'അവളുടെ കവിതകള്‍ എന്നെ ബാഷോയെ ഓര്‍മിപ്പിക്കുന്നു'; വിസ്മയയുടെ പുസ്തകത്തെ കുറിച്ച് മോഹന്‍ലാല്‍


ബാഷോയെപ്പോലുള്ള ആചാര്യകവികളുടെ വാക്കുകളും ദര്‍ശനങ്ങളും എന്റെ മകളുടെ അക്ഷരങ്ങള്‍ക്കും ചിന്തകള്‍ക്കും മാര്‍ഗദര്‍ശകമാവട്ടെ എന്നു ഞാന്‍ പ്രാര്‍ഥിക്കുന്നു,

വിസ്മയ മോഹൻലാൽ മോഹൻലാലിനൊപ്പം

വിസ്മയ മോഹന്‍ലാലിന്റെ കവിതകളുടെയും ചിത്രങ്ങളുടെയും സമാഹാരമാണ് മാതൃഭൂമി ബുക്‌സ് പുറത്തിറക്കിയ നക്ഷത്രധൂളികള്‍. ഈ പുസ്തകത്തിന് മോഹന്‍ലാല്‍ എഴുതിയ ആമുഖം വായിക്കാം.

'ന്റെ ജീവിതത്തിലെ പരമപ്രധാനമായ നിമിഷം രചനയുടെതാണ്. എഴുതാനിരിക്കുമ്പോള്‍ ഞാന്‍ തീര്‍ത്തും ഏകാകിയാണ്.' പറയുന്നത് ഗബ്രിയേല്‍ ഗാര്‍സ്യ മാര്‍കേസ്. ലോകപ്രശസ്തനായ സ്പാനിഷ് എഴുത്തുകാരന്‍. എത്ര വാസ്തവം! വാക്കുകള്‍ ആദ്യം പിറന്നുവീഴുക മനസ്സിന്റെ ഭൂമികയിലാണ്. തുടര്‍ന്ന് ഹൃത്തടത്തോട് ഏറ്റം അടുത്തുനില്ക്കുന്ന ചിന്തകളെ സ്വാംശീകരിച്ചുകൊണ്ട് ശൂന്യമായ താളിന്മേല്‍ ജലപാതം കണക്ക് അവ വന്നു പതിക്കുന്നു. പ്രജ്ഞയുടെ ഉജ്ജ്വലമായ തിളക്കം ആ പ്രവാഹത്തെ പ്രകാശിപ്പിക്കുന്നു. ഏതോ വിദൂരമായ മൂലയിലിരിക്കുന്ന, അജ്ഞാതനായ വായനക്കാരനെ അതു ചെന്നു തൊടുന്നു / സ്പര്‍ശിക്കുന്നു.

പ്രതിഭാധനരായ തിരക്കഥാകൃത്തുക്കളുടെ സൃഷ്ടികളിലൂടെ കടന്നുപോകേ, എന്നിലെ അഭിനേതാവ് ഇതേ അപാരത, വാക്കുകളുടെ വര്‍ണനാതീതമായ കരുത്ത് അനുഭവിച്ചറിയാറുണ്ട്. സൃഷ്ടിയുടെ യാമങ്ങളില്‍ ഏകാന്തചാരിയായ എഴുത്തുകാരന്‍ അനുഭവിക്കുന്നതെന്തോ അതിനെ ഞാന്‍ സ്വാംശീകരിക്കുന്നു. എന്റെതായ കലാരൂപത്തിലൂടെ അതിനെ പുനരാവിഷ്‌കരിക്കുന്നു.

ചിത്രകലയും ഏകാന്തമായ സപര്യതന്നെയാണ്. കുറെക്കൂടി സങ്കീര്‍ണമായ യത്‌നം. നിറങ്ങളും രൂപങ്ങളും ചിത്രകാരന്റെ വിരലിനു ചുവട്ടില്‍വെച്ച് പ്രണയബദ്ധരായ് ഇഴുകിച്ചേരുമ്പോള്‍ ആസ്വാദകന്റെയുള്ളിലും ഊഷ്മളവികാരങ്ങളുടെ നിശ്ശബ്ദവിസ്‌ഫോടനം സംഭവിക്കുന്നു. കലയുടെ പ്രതിബിംബസ്വഭാവമാണിതിനു പിന്നിലെന്നു ഞാന്‍ വിശ്വസിക്കുന്നു. മനുഷ്യാനുഭവങ്ങളുടെ ദര്‍പ്പണത്തില്‍ 'നീ', 'അപരന്‍' എന്നൊക്കെയുള്ള സാങ്കല്പിക അതിര്‍വരമ്പുകള്‍ അലിഞ്ഞില്ലാതാവുന്നു.

കവിതയെന്ന അതിസൂക്ഷ്മമായ സാഹിത്യശാഖയെക്കുറിച്ച് ആധികാരികമായി സംസാരിക്കാന്‍ ഞാനാളല്ല. വ്യക്തിപരമായി കവിത എനിക്കെന്ത് എന്നു മാത്രം ഞാനിവിടെ പറയാനാഗ്രഹിക്കുന്നു. എന്നെ സംബന്ധിച്ചിടത്തോളം സൂക്ഷ്മതയും വാക്ചാതുരിയും തമ്മിലുള്ള കമനീയമായ ഒരു മേളനമാണ് കവിത. വാക്കുകളുടെ നിഗൂഢമായ കരുത്തിലേക്ക് ആഴ്ന്നിറങ്ങാന്‍ അഗാധമായ ധ്യാനം ആവശ്യമാണ്. വളരെ കുറച്ചു വാക്കുകള്‍കൊണ്ട് വികാരങ്ങളുടെ ഒരു വിസ്തൃതപ്രപഞ്ചം തീര്‍ക്കുന്ന മഹാകവികള്‍. അതിനാലാണ് ആ വരികള്‍ക്കിത്രമേല്‍ സാര്‍വലൗകികമായ സ്വീകാര്യത. സമയത്തിന്റെയും സ്ഥലത്തിന്റെയും പരിമിതികളെ ഉല്ലംഘിക്കാനവര്‍ക്കു കഴിയുന്നതും അതുകൊണ്ടുതന്നെ.

അത്തരം കവികളുടെ ഔന്നത്യമാര്‍ന്ന പ്രതിരൂപമാണ് പരമ്പരാഗത ജാപ്പനീസ് ഹൈക്കുവിന്റെ ഉപജ്ഞാതാവ് മറ്റ്‌സുവോ ബാഷോ. അദ്ദേഹത്തില്‍നിന്നു പുറപ്പെടുന്ന ഓരോ വരിയും ഐന്ദ്രികമായ ആഹ്ലാദാനുഭൂതിയാണ്. അവ യാത്രയാണ്. അതേസമയം ലക്ഷ്യസ്ഥാനവും.
'യാത്ര എന്നത് വീടുതന്നെ,' ബാഷോ പറയുന്നു. ഈ പ്രസ്താവനയുടെ സാക്ഷ്യപത്രംതന്നെയാണ് കവിയുടെ ഈ വരികള്‍:

അമ്പലമണികള്‍
നിലയ്ക്കുന്നു.
പക്ഷേ,
പൂവുകള്‍ക്കിടയില്‍നിന്നും
മുഴങ്ങുന്നൂ മണിയൊച്ച
ഇപ്പോഴും.

ഈ ലോകത്തിന്റെ
ധൂളീപടലങ്ങളെ
ഹിമകണങ്ങളാല്‍
കഴുകാന്‍
ഞാനാശിക്കുന്നു.

പുസ്തകം വാങ്ങാം

വിസ്മയയുടെ കവിതകള്‍ എന്നെ ബാഷോയെ ഓര്‍മിപ്പിക്കുന്നു. ആശയങ്ങളെക്കാള്‍ വൈകാരികതയെ പ്രതിഫലിപ്പിക്കുന്ന വിചിത്രമായ ചിന്താസരണി. ഇതിവൃത്തത്തെ അടിവരയിട്ടു വിളംബരം ചെയ്യുന്ന രേഖാചിത്രങ്ങള്‍. യാത്രയെയും ലക്ഷ്യസ്ഥാനത്തെയും വേര്‍തിരിച്ചുനിര്‍ത്താത്ത, അതേസമയം മനുഷ്യചേതനയുടെ വിശാലപ്രവാഹത്തിലൂടെ വിഹരിക്കുന്ന, ബോധധാരയുടെ പ്രതിഫലനം; അതാണ് നക്ഷത്രധൂളികള്‍ എന്നു ഞാന്‍ തിരിച്ചറിയുന്നു. ബാഷോയെപ്പോലുള്ള ആചാര്യകവികളുടെ വാക്കുകളും ദര്‍ശനങ്ങളും എന്റെ മകളുടെ അക്ഷരങ്ങള്‍ക്കും ചിന്തകള്‍ക്കും മാര്‍ഗദര്‍ശകമാവട്ടെ എന്നു ഞാന്‍ പ്രാര്‍ഥിക്കുന്നു, പ്രത്യാശിക്കുന്നു. നിങ്ങളേവര്‍ക്കും നല്ലതു വരട്ടെ. തത്കാലം വിട. ഇതാ ബാഷോയുടെ കവിത:

പഴയ കുളം
അതിലേക്ക്
ഒരു തവള ചാടുന്നു.
വെള്ളത്തിന്റെ
ശബ്ദം!

Content Highlights: vismaya mohanlal new book mathrubhumi books

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
theft

1 min

കൂരോപ്പടയിലെ കവര്‍ച്ചാക്കേസില്‍ വഴിത്തിരിവ്; വൈദികന്റെ മകന്‍ അറസ്റ്റില്‍

Aug 11, 2022


Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


14:00

'ഞാൻ ചെല്ലുമ്പോഴേക്കും അ‌ച്ഛന്റെ ദേഹത്തെ ചൂടുപോലും പോയിരുന്നു' | Suresh Gopi | Gokul | Talkies

Jul 26, 2022

Most Commented