'മുള്‍ച്ചെടിക്കൂട്ടത്തില്‍നിന്ന് സ്വാതന്ത്ര്യവയലിലേക്ക്; പുതുജീവിതത്തെ അച്ഛന്‍ വിശേഷിപ്പിച്ചത്'


By വി.ടി. വാസുദേവന്‍

8 min read
Read later
Print
Share

'വി.ടി., ഇനി നമ്മള്‍ എന്തുചെയ്യും? എല്ലാം കൈവിട്ടുപോയല്ലോ' എന്നു തലയ്ക്കു കൈവെച്ചുകൊണ്ടിരിക്കുന്ന മോഴികുന്നത്തിനെ അച്ഛന്‍ സമാധാനിപ്പിച്ചു: 'ഇത്രയല്ലേ സംഭവിച്ചുള്ളൂ?'

വി.ടി. ഭട്ടതിരിപ്പാട്, വി.ടി. വാസുദേവൻ | ഫോട്ടോ: മാതൃഭൂമി

സാമൂഹ്യപരിഷ്‌കര്‍ത്താവും എഴുത്തുകാരനുമായ വി.ടി. ഭട്ടതിരിപ്പാടിനെക്കുറിച്ചുള്ള ഓര്‍മകള്‍ വിവരിക്കുന്ന പുസ്തകമാണ് അദ്ദേഹത്തിന്റെ മകന്‍ വി.ടി. വാസുദേവന്‍ രചിച്ച്, മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച 'വി.ടി. ഒരു തുറന്ന പുസ്തകം'. ഇതിലെ 'മുള്‍ച്ചെടിക്കൂട്ടത്തില്‍നിന്ന് സ്വാതന്ത്ര്യവയലിലേക്ക്' എന്ന ഭാഗത്തില്‍നിന്ന്;

കൂട്ടുകുടുംബത്തിന്റെ മുള്‍ച്ചെടിക്കൂട്ടത്തില്‍നിന്ന് സ്വാതന്ത്ര്യത്തിന്റെ വയല്‍വരമ്പിലേക്കുള്ള കാല്‍വെപ്പ്. കണയത്തെ പുതുജീവിതത്തെ അച്ഛന്‍ വിശേഷിപ്പിച്ചത് അങ്ങനെയായിരുന്നു. പുതുവധു എന്നുതന്നെ പറയാവുന്ന അമ്മയും സഹോദരങ്ങളും വൃദ്ധരായ അച്ഛനമ്മമാരും ഈ സന്ദര്‍ഭത്തില്‍ അച്ഛനോടു ചേര്‍ന്നുനിന്നു. പരിഷ്‌കാരത്തിന്റെ വെളിച്ചം വീശാത്ത നാട്ടിന്‍പുറമാണ് അന്നത്തെ കണയം. എങ്കിലും ജന്മനാടിന്റെ സൗഹൃദം അവിടെനിന്നും ലഭിച്ചു. ദേശീയകാര്യങ്ങള്‍, വായനശാല തുടങ്ങിയ പൊതുപ്രവര്‍ത്തനങ്ങളില്‍ സഹകരിക്കാന്‍ ക്ഷണം കിട്ടിത്തുടങ്ങി. യോഗക്ഷേമസഭയിലേയും യുവജനസംഘത്തിലേയും സുഹൃത്തുക്കളും ചാര്‍ച്ചക്കാരും കൂടക്കൂടെ കണയത്തെത്തി. അതിഥികളേയും സ്‌നേഹജനങ്ങളേയും കണ്ട് മുത്തച്ഛനും മുത്തശ്ശിയമ്മയും കൃതാര്‍ത്ഥരായി. നാട്ടിലെ സംഭവവികാസങ്ങളെ വിവേകത്തോടെ നോക്കിക്കാണാനും പൗരബോധം ആര്‍ജ്ജിക്കാനുമുള്ള കൂടിച്ചേരലുകള്‍ പുതിയ വി.ടി. കുടുംബത്തെ ആതിത്ഥ്യപൂര്‍ണ്ണമാക്കി.

എല്ലാവരും ഉറങ്ങാന്‍ കിടന്ന ഒരു രാത്രിയില്‍ 'ഹേ വി.ടി., വി.ടി.' എന്ന വിളി കേട്ട് കണയത്തെ ഭവനം ഞെട്ടിയുണര്‍ന്നു. അമ്മ എഴുന്നേറ്റു വിളക്കുകൊളുത്തി പൂമുഖവാതില്‍ തുറന്നപ്പോള്‍ ഖദര്‍മുണ്ടും ഷര്‍ട്ടും ധരിച്ച് വേഷ്ടികൊണ്ടു മുഖം മാത്രം കാണത്തക്കവിധം പുറത്തു മൂടിപ്പുതച്ചു നില്‍ക്കുന്ന മോഴികുന്നം ബ്രഹ്‌മദത്തന്‍ നമ്പൂതിരി. അച്ഛനെ കണ്ടയുടനെ പൂമുഖത്തെ പുറത്തളപ്പടിയില്‍ വീണ് വികാരവൈവശ്യത്തോടെ വിലപിക്കാന്‍ തുടങ്ങി: 'എടോ വി.ടി., കാര്യങ്ങളെല്ലാം വളരെ അബദ്ധമായിപ്പോയല്ലോ. ജ്യേഷ്ഠന്‍ ഇല്ലത്തുവെച്ചു പ്രായശ്ചിത്തം പാടില്ലെന്നു പറഞ്ഞു. വൈദികനും സംഘവും നാളെ രാവിലെ ചെര്‍പ്പുളശ്ശേരിയിലെത്തുകയും ചെയ്യും. അവര്‍ക്കു വെറുതെ മടങ്ങേണ്ടിവരും. വല്ലാതെ ചീത്തയായീലോ. ഇനിയെന്താണു ചെയ്യുക? വി.ടിയോടു കൂടിയാലോചിക്കാന്‍ വന്നതാണ്.'

സ്വന്തം ഇല്ലത്തുനിന്നു രാത്രിയില്‍ തന്നെത്തേടി ഓടിയെത്തിയ മോഴികുന്നത്തിനെ അച്ഛന്‍ ആശ്വസിപ്പിച്ചു: 'എല്ലാറ്റിനും ഒരു വഴിയുണ്ടാവുമല്ലോ. മോഴികുന്നം പരിഭ്രമിക്കാതിരിക്കൂ.' മാറോളം വീണുകിടക്കുന്ന താടിയും തോളോളം എത്തിനില്‍ക്കുന്ന തലമുടിയും വിരിഞ്ഞ നെറ്റിയും വിടര്‍ന്ന നാസികയും. ഖിലാഫത്തുസ്മരണകളിലൂടെ ഉയര്‍ന്നുവന്ന ആ ദേശാഭിമാനി ജയില്‍വാസത്തിനുശേഷം ഇങ്ങനെയൊരു അരവിന്ദഘോഷ് വേഷം സ്വീകരിച്ചു എന്നേയുള്ളൂ. അച്ഛനേക്കാള്‍ ഒരുവയസ്സ് ഇളപ്പമാണ് അദ്ദേഹത്തിന്.

ഖിലാഫത്ത് എന്ന പേരില്‍ 1921-ല്‍ ഒരാഭ്യന്തരലഹള ഏറനാടിനെ തീപിടിപ്പിക്കുകയുണ്ടായി. ലഹള തന്റെ നാടായ ചെര്‍പ്പുളശ്ശേരിയിലെത്തിയപ്പോള്‍ കോണ്‍ഗ്രസ്സുകാരനെന്ന നിലയില്‍ ആ തീ കെടുത്താന്‍ ശ്രമിച്ചതാണ് അദ്ദേഹം ചെയ്ത തെറ്റ്. പാലം പൊളിച്ചു, ചക്രവര്‍ത്തിയോടു യുദ്ധം പ്രഖ്യാപിച്ചു എന്ന കുറ്റം ചുമത്തി ജീവപര്യന്തം തടവിനു വിധിക്കപ്പെട്ട മോഴികുന്നത്തിനെ കൈ രണ്ടും പിന്നിലേക്കു വരിഞ്ഞു മറ്റു പ്രതികളോടൊപ്പം കുതിരകള്‍ക്കു പിന്നില്‍ ചേര്‍ത്തുകെട്ടി ചാട്ടവാര്‍കൊണ്ട് അടിച്ചോടിക്കുകയായിരുന്നു. രാജ്യദ്രോഹക്കുറ്റവും ജയില്‍വാസവും പിന്നീടു സ്വഭവനത്തില്‍നിന്നും സമുദായത്തില്‍നിന്നും ഭ്രഷ്ടും അനുഭവിച്ചു. ഒടുവില്‍ സമുദായം എല്ലാറ്റിനും തടസ്സമാണ്, പൂണൂല്‍പോലും ആഭാസമായിരിക്കുന്നു എന്നു വിഷാദിക്കുകയും ചെയ്തു.

ജയില്‍മോചിതനായ ശേഷം പ്രായശ്ചിത്തം ചെയ്ത് ബന്ധുക്കളുമായി ഒരുമിച്ചുചേരാനും സ്വന്തമായ സമൂഹമുണ്ടാക്കാനും മോഴികുന്നം ആഗ്രഹിച്ചിരുന്നു. പക്ഷേ, വൈദികന്മാര്‍ പ്രായശ്ചിത്തം ചെയ്യിക്കാന്‍ തയ്യാറായില്ല. സ്വാതന്ത്ര്യസേനാനി കുറൂര്‍ നീലകണ്ഠന്‍ നമ്പൂതിരിപ്പാടിനെ ജയില്‍വാസത്തിനുശേഷം തൃശ്ശൂര്‍ യോഗക്കാര്‍ ബ്രഹ്‌മസ്വം മഠത്തില്‍വെച്ചു പ്രായശ്ചിത്തം ചെയ്തു ശുദ്ധീകരിച്ചു. ആഢ്യഗൃഹങ്ങളുമായി അമരപ്പന്തല്‍പോലെ ചാര്‍ച്ചയുള്ള രാഷ്ട്രീയനേതാവാണ് കുറൂര്‍. കുറൂരിനും മോഴികുന്നത്തിനും രണ്ടു നീതി. ഇതില്‍ യുവജനസംഘത്തിന് ഈര്‍ഷ്യ തോന്നി. ഏതുവിധത്തിലും മോഴികുന്നത്തെക്കൊണ്ടു പ്രായശ്ചിത്തം ചെയ്യിക്കണമെന്ന വാശിയിലായി. ഒടുവില്‍ ശുകപുരം യോഗത്തിലെ ഉല്പതിഷ്ണുവും തൈക്കാടു വൈദികകുടുംബാംഗവുമായ ഇ.വി. നാരായണന്‍ നമ്പൂതിരിയുടെ ഉത്സാഹത്തില്‍ പ്രായശ്ചിത്തം ചെയ്യിക്കാന്‍ ശുകപുരത്തെ നമ്പൂതിരിമാര്‍ മുന്നോട്ടുവന്നു. ചെര്‍പ്പുളശ്ശേരിയിലെ മോഴികുന്നം തറവാട്ടില്‍ ചടങ്ങുകള്‍ ചെയ്യാന്‍ തീരുമാനിച്ചു. തലേന്നുതന്നെ വൈദികനേയും കര്‍മ്മികളേയും കാര്‍മാര്‍ഗ്ഗം ചെര്‍പ്പുളശ്ശേരിയിലെത്തിക്കാന്‍ ഏര്‍പ്പാടാക്കി. ആ ഒരുക്കങ്ങള്‍ക്ക് ഓടിപ്പാഞ്ഞശേഷം കണയത്തു മടങ്ങിയെത്തിയ രാത്രിയിലാണ് മോഴികുന്നം അച്ഛനെ വിളിച്ചുണര്‍ത്തുന്നത്.

പുസ്തകത്തിന്റെ കവര്‍

'വി.ടി., ഇനി നമ്മള്‍ എന്തുചെയ്യും? എല്ലാം കൈവിട്ടുപോയല്ലോ' എന്നു തലയ്ക്കു കൈവെച്ചുകൊണ്ടിരിക്കുന്ന മോഴികുന്നത്തിനെ അച്ഛന്‍ സമാധാനിപ്പിച്ചു: 'ഇത്രയല്ലേ സംഭവിച്ചുള്ളൂ? മോഴികുന്നത്തിന്റെ ഇല്ലത്തുവെച്ചു പറ്റില്ലെങ്കില്‍ വേണ്ട, ഇവിടെ കണയത്തു നടത്താം. വൈദികരും സംഘവും ചെര്‍പ്പുളശ്ശേരിക്കു പോകുംമുമ്പ് ഇങ്ങോട്ടു തിരിക്കാന്‍ ഏര്‍പ്പാടു ചെയ്യൂ. മോഴികുന്നം ലവലേശം പരിഭ്രമിക്കണ്ട. വൈദികനും പാര്‍ട്ടിയും എത്തിയാല്‍ ഇവിടെവെച്ചുതന്നെ പ്രായശ്ചിത്തം തുടങ്ങാം.' അച്ഛന്റെ നിസ്സംശയമായ മറുപടി വരണ്ട തൊണ്ടയിലെ ദാഹജലമായി മോഴികുന്നത്തിന് അനുഭവപ്പെട്ടിരിക്കണം.

മുത്തച്ഛന്‍ പഴമക്കാരനായതിനാല്‍ എങ്ങനെ പ്രതികരിക്കുമെന്നായി മോഴികുന്നത്തിന്റെ സംശയം. പരോപകാരപ്രദമായ കാര്യങ്ങളില്‍ മുത്തച്ഛന്‍ വിസമ്മതം കാണിക്കില്ലെന്ന് അച്ഛന്‍ പറഞ്ഞു.
ഈ സംഭാഷണം കേട്ട് മുത്തച്ഛന്‍ എഴുന്നേറ്റുവന്നു. 'ഞങ്ങള്‍ക്ക് സ്വന്തമായി ഒരു സ്ഥലം ഉണ്ടായിട്ടു വേണം മറ്റുള്ളവരെ സഹായിക്കാന്‍ എന്നു വിചാരിക്കാറുണ്ട്. അത് ഇത്ര വേഗത്തില്‍ സാധിച്ചുവല്ലോ' എന്ന മുത്തച്ഛന്റെ മനശ്ശുദ്ധി എല്ലാവരുടേയും മനസ്സു കുളുര്‍പ്പിച്ചു. സ്ഥലമുടമയായ കാഞ്ഞൂര്‍ നമ്പൂതിരിപ്പാടിനെ അറിയിച്ച് സമ്മതിപ്പിക്കാമെന്ന് അച്ഛന്‍ ഏറ്റു.
'വി.ടിക്കു ഭാരമാവുമോ? ഇത്രയും നമ്പൂതിരിമാര്‍ക്കു താമസത്തിനും ഭക്ഷണത്തിനും ഒരുക്കണ്ടേ?' എന്നായി മോഴികുന്നത്തിന്റെ പിന്നത്തെ ശങ്ക. 'വി.ടിയുടെ ഭാരം ലഘൂകരിക്കാന്‍ മോഴികുന്നത്തിനു കഴിയുമല്ലോ?' എന്നായിരുന്നു അച്ഛന്റെ പ്രത്യുത്തരം. മോഴികുന്നം ഞങ്ങളേക്കാള്‍ ധനികനാണ്. മോഴികുന്നത്തിനെ കൂട്ടത്തില്‍ കൂട്ടാനുള്ള പ്രായശ്ചിത്തത്തിന് ഈ കറുത്ത പട്ടേരി അങ്ങനെ ആതിഥേയനായിത്തീര്‍ന്നു.

രാവിലെ രസംപിടിച്ച ചായ, ഉച്ചയ്ക്കു ലളിതവും സുഖകരവുമായ ഊണിന്റെ വട്ടം, നാലു മണിക്കു ചായ, വൈകുന്നേരം സുഖകരമായ കുളി, ഇടകിട്ടുമ്പോഴെല്ലാം സാമുദായികകാര്യങ്ങളേയും അടുത്ത കര്‍മ്മപരിപാടികളേയും കുറിച്ചുള്ള വെടിവട്ടവും- ഇതായിരുന്നു പ്രായശ്ചിത്തത്തിന്റെ കാര്യപരിപാടി. ജപം, തപം തുടങ്ങി ജലപിശാചുള്ള അത്യധികം വിധികള്‍ വിപ്ലവാത്മകമായ ഈ പ്രായശ്ചിത്തത്തില്‍ ഉണ്ടായിരുന്നില്ലെന്ന് ഉണ്ണിനമ്പൂതിരി റിപ്പോര്‍ട്ടു ചെയ്തിരുന്നു. ആ പത്രക്കുറിപ്പു കണ്ട് പ്രായശ്ചിത്തത്തില്‍ സഹകരിക്കാന്‍ പലരും എത്തിയിരുന്നു.

പതിനെട്ടു ദിവസം നീണ്ടുനിന്ന ക്രിയകള്‍. പൊതുയോഗത്തോടെ സമാപനവും. സമാപിച്ചുകൊണ്ടുള്ള പൊതുയോഗത്തില്‍ സന്നിഹിതരാവാന്‍ സമുദായബന്ധുക്കളെ ക്ഷണിച്ചുകൊണ്ട് സ്വാഗതസംഘാദ്ധ്യക്ഷന്‍കൂടിയായ അച്ഛന്റെ പേരില്‍ ക്ഷണക്കത്ത് ഉണ്ണിനമ്പൂതിരിയില്‍ പ്രസിദ്ധപ്പെടുത്തിയിരുന്നു. ആഢ്യഗൃഹങ്ങളിലെ പുരോഗമനവാദികളായ ചില പുതുതലമുറക്കാര്‍ യോഗത്തില്‍ സംബന്ധിച്ചതില്‍ എല്ലാവര്‍ക്കും സാഫല്യം തോന്നി.

എന്നിട്ടും ഉല്പതിഷ്ണുത്വം നടിക്കുന്ന പലരും മോഴികുന്നത്തെ ഉള്‍ക്കൊള്ളാന്‍ തയ്യാറായില്ല. താന്‍ ഊരാളനായ കണ്ണനൂര്‍ ഭഗവതിക്ഷേത്രത്തില്‍പ്പോലും (നിളാതീരം) പ്രവേശനം വിലക്കിയിരുന്നു. മീനത്തിലെ ഉത്സവകാലത്ത് അച്ഛന്റെ നേതൃത്വത്തില്‍ ഒരുസംഘം ക്ഷേത്രത്തിലെത്തി മോഴികുന്നത്തിനെ പരസ്യമായി പ്രവേശിപ്പിച്ചു. തടയാന്‍ യാഥാസ്ഥിതികര്‍ തടിമിടുക്കുള്ള കുറേ പേരെ തയ്യാറാക്കി നിര്‍ത്തിയിരുന്നു. ക്ഷേത്രം അടച്ചിടുകയും ചെയ്തിരുന്നു. പക്ഷേ, സത്യാഗ്രഹികളെ കണ്ടപ്പോള്‍ എതിരാളികളെല്ലാം സ്ഥലം വിട്ടു. വൈക്കം, ഗുരുവായൂര്‍ ക്ഷേത്രപ്രവേശപ്രക്ഷോഭങ്ങളില്‍ പങ്കെടുത്ത മോഴികുന്നത്തിന് സ്വന്തം അമ്പലത്തില്‍ പ്രവേശിക്കാനും വിപ്ലവം ചെയ്യേണ്ടിവന്നു.

മോഴികുന്നം ചെര്‍പ്പുളശ്ശേരിനിന്നു പട്ടാമ്പിക്കു താമസം മാറ്റി. വിവാഹിതനായി. ഘോഷ ബഹിഷ്‌കരിച്ച വിപ്ലവകാരി ആര്യാ പള്ളത്തിനെയാണ് വധുവിന്റെ സമീപത്ത് ഇണങ്ങത്തിയായി ഇരുത്തിയത്. നിയമലംഘനത്തിനു പുറപ്പെട്ട ഇ.എം.എസ്. നമ്പൂതിരിപ്പാടിനെ പട്ടാമ്പിയില്‍ യാത്രയയച്ചതു മോഴികുന്നവും അച്ഛനും ഉള്‍പ്പെട്ട സംഘമായിരുന്നു. സാമുദായികപ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാനായി ഇ.എം.എസ്. തന്റെ സ്വര്‍ണ്ണവാച്ച് ഇവര്‍ക്കു സമ്മാനിക്കുകയും ചെയ്തു.

യാഥാസ്ഥിതികത്വത്തിന്റെ നേര്‍ക്ക് അച്ഛനെപ്പോലെ കടുത്ത എതിരാളിയും സഹപ്രവര്‍ത്തകനുമായ പാണ്ടം വാസുദേവന്‍ നമ്പൂതിരിയും കണയത്ത് ഒരു ദിവസം കയറിവന്നു. വി.ടിയുടെ കുറച്ചു നാളായുള്ള അസാന്നിദ്ധ്യംമൂലം സമുദായമദ്ധ്യത്തില്‍ പ്രവര്‍ത്തനമാന്ദ്യം വന്നുപെട്ടു എന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സമുദായത്തെ പിടിച്ചുകുലുക്കുന്ന ഒരു പ്രവര്‍ത്തനപരിപാടിയുടെ ആവശ്യകത അച്ഛനും സമ്മതിച്ചു. കഴിഞ്ഞ നൂറ്റാണ്ടിലെ കേരളീയ സാമുദായികപരിഷ്‌കരണസംരംഭങ്ങളില്‍ പുതുമയാര്‍ന്നതെന്നു പറയാവുന്ന യാചനായാത്ര എന്ന ആശയവും കര്‍മ്മപദ്ധതിയും രൂപംകൊണ്ടത് ഇവരുടെ അന്നത്തെ സംഭാഷണത്തില്‍നിന്നാണ്.

പഠിക്കാനാഗ്രഹമുള്ളവര്‍ സമുദായത്തില്‍ ഇല്ലായ്കയല്ല, പക്ഷേ അവരെ സഹായിക്കാന്‍ ധനികരായ നമ്പൂതിരിമാര്‍ മുന്നോട്ടു വരുന്നില്ല. അതിനെന്തുവഴി എന്ന അന്നത്തെ ചര്‍ച്ചയില്‍ കിളിര്‍ത്ത വിചാരമാണ് പ്രഭുകുടുംബങ്ങളിലേക്കൊരു യാചനായാത്ര നടത്തിയാലോ എന്ന്. വ്യക്തിയെ സംസ്‌കരിക്കാനുള്ള മാനദണ്ഡമാണ് വിദ്യാഭ്യാസം. ആ വെളിച്ചം കുടുംബജീവിതത്തിലും സാമൂഹ്യജീവിതത്തിലും വ്യാപിക്കണമെങ്കില്‍ വിദ്യാലയങ്ങളില്‍ ചേര്‍ന്നു പഠിക്കാന്‍ കൂടുതല്‍ പേര്‍ക്കു സൗകര്യം ലഭിക്കണം. അടുക്കളയില്‍നിന്ന് അരങ്ങത്തേക്ക് എന്ന നാടകത്തിന്റെ അല കെട്ടടങ്ങുന്നതിനുമുമ്പു തുടങ്ങണം ഈ വിദ്യാഭ്യാസപ്രചരണയാത്രയും. കേരളം മുഴുക്കെയുള്ള പദയാത്ര എന്നാണ് ഉദ്ദേശിച്ചത്. മഹാത്മജിയുടെ ദണ്ഡിയാത്രയായിരുന്നു അവരുടെ മനസ്സിലെ മാതൃക.

സ്‌കൂള്‍ പൂട്ടിയ കാലമാണ് അന്ന്. നമ്പൂതിരിവിദ്യാലയത്തിലെ അന്തേവാസികളായ വിദ്യാര്‍ത്ഥികളും പുറത്തുള്ള യുവാക്കളും ജാഥയില്‍ അംഗങ്ങളാവും. യാത്രയെക്കുറിച്ച് പാണ്ടത്തിന്റെയും അച്ഛന്റേയും പേരുവെച്ച് പ്രസ്താവന തയ്യാറാക്കി. സംഘവും സഭയുമായി ചര്‍ച്ചചെയ്യാനും കൂടുതല്‍ ആലോചിക്കാനും പാണ്ടത്തിനെ തൃശ്ശൂര്‍ക്കു വിട്ടു. സാമുദായികകാര്യങ്ങളില്‍ ശ്രദ്ധാലുക്കളായ പ്രധാന വ്യക്തികള്‍, സഭാപ്രവര്‍ത്തകര്‍, നമ്പൂതിരിവിദ്യാലയത്തിലെ അദ്ധ്യാപകര്‍, ബ്രഹ്‌മസ്വം മഠത്തില്‍ താമസിക്കുന്ന പഠിതാക്കള്‍- എല്ലാവരും അനുഗ്രഹാശിസ്സുകള്‍ ചൊരിഞ്ഞു. തൃശ്ശൂരില്‍നിന്നു വടക്കോട്ടു മതി ഈ കാല്‍നടയാത്ര എന്നും തീരുമാനിച്ചു.

ആപാദചൂഡം ഖദറില്‍ പൊതിഞ്ഞ്, ചുമലില്‍ പരുക്കന്‍ ചാക്ക്, തോളില്‍ സഞ്ചി, യാചനായാത്ര എന്നെഴുതിയ പ്ലക്കാര്‍ഡും പരശുരാമപതാകയും- മുപ്പതോളം യുവാക്കള്‍ ഇപ്രകാരം യാത്രയ്ക്കു തയ്യാറായി. അര്‍ദ്ധചന്ദ്രവൃത്താകൃതിയില്‍ തൃശ്ശൂര്‍ സെന്‍ട്രല്‍ ബാങ്ക് അങ്കണത്തില്‍ അണിനിരന്നു. ചെരിപ്പോ കുടയോ മുദ്രാവാക്യമോ ഇല്ലാതെ വടക്കേച്ചിറവഴി നടന്നുനീങ്ങിയ ആ സംഘയാത്ര 38 ദിവസം നീണ്ടു. (1931 മാര്‍ച്ചുമുതല്‍ മേയ് വരെ) 45 കിലോമീറ്റര്‍വരെ നടന്ന ദിവസവുമുണ്ട്.

'യാചനായാത്രക്കാര്‍ എന്റെ വസതിയില്‍ വന്നത് നട്ടുച്ചക്കൊടുംവെയിലത്താണ്. കുടപോലുമില്ലാതെ വാടിത്തളര്‍ന്നുവരുന്ന ആ കാഴ്ച കണ്ടപ്പോള്‍, വാസ്തവമല്ലേ പറയേണ്ടു, ഞാന്‍ കരഞ്ഞുപോയി. ഈ ദണ്ഡിയാത്രയിലെ ഗാന്ധിജിയായ വി.ടിയെ ഉള്ളുകൊണ്ട് ആയിരം തവണ നമസ്‌കരിച്ചു. അതിലെ ധര്‍മ്മഭടന്മാരായ മറ്റുള്ളവരേയും അത്രയുംതന്നെ അത്ഭുതത്തോടെ ആദരിച്ചു'- സാഹിത്യകാരനും സമുദായപരിഷ്‌കര്‍ത്താവുമായ മൂത്തിരിങ്ങോടു ഭവത്രാതന്‍ നമ്പൂതിരിപ്പാടിന്റെ സ്മരണയാണിത്. നമ്പൂതിരിവിദ്യാലയത്തില്‍ അച്ഛന്റെ സഹപാഠിയായിരുന്ന മാടമ്പ് നാരായണന്‍ നമ്പൂതിരി (വക്കീല്‍) ഈ സന്നദ്ധഭടന്മാരില്‍ പ്രധാനിയാണ്. വിദ്യാലയമാതാവിന്റെ തൃക്കാല്‍ക്കല്‍ നമസ്‌കരിച്ചും സ്വന്തം സ്വര്‍ണ്ണമോതിരം ജാഥയ്ക്കു സമ്മാനിച്ചും വിദ്യാര്‍ത്ഥികളുടെ സങ്കടപരിഹാരത്തിനുള്ള ഈ യാത്രയില്‍ അദ്ദേഹം സ്വയം പങ്കുചേരുകയായിരുന്നു. യാത്രയിലെ അനുഭവങ്ങള്‍ ദിനസരിയായി അദ്ദേഹം എഴുതിവെച്ചിട്ടുണ്ട്.

യാത്രയിലെ സ്ഥിരാംഗങ്ങളെ അദ്ദേഹം പരാമര്‍ശിക്കുന്നുണ്ട്- വി.ടി. ഭട്ടതിരിപ്പാട്, പാണ്ടം വാസുദേവന്‍ നമ്പൂതിരി, മാടമ്പു നാരായണന്‍ നമ്പൂതിരി, പത്തിയില്‍ നേത്രന്‍ ഭട്ടതിരിപ്പാട്, മടങ്ങര്‍ളി ഭവദാസന്‍ നമ്പൂതിരി, മടങ്ങര്‍ളി സി. കൃഷ്ണന്‍ നമ്പൂതിരി, മുല്ലപ്പള്ളി ബ്രഹ്‌മദത്തന്‍ നമ്പൂതിരി, തോട്ടപ്പായ ശ്രീകുമാരന്‍ നമ്പൂതിരി, വട്ടേനാടു പാറ വാസുദേവന്‍ നമ്പൂതിരി, ചെറുപ്പൊയിലത്തു നാരായണന്‍ നമ്പൂതിരി, ചിറ്റിശ്ശേരി കപ്ലിങ്ങാട്ടു കൃഷ്ണന്‍ നമ്പൂതിരി, അഷ്ടത്തു ശങ്കരന്‍ നമ്പൂതിരി, അഷ്ടത്തു ജാതവേദന്‍ നമ്പൂതിരി, പെരുമാങ്ങോടു ദാമോദരന്‍ നമ്പൂതിരി, ഏര്‍ക്കര വാസുദേവന്‍ നമ്പൂതിരി, പിള്ളനേഴി നാരായണന്‍ നമ്പൂതിരി, പിള്ളനേഴി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി, ചെറുപ്പൊയിലത്തു ഭവദാസന്‍ നമ്പൂതിരി, മൂര്‍ക്കനാട് പത്മനാഭന്‍ നമ്പൂതിരി, തോട്ടം രാമന്‍ നമ്പൂതിരി, ഏഴിക്കോട് നാരായണന്‍ നമ്പൂതിരി, അവണൂര്‍ വാസുദേവന്‍ നമ്പൂതിരി, പാലക്കാട്ടിരി പരമേശ്വരന്‍ നമ്പൂതിരി, ചെറുകുളപ്പുറത്തു പുരുഷോത്തമന്‍ നമ്പൂതിരി, പുലിയേടം കൃഷ്ണന്‍ നമ്പൂതിരി, മുട്ടത്തുകാട്ടില്‍ സുബ്രഹ്‌മണ്യന്‍ നമ്പൂതിരി, ഒളപ്പമണ്ണ ശങ്കരന്‍ നമ്പൂതിരിപ്പാട്.
ഇടയ്ക്കു കൂടിയവരും വിട്ടുപോയവരുമുണ്ട്. ഇ.എം.എസ്. നമ്പൂതിരിപ്പാട്, ഒ.എം.വി. നമ്പൂതിരിപ്പാട്, പള്ളം കൃഷ്ണന്‍ നമ്പൂതിരി, പുറയന്നൂര്‍ ദിവാകരന്‍ നമ്പൂതിരിപ്പാട്, മാത്തൂര്‍ കുഞ്ഞിക്കുട്ടന്‍ നമ്പൂതിരിപ്പാട്, സി. കൃഷ്ണന്‍ നമ്പൂതിരി, ഓട്ടൂര്‍ അനുജന്‍ നമ്പൂതിരിപ്പാട് എന്നിവര്‍ ആ വിഭാഗത്തില്‍പ്പെടും.

യാത്രാവിശേഷങ്ങളും സഞ്ചാരത്തിലെ സ്വീകാരതിരസ്‌കാരകഥകളും അപ്പപ്പോള്‍ തയ്യാറാക്കുന്നതും ഉണ്ണിനമ്പൂതിരി ഓഫീസിലെത്തിക്കുന്നതും എം.പി. ഭട്ടതിരിപ്പാട്, ഐ.സി.പി. നമ്പൂതിരി, തൃശ്ശൂരില്‍ സുധാര്‍ണ്ണവം ഹോട്ടല്‍ നടത്തുക എന്ന വിപ്ലവംകൂടി സൃഷ്ടിച്ച നരിക്കാട്ടിരി പരമേശ്വരന്‍ നമ്പൂതിരി, എം.ആര്‍.ബി. എന്നീ നാല്‍വര്‍സംഘമായിരുന്നു. ക്യാമ്പുകള്‍ നിശ്ചയിക്കാന്‍ മുമ്പേ പോവുകയും ഇടകിട്ടുമ്പോള്‍ ഒന്നിച്ചു നടക്കുകയും ചെയ്തവരില്‍ പ്രധാനികള്‍ സി.കെ. നമ്പൂതിരിയും പി.എസ്. കേശവന്‍ നമ്പൂതിരിയും (വക്കീല്‍, റിട്ട.ജഡ്ജി, അച്ഛന്റെ സഹപാഠി), ചിറ്റൂര്‍ കുഞ്ഞന്‍ നമ്പൂതിരിപ്പാടും ഇടയ്ക്കും തലയ്ക്കും സഹയാത്രികരായി. തെക്കിനിയില്‍ മലയാളരീതിയിലും വടക്കിനിയില്‍ തുളുസമ്പ്രദായത്തിലും ക്രിയകള്‍ ആചരിക്കുന്ന നമ്പൂതിരിഭവനം കര്‍ണ്ണാടകാതിര്‍ത്തിയിലുണ്ട്. ചന്ദ്രഗിരിപ്പുഴയുടെ തീരത്തുള്ള ആ ഇല്ലത്തു പതാക നാട്ടി യാത്രാസംഘം മടങ്ങി.

'നമ്പൂതിരിമാര്‍ എഴുന്നള്ളുകയല്ലാതെ നടക്കുക പതിവില്ല. ഇപ്പോള്‍ അവര്‍ നടക്കുക മാത്രമല്ല, യാചിക്കുകകൂടി ചെയ്യുന്നു. അതും ജന്മിത്തത്തിന്റെ തൊട്ടിലില്‍നിന്നും തെറിച്ചുവീണ അനാഥക്കുട്ടികളുടെ വിദ്യാഭ്യാസത്തിനായി. യോഗക്ഷേമസഭയാകുന്ന പാല്‍ക്കടലില്‍നിന്ന് കടഞ്ഞുകിട്ടിയ യുവജനസംഘത്തിന്റെ അമൃതിനു തുല്യമായ സല്‍ക്കര്‍മ്മങ്ങള്‍ വാഴ്ത്തപ്പെടേണ്ടതാണ്' എന്ന് മട്ടന്നൂര്‍ മധുസൂദനന്‍ തങ്ങള്‍ അഭിനന്ദിച്ചതും സ്വീകരിച്ചതും അച്ഛന്‍ അനുസ്മരിച്ചിരുന്നു. സ്വത്ത് നമ്പൂതിരികുടുംബത്തിലെ എല്ലാ അംഗങ്ങള്‍ക്കും തുല്യമായി അവകാശപ്പെട്ടതാണെന്ന നിയമം കൊണ്ടുവരാന്‍ മദിരാശി നിയമസഭയിലൂടെ പരിശ്രമിച്ച ദേശീയനേതാവുകൂടിയാണ് മധുസൂദനന്‍ തങ്ങള്‍. ഈ ദേശസഞ്ചാരത്തിലെ സംഭവബഹുലതയ്ക്കിടയില്‍ കൈവന്ന മാനുഷികബന്ധങ്ങള്‍ സാമൂഹ്യപ്രവര്‍ത്തനത്തിലെ അമൂല്യാനുഭവങ്ങളായി അച്ഛന്‍ ഓര്‍മ്മിച്ചിരുന്നു.

കിള്ളിക്കുറുശ്ശിമംഗലത്തിനടുത്തൊരില്ലം. കുപ്പായവും ചാക്കുമായി പത്തുമുപ്പതു പേര്‍ നിരന്നുനില്‍ക്കുന്നതു കണ്ടപ്പോള്‍ മുറ്റത്ത് ഓടിക്കളിച്ചിരുന്ന കുട്ടികള്‍ പേടിച്ച് അകത്തേക്കു പോകാന്‍ തുടങ്ങി. 'പേടിക്കണ്ട, ട്ടോ! ഞങ്ങള്‍ ആളേപ്പിടുത്തക്കാരല്ല. നിങ്ങളെ പൊക്കണത്തിലിട്ടു കൊണ്ടുപോകാന്‍ വന്നവരല്ല. വരൂ, അടുത്തു വരൂ. ചോദിക്കട്ടെ, ഉണ്ണിക്ക് ഈ നോട്ടീസു വായിക്കാന്‍ വയ്‌ക്കോ? ഉണ്ണിക്കു വശമില്ലെങ്കില്‍ ഓപ്പോള്‍ക്കു വശാവും,' ജാഥാനേതാവുകൂടിയായ അച്ഛന്‍ അടുത്തുചെന്ന് കുട്ടികളോടെന്നപോലെ ഞായം പറഞ്ഞു. ഇതു കേട്ടപ്പോള്‍ ഉണ്ണി പറഞ്ഞു: 'ഇല്ലില്യ, ഓപ്പോള്‍ക്കു വായിക്കാന്‍ വശല്ല്യ. ഞാന്‍ വായിക്കാം' എന്നു സ്വന്തം ഭാഷയില്‍ ഉണ്ണി വായിക്കാന്‍ തുടങ്ങി. അസ്പഷ്ടമധുരമായ ആ വായനയ്ക്ക് അപ്പോള്‍ ഗൃഹനാഥന്റെ വരവ് ഭംഗം വരുത്തി. ഉണ്ണി അദ്ദേഹത്തിന്റെ അടുത്തു ചെന്ന് ചേര്‍ന്നുനിന്നു.

'അമ്പലത്തില്‍നിന്നു പോരാന്‍ ഇത്തിരി വൈകി. നിങ്ങളുടെ മടക്കത്തിനുമുമ്പ് ഇവിടെ എത്തണമെന്നുണ്ടായിരുന്നു. ഞങ്ങളുടെ ഈ മക്കള്‍ക്കുവേണ്ടിയാണല്ലോ ഈ യാത്ര' എന്ന മുഖവുരയോടെ ചില്ലിയും മുക്കാലുമായി ഒരു കുടന്ന നാണ്യം അദ്ദേഹം നിലത്തു വിരിച്ചിരുന്ന ഉണ്ണിനമ്പൂതിരി പത്രത്തിലേക്കു ചൊരിഞ്ഞു.

അപ്പോള്‍ അച്ഛന്‍ ജാഥാംഗങ്ങളോടു സംസാരിച്ചു: 'ശാന്തി ചെയ്തു കഷ്ടപ്പെട്ടു സമ്പാദിച്ചതാണ് ഈ കാശത്രയും. ഇതിന്മേലുള്ള മെഴുക്കും ചളിയും നോക്കൂ. തിങ്കളാഴ്ചനോല്‍മ്പുകാരുടേയും പായസംവെപ്പുകാരുടേയും മറ്റും ദക്ഷിണയായി അത്യദ്ധ്വാനം ചെയ്തു കിട്ടിയ ഈ തുട്ടുകള്‍ ഇദ്ദേഹം കല്ലുവിളക്കിന്റെ ചെരിവു തീര്‍ക്കാന്‍കൂടി ഉപയോഗിച്ചിട്ടുണ്ടാവുമെന്നാണ് എന്റെ വിശ്വാസം. ഇതില്‍ പൂമുള്ളി മനയില്‍ പൂത്തുപൂത്തിരിക്കുന്ന പവനേക്കാള്‍ വില ഞാന്‍ കാണുന്നുണ്ട്. ഇതാണ് ശരിയായ ത്യാഗം, ശരിയായ ദാനം. ഇപ്പോഴാണ് എന്റെ ഹൃദയം കുളിര്‍ത്തത്.' പൂമുള്ളിമന തലേന്ന് ഒന്നും കൊടുക്കാതെ ജാഥയെ മടക്കിയയച്ച സംഭവം അച്ഛന്റെ മനസ്സിലുണ്ടായിരുന്നു. ('പൂമുള്ളി പൂജ്യം'എന്നാണ് ഉണ്ണിനമ്പൂതിരിയിലെ റിപ്പോര്‍ട്ട്).

യാചനായാത്രക്കാരുടെ വരവുണ്ടെന്നു കേട്ട് തൊണ്ണൂറു വയസ്സായ ഒരു ഗൃഹനാഥന്‍ മടി നിറയെ പണവുമായി പടിക്കല്‍ കാത്തുനിന്നിരുന്നു. ജാഥാംഗങ്ങളോരോരുത്തരായി മനയ്ക്കലെ കൊട്ടാംപടി കടക്കുമ്പോള്‍ അവിടുത്തെ കാരണവരായ ഇദ്ദേഹം ഒടുക്കത്തെ ആളെവരെ സൂക്ഷിച്ചുനോക്കുന്നുണ്ടായിരുന്നു. 'ജാഥയുടെ തലവനായ രാമന്‍ എവിടെ?' എന്ന അന്വേഷണം അദ്ദേഹം വെളിപ്പെടുത്തിയുമില്ല. താന്‍ പ്രതീക്ഷിച്ച രാമന് അന്നു കൂട്ടത്തിലെത്താന്‍ സാധിച്ചില്ലെന്നറിഞ്ഞപ്പോള്‍ ഒരക്ഷരവും മിണ്ടാതെ നിരാശനായി അദ്ദേഹം ഇല്ലത്തേക്കു മടങ്ങി. എന്നാല്‍, യാത്രാംഗങ്ങള്‍ക്കു സമര്യാദമായ സ്വീകരണം നല്‍കി. പണം കൊടുത്തതുമില്ല.
കണയത്തു തിരിച്ചെത്തി ഒന്നോ രണ്ടോ മാസത്തിനുള്ളില്‍ അച്ഛന് യദൃച്ഛയാ അവിടെ പോകേണ്ടിവന്നു. ചെന്ന ഉടനെ യാചനായാത്രയ്ക്കു വരാത്തതിനെക്കുറിച്ച് ഗൃഹനാഥന്‍കൂടിയായ ഈ വയോധികന്‍ പരിഭവത്തോടെ സംസാരിച്ചു. അവിടെനിന്നു വിടവാങ്ങി പിരിയുമ്പോള്‍ അന്ന് യാചനായാത്രയ്ക്കു നല്‍കാന്‍ കരുതിയ നൂറ്റിയൊന്നു രൂപ അച്ഛനെ ഏല്പിച്ച ശേഷം അദ്ദേഹം പറഞ്ഞു: 'അന്നു രാമന് തരണമെന്നു വിചാരിച്ചു കരുതിയതാണ് ഈ സംഖ്യ. ഇതെന്താച്ചാല്‍ ചെയ്യാം.'

അച്ഛന്‍ നാലു കൊല്ലത്തോളം ഓത്തുചൊല്ലിപ്പാര്‍ത്ത ഗുരുകുലമായ മാവുണ്ടിരി മുതുകുറുശ്ശിമനയിലെ (കുന്നക്കാവ്) നമ്പൂതിരിപ്പാട് വാത്സല്യത്തിന്റെ മധുരക്കിലുക്കത്തോടെ സമുദായത്തിന്റെ മേശപ്പുറത്തു സമര്‍പ്പിച്ച മുഴുവനുറുപ്പിക നാണ്യങ്ങള്‍! കണ്ണുനിറയ്ക്കുന്ന ആ സ്മരണയും അച്ഛന്റെ ആത്മകഥയില്‍ അലിഞ്ഞുചേര്‍ന്നിരിക്കുന്നു.

Content Highlights: V.T. Bhattathiripad, Book excerpt,V.T. Oru thuranna pusthakam, V.T. Vasudevan, Mathrubhumi books

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
gandhinagar second street, sathyan anthikkad Mamukoya movies, sreenivasan

8 min

'ഗ്ലാമറിനോടുള്ള ഒരുതരം വൈരാഗ്യബുദ്ധി ശ്രീനിവാസന് അക്കാലംതൊട്ടേ ഉണ്ട്, അതു തെളിഞ്ഞിരിക്കയാണ്!'

Jun 4, 2023


Manu S Pillai, Book Cover

12 min

എത്ര മായ്ക്കാന്‍ ശ്രമിച്ചാലും മായാത്ത മുഗള്‍ചരിത്രം; മനു എസ്. പിള്ളയുടെ റിബല്‍ സുല്‍ത്താന്‍മാര്‍!

Jun 3, 2023


Madhavikkutti and Gandhi

11 min

മഹാത്മാഗാന്ധിയും മാധവിക്കുട്ടിയും തമ്മിലെന്ത് ബന്ധം?

May 31, 2023

Most Commented