മെയ് 22- പാവങ്ങളുടെ എഴുത്തുകാരന്‍ വിക്തോർ യൂഗോയുടെ ചരമവാര്‍ഷിക ദിനമാണ്. നാലപ്പാട്ട് നാരായണമേനോന്‍ തര്‍ജ്ജമ ചെയ്ത് മാതൃഭൂമി ബുക്സ് പ്രസിദ്ധപ്പെടുത്തിയ പാവങ്ങളില്‍ നിന്ന് ഒരു ഭാഗം വായിക്കാം.
പകുതി തുറന്ന വാതില്ക്കല്‍ നന്നെ ചെറിയ ഒരു പെണ്‍കുട്ടി നില്ക്കുന്നു. വെളിച്ചം കിട്ടിയിരുന്ന ആ തട്ടിന്‍പുറക്കിളിവാതില്‍ വാതിലിന്നു നേരെ എതിരായിരുന്നതുകൊണ്ട് ആ സ്വരൂപം ഒരു മങ്ങിയ വെളിച്ചത്തു പ്രകാശിച്ചു. അവള്‍ മെലിഞ്ഞു ക്ഷീണിച്ചു വണ്ണമില്ലാത്ത ഒരു കുട്ടിയാണ്; ആ തണുത്തു വിറയ്ക്കുന്ന നഗ്‌നതയുടെ മേല്‍ ഒരു ഉളളങ്കിയും ഒരു റവുക്കയുമല്ലാതെ വേറെയൊന്നുമില്ല. അവളുടെ അരഞ്ഞാണ് ഒരു ചരടാണ് ; തലയിലെ തൊപ്പി ഒരു നാടയാണ് ; അവളുടെ കൂര്‍ത്ത ചുമലുകള്‍ ഉളളങ്കിയ്ക്കുളളില്‍നിന്നു പുറത്തേയ്ക്കുന്തിയിരുന്നു; വെളുത്തു നീരുളള ഒരു നിറം, മണ്ണിന്‍വര്‍ണ്ണത്തിലുളള തോളെല്ലുകള്‍, ചുകന്ന കൈകള്‍, പകുതി തുറന്ന് ഒരു ഭംഗിയില്ലാത്ത വായ, കാണാനില്ലാത്ത പല്ലുകള്‍, ഉന്മേഷം കെട്ടു ധൈര്യം കൂടി തറവാടിത്തമില്ലാത്ത കണ്ണുകള്‍ ; ചെറുപ്പകാലം എങ്ങനെയോ കൈമോശം വന്നുപോയ ഒരു ചെറുപ്പക്കാരിയുടെ രൂപവും ഒരു കിഴവിയായ കുലടയുടെ ഭാവവുമായിരുന്നു അവള്‍ക്കുളളത് ; പതിനഞ്ചോടു കൂടിപ്പിണഞ്ഞ അമ്പതു വയസ്സ് ; ശക്തിയില്ലാതെ, വികൃതമായി, കരയാന്‍ തോന്നാത്തവരെ ഭയപ്പെടുത്തുന്ന മട്ടോടുകൂടിയ അത്തരം സത്ത്വങ്ങളില്‍ ഒന്ന്.
മരിയുസ് എഴുന്നേറ്റ് ഒരുതരം അമ്പരപ്പോടുകൂടി ഈ സത്ത്വത്തെ തുറിച്ചു നോക്കി; അവള്‍ ഏതാണ്ട് സ്വപ്നങ്ങളിലൂടെ പാഞ്ഞു പോകുന്ന നിഴല്‍സ്വരൂപങ്ങളില്‍ ഒന്നായിരുന്നു.
എല്ലാറ്റിലുംവെച്ചധികം ഹൃദയഭേദകമായിട്ടുളളതെന്തെന്നാല്‍, ഈ ചെറുപെണ്‍കുട്ടി ഒരു സാധാരണക്കാരിയായിരിപ്പാന്‍വേണ്ടിയല്ല ജനിച്ചിട്ടുളളത്. പിഞ്ചുകുട്ടിക്കാലത്ത് അവള്‍ തീര്‍ച്ചയായും ഒരു നല്ല ചന്തമുളളതായിരിക്കണം, ദുര്‍ന്നടപ്പുകൊണ്ടും ദാരിദ്യംകൊണ്ടുമുളള ആ വികൃതമായ അകാലവാര്‍ദ്ധക്യത്തോട് അപ്പോഴും അവളുടെ ചെറുപ്രായത്തിലെ സൗഭാഗ്യം യുദ്ധംവെട്ടിയിരുന്നു. ഒരു മഴക്കാലത്തെ പ്രഭാതത്തില്‍ വിരൂപങ്ങളായ മേഘങ്ങള്‍ വന്നുമൂടി ഇല്ലാതായിത്തീരുന്ന മങ്ങിയ വെയില്‍പോലെ, ആ പതിനാറുവയസ്സുളള മുഖത്തുനിന്നു സൗന്ദര്യത്തിന്റെ അവശേഷങ്ങള്‍ ക്രമേണ മാഞ്ഞുപോകുന്നു.
ആ മുഖം മരിയുസ്സിനു തീരെ പരിചയമില്ലാത്തതല്ല. അത് എവിടെയോവെച്ചു താന്‍ കണ്ടിട്ടുണ്ടെന്ന് അയാള്‍ക്കു തോന്നി.
'മാംസെല്‍, നിങ്ങള്‍ക്കെന്താണ് വേണ്ടത്?' അയാള്‍ ചോദിച്ചു. കുടിച്ചു ബോധമില്ലാത്ത ഒരു തടവുപുളളിയുടേതായ സ്വന്തം ശബ്ദത്തില്‍ ആ പെണ്‍കിടാവു മറുപടി പറഞ്ഞു, 'മൊസ്യ മരിയുസ്. നിങ്ങള്‍ക്കൊരു കത്തുണ്ട്'
അവള്‍ മരിയുസ്സിനെ പേരു വിളിച്ചു ; അവള്‍ക്കു കാണേണ്ട ആള്‍ താന്‍ തന്നെയാണ്, സംശയിക്കാന്‍ വയ്യ. പക്ഷെ, ഈ പെണ്‍കുട്ടി ഏതാണ് ? അവള്‍ക്കെങ്ങനെ തന്റെ പേരറിവായി ?
അകത്തേക്കു കടന്നുവരാം എന്നുപറഞ്ഞുകേള്‍ക്കാന്‍ നില്ക്കാതെ അവള്‍ അങ്ങോട്ടു ചെന്നു. ഹൃദയത്തില്‍നിന്നു ചോര ചാടിക്കുന്ന ഒരു ധൃഷ്ടതയോടുകൂടി ആ മുറിയുടെ എല്ലാ ഭാഗത്തേയും മടക്കിയിട്ടില്ലാത്ത കിടയ്ക്കയേയും തുറിച്ചുനോക്കിക്കൊണ്ട് അവള്‍ സധൈര്യം അകത്തേയ്ക്കു ചെന്നു. അവളുടെ കാലടികള്‍ നഗ്‌നങ്ങളാണ്. ഉടുപ്പിലുളള ദ്വാരങ്ങള്‍ അവളുടെ നീണ്ട കാല്‍കളേയും മെലിഞ്ഞ കാല്‍മുട്ടുകളേയും കാണിച്ചിരുന്നു. അവള്‍ വിറയ്ക്കുന്നുണ്ട്.
അവള്‍ ഒരു കത്തു കയ്യില്‍പ്പിടിച്ചിരുന്നു ; അതവള്‍ മരിയുസ്സിനു സമ്മാനിച്ചു.
തുറന്നുനോക്കുന്നതോടുകൂടി അതു മുദ്രവെച്ചിരുന്ന കൂറ്റന്‍ വട്ടപ്പറ്റ് അപ്പോഴും നനവുവിട്ടിട്ടില്ലെന്നു മരിയുസ് കണ്ടു. ആ സന്ദേശത്തിന്റെ വരവ് അധികം ദൂരത്തുനിന്നാവാന്‍ വയ്യാ. അയാള്‍ വായിച്ചു ;-
'എന്റെ സൌമ്യശീലനായ അയല്‍വക്കകാരെ, ഹേ യുവാവെ , ആറുമാസംമുമ്പ് എന്റെ വാടക നിങ്ങള്‍ കൊടുത്തുതീര്‍ത്തു എന്നു നിങ്ങളുടെ ഗുണശീലം ഞാനറിഞ്ഞു. ചെറുപ്പക്കാര, നിങ്ങളെ ഞാന്‍ അനുഗ്രഹിക്കുന്നു. രണ്ടുദിവസമായി ഞെങ്ങള്‍ക്ക് ഒരപ്പത്തിന്റെ കഷണംകൂടി കിട്ടിയിട്ടില്ലെന്ന് എന്റെ മൂത്തമകള്‍ പറയും ; നാലുപേരും എന്റെ ഭാര്യ ദീനത്തിലും. എന്റെ അഭിപ്രായത്തില്‍ എനിക്കു തെറ്റിപ്പോയിട്ടില്ലെങ്കില്‍ ഇതുകേട്ടാല്‍ നിങ്ങളുടെ മനസ്സലിയുമെന്നും എന്തെങ്കിലും ഒരു ദയവുചെയ്വാന്‍ നിങ്ങള്‍ക്കു തോന്നുമെന്നും ഞാന്‍ കരുതുന്നു. മനുഷ്യസമുദായത്തിനു നന്മചെയ്യുന്നവര്‍ക്ക് അഥികാരപ്പെട്ട ബെഹുമതിയോടുകൂടി.-ഴൊന്‍ദ്രെത്
കുറിപ്പ്. പ്രിയപ്പെട്ട മൊസ്യ മരിയുസ്, എന്റെ മൂത്തമകള്‍ നിങ്ങളുടെ കല്പനപോലെ ചെയ്തുകൊളളും'.
തലേദിവസം വൈകുന്നേരം മുതല്ക്ക് എപ്പോഴും മരിയുസ്സിന്റെ ആലോചനകളെ കൈവശപ്പെടുത്തിയിരുന്ന ആ അസാധാരണ സംഭവത്തിനിടയില്‍ ഈ കത്ത് ഒരു ഗുഹയ്ക്കുളളില്‍ വന്ന ഒരു മെഴുതിരി വിളക്കിന്റെ ഫലം ചെയ്തു. സകലവും ക്ഷണത്തില്‍ പ്രകാശിച്ചു.
ഈ കത്ത് മറ്റേ നാലു കത്തും പുറപ്പെട്ടേടത്തുനിന്നുതന്നെയാണ് വന്നിട്ടുളളത്. അതേ കയ്യക്ഷരം, അതേ വാചകരീതി, അതേ അക്ഷരക്രമം, അതേ കടലാസ്, അതേ പുകയിലനാറ്റം.
അഞ്ചു കത്തുകള്‍, അഞ്ചു ചരിത്രങ്ങള്‍, അഞ്ചൊപ്പുകള്‍, ഒരൊറ്റാളും. സ്പെയിന്‍കാരനായ പട്ടാളമേലുദ്യോഗസ്ഥന്‍ ദൊന്‍ അല്‍വാരെസ്, ഭാഗ്യംകെട്ട മിസട്രസ് ബല്‍സാര്‍, നാടകകവി ഗാങ്ഫ്ളൊ, വൃദ്ധന്‍ നാടകകര്‍ത്താവ് ഫബാന്തു, ഇവ നാലുപേരും ഴൊന്‍ദ്രെത്താണ് - അതെ ഴൊന്‍ദ്രെത് വാസ്തവത്തില്‍ ഴൊന്‍ദ്രെത് എന്ന പേരുകാരനാണെങ്കില്‍.
മരിയുസ് ആ വീട്ടില്‍ താമസമാക്കിയിട്ട് വളരെക്കാലമായി. എന്നാല്‍ ഞങ്ങള്‍ പറഞ്ഞതുപോലെ, ഏറ്റവും നികൃഷ്ടരായ തന്റെ അയല്‍പക്കക്കാരെ കാണാന്‍, ഒരു നോട്ടം ഒന്നുകാണാന്‍പോലും, അയാള്‍ക്കു സന്ദര്‍ഭമുണ്ടായിട്ടില്ല. അയാളുടെ മനസ്സ് മറ്റിടങ്ങളിലായിരുന്നു; മനസ്സെവിടേയോ അവിടെയാണല്ലോ കണ്ണുകള്‍. കോണിത്തട്ടിലോ കോണിമേലോവച്ച് ഴൊന്‍ദ്രെത് കുടുംബക്കാരെ അയാള്‍ കടന്നുപോയിട്ടുണ്ട്; പക്ഷേ, അവര്‍ അയാള്‍ക്കു ചില രൂപങ്ങള്‍ മാത്രമായിരുന്നു ; തലേദിവസം വഴിക്കു ഴൊന്‍ദ്രെത് പെണ്‍കുട്ടികളെ, അവരാരെന്നറിയാതെ, മുട്ടിക്കൊണ്ടുപോകയും - വാസ്തവത്തില്‍ അവര്‍തന്നെയായിരുന്നു അത് - അതിലൊരുവള്‍ അപ്പോള്‍ മുറിയിലേയ്ക്കു വന്ന സമയത്ത്, അറപ്പും അനുകമ്പയുമിരുന്നാലും, എവിടെയോവെച്ചു കണ്ടിട്ടുണ്ടെന്ന് ഒരോര്‍മവരാന്‍ വളരെ ബുദ്ധിമുട്ടുകയും ചെയ്യത്തക്കവിധം അയാള്‍ അവരെപ്പറ്റി അത്രമാത്രമേ ശ്രദ്ധിച്ചിരുന്നുളളു.

ഇപ്പോള്‍ അയാള്‍ക്കു സകലവും സ്പഷ്ടമായി. അയല്‍പക്കക്കാരന്‍ ഴൊന്‍ദ്രെത് കഷ്ടപ്പാടിനിടയില്‍ സജ്ജനങ്ങളുടെ ധര്‍മ്മശീലത്തെക്കൊണ്ടു കച്ചവടം നടത്തിവന്നിരുന്നു എന്നും, അയാള്‍ മേല്‍വിലാസങ്ങള്‍ ശേഖരിച്ച്, പണക്കാരും ദയാലുക്കളുമാണെന്നു തോന്നുന്ന ആളുകള്‍ക്കു കളളപ്പേര്‍വച്ചു കത്തുകള്‍ എഴുതി തന്റെ പെണ്‍മക്കളെ, അവര്‍ക്കു വരുന്ന അരിഷ്ടും അപകടവും എന്തെങ്കിലുമാവട്ടെ എന്നുവെച്ചു - പെണ്‍മക്കളെ കഷ്ടത്തിലാക്കാമെന്നുളള ഒരു ഘട്ടത്തിലെത്തിയിരിക്കുന്നു ആ അച്ഛന്‍ - അതാതിടത്തേക്കു പറഞ്ഞയച്ചിരുന്നു എന്നും അയാള്‍ക്കു മനസ്സിലായി. അയാള്‍ ഈശ്വരവിധിയുമായി ചൂതുകളിയാണ് ; അതില്‍ തന്റെ പെണ്‍മക്കളെ അയാള്‍ പണയം വെയ്ക്കുന്നു. തലേദിവസം വൈകുന്നേരത്തെ അവരുടെ ഓട്ടത്തില്‍നിന്നും, അവരുടെ ശ്വാസംമുട്ടിയ നിലയില്‍നിന്നും അവര്‍ പുറപ്പെടുവിച്ചുകേട്ട കന്നഭാഷയില്‍നിന്നും ആ ഭാഗ്യംകെട്ട കുട്ടികള്‍ എന്തോ പറയാവതല്ലാത്ത ഉദ്യോഗം നടത്തിവരുന്നവരാണെന്നും, സമുദായം ഇന്നത്തെ നിലയില്‍ നില്ക്കെ അതിന്നുളളില്‍ ബാലികമാരും പ്രൗഢമാരുമല്ലാത്ത രണ്ടു നികൃഷ്ടസത്ത്വങ്ങള്‍, കഷ്ടപ്പാടിനാല്‍ ഉണ്ടാക്കപ്പെട്ട നീചങ്ങളും നിഷ്‌കളങ്കങ്ങളുമായ പിശാചസത്ത്വങ്ങളുടെ ഒരു വര്‍ഗ്ഗം ഉണ്ടായിത്തീരുകയാണ് എല്ലാംകൂടിയുളള ഫലമെന്നും മരിയുസ് പക്ഷേ, മനസ്സിലാക്കി.
പേരോ, ആണ് പെണ്ണ് എന്ന വ്യത്യാസമോ, വയസ്സോ ഇല്ലാതെയും, പാപവും പുണ്യവുമുണ്ടാവാന്‍ തന്നെ വയ്യാതെയും കുട്ടിപ്രായത്തില്‍ നിന്നു പുറത്തു കടക്കുമ്പോഴേയ്ക്കുതന്നെ, സ്വാതന്ത്ര്യമോ സൗശീല്യമോ ഉത്തരവാദിത്വമോ യാതൊന്നും തന്നെ ഇല്ലാതായുമുളള പാവങ്ങള്‍, ഏതെങ്കിലും ഒരു വണ്ടിച്ചക്രം തട്ടിച്ചതയാന്‍ കാത്തുംകൊണ്ട് എല്ലാത്തരം ചളിയും പുരണ്ടു വഷളായി തെരുവുകളില്‍ വീണുകിടക്കുന്ന പുഷ്പങ്ങള്‍ പോലെ, ഇന്നലെ വിരിഞ്ഞു ഇന്നുവാടിയ ആത്മാക്കള്‍, എന്തായാലും വേദനയോടും അത്ഭുതത്തോടും കൂടി മരിയുസ് അവളെ നോക്കിക്കാണുമ്പോള്‍, ആ ചെറുപെണ്‍കുട്ടിയാവട്ടേ, ഒരു പ്രേതത്തിന്റെ ധൃഷ്ടതയോടുകൂടി ആ തട്ടിന്‍പുറത്തെങ്ങും പാഞ്ഞുനടക്കുകയായിരുന്നു. നഗ്‌നതയെപ്പറ്റി കൂസാതെ, അവള്‍ അവിടവിടെ ചുറ്റിത്തിരിഞ്ഞു. ചിലപ്പോള്‍ അവളുടെ കുടുക്കിടാത്തതും കീറിയതുമായ ഉടുപ്പ് ഏതാണ്ട് അരവരെ ഊരിവീഴും. അവള്‍ കസാലകള്‍ നീക്കിയിട്ട്, വലിപ്പുപെട്ടിയ്ക്കു മീതെ ചമയല്‍സ്സാമാനങ്ങള്‍ വെച്ചിരുന്നതൊക്കെ തകരാറാക്കി, മരിയുസ്സിന്റെ ഉടുപ്പുകള്‍ പിടിച്ചുനോക്കി, മുക്കുകളില്‍ എന്താണുളളതെന്നു പരിശോധിച്ചു.
'അട!'അവള്‍ പറഞ്ഞു, 'നിങ്ങള്‍ക്കു കണ്ണാടിയുണ്ട് !'
തനിച്ചേ ഉളളൂ എന്ന നിലയില്‍ അവള്‍ ചില പാട്ടിന്‍കഷ്ണങ്ങള്‍ മൂളി ; ആ വിനോദപരങ്ങളായ പല്ലവികളെ അവളുടെ ചിലമ്പിയ കണ്ഠസ്വരം പരിതാപകരങ്ങളാക്കിത്തീര്‍ത്തു.
ഈ ധൃഷ്ടതയ്ക്കിടയില്‍ അനിര്‍വചനീയമായ ഒരു ഞെരുങ്ങലും തളര്‍ച്ചയും പോരായ്മയും കാണാനുണ്ടായിരുന്നു. ധിക്കാരം ഒരവമാനമാണ്.
മുറിക്കുളളിലെങ്ങും നടന്ന് അവള്‍ കളിക്കുന്നത്, പകല്‍വെളിച്ചം കണ്ടുപേടിച്ചതോ, അല്ലെങ്കില്‍ ചിറകൊന്നൊടിഞ്ഞതോ ആയ ഒരു പക്ഷിയുടെ മട്ടില്‍ പാറിപ്പറക്കുന്നത് എന്നു പറയട്ടെ, കാണുന്നതിലധികം വ്യസനകരമായി മറ്റൊന്നില്ല .വിധിയും വിദ്യാഭ്യാസവും ഒന്നു മാറിയിട്ടായിരുന്നുവെങ്കില്‍, ഉന്മേഷവും കുറച്ചധികം സ്വാതന്ത്ര്യശക്തിയുമുളള ഈ പെണ്‍കുട്ടിയുടെ ഭാവം മനോഹരവും ഹൃദയാകര്‍ഷകവുമായിത്തീര്‍ന്നേനേ. തിര്യക്കുകള്‍ക്കിടയില്‍പ്പോലും, ഒരു പ്രാവാവാന്‍ ജനിച്ച ജന്തു ഒരിക്കലും ചക്കിപ്പരുന്തായിത്തീരാറില്ല ; അതു മനുഷ്യരില്‍ മാത്രമേ ഉളളൂ.
മരിയുസ് ഇരുന്നാലോചിച്ചു. അവളെ ഇഷ്ടം പോലെ പ്രവര്‍ത്തിക്കുവാന്‍ വിട്ടു.
അവള്‍ മേശയ്ക്കടുത്തു വന്നു.
'ഹാ!'അവള്‍ പറഞ്ഞു, 'പുസ്തകങ്ങള്‍!'
അവളുടെ പളുങ്കുകണ്ണുകളെ ഒരു മിന്നല്‍വെളിച്ചം തുളച്ചുകടന്നു. അവള്‍ തുടര്‍ന്നു; എന്തെങ്കിലുമൊന്നിനെക്കുറിച്ചു മേനി പറയുമ്പോഴത്തെ സുഖം - ഒരു മനുഷ്യജീവിയിലും അതില്ലായ്കയില്ല - അവളുടെ ഒച്ചയില്‍ സ്ഫുരിച്ചു: 'എനിയ്ക്കു വായിക്കാനറിയാം, ഉവ്വ് !'
മേശപ്പുറത്തു തുറന്നുകിടക്കുന്ന ഒരു പുസ്തകം അവള്‍ ആര്‍ത്തിയോടുകൂടി എടുത്തു; ഒരുമാതിരി നല്ല വേഗത്തില്‍ അവള്‍ വായിക്കാന്‍ തുടങ്ങി: '-വാട്ടര്‍ലൂ മൈതാനത്തിന്റെ മധ്യത്തില്‍ നില്ക്കുന്ന ഹൂഗ് മൊങ് ചെറുപളളി സൈന്യത്തില്‍നിന്ന് അഞ്ചു പട്ടാളവകുപ്പുകളെക്കൊണ്ട് പിടിച്ചെടുക്കുവാന്‍ ജെനറല്‍ ബൊദ്വാങ്ങിന്നു കല്പന കിട്ടി.'
അവള്‍ നിര്‍ത്തി.
'ഹാ! വാട്ടര്‍ലൂ! എനിക്കറിയാം അതൊക്കെ അതു വളരെ പണ്ടത്തെ ഒരു യുദ്ധമാണ്. എന്റെ അച്ഛനുണ്ടായിരുന്നു അതില്‍. എന്റെ അച്ഛന്‍ സൈന്യത്തില്‍ ഉദ്യോഗസ്ഥനായിരുന്നു. ഞങ്ങള്‍ വീട്ടില്‍ വലിയ ബൊനാപ്പാര്‍ത്തുകക്ഷിക്കാരാണ്, അതേ! വാട്ടര്‍ലൂ ഇംഗ്ലണ്ടുമായുളള യുദ്ധമാണ്,'.
അവള്‍ പുസ്തകം വെച്ചു. തൂവലെടുത്തു ; എന്നിട്ടു ഉച്ചത്തില്‍ പറഞ്ഞു: 'എനിക്കെഴുതാനുമറിയാം'.
അവള്‍ മഷിയില്‍ തൂവല്‍ മുക്കി. മരിയുസ്സോടായിട്ടു പറഞ്ഞു : 'നിങ്ങള്‍ക്കു കാണണമോ? ഞാന്‍ നിങ്ങള്‍ക്കു കാട്ടിത്തരാന്‍ ഒരു വാക്കെഴുതാന്‍ പോകയാണ്'.
അയാള്‍ക്കു മറുപടി പറയാന്‍ ഇടകിട്ടുന്നതിനുമുമ്പായി മേശയ്ക്കു നടുവില്‍ കിടന്നിരുന്ന ഒരു പായ വെളളക്കടലാസ്സെടുത്ത് അതിലെഴുതി: 'തീപ്പെട്ടിക്കോലുകളെത്തി.'
എന്നിട്ടു തൂവല്‍ താഴത്തിട്ടു.
'അക്ഷരപ്പിഴയില്ല. നോക്കിക്കൊളളു. ഞങ്ങള്‍ പഠിച്ചിട്ടുണ്ട്, എന്റെ അനുജത്തിയും ഞാനും. ഞങ്ങള്‍ എന്നും ഇന്നത്തെ മാതിരിയായിരുന്നില്ല. ഞങ്ങളെ ഇങ്ങനെ -'.
അവള്‍ ഇവിടെ നിര്‍ത്തി; തന്റെ ചുണകെട്ട കണ്ണുകളെ മരിയുസ്സിന്റെ മേല്‍ പതിപ്പിച്ചു; എല്ലാത്തരം സുഖവിരക്തികളും അമര്‍ക്കപ്പെട്ട എല്ലാത്തരം മനോവേദനകളുമടങ്ങിയ ഒരു സ്വരത്തില്‍ അവള്‍ പറഞ്ഞു ; 'ഫൂ'.
അവള്‍ ഈ വാക്കുകള്‍ ഒരു പാട്ടുപോലെ മൂളാന്‍ തുടങ്ങി ;-
'എനിക്കു വിശക്കുന്നു, അച്ഛ,
എനിക്കു തിന്നാനൊന്നുമില്ല.
എനിക്കു തണുക്കുന്നു, അമ്മേ.
എനിക്കുടുക്കാനൊന്നുമില്ല.
വിറയ്ക്കു,
ലൊലൊത്.
കരയൂ,
ഴാക്കൊ'
ഈ പാട്ടു കഴിയുന്നതോടുകൂടി അവള്‍ കുറച്ചുറക്കെപ്പറഞ്ഞു; ' നിങ്ങള്‍ നാടകത്തിനു പോയിട്ടുണ്ടോ, മൊസ്യു മരിയുസ്? ഞാന്‍ പോയിട്ടുണ്ട്. എനിക്ക് ഒരാങ്ങളയുണ്ട് ; ആ ആങ്ങള നാടകക്കാരുടെ ചങ്ങാതിയാണ്; അവന്‍ ചിലപ്പോള്‍ എനിക്കു ടിക്കറ്റു തരും. പക്ഷേ, തട്ടിരിപ്പിടങ്ങളിലുളള ബെഞ്ചുകള്‍ എനിക്കിഷ്ടമല്ല. അവിടെ ഇരുന്നു ഞെരുങ്ങണം. സുഖമില്ല. ചിലപ്പോള്‍ അവിടെയൊക്കെ കൂറ്റന്മാരായിരിക്കും; വല്ലാത്തൊരു നാറ്റമുളളവര്‍.'
എന്നിട്ട് അവള്‍ മരിയുസ്സിനെ സൂക്ഷിച്ചുനോക്കി; ഒരു സവിശേഷഭാവമവലംബിച്ചു പറഞ്ഞു ; 'മിസ്റ്റര്‍ മരിയുസ്, നിങ്ങള്‍ ഒരൊന്നാന്തരം സുന്ദരാനാണെന്നു നിങ്ങള്‍ക്കറിയാമോ?'
അതോടൊപ്പം തന്നെ ഈ ഒരേ ഒരു വിചാരം രണ്ടുപേര്‍ക്കും തോന്നി; അവള്‍ പുഞ്ചിരിക്കൊണ്ടു; അയാള്‍ ലജ്ജിച്ചു. അവള്‍ അയാള്‍ക്കടുത്തുചെന്നു കൈ ചുമലില്‍ വെച്ചു പറഞ്ഞു : 'നിങ്ങള്‍ എന്നെ ശ്രദ്ധിക്കുന്നില്ല. പക്ഷേ, നിങ്ങളെ എനിക്കറിയാം, മിസ്റ്റര്‍ മരിയുസ്. ഞാന്‍ നിങ്ങളെ ഇവിടെ കോണിത്തട്ടില്‍വെച്ചു കണ്ടിട്ടുണ്ട്; പിന്നെ ഞാന്‍ ചിലപ്പോള്‍ ആ പ്രദേശത്തു സഞ്ചരിക്കുമ്പോള്‍ ഓസെ്തര്‍ലിത്സിന്നടുത്തു താമസിക്കുന്ന ഒരു മബയെ നിങ്ങള്‍ കാണാന്‍ പോകുന്നതു ഞാന്‍ പലപ്പോഴും കണ്ടിട്ടുണ്ട്. തലമുടി ഇങ്ങനെ പരത്തിയിട്ടതു നിങ്ങള്‍ക്കു നല്ല ഭംഗിയാണ്'.
അവള്‍ തന്റെ സ്വരത്തെ മയപ്പെടുത്തുവാന്‍ നോക്കി; പക്ഷേ, വളരെ കനംകൂടിക്കാനേ അവളെക്കൊണ്ടു കഴിഞ്ഞുളളു. ചില സ്വരങ്ങള്‍ പോയ്പോയ ഒരു 'പിയാനോ'വിലെന്നപോലെ, അവളുടെ വാക്കുകളില്‍ ഒരു ഭാഗം കണ്ഠത്തില്‍നിന്നു ചുണ്ടുകളിലെത്തുന്നതിനുളളില്‍ കാണാതായി.
മരിയുസ് പതുക്കെ വാങ്ങിനിന്നു.
'മാംസെല്‍' - തന്റെ ഒരു സഗൗരവമട്ടോടുകൂടി അയാള്‍ പറഞ്ഞു. 'നിങ്ങളുടേതായ ഒരു ലക്കോട്ട് ഇവിടെയുണ്ടെന്നു തോന്നുന്നു. അതു ഞാന്‍ മടക്കിത്തരട്ടെ.'
ആ നാലു കുത്തുകളുളള ലക്കോട്ട് അയാള്‍ എടുത്തുകാട്ടി.
അവള്‍ കൈകൊട്ടി ഉച്ചത്തില്‍ പറഞ്ഞു : 'ഞങ്ങളതു കണ്ടേടത്തൊക്കെ തിരഞ്ഞുനോക്കുകയായിരുന്നു.'
അവള്‍ ആ കെട്ട് ആര്‍ത്തിയോടുകൂടി വാങ്ങി, ഇങ്ങനെ പറഞ്ഞു കൊണ്ടു തുറന്നു:-
'ആവൂ, ആവൂ! എന്റെ അനുജത്തിയും ഞാനുംകൂടി എത്ര തിരഞ്ഞു ! അപ്പോള്‍ നിങ്ങള്‍ക്കാണതു കിട്ടിയത് ! വഴിക്കുവെച്ചായിരിക്കും, അല്ലേ? അതേ ആ മരക്കൂട്ടത്തില്‍വെച്ചാവണം. ഞങ്ങള്‍ പായുന്ന വഴിക്ക് അതു താഴെയിട്ടു. എന്റെ അനുജത്തി, ആ പെണ്ണാണ് ആ കഥയില്ലായ്മ കാണിച്ചത്. വീട്ടില്‍ ചെന്നപ്പോള്‍ അതൊരിടത്തും കാണാനില്ല. ഞങ്ങള്‍ക്കു തല്ലുകൊളളാന്‍ മനസ്സില്ലാതിരുന്നതുകൊണ്ട്, അതുകൊണ്ടാവശ്യമില്ലല്ലോ, അതുകൊണ്ട് ഒരാവശ്യവുമില്ലല്ലോ, അതുകൊണ്ടു യാതൊരുവിധത്തിലും ആവശ്യമില്ലല്ലോ, ഞങ്ങള്‍ ആ കത്തുകള്‍ അതാതാളുകള്‍ക്കു കൊണ്ടുപോയിക്കൊടുത്തു എന്നും അവര്‍ ഞങ്ങളോടു 'നീര്‍പ്പിശാച്'എന്നു പറഞ്ഞു എന്നും അച്ഛനെ മനസ്സിലാക്കി. അപ്പോള്‍ അവ ഇവിടെയാണ്, ആ പാവപ്പെട്ട കത്തുകള്‍ ! അതുകള്‍ എന്റെയാണെന്നു നിങ്ങളെങ്ങനെയറിഞ്ഞു? ഹോ, കയ്യക്ഷരം. അപ്പോള്‍ നിങ്ങളെയാണ് ഞങ്ങള്‍ മുട്ടിപ്പോന്നത്. ഞങ്ങള്‍ക്കു കണ്ടുകൂടായിരുന്നു. ഞാന്‍ അനുജത്തിയോടു ചോദിച്ചു, 'അതൊരു മാന്യനാണോ? അനുജത്തി എന്നോടു പറഞ്ഞു,'അതൊരു മാന്യനാണെന്നു തോന്നുന്നു.'
ഈയിടയ്ക്ക് അവള്‍ 'സാങ്ഴാക്ക് പളളിയിലെ ഉദാരശീലനായ മാന്യന്നു'ളള കത്തു നിവര്‍ത്തി.
'ഇതാ!' അവള്‍ പറഞ്ഞു, 'ഇതു കുര്‍ബ്ബാനയ്ക്കു വരാറുളള ആ കിഴവന്നുളളതാണ്. ശരിതന്നെ, അയാളുടെ സമയമായി. ഞാന്‍ പോയി ഇതയാള്‍ക്കു കൊണ്ടുകൊടുക്കട്ടെ. ഒരുസമയം ഞങ്ങള്‍ക്കു പ്രാതലിന്ന് അയാള്‍ എന്തെങ്കിലും തരും'.
അവള്‍ പിന്നെയും ചിരിക്കാന്‍ തുടങ്ങി ; എന്നിട്ടു തുടര്‍ന്നു:
'ഞങ്ങള്‍ക്ക് ഇന്നൊരു പ്രാതല്‍ കിട്ടുന്നതായാലത്തെ അര്‍ത്ഥം നിങ്ങള്‍ക്കറിയാമോ? ഞങ്ങള്‍ക്കു മിനിഞ്ഞാന്നത്തെ പ്രാതലും ഇന്നലത്തെ പ്രാതലും ഇന്നത്തെ മുത്താഴവും, അതൊക്കെയാണത് ; എല്ലാം കൂടി ഒരടിയായി ഇന്നു രാവിലെ. ആട്ടെ ! ഇതു നിങ്ങള്‍ക്കു ബോധ്യമായില്ലെങ്കിലോ, നായ്ക്കളേ, കടിച്ചുപൊളിച്ചോളിന്‍!'
ഇതു കേട്ടപ്പോഴാണ് ആ സാധുപ്പെണ്‍കുട്ടി വന്നതിന്റെ കാര്യം അയാള്‍ക്കോര്‍മവന്നത്. അയാള്‍ മാര്‍ക്കുപ്പായത്തിന്റെ കീശയില്‍ കയ്യിട്ടു തപ്പി; അതിലൊന്നും കണ്ടില്ല.
ആ ചെറുപെണ്‍കുട്ടി പിന്നെയും ആരംഭിച്ചു - മരിയുസ് അവിടെയുളള കഥ അവള്‍ക്കോര്‍മയില്ലെന്നു തോന്നി;
'ഞാന്‍ പലപ്പോഴും വൈകുന്നേരം പുറത്തേക്കു പോവും. ചിലപ്പോള്‍ രാത്രി വീട്ടിലേക്കു തിരിച്ചുവരുകയേ ഇല്ല. കഴിഞ്ഞ മഴക്കാലത്തു ഞങ്ങള്‍ ഇവിടെ വരുന്നതിനുമുമ്പ്, ഞങ്ങള്‍ പാലങ്ങളുടെ കമാനങ്ങള്‍ക്കുളളില്‍ താമസിച്ചുപോന്നു. മരവിച്ചുപോകാതിരിക്കാന്‍വേണ്ടി ഞങ്ങള്‍ കെട്ടിപ്പിണഞ്ഞു കിടക്കും. എന്റെ ചെറിയ അനിയത്തി കരയും. വെളളം എന്തുമാതിരി! വെളളത്തില്‍ച്ചാടി ചത്തുകളയാം എന്നു വിചാരിക്കുമ്പോള്‍, ഞാന്‍ തന്നെത്താന്‍ പറയും : 'വയ്യ! വല്ലാത്ത തണുപ്പ് !'എനിക്കിഷ്ടമുളളപ്പോള്‍ ഞാന്‍ പുറത്തേക്കു പോവും; ഞാന്‍ ചിലപ്പോള്‍ ചാലുകളില്‍ കിടന്നുറങ്ങും. നിങ്ങള്‍ക്കറിയാമോ, രാത്രി ഞാന്‍ നടക്കാവിലൂടെ പോകുമ്പോള്‍ മരങ്ങള്‍ കവച്ചങ്ങളായിത്തോന്നും; വീടുകളൊക്കെ കറുത്തു നോത്തൃദാംപളളിപോലെ കൂറ്റന്മാരായിരിക്കും; വെളളച്ചുമരുകള്‍ പുഴകളാണെന്നു ഞാന്‍ വിചാരിക്കും; ഞാന്‍ പറയും, 'അതാ വെളളമവിടെ നക്ഷത്രങ്ങളൊക്കെ കത്തിക്കൊണ്ടു നില്ക്കുന്ന വിളക്കുകള്‍പോലെയാണ്; അവ പുകയുന്നുണ്ടെന്നു തോന്നിപ്പോകും; കാറ്റ് അവ ഊതിക്കെടുത്തുന്നുണ്ടെന്നും തോന്നും; കുതിരകള്‍ എന്റെ ചെകിട്ടില്‍ വന്നു ശ്വാസം കഴിക്കുന്നുണ്ടെന്നു ഞാന്‍ പരിഭ്രമിക്കും; രാത്രിയാണെങ്കിലും കൈച്ചക്രങ്ങളുടേയും നൂല്‍പ്പൂചക്രങ്ങളൂടേയും ഒച്ച കേള്‍ക്കുന്നുണ്ടാവും - പിന്നെ എന്തിന്റെയൊക്കെയാണെന്ന് എനിക്കറിഞ്ഞുകൂടാ. ആളുകള്‍ എന്റെ നേരെ കല്ലെറിയുന്നുണ്ടെന്നു തോന്നും; ഞാന്‍ എങ്ങോട്ടെന്നില്ലാതെ പായും; എല്ലാം തിരിയുക, തിരിയുകതന്നെ. ഭക്ഷണം കഴിച്ചില്ലെങ്കില്‍ നിങ്ങള്‍ക്ക് എന്തോ വല്ലാതെ തോന്നും'.
എന്നിട്ട് ഒരമ്പരന്ന നോട്ടത്തോടുകൂടി അവള്‍ അയാളെ തുറിച്ചു നോക്കി.
കീശകളൊക്കെ തിരഞ്ഞു തിരഞ്ഞു ബുദ്ധിമുട്ടി മരിയുസ് അഞ്ചുഫ്രാങ്കും പതിനാറു സൂവുമുണ്ടാക്കി. അസ്സമയത്ത് അതുമാത്രമേ അയാള്‍ക്കു ഭൂമിയില്‍ സ്വത്തുണ്ടായിരുന്നുളളു. 'ഏതായാലും' അയാള്‍ വിചാരിച്ചു, 'ഇന്നത്തെ ഭക്ഷണം ഇവിടെയുണ്ട് ; നാളേക്കു നമുക്കാലോചിക്കാം' അയാള്‍ പതിനാറു സൂ സൂക്ഷിച്ചു ; അഞ്ചു ഫ്രാങ്ക് ആ പെണ്‍കുട്ടിയുടെ കയ്യില്‍ കൊടുത്തു.
അവള്‍ ആ നാണ്യം ആര്‍ത്തിയോടെ വാങ്ങി.
'നല്ലത്' അവള്‍ പറഞ്ഞു, 'സൂര്യനുദിച്ചു.'
സൂര്യന്ന് അവളുടെ തലച്ചോറിലുളള കന്നഭാഷയായ മഞ്ഞുകട്ടികളെ അലിയിക്കാനുളള ശക്തിയുണ്ടെന്നു തോന്നുമാറ്, അവള്‍ വീണ്ടും തുടങ്ങി;
'അഞ്ചുഫ്രാങ്ക്! പണം! ഒരു രാജാവ്! ഈ ഗുഹയില്‍! ഇതൊട്ടുകൊളളാം. നിങ്ങളൊരു കേമന്‍ കളളന്‍ ! ഞാന്‍ നിങ്ങളുടെ ദാസി ! മിടുക്കന്മാര്‍ക്കു സലാം! രണ്ടുദിവസത്തെ വീഞ്ഞ് ! മാംസം ! സ്റ്റ്യൂ ! ഞങ്ങള്‍ ഒരമറേത്തു കഴിക്കും ! വയറു നിറച്ച് !'.
അവള്‍ ഉടുപ്പു ചുമലിലേക്കേറ്റി, മരിയുസ്സിനെ ഒന്നു താണുവന്ദിച്ചു കൈകൊണ്ട് ഒരാംഗ്യം കാട്ടി, ഇങ്ങനെ പറഞ്ഞുകൊണ്ട് വാതില്ക്കലേക്കു നടന്നു ; 'സലാം സേര്‍, ഒക്കെ നന്നായി. ഞാനെന്റെ കിഴവച്ചാരെ ചെന്നുകാണട്ടെ'.
പോകുന്ന പോക്കില്‍ വലിപ്പുപെട്ടിപ്പുറത്ത് ഒരുണങ്ങിയ അപ്പകഷ്ണം കണ്ടു. അതവിടെ പൊടിയില്‍ കിടക്കുകയാണ് ; അവള്‍ അതിന്റെമേല്‍ ചെന്നു വീണ്, ഇങ്ങനെ മന്ത്രിച്ചുംകൊണ്ട് ഒരു കുടി കുടിച്ചു ; 'അതൊട്ടു കൊളളാം! ബഹു ഉറപ്പ്; എന്റെ പല്ലു പൊട്ടി'.
പോകുന്ന പോക്കില്‍ വലിപ്പുപെട്ടിപ്പുറത്ത് ഒരുണങ്ങിയ അപ്പക്കഷ്ണം കണ്ടു, അതവിടെ പൊടിയില്‍ കിടക്കുകയാണ്; അവള്‍ അതിന്റെമേല്‍ ചെന്നുവീണ്, ഇങ്ങനെ മന്ത്രിച്ചുകൊണ്ട് ഒരു കടി കടിച്ചു ; 'അതൊട്ടു കൊളളാം! ബഹു ഉറപ്പ് ; എന്റെ പല്ലു പൊട്ടി'.
അവള്‍ പുറത്തേക്കുപോയി.
(പാവങ്ങള്‍ എന്ന നോവലില്‍ നിന്ന്)
Content Highlights: Victor hugo death anniversary Pavangal Malayalam