'കേരളത്തില്‍ മറ്റൊരന്തര്‍ജ്ജനത്തിനും ഇങ്ങനെയൊരു പരിതഃസ്ഥിതി വേണ്ടിവന്നിട്ടില്ല'


വി.ടി. വാസുദേവന്‍

12 min read
Read later
Print
Share

"ഹേ സ്ത്രീ, എഴുന്നേല്‍ക്കൂ. മൃതഭര്‍ത്താവിന്റെ സാന്നിദ്ധ്യത്തെ കൈവിട്ട് ജീവനുള്ളവരുടെ അടുത്തേക്കു ചെല്ലുക. നിന്നെ വിവാഹം ചെയ്യുവാന്‍ താത്പര്യമുള്ള പുരുഷന്റെ ഭാര്യാപദം സ്വീകരിക്കുക' എന്ന് വേദത്തില്‍ വെട്ടിത്തുറന്നു പറഞ്ഞിട്ടും അനേകം യുവവിധവകളുള്ള സമുദായത്തില്‍ പുനര്‍വ്വിവാഹം എന്തുകൊണ്ടു തുടങ്ങിവെക്കുന്നില്ല എന്നായിരുന്നു നാലപ്പാടന്റെ ചോദ്യം."

ചിത്രീകരണം: ബാലു

വി.ടി. വാസുദേവന്‍ എഴുതിയ ' വി.ടി. ഒരു തുറന്ന പുസ്തകം' എന്ന പുസ്തകത്തിലെ 'നാലുകെട്ടില്‍നിന്ന് അനാഥമന്ദിരത്തിലേക്ക്' എന്ന ഭാഗം വായിക്കാം..

'ഏടത്തീ' എന്ന വിളിയുമായി തൂവെള്ള ഖദര്‍വേഷ്ടിയും മുണ്ടുമുടുത്ത് ഞങ്ങളുടെ വീട്ടിലേക്കു വരാറുള്ള വെളുവെളുത്ത ശ്രീദേവിയന്തര്‍ജ്ജനത്തെ മറക്കാനാവില്ല. അച്ഛനും അമ്മയും അവരെ വിളിക്കുന്നത് മിസ്സിസ് ഞാളൂര്‍ എന്നാണ്. ആ അധികാരത്തോടെ അമ്മയുടെ സ്ഥാനമുണ്ടെങ്കിലും മിസ്സിസ് ഞാളൂര്‍ എന്നുതന്നെ ഞങ്ങളും വിളിച്ചുപോന്നു.

കോഴിക്കോട്ടെ അനാഥമന്ദിരത്തില്‍ (പുവര്‍ഹോം സൊസൈറ്റി) ജീവിതം നയിക്കുമ്പോഴും പിറന്നേടത്തേക്കെന്നപോലെ മാസാന്ത്യങ്ങളില്‍ വന്നിരുന്നത് മേഴത്തൂര്‍ക്കായിരുന്നു. അവരുടെ തോളില്‍ തൂങ്ങിയ ഖദര്‍സഞ്ചിയില്‍ കോഴിക്കോടന്‍ ഹലുവയോ ഈത്തപ്പഴമോ കായവറുത്തതോ ഉണ്ടാകും. പിന്നെ തിളങ്ങുന്ന ചിരിയുമായി മകള്‍ സരസോപ്പോളും കൂടെയുണ്ടാകും. അനാഥമന്ദിരത്തില്‍ അമ്മയോടൊപ്പം താമസിച്ച് സ്‌കൂളില്‍ പഠിക്കുകയാണ് സരസോപ്പോള്‍. അവിടത്തെ ബാലമന്ദിരത്തിലെ മേട്രനുമാണ് മിസ്സിസ് ഞാളൂര്‍.

നമ്പൂതിരി സ്ത്രീകളുടെ സ്വാതന്ത്ര്യസമരചരിത്രത്തില്‍ മിസ്സിസ് ഞാളൂര്‍ എന്ന ഈ ശ്രീദേവിയന്തര്‍ജ്ജനത്തിനും സ്ഥാനമുണ്ട്. ആലൂരിലെ രസികസദനത്തില്‍ നടന്ന ആദ്യത്തെ പുനര്‍വ്വിവാഹം (അമ്മയുടെ അനുജത്തി ഉമാ അന്തര്‍ജ്ജനവും മുല്ലമംഗലത്ത് രാമന്‍ ഭട്ടതിരിപ്പാട് എന്ന എം.ആര്‍.ബിയും തമ്മില്‍ - 1934) വിപ്ലവകരമെന്ന നിലയില്‍ കോളിളക്കമുണ്ടാക്കി. എങ്കില്‍ സമുദായത്തിലെ രണ്ടാമത്തെ വിധവാവിവാഹത്തിലെ നായിക മിസ്സിസ് ഞാളൂരാണ്. പുതുശ്ശേരി പശുപതി നമ്പൂതിരിയുടെ വിധവയായ ശ്രീദേവി അച്ഛന്റെ അനുയായിയും സമുദായപ്രവര്‍ത്തകനുമായ ഞാളൂര്‍ നാരായണന്‍ നമ്പൂതിരിയെ പുനര്‍വ്വിവാഹം ചെയ്യുകയായിരുന്നു. രണ്ട് ആചാരവിപ്ലവത്തിനും ഞങ്ങളുടെ വീട് സാക്ഷ്യം വഹിച്ചു. ആദ്യവിവാഹം ഒച്ചപ്പാടോടെ. രണ്ടാമത്തേത്, ഒച്ചയുമനക്കവുമില്ലാതെ മേഴത്തൂരിലെ ഇപ്പോഴത്തെ വീട്ടിലും (1940).

പുസ്തകത്തിന്റെ കവര്‍.

എങ്ങനെ നാള്‍കഴിക്കുമെന്ന് ആശങ്കിക്കുന്ന പ്രഭാതങ്ങളായിരുന്നു അന്ന് ഞങ്ങള്‍ക്ക്. അതിനാല്‍ ചുരുക്കം നാട്ടുകാരുടേയും സുഹൃത്തുക്കളുടേയും സാന്നിദ്ധ്യത്തില്‍ കൊട്ടിഘോഷിക്കാതെയായിരുന്നു വിവാഹം. ഞാളൂര്‍ദമ്പതികള്‍ക്ക് ഒരു പെണ്‍കുട്ടി പിറന്നു. പിന്നാലെ ഞാളൂരിന് അകാലചരമവും സംഭവിച്ചു. രണ്ടു കൊല്ലമേ ആ ദാമ്പത്യം നീണ്ടുനിന്നുള്ളൂ. രണ്ടുവട്ടം വൈധവ്യംപൂണ്ട ഈ അമ്മയെ പിന്തുടര്‍ന്നത് ആത്മാവില്‍ മുറിവേല്‍പ്പിക്കാന്‍പോന്ന ക്ലേശാനുഭവങ്ങളാണ്.

ഭര്‍ത്തൃഗൃഹവും പിതൃഗൃഹവും ഉറ്റവരും ഉടയവരും വെടിഞ്ഞ ആ നാളുകളില്‍ കൈക്കുഞ്ഞിനെ എങ്ങനെ പുലര്‍ത്തും എന്ന് ആ അമ്മ ആശങ്കപ്പെട്ടു. കുറിയേടം ആര്യാ അന്തര്‍ജ്ജനവുമായുള്ള പ്രേംജിയുടെ പ്രസിദ്ധമായ വിധവാവിവാഹം 1948ല്‍ ആയിരുന്നു. മിസ്സിസ് പ്രേംജിയും മിസ്സിസ് എം.ആര്‍.ബിയും ക്ലേശങ്ങള്‍ അനുഭവിച്ചിട്ടുണ്ട്. പക്ഷേ, അവരുടെ സഹധര്‍മ്മസുഖദുഃഖങ്ങള്‍ പങ്കിടാന്‍ ആദര്‍ശവാന്മാരും കരുത്തരുമായ ഭര്‍ത്താക്കന്മാര്‍ കൂട്ടിനുണ്ടായിരുന്നു. മിസ്സിസ് ഞാളൂരാകട്ടെ, വിധിയെ നേരിട്ടത് ഒറ്റയ്ക്കും. 30-ാം വയസ്സില്‍ ഈ വിധവ മകളോടൊപ്പം എഴുതാനും വായിക്കാനും പഠിച്ചു. ഇല്ലത്തുനിന്ന് കിട്ടാത്ത അക്ഷരം ലക്കിടിയിലെ അന്തര്‍ജ്ജന തൊഴില്‍കേന്ദ്രത്തില്‍നിന്നായിരുന്നു സമ്പാദിച്ചത്. അനേകം അലച്ചിലുകള്‍ക്കു ശേഷം കോഴിക്കോട്ടെ അനാഥസമാജം അവരെ സ്വീകരിച്ച് അഭയം നല്‍കി.

അനാഥരോടൊപ്പമുള്ള ജീവിതം. കേരളത്തില്‍ മറ്റൊരന്തര്‍ജ്ജനത്തിനും ഇങ്ങനെയൊരു പരിതഃസ്ഥിതി വേണ്ടിവന്നിട്ടില്ല. ജന്മജന്മാന്തരങ്ങളില്‍ ചെയ്ത ദുഷ്‌കര്‍മ്മപരിപാകത്തിന്റെ ഫലമായിട്ടായിരിക്കാം അനാചാരദൂഷിതമായ നമ്പൂതിരിസമുദായത്തില്‍ വന്നുപിറക്കാനിടയായതെന്ന് ജയില്‍വാസവും ഭ്രഷ്ടും അനുഭവിച്ച പുരുഷന്‍ മോഴികുന്നം ബ്രഹ്‌മദത്തന്‍ നമ്പൂതിരി പണ്ട് പറഞ്ഞതായി കേട്ടിട്ടുണ്ട്. സ്ത്രീയായ ശ്രീദേവി അന്തര്‍ജ്ജനവും അദ്ദേഹത്തെപ്പോലെ തന്റെ ജന്മവിധിയില്‍ അന്ന് സങ്കടപ്പെട്ടിരിക്കാം. എങ്കിലും അവര്‍ തളര്‍ന്നില്ല. ആത്മധീരതയാര്‍ന്ന ആ അമ്മയെ നമ്മുടെ സ്ത്രീപക്ഷരാഷ്ട്രീയക്കാരോ സാമൂഹ്യ ചരിത്രഗവേഷകരോ കണ്ടെത്തിയില്ല. ഗൃഹാതുരത കോരിനിറയ്ക്കുന്ന ആനുകാലികങ്ങളിലും അവര്‍ക്ക് ഇടം കിട്ടിയില്ല. ആരുടെ സഹതാപവും ആ കുടുംബം ഇപ്പോള്‍ ആവശ്യപ്പെടുന്നുമില്ല. മിസ്സിസ് ഞാളൂരിനെപ്പോലെ ഒറ്റപ്പെട്ട ചിലരാണ് സമുദായത്തിന്റെ അടിത്തട്ടില്‍ മാറ്റങ്ങള്‍ സൃഷ്ടിക്കുന്നത്, എക്കാലത്തും.

സ്ത്രീജനങ്ങളുടെ അനുതാപം ഒരു കുടുംബത്തെയല്ല, സമുദായത്തെയല്ല, രാജ്യത്തെത്തന്നെ ചുട്ടെരിച്ചുകളയും എന്ന് പുരാണേതിഹാസങ്ങള്‍ എമ്പാടും പറഞ്ഞുതന്നിട്ടുണ്ട്. എന്നാല്‍, സ്ത്രീഹൃദയങ്ങള്‍ വിദ്യാകിരണമേറ്റുണര്‍ന്നാലേ സമുദായം ഉയരുകയുള്ളൂ എന്ന ചിന്തതന്നെ പണ്ടത്തെ നമ്പൂതിരിക്കുണ്ടായിരുന്നില്ല. ഏതുവിധവും കുടുംബസ്വത്ത് കൈവിടരുത്. അത് മൂത്ത പുത്രന്റെ മേല്‍ നിലനില്‍ക്കണം. അയാള്‍ക്കു മാത്രമേ സ്വജാതിയില്‍നിന്ന് വിവാഹമാകാവൂ. ഇളയവന്‍ വിവാഹത്തിന് ഒരുമ്പെട്ടാല്‍ പരിവേദനക്കാരന്‍ എന്ന ശിക്ഷയായി. കന്യകമാരെ വിവാഹം ചെയ്യാന്‍ വരുന്നവര്‍ അന്വേഷിക്കുന്നത് വധുവിന്റെ വിദ്യാഭ്യാസയോഗ്യതയല്ല, സ്ത്രീധനത്തുകയാണ്.

വിവാഹവേദിയില്‍ മൂടിപ്പുതച്ച് വിയര്‍ത്തൊലിച്ചുനില്‍ക്കുന്ന വധുവില്‍നിന്ന് സ്ത്രീധനസൂചകമായി പണക്കിഴി കൊടുപ്പിക്കുന്ന പതിവ് പണ്ടുമുതലേ ഉണ്ടായിരുന്നു. ഈ വേളിച്ചടങ്ങ് ഇന്നത്തെ പുതുമക്കാരും ആര്‍ഭാടമായി പിന്തുടരുന്നു. മുഖദര്‍ശനത്തിനുശേഷം പണക്കിഴി ഉദകപൂര്‍വ്വം ഏറ്റുവാങ്ങി അതിന്റെ പിന്നാലെ വധുവിനോടായി ചൊല്ലുന്ന വിവാഹസൂക്തമുണ്ട്. 'കോ/ദാല്‍ കസ്മാദദാല്‍' എന്നിങ്ങനെ. നിന്നെ തന്നത് കാമന്‍. വാങ്ങിയതും കാമന്‍. ആ കാമനെക്കൊണ്ടുതന്നെ ഞാന്‍ നിന്നെ സ്വീകരിക്കുന്നു. 'കാമേന ത്വാം പ്രതിഗൃഹ്ണാമി.' ജന്തുക്കള്‍ക്ക് ജന്മനഃപ്രഭൃതി മൈഥുനേച്ഛയില്‍ അഭിരുചിയുണര്‍ത്തുന്ന കാമംപോലെ ധനവും നമ്പൂതിരിക്കു പ്രലോഭനമാണ്. രണ്ടും മൂന്നും വിവാഹം കഴിക്കുന്നത് അതുകൊണ്ടാണ്. എത്ര വേട്ടുവോ അത്രയും ധനികന്‍. കുളപ്പുര കെട്ടിക്കാന്‍ നാലാംവേളി തരാവുമോ എന്ന് തേവരുടെ മുമ്പില്‍ യാചിക്കുന്ന വൃദ്ധന്‍നമ്പൂതിരി അന്നത്തെ കേരളബ്രാഹ്‌മണ്യത്തിന്റെ പ്രതീകമാണ്. അച്ചിബ്ഭ്രാന്തും അഷ്ടിബ്ഭ്രാന്തും ആനബ്ഭ്രാന്തും തലയ്ക്കുപിടിച്ച് നാലു വേട്ട നമ്പൂതിരിയുടെ കിടപ്പ് നടുമുറ്റത്തും. പുരുഷസംബന്ധിയായ ഈ ജീവിതക്രമത്തെ നിരോധിക്കാന്‍ ഒരു രാജശാസനയും പുറപ്പെട്ടതുമില്ല.

വേള്‍ക്കാവുന്ന പുരുഷന്മാരുടെ എണ്ണം പരിമിതം. സ്ത്രീകള്‍ അധികവും. അതിനാല്‍ മാറ്റവിവാഹങ്ങള്‍ പെരുകി. മക്കളെ കൊടുക്കാന്‍ അച്ഛന്‍ ചെയ്യുന്നത് ദ്വിതീയാതൃതീയാദി വിവാഹങ്ങള്‍. മകളെ കൊടുക്കുന്നു, പകരമായി മകളെ സ്വീകരിക്കുന്നു. സഹോദരിയെ വിവാഹം ചെയ്തയയ്ക്കാന്‍ അളിയന്റെ സഹോദരിയെ ഇങ്ങോട്ടും വേള്‍ക്കുന്നു. ഇത് അന്നത്തെ നമ്പൂതിരിമാര്‍ക്കിടയില്‍ നാട്ടുനടപ്പായിത്തീര്‍ന്നു.

വി.ടി. വാസുദേവന്‍ | ഫോട്ടോ: ഗിരീഷ്‌കുമാര്‍

സ്ത്രീധനത്തിനു പണമില്ല. മാറ്റത്തിനു വേള്‍ക്കാനാളുമില്ല. തിരണ്ടും തിരളാതെയും കന്യകമാര്‍ ഇല്ലം നിറഞ്ഞിരിക്കയും. അവരെ കര്‍ണ്ണാടകത്തിലേക്കോ തമിഴ്‌നാട്ടിലേക്കോ എത്തിച്ചു വില്‍ക്കുന്ന പെണ്‍വാണിഭവും അക്കാലത്തെ ബ്രാഹ്‌മണഭവനങ്ങളില്‍ തുടങ്ങിവെച്ചു. വേളിച്ചടങ്ങ് പേരിനു നടത്തും. പക്ഷേ, വിവാഹം ചെയ്തയാളല്ല പെണ്ണിനെ കൊണ്ടുപോകുന്നത്. ഈ കരിഞ്ചന്തക്കല്യാണത്തിന് മംഗലാപുരം, കോയമ്പത്തൂര്‍ പട്ടണങ്ങളിലെന്നപോലെ കേരളത്തില്‍ ചിലയിടത്തും ദല്ലാളികള്‍ ഉണ്ടായിരുന്നു. പെണ്‍കൊടയല്ല, പെണ്‍കൊലതന്നെ. ധര്‍മ്മവേളി എന്ന ഓമനപ്പേരും. ഈ പെണ്‍ചന്തയില്‍ വില്‍ക്കപ്പെട്ട ചിലര്‍ ആത്മഹത്യ ചെയ്തു. ചിലര്‍ കൊല്ലപ്പെട്ടു. ചിലര്‍ അനാഥകളായി രോഗബാധിതരായി മരിച്ചുവീണു. ചിലര്‍ വേശ്യാവൃത്തിയിലേക്കു വലിച്ചിഴയ്ക്കപ്പെട്ടു. ചില ഭാഗ്യവതികള്‍ മാത്രം കുടുംബനാഥകളായി തെക്കുള്ള ബന്ധുക്കളെ ഗൃഹാതുരതയോടെ കാത്തിരുന്നു. ഉണ്ണിമാധവന്റെ ശിരസി നോവലും തൊഴില്‍കേന്ദ്രത്തിലേക്ക്, കരിഞ്ചന്ത നാടകങ്ങളും യഥാര്‍ത്ഥ സംഭവങ്ങളുടെ ആവിഷ്‌കാരമാണ്. 'നന്മയേറുന്നൊരു പെണ്ണിനെ വേള്‍ക്കാനായ് നാഥനെഴുന്നള്ളുന്നത്' സ്വപ്നംകണ്ട് നിത്യവും രാവിലെയും തിരിഞ്ഞടിക്കും ചരടുപിടിച്ച് ജപിച്ചിരുന്ന കന്യകമാര്‍ക്ക് ഇങ്ങനെയും ഉത്കണ്ഠപ്പെടേണ്ടിവന്നു. 'എന്നെ കൊടുക്ക്വായിരിക്ക്വോ? എങ്ങോട്ടാണാവോ? എന്താണാവോ അവിടുത്തെ കഥ? എനിക്കിനി ഇല്ലം കാണാന്‍ തരാവോ?'

കുറിയേടത്ത് താത്രിയുടെ സ്മാര്‍ത്തവിചാരം കഴിഞ്ഞ് പതിറ്റാണ്ടായിട്ടും പെണ്‍ഭീതികള്‍ വിട്ടൊഴിഞ്ഞില്ല. അസ്വാതന്ത്ര്യം, അജ്ഞത, ബാല്യവൈധവ്യം, തീരാദുഃഖങ്ങള്‍ സ്ത്രീയുടെ അവസ്ഥ ഇങ്ങനെ ദാരുണമായ കാലത്താണ് ശ്രീദേവി ജനിച്ചുവീഴുന്നത് (1915). തീയില്‍ മുളച്ച ഈ ഇട്ടിച്ചിരി വെയിലില്‍ വാടാന്‍ കൂട്ടാക്കിയില്ല, എന്തായാലും.

തിരളുന്നതോടെ വെളിച്ചം നിഷേധിക്കപ്പെട്ട യുവതികളുടെ ആദ്യത്തെ പ്രതിഷേധമുയര്‍ന്നത് വരിക്കമാഞ്ചേരി അഷ്ടമിരോഹിണീവാരത്തിനാണ്. വാരത്തിനെത്തിയ ഉണ്ണിനമ്പൂതിരിമാര്‍ക്കിടയില്‍ ഒരുകൂട്ടം പെണ്‍കിടാങ്ങളുടെ പേരില്‍ വിതരണം ചെയ്ത പ്രത്യക്ഷപത്രത്തിന്റെ തലക്കെട്ട് 'ഇങ്ങനെ തിരണ്ടിരുന്നാല്‍ മതിയോ' എന്നായിരുന്നു.

'ഞങ്ങള്‍ക്ക് സഭയില്‍ വന്ന് സംസാരിക്കാന്‍ എന്തുകൊണ്ട് പാങ്ങില്ല? ഞങ്ങളെ പഠിപ്പിക്കാന്‍ ആര്‍ക്കും ഉത്സാഹമില്ലാത്തതെന്തുകൊണ്ട്? വല്ല മുത്തന്മാര്‍ക്കും പിടിച്ചുകൊടുത്താല്‍ മതി എന്നാണ് അച്ഛനമ്മമാരുടെ വിചാരം. ഉണ്ണിനമ്പൂതിരിമാരേ, നിങ്ങള്‍ വിചാരിച്ചാല്‍ എല്ലാം സാധിക്കും. തേവാരക്കാരായ ചില മുത്തന്‍ നമ്പൂതിരിമാര്‍ മാത്രമേ തടസ്സം നില്‍ക്കൂ. അല്ലെങ്കില്‍ ഒന്നു ചെയ്യുക, പെണ്‍കുട്ടിയുണ്ടായാല്‍ അതിന്റെ കഥ അപ്പോള്‍ കഴിക്കുക. വിദ്യാഭ്യാസവും യോജിച്ചവരോടുള്ള വിവാഹവും ചെയ്യിക്കും എന്ന് ഉറപ്പുണ്ടെങ്കിലേ ഞങ്ങളെ വളര്‍ത്താവൂ.' ഇങ്ങനെയാണ് ആ കത്ത് അവസാനിപ്പിച്ചത് (1927).

പഴമയില്‍ അടിയുറച്ച സമുദായവ്യവസ്ഥിതിയെ തൊട്ടുകളിക്കല്‍ ദുഷ്‌കരമാണെന്നും അതിന്റെ ഭവിഷ്യത്ത് ഏറ്റെടുക്കേണ്ടിവരുമെന്നും അറിഞ്ഞുകൊണ്ടുതന്നെയാണ് മറക്കുടകൊണ്ട് ആ പാളയം തച്ചുതകര്‍ക്കാന്‍ യുവജനങ്ങള്‍ മുന്നോട്ടുവന്നത്. സ്ത്രീക്ക് ശ്രൗതകര്‍മ്മത്തിനു മാത്രമല്ല, വേദാദ്ധ്യയനത്തിനും അധികാരമുണ്ടെന്ന് വേദവും മീമാംസയും ചൂണ്ടിക്കാട്ടി നാലപ്പാട് ആര്‍ഷജ്ഞാനം എന്ന ഗ്രന്ഥത്തില്‍ സമര്‍ത്ഥിച്ചിട്ടുണ്ട്.

'യാ പൂര്‍വ്വം പതിം വിത്വാഥാന്യം വിന്ദതേ പരം പഞ്ചൗദനം ച തായജോ ദദാനോ ന വിയോഷിതഃ' യാതൊരു സ്ത്രീ പതിയെ നേടിയിട്ട് അയാളുടെ നിര്യാണശേഷം പിന്നീട് വേറൊരാളെ സ്വീകരിക്കുന്നുവോ, അവരിരുവരും പഞ്ചഭൂതങ്ങളെ പോഷിപ്പിച്ചുകൊണ്ട് നിത്യബ്രഹ്‌മത്തിനായി അര്‍പ്പിക്കപ്പെടട്ടെ! ഹേ സ്ത്രീ, എഴുന്നേല്‍ക്കൂ. മൃതഭര്‍ത്താവിന്റെ സാന്നിദ്ധ്യത്തെ കൈവിട്ട് ജീവനുള്ളവരുടെ അടുത്തേക്കു ചെല്ലുക. നിന്നെ വിവാഹം ചെയ്യുവാന്‍ താത്പര്യമുള്ള പുരുഷന്റെ ഭാര്യാപദം സ്വീകരിക്കുക' എന്ന് വേദത്തില്‍ വെട്ടിത്തുറന്നു പറഞ്ഞിട്ടും അനേകം യുവവിധവകളുള്ള സമുദായത്തില്‍ പുനര്‍വ്വിവാഹം എന്തുകൊണ്ടു തുടങ്ങിവെക്കുന്നില്ല എന്നായിരുന്നു നാലപ്പാടന്റെ ചോദ്യം.

വിവാഹം സമുദായസേവനമാണെന്ന ബോധംകൊണ്ടോ യശസ്സിനോ പെണ്‍കിടാങ്ങളെ ആകര്‍ഷിക്കാനോ അല്ല, പറച്ചിലും പ്രവൃത്തിയും ഒന്നാകാനാഗ്രഹിക്കുന്ന ശ്രമം മാത്രം എന്ന നിലയ്ക്കാണ് വിധവകള്‍ക്ക് പുതുജീവിതം നല്‍കാന്‍ എം.ആര്‍.ബിയും എം.പിയും (പ്രേംജി) മറ്റും തയ്യാറായത്. വെറും ഒരു വിധവാവിവാഹംകൊണ്ട് ആചാരലംഘനം അവസാനിപ്പിക്കേണ്ടതില്ല. യോഗക്ഷേമസഭപോലുള്ള സാമുദായികസങ്കുചിതകളില്‍നിന്നുതന്നെ പുറത്തുചാടണമെന്ന പക്ഷക്കാരനായിരുന്നു അച്ഛന്‍. തന്റെ സ്‌നേഹസങ്കല്പം പുതിയ സാമൂഹിക ഇടങ്ങളിലേക്കു വ്യാപിപ്പിക്കണം. അതിനായി അനന്തരപരിശ്രമം. രസികസദനം എന്ന വീട് അനുജന്‍ നാരായണന്‍ ഭട്ടതിരിപ്പാടിനു നല്‍കി നിളയുടെ മറുകരയിലുള്ള കൊടുമുണ്ടയില്‍ ഉല്‍ബുദ്ധകേരളം എന്ന പേരില്‍ കോളനി തുടങ്ങിയത് അങ്ങനെയാണ് (1935).

ചിത്രീകരണം: ബാലു

ഉദ്ബുദ്ധകേരളത്തിന് അംഗത്വം തേടിയുള്ള ഒരു യാത്രയിലാണ് അച്ഛന്‍ ശ്രീദേവിയന്തര്‍ജ്ജനത്തെ കണ്ടെത്തുന്നത്. പരിവേദനം ചെയ്തതിനാല്‍ ഇല്ലത്തുനിന്ന് മാറേണ്ടിവന്ന പേരാങ്ങല്ലൂര്‍ രാമന്‍ നമ്പൂതിരിയും കുടുംബവും താമസിക്കുന്ന വളാഞ്ചേരിയിലെ വാടകസ്ഥലത്തെത്തിയപ്പോള്‍ രാമന്‍ നമ്പൂതിരി അവിടെയില്ല. പകരം ആതിഥേയയായി സ്വീകരിച്ചത് ശ്രീദേവിയായിരുന്നു. അച്ഛന്റെ ഏറ്റവും ചെറിയ അനുജന്‍ എന്ന നിലയില്‍ പിതൃതുല്യനെങ്കിലും ഒരേ പ്രായത്തില്‍ ഒരുമിച്ചു കളിച്ചുവളര്‍ന്ന രാമപ്ഫനെ ആശ്രയിക്കേണ്ടിവന്ന സാഹചര്യം ശ്രീദേവി അച്ഛനെ ധരിപ്പിച്ചു. ശുകപുരം പുതുശ്ശേരി ഇല്ലത്തേക്കു വിവാഹിതയായെങ്കിലും ഭര്‍ത്താവും മകനും മരിച്ച വിധവയാണ് താനെന്ന് മിസ്സിസ് പുതുശ്ശേരി അച്ഛനോടു പറഞ്ഞു. അവരുടെ ജീവിതകഥ മുഴുവനും ചോദിച്ചറിഞ്ഞു.

'നമ്പൂതിരിയെ മനുഷ്യനാക്കുക' എന്ന ആഹ്വാനം പിന്നീട് മുഴങ്ങിക്കേട്ട ഓങ്ങല്ലൂര്‍ ഗ്രാമത്തിലെ പെരാങ്ങല്ലൂര്‍ നാരായണന്‍ നമ്പൂതിരിയുടേയും ശ്രീദേവി അന്തര്‍ജ്ജനത്തിന്റെയും മകളാണ് ശ്രീദേവി. മുത്തച്ഛന് മൂന്നു വിവാഹത്തിലായി പതിനഞ്ചു മക്കളുണ്ട്. അതില്‍ പത്തും പെണ്ണ്. മൂത്ത മകളെ കൊടുക്കാന്‍ മാറ്റമായി അച്ഛന്‍ വിവാഹം ചെയ്തു. അതില്‍ ശ്രീദേവി ജനിച്ചു. ശ്രീദേവിക്ക് ഒന്നര വയസ്സുള്ളപ്പോള്‍ മറ്റൊരു സഹോദരിയെ കൊടുക്കാന്‍ അച്ഛന്‍ പിന്നെയും വേട്ടു. അച്ഛന് രണ്ടാംവേളി, സഹോദരിയെ വേട്ടാള്‍ക്ക് മൂന്നാംവേളിയും! പ്രാരബ്ധവാനെങ്കിലും വാത്സല്യവാനായ അച്ഛന്‍ ശ്രീദേവിക്ക് പത്തു വയസ്സുള്ളപ്പോള്‍ മരണമടഞ്ഞു.

യാഥാസ്ഥിതികനായ വലിയപ്ഫനായി (മാന്യന്‍ നമ്പൂതിരി) അടുത്ത കാരണവര്‍. എങ്കിലും പെണ്‍കൊടകള്‍ ചട്ടിയും കലവും കൈമാറുന്നതുപോലെ എങ്ങനെയോ കഴിഞ്ഞുകൊണ്ടിരുന്നു. ചിലരെ ചുരുങ്ങിയ സ്ത്രീധനത്തിന് വടക്കന്‍കേരളത്തിലെ വൃദ്ധര്‍ക്കു നല്‍കി. ചിലര്‍ക്കു ധര്‍മ്മവേളി. പതിനെട്ടാംവയസ്സില്‍ ശ്രീദേവിക്കും വിവാഹം തരപ്പെട്ടു. പുതുശ്ശേരി പശുപതി നമ്പൂതിരിയായിരുന്നു (ശുകപുരം വട്ടംകുളം) വരന്‍. ചില്ലറ വാദ്ധ്യാന്‍വൃത്തിയുമായി കൂടുന്ന പുതുശ്ശേരിക്ക് സ്വന്തം ഇടമില്ല. എങ്കിലും അഞ്ഞൂറു രൂപ സ്ത്രീധനം നിശ്ചയിച്ച് കാരണവര്‍ ശ്രീദേവിയെ പുതുശ്ശേരിക്കു ദാനം ചെയ്തു. ആ സ്ത്രീധനം കൊടുക്കുകയും ചെയ്തില്ല. വിവാഹാനന്തരം പെരാങ്ങല്ലൂരില്‍ത്തന്നെ താമസം. കുറച്ചു കാലം മോഴികുന്നത്തും മാറിത്താമസിച്ചു. ഗര്‍ഭിണിയായി. പ്രസവമടുത്തപ്പോള്‍ കാളവണ്ടിയില്‍ പിറന്ന ഗൃഹത്തില്‍ കൊണ്ടുചെന്നാക്കി. ഘോഷയുപേക്ഷിച്ച ശ്രീദേവിയെ വലിയപ്ഫന്‍ സ്വീകരിച്ചില്ല. തൊടാന്‍ പാടില്ല. അടുക്കളയില്‍ കടക്കാന്‍ പാടില്ല. എങ്കിലും മുത്തശ്ശിമാരുടേയും അമ്മമാരുടേയും ഔദാര്യത്താല്‍ പ്രസവം നടന്നു. ഉണ്ണി പിറന്നു. രാമപ്ഫന്‍ വിവാഹവും ശാന്തിയുമായി പാര്‍ക്കുന്ന മറ്റൊരു ഇല്ലത്ത് ആ കുടുംബത്തിന്റെ കൂടെയായി പിന്നെ താമസം. ഉണ്ണിക്കു പനിയായി. ചികിത്സിക്കാന്‍ പണമില്ലാതെ ആ കുരുന്നുജീവന്‍ പൊലിഞ്ഞു. പുതുശ്ശേരിക്കും പനി ബാധിച്ചു. ചികിത്സ കിട്ടാതെ അദ്ദേഹവും മരിച്ചു. ശ്രീദേവി ഒറ്റയ്ക്കായി.

അടുക്കളയില്‍നിന്ന് അരങ്ങത്തേക്ക് നാടകത്തിന്റെ അലയൊലികള്‍ അടങ്ങുന്നതിനുമുമ്പ് വിദ്യാഭ്യാസത്തിന് ആളും അര്‍ത്ഥവും തേടി പെരുമനംമുതല്‍ വടക്കോട്ടുള്ള എല്ലാ ഇല്ലങ്ങളിലും കടന്നുചെന്ന നമ്പൂതിരി യുവജനസംഘത്തിന്റെ യാചനായാത്രയിലെ ഒരനുഭവം അച്ഛന്‍ ഓര്‍ത്തു. പേരാങ്ങല്ലൂര്‍ ഇല്ലത്ത് ജാഥയെത്തിയപ്പോള്‍ കാരണവര്‍ താക്കോല്‍ക്കൂട്ടവുമെടുത്ത് മുകളില്‍ കയറി വാതിലടച്ചു. വാതില്‍പ്പിന്നില്‍നിന്ന് ജാഥാനേതാവിന്റെ വാക്കുകള്‍ ശ്രദ്ധിച്ച ശ്രീദേവിക്കുട്ടി തന്റെ കൈയില്‍ വിലപ്പെട്ട നിധിയായി സൂക്ഷിച്ച നാലണ (മുത്തശ്ശിയുടെ ഷഷ്ടിപൂര്‍ത്തിക്ക് ദക്ഷിണ കിട്ടിയത്) ആരുമറിയാതെ അനുജന്‍വശം കൊടുത്തയച്ചു. 'ഏതൊരു പ്രഭുവിന്റെ സംഭാവനയേക്കാള്‍ വിലമതിക്കുന്നു ശ്രീദേവിപ്പെണ്‍കിടാവിന്റെ ഈ സമ്മാനത്തെ' എന്ന് അഭിനന്ദിച്ചത് ഓര്‍മ്മിച്ചുകൊണ്ട് മിസ്സിസ് പുതുശ്ശേരിയെ അച്ഛന്‍ ആശ്വസിപ്പിച്ചു. 'ഞാനെല്ലാം കേട്ടു. എല്ലാം മനസ്സിലാക്കി. ഓരോ സ്ഥലത്തെത്തുമ്പോഴും പുതിയ ചിത്രങ്ങളാണ് കാണുന്നത്, പുതിയ കഥകളാണ് കേള്‍ക്കുന്നത്. നിങ്ങളേപ്പോലുള്ളവര്‍ക്കുവേണ്ടിയാണ് ഞങ്ങള്‍ ഉദ്ബുദ്ധകേരളം തുടങ്ങിയിരിക്കുന്നത്. ഇപ്പോള്‍ ഞങ്ങള്‍ക്കു പരാധീനതകളുണ്ട്, നിങ്ങളെക്കൂടി താമസിപ്പിക്കാന്‍. സന്ദര്‍ഭം കിട്ടിയാല്‍ വിളിക്കാം, അപ്പോള്‍ വരണം. നിങ്ങളുടെ കൂടെ ഞങ്ങളെല്ലാമുണ്ട്.'

കാല്‍ കുഴയുന്തോറും ചവിട്ട്, കുഴഞ്ഞാലും ചവിട്ട് ഏതൊരു പരിത്യക്തസ്ത്രീയേയും പോലെയായിരുന്നു മിസ്സിസ് പുതുശ്ശേരിയുടെ അവസ്ഥയും. രാമപ്ഫന് ശാന്തിവൃത്തിയില്ലാതായി. വരുന്നതുവരട്ടെ എന്നുറച്ച് വീണ്ടും പിതൃഗൃഹത്തിലേക്ക്. 'സമുദായഭ്രഷ്ട' എന്ന വലിയപ്ഫന്റെ കോപം. ഇല്ലത്തുള്ളവരെല്ലാം ശ്രീദേവിയെ കണ്ടപ്പോള്‍ സ്ഥലം വിട്ടു. ആ വലിയ നാലുകെട്ടില്‍ ഈ വിധവ ഒറ്റയ്ക്കായി. പത്തായത്തില്‍ ഒരുപിടി നെല്ലില്ല. ഭക്ഷണം കഴിക്കണ്ടേ? ആത്മഹത്യ ചെയ്താലോ എന്നും തോന്നി. പക്ഷേ, തനിക്കും അഭിമാനമുണ്ട്. എന്തു പണിയെടുത്തും ജീവിക്കണം. തറവാട്ടില്‍നിന്ന് പുറംലോകത്തേക്ക്. പള്ളത്തും മറ്റു പല ഇല്ലങ്ങളിലും മാറിമാറിത്താമസിച്ചു. ചിലേടത്ത് ഇരിക്കണമ്മയെപ്പോലെ കുട്ടികളെ നോക്കിയും ആകുന്ന സഹായം ചെയ്തുകൊടുത്തും.

ആയിടയ്ക്ക് ഉദ്ബുദ്ധകേരളപ്രസ്ഥാനം ആഭ്യന്തരവും സാമ്പത്തികവുമായ കുഴപ്പങ്ങളാല്‍ ഉടഞ്ഞുതകര്‍ന്നു. ഒരുമിച്ചുകഴിഞ്ഞ കുടുംബങ്ങള്‍ പലേടത്തായി ചിതറി. മേഴത്തൂരില്‍ കൈവന്ന പാഴ്പ്പറമ്പിലെ ജീര്‍ണ്ണഗൃഹത്തിലേക്ക് അച്ഛനും കുടുംബത്തോടെ പറിച്ചുനടപ്പെട്ടു. വെറുപ്പും മടുപ്പും നിരാശതയും നിറഞ്ഞ ആ നാളുകളെ അച്ഛന്‍ എപ്പോഴും ഓര്‍മ്മിച്ചിരുന്നു.

വി.ടി. ഭട്ടത്തിരിപ്പാട് | ഫയല്‍ചിത്രം.

വീട്ടില്‍ ഒറ്റ മുറിയേയുള്ളൂ. രോഗിണിയായ അമ്മയ്ക്കു കിടക്കാന്‍ നാട്ടിലെ സുഹൃത്താണ് ഒരു കട്ടില്‍ കൊടുത്തയച്ചത്. ആട്ടിത്തെളിക്കപ്പെട്ട ചില ദമ്പതികളുടെ അഭയസ്ഥാനവുമായി ആ മുറി. ജീവിതമാര്‍ഗ്ഗം തേടി എവിടെയോ അലയുന്ന മിസ്സിസ് പുതുശ്ശേരിയെ രക്ഷിക്കാനാവുന്നില്ലല്ലോ എന്ന ചിന്തയും അച്ഛനെ വേദനിപ്പിച്ചിരുന്നു.

ദുഃഖകരമായ മനോരാജ്യം വിചാരിക്കുന്ന അത്തരം നാളുകളിലൊന്നില്‍ ഞാളൂര്‍ നാരായണന്‍ നമ്പൂതിരി പടികടന്നു വന്നു. രസികസദനത്തിലെ വിധവാവിവാഹംമുതല്‍ ഉദ്ബുദ്ധകേരളത്തിന്റെ കുറ്റൂശവരെ സ്വന്തം സഹോദരനെപ്പോലെയും സ്‌നേഹിതനെപ്പോലെയും ഇടയ്ക്കു ഭൃത്യനെപ്പോലെയും പെരുമാറിപ്പോന്ന ഞാളൂരിനെ ആറേഴു സംവത്സരങ്ങള്‍ക്കുശേഷം വീണ്ടും കാണുകയായിരുന്നു.

അച്ഛന്‍ അമ്മയോടു പറഞ്ഞു: 'നോക്കൂ, ചാടിപ്പോയ കള്ളന്‍ ഇതാ തിരിച്ചെത്തിയിരിക്കുന്നു. വേഗം വരൂ. ഒരു പഴയ ഓത്തനെ കാണിച്ചുതരാം.' അമ്മ പരിഭ്രമിച്ച് ഓടിവന്നപ്പോള്‍ ചിരിച്ചുനില്‍ക്കുന്ന ഞാളൂര്‍. ഒരാഴ്ച അദ്ദേഹം അവിടെ താമസിച്ചു. വീട്ടിലെ ഒരംഗമല്ലെന്നു വിചാരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് അമ്മ പറയാറുണ്ടായിരുന്നു. ചായയ്ക്കു സമയമായാല്‍ 'ഏടത്തീ' എന്നു വിളിച്ച് അടുക്കളയില്‍ കടക്കും. ഒരതിഥി പൂമുഖത്തു കയറിയാല്‍ ഗൃഹനായകനേപ്പോലെ എഴുന്നേറ്റ് വിനയാന്വിതനായി കുശലം ചോദിച്ചിരുത്തി നേരെ അകത്തേക്കു പോകുന്നതു കാണാം. അഞ്ചു മിനിട്ടിനുള്ളില്‍ ചായ കൊണ്ടുവരും. അമ്മയ്ക്ക് ഞാളൂരിനെപ്പറ്റി എത്ര പറഞ്ഞാലും തീരില്ല.

ഒരു ദിവസം സുപ്രഭാതത്തില്‍ ചായ കഴിഞ്ഞിരിക്കുമ്പോള്‍ അച്ഛന്‍ ചോദിച്ചു. 'ഞാളൂര്‍, ഇങ്ങനെ എന്നും ഒരു ബ്രഹ്‌മചാരിയായിക്കഴിഞ്ഞാല്‍ മതിയോ? ഗൃഹസ്ഥാശ്രമത്തിലെ സുഖദുഃഖങ്ങളും ഒന്നറിയണ്ടേ?'

'എന്താ ഏടത്തീ, എന്നെയും പെണ്ണുങ്ങളുടെ വലയില്‍ കുടുക്കണമെന്നാണോ വി.ടി. പറയുന്നത്' എന്ന് പുഞ്ചിരിയോടെ ഞാളൂരിന്റെ മറുപടി. 'ഞാളൂര്‍ പെണ്ണിന്റെ വലയില്‍ കുടുങ്ങിയാലും പെണ്ണ് ഞാളൂരിന്റെ വലയില്‍ കുടുങ്ങിയാലും വേണ്ടില്ല എനിക്ക്. ഒന്നു പറയാനുണ്ട്. പുതുശ്ശേരിയുടെ ഒരു വിധവ ഒരനാഥമട്ടില്‍ രാമന്‍ പെരാങ്ങല്ലൂരിന്റെ കൂടെ താമസിക്കുന്നുണ്ട്. അവരെ വിവാഹം ചെയ്താല്‍ അതൊരു ഉപകാരമായിരിക്കും. മിസ്സിസ് പുതുശ്ശേരിയുടെ ദുരവസ്ഥയെപ്പറ്റിയ ചിന്ത എന്റെ ഉള്ളില്‍ തട്ടിയിട്ട് നാളേറെയായി. യാതൊരു പോംവഴിയും തോന്നാതിരിക്കുമ്പോഴാണ് ഈശ്വരന്‍ ഇതാ ഞാളൂരിനെ എനിക്കു ചൂണ്ടിക്കാണിച്ചുതന്നത്. ഞാളൂര്‍ അവരെ വിവാഹം ചെയ്ത് ശാന്തമായ ഗൃഹജീവിതത്തില്‍ ഏര്‍പ്പെട്ടുകാണാന്‍ ഞാനാഗ്രഹിക്കുന്നു' എന്ന് അച്ഛന്‍ തന്റെ മനസ്സ് കാറ്റത്തിട്ടു. 'എന്നെക്കൊണ്ട് ആവശ്യമുള്ളതെന്തും വി.ടിക്കു ചെയ്യിക്കാം. എന്നാല്‍ അവര്‍ക്ക് സമ്മതമുണ്ടോ എന്നറിയണ്ടേ,' ഞാളൂര്‍ ചോദിച്ചു.

അന്ന് കൊടുമുണ്ടയില്‍ താമസിച്ചിരുന്ന മിസ്സിസ് പുതുശ്ശേരിയെ കൂട്ടിക്കൊണ്ടുവരാന്‍ അച്ഛന്‍ ഒടുവിലത്തെ അനുജന്‍ മാതൃദത്തന്‍ എന്ന ഉണ്ണിയപ്ഫനെ പറഞ്ഞയച്ചു. ശ്രീദേവി അന്തര്‍ജ്ജനം, ഞാളൂര്‍, അച്ഛന്‍, അമ്മ, ഉണ്ണിയപ്ഫന്‍ എന്നിവരടങ്ങുന്ന ഗാര്‍ഹികസദസ്സില്‍ അച്ഛന്‍ വിഷയം അവതരിപ്പിച്ചു: 'ഞാളൂര്‍ ഒരൊറ്റത്തടിമരമാണ്. എങ്കിലും ഇല്ലത്തുനിന്ന് ഭാഗം കഴിച്ച വക അദ്ദേഹത്തിന്റെ കൈയിലുണ്ട്. തടിമിടുക്കുള്ള ആളാണ്. എന്തു ജോലിയും എടുക്കാനുള്ള വശവും സന്നദ്ധതയും ഉണ്ട്. അതുകൊണ്ട് ഞാളൂരിന്റെ സ്വഭാവസൗന്ദര്യാദികള്‍ യോജിക്കുമെങ്കില്‍ ഈ വിവാഹം കഴിക്കുന്നത് നന്നെന്നാണ് എന്റെ അഭിപ്രായം.' സ്വാഭിപ്രായം തുറന്നുപറയാനുള്ള തന്റേടം സ്വാനുഭവങ്ങളില്‍നിന്ന് രൂപപ്പെടുത്തിയ ശ്രീദേവി അന്തര്‍ജ്ജനം തുറന്നുപറഞ്ഞു: 'സൗന്ദര്യവും സ്വഭാവവും ബോദ്ധ്യപ്പെട്ട് വേളി കഴിക്കുന്ന സമ്പ്രദായം നമ്മുടെ ഇടയില്‍ ഇല്ലല്ലോ. സ്വഭാവം നന്നായാല്‍ മതി. എന്റെ മനസ്സ് ഏടത്തിക്ക് മിസ്സിസ് വി.ടി.അറിയാം. അവരോട് എല്ലാം ഞാന്‍ പറഞ്ഞിട്ടുണ്ട്. എനിക്കു വിവാഹം വേണമെന്ന് തോന്നുന്നത് സുഖിക്കുവാനായിട്ടല്ല, ഒരു കൂട്ടുകാരനില്ലാഞ്ഞാല്‍ ചീത്തപ്പേരിനും മറ്റുള്ളവര്‍ക്കു ബുദ്ധിമുട്ടിനും ഇടവരും. ഞാളൂരിനു സമ്മതമാണെങ്കില്‍ അദ്ദേഹത്തിന്റെ ഇഷ്ടംപോലെ നടക്കട്ടെ.'

'വി.ടി. നിശ്ചയിക്കുന്നത് ഞങ്ങളുടെ ഭാവിക്കുവേണ്ടിയാണല്ലോ. അതില്‍ക്കൂടുതലൊന്നും പറയാനില്ല.'ഞാളൂരും സമ്മതമറിയിച്ചു. ഒടുവില്‍ അച്ഛന്‍ ഇങ്ങനെ ഒരു പ്രസംഗവും നടത്തി. 'വിവാഹത്തിനൊരുങ്ങുന്ന എല്ലാ ദമ്പതികളോടും പറയാനുള്ളത് ഇവിടേയും ആവര്‍ത്തിക്കട്ടെ. നല്ലതാണെന്ന് തോന്നുന്നത് ചെയ്യുക. ഫലം നന്മയായാലും തിന്മയായാലും അനുഭവിക്കുക. പരവതാനിയാകണമെന്നില്ല ജീവിതം. ചിലപ്പോള്‍ മുള്‍മെത്തയുമാകാം. എന്തായാലും അനുഭവിക്കാന്‍ തയ്യാറാവുക. ഭാവിയെപ്പറ്റി മുന്‍കൂട്ടി അറിയാന്‍ കഴിയാത്ത മനുഷ്യന് പ്രതീക്ഷയോടെയും വിശ്വാസത്തോടെയും പ്രവര്‍ത്തിക്കാനേ കഴിയൂ.' അച്ഛന്റെ അന്നത്തെ വാക്കുകള്‍ ഓരോ വഴിത്തിരിവിലും കല്ലിലെന്നപോലെ മനസ്സില്‍ അള്ളിപ്പിടിച്ചുകിടപ്പുണ്ടെന്ന് മിസ്സിസ് ഞാളൂര്‍ എപ്പോഴും സ്മരിച്ചിരുന്നു.

ഞങ്ങള്‍ വളരെ ക്ലേശിക്കുന്ന കാലമായിരുന്നു അത്. അച്ഛന്റെ ഭാഷയില്‍ കാട്ടമ്പലത്തിലെ ശാന്തിപോലെ ചുരുങ്ങിയ ജീവിതം. ചാക്കരിച്ചോറും ഉണ്ണിപ്പിണ്ടിയുപ്പേരിയും പുളിങ്കൂട്ടാനുമാണ് നിത്യവുമുള്ള 'മെനു'. അതുതന്നെ എങ്ങനെയെങ്കിലും ഒപ്പിച്ചുപോരുകയായിരുന്നു. ഞാളൂര്‍ സ്വന്തം കൈയില്‍നിന്ന് കാശെടുത്ത് ചായപ്പൊടിയും ചന്തയില്‍നിന്ന് പച്ചക്കറിയും കൊണ്ടുവരുമായിരുന്നു. അദ്ദേഹം നല്ല ദേഹദണ്ണക്കാരനാണ്. പല പ്രധാന ഹോട്ടലിലും നിന്ന് വിശേഷപ്പെട്ട പലഹാരമുണ്ടാക്കി പരിചയം നേടിയ പാചകക്കാരന്‍. ഞങ്ങള്‍ക്കുവേണ്ടി ഒന്നും ചെലവാക്കരുതെന്നും ഒടുക്കം തമ്മില്‍ തെറ്റേണ്ടിവരുമെന്നും അച്ഛന്‍ ഓര്‍മ്മിപ്പിച്ചപ്പോള്‍ ഞാളൂര്‍ പറഞ്ഞുവത്രേ: 'എന്റെ കൈയിലുണ്ടെങ്കില്‍ അത് വി.ടിയുടേതാണ്. വി.ടിയുടെ എന്റേതുമാണ്. നമുക്ക് അങ്ങനെയല്ലാതെ കഴിഞ്ഞുകൂടാന്‍ വയ്യ.'

ശ്രീദേവി അന്തര്‍ജ്ജനത്തെ മിസ്സിസ് ഞാളൂരാക്കി പുനരുജ്ജീവിപ്പിക്കുന്നതിലും ഞാളൂര്‍ കുടുംബസ്ഥനാകുന്നതിലും എന്റെ അമ്മ ആഹ്ലാദംകൊണ്ടു. പണ്ട് അനുജത്തിയും വിധവയുമായ ഉമയെ ആദ്യഭര്‍ത്താവിലെ മകള്‍ക്ക് രണ്ടു വയസ്സുള്ളപ്പോള്‍ പുനര്‍വ്വിവാഹത്തിനു പ്രേരിപ്പിച്ചതും സമ്മതിപ്പിച്ചതും ഈ ജ്യേഷ്ഠത്തിയാണ്.

വിവാഹത്തിനു കുറച്ചു നാള്‍ മുമ്പുതന്നെ വധു ശ്രീദേവി അന്തര്‍ജ്ജനത്തെ ഞങ്ങളുടെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുവന്നു. മുടക്കാന്‍ യാഥാസ്ഥിതികര്‍ എന്തെങ്കിലും ചെയ്താലോ എന്നു സംശയിച്ചിരുന്നു. വിവാഹത്തലേന്ന് പേരാങ്ങല്ലൂരമ്മ (ശ്രീദേവി അന്തര്‍ജ്ജനത്തിന്റെ മാതാവ്) ഞങ്ങളുടെ വീട്ടില്‍ വന്നു. അകത്തേക്കു കയറിയില്ല. പടിക്കല്‍ നിന്നതേയുള്ളൂ. വലിയപ്ഫന്‍ ആവശ്യപ്പെട്ടതനുസരിച്ച് മകളെ കൂട്ടിക്കൊണ്ടുപോകാന്‍ വന്നതായിരുന്നു. തന്റെ കൂടെ ഇല്ലത്തേക്കു വരാന്‍ ആവശ്യപ്പെട്ടു. ആലോചിച്ചെടുത്ത തീരുമാനമാണ് ഈ പുനര്‍വ്വിവാഹമെന്നും പിന്തിരിയാന്‍ ഒരുക്കമില്ലെന്നും മകള്‍ പറഞ്ഞു. ആ സമയത്ത് ഞാളൂര്‍ അവിടെ ഉണ്ടായിരുന്നു. അദ്ദേഹം ഒരു രൂപയുടെ നാണ്യം നല്‍കി അമ്മയെ നമസ്‌കരിക്കാന്‍ ആവശ്യപ്പെട്ടു. ശ്രീദേവി അങ്ങനെ ചെയ്തു. ആ അമ്മയെ സമാധാനിപ്പിക്കാന്‍ അച്ഛനും അമ്മയും വളരെ ശ്രമിച്ചെങ്കിലും ഫലിച്ചില്ല. തേങ്ങിക്കരഞ്ഞുകൊണ്ടുള്ള അവരുടെ മടങ്ങിപ്പോക്ക് മറക്കാനാവില്ലെന്ന് അമ്മ ഓര്‍മ്മിച്ചിരുന്നു. എം.ആര്‍.ബി. ദമ്പതികള്‍, പള്ളം ദമ്പതികള്‍, കുത്തുള്ളി നാരായണന്‍ നമ്പൂതിരി, അച്ഛന്റെ അനുജത്തി വി.ടി. പാര്‍വ്വതി, അവരെ വിവാഹം ചെയ്ത പി.കെ. രാഘവപ്പണിക്കര്‍ തുടങ്ങി അടുത്ത വേണ്ടപ്പെട്ടവരുടെ സാന്നിദ്ധ്യത്തില്‍ ഞങ്ങളുടെ വീട്ടുമുറ്റത്തെ അനലംകൃതമായ പന്തലില്‍ ചരിത്രപ്രധാനമായ ആ വിവാഹവും നടന്നു.

താമസിയാതെ ഞാളൂരിനോടൊപ്പം ശ്രീദേവിയന്തര്‍ജ്ജനം മേഴത്തൂരില്‍ ഞങ്ങളുടെ വീടിനടുത്തുള്ള മറ്റൊരു സ്ഥലം വാടകയ്‌ക്കെടുത്ത് അവിടെ താമസമാക്കി. തൊടിയില്‍ കൊത്തിക്കിളച്ചും കൃഷിചെയ്തും ഞാളൂര്‍ അദ്ധ്വാനിച്ചു. ക്രമേണ അവര്‍ക്ക് ഒരു മകള്‍ പിറന്നു. പ്രസവം അമ്മയുടെ പരിചരണത്തില്‍ ഞങ്ങളുടെ ഒറ്റമുറിയിലാണുണ്ടായത്. എന്നാല്‍ അനുഭവം വീണ്ടും മിസ്സിസ് ഞാളൂരിനെതിരായി. അവര്‍ രണ്ടാമതും വിധവയായി. ഇല്ലത്തുനിന്ന് കിട്ടിയ ഭാഗവിഹിതം അമ്മ യുടേയും മകളുടേയും പേരില്‍ മരിക്കുന്നതിനുമുമ്പ് ഞാളൂര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.

ക്ഷയരോഗബാധിതനായ ഞാളൂരിനെ മഞ്ചലില്‍ തൃത്താല രജിസ്ട്രാര്‍ ഓഫീസിലേക്ക് എടുത്തുകൊണ്ടുപോവുകയായിരുന്നു. ആധാരത്തിലൊപ്പിടാന്‍ പേനയെടുത്തപ്പോള്‍ രജിസ്ട്രാര്‍ ഞാളൂരിനോടു ചോദിച്ചുവത്രേ. 'സ്വത്തെല്ലാം ഭാര്യയ്ക്കും കുട്ടിക്കും കൊടുത്താല്‍ എങ്ങനെ ജീവിക്കും?' 'രജിസ്ട്രാര്‍ക്ക് ഭാര്യയും കുട്ടിയുമൊന്നുമില്ലേ' എന്നായിരുന്നു ഞാളൂരിന്റെ മറുചോദ്യം. അതിനുശേഷം ഒരാഴ്ചയ്ക്കുള്ളില്‍ ഞാളൂര്‍ അന്തരിച്ചു. സരസോപ്പോള്‍ക്ക് അപ്പോള്‍ ഒരു വയസ്സ്. 26ാം വയസ്സില്‍ മിസ്സിസ് ഞാളൂര്‍ വീണ്ടും ഒറ്റയ്ക്കായി. പക്ഷേ, പതറിയില്ല. നാട്ടുകാരില്‍ പലരും അരിയായും പണമായും നല്‍കി സഹായിച്ചു. എങ്കിലും ആരുടെ മുന്നിലും കൈ കാണിച്ചില്ല.

ഞാളൂരിന്റെ ആധാരം പണയംവെച്ചു ശേഖരിച്ച കുറച്ചു രൂപകൊണ്ട് താമസിക്കുന്ന സ്ഥലം സ്വന്തമാക്കി. മകളെ സ്‌കൂളില്‍ ചേര്‍ത്തു. അന്തര്‍ജ്ജനസമാജത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ആലോചിക്കാനെത്തിയ ദേവകി നരിക്കാട്ടിരി മിസ്സിസ് ഞാളൂരിനെ വന്നുകണ്ടു. വാര്‍ദ്ധയിലെ വാസകാലത്തു പരിചയപ്പെട്ട സുഹൃത്തായ ദേശീയപ്രവര്‍ത്തക നീലി മംഗലസ്സ് (അഗ്നിസാക്ഷിയിലെ നായിക) എഴുത്തു നല്‍കി. നീലിമംഗലസ്സുമുഖേന മിസ്സിസ് ഞാളൂരും മകളും കോട്ടയത്തെ മഹിളാസേവാസദനത്തിലെത്തി. മകളെ മേഴത്തൂരില്‍നിന്നു വിടര്‍ത്തി സദനത്തിലെ സ്‌കൂളില്‍ ചേര്‍ത്തു. സദനത്തിലെ നൂല്‍നൂല്‍പ്പുകേന്ദ്രത്തിലും അടുക്കളയിലും സഹായിയായി കുറച്ചു കൂടിയെങ്കിലും അത്തരമൊരാവശ്യം അവിടെ ഇല്ലാത്തതിനാല്‍ മകളെ അവിടെ നിര്‍ത്തി അമ്മ മടങ്ങി.

സ്ത്രീകള്‍ക്കു തൊഴില്‍കേന്ദ്രം തുടങ്ങുന്നതിനുള്ള പരിശ്രമത്തിലായിരുന്നു അന്ന് അന്തര്‍ജ്ജനസമാജം. തൊഴില്‍കേന്ദ്രത്തിനു പണം സ്വരൂപിക്കാന്‍ നടത്തിയ അന്തര്‍ജ്ജനങ്ങളുടെ രണ്ടാം യാചനായാത്രയില്‍ മിസ്സിസ് ഞാളൂര്‍ പങ്കാളിയായി. ഇല്ലങ്ങളിലെ അടുക്കളകളിലേക്കു കയറിച്ചെന്ന് സ്വാശ്രയശീലത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും ആവശ്യകത ധരിപ്പിക്കുകയും സംഭാവന വാങ്ങുകയുമാണ് ജാഥാംഗങ്ങള്‍ ചെയ്തത്. പല നമ്പൂതിരിഗൃഹങ്ങളിലും അന്തഃപുരസ്ത്രീകള്‍ പാരതന്ത്ര്യവും ദുരിതവും തന്നെപ്പോലെ അനുഭവിക്കുന്നുണ്ടെന്ന് മനസ്സിലായി.

പാര്‍വ്വതി നെന്മിനിമംഗലത്തിന്റെ സ്മരണയ്ക്ക് ലക്കിടിയില്‍ തുടങ്ങിയ തൊഴില്‍കേന്ദ്രത്തില്‍ മിസ്സിസ് ഞാളൂരിനെപ്പോലെ സ്‌കൂളിന്റെ പടി കാണാതെ ജീവിതപ്പെരുവഴികളില്‍നിന്ന് ബഹിഷ്‌കൃതരായ പല തലമുറയില്‍പ്പെട്ട പതിനാറു പേരുണ്ടായിരുന്നു. സീനിയര്‍ അംഗം മിസ്സിസ് ഞാളൂരും. അക്ഷരമറിയാത്തവര്‍ സ്ലേറ്റും പെന്‍സിലുമെടുത്ത് എഴുതാനും വായിക്കാനും തുടങ്ങി. നെയ്ത്ത്, നൂല്‍പ്പ് തുടങ്ങിയവയിലാണ് മുഖ്യപരിശീലനം. വി.ടി., ഇ.എം.എസ്. പ്രേംജി, എം.ആര്‍.ബി., എം.എസ്. നമ്പൂതിരി തുടങ്ങിയ നേതാക്കള്‍ സന്ദര്‍ശകരായി. ഇ.എം.എസ്. ഒരിക്കല്‍ ചോദിച്ചുവത്രേ, 'കളപറിക്കാനും കൊയ്യാനും മെതിക്കാനും അറിയാമോ' എന്ന്. മീന്‍കൊട്ട ചുമക്കാന്‍പോലും തയ്യാര്‍ എന്നായിരുന്നു മറുപടി. രൂക്ഷമായ അപവാദപ്രചരണത്തിനിടയിലും തൊഴില്‍കേന്ദ്രം പ്രവര്‍ത്തനനിരതമായി. എന്നാല്‍ വരവിനേക്കാള്‍ ചെലവ് കൂടിവന്നതിനാല്‍ കേന്ദ്രം പിരിച്ചുവിടേണ്ടിവന്നു. മകളെ എം.ആര്‍.ബി. കുടുംബത്തിന്റെ കൂടെ താമസിപ്പിച്ച് ഷൊര്‍ണ്ണൂര്‍ സ്‌കൂളില്‍ ചേര്‍ത്തു. മിസ്സിസ് ഞാളൂര്‍ നെയ്ത്തുശാല തുടങ്ങിയെങ്കിലും പിടിച്ചുനില്‍ക്കാനായില്ല. ഒറ്റപ്പാലത്തെ തീപ്പെട്ടിക്കമ്പനിയില്‍ ജോലിക്കു സമീപിച്ചപ്പോള്‍ സഹതാപശൂന്യമായ മറുപടിയാണ് ലഭിച്ചത് 'നിങ്ങള്‍ കമ്മ്യൂണിസ്റ്റുകാരാണ്, ചേര്‍ന്നാല്‍ തുടങ്ങും ഇന്‍ക്വിലാബ്.'

പേരൂരില്‍ ഗാന്ധിസേവാസദനം തുടങ്ങിയ കാലം. മകളെ അവിടെ ചേര്‍ത്തു. നൂല്‍നൂല്‍പ്പ് പരിശീലകയായി മിസ്സിസ് ഞാളൂരും. അതും നീണ്ടുനിന്നില്ല. ഗാന്ധിയനും ഖാദിപ്രവര്‍ത്തകനുമായ വി. ശങ്കരനാരായണമേനോനെ ചെന്നുകണ്ടു. അദ്ദേഹം മുഖേനയാണ് കോഴിക്കോട് പുവര്‍ഹോം സൊസൈറ്റിയിലെത്തുന്നത് (1951). അനാഥസമാജം സൂപ്രണ്ടായിരുന്ന കെ.എന്‍. കുറുപ്പ് രക്ഷകനായി. മിസ്സിസ് ഞാളൂരിനെ സ്പിന്നിങ്ങ് ടീച്ചറായി നിയമിച്ചു. പിന്നെ ബാലമന്ദിരത്തിലെ മേട്രനുമായി. 1968ല്‍ വിരമിച്ചു.

മകള്‍ പഠിക്കാന്‍ മിടുക്കിയായിരുന്നു. കോഴിക്കോട്ട് ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പലരുടേയും പ്രോത്സാഹനത്തോടെ നടന്നു. പ്രോവിഡന്‍സ് കോളേജില്‍നിന്ന് ഡിഗ്രി, ടെലിഫോണ്‍സില്‍ ഉദ്യോഗസ്ഥയായി, വിവാഹിതയായി. മര്‍ച്ചന്റ് നേവിയിലായിരുന്ന ബാലേട്ടനായിരുന്നു ഭര്‍ത്താവ്. പാറോപ്പടിയില്‍ സ്വന്തമായ വീടുണ്ടായി. ആ വീടിനു പേരിട്ടു ഞാളൂര്‍ ഭവന്‍. ജീവിതത്തിന്റെ താഴ്ചയും ഉയര്‍ച്ചയും കണ്ട് പേരമക്കളോടൊപ്പം ജീവിതം നയിച്ച മിസ്സിസ് ഞാളൂര്‍ 2000ത്തില്‍ അന്തരിച്ചു.

കേരളീയനവോത്ഥാനചരിത്രത്തിലെ കഥാപാത്രമായിരുന്നു താന്‍ എന്ന ഒരു നാട്യവുമില്ലാതെ സരസമുത്തശ്ശി ജീവിക്കുന്നു. ഉല്പതിഷ്ണുക്കളും പൊതുപ്രവര്‍ത്തകരും പരിശ്രമശാലികളുമായി മാറിയ പേരാങ്ങല്ലൂര്‍ മനയ്ക്കലെ പുതിയ തലമുറകള്‍ ഇപ്പോള്‍ ഈ മുത്തശ്ശിയെ സന്ദര്‍ശിച്ച് ആദരിക്കാന്‍ മറക്കാറില്ല.

Content Highlights: V.T. Oru Thuranna Pusthakam,V.T. Vasydevan, Book excerpt, Mathrubhumi books

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Seethi Haji, Book Cover

9 min

'ഹംക്ക് എന്നത് അണ്‍പാര്‍ലമെന്ററി അല്ല, അത് അറബിയാണ്.':നിയമസഭയില്‍ സീതിഹാജിയുടെ മറുപടി

Sep 27, 2023


seethi haji, nayanar

6 min

സീതി ഹാജി: അപ്പോള്‍ റേഷന്‍ കാര്‍ഡിന് എന്തു പറയും?; നായനാര്‍: അരിച്ചീട്ട്‌...!

Jun 24, 2022


Art by Madanan

4 min

എന്തുകൊണ്ട് ഒരു ഇന്ത്യന്‍ കുടുംബനിയമത്തിലേക്ക് നടന്നുനീങ്ങാന്‍ നമുക്ക് സാധിക്കാതെപോയി?

Sep 26, 2023


Most Commented