വി.കെ. കൃഷ്ണമേനോന്റെ ഏറ്റവും സമഗ്രമായ ജീവചരിത്രമാണ് ജയറാം രമേഷ് എഴുതിയ 'A chequered Brilliance: The Many Lives Of V.K. Krishnamenon'. ഒട്ടേറെ രേഖകളുടെ പിന്‍ബലത്തില്‍ ഉള്‍ക്കാഴ്ചയോടെ രചിച്ചിരിക്കുന്ന ഈ പുസ്തകം ജീവചരിത്രരചനയ്ക്ക് വ്യത്യസ്തമായ ഒരു മാതൃകയുമാണ്. 'വി.കെ. കൃഷ്ണമേനോന്‍ പ്രതിഭയുടെ ബഹുജീവിതങ്ങള്‍' എന്നപേരില്‍ മാതൃഭൂമി ബുക്സ് പുറത്തിറക്കിയ പരിഭാഷയില്‍നിന്നുള്ള ഭാഗങ്ങളാണിവ

ഹാത്മാഗാന്ധിയുമായി ബന്ധമായപ്പോഴാണ് നെഹ്രുവിന്റെ പൊതുജീവിതം ആരംഭിച്ചതെന്നാണ് പൊതുവായുള്ള ധാരണ. വാസ്തവത്തില്‍, ആനിബസന്റുമൊത്താണ് അതാരംഭിക്കുന്നത്; കൃഷ്ണമേനോന്റെ കാര്യത്തില്‍ സംഭവിച്ചതുപോലെ. അവരിലൂടെ, ബോയ് സ്‌കൗട്ട്സ് പ്രസ്ഥാനവുമായും കൃഷ്ണമേനോന്‍ ഗാഢബന്ധത്തിലായി. 1918-ല്‍ ധനതത്ത്വശാസ്ത്രത്തിലും ചരിത്രത്തിലും രാഷ്ട്രമീമാംസയിലും കൃഷ്ണമേനോന് ബിരുദം ലഭിച്ചു; ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ആദ്യത്തെ വനിതാ അധ്യക്ഷയായി ആനിബസന്റ് പ്രവര്‍ത്തിച്ച അതേവര്‍ഷം. 1917 ഡിസംബര്‍ 26-നാണ് അവര്‍ ആ പദവിയില്‍ അവരോധിക്കപ്പെട്ടത്. ബിരുദം നേടിയതിനുശേഷം കൃഷ്ണമേനോന്‍ മദ്രാസിലെ ലോ കോളേജില്‍ ചേര്‍ന്നെങ്കിലും അത് അദ്ദേഹത്തിന്റെ പിതാവിനെ സന്തുഷ്ടനാക്കുന്നതിനു മാത്രമായിരുന്നു. നിയമപഠനം അദ്ദേഹം ഒരിക്കലും പൂര്‍ത്തീകരിച്ചില്ല. 1918-ല്‍ തിയോസഫിക്കല്‍ സൊസൈറ്റിയില്‍ ചേര്‍ന്ന കൃഷ്ണമേനോന്‍ അതിന്റെയും ബോയ് സ്‌കൗട്ട്സ് പ്രസ്ഥാനത്തിന്റെയും സന്ദേശം മദ്രാസിലും കൊച്ചിയിലും കോഴിക്കോട്ടും പ്രചരിപ്പിക്കുന്നതിനായിരുന്നു പിന്നീടുള്ള ആറുവര്‍ഷം വിനിയോഗിച്ചത്. രബീന്ദ്രനാഥ ടാഗോറിനെ ആദ്യത്തെ വൈസ് ചാന്‍സലര്‍ ആക്കിക്കൊണ്ട്, ആനി ബസന്റ് മദ്രാസില്‍ സ്ഥാപിച്ച നാഷണല്‍ യൂണിവേഴ്സിറ്റിയില്‍ കുറച്ചുകാലം അദ്ദേഹം അധ്യാപനം നടത്തുകയുമുണ്ടായി. ശിഷ്യരായി 'രണ്ടു കൃഷ്ണന്മാര്‍' ഉണ്ടെന്നൊരു സവിശേഷത അവകാശപ്പെടാവുന്ന വ്യക്തിയാണ് ആനിബസന്റ്. ജിദ്ദു കൃഷ്ണമൂര്‍ത്തിയായിരുന്നു ആദ്യത്തെയാള്‍; ലോകപ്രശസ്ത തത്ത്വചിന്തകനായി കൊണ്ടാടപ്പെടേണ്ടിയിരുന്ന അദ്ദേഹം 1929 ഓഗസ്റ്റില്‍ തിയോസഫിക്കല്‍ സൊസൈറ്റിയുമായി തെറ്റിപ്പിരിഞ്ഞു. അതോടെ അദ്ദേഹത്തെ ലോകഗുരുവാക്കുക എന്ന ആനി ബസന്റിന്റെ പദ്ധതിയും നടപ്പാകാതെപോയി. ഏതാണ്ട് അതേസമയത്തുതന്നെ, രണ്ടാമത്തെ കൃഷ്ണനും -കൃഷ്ണമേനോന്‍- ആനിബസന്റിനെ വിട്ടുപോയി. ഇന്ത്യയ്ക്ക് പൂര്‍ണസ്വാതന്ത്ര്യം വേണമെന്ന ചെറുപ്പക്കാരായ കോണ്‍ഗ്രസുകാരുടെ -നെഹ്രുവായിരുന്നു അതില്‍ ഏറ്റവും ശ്രദ്ധേയനായ വ്യക്തി- ആവശ്യത്തെ അവര്‍ പിന്താങ്ങുന്നില്ലെന്ന വ്യക്തമായ കാരണമായിരുന്നു അതിനുപിന്നില്‍. എങ്കിലും രണ്ടു കൃഷ്ണന്മാരും തന്റേടിയായ ആ സ്ത്രീക്ക് സ്ഥിരമായി എഴുതാറുണ്ടായിരുന്നു. എല്ലായ്പോഴും 'ഏറ്റവും പ്രിയപ്പെട്ട അമ്മയ്ക്ക്' എന്ന അഭിസംബോധനയോടെ ആരംഭിച്ചിരുന്ന കത്തുകള്‍ 'അവിടത്തെ പ്രിയപ്പെട്ട മകന്‍' എന്നാണ് അവസാനിച്ചിരുന്നത്. വാസ്തവത്തില്‍, രണ്ടു കൃഷ്ണന്മാരും തമ്മില്‍ നല്ല അടുപ്പമുണ്ടായിരുന്നു. രാഷ്ട്രീയക്കാരനായ കൃഷ്ണന്‍ 1974-ല്‍ അന്തരിക്കുന്നതുവരെ ആ സൗഹൃദം തുടരുകയും ചെയ്തു. തത്ത്വചിന്തകനായ കൃഷ്ണന്‍, കൃഷ്ണമേനോന്റെ കാഴ്ചപ്പാടുകളെ വളരെയേറെ സ്വാധീനിച്ചിരുന്നു. പ്രത്യേകിച്ച് വിദ്യാഭ്യാസവിഷയത്തില്‍. 1926 സെപ്റ്റംബര്‍ 25-ന് അദ്ദേഹം തന്റെ സഹോദരി ജാനകിയമ്മയ്ക്കയച്ച നീണ്ടകത്തില്‍ തന്റെ വ്യക്തിപരമായ തത്ത്വശാസ്ത്രം വിശദീകരിക്കുന്നതിനൊപ്പം തിയോസഫിക്കല്‍ സൊസൈറ്റിയുടെ വൃത്തങ്ങളില്‍ 'കൃഷ്ണാജി' എന്നറിയപ്പെട്ടിരുന്ന ജിദ്ദു കൃഷ്ണമൂര്‍ത്തിയോടുള്ള വ്യക്തമായ വിധേയത്വവും പരാമര്‍ശിക്കുന്നുണ്ട്:

'... ലോകഗുരുവിനെ സ്വീകരിക്കാന്‍ ലോകം തയ്യാറായിരിക്കുന്നു. തിയോസഫിക്കല്‍ സൊസൈറ്റിയുടെ താരവുമായി കൂടിച്ചേരാന്‍ എല്ലാവരെയും പ്രേരിപ്പിക്കണമെന്നല്ല അതിന്റെയര്‍ഥം. അതൊക്കെ ജോലിയുടെ രീതികള്‍. അത്രേയുള്ളൂ. സത്യമെന്ന് നമുക്കറിയാവുന്ന കാര്യത്തെക്കുറിച്ച് ധീരമായി നമ്മള്‍ പറയേണ്ടിയിരിക്കുന്നു. പക്ഷേ, അത് സൗമ്യമായിട്ടായിരിക്കണംതാനും. കൃഷ്ണാജിയുടെ സമീപത്തേക്ക് എല്ലാവരെയും നമ്മള്‍ കൊണ്ടുവരണം. അദ്ദേഹം എന്തിനുവേണ്ടി നിലകൊള്ളുന്നുവെന്ന് ലോകത്തെ ബോധ്യപ്പെടുത്തുകയും വേണം. ആനന്ദത്തിന്റെ സാമ്രാജ്യം എന്ന് അദ്ദേഹം വിളിക്കുന്ന മഹത്തായ ആശയത്തിനുവേണ്ടിയാണ് അദ്ദേഹം നിലകൊള്ളുന്നത്-ഉള്ളില്‍ തികഞ്ഞ ആനന്ദത്തോടെയായിരിക്കണം നമ്മള്‍ ആരംഭിക്കേണ്ടത്... ഇനി അതിന്റെ പ്രായോഗികവശമുണ്ട്... ഏതൊരാള്‍ ചെയ്യുന്ന ചെറിയ കാര്യവും അനല്പമാണ്-ഭവനങ്ങള്‍ വൃത്തിയാക്കുക, തെരുവുകള്‍ വൃത്തിയാക്കുക, ശരീരങ്ങളും മനസ്സുകളും ശുദ്ധമാക്കുക, ഇതൊക്കെയാണ് വേണ്ടത്... സമൂഹതിന്മകളോട് നമ്മള്‍ പൊരുതണം. തൊട്ടുകൂടായ്മ, പരിചാരകരോടും മൃഗങ്ങളോടും പിന്നെ സ്ത്രീകളോടുമുള്ള ക്രൂരത. വൃത്തികേടിനോടും ദാരിദ്ര്യത്തോടും നമ്മള്‍ പൊരുതണം. എല്ലാ വിധത്തിലുമുള്ള അനാചാരങ്ങളെയും നമ്മള്‍ എതിര്‍ക്കണം... ഓരോ ദിവസവും പുതുതായി ആരംഭിക്കുക. എല്ലാ പഴയ മുന്‍വിധികളും മറക്കുക, പകയും മറ്റുള്ളവരെക്കുറിച്ച് നമുക്കുള്ള അഭിപ്രായങ്ങളും മറക്കുക. ഓരോരുത്തരെയും അവരെങ്ങനെയോ അങ്ങനെ ഞാന്‍ കാണേണ്ടിയിരിക്കുന്നു... ഹിന്ദുത്വത്തെ കൂടുതല്‍ യാഥാര്‍ഥ്യവത്കരിക്കുക... പരിമിതികള്‍ക്ക് അതീതമായി ഉയരണമെന്നാണ് കൃഷ്ണാജിയുടെ മഹത്തായ അഭ്യര്‍ഥന...'

...............

പില്ക്കാലത്ത്, 1947-48ല്‍, ഇന്ത്യയുടെ വൈസ്രീന്‍ (വൈസ്രോയിയുടെ പത്‌നി) ആയിത്തീര്‍ന്ന ഒരു വ്യക്തിയെയും 1934-ലോ 1935-ലോ കൃഷ്ണമേനോന്‍ പരിചയപ്പെടുകയുണ്ടായി. അവരുടെ ആദ്യകാല ജീവചരിത്രകാരില്‍ ഒരാളായ പെര്‍കിന്‍സ് ഇങ്ങനെയാണ് എഴുതിയിരിക്കുന്നത്: 'അധ്യാപകനെന്നും പത്രപ്രവര്‍ത്തകനെന്നും പ്രസാധകനെന്നും സ്വയം വിശേഷിപ്പിച്ചിരുന്ന, മിഡില്‍ ടെമ്പിളിലെ ഒരഭിഭാഷകനായിരുന്ന വെങ്ങാലില്‍ കൃഷ്ണന്‍ കൃഷ്ണമേനോനായിരുന്നു യുദ്ധത്തിനുമുമ്പ് ലണ്ടനിലെ എഡ്വിനയുടെ സാമൂഹികസുഹൃത്തുക്കളിലൊരാള്‍... അദ്ദേഹത്തിന്റെ ചടുലമായ മനസ്സും ധിഷണയും കടുത്ത സോഷ്യലിസ്റ്റ് അനുഭാവവും സാമ്രാജ്യത്വവിരോധവും അവരെ ആകര്‍ഷിച്ചിരുന്നു. കൃഷ്ണമേനോനില്‍ക്കൂടിയാണ് അദ്ദേഹത്തിന്റെ ശിഷ്യനായിരുന്ന ജവാഹര്‍ലാല്‍ നെഹ്രുവിനെക്കുറിച്ച് എഡ്വിന കൂടുതല്‍ അറിയുന്നത്... നെഹ്രുവിന് കൃഷ്ണമേനോനുമായുണ്ടായിരുന്ന ബന്ധത്തെ 'ശിഷ്യന്‍' എന്നു വിശേഷിപ്പിക്കുന്നത് തീര്‍ച്ചയായും അതിശയോക്തിതന്നെയാണ്. അവര്‍ തമ്മിലുള്ള ആദ്യകൂടിക്കാഴ്ച സംഭവിച്ചതെന്നാണെന്ന് കൃത്യമായി അറിഞ്ഞുകൂടാ. എന്നാല്‍, അദ്ദേഹവും അവരുടെ ഭര്‍ത്താവും തമ്മില്‍ പരിചയമാകുന്നതിനും മൗണ്ട്ബാറ്റന്മാര്‍ നെഹ്രുവിന്റെ ലോകത്തിന്റെ ഭാഗമാകുന്നതിനും മുമ്പ് കൃഷ്ണമേനോനും എഡ്വിനയും നല്ല സുഹൃത്തുക്കളായിരുന്നു. നെഹ്രുവുമായി എഡ്വിനയ്ക്കുണ്ടായിരുന്ന ബന്ധം പ്രത്യകതയുള്ളതും അനന്യവുമായിരുന്നു എന്നതില്‍ സംശയമില്ല. അവരും കൃഷ്ണമേനോനും തമ്മില്‍ കത്തിടപാടുകളുണ്ടായിരുന്നു; 1951 ജനുവരിയില്‍ ലണ്ടനില്‍ ഇന്ത്യാ ക്ലബ്ബ് ആരംഭിച്ചപ്പോള്‍ അവര്‍ രണ്ടുപേരും ഒരുമിച്ചായിരുന്നു അതിന്റെ അധ്യക്ഷപദവിയില്‍ ഉണ്ടായിരുന്നത്. ഏതാനും മാസങ്ങള്‍ കഴിഞ്ഞ്, 1952 ജൂലായ് 15-ന്, പോര്‍ട്ടിസ്‌ഹെഡില്‍ ആയിരുന്ന എച്ച്.എം.എസ്. സര്‍പ്രൈസ് എന്ന യുദ്ധക്കപ്പലില്‍നിന്ന് അവര്‍ കൃഷ്ണമേനോന് കമ്പിയടിച്ചു: 'ഞാന്‍ നിങ്ങളെക്കുറിച്ച് യഥാര്‍ഥമായ സ്‌നേഹത്തോടെയും നന്ദിയോടെയും ആരാധനയോടെയും ചിന്തിക്കുകയാണ് കൃഷ്ണ, പ്രത്യേകിച്ചിന്ന്.' 1955 നവംബറില്‍ അമേരിക്കയിലെ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ എഡ്വിന മൗണ്ട്ബാറ്റണെക്കുറിച്ച് ഒരു ഫയല്‍ ആരംഭിച്ചിരുന്നുവെന്ന് അടുത്തയിടയ്ക്ക് വെളിവാക്കപ്പെടുകയുണ്ടായി. 'കൃഷ്ണമേനോനുമായി അവര്‍ക്കുണ്ടായിരുന്ന ബന്ധവും ഇന്ത്യയെയും ആഫ്രിക്കയെയും കുറിച്ച് അവര്‍ നടത്തിയ രാഷ്ട്രീയപ്രഖ്യാപനങ്ങളുമായിരുന്നിരിക്കണം അതിന്റെ കാരണം...' 1960 ഫെബ്രുവരിയില്‍ അവര്‍ അന്തരിച്ചപ്പോള്‍ പോര്‍ട്സ്മൗത്തിലെ കടല്‍ത്തീരത്തായിരുന്നു അവരുടെ അന്ത്യകര്‍മങ്ങള്‍ നടത്തിയത്. കടലില്‍ ഒഴുകിനടന്ന മാരിഗോള്‍ഡ് പുഷ്പചക്രങ്ങളിലൊന്ന് കൃഷ്ണമേനോന്‍ അയച്ചതായിരുന്നു; മറ്റൊന്ന് നെഹ്രുവും. അവരുടെ ശവസംസ്‌കാരത്തിന് ഇന്ത്യന്‍ നാവികസേനയുടെ ഒരു കപ്പല്‍ അയച്ചതിന് നെഹ്രു പഴികേട്ടിരുന്നു. ബ്രിട്ടനിലെ ബെല്‍ഫാസ്റ്റില്‍ നിര്‍മിച്ച് 1960 ജനുവരി 14-ന് ഇന്ത്യന്‍ നാവികസേനയ്ക്കു കൈമാറിയ ഐ.എന്‍.എസ്. ത്രിശൂല്‍ എന്ന യുദ്ധക്കപ്പല്‍ ഇന്ത്യയിലേക്കുള്ള യാത്രാമധ്യേ പോര്‍ട്സ്മൗത്ത് തുറമുഖത്തിനടുത്ത് നങ്കൂരമിട്ടിരുന്നു എന്നതാണ് ഇതിലെ യഥാര്‍ഥവസ്തുത.

...................

1974 ഒക്ടോബര്‍ അഞ്ചിന് രാത്രി പത്തുമണി അടുപ്പിച്ച് ദീര്‍ഘകാലമായി തന്റെ പരിചാരകനായിരുന്ന മുഹമ്മദ് അലിയോട് കൃഷ്ണമേനോന്‍ 'എനിക്ക് ഒരു കപ്പു ചായ തരൂ. അതു ചിലപ്പോള്‍ എന്റെ അവസാനത്തേതായേക്കാം' എന്നുപറഞ്ഞു. അത് അങ്ങനെതന്നെയായി. ഒക്ടോബര്‍ ആറ് ഞായറാഴ്ച പുലര്‍ച്ചെ ലോകത്തിലെ ഏറ്റവും മഹാനായ ചായപ്രേമി, അരനൂറ്റാണ്ടോളം നിത്യവും ഇരുപതുമുതല്‍ മുപ്പതുവരെ ചായകുടിച്ചിരുന്നയാള്‍ അന്തരിച്ചു. ബ്ലാക്പൂളിലുള്ള ഇസ്മയില്‍ ആന്‍ഡ് കമ്പനിയായിരുന്നു അദ്ദേഹത്തിന്റെ പ്രിയപ്പെട്ട തേയില സപ്ലയര്‍. ഒരിക്കല്‍, 1951 സെപ്റ്റംബര്‍ 10-ന് അദ്ദേഹം അവര്‍ക്ക് ഇങ്ങനെ എഴുതി: 'താങ്കളുടെ തേയിലയാണ് എന്റെ ഒരു പോഷക ഉറവിടം. തീര്‍ച്ചയായും മറ്റനവധിയാളുകളും ഇതു കുടിക്കുന്നുണ്ട്. എന്തായാലും, ഞാന്‍ താങ്കളോടു പറയട്ടെ, ഈയിടെ എനിക്കുവന്ന തേയില അറയ്ക്കത്തക്കതായിരുന്നു. താങ്കള്‍ ദയവായി ഇക്കാര്യം വ്യക്തിപരമായി ശ്രദ്ധിക്കുകയും താങ്കള്‍ക്ക് അയക്കാന്‍കഴിയുന്ന ഏറ്റവും മികച്ചതല്ലാതെ എനിക്കയക്കാതിരിക്കുകയും ചെയ്യാമോ? ഇക്കാര്യം ഞാന്‍ താങ്കളോടാവശ്യപ്പെടുന്നത് താങ്കള്‍ക്കു വിരോധമാകില്ലെന്നു കരുതട്ടെ'. ഇസ്മയില്‍ അതിവിനീതമായി ഉടനടി മറുപടിയയച്ചു: 'അങ്ങേയ്ക്ക് പതിവായി അയക്കുന്നതില്‍നിന്നു വ്യത്യസ്തമായി എങ്ങനെ സാധനം കിട്ടി എന്നെനിക്കു മനസ്സിലാകുന്നില്ല.' കൃഷ്ണമേനോന്റെ മൃതദേഹം വീട്ടില്‍ കൊണ്ടുവന്നു. അദ്ദേഹത്തിന് ആദരമര്‍പ്പിക്കാന്‍ ഇന്ദിരാഗാന്ധി രാവിലേതന്നെ രണ്ടു പ്രാവശ്യം അവിടെയെത്തി. 1974 ഒക്ടോബര്‍ ആറിന് വൈകുന്നേരം ശവസംസ്‌കാരം നടന്നു. തന്റെ ചില സഹപ്രവര്‍ത്തകര്‍ക്കൊപ്പം ഇന്ദിരാഗാന്ധി ചടങ്ങിലുടനീളം പങ്കെടുത്തു. അന്നുരാത്രി ഇന്ദിരാഗാന്ധിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന പി.എന്‍. ഹസ്‌കര്‍ ആകാശവാണിയില്‍ ചെല്ലുകയും കൃഷ്ണമേനോനു നല്‍കാവുന്ന ഏറ്റവും മികച്ചതും നീതിപൂര്‍വകവുമായ ആദരാഞ്ജലി അര്‍പ്പിക്കുകയും ചെയ്തു.

അദ്ദേഹം മരിച്ച് അധികം വൈകാതെ അദ്ദേഹത്തിന്റെ സാധനസാമഗ്രികളുടെ കണക്കെടുത്തു. പന്ത്രണ്ടായിരത്തിലധികം പുസ്തകങ്ങളുണ്ടായിരുന്നത് വിവിധ ലൈബ്രറികള്‍ക്കു സംഭാവനചെയ്തു. പലതരത്തിലുള്ള നൂറുകണക്കിനു പാവകളെയും കണ്ടെത്തി. അവ കുട്ടികളുടെ സ്ഥാപനങ്ങള്‍ക്കു നല്‍കി. അസംഖ്യം ഊന്നുവടികളും ഉണ്ടായിരുന്നു. അവ അദ്ദേഹത്തിന്റെ വിവിധ സുഹൃത്തുക്കള്‍ എടുത്തു. 1974 ഒക്ടോബര്‍ 31-ന് ലണ്ടനില്‍ അദ്ദേഹത്തിന്റെ ഒരു അനുസ്മരണസമ്മേളനം നടത്തി. ഇന്ത്യയുടെയും ബ്രിട്ടന്റെയും പ്രധാനമന്ത്രിമാരുടെയും അദ്ദേഹത്തിന്റെ ബ്രിട്ടീഷ് സുഹൃത്തുക്കളായ മൗണ്ട്ബാറ്റണ്‍, ലിസ്റ്റോവെല്‍, ജെന്നി ലീ, ബാര്‍ബറ കാസില്‍, പാം ദത്ത് എന്നിവരടക്കമുള്ളവരില്‍നിന്നും സന്ദേശങ്ങള്‍ ലഭിച്ചു. ഫ്രിഡാ ലാസ്‌കി ഉള്‍പ്പെടെ അനവധി പ്രമുഖ ബ്രിട്ടീഷ്-ഇന്ത്യന്‍ വ്യക്തിത്വങ്ങള്‍ അവിടെ സന്നിഹിതരായിരുന്നു.

......................

VK
പുസ്തകം വാങ്ങാം

ഏറ്റവും ഹാനിയുണ്ടാക്കിയത് പ്രതിരോധമന്ത്രി എന്നനിലയിലുള്ള കൃഷ്ണമേനോന്റെ പ്രകടനമാണ്. വലിയ പ്രതീക്ഷകളുടെ നടുവിലാണ് അദ്ദേഹം ആ പദവിയിലേക്കെത്തിയത്. ആദ്യത്തെ രണ്ടുമൂന്നു വര്‍ഷങ്ങള്‍ വലിയ നേട്ടങ്ങളുണ്ടാക്കുകയും ചെയ്തു. അദ്ദേഹം സൃഷ്ടിച്ച പ്രതിരോധഗവേഷണ നിര്‍മാണസ്ഥാപനങ്ങള്‍ തീര്‍ച്ചയായും ക്ഷയിക്കാതിരിക്കുകയും ഇന്ത്യയ്ക്ക് സ്വയംപര്യാപ്തി വലിയൊരളവില്‍ നല്‍കുകയും ചെയ്തു. വളരെ സചേതനമായ ഈ ചുമതലയ്ക്ക് അദ്ദേഹം വികാരപരമായി അനനുയോജ്യനായിരുന്നു എന്നതാണ് സത്യം. അദ്ദേഹത്തിന്റെ വ്യക്തിത്വപരമായ വിചിത്രശീലങ്ങള്‍ക്കും പ്രവര്‍ത്തനരീതികള്‍ക്കും രാഷ്ട്രത്തിനു വലിയ വിലകൊടുക്കേണ്ടിവന്നു. 1962-ന്റെ ബലിയാടായിരുന്നോ കൃഷ്ണമേനോന്‍? ചൈനയുമായുള്ള യുദ്ധം ആരംഭിച്ചതിനുശേഷവും ഇന്ത്യയുടെ തിരിച്ചടികള്‍ വര്‍ധിച്ചതിനുശേഷവും അദ്ദേഹം നെഹ്രുവിന്റെ മന്ത്രിസഭയില്‍ തുടര്‍ന്നത് ന്യായീകരിക്കത്തക്കതല്ല. മനസ്സില്ലാമനസ്സോടെ കൃഷ്ണമേനോനെ രാജിവെക്കാന്‍ അനുവദിച്ചുകൊണ്ട് ജനരോഷം ഒന്നു തണുപ്പിക്കാന്‍ നെഹ്രുവിനു കഴിഞ്ഞു. നെഹ്രുവിന്റെ ഏറ്റവും രൂക്ഷവിമര്‍ശകനായിരുന്ന രാജാജിപോലും കൃഷ്ണമേനോന്റെ രാജിമാത്രമേ ആവശ്യപ്പെട്ടുള്ളൂ. പ്രധാനമന്ത്രി അധികാരത്തില്‍ തുടരേണ്ടത് ദേശീയമനോവീര്യവും ശക്തിയും പുനര്‍നിര്‍മിക്കുന്നതിന് ആവശ്യമാണെന്ന് അദ്ദേഹം വിശ്വസിച്ചു. മൂന്ന് ഉന്നത സൈനിക ഓഫീസര്‍മാരോടുള്ള -തിമ്മയ്യ, തൊറാട്ട്, മനേക്ഷാ-കൃഷ്ണമേനോന്റെ വിരോധത്തിനും രാഷ്ട്രം നഷ്ടം സഹിക്കേണ്ടിവന്നു. ഈ ത്രിമൂര്‍ത്തികളെ ദ്രോഹിക്കുന്നതില്‍ കൗളിന്റെ കൂട്ടാളിയാണോ അദ്ദേഹമെന്നതു പ്രശ്‌നമല്ല. പ്രതിരോധമന്ത്രിയെന്നനിലയില്‍ ആത്യന്തികമായ ഉത്തരവാദിത്വം അദ്ദേഹത്തിനാണ്, അദ്ദേഹത്തിനു മാത്രമാണ്. 'നെവില്‍ ചേംബര്‍ലെയ്നിന്റെ വ്യക്തിത്വത്തിലെ നിര്‍ണായക ഗുണങ്ങള്‍' എന്ന് ക്രിസ്റ്റഫര്‍ ബ്രൗണിങ് ഈയിടെ പറഞ്ഞത് കൃഷ്ണമേനോനെപ്പറ്റിയും പറയാം: 'തന്റെതന്നെ മുന്‍ധാരണകളുടെ സംരക്ഷണത്തിനായി തെളിവുകളെ വിലയിരുത്തുന്നത് അദ്ദേഹം ധിക്കാരപൂര്‍വം വിലകുറച്ചുകളഞ്ഞു.' അങ്ങനെയാണെങ്കിലും അതിര്‍ത്തിത്തര്‍ക്കം പരിഹരിക്കുന്നതിന് ചൈനയുമായി ഒരു 'ഇടപാടിനു'വേണ്ടി സ്ഥിരമായി വാദിച്ചിരുന്ന ഒരേയൊരാള്‍ കൃഷ്ണമേനോനായിരുന്നുവെന്ന വസ്തുത നിലനില്‍ക്കുന്നു. ഇരുരാഷ്ട്രങ്ങളും ഇപ്പോള്‍ പതിനേഴു വര്‍ഷമായി ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്ന കാര്യം. ശീതസമരത്തിന്റെ മൂര്‍ധന്യത്തില്‍ കൃഷ്ണമേനോന്‍ ഇന്ത്യയെ അഭിമാനിതയാക്കി. അദ്ദേഹം ഇന്ത്യയുടെ പക്ഷം അഭിനിവേശത്തോടെയും വാചാലതയോടെയും വാദിച്ചു. ഒരുഘട്ടത്തില്‍, പാശ്ചാത്യശക്തികള്‍ ആധിപത്യം പുലര്‍ത്തിയിരുന്ന കാലത്ത് അവരെ തന്റെ വഴിക്കുകൊണ്ടുവരാനുള്ള തന്റേടവും ധൈര്യവും അദ്ദേഹം ഒറ്റയ്ക്കു കാണിച്ചു. പക്ഷേ, 1957-നുശേഷം അദ്ദേഹത്തിന്റെ നാവും പെരുമാറ്റരീതിയും, ക്രിയാത്മകമായി ഇടപെടുന്ന ചില അവസരങ്ങളൊഴിച്ച് നെഹ്രുവിനും ഇന്ത്യയ്ക്കും മോശപ്പെട്ട ആഗോള പ്രതിച്ഛായയുണ്ടാക്കി. അതിനു വര്‍ഷങ്ങള്‍ക്കുശേഷം കൃഷ്ണമേനോന്റെ പ്രേതം ഇന്ത്യന്‍ നയതന്ത്രത്തില്‍ തങ്ങിനിന്നു -ആവശ്യമില്ലാതെ വിവാദാത്മകമായും കലഹാത്മകമായും. ആ പ്രേതം ഇന്നും തങ്ങിനില്‍ക്കുന്നുണ്ട്.

പുസ്തകം ഓണ്‍ലൈനില്‍ വാങ്ങാം

Content Highlights: VK Krishna Menon biography by Jairam Ramesh Malayalam