ഗിരിജ വാര്യരും മകൾ മഞ്ജു വാര്യരും, പുസ്തകത്തിന്റെ കവർ | ഫോട്ടോ: എൻ.എം. പ്രദീപ്
ഗിരിജ വാര്യരുടെ പുസ്തകമായ 'നിലാവെട്ട'ത്തിലെ 'കണ്‍തുറന്ന് വിഷുപ്പുലരി' എന്ന ഭാഗം വായിക്കാം...
നാളത്തെ വിഷുക്കണിക്കു വേണ്ടതെല്ലാം ഒരുമാതിരി ഒരുങ്ങിയിരിക്കുന്നു. കണിവെള്ളരി, ഗുരുവായൂരപ്പന്റെ വിഗ്രഹം, വാല്‍ക്കണ്ണാടി, അഷ്ടമംഗല്യം, മുല്ലപ്പൂ, കൊന്നപ്പൂ, ചക്ക, ഒറ്റക്കുലയിലെ മാങ്ങ, പഴവര്‍ഗ്ഗങ്ങള്‍... അങ്ങനെ ഓരോന്നായി ഒപ്പിച്ചപ്പോഴേക്കും നേരം സന്ധ്യ കഴിഞ്ഞു. എന്നാലും അതിനൊക്കെ ഒരു ഉത്സാഹം തന്നെയാണ്. അതതുകാലങ്ങളില്‍ വേണ്ട സാധനങ്ങളൊക്കെ ശേഖരിച്ചുവെക്കാന്‍ ആവേശംതന്നെ.
രാവിലെ പറമ്പിലെ വരിക്കപ്ലാവില്‍നിന്ന് ഉണ്ണിമോനെക്കൊണ്ട് മൂത്ത ഒരു ചക്കയിടീച്ചപ്പോഴേ വിഷു വന്നപോലെയായി. അതു മുറിച്ച് ചുള സ്വാദു നോക്കിയപ്പോള്‍ വറുക്കാന്‍ നല്ല പാകം.
ചക്കിലാട്ടിയ വെളിച്ചെണ്ണ വരുത്തിയപ്പോഴേക്കും ചക്കച്ചുള മുഴുവന്‍ കനംകുറച്ചരിഞ്ഞ് വറുക്കാന്‍ പാകത്തിലാക്കിയിരുന്നു ഷീജ. ചുള അരിയുമ്പോള്‍ 'കട തല' ചെത്തുന്ന പതിവുണ്ട്. അതുമാത്രമായി അവസാനം ഒരു വറവുണ്ട്. അതിനാണ് സ്വാദ് കൂടുകയെന്ന് ഞങ്ങള്‍ കൂട്ടുകുടുംബത്തിലെ സ്ത്രീകള്‍ പറയും. കാരണം വേറൊന്നുമല്ല, മുഴുനീള ചുളകള്‍ വറുത്തത് കാരണവന്മാര്‍ക്കും വിരുന്നുകാര്‍ക്കും മാറ്റിവെച്ചാല്‍പ്പിന്നെ 'കട തല' വറുത്തത് മാത്രമേ സ്ത്രീകള്‍ക്കുണ്ടാവൂ എന്നതാണ് പരസ്യമായ സത്യം! എന്തായാലും ഇപ്പോള്‍ കാരണവന്മാരൊന്നും കൂടെയില്ലെങ്കിലും, 'കട തല' വറുക്കാനും കഴിക്കാനും ഇപ്പോഴും ഒരു ചടങ്ങുപോലെ എനിക്കിഷ്ടമാണ്.
നാളത്തേക്കുള്ള മൂത്ത ചക്ക ചെറുതൊരെണ്ണം വേറെ ഇടീച്ചു. വിഷുവിന്റന്ന് കണിവെക്കുന്ന ചക്കതന്നെ വെട്ടലും, ചക്ക എരിശ്ശേരി വെക്കലും പണ്ടുമുതലേ പ്രധാനമാണിവിടെ. കാലത്തുതന്നെ എല്ലാവരും വട്ടംകൂടിയിരുന്ന് ചക്കച്ചുള പറിക്കലും നുറുക്കലുമൊക്കെ എല്ലാ കൊല്ലവും പതിവാണ്. പറമ്പിലെ മാവില്‍നിന്ന് വിളഞ്ഞുപഴുത്ത് താഴെ വീണ് ചന്തംപോകാത്ത മാമ്പഴം റെഡിയാക്കിവെക്കലൊക്കെ കാലത്തുതന്നെ ചെയ്തു, മാമ്പഴപ്പുളിശ്ശേരി വെക്കാന്‍. വിഷുവിഭവങ്ങള്‍ അത്രയ്‌ക്കൊക്കെയേ പതിവുള്ളൂ. മാമ്പഴപ്പുളിശ്ശേരിയും ചക്ക എരിശ്ശേരിയും പപ്പടവും ഉപ്പിലിട്ടതും പിന്നെ എന്തെങ്കിലും ഒരു പായസവുമായാല്‍ വിഷുസദ്യ കെങ്കേമമായി. ഇപ്പോള്‍ സദ്യവട്ടം ഇങ്ങനെയൊക്കെയാണെങ്കിലും പണ്ട്, ഞങ്ങളുടെ തറവാട്ടില്‍ വിഷുവിന് എന്നും വിഷുക്കഞ്ഞിയാണ് ഉച്ചയ്ക്ക് ഒരുക്കുക.
കഞ്ഞിയെന്നു കേട്ടാല്‍ ഇപ്പോഴും സങ്കടം വരും. പണ്ടേ കഞ്ഞി ഇഷ്ടമല്ല. കഞ്ഞി കാണുമ്പോള്‍ പനി വരുന്നപോലൊരു തോന്നലാണ്. മാമ്പഴക്കൂട്ടാനും ചക്ക എരിശ്ശേരിയും കടുമാങ്ങയുമൊക്കെക്കൊണ്ട് മോടികൂട്ടിയാലും കഞ്ഞി കഞ്ഞിതന്നെ. വാഴപ്പോള പച്ച ഈര്‍ക്കില്‍ കുത്തി ചതുരത്തിലാക്കി അതിനു നടുക്ക് വാഴയില വെച്ച്, അതിലാണ് ആ കഞ്ഞി വിളമ്പുക. മേലെ തേങ്ങാപ്പൂള്‍ വിതറിയിരിക്കും. കല്യാണംകഴിഞ്ഞ് പോരുന്നതുവരെയും വിഷുസദ്യകള്‍ അങ്ങനെയൊക്കെത്തന്നെയായിരുന്നു. കല്യാണം കഴിഞ്ഞതിനുശേഷമാണ് അതിനൊരു മാറ്റംവന്നത്. ഇവിടെ വിഷുവിന് അങ്ങനെയൊരു കഞ്ഞിവെപ്പ് പതിവില്ല!
കുട്ടിക്കാലത്ത് അമ്മയാണ് അച്ഛനെയും എന്നെയുമൊക്കെ വിഷുക്കണി കാണിക്കാറ്. അപ്പോഴൊക്കെ ഞാനോര്‍ക്കും, അമ്മ എങ്ങനെയാണ് കണികാണാറുള്ളതെന്ന്. തലേന്നു രാത്രി ഞങ്ങളൊക്കെ കിടക്കുന്നതുവരെ അമ്മ അടുക്കളപ്പണിയിലായിരിക്കും. വിഷുക്കണിയൊരുക്കല്‍ അച്ഛന്റെ ചുമതലയാണ്. അച്ഛന്‍ തിരുവുടയാടയൊക്കെ ഭംഗിയായി, ക്ഷമയോടെ ഉണ്ടാക്കും. എന്തായാലും വെളുപ്പിനേ കണ്ണുതുറക്കാന്‍ സമ്മതിക്കാതെ അമ്മ വിളിച്ചെഴുന്നേല്‍പ്പിച്ച്, കോടിയലക്കിയ മുണ്ടുടുപ്പിക്കും. അമ്മ എന്റെ കണ്ണുപൊത്തി ചേര്‍ത്തുപിടിച്ച് മച്ചില്‍ കൊണ്ടുപോയി ഒരുക്കിവെച്ച വിഷുക്കണി കാണിക്കും. അവിടെ എല്ലാത്തിന്റെയും ഒരു സമൃദ്ധി പൂത്തുലയുന്നുണ്ടാവും.
തെളിഞ്ഞുകത്തുന്ന എണ്ണവിളക്കിന്റെയും മണം പരത്തുന്ന ചന്ദനത്തിരികളുടെയും ഇടയിലൂടെ, സ്വര്‍ണ്ണമാലയണിഞ്ഞ് ഉണ്ണിക്കണ്ണന്‍ പുഞ്ചിരിപൊഴിക്കുന്നുണ്ടാവും. മലര്‍ത്തിവെച്ച തേങ്ങാമുറികളില്‍ മിനുങ്ങുന്ന നാണയങ്ങള്‍ അമ്മ കരുതിവെച്ചിട്ടുണ്ടാവും. അതില്‍ ഒരു പിടിയെടുത്ത് അമ്മ ഉള്ളംകൈയില്‍ വെച്ചുതരുമ്പോള്‍ അതിന്റെ കുളിര്‍മ്മ ഉള്ളിലേക്കങ്ങനെ ആഴ്ന്നിറങ്ങും. അതിനുശേഷമാണ് അച്ഛന്റെ വക വിഷുക്കൈനീട്ടം. അച്ഛന് പിന്നെ കണക്കൊക്കെയുണ്ട്. രണ്ടു കൈയിലും ഓരോ നാണയം, അതേ തരൂ. അതിന്റെ മൂല്യം പക്ഷേ, എത്രയാണെന്ന് ഇപ്പോഴാണ് മനസ്സിലാവുന്നത്.
.jpg?$p=83fcb3f&&q=0.8)
അതിനുശേഷം കുളികഴിഞ്ഞിട്ടാണ് പടക്കം പൊട്ടിക്കുക. എനിക്ക് പടക്കം പൊട്ടിക്കാന്‍ പേടിയായതുകൊണ്ട് കമ്പിത്തിരിയും മത്താപ്പൂവുമൊക്കെയേ കൈകാര്യംചെയ്യൂ. ചുറ്റുമുള്ള വീടുകളിലൊക്കെ എല്ലാവരും വലിയ പടക്കങ്ങള്‍ പൊട്ടിക്കുമ്പോള്‍ ചവിട്ടുപടിയില്‍ റോള്‍കാപ്‌സ് വെച്ച് ചുറ്റികകൊണ്ട് അടിച്ചുപൊട്ടിക്കും ഞാന്‍.
കൂട്ടുകാരുമൊത്ത് പിന്നീട് അമ്പലത്തിലേക്കു പോകുമ്പോള്‍ വിഷുക്കൈനീട്ടത്തിന്റെയും പൊട്ടിച്ച പടക്കങ്ങളുടെയും കണക്കായിരിക്കും പ്രധാന സംസാരവിഷയം. വലിയ പടക്കങ്ങളൊന്നും പൊട്ടിച്ചില്ല എന്ന കാര്യം ഞാന്‍ മനഃപൂര്‍വം മറച്ചുപിടിക്കും! അതൊക്കെ ഒരു കാലം... കല്യാണത്തിനുശേഷം നാഗര്‍കോവിലിലായിരുന്നപ്പോള്‍ വിഷുവിന് എനിക്ക് അച്ഛന്റെയും അമ്മയുടെയും റോളായിരുന്നു. വിഷുക്കണിയൊരുക്കലും കണികാണിക്കലുമൊക്കെ സ്വയം. അപ്പോഴാണ് പണ്ട് അമ്മ എല്ലാവരെക്കാളും മുമ്പേ കണികാണുന്നതെങ്ങനെയെന്ന് മനസ്സിലായത്.
തലേദിവസം കിടക്കുമ്പോള്‍ത്തന്നെ നിലവിളക്കില്‍ നിറച്ച് എണ്ണയൊഴിച്ച് കത്തിച്ചുവെക്കും. ഉടയ്ക്കാനുള്ള തേങ്ങയും റെഡിയാക്കിവെക്കും. അലാറമടിക്കുമ്പോള്‍ ആദ്യം ടോര്‍ച്ചടിച്ച് ചുമരിലെ ശിവന്റെ രൂപവും പിന്നീട്, അടുത്തുകിടക്കുന്ന മാധേട്ടന്റെ മുഖവും നോക്കിക്കാണും. ഒരിക്കല്‍ അങ്ങനെ നോക്കിക്കാണുമ്പോഴാണ്, ടോര്‍ച്ച് മാധേട്ടന്റെ മുഖത്തുവീണത്. അങ്ങനെ ഒരു വിഷുമുഴ രൂപപ്പെട്ട കഥയും അതിന് കൂട്ടുകാരുടെ ഇടയില്‍ നര്‍മ്മത്തില്‍ ചാലിച്ച പലതരം വ്യാഖ്യാനങ്ങളുണ്ടായതും പലപ്പോഴും ഓര്‍ത്തുചിരിക്കാനുള്ള വകയായി!
നാഗര്‍കോവിലിലെ വിഷുദിനം പിന്നെ കൂട്ടുകാരോടൊത്ത് വിഭവസമൃദ്ധമായ സദ്യയിലും വൈകുന്നേരങ്ങളില്‍ വിനോദയാത്രകളിലുമായാണ് കൊടിയിറങ്ങുക. കന്യാകുമാരിയിലേക്കോ കൂടംകുളത്തേക്കോ ഒക്കെയാവും ആ യാത്രകള്‍. ആ സമയങ്ങളില്‍ അവധിക്ക് നാട്ടില്‍ വരുമ്പോള്‍ വളരെ വിസ്തരിച്ച് കൊണ്ടാടും വിഷു. മാധേട്ടന്റെ അച്ഛന്റെയും വല്ലിച്ചന്റെയും വക പ്രത്യേക മേല്‍നോട്ടമുണ്ടാവും എല്ലാ കാര്യത്തിലും. അച്ഛനും വല്ലിച്ചനും, കാണുന്ന നാട്ടുകാരോടൊക്കെ പറയും, ഞങ്ങളൊക്കെ ലീവിനു വരുന്ന കാര്യം.
വിഷുവിന് കൈനീട്ടം തരാന്‍ അച്ഛന്‍ അടുത്തുള്ള കടയില്‍നിന്ന് പുത്തന്‍ 25 പൈസാത്തുട്ടുകള്‍ ശേഖരിച്ചുവെക്കും. അതിലും കൂടുതലൊന്നും മാധേട്ടന്റെ അച്ഛന്റെ കൈയില്‍നിന്ന് കൈനീട്ടമായി പ്രതീക്ഷിക്കേണ്ട. എന്നാലും വരിവരിയായി നിന്ന് ബഹുമാനപൂര്‍വ്വം അത് വാങ്ങും, എല്ലാവരും. അച്ഛനും വല്ലിച്ചനുംകൂടി വറുത്തെടുത്ത്, മുറുക്കം മാറാതെ കുപ്പിഭരണിയില്‍ സൂക്ഷിച്ചുവെച്ച ചക്കവറുത്തതൊക്കെ ഞങ്ങള്‍ ചെല്ലുമ്പോഴാണ് പുറത്തെടുക്കുക.
അച്ഛനും വല്ലിച്ചനും അമ്മയും കുഞ്ഞൂട്ടേട്ടനുമൊക്കെ മരിച്ചതിനുശേഷം ഞങ്ങള്‍ ഇവിടെ വന്ന് താമസമാക്കിയപ്പോഴും ഇവിടത്തെ ചിട്ടകള്‍ക്ക് ഒരു മാറ്റവുമുണ്ടാവരുതെന്ന് എനിക്കും മാധേട്ടനും നിര്‍ബ്ബന്ധമായിരുന്നു. കുറെക്കാലം മുമ്പുവരെ പറമ്പിലും വീട്ടിനകത്തുമൊക്കെ പണിക്കാര്‍ പഴയ ആളുകളായിരുന്നു. ഓണം, വിഷു, തിരുവാതിര എന്നീ വിശേഷദിവസങ്ങളില്‍ പിരിഞ്ഞുപോയ പഴയ പണിക്കാര്‍വരെ വരും. അവര്‍ക്കൊക്കെ അവകാശവും കൊടുക്കാറുണ്ട്.
നാട്ടില്‍ താമസമാക്കിയതിനുശേഷം വിഷുദിവസങ്ങളില്‍ വൈകുന്നേരം തിരുവുള്ളക്കാവിലേക്കാണ് യാത്ര. അവിടെ ഒരു വിഷുപ്പൂരം പതിവാണ്. രണ്ടുമൂന്ന് ആനകളും ചെറുതായി ഒരു വെടിക്കെട്ടുമൊക്കെയുണ്ടാവും. ഞങ്ങളുടെ വണ്ടി കണ്ടാല്‍ത്തന്നെ കുട്ടികള്‍ക്കൊക്കെ വലിയ ഉത്സാഹമാണ്. മാധമ്മാവന്റെ കൈയില്‍നിന്ന് വിഷുക്കൈനീട്ടം കിട്ടുമെന്ന് അവര്‍ക്കൊക്കെ നല്ല ഉറപ്പാണ്. അതിനുവേണ്ടിമാത്രം ഓഫീസില്‍നിന്ന് പുത്തന്‍ നോട്ടുകള്‍ ശേഖരിച്ച് കൈയില്‍ കരുതിയിട്ടുമുണ്ടാവും മാധേട്ടന്‍.
ഇപ്പോള്‍ വിഷു വെറും ചടങ്ങുകള്‍ മാത്രമായിപ്പോകുന്നുവെന്നു തോന്നാറുണ്ട്, പലപ്പോഴും. കാലംതെറ്റി പൂക്കുന്ന കണിക്കൊന്നകള്‍ വിഷു വന്നെത്തുന്നതിനുമുമ്പേ കൊഴിഞ്ഞുതീരുന്നു. വിഷുക്കൈനീട്ടങ്ങളുടെ നാണയക്കിലുക്കം കേള്‍ക്കാതായിരിക്കുന്നു. പകരം പുത്തന്‍ നോട്ടുകളുടെ മണം. വെളുപ്പിനേയെഴുന്നേറ്റ് കണികണ്ടുകഴിഞ്ഞ് കൈനീട്ടവും വാങ്ങി വീണ്ടും കിടന്നുറങ്ങുന്ന, കുളിച്ച് പടക്കം പൊട്ടിക്കാന്‍ മടിച്ച് തലേന്നു രാത്രിതന്നെ പടക്കം പൊട്ടിച്ചുതീര്‍ക്കുന്ന ഇപ്പോഴത്തെ ബാല്യങ്ങള്‍. പക്ഷേ, എനിക്കിപ്പോഴും പഴയ ചിട്ടകളോടാണ് താത്പര്യം. അതിന്റെയൊരു ജീവനും ഓജസ്സും വേറെ എവിടെയും കിട്ടുമെന്നെനിക്കു തോന്നുന്നില്ല.
കുട്ടികളൊക്കെ നേരത്തേ കിടന്നിരിക്കുന്നു. നിലവിളക്കു നിറയെ എണ്ണയൊഴിച്ച്, അഞ്ചുതിരിയിട്ടു കത്തിച്ച് ഗുരുവായൂരപ്പന് മുല്ലമാലയും സ്വര്‍ണ്ണമാലയും ചാര്‍ത്തി. ഓട്ടുരുളിയിലെ അരിക്കും കണിവെള്ളരിക്കും മുകളില്‍ കൊന്നപ്പൂ വിതറി. നാളത്തേക്കുള്ള വിഷുക്കണി ഒരുങ്ങിക്കഴിഞ്ഞിരിക്കുന്നു ഇവിടെ.
ഇനി എനിക്കൊന്നുറങ്ങാം, പുതിയ പുലരിയിലെ വിഷുക്കണി കണ്ടുണരാന്‍...
Content Highlights: Nilavettom, Book excerpts, Girija Warrier, Mathrubhumi books
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..