‍ കൂടുതല്‍ ഉയരമുള്ള കെട്ടിടങ്ങള്‍ പാരിസ്ഥിതിക നിലനില്‍പ്പിനു ഭീഷണിയാകുന്നതായി അദ്ദേഹം നിരീക്ഷിച്ചിരുന്നു. ഡിസാസ്റ്റര്‍ മാനേജ്മെന്റ് ആക്ട് (ദുരന്തനിവാരണനിയമം) അനുസരിച്ച് വയനാടു മുനിസിപ്പാലിറ്റി പ്രദേശത്ത് കെട്ടിടങ്ങളുടെ ഉയരം 15 മീറ്റര്‍ (പരമാവധി അഞ്ചു നില) ആയി നിജപ്പെടുത്തിക്കൊണ്ട് ഉത്തരവു പുറപ്പെടുവിച്ചു. കൂടാതെ വൈത്തിരി, ലക്കിടിപോലെയുള്ള പരിസ്ഥിതിലോല പ്രദേശങ്ങളില്‍ കെട്ടിടങ്ങളുടെ ഉയരം 8 മീറ്ററായും (രണ്ടു നില) മറ്റു പ്രദേശങ്ങളില്‍ 10 മീറ്ററായും (മൂന്നു നില) നിജപ്പെടുത്തി. ഉയര്‍ന്നപ്രദേശങ്ങളില്‍ കൂടുതല്‍ ഉയരമുള്ള കെട്ടിടങ്ങളുടെ സാന്നിദ്ധ്യം ഉരുള്‍പൊട്ടലിനും ഭൂകമ്പത്തിനും കാരണമാകുന്നുവെന്ന് അദ്ദേഹം നിരീക്ഷിച്ചു. 'ഉരുള്‍പൊട്ടലോ ഭൂകമ്പമോ ഉണ്ടാകുമ്പോള്‍ മനുഷ്യജീവനും ജന്തുക്കള്‍ക്കും സസ്യങ്ങള്‍ക്കും നാശമുണ്ടാകുന്നതോടൊപ്പം ചുറ്റുപാടുമുള്ള ഭൂപ്രദേശങ്ങളും തകരുന്നതിനാല്‍ ഈ ഭീഷണി വളരെ ഗുരുതരവും ആപത്കരവുമാണ്,' കെട്ടിടങ്ങളുടെ ഉയരത്തെ സംബന്ധിച്ച കല്‍പ്പന ഇറക്കുമ്പോള്‍ അദ്ദേഹം പറഞ്ഞു.

എന്നാല്‍ സ്ഥലമിടപാടുലോബിക്ക് ഈ നിയമം ഇല്ലാതാക്കണമായിരുന്നു. ലക്കിടി പട്ടണത്തില്‍ കെട്ടിടം നിര്‍മ്മിക്കുകയായിരുന്ന രണ്ടു ബിസിനസ്സുകാര്‍ ഹൈക്കോടതി ബെഞ്ചിനെ സമീപിച്ചതിനെത്തുടര്‍ന്ന് നിയന്ത്രണങ്ങള്‍ നീക്കിക്കൊണ്ട് അന്നു ഭരിച്ചിരുന്ന യുണൈറ്റഡ് ഡെമോക്രാറ്റിക്ക് ഫ്രണ്ട് ഉത്തരവിറക്കി. എന്നാല്‍ വയനാട് പ്രകൃതിസംരക്ഷണസമിതി, സര്‍ക്കാരിന്റെ നടപടിയെ ചോദ്യംചെയ്തുകൊണ്ട് കോടതിയെ സമീപിച്ചു. ദുരന്തനിവാരണനിയമം (ഡിസാസ്റ്റര്‍ മാനേജ്മെന്റ് ആക്ട്) അനുസരിച്ചുള്ള നടപടികളെ തടയുവാന്‍ സംസ്ഥാനസര്‍ക്കാരിനു അധികാരമില്ലെന്നു സമിതി വാദിച്ചു.
(ഇതിനു മുമ്പുതന്നെ, ഹൈക്കോടതിയുടെ ഏകാംഗ ബെഞ്ച്, ഇതിനെതിരെ കോടതിയെ സമീപിച്ച രണ്ടു ബിസിനസ്സുകാരെ അവരുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുവാന്‍ അനുവദിച്ചിരുന്നു) എന്നാല്‍, അതേ ബെഞ്ചുതന്നെ, കെട്ടിടങ്ങളുടെ ഉയരത്തെ സംബന്ധിച്ച നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നതിനു ഡിസ്ട്രിക്ട് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി (ഡി.ഡി.എം.എ.)ക്കുള്ള അധികാരത്തെ ഉയര്‍ത്തിപ്പിടിക്കുകയുണ്ടായി.

വയനാട്ടിലെ വനനശീകരണം

വയനാട് ജില്ല പുരാവസ്തുഗവേഷകരെയും നരവംശശാസ്ത്രജ്ഞരെയും എക്കാലവും ആകര്‍ഷിച്ചിരുന്നു. സംസ്ഥാനത്തെ ഏറ്റവും കൂടുതല്‍ ആദിവാസി ജനസംഖ്യയുള്ള ഈ ജില്ലയിലെ വനങ്ങളിലും ഗുഹകളിലും മനുഷ്യസംസ്‌കാരത്തിന്റെ ഉറവിടങ്ങള്‍ അടക്കം ചെയ്തിരിക്കുന്നു. എടക്കലെ ഗുഹാലിഖിതങ്ങള്‍ ഇതിനൊരു ഉത്തമോദാഹരണമാണ്. എടക്കല്‍ഗുഹയിലെ പുരാതനഗുഹകളില്‍ കണ്ട രഹസ്യഭാഷ ഇനിയും മനസ്സിലാക്കിയെടുക്കുവാന്‍ നമുക്കായിട്ടില്ലെങ്കിലും ഹാരപ്പ സംസ്‌കാരത്തിന്റെയത്രതന്നെ പഴമ അവകാശപ്പെടാവുന്ന ഒരു സംസ്‌കാരം ഇവിടെയും നിലനിന്നിരുന്നു എന്നാണു ചരിത്രകാരന്മാര്‍ കണക്കാക്കുന്നത്. സുല്‍ത്താന്‍ബത്തേരിയിലെ അമ്പുകുത്തിമലയിലുള്ള രണ്ടു ഗുഹകളില്‍ കാണപ്പെടുന്ന ചിത്രലിപി ഒരു പുരാതനസംസ്‌കാരത്തെയാണു വെളിപ്പെടുത്തുന്നത്. 'എടക്കല്‍ഗുഹകളില്‍ കണ്ടെത്തിയ, സിന്ധൂനദീതട സംസ്‌കാരത്തിന്റെ തനത് അടയാളമായ ഒരാള്‍ ഒരു കപ്പുമായി നില്‍ക്കുന്ന ചിത്രമുള്‍പ്പടെ, 400 വിചിത്രമായ ചിത്രലിപികള്‍ പുരാതനകാലത്ത് ഇവിടെ നിലനില്‍ക്കുകയും മറ്റു രാജ്യങ്ങളുമായി കച്ചവടബന്ധത്തിലേര്‍പ്പെടുകയും ചെയ്ത ഒരു മാനവസംസ്‌കാരത്തെയാണു കാണിക്കുന്നത്.' ഈ ലിപികളെ പറ്റി പഠനം നടത്തിയ ജവഹര്‍ലാല്‍ സര്‍വകലാശാലയില്‍നിന്നുള്ള ചരിത്രകാരന്‍ എം.ആര്‍. രാഘവവാര്യര്‍ പറയുന്നു.

വേദവംശത്തിലെ രാജാക്കന്മാരാണു വയനാടു ഭരിച്ചിരുന്നത്. പിന്നീട് കോട്ടയം രാജവംശത്തിലെ പഴശ്ശിരാജ വയനാടു രാജാവായി. ഹൈദര്‍ അലി മൈസൂറിലെ രാജാവായപ്പോള്‍, വയനാട്ടില്‍ അതിക്രമിച്ചു കടക്കുകയും തന്റെ ഭരണത്തിന്‍കീഴിലാക്കുകയും ചെയ്തു. ടിപ്പുസുല്‍ത്താന്റെ ഭരണകാലത്ത് വയനാട് കോട്ടയം രാജവംശം തിരികെപ്പിടിച്ചു. തുടര്‍ന്ന് ശ്രീരംഗപട്ടണം ഉടമ്പടിപ്രകാരം മലബാര്‍ മേഖലയാകെ ബ്രിട്ടീഷുകാര്‍ക്കു കൈമാറേണ്ടിവന്നു. ബ്രിട്ടീഷുകാരും കേരളവര്‍മ്മ പഴശ്ശിരാജയും തമ്മിലുള്ള ഭയാനകയുദ്ധങ്ങളാണു പിന്നീടുണ്ടായത്. ഈ യുദ്ധങ്ങളില്‍ ഗറില്ലാപ്പോരാട്ടങ്ങള്‍ക്കായി രാജാവ് കുറിച്യരുടെ സഹായം തേടിയിരുന്നു.

ചെറുവയല്‍ രാമന്‍ കുറിച്യവംശജനാണ്. ഇവര്‍ വയനാട്ടിലെ മലവര്‍ഗ്ഗക്കാരില്‍ ബ്രാഹ്‌മണരായി കരുതപ്പെടുന്നു. 'ദക്ഷിണേന്ത്യയിലെ ആദ്യകാല ബ്രിട്ടീഷ് വിരുദ്ധയുദ്ധമായി കരുതപ്പെടുന്ന പഴശ്ശിരാജ- ബ്രിട്ടീഷ് യുദ്ധത്തില്‍ കുറിച്യര്‍ രാജാവിന്റെ പടയാളികളായി പങ്കെടുത്തു. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാകമ്പനി കൃഷിവിളവുകള്‍ക്ക് വന്‍തോതില്‍ കരം ചുമത്തിയിരുന്നു. ഇത് കര്‍ഷകരില്‍ കടുത്ത അതൃപ്തിക്ക് കാരണമായി. തലയ്ക്കല്‍ ചന്തുവും എടച്ചേന കുങ്കനും നേതാക്കളായ 175 കുറിച്യ അമ്പെയ്ത്തുകാര്‍ 1802 ഒക്ടോബര്‍ 11നു പനമരത്തെ ബ്രിട്ടീഷ് കോട്ട പിടിച്ചെടുത്തു. ഇരുപത്തിയഞ്ചു ഭടന്‍മാരോടൊപ്പം കമാന്‍ഡിങ് ഓഫീസറായ ക്യാപ്റ്റന്‍ ഡിക്കിന്‍സണും ലെഫ്റ്റനന്റ് മാക്സ്വെല്ലും ആക്രമണത്തില്‍ കൊല്ലപ്പെട്ടു,' ചെറുവയല്‍ രാമന്‍ പറഞ്ഞു. തലക്കല്‍ ചന്തുവിന്റെ രണ്ടു തലമുറകള്‍ക്കുശേഷമുള്ള അനന്തരവനാണു രാമന്‍. 'ബ്രിട്ടീഷുകാര്‍ തിരിച്ചടിക്കുകയും എന്റെ വലിയമ്മാവനെ കൊല്ലുകയും ചെയ്തു.'
വയനാട് ആദിവാസികളുടെ നാടാണെന്ന് അദ്ദേഹം പറയുന്നു. പക്ഷേ, ബ്രിട്ടീഷുകാരുടെയും കുടിയേറ്റക്കാരുടെയും വരവോടുകൂടി ആദിവാസികള്‍ക്ക് അവരുടെ സ്ഥലവും ഉപജീവനമാര്‍ഗ്ഗവും നഷ്ടമായി. 'കുറിച്യര്‍, മറ്റ് ആദിവാസികളെ അപേക്ഷിച്ച്, കൂടുതല്‍ മെച്ചപ്പെട്ട അവസ്ഥയിലാണ്. പണിയരെയും മറ്റും 1975 വരെ ജന്മികള്‍ അടിമകളെപ്പോലെ കച്ചവടം ചെയ്തിരുന്നു.

നായര്‍മാര്‍ക്കും ബ്രിട്ടീഷുകാര്‍ക്കും മുമ്പ് ഞങ്ങളുടെ സമുദായമായിരുന്നു ഭൂമിയുടെ ഉടമകള്‍. പിന്നീട് ക്രിസ്ത്യന്‍ കുടിയേറ്റക്കാര്‍ ഞങ്ങളുടെ സ്ഥലം കൈയേറി,' രാമന്‍ മറയില്ലാതെ പറഞ്ഞു. പക്ഷേ, ആധുനികതയുടെ വരവോടെ ആദിവാസികള്‍ പരാജയപ്പെട്ടു. സ്ഥലത്തിന്റെ ഉടമസ്ഥാവകാശവും ഭൂമിയുടെ ആധാരവും പോലെയുള്ള കാര്യങ്ങള്‍ അവര്‍ക്ക് മനസ്സിലായില്ല. സ്ഥലം ലഭ്യമായിടത്തെല്ലാം അവര്‍ ഉപജീവനത്തിനായി കൃഷി നടത്തി. 108 ആദിവാസി ഊരുകളിലായി ജീവിച്ചിരുന്ന കുറിച്യരെല്ലാംതന്നെ കൃഷിക്കാരായിരുന്നു. പക്ഷേ, സ്ഥലം ഊരിനു അവകാശപ്പെട്ടതാകയാല്‍ സ്വന്തമാക്കുന്നതിനെപ്പറ്റി അവര്‍ ചിന്തിച്ചില്ല. ഈ വീക്ഷണമാകാം കുടിയേറ്റക്കാര്‍ അവരെ ചൂഷണം ചെയ്യുവാന്‍ കാരണമാക്കിയത്. അവര്‍ കൃഷിക്കായി ആദിവാസിസ്ഥലങ്ങള്‍ പാട്ടത്തിനെടുത്തു. 'ബ്രിട്ടീഷുകാര്‍ ഞങ്ങളുടെ ഭൂമിക്ക് കനത്ത കരം ചുമത്തിയപ്പോള്‍ ഞങ്ങളവരോടു പൊരുതി. പക്ഷേ സ്വന്തം നാട്ടുകാര്‍ മനസ്സാക്ഷിയില്ലാത്ത മാര്‍ഗ്ഗങ്ങളിലൂടെ സ്ഥലം പിടിച്ചെടുക്കുമെന്ന് ഞങ്ങള്‍ ചിന്തിച്ചതേയില്ല,' അദ്ദേഹം പറയുന്നു.

വള്ളിയൂര്‍ക്കാവില്‍ സമുദായത്തിന്റെ ഉടമസ്ഥതയിലുള്ള 400 ഏക്കര്‍ സ്ഥലം എങ്ങനെയാണു പിടിച്ചെടുക്കപ്പെട്ടതെന്ന് രാമനോര്‍മ്മിച്ചു. 'അത് ഒരു മുസ്ലിമിന് 600 രൂപയ്ക്ക് ഞങ്ങളുടെ സമുദായം പാട്ടത്തിനു കൊടുത്തതായിരുന്നു. പക്ഷേ, അയാള്‍ക്കതു ലാഭകരമല്ലെന്നു തോന്നിയപ്പോള്‍ ഏതാനും വര്‍ഷങ്ങള്‍ക്കുശേഷം ആ പണം തിരികെ ചോദിച്ചു. ഞങ്ങളുടെ പൂര്‍വ്വികരുടെ കൈയില്‍ പണമുണ്ടായിരുന്നില്ല, കോടതി മുസ്ലിം ഉടമസ്ഥനനുകൂലമായി വിധി പ്രഖ്യാപിച്ചപ്പോള്‍ പാട്ടഭൂമി കൈമറിഞ്ഞു. 1971ലെ കേരള ഭൂപരിഷ്‌കരണ നിയമത്തിനുശേഷമാണു ഞങ്ങള്‍ക്ക് ഭൂമിയൂടെ ഉടമസ്ഥാവകാശരേഖ കൈവന്നത്,' അദ്ദേഹം പറഞ്ഞു.

1959-ല്‍ കൂട്ടുകുടുംബത്തിന്റെ തലവനായിരുന്ന അമ്മാവന്‍ മരിച്ചതോടെ രാമന്‍ ആ സ്ഥാനമേറ്റെടുത്തു. നായര്‍ജാതിക്കാരെപ്പോലെ കുറിച്യരും മരുമക്കത്തായമായിരുന്നു തുടര്‍ന്നുപോന്നത്. അച്ഛനില്‍നിന്നു മകനിലേക്കല്ല, അമ്മാവനില്‍നിന്ന് അനന്തരവനിലേക്കാണു സ്വത്തും സ്ഥാനവും കൈമാറ്റം ചെയ്യപ്പെടുന്നത്. ഈ പുരാതനസമ്പ്രദായം ക്രമേണ അപ്രത്യക്ഷമാകുകയാണെങ്കിലും ഇത് കുടുംബബന്ധത്തെ ശക്തമാക്കുന്നതാണെന്ന് രാമന്‍ അഭിപ്രായപ്പെടുന്നു. ' സങ്കരയിനം നെല്‍വിത്തുകള്‍, കൂടുതല്‍ വിളവു തരുന്നതാണെങ്കിലും അവ ഉപയോഗിക്കുവാന്‍ എന്റെ അമ്മാവനൊരിക്കലും ഇഷ്ടപ്പെട്ടിരുന്നില്ല. ഞാനും ആ മാതൃകതന്നെ പിന്തുടരുന്നു. വെളിയന്‍, ചെന്നെല്ല്, ഗന്ധകശാല, തൊണ്ടി മുതലായ പരമ്പരാഗത വിത്തിനങ്ങളാണു ഞങ്ങളുപയോഗിക്കുന്നത്,' അദ്ദേഹം പറഞ്ഞു. ഈ വിത്തുകള്‍ അന്യംനിന്നുപോകുകയാണെന്നു മനസ്സിലായതിനാല്‍ 2000 മുതല്‍ അദ്ദേഹം ഇവ ശേഖരിച്ചു സംരക്ഷിച്ചുപോരുന്നു. ഈ വിത്തുകള്‍ എല്ലാ വര്‍ഷവും വിതയ്ക്കണമെന്നും ആവര്‍ത്തിച്ചുള്ള വിളകളിലൂടെ മാത്രമേ ഇവ സംരക്ഷിച്ചു നിലനിര്‍ത്തുവാനാകൂ എന്നും രാമന്‍ പറയുന്നു. ചെറുവയല്‍ രാമനെപ്പോലെയുള്ള സംരക്ഷകര്‍ക്ക് സര്‍ക്കാര്‍ സഹായമോ പ്രോത്സാഹനമോ നല്‍കുന്നില്ല. 'വിവിധതരത്തിലുള്ള ടൂറിസ്റ്റു പരിപാടികള്‍ക്കായി ചെലവിടുന്ന പണത്തിന്റെ ഒരംശം സര്‍ക്കാര്‍ ഞങ്ങള്‍ക്കായി ചെലവഴിച്ചിരുന്നുവെങ്കില്‍ വയനാട് രക്ഷപ്പെട്ടേനെ,' രാമന്‍ പറഞ്ഞു.

പനയോല മേഞ്ഞ മേല്‍ക്കൂരയും ചാണകം മെഴുകിയ തറയുമുള്ള 150 വര്‍ഷം പഴക്കമുള്ള വീട്ടിലാണ് അദ്ദേഹമിപ്പോഴും താമസിക്കുന്നത്. അതിനാല്‍ കടുത്ത വേനലില്‍പ്പോലും മുകളില്‍നിന്ന് ചൂടു പ്രസരിക്കില്ല. 'സമുദായത്തിലെ മിക്കവാറും ചെറുപ്പകാര്‍ കോണ്‍ക്രീറ്റു വീടുകളില്‍ വസിക്കുവാനാണാഗ്രഹിക്കുന്നതെന്ന് എനിക്കറിയാം. അവരുടെ ആഗ്രഹം തെറ്റല്ല. പക്ഷേ, എനിക്കിങ്ങനെ ജീവിക്കാനാണിഷ്ടം. ഒരുപക്ഷേ, ഞാന്‍ പഴയകാലത്തിന്റെ നീക്കിയിരുപ്പാകാം,' അദ്ദേഹം ചിരിക്കുന്നു. ചെറുപ്പക്കാര്‍ കൃഷിയില്‍നിന്നും മാറണമെന്നും ആഗ്രഹിക്കുന്നതായി രാമന്‍ സമ്മതിക്കുന്നു. അതൊരു പ്രധാന വരുമാനമാര്‍ഗ്ഗമെന്നനിലയില്‍ പ്രയോജനപ്പെടുന്നില്ല എന്നതാണു കാരണം. പക്ഷേ, പല ഉന്നതജാതിഹിന്ദുക്കളും വെള്ളക്കോളര്‍ ജോലി ഉപേക്ഷിച്ച് കൃഷിയിലേക്കു തിരിയുന്നുവെന്നു രാമന്‍ പറഞ്ഞു. ഉദാഹരണത്തിനു തന്റെ അയല്‍ക്കാരനായ കൃഷ്ണന്‍ എമ്പ്രാശന്‍ ഭൂമി വാങ്ങി ഭാര്യയോടൊപ്പം കൃഷി ആരംഭിച്ചിരിക്കുന്നു. തലേന്ന് വഴിയില്‍ വെച്ചു കണ്ടപ്പോള്‍ കൃഷ്ണന്‍ സന്തോഷത്തോടെ ഇങ്ങനെ സംസാരിച്ചു: 'രാമേട്ടാ, ദിവസം മുഴുവന്‍ വെയിലില്‍ പണി ചെയ്തുകഴിഞ്ഞാല്‍ എനിക്കു സുഖമായി ഉറങ്ങുവാന്‍ കഴിയും. ദഹനക്കുറവിന്റെയോ അസിഡിറ്റിയുടെയോ പ്രശ്നമില്ല.'

കൃഷി, കുട്ടികളുടെ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നതായി ജെനോം സേവ്യര്‍ അവാര്‍ഡ് ജേതാവായ രാമന്‍ പറയുന്നു. 'അരി എങ്ങനെയാണുണ്ടാകുന്നതെന്നുപോലും കുട്ടികള്‍ക്കറിയില്ല. ഈ പൂര്‍ണ്ണ അജ്ഞാനത്തിന് അതിന്റേതായ നാശങ്ങളുണ്ട്. നാളെ വയലുകള്‍ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി അവരോടു പറഞ്ഞാല്‍ തീര്‍ത്തും തണുത്ത പ്രതികരണമാകും അവരില്‍നിന്നുണ്ടാകുന്നത്.'

പരിസ്ഥിതിസംരക്ഷണം ഗവേഷണത്തിന്റെയും സെമിനാറുകളുടെയും മണ്ഡലത്തില്‍ മാത്രമായി അവശേഷിക്കുന്നുവെന്ന് രാമന്‍ കരുതുന്നു, അത് യഥാര്‍ത്ഥത്തില്‍ പ്രായോഗികമായി ചെയ്യുന്ന സമുദായങ്ങള്‍ ചട്ടക്കൂടിനു പുറത്താണ്. 'സ്വന്തം ജീവിതത്തില്‍ പ്രായോഗികമാക്കാതെ നിങ്ങള്‍ക്കു ഹരിതമേഖലകളുടെ സംരക്ഷണത്തെപ്പറ്റി പ്രസംഗിക്കുവാനാകില്ല. ജീവനക്ഷമവും നിലനില്‍ക്കുന്നതുമായ ഒരു ഉപജീവനമാര്‍ഗ്ഗം നല്‍കിയാല്‍ മാത്രമേ ജനങ്ങള്‍ക്ക് അവരുടെ ചുറ്റുപാടുമുള്ള പരിസ്ഥിതിയെ സംരക്ഷിക്കുന്നതില്‍ താത്പര്യമുണ്ടാകൂ,' അദ്ദേഹം പറയുന്നു. 'ബ്രിട്ടീഷുകാര്‍ ഇവിടെ കാപ്പിയും ഏലവും കൃഷി ചെയ്യുക മാത്രമല്ല ചെയ്തത്, അവരിവിടെ നിന്ന് സ്വര്‍ണ്ണം കുഴിച്ചെടുക്കുകയും ചെയ്തു. ഏറെക്കാലം ഇവിടെയൊരു സ്വര്‍ണ്ണഖനി ഉണ്ടായിരുന്നു. അപൂര്‍വ്വ ധാതുക്കള്‍കൊണ്ടു സമ്പന്നമാണു വയനാടുവനങ്ങള്‍.' അന്നു തൊഴിലാളികളായി പണിയെടുത്തതു കര്‍ണ്ണാടകയില്‍നിന്നുള്ളവരായിരുന്നു. കുറിച്യര്‍ ബ്രിട്ടീഷുകാരുടെ കീഴില്‍ പണിയെടുക്കുന്നത് അപൂര്‍വ്വമായിരുന്നു.

ബ്രിട്ടീഷുകാരുമായുള്ള ഒരു കൊടുംയുദ്ധത്തില്‍ പഴശ്ശിരാജ സ്വയം ജീവനൊടുക്കിയതിനുശേഷം വയനാട് ബ്രിട്ടീഷുകാരുടെ കൈവശമായി. തേയിലയും മറ്റും പോലെയുള്ള നാണ്യവിളകളുടെ കൃഷിക്കായി ബ്രിട്ടീഷ് ഭരണാധികാരികള്‍ ഈ തടം ഒരുക്കിയെടുത്തു. കോഴിക്കോടു നിന്നും തലശ്ശേരിയില്‍നിന്നും വയനാട്ടിലെ അപകടകരമായ ചെരിവുകളിലൂടെ റോഡുകള്‍ നിര്‍മ്മിച്ചു. ഈ റോഡുകള്‍ ഗൂഡല്ലൂര്‍ മുഖേന മൈസൂര്‍, ഊട്ടി എന്നീ നഗരങ്ങളിലേക്ക് ദീര്‍ഘിപ്പിക്കുകയും ചെയ്തു.

ഉയര്‍ന്ന ഗുണനിലവാരമുള്ള തേക്ക് ഈ ഉയര്‍ന്ന പ്രദേശത്തേക്ക് ആദ്യം ടിപ്പുസുല്‍ത്താനെയും പിന്നീട് ബ്രിട്ടീഷുകാരെയും ആകര്‍ഷിച്ചു. തേക്കിന്‍തോട്ടങ്ങളുണ്ടാക്കുന്നതിനുള്ള സാങ്കേതികത മലബാറില്‍ വികസിപ്പിച്ചതിനുശേഷം കൂടുതല്‍ക്കൂടുതല്‍ പ്രകൃതിദത്ത വനങ്ങള്‍ കൃഷിത്തോട്ടങ്ങളായി മാറി. 1797 കാലം മുതല്‍തന്നെ ഉത്തരമലബാറിലെ അഞ്ചരക്കണ്ടിയില്‍ കുരുമുളക്, പരുത്തി, തേങ്ങ, അടയ്ക്ക, ജാതി, ചന്ദനം, കറുവ, കാപ്പി എന്നിവയുടെ കൃഷി പരീക്ഷിക്കുക എന്ന ഉദ്ദേശ്യവുമായി ഈസ്റ്റ് ഇന്ത്യാ കമ്പനി അതിന്റെ തോട്ടങ്ങള്‍ വികസിപ്പിച്ചു തുടങ്ങിയിരുന്നതായും മര്‍ഡോക്ക് ബ്രൗണിനെ മാനേജരായി നിയമിച്ചതായും മലബാര്‍ മാനുവലില്‍ വില്യം ലോഗന്‍ പറയുന്നു. മലബാറില്‍നിന്ന് ഏറ്റവുമധികമായി കയറ്റിയയയ്ക്കപ്പെട്ടിരുന്നത് കുരുമുളകായിരുന്നു. 1830 കളോടെ കാറ്റുവീഴ്ച (വില്‍റ്റ് ഡിസീസ്) മൂലം വിള മോശമായതിനാല്‍ വാണിജ്യം കുറഞ്ഞുവരികയും ലോകവാണിജ്യത്തിന്റെ ഒരു ശതമാനമായി താഴുകയും ചെയ്തു.

തേങ്ങയും തേങ്ങാ ഉല്‍പ്പന്നങ്ങളും ഈ കാലയളവില്‍ മലബാറില്‍നിന്നും കയറ്റുമതി ചെയ്തിരുന്നു എന്നത് കൗതുകകരമാണ്. കുരുമുളകിനു പിന്നാലെ കാപ്പി പ്രധാന ചരക്കായെങ്കിലും 1840-ല്‍ യൂറോപ്യന്‍ തോട്ടക്കൃഷിക്കാര്‍ വന്നതോടെയാണു കാപ്പിത്തോട്ടങ്ങള്‍ ചുവടുറപ്പിച്ചത്. അറബിക്ക, ലിബറിക്ക എന്നീ ഇനങ്ങളായിരുന്നു പ്രധാനമായും കൃഷിചെയ്തിരുന്നത്. 1866 ആയപ്പോഴേക്കും വയനാട്ടിലാകെ 5918 ഹെക്ടര്‍ സ്ഥലത്തായി 200 കാപ്പിത്തോട്ടങ്ങളുണ്ടായിരുന്നു. അവയില്‍ 3995 ഹെക്ടര്‍ യൂറോപ്യന്മാരുടെയും 1923 ഹെക്ടര്‍ തദ്ദേശീയരുടെയും ആയിരുന്നു. കാലക്രമേണ തേയില, കാപ്പിയെ ആദേശം ചെയ്തു. വയനാട്ടില്‍ ആദ്യമായി തേയിലത്തോട്ടം സ്ഥാപിച്ചത് പാരി ആന്‍ഡ് കമ്പനി ആയിരുന്നു. അതു പിന്നീട് ഹാരിസണ്‍ ആന്‍ഡ് ക്രോസ്സ്ഫീല്‍ഡ് കമ്പനി ലിമിറ്റഡ് ഏറ്റെടുത്തു. തേയില കാപ്പിയെക്കാള്‍ കൂടുതല്‍ വിളവു നല്‍കിയതുകൊണ്ട്, 1892നു ശേഷം ഒട്ടനവധി കാപ്പിത്തോട്ടങ്ങള്‍ തേയിലത്തോട്ടങ്ങളായി മാറി. 1904-ല്‍ അവിടെ 69 കാപ്പിത്തോട്ടങ്ങളും 27 തേയിലത്തോട്ടങ്ങളും ഉണ്ടായിരുന്നതായി ഇമ്പീരിയല്‍ ഗസറ്റര്‍ പരാമര്‍ശിക്കുന്നു. അതേ വര്‍ഷം കാപ്പിയുടെ വിളവ് 645 ടണ്ണായിരുന്നു.

1930- ല്‍ മലബാറില്‍ 5004 ഹെക്ടറില്‍ 61 തേയിലത്തോട്ടങ്ങളും 1124 ഹെക്ടറില്‍ കാപ്പിത്തോട്ടങ്ങളും 779 ഹെക്ടറില്‍ കുരുമുളകും 179 ഹെക്ടറില്‍ ഏലവും ഉണ്ടായിരുന്നു. അടുത്ത വര്‍ഷം കാപ്പിത്തോട്ടത്തിന്റെ വിസ്തൃതിയില്‍ വര്‍ദ്ധനവുണ്ടായി. 1956 ആയപ്പോഴേക്കും മലബാറിലെ തോട്ടവിള 24,300 ഹെക്ടര്‍ വ്യാപിച്ചു. ഇതില്‍ 12,150 ഹെക്ടര്‍ കാപ്പിയും ബാക്കി ഏലം, തേയില എന്നിവയുമായിരുന്നു. വനപരിസ്ഥിതി ഒരു വാണിജ്യചര്‍ച്ചയ്ക്കായി കണ്ട ബ്രിട്ടീഷുകാര്‍ക്ക് നിത്യഹരിതവനങ്ങള്‍ നശിപ്പിക്കുന്നതില്‍ യാതൊരു കുറ്റബോധവുമുണ്ടായിരുന്നില്ല. സ്വാതന്ത്ര്യത്തിനുശേഷം, നിര്‍ഭാഗ്യവശാല്‍, ഇതേ നയംതന്നെയാണു നമ്മുടെ സര്‍ക്കാരും പിന്തുടര്‍ന്നത്. പ്രകൃതിദത്തവനങ്ങള്‍ വെട്ടിത്തെളിച്ച് അക്കേഷ്യയും തേക്കും യൂക്കാലിപ്റ്റസ് മരങ്ങളും കൃഷി ചെയ്യുകയാണു വനംവകുപ്പ് ചെയ്തത്.

അത്തരമൊരു 'കച്ചവട'മായിരുന്നു രണ്ടാം ലോകമഹായുദ്ധകാലത്ത് നിലമ്പൂരില്‍ നടന്നത്. 1.10 ലക്ഷം ഏക്കര്‍ വനം വെട്ടിത്തെളിക്കപ്പെട്ടു. ഈ സ്ഥലം നിലമ്പൂര്‍ രാജാവില്‍നിന്ന് ബ്രിട്ടീഷ് രാജ്ഞിയുടെ പണമുപയോഗിച്ച് അവര്‍ വിലയ്ക്കു വാങ്ങി. ഇത് യുദ്ധത്തില്‍ പങ്കെടുത്ത മലയാളിസൈനികര്‍ക്കുള്ള സമ്മാനമായിരുന്നു. വിമുക്തഭടന്മാരുടെ താമസത്തിനായി (എക്സ് സര്‍വ്വീസ്മെന്‍ കോളനൈസേഷന്‍ സ്‌കീം) ഈ സ്ഥലം നല്‍കപ്പെട്ടു. പക്ഷേ, സ്വാതന്ത്ര്യത്തിനുശേഷമാണ് ചരിത്രപരവും സാമൂഹികവുമായ കാരണങ്ങളാല്‍ വ്യവസ്ഥാപിതമായ വനനശീകരണം ആരംഭിച്ചത്. അക്കാലത്ത് നിലനിന്നിരുന്ന ഭക്ഷ്യക്ഷാമംമൂലം സര്‍ക്കാര്‍ പലയിടങ്ങളിലും ജനാധിവാസത്തിനായി പല സ്ഥലങ്ങളും തെളിച്ചെടുത്തു, പ്രത്യേകിച്ചും നെല്‍ക്കൃഷിക്ക് അനുയോജ്യമായ വയനാടു തടങ്ങള്‍. വയനാട്ടില്‍, കഴിഞ്ഞ പതിറ്റാണ്ടില്‍ ഗണ്യമായ വര്‍ദ്ധനവുണ്ടായ മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള പ്രശ്നങ്ങള്‍ പോയ അറുപതു വര്‍ഷക്കാലത്തെ വനനശീകരണവുമായി നേരനുപാതത്തിലാണ്. 1950 മുതല്‍ 1982 വരെയുള്ള കാലത്ത് ഭൂഘടനയിലുണ്ടാക്കിയ മാറ്റവും വന്‍തോതിലുള്ള വനനശീകരണവും വയനാടിന്റെ ഭൂപ്രകൃതിയെത്തന്നെ മാറ്റിമറിച്ചു. തിരുവിതാംകൂര്‍, കൊച്ചി മേഖലകളില്‍നിന്നു വ്യത്യസ്തമായി മലബാറിലെ വനങ്ങളുടെ സംരക്ഷണം വളരെ സാവധാനമായിരുന്നു. 1930 കളുടെ അവസാനവും 1940 കളുടെ ആരംഭത്തിലുമാണു നിലവിലുള്ള ഭൂരിപക്ഷം സംരക്ഷിതവനങ്ങളും (റിസര്‍വ്വ് ഫോറസ്റ്റ്) പ്രഖ്യാപിക്കപ്പെട്ടത്. ആ പ്രക്രിയ പൂര്‍ത്തിയാകുന്നതിനു മുമ്പുതന്നെ, രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെടുകയും പ്രവര്‍ത്തനങ്ങള്‍ നിലയ്ക്കുകയും ചെയ്തു. അങ്ങനെ വയനാട്ടിലെ വനങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള അവസരങ്ങള്‍ എന്നന്നേക്കുമായി അടഞ്ഞു.

കേരള വനഗവേഷണ സ്ഥാപനം (കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്) നടത്തിയ സ്ഥലോപയോഗ മാറ്റ വിശകലനം, 1950ലെ ഇന്ത്യന്‍ സര്‍വ്വേയുമായും 1982ലെ പോണ്ടിച്ചേരി ഫ്രഞ്ച് ഇന്‍സ്റ്റിറ്റ്യൂട്ട് തയ്യാറാക്കിയ സസ്യഭൂപടവുമായും താരതമ്യം ചെയ്യുമ്പോള്‍ 1086 ചതുരശ്രകിലോമീറ്റര്‍ അളവിലുള്ള കനത്ത വനഭൂമിനഷ്ടമാണു കാണുവാന്‍ കഴിയുന്നത്. അതായത്, ഡല്‍ഹിയുടെ വിസ്തൃതിയെക്കാള്‍ കൂടുതല്‍. 1950 മുതല്‍ 1982 വരെയുള്ള കാലയളവുകൊണ്ട് ജില്ലയുടെ ആകെയുള്ള 2131 ചതുരശ്ര കിലോമീറ്ററില്‍നിന്ന് വനമേഖല 1086 ചതുരശ്രകിലോമീറ്ററായി കുറഞ്ഞു. കൃഷിത്തോട്ടങ്ങളുടെ വിസ്തൃതി 63.93 ചതുരശ്രകിലോമീറ്ററില്‍നിന്ന് 532.82 ചതുരശ്രകിലോമീറ്ററായി വര്‍ദ്ധിച്ചു. അതായത് 462.82 ചതുരശ്രകിലോമീറ്റര്‍. മറ്റു കൃഷികള്‍ 255.72ല്‍നിന്ന് 617.99 ചതുരശ്രകിലോമീറ്ററില്‍ വര്‍ദ്ധിച്ച് 873.7 ചതുരശ്രകിലോമീറ്ററാകുകയും ചെയ്തു.

'ഇടതടവില്ലാത്തതും കനത്തതുമായ ഹരിതാവരണം ഉടനീളം ഭിന്നിക്കപ്പെട്ടിരിക്കുന്നതായി കാണാം,' വയനാട്ടിലെ വന്യമൃഗ കേന്ദ്രത്തില്‍ മനുഷ്യനും ജന്തുക്കളും തമ്മിലുള്ള സംഘര്‍ഷത്തെക്കുറിച്ച് എസ.് ശങ്കറിനോടൊപ്പം പഠനം നറ്റത്തിയ പി.എസ്. ഈസ പറയുന്നു. ഈ കാലത്ത് കുടിയേറ്റക്കാര്‍ വയനാട്ടിലെത്തി, അവര്‍ ദേവസ്വംവക വനഭൂമി വാങ്ങുകയും കൈയേറുകയും ചെയ്തു. പുല്‍പ്പള്ളി ദേവസ്വത്തിന്റെ 40,000 ഏക്കറും പൂത്താടി ദേവസ്വത്തിന്റെ 20,000 ഏക്കറുമാണ് ഇങ്ങനെ കൈമാറ്റം ചെയ്യപ്പെട്ടത്. 1966 മുതല്‍ 67 വരെ, സ്വകാര്യവനത്തിനുമേല്‍ നടന്ന ആദ്യത്തെ വന്‍കിട അതിക്രമിച്ചുകടക്കലിന്റെ ഫലമായി പുല്‍പ്പള്ളി വനത്തിന്റെ വ്യവസ്ഥാപിതനാശം സംഭവിച്ചു. പാദിരി, ബേഗുര്‍, കുറക്കോട് റിസര്‍വ്വ് വനങ്ങള്‍ക്കടുത്തുകൂടിയുള്ള വയനാടിന്റെ കിഴക്കന്‍ അതിര്‍ത്തിയിലെ ഹരിതമേഖലയുടെ നൈരന്തര്യം നഷ്ടമാകുന്നതിന് ഇതു കാരണമായി. ഉത്തരഭാഗത്തെ വനങ്ങള്‍ ദക്ഷിണപ്രദേശങ്ങളായ കുറിച്ചിയത്ത്, കുപ്പാടി വനങ്ങളില്‍നിന്നും വേര്‍പെടുത്തപ്പെട്ടു.

വയനാട്, മലബാറിന്റെ ഭാഗമായിരുന്നതുകൊണ്ട് ഭൂരിപക്ഷം വനങ്ങളും സ്വകാര്യസ്വത്തുക്കളായിരുന്നു. സര്‍ക്കാര്‍വനങ്ങള്‍ അങ്ങിങ്ങായുള്ള തുരുത്തുകള്‍പോലെയായിരുന്നു. 'മലബാറിലെയോ തിരുവിതാംകൂര്‍- കൊച്ചിയിലെയോ സംരക്ഷിതവനങ്ങള്‍ (റിസര്‍വ്ഡ് വനങ്ങള്‍) പോലെയല്ല ഇന്നത്തെ വയനാടന്‍വനങ്ങള്‍. താഴ്വരകളിലും ചതുപ്പുനിലങ്ങളിലും കൃഷിയിടങ്ങളും ഉള്ളില്‍ മനുഷ്യവാസകോളനികളും വേലിക്കെട്ടുകളും എല്ലാമുള്ള കൃത്യമായ ആകൃതിയില്ലാത്ത കാടുകളാണവ,' ഈസ പറയുന്നു. സ്വകാര്യവനങ്ങള്‍ ദേശീയവത്കരിക്കുമ്പോള്‍ വയനാടിന്റെ വടക്കും പടിഞ്ഞാറുമുള്ള സ്ഥലങ്ങളില്‍ നല്ലൊരു ഭാഗം സര്‍ക്കാരിന്റേതായി മാറി. പക്ഷേ, ആ സര്‍വ്വേ ഒരിക്കലും പൂര്‍ത്തിയായില്ല. വയനാടിന്റെ വടക്കും പടിഞ്ഞാറുമുള്ള ചെരിവുകളിലായി ഏകദേശം 23,113 ഹെക്ടര്‍ സ്ഥലവും അധികമായി അല്‍പ്പംകൂടി വടക്കുമാറിയുള്ള ആറളം, കൊട്ടിയാര്‍ പ്രദേശത്തെ ബ്രഹ്‌മഗിരിതാഴ്വാരത്തിലുള്ള 4445 ഹെക്ടര്‍ സ്ഥലവും സ്ഥിര സംരക്ഷിതമായി മാറ്റിവെച്ചു.

ഈ സംരക്ഷിതമേഖലയില്‍ കൂടുതലും നല്ലയളവില്‍ നനവുള്ള നിത്യഹരിത ആവാസവ്യവസ്ഥയുള്ളവയാണ്. ജൈവവൈവിദ്ധ്യസംരക്ഷണത്തില്‍ ഗണ്യമായ മൂല്യമുള്ള പ്രദേശം. പക്ഷേ, സര്‍ക്കാരിന്റെ കീഴിലാക്കുക എന്നതുകൊണ്ട് വനസംരക്ഷണം ഉറപ്പാകുന്നില്ല. നിയമത്തിലെ പഴുതുകള്‍കൊണ്ട് പല ഭാഗങ്ങളും നഷ്ടമായിരിക്കുന്നു. ഈ ഭൂവിസ്തൃതി നഷ്ടമാകുന്നതു തുടരുകയും ചെയ്യുന്നു. ഇവിടെയുള്ള പല വനപ്രദേശങ്ങളും സര്‍വ്വേ ചെയ്തിട്ടില്ലാത്തതിനാല്‍ സ്ഥലം കൈവശപ്പെടുത്തുന്നവര്‍ക്ക് അതു സഹായകമാണ്. വനത്തിന്റെ വിഭജനം വയനാട്ടില്‍ മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള സംഘര്‍ഷം വര്‍ദ്ധിക്കുവാന്‍ കാരണമായി. അയല്‍സംസ്ഥാനങ്ങളിലെ നാഗറോള്‍ നാഷണല്‍ പാര്‍ക്ക്, ബന്ദിപ്പൂര്‍ നാഷണല്‍ പാര്‍ക്ക്, മുതുമല വന്യമൃഗസംരക്ഷണ കേന്ദ്രം എന്നിവയുടെ അനുബന്ധപ്രദേശങ്ങള്‍ (ബഫര്‍ ഏരിയ) പൂര്‍ണ്ണമായും നഷ്ടമാകുന്നതിനും കാരണമായി.

(വിജു ബി.യുടെ 'പ്രളയവും കോപവും' എന്ന പുസ്തകത്തിലെ 'വയനാട്: കേരളത്തിലെ നരകമായി മാറിയ സ്വര്‍ഗ്ഗം' എന്ന ഭാഗത്തില്‍നിന്ന്.)

Content Highlights: Wayanad in kerala, Books excerpt, Pralayavum kopavum book, by Viju.B., Mathrubhumi books

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
symbolic image

6 min

കുപ്രസിദ്ധി നേടുന്ന അമ്മമാരുടെ മക്കള്‍ നേരിടുന്നത്‌ അരക്ഷിതബോധവും അപകര്‍ഷതയും

Sep 21, 2023


Pinarayi, Oommen Chandy

7 min

ആരോപണം തുറുപ്പുചീട്ടാക്കാന്‍ പിണറായിയെ സമീപിച്ചവര്‍ നിരാശരായി; 'കാലം സാക്ഷി'യില്‍ ഉമ്മന്‍ ചാണ്ടി

Sep 20, 2023


Pappu

5 min

മുഷ്ടിചുരുട്ടി പപ്പു പറഞ്ഞ ഡയലോഗ്; നായകനെ കടത്തിവെട്ടിയ ആ ഉജ്ജ്വല അഭിനയം!

Sep 16, 2023


Most Commented