പൂണൂലും കുടുമയും ഉപേക്ഷിച്ചപ്പോഴും പേരില്‍ 'ഭട്ടതിരിപ്പാട്' നിലനിർത്തി,ഭക്ഷണത്തിൽ ബ്രാഹ്മണച്ചിട്ടയും


By വി.ടി വാസുദേവൻ

7 min read
Read later
Print
Share

തന്റെ ജാതിപ്പേരുപേക്ഷിച്ച സാക്ഷാല്‍ കെ. കേളപ്പന്‍ മാത്രം അച്ഛനെപ്പറ്റി എഴുതുമ്പോള്‍ വി.ടി. രാമന്‍ എന്നേ ഉപയോഗിച്ചിട്ടുള്ളൂ. 

വി.ടി ഭട്ടതിരിപ്പാട്

വി.ടി ഭട്ടതിരിപ്പാടിനെക്കുറിച്ച് മകൻ വി.ടി വാസുദേവൻ എഴുതിയ ഓർമ്മക്കുറിപ്പുകളുടെ സമാഹാരമാണ് വി.ടി ഒരു തുറന്ന പുസ്തകം. മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകത്തിൽ നിന്നും ഒരു അധ്യായം വായിക്കാം.

വിളക്ക് അതിന്റെ നിഴല്‍ സ്വന്തം കാല്‍ച്ചുവട്ടില്‍ ഒളിപ്പിച്ചുവെക്കുന്നതുപോലെ ഋഗ്വേദം കമ്പോടുകമ്പ് ഉരുവിട്ടിട്ടും അക്ഷരശൂന്യനായി അലയേണ്ടിവന്ന ശാന്തിക്കാരന്‍ യുവാവിന്റെ അശാന്തി പിന്തുടരുന്നുവെന്ന് അച്ഛന്‍ വാര്‍ദ്ധക്യനാളിലും ഉത്കണ്ഠപ്പെട്ടിരുന്നു. ചില ഉത്കണ്ഠകള്‍ക്ക് ഏതു കാലത്തും പ്രസക്തിയുണ്ട്. ചുറ്റുപാടിനെ വിമര്‍ശിക്കുമ്പോള്‍ തന്നിലേക്കുകൂടി ചൂഴ്ന്നുനോക്കണമെന്നു മാത്രമേയുള്ളൂ എന്ന് സുഹൃത്സംഭാഷണങ്ങളില്‍ ഓര്‍മ്മിപ്പിക്കുകയും ചെയ്തിരുന്നു. താനും തന്റെ സമുദായവും അനുഭവിച്ച ആന്തരദുരിതങ്ങളെ തിരുത്താന്‍ ശ്രമിച്ചതു വിപ്ലവനാട്യംകൊണ്ടല്ല. ഇരുട്ടില്‍ തപ്പിത്തടഞ്ഞവര്‍ക്കെല്ലാം വഴിവെളിച്ചം കാണിച്ചുതന്ന് ആത്മശുദ്ധീകരണത്തിലൂടെ സ്വധര്‍മ്മതപസ്സാചരിച്ച ഗാന്ധിജി തുടങ്ങിയവരുടെ പ്രചോദനമാണെന്നും കൂടക്കൂടെ സ്മരിച്ചിരുന്നു.

എല്ലാറ്റിനേയും ജാതീയമായി കാണുന്ന ചിലര്‍ അച്ഛനെയും വെറുതേ വിട്ടില്ല. വി.ടി. ജാതിവിചാരകൗശലക്കാരനാണ്, നമ്പൂതിരിയോടു മാത്രമേ സംവദിച്ചിട്ടുള്ളൂ, നമ്പൂതിരി പരിഷ്‌കര്‍ത്താവു മാത്രമാണ് തുടങ്ങിയ വിമര്‍ശനം മരണശേഷവും തുടരുന്നുണ്ട്. എന്നാല്‍, സ്വസമുദായത്തെ മാത്രം പുതുക്കുന്നതില്‍ ഒതുങ്ങുന്നതല്ല ആ പ്രവര്‍ത്തനങ്ങള്‍ എന്ന് ആദ്യം വിലയിരുത്തിക്കേട്ടത് സി.ആര്‍. കേശവന്‍ വൈദ്യരില്‍നിന്നാണ് (വി.ടിയുടെ 80-ാം ജന്മദിനസദസ്സ്, തൃശ്ശൂര്‍, 1976). ബംഗാളില്‍ കേശവചന്ദ്ര സെന്നും മഹാരാഷ്ട്രയില്‍ ഗോവിന്ദ റാനഡെയും നിര്‍വ്വഹിച്ച കാര്യങ്ങള്‍ അതിനേക്കാള്‍ രൂക്ഷമായ പശ്ചാത്തലത്തില്‍ കേരളത്തില്‍ ചെയ്തുതീര്‍ക്കാന്‍ മുന്നോട്ടുവന്നത് വി.ടിയാണെന്ന് അന്ന് വൈദ്യര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

സ്‌കൂളുകള്‍, കോളേജുകള്‍, ബാങ്കുകള്‍, അച്ചുകൂടങ്ങള്‍, തെരുവുകള്‍ ഇങ്ങനെ ജനോപകാരപ്രദമായ സ്ഥലവും സ്ഥാപനങ്ങളും ജാതിയുടെ അല്ലെങ്കില്‍ മതത്തിന്റെ മേല്‍വിലാസത്തിലാണ് അറിയപ്പെടുന്നത്. കേവലമനുഷ്യന്റേതായി ഒന്നും ഇവിടെ ഉണ്ടാവുന്നില്ലല്ലോ എന്നായിരുന്നു അച്ഛന്റെ അമര്‍ഷം. വിശപ്പും ജ്ഞാനതൃഷ്ണയും എവിടേയും എന്നും ഒരുപോലെയാണെന്ന വിശ്വാസത്തോടെ പ്രവര്‍ത്തിച്ചാല്‍ ആ നിമിഷം വര്‍ഗ്ഗീയചിന്ത വെടിഞ്ഞ ഐക്യകേരളത്തില്‍ കാലെടുത്തുവെക്കലായി എന്ന് പ്രതീക്ഷിക്കുകയും ചെയ്തു.

ഒരുമിച്ച് ഉണ്ണുക, ഒരുമിച്ചു പ്രവര്‍ത്തിക്കുക എന്ന ഐക്യകേരളസങ്കല്പം സ്വന്തം വീട്ടുമുറ്റത്തുതന്നെ തുടങ്ങാന്‍ തീരുമാനിച്ചു. അന്നത്തെ അച്ഛന്റെ വീടായിരുന്നു രസികസദനം (1931-35). ധനികദരിദ്രഭേദമോ ജാതിമതവ്യത്യാസമോ ഇല്ലാതെ ഒരു നമ്പൂതിരിയുടെ ഇല്ലത്ത് തോളോടുതോള്‍ തൊട്ടിരുന്ന് ഭക്ഷണം കഴിക്കുന്ന കാഴ്ച അന്നു കൗതുകമായിരുന്നു. രസികസദനത്തിലെ വിധവാവിവാഹപ്പന്തലില്‍ നടന്ന പന്തിഭോജനത്തില്‍ സഹോദരനയ്യപ്പനും നിലമ്പൂര്‍ വലിയരാജാവും എം.സി. ജോസഫും ഇ.എം. ശങ്കരന്‍നമ്പൂതിരിപ്പാടും പാര്‍വ്വതി അയ്യപ്പനും ആര്യാ പള്ളവും തൃത്താല പാക്കനാര്‍കോളനിയിലെ കാരണവര്‍ ഈരാറ്റിങ്ങല്‍ കുഞ്ഞനും ആഴ്വാഞ്ചേരി ചെറിയ തമ്പ്രാക്കളും അടുത്തടുത്തു വെച്ച ഇലകളില്‍നിന്ന് ഒരു ചെടിപ്പുമില്ലാതെ ഉണ്ടു. ആ മിശ്രഭോജനത്തിലെ അതിഥിയും ആതിഥേയനുമായി മാറിയ മഹാകവി നാലപ്പാട്ടു നാരായണമേനോന്‍ ആവേശഭരിതനായി പറഞ്ഞുവത്രേ: 'ഇന്നാണ് ഞാന്‍ പ്രഭാതം കണ്ടത്, ജന്മസാഫല്യംപോലെ. വി.ടി. യഥാര്‍ത്ഥ ബ്രാഹ്മണനാണ്. യജ്ഞം ചെയ്യേണ്ടതെങ്ങനെയെന്ന് അഗ്‌നിഹോത്രിയുടെ നാട്ടുകാരനായ അദ്ദേഹത്തിനറിയാം.'

പക്ഷേ, ഈ യജമാനന്‍ സ്വന്തം പൂണൂലും കുടുമയും ഉപേക്ഷിക്കുകയാണ് ആദ്യം ചെയ്തത്. കുടുമയുടേയും നികുതിജമയുടേയും വലിപ്പമാണ്, വിദ്യാഭ്യാസമോ കര്‍മ്മകുശലതയോ അല്ല, കുലമഹിമ എന്ന് ജന്മിത്തവും പൗരോഹിത്യവും ഉദ്ഘോഷിച്ച കാലം. തലനിറച്ചു കുടുമയുള്ള കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍തമ്പുരാന്റേയും മയില്‍പ്പീലിപോലെ ശിഖയുള്ള മറ്റു മഹത്തുക്കളുടേയും ചിത്രങ്ങള്‍ കണ്ടാണ് കഴിഞ്ഞ തലമുറയിലെ മലയാളി വളര്‍ന്നത്. പുരുഷന്റെ കുടുമയും സ്ത്രീയുടെ നീട്ടിവളര്‍ത്തിയ കാതും മുറിക്കുന്നത് അന്ന് ധിക്കാരമായിരുന്നു. ആചാരപ്രധാനമായ കേരളത്തിന്റെ സാമൂഹ്യഘടനതന്നെ തകര്‍ക്കേണ്ടിവരുമെന്ന ദീര്‍ഘദര്‍ശനം ചെയ്ത കുറൂര്‍ ഉണ്ണിനമ്പൂതിരിപ്പാടും എം. രാമവര്‍മ്മന്‍ തമ്പാനും സഹോദരനയ്യപ്പനും മറ്റുമായിരുന്നു ആചാരലംഘനത്തിനിറങ്ങുമ്പോള്‍ അച്ഛനെ ആവേശിച്ച മാര്‍ഗ്ഗദര്‍ശികള്‍.

പൂണൂല്‍ മാത്രമല്ല, സന്ധ്യാവന്ദനം തുടങ്ങിയ നിത്യാചാരങ്ങളും അച്ഛന്‍ വേണ്ടെന്നുവെച്ചു. അച്ഛന്‍ സുബ്രഹ്മണ്യന്‍ ഭട്ടതിരിപ്പാടും (1938) മകന്‍ വിജയകുമാരനും (1956) മരിച്ചപ്പോള്‍ പിണ്ഡമോ പിന്നീട് ആണ്ടുതോറും ചാത്തമോ അനുഷ്ഠിച്ചില്ല. നാല്പതു കൊല്ലം അദ്ദേഹത്തിന്റെ കൂടെ മകനായി ജീവിച്ച എനിക്ക് അച്ഛന്‍ പവിത്രതയ്ക്കും പ്രാര്‍ത്ഥനയ്ക്കുമായി ഏതെങ്കിലും ക്ഷേത്രത്തില്‍ പോകുന്നതോ മന്ത്രോപാസന ചെയ്യുന്നതോ കാണാന്‍ കഴിഞ്ഞിട്ടില്ല.

തൃശ്ശൂര്‍ യോഗക്ഷേമം കമ്പനിയില്‍ ക്ലാര്‍ക്കായി ചേര്‍ന്ന ആദ്യകാലത്ത് (1928) ഗുരുവായൂരില്‍ തിങ്കള്‍ത്തൊഴല്‍ പതിവുണ്ടായിരുന്നു. ഒരു മാസാവസാനത്തില്‍ അതിനു കഴിയാതെ വന്നു. എങ്ങനെ ഗുരുവായൂരെത്തും എന്നു പരിഭ്രമിച്ചുനില്‍ക്കുമ്പോള്‍ ചാവക്കാട്ടേക്കു പോകുന്ന ഒരു കാര്‍ 'ഗുരുവായൂര്‍ക്ക് ആളുണ്ടോ?' എന്ന് അന്വേഷിച്ച് അടുത്തു വന്നുനിര്‍ത്തിയെന്ന് അച്ഛന്‍ പറഞ്ഞിരുന്നു. ഗുരുവായൂരപ്പനാണ് വാഹനമെത്തിച്ചതെന്ന് അന്ന് ആഹ്ലാദിച്ച ആ പരമഭക്തന്‍ കുളിയും തൊഴലും വേണ്ടെന്നുവെച്ച് 32-ാം വയസ്സില്‍ പുതിയൊരു ദ്വിജത്വത്തിലേക്കു പ്രവേശിക്കുകയായിരുന്നു.

എന്നാല്‍ വി.ടി. ഭട്ടതിരിപ്പാട് എന്ന പേരിലെ ഭട്ടതിരിപ്പാട് എന്ന ജാതിവിശേഷണം കളയാന്‍ കൂട്ടാക്കിയില്ല. അതു തന്റെ പേരിന്റെ ഭാഗമായിത്തീര്‍ന്നതിനാല്‍ ഉപേക്ഷിക്കേണ്ടതില്ലെന്നായിരുന്നു അച്ഛന്റെ അഭിപ്രായം. 'വസുദേവരുടെ മകനായിട്ടല്ലല്ലോ നീ വാസുദേവനായത്' എന്നു ചോദിച്ചു. 'മലയാളിയുടെ പേരിനെല്ലാം ഈ വൈരുദ്ധ്യമുണ്ടെ'ന്ന് അന്ന് അച്ഛന്‍ ന്യായീകരിക്കുകയും ചെയ്തു. തന്റെ ജാതിപ്പേരുപേക്ഷിച്ച സാക്ഷാല്‍ കെ. കേളപ്പന്‍ മാത്രം അച്ഛനെപ്പറ്റി എഴുതുമ്പോള്‍ വി.ടി. രാമന്‍ എന്നേ ഉപയോഗിച്ചിട്ടുള്ളൂ.

പേരില്‍ മാത്രമല്ല, നമ്പൂതിരിയുടെ ഭക്ഷണസംസ്‌കാരത്തിലും പിടിവാശി പുലര്‍ത്തി. ഞങ്ങളുടെ വീട്ടുകുളത്തില്‍നിന്നും മത്സ്യം പിടിക്കുന്ന ദിവസം അഹിംസാവാദിയായ അച്ഛന്‍ മുറിയില്‍നിന്നു പുറത്തുവരില്ല. മത്സ്യവും മാംസവുമല്ല, ഉള്ളിപോലും ഇഷ്ടമല്ല എന്ന യാഥാസ്ഥിതികത്വവും കൊണ്ടുനടന്നു. യാത്രാവേളകളില്‍ കൂടെ കൊണ്ടുപോകാറുള്ള ഉമിക്കരിയും ഉപ്പും കുരുമുളകുപൊടിയും കൂട്ടിക്കലര്‍ത്തിയ പല്ലുതേപ്പുപൊതിപോലും പുതിയ ടൂത്ത്പേസ്റ്റിനുവേണ്ടി ഉപേക്ഷിക്കാത്ത പഴഞ്ചനുമായിരുന്നു.

'ഊണുകഴിക്കാനില്ലതുപോട്ടെ-പൂണൂലുള്ളവരല്ലേ ഞങ്ങള്‍' എന്ന പൊങ്ങച്ചത്തോടെ ജീവിച്ച സമുദായത്തില്‍ തലചുറ്റിക്കുന്ന വേഗത്തിലായിരുന്നു മാറ്റങ്ങള്‍ സംഭവിച്ചത്. പുരുഷനും സ്ത്രീയും സ്വന്തം പ്രതാപങ്ങളുടെ കെട്ടില്‍നിന്നും മേലായ്മയോ കീഴായ്മയോ ഇല്ലാത്ത ലോകത്തിലേക്ക് ഇറങ്ങിവന്നു. മദ്രാസ് അസംബ്ലിയില്‍ നമ്പൂതിരി ബില്ല് പാസായതോടെ (1931 ഓഗസ്റ്റ് 1 മുതല്‍) മലബാറിലും ആളോഹരി ഭാഗവും എല്ലാ അംഗങ്ങള്‍ക്കും സ്വത്തവകാശവും കൈവന്നു. ബഹിര്‍ജ്ജനങ്ങളായ അപ്ഫന്മാര്‍ക്കു വിവാഹസ്വാതന്ത്ര്യമായി. പഴയ കൂട്ടുകുടുംബസമ്പ്രദായത്തിനു പകരം സ്വാതന്ത്ര്യത്തിന്റെ ചെറിയ കുടുംബങ്ങള്‍ പിറന്നു. പഴയ യോഗക്ഷേമസഭയും യുവജനസംഘവുമായിരുന്നു ഈ പരിവര്‍ത്തനത്തിന്റെ പിന്നില്‍.

അധിവേദനം, ബാല്യവൈധവ്യം തുടങ്ങിയ യാതനകളില്‍നിന്ന് അന്തര്‍ജ്ജനങ്ങളും അചിരേണ മോചിതരായി. അടുക്കളപ്പണിയൊഴികെ ഒരു ജോലിയും അന്നത്തെ അന്തര്‍ജ്ജനത്തിനു നിര്‍ദ്ദേശിച്ചിട്ടില്ലായിരുന്നു. അടിച്ചുതളിക്ക് 'ഇരിക്കണമ്മ' മനകളില്‍ നിര്‍ബ്ബന്ധമായതിനാല്‍ ഇല്ലത്തമ്മയ്ക്കു ചൂലെടുക്കേണ്ട ആവശ്യമില്ല. പഞ്ചാംഗം നോക്കി ഉണ്ണിയുടെ പിറന്നാളും ചതുര്‍ദ്ദശിയും കണ്ടുപിടിക്കാന്‍ സാധിച്ചാല്‍ പരമവൈദുഷ്യമായി എന്നാണ് അച്ഛന്‍ പറയുക. പിന്നെ അച്ഛന്റെ ഭാഷയില്‍ത്തന്നെ വെക്കലും വിളമ്പലും പ്രസവിക്കലും. സ്വന്തം വേഷം, വിദ്യാഭ്യാസം, വിവാഹം തുടങ്ങിയ വ്യക്തിത്വരൂപവത്കരണത്തില്‍പ്പോലും അവഗണിക്കപ്പെട്ട സ്ത്രീ പുതപ്പും കുടയും ഉപേക്ഷിച്ചു പുറത്തുവന്നു. പകച്ചുനില്‍ക്കാത്ത ആത്മജ്യോതിസ്സോടെ. 'വാനമേ ഗഗനമേ വ്യോമമേ' എന്നു മന്ത്രിച്ച് തൂവാനത്തുമ്പിപോലെ കൂറ്റന്‍ വിമാനത്തെ പറപ്പിക്കുന്ന പൈലറ്റ് ഗാര്‍ഗ്ഗിയന്തര്‍ജ്ജനത്തോളം ഉയര്‍ന്നു. മദാമ്മയുടെ വേഷമണിഞ്ഞ അന്തര്‍ജ്ജനങ്ങള്‍ ഡ്രൈവുചെയ്ത കാറില്‍ അമേരിക്കയില്‍ സഞ്ചരിച്ചു എന്ന് അക്കിത്തം എഴുതിയിട്ടുണ്ടല്ലോ. ആകാശയാനത്തില്‍ മാത്രമല്ല, നാനാതുറകളിലും കര്‍മ്മതീവ്രതയും ആത്മബോധവുമുള്ള വനിതകളെക്കൊണ്ടു പെണ്‍മലയാളം സാര്‍ത്ഥകമാവുകയാണെന്നു പറയാം. ജീവിതത്തിന്റെ പുറമ്പോക്കുകളിലേക്കു സ്ത്രീയെ മാറ്റിനിര്‍ത്തിയതിനും സ്ത്രീയുടെ സ്വതന്ത്രമായ ശബ്ദത്തെ അമര്‍ച്ചചെയ്യാന്‍ ശ്രമിച്ചതിനുമുള്ള പ്രതികാരം. സ്വാശ്രയവികാസത്തോടെ സ്ത്രീ മുന്നേറുമ്പോള്‍ അവളുടെ പുരുഷന്‍ കുടുമ നീട്ടിവളര്‍ത്തിയും മന്ത്രം തെറ്റിച്ചൊല്ലിയും ആഭാസബ്രാഹ്മണ്യത്തിലൂടെ അര്‍ത്ഥം നേടാനാഗ്രഹിക്കുന്നു. 'ഏഹി സൂനരി' (വരൂ സുന്ദരി) എന്ന് തേന്‍ കിനിയുമാറ് വിവാഹസൂക്തം ചൊല്ലി ക്ഷണിച്ചാലും തനിക്കിഷ്ടമില്ലാത്തയാളെ വരിക്കാന്‍ പുതിയ പെണ്‍കുട്ടി തയ്യാറല്ല. സ്വാതന്ത്ര്യത്തിലും സ്വാശ്രയത്തിലും വിജ്ഞാനത്തിലും അയാളേക്കാള്‍ ഉയരത്തിലാണ് ഇന്നത്തെ നമ്പൂതിരിസ്ത്രീ. കേരളമാകെ തിരിഞ്ഞുനടക്കാന്‍ തുടങ്ങിയപ്പോള്‍ സ്ത്രീയും പുരുഷനും വിപരീതദിശയിലേക്കു സഞ്ചരിച്ചതും വിവാഹമോചനങ്ങള്‍ പെരുകിയതും ഇന്നു കാലത്തിനു കാണേണ്ടിവരുന്നു.

കേരളപ്രതിഷ്ഠ നടത്തി ബ്രാഹ്മണരെ കുടിവെച്ച പരശുരാമാവതാരത്തെ സ്തുതിച്ചുകൊണ്ടുള്ള പ്രാര്‍ത്ഥനയോടെയാണ് യോഗക്ഷേമസഭാസമ്മേളനങ്ങള്‍ പണ്ട് ആരംഭിച്ചിരുന്നത്. ആ പരശുരാമകേരളത്തെ ഒന്നേകാല്‍ കോടി മലയാളികളുടെ ഐക്യകേരളമാക്കുന്നതില്‍ നമ്പൂതിരിസമുദായത്തിന്റെ പങ്ക് എന്തായിരിക്കണമെന്ന് കേരളപ്പിറവിയുടെ മൂന്നു പതിറ്റാണ്ടുമുമ്പുതന്നെ ചര്‍ച്ച തുടങ്ങിയിരുന്നു. സാക്ഷാല്‍ പരശുരാമന്‍ പടച്ചുണ്ടാക്കിയ ഭൂവുടമാസമ്പ്രദായവും ബ്രാഹ്മണമേധാവിത്വവും ഐക്യകേരളത്തിലേക്കുള്ള കുതിപ്പില്‍ തട്ടിനിരപ്പാക്കപ്പെടുമെന്ന് നേതാക്കള്‍ ഉപസഭാവാര്‍ഷികങ്ങളില്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. ഈ നിരത്തലില്‍ പരശുരാമപ്രതിനിധികളെന്ന നിലയ്ക്കു പെന്‍ഷന്‍പറ്റിയ വര്‍ഗ്ഗമായി കഴിഞ്ഞുകൂടുന്ന നമ്പൂതിരിയുടെ നില പരുങ്ങലിലാവുമെന്നും ചൂണ്ടിക്കാട്ടിയിരുന്നു.

ഈ നമ്പൂതിരിപരിഷ്‌കാരശ്രമങ്ങളില്‍ അന്നത്തെ എസ്.എന്‍.ഡി.പി. സെക്രട്ടറിയും രാഷ്ട്രീയനേതാവുമായിരുന്ന സി. കേശവന്‍പോലും അഭിമാനം പ്രകടിപ്പിച്ചു. പത്മനാഭസ്വാമിക്ഷേത്രത്തില്‍ നമ്പൂതിരിമാരുടെ പേരില്‍ നടത്തിവന്നിരുന്ന മുറജപം നിര്‍ത്തുവാന്‍ നമ്പൂതിരിയുവജനസംഘം മുറജപ പ്രതിഷേധജാഥ നടത്താന്‍ തീരുമാനിച്ചതിനെയാണ് സി. കേശവന്‍ സ്വാഗതംചെയ്തത്. പട്ടിണിയും ഭക്ഷണക്ഷാമവും കൊടുമ്പിരിക്കൊള്ളുമ്പോള്‍ വന്‍ദക്ഷിണ കൊടുക്കുന്നതു ദുര്‍വ്വ്യയമാണെന്നു കാണിച്ച് തിരുവിതാംകൂര്‍ മഹാരാജാവിനും മുറജപം നിര്‍ത്തിവെക്കാന്‍ ഉപദേശിക്കണമെന്ന് ഇന്ത്യാ യൂണിയന്‍ ഭക്ഷ്യ കൗണ്‍സില്‍ മെമ്പര്‍ക്കുമുള്ള നിവേദനവുമായാണ് ജാഥ ആലുവയില്‍നിന്ന് തിരുവിതാംകൂറിലേക്കു പുറപ്പെട്ടത്. ഖജനാവില്‍നിന്നും വെറുതേ കിട്ടുന്ന ദാനം വാങ്ങി സുഖിക്കുന്നതിനെതിരേ ബ്രാഹ്മണരെ ബോദ്ധ്യപ്പെടുത്തലും വി.ടി., പാണ്ടം വാസുദേവന്‍ നമ്പൂതിരി, നരിക്കാട്ടിരി വാമനന്‍ നമ്പൂതിരി എന്നിവര്‍ നയിച്ച ജാഥയുടെ ലക്ഷ്യമായിരുന്നു.

സി. കേശവന്‍ തന്റെ പിന്തുണ ഇങ്ങനെയാണ് അച്ഛനെ അറിയിച്ചത്. 'ധീരവും അവസരോചിതവുമായ നിങ്ങളുടെ പരിപാടികള്‍ ഏറ്റവും അഭിമാനത്തോടെയാണ് ഞാന്‍ പത്രപംക്തിയില്‍ വായിച്ചത്. നിങ്ങളെ ഇക്കാര്യത്തില്‍ എത്രതന്നെ അഭിനന്ദിച്ചാലും അധികമാവില്ല. എന്റേയും ഞാനുള്‍പ്പെട്ട സംഘടനയുടേയും സകല കഴിവുകളും നിങ്ങളുടെ പിന്നിലുണ്ട്. ഞങ്ങളില്‍നിന്ന് എന്താണ് പ്രതീക്ഷിക്കുന്നതെന്ന് അറിയിക്കുമല്ലോ.'

ജാതിയും തൊഴിലുമനുസരിച്ചു തുടര്‍ന്നുപോരുന്ന സാമൂഹ്യഘടനയുടെ അടിസ്ഥാനമില്ലാതാക്കലാണ് ജന്മിത്തവും ബ്രാഹ്മണ്യവും ഉപേക്ഷിക്കണമെന്ന മുദ്രാവാക്യത്തിന്റെ പൊരുള്‍ എന്ന് അച്ഛന്‍ കരിക്കാട് ഉപസഭാസമ്മേളനത്തില്‍ വിശദീകരിച്ചു.

സ്വന്തമായി കന്നുപൂട്ടാന്‍ പഠിച്ച നമ്പൂതിരിയെ അനുമോദിക്കാന്‍ ചേര്‍ന്ന നാനാജാതിമതസ്ഥരായ നാട്ടുകാര്‍ നിറഞ്ഞ കരിക്കാട്ടുയോഗക്ഷേമ ഉപസഭായോഗത്തില്‍ അച്ഛന്‍ പറഞ്ഞു: 'കേരളത്തിലെ ജനവിഭാഗങ്ങളെ വെവ്വേറെ ജാതികളാക്കി തിരിച്ചുനിര്‍ത്തുകയും ഓരോ ജാതിക്കും ഓരോ തൊഴില്‍ വിധിക്കുകയും ചെയ്തിട്ടുള്ളതില്‍ നമ്പൂതിരിയുടെ പങ്ക് മറ്റുള്ളവരെക്കൊണ്ടു പണിയെടുപ്പിക്കുക, സ്വന്തമായി പണിയൊന്നുമെടുക്കാതെ ജീവിക്കുക എന്നതാണ്. ജന്മിയായി ഇരുന്നാല്‍ മതി, കുടിയാന്‍ കൃഷിചെയ്തു പാട്ടം അളന്നുകൊള്ളും. അലക്കാന്‍ ഒരു ജാതി, ക്ഷൗരത്തിനായി മറ്റൊരു ജാതി, സാമുദായികാടിയന്തരങ്ങള്‍ക്കെല്ലാം ഓരോ ജാതിക്കാര്‍. സാമ്പത്തികമായും സാമൂഹ്യമായും അസമത്വം നിറഞ്ഞതാണ് പരശുരാമകേരളം. ജോലിചെയ്യാവുന്നവര്‍ക്കെല്ലാം ജോലിയും ജോലിചെയ്യുന്നവര്‍ക്കു ജീവിക്കാന്‍ വേണ്ട കൂലിയും കിട്ടുമാറാകുന്ന സാമൂഹ്യവ്യവസ്ഥയിലൂന്നിയ പുതുകേരളം സൃഷ്ടിക്കുവാനുള്ള ധര്‍മ്മയുദ്ധത്തിനാണ് യോഗക്ഷേമസഭ ഇറങ്ങിയിട്ടുള്ളത്. ഈ സമരത്തില്‍ സ്വന്തം പങ്കു നിര്‍വ്വഹിക്കാന്‍ സമുദായസ്നേഹികള്‍ മുമ്പോട്ടുവന്നേ കഴിയൂ.'

ഐക്യകേരളത്തിനുള്ള ഈ തിരപ്പുറപ്പാടില്‍ അരങ്ങേറിയ അച്ഛന്റെ ആവിഷ്‌കാരമായിരുന്നു 1935 മുതല്‍ മൂന്നു കൊല്ലം കൊടുമുണ്ടയില്‍ പ്രവര്‍ത്തിച്ച 'ഉദ്ബുദ്ധകേരളം' കോളനി. നാലു വര്‍ഗ്ഗവും ഒന്നായിത്തീരണമെന്നുള്ള സമത്വത്തിന്റെ കാഹളമായി 'ഉദ്ബുദ്ധകേരളം' പാക്ഷിക പത്രവും പ്രസിദ്ധീകരിച്ചു. ഇ.എം.എസ്. 'ഒന്നേകാല്‍ കോടി മലയാളികള്‍' പ്രസിദ്ധീകരിച്ചതും 'നമ്പൂതിരിയെ മനുഷ്യനാക്കുക' എന്നു പ്രസംഗിച്ചതും 1944-ലായിരുന്നു എന്നുകൂടി ഓര്‍മ്മിപ്പിക്കട്ടെ.

ഗുരുവായൂര്‍ ക്ഷേത്രപ്രവേശനപ്രക്ഷോഭം നീറിപ്പുകയുന്ന കാലം. അവര്‍ണ്ണരുടെ ക്ഷേത്രപ്രവേശനത്തിനനുകൂലമായി പൊതുജനാഭിപ്രായം സ്വരൂപിക്കാന്‍ കസ്തൂര്‍ബാ ഗാന്ധി, ഊര്‍മ്മിളാദേവി, സി. രാജഗോപാലാചാരി തുടങ്ങിയ ദേശീയനേതാക്കള്‍ കേരളത്തിലെത്തി. അവര്‍ക്കു താമസസൗകര്യം ഏര്‍പ്പെടുത്തിയതു രസികസദനത്തിലായിരുന്നു. ബേപ്പൂര്‍ ചാലിയംമുതല്‍ കൊടുങ്ങല്ലൂര്‍ ചേറ്റുവാവരെ നീണ്ടുകിടക്കുന്ന പഴയ പൊന്നാനി താലൂക്കിലെ സവര്‍ണ്ണഗൃഹങ്ങളില്‍ ചെന്ന് റഫറണ്ടത്തിന്റെ ഭാരം ഏറ്റെടുത്ത യുവജനസംഘം പ്രവര്‍ത്തകരും അന്ന് രസികസദനത്തിലാണ് താവളമുറപ്പിച്ചത്. കസ്തൂര്‍ബാ തുടങ്ങിയ ദേശീയനേതാക്കളെ ദര്‍ശിക്കാന്‍ അനേകമാളുകള്‍ രസികസദനത്തില്‍ എത്തിച്ചേര്‍ന്നിരുന്നു. ജാതിശല്യമോ ജാതിവേര്‍തിരിവോ ഇല്ലാതെ കേരളത്തില്‍ ഇങ്ങനെ സൗഹാര്‍ദ്ദപൂര്‍വ്വം മിശ്രഭോജനം നടത്തുക എന്നത് ഭാസുരമായ ഭാവിയെ തെളിയിക്കുന്നു എന്നും അതില്‍ പങ്കുകൊണ്ട എല്ലാവരേയും അഭിനന്ദിക്കുന്നു എന്നും അക്കാലത്ത് ഉണ്ണിനമ്പൂതിരി മുഖപ്രസംഗം എഴുതിയിട്ടുണ്ട് (1932, ഡിസംബര്‍ 12).

തൊടാന്‍ പാടില്ല. തീണ്ടാന്‍ പാടില്ല. പ്രയത്നിച്ചുകിട്ടുന്ന വല്ലികൊണ്ട് (കൂലിയായി കിട്ടുന്ന നെല്ല്) ഉണ്ണാനും ഉടുക്കാനും തികയില്ല. സ്വന്തം മണ്ണില്ല. പാര്‍ക്കാനിടമില്ല. ഇങ്ങനെ ദയനീയമായ അന്നത്തെ ജന്മിത്ത കാര്‍ഷികവ്യവസ്ഥയില്‍ 'നെല്ലിന്‍ചുവട്ടിലെ കാട്ടുപുല്ലുപോലെ' എപ്പോള്‍ പിഴുതുകളയാനും വിധിക്കപ്പെട്ട അധഃകൃതരുടെ ദുരവസ്ഥയിലേക്കും യോഗക്ഷേമപ്രസ്ഥാനത്തിന്റെ ശ്രദ്ധ കടന്നുചെല്ലണമെന്ന് അച്ഛന്‍ ആശിച്ചു.

പുതപ്പ് ഉപേക്ഷിച്ചു പുറത്തുവന്ന് പരിഷ്‌കാരം തട്ടി കാഴ്ച സിദ്ധിച്ച അന്തര്‍ജ്ജനങ്ങളും അശരണരുടെ ഈ ഉദ്ധാരണത്തില്‍ പങ്കെടുക്കണമെന്ന് അച്ഛന്‍ ആവശ്യപ്പെട്ടു. സംസ്‌കൃതചിത്തരായ സ്ത്രീകള്‍ മുന്നിലുണ്ടായാലേ ഏതു സാമൂഹ്യപരിഷ്‌കാരവും വിജയിക്കുകയുള്ളൂ. വിപ്ലവകാരി പി. കൃഷ്ണപ്പണിക്കരുടെ (പൊന്നാനി) സാന്നിദ്ധ്യത്തില്‍ വൈദികരുടേയും ചോമാതിരിമാരുടേയും നാട്ടില്‍ (ശുകപുരം ഗ്രാമം) സമ്മേളിച്ച അന്തര്‍ജ്ജനസദസ്സില്‍ അച്ഛന്‍ പ്രസംഗിച്ചു: 'എനിക്ക് നിങ്ങളോടു രണ്ടുവാക്കു പറയുവാനുണ്ട്. വടക്കിനിയുടെ വലിപ്പം കുറഞ്ഞ അഴികളില്‍ക്കൂടി ഓട്ടക്കണ്ണിട്ടുനോക്കി പ്രപഞ്ചത്തിലെ സംഭവങ്ങളെ കണ്ടു തൃപ്തിപ്പെടുന്ന നിങ്ങളുടെ മുതുമുത്തശ്ശിമാര്‍ ഒരുപക്ഷേ എന്നെ ആക്ഷേപിച്ചേക്കാം. എന്നാലും ഭയപ്പെടാതെ 'സഹധര്‍മ്മം ചരത' എന്ന മന്ത്രത്തോടെ സ്വീകരിച്ച ഭര്‍ത്താവിന്റെ പിന്നാലെ ഏതു വിപ്ലവത്തിലും പങ്കുകൊണ്ടു ഞങ്ങള്‍ ഇരുകാലിമൃഗങ്ങളല്ലെന്ന് ലോകത്തെ ബോദ്ധ്യപ്പെടുത്തണം. മാറാലപോലുള്ള മറശ്ശീലയുടെ ഉള്ളില്‍ മറഞ്ഞുനിന്ന് തോടയം കളിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. സ്ത്രീകള്‍ അരങ്ങത്തു വരേണ്ട സമയമായി. ഉടുക്കാന്‍ ഒരു കീറത്തുണിപോലുമില്ലാതെ ഉഴക്കു കഞ്ഞിവെള്ളത്തിന് ഓരോ മുറിച്ചട്ടിയുമായി നിങ്ങളുടെ ചുറ്റും കിടന്നു നിലവിളിക്കുന്ന ഹരിജനസഹോദരിമാരെ കാണുന്നില്ലേ? തിന്നു തടിച്ചിരിക്കുന്ന ചോമാതിരിക്ക് ദക്ഷിണ കൊടുക്കാന്‍ ബദ്ധപ്പെടാതെ ആ പാവപ്പെട്ട സഹോദരികളുടെ ചട്ടിത്തുണ്ടുകളില്‍ അല്പം ഭക്ഷണം നിറച്ചുകൊടുക്കാനാണ് നിങ്ങള്‍ ശ്രമിക്കേണ്ടത്. അവര്‍ക്കു വല്ലതും പുറത്തേക്കു കൊടുക്കാതെ പുറത്തുവന്ന് അവരേയും വിളിക്കണം' (ശുകപുരം പന്നിയൂര്‍ യുവജനസംഘം വാര്‍ഷികം, ഉണ്ണിനമ്പൂതിരി-1933, നവംബര്‍ 10).

മനകളില്‍ നമ്പൂതിരിമാരല്ലാത്തവര്‍ക്കു ഭക്ഷണം നല്‍കുന്നതിനെ പുറത്തേക്കു കൊടുക്കുക എന്നാണ് പറഞ്ഞിരുന്നത്. ബ്രാഹ്മണബാലന്‍, അന്തര്‍ജ്ജനങ്ങള്‍, പുരുഷന്മാര്‍ എന്നിവരുടെ കഴിഞ്ഞേ അമ്പലവാസി, നായര്‍ എന്നിവരെ അവരെത്ര പ്രശസ്തരായാലും ഊണിനു വിളിക്കുകയുള്ളൂ. ഒടുവില്‍ ശേഷിക്കുന്നതു മുറ്റത്തു കാത്തുനില്‍ക്കുന്ന പാദജര്‍ക്കും. ഇത്ര പറ അരിയുടെ സര്‍വ്വാണിസദ്യ ഉണ്ടായിരുന്നു എന്ന് അന്നത്തെ പ്രഭുക്കള്‍ ഊറ്റംകൊണ്ടിരുന്നു.

ഏതാണ്ട് 80 കൊല്ലം മുമ്പ് രൂപംകൊണ്ട അച്ഛന്റെ മറ്റൊരു ലഘു സാഹിത്യചിത്രീകരണം ഈയിടെ കണ്ടെത്തി. ഉണ്ണിനമ്പൂതിരിയില്‍ വി.ടി.രാമന്‍ ഭട്ടതിരിപ്പാട് എന്ന പേരില്‍ പ്രസിദ്ധീകരിച്ചതും മറ്റെവിടെയും പ്രകാശനം ചെയ്യാത്തതുമായ ചെറ്റച്ചാള എന്ന സോദ്ദേശ്യരചന. കര്‍ഷകത്തൊഴിലാളികളുടെ പട്ടിണിയും അനാഥത്വവും ലക്ഷ്യമാക്കി എഴുതിയ ഈ ഏകാങ്കത്തെ പിന്നിലാക്കി കാലവും ലോകവും ഭാഷയും ഏറെ മുന്നോട്ടുപോയി. ജീവിതസങ്കീര്‍ണ്ണതകള്‍ എല്ലാ തലങ്ങളിലേക്കും വ്യാപിക്കുകയും ചെയ്തു. ധനികനും ദരിദ്രനും തമ്മില്‍ വ്യത്യാസപ്പെട്ടിരിക്കുന്നത് സമ്പത്തില്‍ മാത്രമാണ്. സമത്വത്തിന്റെ കേവലാനന്ദം പകരുവാന്‍ പരസ്പര സ്നേഹാനുഭൂതിക്കേ കഴിയൂ. ആ ആര്‍ദ്രതയാണ്, സ്വന്തം പൊങ്ങച്ചമല്ല സ്വജീവിതത്തിലൂടെ ഇന്നത്തെ പൊതുപ്രവര്‍ത്തകര്‍ക്ക് അച്ഛന്‍ നല്‍കിയ സാമൂഹ്യപാഠം.

Content Highlights: V.T Bhattathirippad, V.T Vasudevan, Mathrubhumi Books, Mathrubhumi

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
gandhinagar second street, sathyan anthikkad Mamukoya movies, sreenivasan

8 min

'ഗ്ലാമറിനോടുള്ള ഒരുതരം വൈരാഗ്യബുദ്ധി ശ്രീനിവാസന് അക്കാലംതൊട്ടേ ഉണ്ട്, അതു തെളിഞ്ഞിരിക്കയാണ്!'

Jun 4, 2023


Manu S Pillai, Book Cover

12 min

എത്ര മായ്ക്കാന്‍ ശ്രമിച്ചാലും മായാത്ത മുഗള്‍ചരിത്രം; മനു എസ്. പിള്ളയുടെ റിബല്‍ സുല്‍ത്താന്‍മാര്‍!

Jun 3, 2023


REPRESENTATIVE IMAGE

5 min

'നമ്മള് ഇരുളരാ,ഒന്നിന് നാലുവട്ടം പോയാ നമ്മളെന്താ തേഞ്ഞുപോമോ'; പൊരുതിപ്പോരാടുന്ന 'തമിഴ് ദളിത് കഥകള്‍'

Jun 1, 2023

Most Commented