വി.കെ. ശ്രീരാമൻ | ഫോട്ടോ: വി. എസ്. ഷൈൻ
വെട്ടിയാട്ടില്‍ കൃഷ്ണന്‍ ശ്രീരാമന്‍ എന്നു മുഴുവന്‍ പേര്.
വീക്കേ ശ്രീരാമന്‍ എന്നു ചുരുക്കത്തിലും.
വന്നേരിനാട്ടിലെ ഞമനേക്കാടാണ് വെട്ടിയാട്ടില്‍ വീട്.
അതച്ഛന്റെ വീട്.
അച്ഛന്റെ താവഴി.
അച്ഛന്റച്ഛന്‍ ചോഴി.
ചോഴീടച്ഛന്‍ കോരപ്പക്കുട്ടി.
എന്നെ പെറ്റത് കുന്നംകുളം സര്‍ക്കാരാസ്പത്രിയിലാണ്.
ആ പ്രസവവാര്‍ഡ് ഇന്നും അതുപോലെ.
തല പെരുക്കുന്ന ഏതോ അണുനാശിനിയുടെ രൂക്ഷഗന്ധം പരത്തി തലയുയര്‍ത്തി നില്‍ക്കുന്നു.
1953 ഫെബ്രുവരി രണ്ടാന്തിയായിരുന്നു.
മകരത്തിലെ ചോതിയായിരുന്നു.
മാവു പൂത്തിട്ടുണ്ടായിരുന്നു.
പുഞ്ചപ്പാടത്ത് ചീരയും കൊടിയനും കതിരുകാട്ടാന്‍ തുടങ്ങിയിരുന്നു.
കിഴൂക്കുന്നിന്റെ കിഴക്കേപ്പള്ളയ്ക്ക് പൂത്ത്, പൂവ്വൊക്കെ കുടഞ്ഞുയര്‍ന്ന് ഉയര്‍ന്നുയര്‍ന്ന് നില്‍ക്കുന്നുണ്ടായിരുന്നു ഏഴിലംപാല.
ഇതൊന്നും കേട്ടുകേള്‍വിയല്ല.
കണ്ടുകാണിയാണ്.
കീഴൂര് കളരിക്കല്‍ രാഘവപ്പണിക്കരാണ് പനയോലയില്‍ ജാതകം വരച്ചത്.
നീര്‍മരുതാണ് മരം.
മൃഗം പോത്ത്.
പാലച്ചോട്ടില്‍നിന്ന് കിഴക്കോട്ടിറങ്ങിയാല്‍ കീഴൂരമ്പലം.
കുത്തനെ ഇറങ്ങിച്ചെന്ന് ഇടന്തിരിഞ്ഞു നടന്നാല്‍ വലത്ത് കാര്‍ത്ത്യായനി.
വൃശ്ചികത്തിലെ കാര്‍ത്തികയ്ക്കാണ് കീഴൂര്‍പ്പൂരം.
പൂരത്തിന് ആനയും വെടിക്കെട്ടും.
സുന്ദരിമാരായ കന്യകളുടെ തിക്കും തിരക്കും.
കേളികേട്ട പൂരമാണ്.
തലപ്പിള്ളി താലൂക്ക് ചെറുവത്താനി അംശം ദേശത്ത് കല്ലായില്‍ മാക്കുണ്ണിമകള്‍ ഭാര്‍ഗ്ഗവി എന്നമ്മയ്ക്കു പേര്. നാലാങ്ങളമാര്‍ക്കൊരു പെങ്ങളാണ്. തന്റേടക്കാരിയാണ്.
കുന്നംകുളത്തെ ഗേള്‍സൈസ്‌കൂളീന്ന് പത്തും കടന്ന് തൃശ്ശൂരെ ആനപ്പാറയില്‍നിന്ന് ടീട്ടീസി പാസായി ടീച്ചറായി.
ചെറുവത്താനിയിലെ കല്ലായി വീട്ടീന്ന് നോക്കിയാല്‍ കാണുന്നത്ര അടുത്താണ് വടുതല സര്‍ക്കാര്‍ യു.പി. സ്‌കൂള്‍. മണിയടിച്ചാല്‍ ഇവിടെ വീട്ടില്‍ കേള്‍ക്കാം. എനിക്കോര്‍മ്മ വെക്കുന്ന കാലത്ത് വടുതല സ്‌കൂളിലാണ് അമ്മയ്ക്ക് ജോലി.
ഭാര്‍ഗ്ഗവിട്ടീച്ചറെന്നു കേട്ടാല്‍ കുട്ടികള്‍ക്കു ഭയമാണ്. ഭാര്‍ഗ്ഗവി ടീച്ചറെ ഏതെങ്കിലും ഒരു വിദ്യാര്‍ത്ഥി സ്‌നേഹിച്ചിരുന്നതായി അറിവില്ല. സ്‌കൂളുകാലം കഴിഞ്ഞ് വളര്‍ന്ന് വലുതായി മണത്തലയ്ക്ക് പെണ്ണു പോയ കൂള്യാട്ടേലെ സുലൈഖ ഒരു കല്യാണത്തീവെച്ച് കണ്ടപ്പോള്‍ പഴയതു പലതും ഓര്‍മ്മിച്ചെടുത്ത കൂട്ടത്തില്‍ പറഞ്ഞു:
'നിന്റെമ്മ ഭാര്‍ഗ്ഗവി ടീച്ചറ് മരിക്കാന്‍ വേണ്ടി ഞാന്‍ പണ്ട് പരീതൗല്ല്യാടെ നേര്‍പ്പെട്ടീല് ഒരുര്‍പ്യ കൊണ്ടിട്ടിട്ടുണ്ട്.
അമ്മാതിരി, അന്റമ്മേന്റെ പോലെ ഒരാളും ഈ ജമ്മത്തില് ഇന്നെ തച്ചിട്ടില്ല. ഉമ്മേം വാപ്പേം ഇന്നെ ഈര്‍ക്കിളിയെടുത്ത് എറ്റീട്ടില്ല.'
അതും പറഞ്ഞ് അവള്‍ ചിരിച്ചെങ്കിലും ആ പീഡനകാലത്തിന്റെ നോവും നീറ്റലും ആ ചിരിയെ പെട്ടെന്ന് മായ്ച്ചുകളഞ്ഞു.
നന്നാവാനല്ലേ?
എന്തെങ്കിലും പറഞ്ഞ് അവള്‍ ഊതിവീര്‍പ്പിച്ചുണ്ടാക്കിയ നീര്‍ക്കുമിള പൊട്ടിക്കണമെന്നേ ആ ചോദ്യംകൊണ്ട് ഞാനപ്പോള്‍ കരുതിയുള്ളൂ.
എന്നിട്ട് നീ നന്നായോ?
അതു ചോദിക്കുമ്പോള്‍ അവളെന്റെ മുഖത്തേക്കല്ല നോക്കിയത് എന്നു ഞാനോര്‍ക്കുന്നു.
നോക്കിയിരുന്നുവെങ്കില്‍ക്കൂടി ഉത്തരം തേടി ആ ചോദ്യമെന്നെ കുഴക്കുമായിരുന്നില്ല.
നന്നാവാത്ത മനുഷ്യരാണ് എന്നെയെന്നും ആകര്‍ഷിച്ചത്.
അവരോടൊപ്പമുള്ള ജീവിതമാണ് കൊതിച്ചത്.
അച്ഛന്‍ സിലോണിലായിരുന്നു.
കൊളമ്പുകാരന്‍.
കോമളന്‍.
പരിഷ്‌കാരി.
ബോംബായിയും മദിരാശിയും കൊളമ്പും കോലാമ്പ്രും സിങ്കപ്പൂരും ചെന്നെത്തിപ്പെട്ടാല്‍ കരകേറി എന്നു ജനങ്ങള്‍ കരുതിയിരുന്ന കാലം.
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദം.
അച്ഛന്റേട്ടന്‍ പഞ്ഞന്‍ നേരത്തേ കൊളമ്പീപ്പോയി ഡോക്ടര്‍ പത്മനായി പരിണമിച്ചിരുന്നു.
ഡോക്ടര്‍ പത്മന്റെ പത്‌നി മീനാക്ഷി ചിറ്റഞ്ഞൂര് കല്ലായില്‍ താമു വൈദ്യരുടെ പെങ്ങളാണ്.
താമു വൈദ്യര്‍ പേരുകേട്ട വൈദ്യനാണ്.
സംസ്‌കൃതത്തില്‍ വ്യുല്‍പ്പത്തിയുണ്ട്.
താമു വൈദ്യരുടെ മൂത്ത പെങ്ങളാണ് ദേവകി.
ദേവകിയാണ് ചെറുതുരുത്തി വേലപ്പന് പെണ്ണിരുന്നത്.
വേലപ്പനും കൊളമ്പിലായിരുന്നു.
ബ്രിട്ടിഷ് ആര്‍മിയില്‍.
ഒന്നാം ലോകയുദ്ധം കഴിഞ്ഞ് സിലോണിലേക്കു വന്നു.
അവിടെ C.G.RÂ (സിലോണ്‍ ഗവണ്‍മെന്റ് റയില്‍വേ) സ്റ്റോര്‍മാനായി ചേര്‍ന്നു.
ഇംഗ്ലീഷെഴുതാനും വായിക്കാനും വശമുണ്ട്.
ആപ്പീസറാണ്.
അല്ല, സൂപ്രണ്ടാണ്.
വേലപ്പന്‍ സൂപ്രണ്ട് ഭാര്യയെയും നാലു മക്കളെയും കൊളമ്പിലേക്കു കൊണ്ടുപോയി. അവിടെ സെന്റ് ജോസഫ്‌സ് ഇംഗ്ലീഷ് സ്‌കൂളില്‍ പഠിച്ച് കുട്ടികള്‍ ഇംഗ്ലീഷുകാരായി വളരുന്ന കാലത്താണ് രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടത്.
ജപ്പാന്റെ പോര്‍വിമാനങ്ങള്‍ കൊളമ്പിലും ബോംബിട്ടു.
വേലപ്പന്‍ സുപ്രണ്ട് ഭാര്യയെയും മക്കളെയും ഒരു ബോട്ടില്‍ കയറ്റി നാട്ടിലേക്കയച്ചു.
നാടു വിടരുതെന്ന് വേലപ്പന് ശാസനം കിട്ടി.
ഏതുസമയത്തും വീണ്ടും പട്ടാളക്കാരനാവേണ്ടിവരാം.
ഭാഗ്യത്തിന് അതുണ്ടായില്ല.
മൂന്നു പെണ്ണും ഒരാണുമായി നാലു മക്കളാണ് വേലപ്പന്. അതിലെ ആണാണ് പിന്നീട് സി.വി. ശ്രീരാമന്‍ എന്ന കഥയെഴുത്തുകാരനായിത്തീര്‍ന്നത്.
സത്യേട്ടന്‍ എന്ന സത്യദേവനാണെനിക്ക് അലക്‌സാന്ത്രെ ദ്യൂമാസിന്റെ ത്രീ മസ്‌കിസ്റ്റേഴ്‌സ് പാരായണം ചെയ്ത് സാരം പറഞ്ഞുതന്നത്. ഭാഗവതയജ്ഞംപോലെ.
ആര്‍ട്ടഗ്‌നന്റെയും ആര്‍ത്തോസിന്റെയും പോര്‍ത്തോസ്സിന്റെയും കഥ കേള്‍ക്കാന്‍ ശ്രോതാവായി ഒരാള്‍; ഞാന്‍ മാത്രം. പടിഞ്ഞാറേ പാടത്തേക്കിറങ്ങുന്ന മണ്‍പടിക്കെട്ടില്‍ ചമ്രംപടിഞ്ഞിരുന്നു. എനിക്കന്ന് പത്തോ പന്ത്രണ്ടോ വയസ്സു കാണും. ആറിലോ ഏഴിലോ പഠിക്കുകയാണ്. സത്യേട്ടന്‍ എന്നെക്കാളും മുതിര്‍ന്നതാണ്; അഞ്ചാറുവയസ്സിന് മൂപ്പാണ്.
തോക്കേന്തിയ പടയാളികള്‍ കുതിരപ്പുറത്തു വരുന്നത് അംഗവിക്ഷേപങ്ങളോടെ അഭിനയിച്ചു കാണിച്ചുതരും. പിന്നെ വീണ്ടും ചമ്രംപടിഞ്ഞിരുന്ന് പാരായണവും കഥപറച്ചിലും തുടരും.
അംബാസിഡര്‍ എന്ന ഒരു ഇംഗ്ലീഷ് സൈക്കിളുണ്ടായിരുന്നു സത്യേട്ടന്. അതിന്റെ പിന്നില്‍ ഇരുന്നാണ് മസ്‌കിറ്റേഴ്‌സും ഡോണ്‍ കിക്‌സോട്ടും വന്നത്. പിതാമഹനും കുമാരനാശാനും വന്നത്.
നാലപ്പാടന്‍ വന്നത്.
ഒക്കെപ്പൂവ്വാണു വില്ലും, ശരമതു വെറുമഞ്ചാണു, വണ്ടാണു ഞാണും
തെക്കന്‍ കാറ്റാണ് തേരും, സുരഭി സമയമൊന്നാണു കാണും സുഹൃത്തും; നില്‍ക്കട്ടേകാകിയാണെങ്കിലുമയി ഗിരിജേ, നിന്‍ കടാക്ഷത്തിലേതോ കൈകൊണ്ടും കൊണ്ടനംഗന്‍...
സൗന്ദര്യലഹരി തലയ്ക്കു പിടിച്ചാല്‍ സത്യേട്ടന്റെ ശബ്ദം പൊങ്ങും. എഴുന്നേറ്റു നിന്നാവും കവിതയുടെ സ്വച്ഛന്ദാവിഷ്‌കാരം. പടിഞ്ഞാറേലെ ഗോപാലേട്ടന്‍ ചിലപ്പോള്‍ ഞങ്ങളുടെ നേര്‍ക്ക് ടോര്‍ച്ചടിക്കും. അപ്പോഴാണ് ശബ്ദം താഴുക.
ചന്തം കാഴ്ചയ്ക്കു വേണ്ടാ
ചതുരത ചാടുവാക്കോതുവാന്‍ വേണ്ട ചെറ്റും...
ഉറക്കെയും പതുക്കെയുമായി ചൊല്ലിത്തന്നതെല്ലാം ഞാന്‍ മരുഭൂമി മഴയെന്നപോലെ ഏറ്റുവാങ്ങി.
ഇന്നും ആര്‍ട്ടഗ്‌നനെയും അശ്വാരൂഢരായ വീരന്മാരെയുമോര്‍ക്കുന്നു ഞാന്‍. സൗന്ദര്യലഹരിയോര്‍ക്കുന്നു. സത്യദേവനെന്ന ഗുരുനാഥനെ ഓര്‍ക്കുന്നു.
ഇന്നലെ ഞാന്‍ ഫോണില്‍ വിളിച്ചു. തൃശ്ശൂരില്‍ ഏട്ടന്റെ വീട്ടിലാണ് കുറച്ചു ദിവസങ്ങളായിട്ട്. ഈ കാലക്കേട് മാറി ഇവിടന്നിറങ്ങീട്ട് ഞാന്‍ അതിലേ വരാം. നമുക്ക് മുതലമടയ്ക്കു പോണം. പോണ വഴിക്ക് പഴയന്നൂരും കഴിഞ്ഞ് പാടവക്കത്തുള്ള കറുത്ത കേശവന്നായരുടെ ചായപ്പീടികേന്ന് ദോശ തിന്നണം. ഇപ്പൊ ഇവിടെ എല്ലാത്തിനും കൃത്യനിഷ്ഠയാണ്. ദാ, ചിന്നമ്മേടത്തി കഞ്ഞി കുടിക്കാന്‍ വിളിക്കണുണ്ട്.
ഞാന്‍ ഗുരുമുഖത്തുനിന്നു കേട്ട സൗന്ദര്യലഹരി ഒന്നു ചൊല്ലി നോക്കാന്‍ ശ്രമിക്കട്ടെ.
ചന്തം കാഴ്ചയ്ക്കു വേണ്ടാ,
ചതുരത ചാടുവാക്കോതുവാന്‍ വേണ്ട ചെറ്റും
ചിന്തിച്ചാല്‍ നിന്‍ കടാക്ഷം തടവിയ ജഠരന്‍ തന്നെയും തന്വി കണ്ടാല്‍...
ഞാന്‍ കോഴിക്കോട്ട് പോണ് ണ്ട് നീ പോരണോ?
ബാലേട്ടന്‍ ചോദിച്ചു.
എന്താ കോഴിക്കോട്ട്?
ചെലവൂര്‍ വേണു ഒരു ഫിലിം ഫെസ്റ്റിവെല്‍ നടത്തുന്നുണ്ടവിടെ. നീയ്യൊന്നും കാണാത്ത പല ഫിലിംസും കാണാം. ഗിരീഷ് കാസറവള്ളിയുടെ ചോമന ദുഡിയാണ് ഓപ്പണിങ്. അരവിന്ദനും രവിയുമെല്ലാമുണ്ടാവുമവിടെ.
കുന്നംകുളത്തുനിന്ന് കടലുണ്ടിക്കുള്ള ഒരു ട്രാന്‍സ്‌പോര്‍ട്ട് ബസ്സിലാണ് ബാലേട്ടന്‍ കയറിയത്. പിന്നാലെ ഞാനും. കോഴിക്കോട് പോവാന്‍ കടലുണ്ടി വഴിയാണ് നല്ലത് എന്ന് ഒന്നുരണ്ടു വട്ടം ബസ്സിലിരുന്ന് എന്നോട് ബാലേട്ടന്‍ പറഞ്ഞു
തിരൂരും കഴിഞ്ഞ് തെല്ലു ചെന്നപ്പോള്‍ സന്തോഷ് ഫാര്‍മസിയുടെ ബോര്‍ഡുകള്‍ ഇടയ്ക്ക് പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. കുറച്ചുകൂടി ചെന്നപ്പോള്‍ സന്തോഷ് ഫാര്‍മസിയുടെ കവാടം കണ്ടു. ജീവണ്‍ടോണ്‍ എന്നെഴുതിവെച്ച വലിയ ബോര്‍ഡും. മസിലുകള്‍ പെരുപ്പിച്ചുകാട്ടി കാലുകള്‍ ചുവടുവെച്ച് നില്‍ക്കുന്ന ആ മസില്‍മാന്റെ ചിത്രം അക്കാലത്ത് മലയാളികള്‍ക്ക് സുപരിചിതമായിരുന്നു. ഒരു മാസം ജീവന്‍ടോണ്‍ കഴിച്ചാല്‍ ശരീരം ഇതുപോലെ ആവും എന്നു തുപ്രമ്മാന്റെ രവി പറഞ്ഞത് ഓര്‍ത്തു. ദാ, ഇവിടെ നിന്നാണല്ലോ അവശനായ മനുഷ്യനെ ഘടോല്‍ക്കചനാക്കുന്ന ആ ദിവ്യൗഷധം പുറപ്പെടുന്നത് എന്നറിഞ്ഞ് അതിശയപ്പെട്ടു.
അപ്പോഴേക്കും ബസ്സൊരു പുഴവക്കത്ത് ചെന്നുനിന്നു.
യാത്രക്കാരോടൊപ്പം ഞങ്ങളും ബസ്സില്‍നിന്നിറങ്ങി തോണിയില്‍ കയറി.
കടത്തു കടന്ന് അക്കരെ ചെന്നപ്പോള്‍ അവിടെക്കണ്ട കള്ളുഷാപ്പുകളിലൊന്നില്‍ ബാലേട്ടന്‍ കയറി.
കൂടെ ഞാനും.
നുരയും പതയും പുറത്തേക്കു വന്ന കള്ള് മണ്‍കുടങ്ങളില്‍ മുന്നിലെത്തി. ഞണ്ടും പിന്നെ കട്ക്ക എന്നു പേരുള്ള മറ്റൊരിനവും.
നേരം പോയതറിഞ്ഞില്ല.
ഷാപ്പില്‍നിന്നിറങ്ങുമ്പോള്‍ ഞാന്‍ പറഞ്ഞു:
'കടലുണ്ടി വഴിതന്നെയാണ് കോഴിക്കോട്ടേക്കു നല്ലത്, തിരിച്ചു പോവാനും നമുക്കീ വഴിതന്നെ മതി.'
വെള്ളയില്‍ റെയില്‍വേസ്റ്റേഷനടുത്തുള്ള ഒരോടിട്ട വീടിന്റെ മുറ്റത്ത് ഞാനും ബാലേട്ടനും നിന്നു.
'ഇവിടെയാണ് അരവിന്ദന്‍ താമസിക്കുന്നത്,' ബാലേട്ടന്‍ പറഞ്ഞു.
വാതിലടഞ്ഞു കിടക്കുന്നു. ഉമ്മറത്തേക്ക് കയറുമ്പോള്‍ ഞാനതു ശ്രദ്ധിച്ചു. അടഞ്ഞ വാതിലിനു മുകളിലായി യേശുക്രിസ്തുവിന്റെ പെയിന്റിങ്. യേശുവിന് കണ്ണോ മൂക്കോ ഉണ്ടായിരുന്നില്ല.
മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ മുഖപടമായി വന്നതാണത്.
നമ്പൂതിരി വരച്ചതാണ്.
ബാലേട്ടന്‍ പോക്കറ്റില്‍നിന്ന് പൊടിക്കുപ്പിയെടുത്തു തുറന്നു. തുറക്കുമ്പോള്‍ പറഞ്ഞു:
'അരവിന്ദന്‍ വരും.'
പറഞ്ഞുതീരുംമുമ്പെ ഒരു ഏഷ് നിറത്തിലുള്ള ലാമ്പ്രട്ട സ്‌കൂട്ടറില്‍ മഹാബാഹു വന്നു.
എന്നെ പരിചയപ്പെടുത്തിക്കൊണ്ട് ബാലേട്ടന്‍ പറഞ്ഞു:
'ചെറ്യമ്മേടെ മോനാ, ഇവന്റീം പേര് ശ്രീരാമന്‍ എന്ന് തന്ന്യാ.'
അതിനു മറുപടിയായി അരവിന്ദന്‍ കണ്ണുകൊണ്ട് ചിരിച്ചു. കണ്ണുകൊണ്ട് പിന്നെയെന്തൊക്കെയോ പറഞ്ഞു. ബീച്ചില്‍നിന്നു വന്ന ചെറിയ കാറ്റില്‍ വലിയ കുര്‍ത്ത ഓളംവെട്ടി.
കോഴിക്കോട് പുഷ്പാ തിയേറ്ററിലായിരുന്നു ചെലവൂര്‍ വേണുവിന്റെ ഫിലിം ഫെസ്റ്റിവെല്‍.
ഉദ്ഘാടനം പട്ടാഭിരാമ റെഡ്ഡിയാണ്. സ്‌നേഹലതാ റെഡ്ഡിയും വന്നിട്ടുണ്ട്.
ഗിരീഷ് കാസറവള്ളിയുണ്ട്.
അരവിന്ദനും പുതുക്കുടി ബാലേട്ടനുമുണ്ട്.
തിക്കോടിയനും നമ്പൂതിരിയുമുണ്ട്.
പട്ടത്തുവിള കരുണാകരനുണ്ട്.
രവീന്ദ്രനുണ്ട്, ബാങ്ക് രവിയുണ്ട്.
എഴുപത്തിനാലോ അഞ്ചോ ആണ് കാലം.
അരവിന്ദന്‍ സിനിമയെടുത്തിട്ടില്ല.
അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടില്ല.
സ്‌നേഹലതാ റെഡ്ഡി ഇന്ദിരാഗാന്ധിക്ക് കത്തെഴുതിയിട്ടില്ല.
അന്ന് ഞാന്‍ ബാലേട്ടന്റെ ഒപ്പമിരുന്ന്
ചോമന ദുഡി കണ്ടു.
ഇന്നും ചോമനും ചോമന്റെ തുടിയും ഓര്‍മ്മയില്‍ കൊട്ടിപ്പാടിയുണരാറുണ്ട്.
ഇന്നലെ രാത്രി കളിക്കളത്തില്‍ എറിക്‌സണ്‍ വീഴുന്ന ഷോട്ട്. എന്താണെന്നറിയാതെ പകച്ചുപോയി.
ലോകകപ്പ് നടക്കുന്ന സമയങ്ങളിലാണ് ഞാന്‍ ഫുട്‌ബോളില്‍ ശ്രദ്ധിക്കാറ്. ഈയിടെയായി ബേബി, ഹരികൃഷ്ണന്‍, ഷാനു എന്നിവരെല്ലാം ഫുട്‌ബോളിനെപ്പറ്റി നിരന്തരം പറയുന്നതു കേള്‍ക്കുമ്പോള്‍ കളി കാണണമെന്ന് എനിക്കും തോന്നാന്‍ തുടങ്ങിയിട്ടുണ്ട്.
പണ്ടുപണ്ട് ചെറുവത്താനിയില്‍ ഈ പറമ്പിന്റെ പടിഞ്ഞാറേ ചെരുവിലുള്ള പാടത്ത് കാല്‍പ്പന്തു കളിക്കാന്‍ കുട്ടികളോടൊപ്പം പവിത്രനും കൂടുമായിരുന്നു. കബനീനദി ചുവന്നതോ ഉദയം കാണാന്‍ ചിലര്‍ ഉറക്കമൊഴിക്കുന്നതോ കുട്ടികള്‍ക്കറിയില്ലായിരുന്നു.
കുപ്പായമിടാതെ കള്ളിമുണ്ടു മാത്രം ചുറ്റിയാണ് ചിലപ്പോളവന്‍ കളിക്കാനിറങ്ങുക. ആവേശത്തില്‍ പന്തിനു പിന്നാലെ പായുമ്പോള്‍ പലപ്പോഴും മുണ്ടഴിഞ്ഞുപോയി.
'പവ്യേട്ടാ ദാ മുണ്ട്...' എന്നു പറഞ്ഞ് കുട്ടികള്‍ മുണ്ടുമായി പിന്നാലെ ഓടി. ജീവിതത്തിലൊരിക്കലും അടിവസ്ത്രം ധരിക്കില്ലെന്നു നിശ്ചയിച്ചിരുന്ന അവനും പന്തുംകൂടി ഏതോ അന്യഗൃഹജീവികളെപ്പോലെ കളിക്കളത്തില്‍ ഓടിനടന്നു. ആദ്യമൊക്കെ ആ കാഴ്ച കുട്ടികളില്‍ അമ്പരപ്പുണ്ടാക്കിയെങ്കിലും പിന്നീടവര്‍ ആ നഗ്നസത്യത്തിനോട് ഇണങ്ങി.
നാരായണിയമ്മായി ഒരിക്കല്‍ അവനെ ഉപദേശിച്ചു: 'കളിക്കാന്‍ പോകുമ്പോള്‍ ട്രൗസറും ബനിയനും ആണ് നല്ലത്. ഈ വേഷം നന്നല്ല പവ്യേ.'
'വേഷമല്ല അമ്മായ്യേ കളിയാണ് പ്രധാനം. ഗോളടിക്കലുമല്ല കളിയാണ് കളിയാണ് പ്രധാനം.'
കാലം കടന്ന് നിറംമങ്ങിപ്പോയ ചിത്രത്തില്‍ അവനും നാരായണി അമ്മായിയും ഇന്നുമുണ്ട്.
(മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച 'വേറിട്ട ശ്രീരാമന്‍' എന്ന പുസ്തകത്തില്‍നിന്ന്)
Content Highlights: Veritta Sreeraman, Essays, Book excerpt, Actor and writer Sreeraman, Mathrubhumi books
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..