'ഫുട്‌ബോള്‍ കളിക്കാരനായാല്‍ സ്വഭാവം നാശമാകും'- പ്രായമായവരുടെ നോട്ടപ്പുള്ളിയായ വിക്ടര്‍ മഞ്ഞില


എന്തായാലും അന്നുമുതല്‍ ഒരു കാരണവുംകൂടാതെതന്നെ ഞാന്‍ അദ്ദേഹത്തിന്റെ നോട്ടപ്പുള്ളികളില്‍ ഒരാളായി മാറി. കോളേജ് കഴിഞ്ഞു പോരുമ്പോഴും അതൊന്നും തിരുത്താന്‍ സാധിച്ചിരുന്നില്ല.

വിക്ടർ മഞ്ഞില ഫുട്‌ബോൾ മാച്ചിനിടെ

മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം വിക്ടര്‍ മഞ്ഞില എഴുതിയ 'ഒരു ഗോളിയുടെ ആത്മകഥ' മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്നു. ഇന്ത്യന്‍ ഫുട്‌ബോളിന് അഭിമാനകരമായ നേട്ടങ്ങള്‍ സമ്മാനിച്ച വിക്ടര്‍ മഞ്ഞില എന്ന ഗോളി എക്കാലവും ഫുട്‌ബോള്‍ പ്രേമികളുടെ ആവേശം തന്നെയായിരുന്നു. ഗോള്‍വല ഭേദിക്കാന്‍ കുതിച്ചുയര്‍ന്ന എതിരാളികളുടെ പന്തിനെ നെഞ്ചോടമര്‍ത്തിയും മണ്ണിലേക്കമര്‍ത്തിയും തന്റെ ഗോള്‍വല കാത്ത വിക്ടര്‍മഞ്ഞിലയുടെ ആത്മകഥ ഇന്ത്യയുടെ ഒരു കാലത്തെ ജ്വലിക്കുന്ന ഫുട്‌ബോള്‍ ഭൂതകാലത്തേക്കുകൂടിയുള്ള തിരിഞ്ഞുനോട്ടമാണ്. പുസ്തകത്തില്‍ നിന്നും ഒരുഭാഗം വായിക്കാം.

ങ്ങള്‍ ടീമായി കളിക്കാന്‍ ദൂരസ്ഥലങ്ങളില്‍ പോയി വരുമ്പോള്‍ വഴിയിലുള്ള കള്ളുഷാപ്പുകളില്‍നിന്നാണ് പലപ്പോഴും ഭക്ഷണം കഴിച്ചിരുന്നത്. കളികഴിഞ്ഞു വരുമ്പോള്‍ നല്ല വിശപ്പായിരിക്കും. ഷാപ്പുകളില്‍ അക്കാലത്തു നല്ല രുചിയേറിയ ഭക്ഷണം ലഭിക്കും എന്നതായിരുന്നു കള്ളുഷാപ്പുകള്‍ തിരഞ്ഞെടുക്കാന്‍ കാരണം. അതുപോലെ ചെറുതായി മദ്യസേവയുള്ള കൂട്ടുകാര്‍ക്ക് അതും നടക്കും. മറ്റുള്ളവര്‍ കഴിക്കുമ്പോള്‍ ഭക്ഷണം മാത്രം വാങ്ങി ഞാന്‍ അവരുടെ കൂടെയിരുന്ന് കഴിക്കും. മിക്കപ്പോഴും കപ്പയ്ക്കും പൊറോട്ടയ്ക്കും കൂടെ ലഭിക്കുന്ന നല്ല എരിവുള്ള മീന്‍കറിയും മീന്‍ വറുത്തതും മുട്ടയും ബീഫ് ഫ്രൈയും പുറത്ത് ഒരു ഹോട്ടലിലും അത്ര രുചിയോടെ കിട്ടാറില്ലെന്നതാണ് സത്യം.
എന്റെ ഇളയപ്പന്‍ എം. ഒ. ജോണ്‍ ഒരു ദിവസം എന്നെ സ്വകാര്യമായി അടുത്ത് വിളിച്ച് ചോദിച്ചു:
'ഞാന്‍ നിന്നെക്കുറിച്ച് ഒരു കാര്യം കേട്ടു, അത് ശരിയാണോ?'
ഞാന്‍ ചോദിച്ചു, 'എന്താണ്?''നീ തിരൂര്‍ ഷാപ്പില്‍ കയറുന്നതായി ഒരാള്‍ കണ്ടെന്ന് എന്നോട് പറഞ്ഞു. അയാള്‍ക്ക് കളവു പറയേണ്ട ഒരു കാര്യവുമില്ല. നീ സത്യം പറയണം.'
ഞാന്‍ പറഞ്ഞു, 'അത് സത്യമാണ്. ഞാന്‍ കയറിയിട്ടുണ്ട്. ഇപ്പോഴെന്നല്ല, പലപ്പോഴും കയറാറുമുണ്ട്. പക്ഷേ, ഞാന്‍ കള്ളുകുടിക്കുന്നത് കണ്ടിട്ടുണ്ടോ എന്ന് അയാളോടോ വേറെ വല്ലവരോടോ ചോദിച്ചുനോക്കൂ. ഞങ്ങള്‍ കളികഴിഞ്ഞു വരുമ്പോള്‍ സാധാരണയായി കള്ളുഷാപ്പുകളില്‍നിന്നുതന്നെയാണ് ഭക്ഷണം കഴിക്കാറുള്ളത്. കൂടെ മദ്യം കഴിക്കുന്ന ആളുകളൊക്കെയുണ്ട്. ഞാന്‍ പക്ഷേ, കഴിക്കാറില്ലെന്നുമാത്രം.'
ഞാന്‍ വളരെ നിഷ്‌കളങ്കമായി അതു പറഞ്ഞപ്പോള്‍ അദ്ദേഹത്തിന് പെട്ടെന്ന് കാര്യം മനസ്സിലായി.
മദ്യപിക്കേണ്ടതില്ല എന്ന് ഞാന്‍തന്നെയെടുത്ത തീരുമാനമാണ്. അതിനു പല കാരണങ്ങളുമുണ്ട്. ഫുട്‌ബോള്‍കളി തുടങ്ങുന്ന കാലത്തുതന്നെ അപ്പന്‍ പറഞ്ഞിട്ടുണ്ട്:
'കളി മോശം കാര്യമൊന്നുമല്ല. പക്ഷേ, കളിക്കുവേണ്ടി നാടുവിട്ടാല്‍ പല സൗകര്യങ്ങളും ലഭിക്കും. പല സ്വഭാവത്തിലുള്ളവരുമായി കൂട്ടുകൂടാന്‍ അവസരം കിട്ടും. അപ്പോള്‍ നല്ലതും ചീത്തതും തിരഞ്ഞെടുക്കാന്‍ കഴിയണം. അത്രയേ എനിക്ക് പറയാനുള്ളൂ.'

ചാക്കോളാസ് ട്രോഫിക്ക് വരുന്ന കളിക്കാര്‍ കളി കഴിഞ്ഞാല്‍ നടത്തുന്ന മദ്യസേവയും മറ്റു പല ഇടപാടുകളും അത്ര രഹസ്യമായിരുന്നില്ല. അതുകൊണ്ടുതന്നെ ഫുട്‌ബോള്‍ കളിക്കാരെക്കുറിച്ച് നല്ല സംസാരമല്ല നിലനിന്നിരുന്നത്.
പാപ്പച്ചന്‍ ആദ്യമായി ഫുട്‌ബോള്‍ കളിക്കാന്‍ തുടങ്ങിയ കാലത്ത് തന്റെ ബൂട്ടുകളെടുത്ത് അപ്പന്‍ കത്തിച്ചുകളഞ്ഞ കാര്യം എന്നോട് പറഞ്ഞിരുന്നു. അഥവാ ഫുട്‌ബോള്‍ കളിക്കാരനായാല്‍ സ്വഭാവം കൂടി നാശമായിപ്പോകും എന്നൊരു സംസാരം പ്രായമായവര്‍ക്കിടയിലുണ്ടായിരുന്നു.
ഞാന്‍ അപ്പന്റെ വാക്കുകള്‍ ജീവിതത്തില്‍ പകര്‍ത്തി.
എന്നെ സ്‌നേഹിക്കുകയും എന്റെ ജീവിതം പകര്‍ത്താന്‍ ശ്രമിക്കുകയും ചെയ്യുന്ന ഒരു തലമുറയ്ക്കു മുന്നില്‍ മോശം സന്ദേശം നല്‍കുന്ന തരത്തില്‍ എന്റെ ജീവിതം കാണരുതെന്ന ഉദ്ദേശ്യംകൂടി അതിനു പിന്നിലുണ്ടായിരുന്നു.

പഠനത്തില്‍ മികവുപുലര്‍ത്താത്ത, വിശേഷങ്ങളൊന്നും പറയാനില്ലാത്ത ഒരു പ്രീഡിഗ്രിക്കാലമാണ് എനിക്കുള്ളത്. ആ പ്രായത്തിലുള്ള പല വിദ്യാര്‍ത്ഥികളിലുമുള്ള തരികിടകളും തല്ലുകൊള്ളിത്തരങ്ങളുമൊക്കെയുള്ള ഒരാള്‍. ഫസ്റ്റ്ഗ്രൂപ്പ് എടുക്കുന്നത് എന്തോ വലിയ സംഭവമായി എല്ലാവരും ധരിച്ചുവെച്ചിരുന്നതിനാല്‍ മാത്രം സ്വന്തം അഭിരുചിയോ കഴിവോ നോക്കാതെ മാനേജ്‌മെന്റ് ക്വാട്ടയിലൂടെ കോളേജിലെത്തിയ ഒരു സാധാരണ വിദ്യാര്‍ത്ഥിയായിരുന്നു ഞാന്‍.
ആ പഠനകാലം ഓര്‍ക്കുമ്പോള്‍ മനസ്സില്‍ വരുന്ന ചില പേരുകളുണ്ട്. അന്നത്തെ ഏറ്റവും അടുത്ത കൂട്ടുകാര്‍ കെ.എന്‍. പ്രകാശ്, കെ.എന്‍. മോഹനകുമാര്‍, ജോജു സെബാസ്റ്റ്യന്‍, ജോപോള്‍, ജോയ് ടി.ഒ., ടി.എസ്. അനന്തരാമന്‍, ജോസ് പള്ളിപ്പുറം, ടി.എന്‍. സീതാരാമന്‍, മാത്യു തോമസ്, മത്തിയാസ്, ഫ്രാന്‍സിസ് പൊറുത്തൂര്‍, ഇഗ്നേഷ്യസ് നടക്കാവുകാരന്‍ എന്നിവരാണ്.

പ്രിയപ്പെട്ട അദ്ധ്യാപകരെ ഓര്‍ക്കുമ്പോള്‍ ഓര്‍മ്മയില്‍ വരുന്ന പേരുകള്‍ പ്രൊഫ. എന്‍.ഡി. ജോര്‍ജ്, പ്രൊഫ. എഡ്മണ്ട് പീറ്റേഴ്‌സ്. കായികാദ്ധ്യാപകനായിരുന്ന ഇ.ഡി. ജോസ് മാസ്റ്റര്‍, പ്രൊഫ. എല്‍. ഡി. ജോര്‍ജ് സാര്‍, പ്രൊഫ. മാത്യു കൂള സാര്‍, പ്രൊഫ. ആന്റണി മാളിയേക്കല്‍ സാര്‍, ടി.എസ്. അനന്തരാമന്‍ സാര്‍ എന്നിവരാണ്.
എല്ലാവരുടെയും പ്രീഡിഗ്രിക്കാലംപോലെ ക്ലാസ് കട്ട് ചെയ്തു സിനിമയ്ക്കു പോകുന്ന, കൂട്ടുകാരുമായി കറങ്ങിനടക്കുന്ന ഒരു കാലം എനിക്കുമുണ്ടായിരുന്നു. ട്യൂഷന്‍ ഫീസായി ലഭിക്കുന്നതും പുസ്തകം വാങ്ങാനെന്നപേരിലും മറ്റും വീട്ടില്‍നിന്നും സംഘടിപ്പിക്കുന്നതുമായ പൈസകൊണ്ടാണ് സിനിമ കണ്ടിരുന്നത്.

പഠിക്കുന്ന കാലത്ത് അച്ചടക്കമുള്ള, ശാന്തശീലനായ വിദ്യാര്‍ത്ഥിയൊന്നുമായിരുന്നില്ല ഞാന്‍. അദ്ധ്യാപകരോടെല്ലാം ഉള്ളില്‍ ബഹുമാനം സൂക്ഷിക്കുമായിരുന്നു. മറ്റു വിദ്യാര്‍ത്ഥികളെപ്പോലെ അദ്ധ്യാപകര്‍ക്ക് നിരന്തരം ശല്യമാകുന്ന, അവരെ മാനസികമായി ദ്രോഹിക്കുന്ന ഒന്നും അക്കാലത്തും ഞാന്‍ ചെയ്യാറുണ്ടായിരുന്നില്ല. എന്നിട്ടും എന്തുകൊണ്ടോ ഞാന്‍പോലുമറിയാതെ അച്ചടക്കമില്ലായ്മയുടെയും അനുസരണക്കേടിന്റെയും മുദ്ര പലപ്പോഴും എനിക്ക് പേറേണ്ടിവന്നിട്ടുണ്ട്. ക്ലാസ് കട്ട് ചെയ്ത് സിനിമയ്ക്കു പോകുന്നതായിരുന്നു അന്നത്തെ ധീരകൃത്യങ്ങളിലൊന്ന്. കൂട്ടായി മിക്കപ്പോഴും ഉണ്ടായിരുന്നത് പി.എം. തോമസ്.
അദ്ദേഹത്തിന് അക്കാലത്തുതന്നെ എന്‍ഫീല്‍ഡ് ബുള്ളറ്റ് ഉണ്ടായിരുന്നു. പ്രാക്ടിക്കല്‍ ക്ലാസില്‍നിന്നും മുങ്ങാനായിരുന്നു അന്ന് പ്ലാന്‍. ആദ്യം പി.എം. തോമസ് പതുക്കെ ഹാളില്‍നിന്നും ഇറങ്ങിപ്പോയി. കൂടെ എന്നോടും വരാന്‍ ആംഗ്യം കാണിച്ചു. വിശാലമായ ഹാള്‍ ആണ്. നാല് വാതിലുകളുണ്ട്. തങ്ങളുടെ സമയം കഴിഞ്ഞശേഷം സാധാരണ ഇറങ്ങിപ്പോകുന്നപോലെ സ്വാഭാവികമായി തോന്നിക്കുന്ന രീതിയില്‍ ഞാന്‍ പതുക്കെ മുങ്ങുകയായിരുന്നു.
വരാന്തയില്‍ എത്തിയതും എന്റെ പിന്നാലെ ആരോ ഓടിവരുന്നതു പോലെ തോന്നി. ഞാന്‍ തിരിഞ്ഞുനോക്കുന്നതിനു മുമ്പേ എന്റെ കോളറില്‍ പിടിച്ച് ഒരു ആക്രോശം!

'അമ്മീറ്ററിന്റെ സ്‌ക്രൂ എടുക്കെടാ,' പി.സി. തോമസ് സാര്‍ ആയിരുന്നു അത്!
ഞാനാകെ അന്തംവിട്ട് മിഴിച്ചുനിന്നു. സത്യത്തില്‍ പ്രാക്ടിക്കല്‍ ക്ലാസുകളില്‍ ഇരിക്കുന്ന എനിക്ക് അപ്പോഴും എന്താണ് ഈ അമ്മീറ്റര്‍ എന്നുപോലും അറിയുമായിരുന്നില്ല.
ഉടനെ അദ്ദേഹം പോക്കറ്റ് തപ്പാന്‍ തുടങ്ങി. 'ഞാനൊന്നും എടുത്തിട്ടില്ല സാര്‍' എന്നു പറഞ്ഞ് പോക്കറ്റ് കാണിച്ചുകൊടുത്തു.
പതുങ്ങിയുള്ള ഇറങ്ങിപ്പോക്കു കണ്ട് എന്തോ ഒപ്പിച്ചുകൊണ്ടുള്ള പോക്കാണെന്ന് അദ്ദേഹത്തിന് തോന്നിയിട്ടുണ്ടാകാം. എന്തായാലും അന്നുമുതല്‍ ഒരു കാരണവുംകൂടാതെതന്നെ ഞാന്‍ അദ്ദേഹത്തിന്റെ നോട്ടപ്പുള്ളികളില്‍ ഒരാളായി മാറി. കോളേജ് കഴിഞ്ഞു പോരുമ്പോഴും അതൊന്നും തിരുത്താന്‍ സാധിച്ചിരുന്നില്ല. പില്‍ക്കാലത്ത് ഞാന്‍ ഫുട്‌ബോള്‍ ജീവിതത്തില്‍ വലിയ വിലാസമുണ്ടാക്കിക്കഴിഞ്ഞ ശേഷമാണ് ഞങ്ങള്‍ വീണ്ടും കണ്ടുമുട്ടുന്നത്. പഴയകാര്യങ്ങളൊക്കെ ഞങ്ങള്‍ മറന്നിരുന്നു എന്നു പറയാം.

അതിനിടയില്‍ ഒരു സുഹൃത്തിനുവേണ്ടി അദ്ദേഹത്തിന്റെ എന്‍ട്രന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അഡ്മിഷനുവേണ്ടി ഞാന്‍ ബന്ധപ്പെട്ടു. കേരളത്തിലെ ഏറ്റവും പ്രശസ്തമായ എന്‍ട്രന്‍സ് കോച്ചിങ് കൊടുത്തിരുന്നത് അദ്ദേഹത്തിന്റെ തൃശ്ശൂരിലെ സ്ഥാപനമായിരുന്നു. അത്രയേറെ അഡ്മിഷനുവേണ്ടിയുള്ള അപേക്ഷകളുള്ള സമയത്തും ഞാന്‍ നിര്‍ദ്ദേശിച്ച വിദ്യാര്‍ത്ഥിക്ക് അദ്ദേഹം അവിടെ പ്രവേശനം നല്‍കുകയും ചെയ്തു. അദ്ദേഹത്തിന്റെ ചില വിദ്യാര്‍ത്ഥികള്‍ എന്നെ കാണുമ്പോഴെല്ലാം പി.സി. തോമസ് സാര്‍ നിങ്ങളെക്കുറിച്ച് സംസാരിക്കാറുണ്ട് എന്നു പറയുമായിരുന്നു. പറയുന്നവരെല്ലാം ചിരിച്ചുകൊണ്ടാണ് അത് പറഞ്ഞിരുന്നത്. എന്താണ് പറയുന്നതെന്ന് ഒരാളും പറയുകയും ചെയ്തില്ല. എന്റെ മനസ്സില്‍ അത് എന്തായിരിക്കാമെന്ന ഒരു ചിന്ത കിടന്ന് അലട്ടിയിരുന്നു. എന്നെ മോശമാക്കി എന്തൊക്കെയോ കുട്ടികള്‍ക്കിടയില്‍ അദ്ദേഹം തമാശ പറയുന്നുണ്ട് എന്നായിരുന്നു ഞാന്‍ മനസ്സിലാക്കിയിരുന്നത്. അങ്ങനെ ഒരിക്കല്‍ ഒരു പരിപാടിയില്‍ നേരിട്ട് കണ്ടപ്പോള്‍ ഞാന്‍ ഈ സംശയം ചോദിച്ചു. ചിരിച്ചുകൊണ്ടാണ് അതിനു മറുപടി പറഞ്ഞത്:
'സത്യത്തില്‍ കുട്ടികള്‍ ചിരിച്ചുകൊണ്ട് നിങ്ങളോടു പറയാന്‍ കാരണമുണ്ട്. ഇന്നു നിങ്ങളെക്കുറിച്ച് അവര്‍ ചിന്തിക്കുന്നതുപോലെയല്ലല്ലോ അന്നത്തെ നിങ്ങളുടെ വിദ്യാര്‍ത്ഥിക്കാലം. നിങ്ങള്‍ ഒരു ഉഴപ്പനും പഠനകാര്യങ്ങളില്‍ ഒട്ടും ശ്രദ്ധയില്ലാത്ത ഒരാളും ആയിരുന്നല്ലോ. അങ്ങനെയുള്ള ഒരാളായിരുന്നു നിങ്ങള്‍ എന്ന് ഞാന്‍ അവരോടു പറഞ്ഞിട്ടുണ്ട്. അതു ഞാന്‍ പറയുന്നത് പക്ഷേ, നിങ്ങളെ കൊച്ചാക്കാനല്ല. അങ്ങനെയുള്ള നിങ്ങള്‍ പഠനത്തിനുമപ്പുറത്ത് സ്വന്തം ഇച്ഛാശക്തികൊണ്ട് മറ്റൊരു മേഖല കണ്ടെത്തി ഈ നാടുതന്നെ നിങ്ങളെയോര്‍ത്ത് അഭിമാനിക്കുന്ന ഒരു നിലയില്‍ എത്തി എന്ന പോസിറ്റീവായ ചിന്ത കൊടുക്കാനാണ്.'

അപ്പോഴാണ് മനസ്സിനെ അലട്ടിയിരുന്ന സംശയം നീങ്ങിയത്. എന്റെ മോശം കാലം പോലും പറയുന്നത് മറ്റുള്ളവര്‍ക്ക് പ്രചോദനം നല്‍കാന്‍ വേണ്ടിയാണല്ലോ എന്ന് ഞാന്‍ ആശ്വസിച്ചു.

കോളേജിലെ വില്ലന്‍
പഴയ കാലമാകട്ടെ പുതിയ കാലമാകട്ടെ തങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത അദ്ധ്യാപകരെ ഇരട്ടപ്പേരു വിളിക്കുന്ന ഒരു രീതിയുണ്ട്. അത് അദ്ധ്യാപകര്‍ക്ക് നല്‍കുന്ന മാനസികവിഷമമൊന്നും ആരും പരിഗണിക്കാറില്ല. അതൊരു കീഴ്വഴക്കംപോലെ, തങ്ങളുടെ ഒരു അവകാശംപോലെ തുടര്‍ന്നുവരുന്നു.
വിദ്യപകരുന്ന ഗുരുക്കന്മാരെ ദൈവതുല്യരായി വാഴ്ത്തുന്ന ഒരു സംസ്‌കാരമാണ് നമ്മുടേത്. ചോരത്തിളപ്പിന്റെ കാലത്ത് അത് എത്രപേര്‍ പുലര്‍ത്തുന്നുണ്ട് എന്നത് മറ്റൊരു കാര്യം.

ഇവിടെ കഥാനായകന്‍ ഞങ്ങളുടെ ഇംഗ്ലീഷ് അദ്ധ്യാപകനാണ്. ഒറ്റനോട്ടത്തില്‍ തമിഴ് ഹാസ്യനടനായ നാഗേഷിന്റെ മുഖച്ഛായ ഉള്ളതിനാല്‍ രഹസ്യമായി അദ്ദേഹത്തെ കുട്ടികള്‍ ആ പേരില്‍ വിളിച്ചുപോന്നിരുന്നു. എന്നാല്‍ ഈ അദ്ധ്യാപകന്‍ നടന്നുപോകുമ്പോള്‍ വഴിയില്‍ മറഞ്ഞിരുന്ന് ആ പേരു വിളിച്ച് കളിയാക്കുന്ന ചില വിരുതന്മാരുമുണ്ടായിരുന്നു. ക്ലാസില്‍നിന്ന് ലഭിക്കുന്ന പല ശിക്ഷകള്‍ക്കും ദേഷ്യം തീര്‍ക്കുന്നവര്‍.
ഒരു ദിവസം പെട്ടെന്ന് പ്രിന്‍സിപ്പല്‍ ഞങ്ങളുടെ ക്ലാസിലേക്ക് കയറിവന്നു. എല്ലാവര്‍ക്കും വളരെ ഭയവും ബഹുമാനവുമുള്ള വ്യക്തിയായിരുന്നു പ്രിന്‍സിപ്പല്‍ ഫാദര്‍ തോമസ് മൂത്തേടന്‍. എന്തോ കാര്യമായി പ്രശ്‌നമുണ്ടെന്ന് മനസ്സിലായി. വന്നയുടനെ ഇംഗ്ലീഷ് സാറോട് 'ആരാണ് താങ്കളെ അപമാനിച്ചത്' എന്ന് ചോദിച്ചു. അദ്ദേഹം രജിസ്റ്ററിലെ മൂന്നു നമ്പറുകള്‍ പറഞ്ഞു. ആദ്യത്തെ രണ്ടു നമ്പറുകള്‍ സെബാസ്റ്റ്യന്‍, ബാബു എന്നിവരുടേതായിരുന്നു. മൂന്നാമത്തെ നമ്പര്‍ കേട്ട ഞാന്‍ ഞെട്ടിത്തരിച്ചു! അത് എന്റെ നമ്പറായിരുന്നു. എന്റെ പേര് എങ്ങനെ വന്നു എന്ന് എനിക്കു മനസ്സിലായില്ല.

പ്രിന്‍സിപ്പാള്‍ ഒറ്റ പ്രഖ്യാപനമായിരുന്നു:
'നോ എക്‌സ്പ്ലനേഷന്‍സ്. ആള്‍ ദി ത്രീ ഗെറ്റ് ഔട്ട്. ഡോണ്ട് കം ദി ക്ലാസ്.'
പിന്നെ ഒരു മാര്‍ഗ്ഗവുമില്ലല്ലോ.
ഞങ്ങള്‍ പുസ്തകവുമെടുത്ത് പുറത്തിറങ്ങി. ഞാന്‍ കൂടെയുള്ളവരോട് വാസ്തവത്തില്‍ എന്താണ് സംഭവം എന്ന് ചോദിച്ചു. കഴിഞ്ഞദിവസം അദ്ദേഹം താഴെ കൂടെ പോകുമ്പോള്‍ ഈ ക്ലാസില്‍നിന്നും ജനലിലൂടെ അദ്ദേഹത്തെ ആരോ നാഗേഷ് എന്ന് വിളിച്ചു എന്നും, അദ്ദേഹം നോക്കിയപ്പോള്‍ ഈ ക്ലാസിന്റെ ജനലില്‍ മൂന്നുപേരെ കണ്ടുവെന്നുമാണ് പരാതി പറഞ്ഞിരിക്കുന്നത് എന്നും, ആ പരാതിയില്‍ പറഞ്ഞ ആളുകളാണ് നമ്മള്‍ മൂന്നു പേരും എന്നും അവര്‍ പറഞ്ഞറിഞ്ഞു.

'അതിനു ഞാന്‍ ഇന്നലെ ഉണ്ടായിരുന്നില്ലല്ലോ. ഇന്നലെ ഞാന്‍ സ്‌പോര്‍ട്‌സ് മീറ്റ് കാണാന്‍ പോയ ദിവസമാണല്ലോ,' ഞാന്‍ പറഞ്ഞു.
എന്തായാലും ഇനി ഒന്നും പറഞ്ഞിട്ടു കാര്യമില്ല എന്ന് ഞങ്ങള്‍ പരസ്പരം പറഞ്ഞു. രക്ഷിതാക്കളെ കൂട്ടി പ്രിന്‍സിപ്പലിനെ കാണാനാണ് പറഞ്ഞിരിക്കുന്നത്. എനിക്കത് ഓര്‍ക്കാന്‍കൂടി കഴിയില്ല. കാരണം, മതിയായ യോഗ്യതപോലുമില്ലാതെ മാനേജ്‌മെന്റ് ക്വാട്ടയില്‍ കയറിയ ആളാണ് ഞാന്‍. ഈ കേസ് വീട്ടില്‍ അറിഞ്ഞാല്‍ അതോടെ തീര്‍ന്നു!
അപ്പന്റെ അമ്മാവന്റെ മകന്‍ പ്രൊഫ. എം.വി പോള്‍സണ്‍ അവിടെ കെമിസ്ട്രി ഡിപ്പാര്‍ട്ട്‌മെന്റില്‍ ഉണ്ടായിരുന്നു. അദ്ദേഹം എന്നെ വിളിപ്പിച്ചു: 'എന്താണ് വിക്ടര്‍ നിന്നെക്കുറിച്ച് കേള്‍ക്കുന്നതെ'ന്ന് ചോദിച്ചു. ഞാന്‍ സത്യാവസ്ഥ പറഞ്ഞുകൊടുത്തു. എന്നാല്‍ ആര്‍ക്കും വിശദീകരണവുമായി പ്രിന്‍സിപ്പലിനെ കാണാനുള്ള ധൈര്യമില്ലായിരുന്നു. അത്രയ്ക്കു കര്‍ശനസ്വഭാവക്കാരനായിരുന്നു അദ്ദേഹം. ഒടുവില്‍ കൂടെയുള്ള മറ്റു രണ്ടുപേരോടും ഞാന്‍ യഥാര്‍ത്ഥ സംഭവത്തെക്കുറിച്ച് തിരിച്ചും മറിച്ചും ചോദിച്ചു. അപ്പോള്‍ ബാബു അത് താനായിരുന്നു വിളിച്ചത് എന്ന് ഏറ്റുപറഞ്ഞു.
എങ്കില്‍ അത് പ്രിന്‍സിപ്പലിനോട് തുറന്നുപറയാന്‍ ഞാന്‍ പറഞ്ഞു. അങ്ങനെ മടിച്ചുമടിച്ച് ഞങ്ങള്‍ മൂന്നുപേരും പ്രിന്‍സിപ്പലിന്റെ റൂമിലെത്തി. ഞങ്ങളെ കണ്ടപ്പോഴേ അവിടെ ഉണ്ടായിരുന്ന സീനിയര്‍ ലക്ചറര്‍മാരില്‍ ഒരാള്‍ 'ഇത്തരം ആളുകളെ മാനേജ്‌മെന്റ് ക്വാട്ടയിലൂടെ പ്രവേശിപ്പിച്ചാല്‍ ഇതാണ് അവസ്ഥ' എന്നു പറഞ്ഞ് ശബ്ദമുയര്‍ത്തി. വാസ്തവത്തില്‍ അദ്ധ്യാപകനെ ഇരട്ടപ്പേര് വിളിച്ചു കളിയാക്കിയ ബാബു നല്ല മാര്‍ക്കോടെ കോളേജില്‍ അഡ്മിഷന്‍ നേടിയ ആള്‍ തന്നെയായിരുന്നു.

താനാണ് കഴിഞ്ഞ ദിവസം അദ്ധ്യാപകനെ മോശം പേരു വിളിച്ച് കളിയാക്കിയതെന്നും അത് തന്റെ അടുത്തുവന്ന തെറ്റാണെന്നും മേലില്‍ ആവര്‍ത്തിക്കില്ലെന്നും ബാബു പ്രിന്‍സിപ്പലിനോട് ഏറ്റുപറഞ്ഞു. കൂടെച്ചെന്ന എന്നോടും സെബാസ്റ്റ്യനോടും ക്ലാസില്‍ പോകാന്‍ പറഞ്ഞു. ബാബുവിനെ ഒരാഴ്ചത്തേക്ക് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു.
പിന്നീടൊരിക്കല്‍ എന്റെ ഡിഗ്രി പഠനകാലത്ത് സ്ഥിരമായി ഫുട്‌ബോള്‍ കളിക്കാനും പ്രാക്ടീസ് ചെയ്യാനുമെല്ലാം പോകുന്നതിനാല്‍ ക്ഷീണിച്ചുവന്ന് ക്ലാസിലെ പിറകിലെ ബെഞ്ചില്‍ ചാരിയിരുന്നുറങ്ങുമ്പോള്‍ അതുവഴി കടന്നുപോയ സമയത്തും പ്രിന്‍സിപ്പലിന്റെ പിടിവീണിരുന്നു.
'താനൊക്കെ ഇവിടെ കളിക്കാനും ഉറങ്ങാനുമാണോ വരുന്നത്?' ഫാദര്‍ മൂത്തേടന്റെ ചോദ്യം ഇപ്പോഴും ചെവിയില്‍ മുഴങ്ങുന്നു.
വര്‍ഷങ്ങള്‍ കടന്നുപോയി. കോളേജുജീവിതമെല്ലാം കഴിഞ്ഞ് ഒരിക്കല്‍ തൃശ്ശൂരില്‍ വെച്ച് മൂത്തേടന്‍ അച്ചനെ ഞാന്‍ കണ്ടുമുട്ടി. അച്ചന്‍ വിരമിച്ച് വിശ്രമജീവിതം നയിക്കുന്ന സമയത്താണ്. സായാഹ്നസവാരിക്കിടയിലാണ് അവിചാരിതമായി കാണുന്നത്. ഞാന്‍ അരികിലെത്തി 'എന്നെ അറിയുമോ' എന്ന് ചോദിച്ചു. അദ്ദേഹം പഴയകാലം ഓര്‍മ്മിച്ചെടുത്തു. 'അന്ന് തെറ്റിദ്ധരിച്ച് ഒരുപാടു ബുദ്ധിമുട്ടിച്ചല്ലേ' എന്ന് ചിരിച്ചുകൊണ്ട് ചോദിച്ചു.
ഞാന്‍ പുഞ്ചിരിയോടെ 'അതൊന്നും സാരമില്ല, അതൊക്കെ അപ്പോഴേ തീര്‍ന്നതല്ലേ' എന്നു പറഞ്ഞു. എന്റെ വിശേഷങ്ങള്‍ അറിയാറുണ്ടെന്നും നീ ഇപ്പോള്‍ മിടുക്കനായല്ലോ എന്നും സന്തോഷത്തോടെ പറഞ്ഞു.

ജീവിതത്തില്‍ എത്ര അസുഖകരമായ സംഭവങ്ങളുണ്ടായാലും അവരില്‍ മിക്കവരെയും ജീവിതവഴിയില്‍ വീണ്ടും വളരെ സ്‌നേഹത്തോടെയും സന്തോഷത്തോടെയും എനിക്ക് കണ്ടുമുട്ടാനായിട്ടുണ്ട്. അവരില്‍ പലരും ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. അവരെക്കുറിച്ച് നല്ല ഓര്‍മ്മകള്‍ മാത്രമാണ് കൂട്ടിനുള്ളത്.


Content Highlights: Victor Manjila, Indian Football, Mathrubhumi Books


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented