ആ അറബ് വൈദ്യന്‍ പിന്നൊരിക്കല്‍ ചോദിച്ചു: ഇതിനെന്താ തീറ്റ?; അമ്മുമ്മ പറഞ്ഞു: എന്റെ ചോര!


ജി.ആർ ഇന്ദുഗോപൻ

ജീവിതത്തില്‍ ജലം കടന്നുവരുന്ന ഭാഗങ്ങള്‍ മാത്രം എഴുതപ്പെട്ടിട്ടുള്ള അപൂര്‍വ്വ ആത്മകഥാ പുസ്തകമാണ് ജി.ആര്‍. ഇന്ദുഗോപന്റെ വാട്ടര്‍ ബോഡി: വെള്ളം കൊണ്ടുള്ള ആത്മകഥ. മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ഈ പുസ്തകത്തില്‍ നിന്നുള്ള ഒരു ഭാഗം വായിക്കാം..

തോടിന് കുറുകെ അച്ഛന്‍ വരുന്നതാണ്. ഇരുട്ടില്‍നിന്ന് അച്ഛന്റെ രൂപം തെളിഞ്ഞു വരും. കാരിയറില്‍നിന്ന് പഴയ സൈക്കിള്‍ ടയര്‍ രണ്ടായി കീറിയത് എടുക്കും. അച്ഛന്‍ ചിമ്മിനിയില്‍നിന്ന് ടയറില്‍ തീ പറ്റിക്കുമ്പോള്‍ വെട്ടംകൂടി, അവിടെല്ലാം ചുമക്കും. അപ്പോ, തെങ്ങോലയിലൊക്കെയിരിക്കുന്ന സകല ജാതി രാത്രിവണ്ടുകളും ചാഴിയും, പല ജാതി കൊമ്പുള്ളതും അല്ലാത്തതുമായ ജീവികളൊക്കെ റോക്കറ്റുപോലെ വരും. ചിറകു കരിയുന്നതിന് നമ്മുടെ മുടി കരിയുന്ന നാറ്റമാണ്. വഴി തെറ്റിയ ചില ചീവീടും വന്ന് നമ്മുടെ പാദത്തിന്റെ വെള്ളയില്‍ ഇക്കിളിയാക്കും, പിന്നെ തവളകള്‍ നിര്‍ത്താതെ കരയുന്ന രാത്രിയുടെ വായിലേക്ക് ഞാനും അച്ഛനുംകൂടി ഒരിറക്കമാണ്. പോകുന്ന വഴിക്ക് വഴിയിലിട്ടിരിക്കുന്ന കാലിത്തീറ്റയുടെ ചാക്കെടുക്കണം. അച്ഛന്‍ വാരിയില്‍ നിന്ന് വെട്ടുകത്തിയെടുത്തിരിക്കും. വെള്ളം കുറഞ്ഞിരിക്കുന്ന കാലമാണെങ്കില്‍ ഒറ്റാലും. വെള്ളത്തില്‍ ഇറങ്ങി അച്ഛന്‍ നടക്കുന്നതിന്റെ ശബ്ദം കേള്‍ക്കാനാവില്ല. മെല്ലെ കാലുയര്‍ത്തി വെക്കുകയോ, വെള്ളത്തില്‍ ഉരച്ചു നടക്കുകയോ ചെയ്യും. വെട്ടവും അച്ഛനും ദൂരെയായിരിക്കും. അപ്പോള്‍ ഒരു വെട്ടിന്റെ ശബ്ദം. ഞാന്‍ വരമ്പിലൂടെ വേഗം ഓടിച്ചെല്ലും. വെള്ളത്തില്‍ ചോര കലങ്ങി വരുന്നു. അച്ഛന്‍ കഴുത്ത് പിളര്‍ന്ന, ഒരു വലിയ വരാലിനെ എടുത്തു കരയിലിടും.രണ്ടു മൂന്നെണ്ണമാകുമ്പോള്‍ ഞാന്‍ വീട്ടിലേക്ക് പോകും. അത് അത്താഴത്തിനുള്ളതാണ്. ഇനിയൊരു മൂന്നോ നാലോ, നാളെ സ്‌കൂളിലേക്ക് കൊണ്ടുപോകാന്‍. ആവശ്യം കഴിഞ്ഞാല്‍ എത്ര വലുതിനെ കണ്ടാലും വെട്ടില്ല. അതു നാളേക്ക്.
പിറ്റേന്ന് വെളുപ്പിന് അഞ്ചരയായപ്പോള്‍ വെളിയിലൊരു ശബ്ദം. ആ ഒച്ച കേട്ടാല്‍ ഏതുറക്കത്തിലും ഞാന്‍ ഉണരും. അച്ഛന്റെ അനിയന്‍. തിരുവനന്തപുരത്ത് വലിയ ജയിലാപ്പീസറാണ്. കുറ്റശാസ്ത്രത്തില്‍ പിഎച്ച്.ഡി.കിട്ടി, വീട്ടുകാരൊക്കെ അതേപ്പറ്റി തുടരെ സംസാരിക്കുന്ന കാലമാണ്.
'അവനെന്തിയേ... പഠിക്കുകയാണോ...' എന്ന് ചോദിക്കുന്നതു കേട്ടു.
ഞാന്‍ ചാടിയെഴുന്നേറ്റു കൈയില്‍ കിട്ടിയ ഒരു പാഠപുസ്തകം തുറന്നു വെച്ചു.
പുള്ളി, വയലിന്റെ വിശാലതയിലിരുന്ന് വയറൊക്കെ ശുദ്ധമാക്കി, ഒഴുക്കുവെള്ളത്തില്‍ കഴുകി, സന്തോഷവാനായി തിരിച്ചു വന്നിരിക്കുകയാണ്. ഓര്‍മ്മകള്‍ തിരിച്ചു വിളിച്ചതാണ്.
ചായ വാങ്ങിച്ചു കുടിച്ചിട്ട് എന്റടുത്ത് ചോദിക്കും.
'ഇന്നലെ എത്ര മണിവരെ പഠിച്ചു?'
'ഏഴ് മുപ്പത്തഞ്ച്.'
'ങേ പിന്നെ?' ഒരലര്‍ച്ചയാണ്.
'മീന്‍പിടിക്കാന്‍ പോയി. അച്ഛന്റെ കൂടെ.'
ദയനീയമായി അദ്ദേഹം അച്ഛനോട് കൈ മലര്‍ത്തി ചോദിക്കും: 'ഇയാളെന്തുവാടേ ഇത്!'
അച്ഛന്‍ ഒന്നും പറയാതെ വയലിലേക്ക് ഒറ്റ നടത്തമാണ്.
അപ്പോ അച്ഛന്റെ അനിയന്‍ പറയും,
'എട് എട്...'
പുള്ളിക്കാരന്‍ തന്നെ വാങ്ങിച്ചു വെച്ചിരിക്കുന്ന ചെസ് ബോര്‍ഡുണ്ട്. ഒഴിയാന്‍ ഞാന്‍ പറയും: 'സയന്‍സ് പഠിക്കാനുണ്ട്.'
'ഓ സയന്‍സല്ലേ... എട്. എട്...'

ശേഷം ചെസ് കളിയാണ്. പ്രാന്താണ്. സ്പീഡ് ചെസ്സാണ്. നമ്മള്‍ ഒരു സെക്കന്‍ഡ് താമസിച്ചാല്‍ പുള്ളി രണ്ടു കരു നീക്കും. ഇല്ലെങ്കില്‍ നമ്മുടേത് നീക്കിത്തരും. എന്നെ, നിര്‍ബ്ബന്ധിച്ച്, പേടിപ്പിച്ച്, എന്നെ പഠിപ്പിച്ചതാണ്; വെറും നാലാം വയസ്സില്‍. ഇടയ്ക്ക് വരുമ്പോ, ഒരു എതിരാളിയാക്കാന്‍.
നമ്മള് കളിയില്‍നിന്ന് രക്ഷപെടാന്‍ പറയും:
'അയ്യോ. കാലില്‍ അട്ടയിരിക്കുന്നു.'
'അതവിടിരിക്കട്ടെ. നീ കളി.'
അട്ട ചോരയൂറ്റി നിര്‍വൃതിയില്‍ സ്വയം പൊഴിഞ്ഞു വീഴും.
അദ്ദേഹം പോകുമ്പോഴാണ് അമ്മൂമ്മ (അമ്മയുടെ അമ്മ; അമ്മയെ സഹായിക്കാന്‍ അവിടുണ്ട്) പയ്യെ പതുങ്ങി വന്ന്, ഒരു മടന്ത (കാട്ടു ചേമ്പ്) യുടെ ഇലയിലേക്ക് അട്ടയെ തോണ്ടിയിടുന്നു.
'എന്തിനാ അമ്മൂമ്മാ?'
'വളംകടി' അമ്മൂമ്മ പറയും.
അമ്മൂമ്മയ്ക്ക് ഈ നനഞ്ഞ മണ്ണില്‍ നിന്നാല്‍ ഉടന്‍ വളംകടി പിടിക്കും. ചെരിപ്പിട്ട് ശീലിച്ചിരുന്നതുമില്ല. ചൊറിഞ്ഞ്, ചൊറിഞ്ഞ് ഉറങ്ങാനൊക്കില്ല. വിരലുകള്‍ക്കിടയില്‍ നീര്‍ക്കെട്ടു പൊങ്ങിവരും. ചോരയിലാണ് അണുവിന്റെ വാസം. പൊട്ടിച്ചാലും ചൊറി മാറില്ല. ആദ്യമൊക്കെ രാത്രി നൂലുകൊണ്ട് വിരല്‍ ചുറ്റിക്കെട്ടി, പിന്നുകൊണ്ട് കുത്തി, ചോര കളഞ്ഞാല്‍ കുറച്ച് ആശ്വാസമാകും. പക്ഷേ, പിന്നെയും വരും. പിന്നീടാണ് അട്ടകളെ കൂട്ടുപിടിച്ചത്.
അട്ടയുമായി അമ്മൂമ്മ എങ്ങോട്ടാണ് പോകുന്നത്?
ഞാന്‍ പിന്നാലെ ചെല്ലും. പടിഞ്ഞാറുവശത്തുള്ള ഒരു ഊറ്റില്‍, അമ്മൂമ്മ അണകെട്ടി നിര്‍ത്തിയിരിക്കുന്ന വെള്ളത്തിലേക്ക് അതിനെ ഇടുന്നു. അതില്‍ കരിഞ്ഞ ഇലപോലെ പത്തുപതിനഞ്ച് അട്ട ചുരുണ്ട് കിടപ്പുണ്ട്.
അമ്മൂമ്മ അട്ടയെ വളര്‍ത്തുന്നു. അട്ട നഴ്സറി!
അമ്മൂമ്മ ഓടിക്കും: 'പോ, പോ സ്‌കൂളില്‍ പോകാന്‍ നേരമായി.'

രാത്രി വളംകടി കൂടും. പിന്നെ അമ്മൂമ്മ പഠിച്ചു. നേര്‍ത്ത ഓലമടലുകൊണ്ട് രണ്ടുമൂന്ന് അട്ടകളെ നഴ്സറിയില്‍ നിന്ന് എടുത്ത് ചിരട്ടയില്‍ ഇട്ടിരിക്കും. അതിനെ എടുത്ത് കാലിലെ വിരലുകള്‍ക്കിടയിലെ നേര്‍ത്ത തൊലിയില്‍ പിടിപ്പിക്കും. ദുഷിച്ച ചോര പോയാല്‍, രണ്ടു ദിവസം ആശ്വാസമാണ്.
അമ്മൂമ്മ അട്ടകളെ വളര്‍ത്തുന്നത് അതിന് മാത്രമായിരുന്നില്ല.
ഒരു അവധി ദിവസം.
നല്ല മണമുള്ള ഒരു വയസ്സന്‍ മുസല്‍മാന്‍ വന്നു. താടി സുന്ദരമായി കത്രിച്ചു നിര്‍ത്തിയിരിക്കുന്നത് ആദ്യമായി കാണുകയാണ്. താടി നരച്ചുപോയാല്‍, പിന്നെ നമ്മള്‍ വെട്ടുകയോ കോതുകയോ ഒന്നും ചെയ്യാതെ അങ്ങ് മരിക്കണമെന്നായിരുന്നു എന്റെ ധാരണ.
ആ ഇക്കാക്ക, കൈയിലെ ട്രങ്കുപെട്ടി ഞങ്ങളുടെ കുടിലിന്റെ മുന്നില്‍ വെച്ചു. അമ്മൂമ്മ അങ്ങേരുമായി വീടിന്റെ പിറകില്‍ വയലിലേക്ക് പോയി. ഊറ്റ് കെട്ടി നിര്‍ത്തിയ അണ തുറന്നുവിട്ടു. ഇക്കാക്ക ഒരു കുപ്പി കൊണ്ടുവന്നിരുന്നു. അതിലേക്ക് അമ്മൂമ്മ അട്ടകളെ തോണ്ടി ഇട്ടു കൊടുത്തു. അടച്ചു കൊടുത്തു. അങ്ങേര്‍ പകരം ട്രങ്കുപെട്ടി തുറന്നു. അതില്‍ നിന്ന് അമ്മൂമ്മയ്ക്കൊരു സമ്മാനം കൊടുത്തു. നെഞ്ചെരിച്ചിലിനും ശ്വാസംമുട്ടലിനും ബെസ്റ്റാണ്.
അമ്മൂമ്മ പറഞ്ഞു തന്നു: 'അറബ് വൈദ്യനാണ്.'

അറബി വൈദ്യത്തില്‍ കുളഅട്ടയെ കൊണ്ട് ചോര കുടിപ്പിച്ച് ഭേദമാക്കുന്ന ഇനമുണ്ടുപോലും. പക്ഷേ, അട്ടയെ കിട്ടാനില്ല. അമ്മ പഠിപ്പിച്ചു കൊണ്ടിരുന്നത്, ഒരു മുസ്ലീം കുടുംബത്തിന്റെ മാനേജ്മെന്റ് സ്‌കൂളിലായിരുന്നു. അവിടെ ആരുടെയോ ശുപാര്‍ശയിലാണ്, ഈ അറബ് വൈദ്യന്‍, എത്തിയിരിക്കുന്നത്.
പിന്നൊരിക്കല്‍ വന്നപ്പോള്‍ അയാള്‍ ചോദിച്ചു,
'ഇതിനെന്താ തീറ്റ?'
'എന്റെ ചോര!' അമ്മുമ്മ പറഞ്ഞതുകേട്ട് അയാള്‍ പേടിച്ച മട്ടില്‍ നോക്കി.
അട്ടപിടിത്തത്തില്‍ അമ്മൂമ്മ പിന്നെ വിദഗ്ദ്ധയായി. ഒരു ചിരട്ട. പ്ലാവിലയില്‍ അല്‍പ്പം ചുണ്ണാമ്പ്. അതു മതി. തെളിഞ്ഞ വെള്ളത്തില്‍, മൂലയില്‍ കല്ലിലൊക്കെ പിടിച്ചിരിക്കുകയാവും കുളഅട്ടകള്‍. വെള്ളത്തിലൊരു ജീവിയിറങ്ങിയിരിക്കുന്നുവെന്ന് ഓളത്തിന്റെ രീതി കൊണ്ട് അത് തിരിച്ചറിയും. ജീവന്റെ ചൈതന്യമായ ഊഷ്മാവിലേക്ക് അവ നീന്തിച്ചെല്ലും. അമ്മൂമ്മ ഇടത്തെ വിരല്‍ വെച്ചുകൊടുക്കും. അവ അതില്‍ തൂങ്ങും. എടുത്ത് വലത്തേ വിരലിലെ ചുണ്ണാമ്പുകൊണ്ട് അട്ടയുടെ വായിലൊന്ന് തൊടും. മുലയില്‍ ചെന്നിനായകം പെരണ്ട കുഞ്ഞിനെപ്പോലെ, അപ്പോഴേ, അത് ഒന്ന് വിറച്ച് പിടിവിടും. അത് ചിരട്ടയില്‍ വീഴും.
അമ്മൂമ്മയുടെ ഹൃദയാരോഗ്യം ആകെ തകരാറിലായിരുന്നു. വലിയ കാലപ്പഴക്കമില്ലെന്നും ഇംഗ്ലീഷ് വൈദ്യന്‍ സൂചിപ്പിച്ചു. പക്ഷേ, ഒരാശുപത്രിയിലും പോകാതെ അമ്മൂമ്മ പിന്നെയും ആറേഴു കൊല്ലം ജീവിച്ചു. അത് അട്ടകളുമായുള്ള സഹവാസം കാരണമാണെന്ന് അമ്മ വിചാരിക്കുന്നു. ഈ അട്ടപ്രയോഗത്തിലൂടെ ദുഷിച്ച രക്തം ഒരുപാട് ഒലിച്ചു പോയതുകൊണ്ട് ചില ഗുണമാറ്റങ്ങള്‍ ദേഹത്തുണ്ടാകുമെന്ന്.

എന്തായാലും പരാന്നജീവികളോടൊക്കെ ശിഷ്ടകാലത്ത് സഹതാപമേ തോന്നാവു എന്നൊരു പാഠമായിരുന്നു അത്. ലോകത്താകെ കണ്ടു പിടിക്കപ്പെട്ട ജീവഗണങ്ങളില്‍ മൂന്നിലൊന്നും പരാന്നഭോജികള്‍ അഥവാ ഇത്തിള്‍കണ്ണികളാണ് പോലും. ഇതില്‍ ഭൂരിഭാഗവും ഒന്നോ അല്ലെങ്കില്‍ രണ്ടോ മൂന്നോ ജന്തുഗണങ്ങളെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന പാവങ്ങളാണ്. അമ്മ പറഞ്ഞത് നേരായിരിക്കും. കണക്കുകൂട്ടലുകളില്‍, അതീവജാഗ്രതയിലുള്ള പ്രപഞ്ചം എന്തോ ഒരു മെച്ചം, ആ ജന്തുവിന്റെ കടിവഴി, മറ്റേ ജന്തുവിന് നന്ദി രൂപത്തില്‍ തിരികെ നല്‍കുന്നുണ്ടാകും.
അടുത്തിടെ, അമ്മയുടെ ഹൃദയാരോഗ്യം പരിശോധിക്കാന്‍ തിരുവനന്തപുരത്തെ ഒരു ഭയങ്കരന്‍ ഡോക്ടറെ ചെന്നു കണ്ടു. ശ്വാസംമുട്ട് തന്നെ. വൈദ്യന്‍ മൂന്ന് ഗുളിക കൊടുത്തിട്ട് പറഞ്ഞു: 'ജീവിതകാലം മുഴുവന്‍ കഴിക്കണം.'
ശേഷം ഗുണദോഷിച്ചു:
അമ്പത്തഞ്ചു വയസ്സു കഴിഞ്ഞ സകലരും ഇത് കഴിക്കണം. ചോര നേര്‍ത്തിരിക്കാനുള്ളതാണ് ഈ ഔഷധം... മസ്തിഷ്‌ക, ഹൃദയാഘാതം എപ്പഴും വരാം.
തിരിച്ചിറങ്ങുമ്പോ അമ്മ തമാശ പറഞ്ഞു: 'ആ പണിയല്ലേ, നമ്മുടെ വയലിലെ അട്ടകള്‍ ചെയ്തിരുന്നത്.'
ഞാന്‍ അനുകൂലിച്ചില്ല. അല്ലെങ്കില്‍ത്തന്നെ, അമ്മ ഈ മരുന്നൊന്നും കഴിക്കാന്‍ പോകുന്നില്ല.
അമ്മൂമ്മ ഒരുദിവസം, ഞങ്ങളുടെ കൊട്ടിലിന്റെ മുന്നിലിരിക്കുകയായിരുന്നു. പഠിത്തമുള്ള ദിവസമാണ്. വയസ്സായ ഒരു ഓലമെടച്ചില്‍കാരി മാത്രം പണിക്കുണ്ട്. അവര് ഇച്ചിരി വെള്ളം കുടിക്കാന്‍ ചോദിച്ചു. അത് കൊടുത്തു. അപ്പോ അമ്മൂമ്മ അതീന്ന് കുറച്ചു വെള്ളം തിരിച്ചു ചോദിച്ചു ആംഗ്യത്തിലൂടെ. കൈയെത്തിച്ചു. ഗ്ലാസ്സിലെത്തും മുമ്പേ ചെരിഞ്ഞുവീണു മരിച്ചു.

അമ്മൂമ്മയുടെ കുളയട്ടകളൊക്കെ അനാഥമായി. പിന്നീടാ ഊറ്റു കുഴിയിലെ കുളഅട്ടകളൊക്കെ എങ്ങോട്ട് പോയെന്ന് ആരും അന്വേഷിച്ചില്ല. നാട്ടില്‍ പക്ഷികളും മാടുകളും കുറഞ്ഞു. നെല്‍കൃഷി കുറഞ്ഞു. കൊയ്ത്തുകാരികള്‍ വെള്ളത്തില്‍ ഇറങ്ങാതായി, വെളളത്തിലിറങ്ങുന്ന ജീവികള്‍ കുറഞ്ഞു. വെള്ളം കണ്ടാല്‍ പേടിയും ചെളി കണ്ടാല്‍ അറപ്പുമുള്ള തലമുറ വന്നു. മിക്ക വയലിലും കുളയട്ടകള്‍ കുറഞ്ഞു. പലയിടത്തും കാണാതായി. ആരും അന്വേഷിച്ചില്ല. മനുഷ്യജീവിതത്തില്‍ അതിനെന്താണ് പ്രസക്തി? ആഴം കുറഞ്ഞ വയലുകളില്‍ നിന്ന് തടം കോരി ആഴം കൂടിയപ്പോള്‍ അവയ്ക്ക് പിടിച്ചിരിക്കാന്‍ വെള്ളത്തില്‍ പാറകളും ചെടികളും ഇല്ലാതായി. ആഴത്തിലേക്കാണ്ട് മുങ്ങിച്ചത്തു കാണും.
അതിന്റെ ആന്റി ക്ലൈമാക്സ് ഇതായിരുന്നു:
കുറച്ചു നാള്‍ മുമ്പ് ഞാന്‍ പൊന്മുടിയില്‍ പോയി. തിരികെ വരുമ്പോള്‍ കല്ലാറിലിറങ്ങി ഒന്നു രണ്ടു മണിക്കൂര്‍ കിടന്നു. ഇടയ്ക്ക് കാല്‍പ്പത്തിക്കു മുകളില്‍ എന്തോ വേദന. സൂചിയുടെ അത്രയുമുള്ള ചുവന്ന പൊട്ട് കണ്ടു. രണ്ടു ദിവസം കഴിഞ്ഞ് നീരു കയറി. ഒരാഴ്ച കഴിഞ്ഞപ്പോഴും കുറഞ്ഞില്ല. എല്ല് വിദഗ്ദ്ധനെ കാണിച്ചു. അദ്ദേഹം നന്നായി പരിശോധിച്ചിട്ടു പറഞ്ഞു: 'ഒടിവില്ല. വല്ലതും കടിച്ചതാണെങ്കില്‍ വിഷമുള്ളു കാണണം. അതും കാണുന്നില്ല.'
മൂന്നു മാസമായിട്ടും നീരു മാറാതായപ്പോള്‍ പ്രായംചെന്ന ഒരു ആയുര്‍വ്വേദ വൈദ്യനെ കാണിച്ചു. അയാള്‍ പറഞ്ഞു: 'കടിച്ചതു തന്നാണ്. വിഷമുള്ള് എങ്ങനെ കാണാനാണ്? അങ്ങനെ വല്ല നിയമമുണ്ടോ? നമ്മളൊരാളിനെ കടിച്ചാല്‍ പല്ലിവിടെ ഇളക്കി വച്ചിട്ടാണോ തിരിച്ചു പോവുക. ഒരു കാര്യം പറയാം. ഈ നീര് എളുപ്പം പോകില്ല. നിങ്ങളുടെയൊന്നും ദേഹത്തു നിന്ന് ദുഷിച്ച ചോര പോകുന്നില്ല ഹേ! ഷേവു ചെയ്യാനുള്ള ബ്ലേഡുപോലും ഇപ്പോ പോറാത്ത ഇനമല്ലേ? ഒരു കൊതുകു കടിക്കാന്‍ നിങ്ങള്‍ സമ്മതിക്കില്ലല്ലോ. വിഷം നിറച്ച അറയിലല്ലേ ഉറക്കം വരെ.'
ഞാന്‍ ചോദിച്ചു: 'പിന്നെന്ത് ചെയ്യും?'
'ഒരു മാര്‍ഗ്ഗമുണ്ട്. കുളയട്ടയെക്കൊണ്ട് ആ ഭാഗത്തൂന്ന് ചോര ഊറ്റി കളയണം. കിട്ടാന്‍ വഴിയുണ്ടോ?'
ഞാന്‍ ചോദിച്ചു: 'ഇല്ല.'
ആക്ഷേപിക്കുന്ന മട്ടില്‍ വൈദ്യന്‍ ചോദിച്ചു:
'കണ്ടിട്ടുണ്ടോ?'
ഞാന്‍ സത്യം പറഞ്ഞു: 'ഇല്ല.'
മനസ്സില്‍ പറഞ്ഞു. സത്യമാണ്. ഇപ്പോഴൊരു ഇരുപതു കൊല്ലമായി കാണും, ഞാനൊരു കുളയട്ടയെ കണ്ടിട്ട്.
പ്രാദേശികമായ വംശനാശം. നമുക്ക് അതൊരു പ്രശ്നമല്ല. പക്ഷേ, തോന്നലാണ്. ലോകത്തിന് അങ്ങനെയല്ല. അതിന്റെ താളം പരസ്പരം ബന്ധിച്ചു കിടക്കുകയാണ്.
അതു മനസ്സിലായത്, ഞങ്ങള്‍ കുറച്ചു ഭൂമി വാങ്ങിക്കാന്‍ തുടങ്ങി, ശേഷം അച്ഛന്റെ ദേഹത്തേക്ക് ഹോചിമിന്റെ പ്രേതം കയറിത്തുടങ്ങിയ ശേഷമാണ്.

Content Highlights: water body gr indugopan autobiography mathrubhumi books


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022

Most Commented