ഐ.ബി.എമ്മിലെ ജോലിയും സമ്പന്നമായ ജീവിതവും ഉപേക്ഷിച്ച് ഗ്രാമത്തിലേക്ക് ഇറങ്ങിച്ചെന്ന്, കൃഷിക്കാരനായി മാറിയ വെങ്കട് അയ്യറുടെ കൃഷിക്കാരനായി മാറിയ ടെക്കി എന്ന പുസ്തകത്തില്‍ നിന്നും
ദിനങ്ങള്‍ കടന്നുപോകുന്തോറും ഞാന്‍ കൃഷിയിടത്തില്‍ കൂടുതല്‍ സമയം ചെലവഴിച്ചു തുടങ്ങി. പലവിധ വിളകള്‍ കൃഷി ചെയ്യുക, അവയെ പരിപാലിക്കുക, വിളവെടുക്കുക എന്നിങ്ങനെയുള്ള കാര്യങ്ങളുടെ സൂക്ഷ്മവശങ്ങള്‍ ഞാന്‍ പഠിച്ചു. ഓരോതരം വിളയ്ക്കും തനതായ നടീല്‍, വിളവെടുപ്പ് രീതികളുണ്ടെന്നു ഞാന്‍ മനസ്സിലാക്കി. അവയെ ആക്രമിക്കുന്ന കീടങ്ങളും രോഗങ്ങളും വിഭിന്നമായിരുന്നു. ഇത്തരം ഓരോ പ്രശ്‌നത്തിന്റെയും പരിചരണവും പരിഹാരവും വെല്ലുവിളിയായി. ഇവയ്ക്കു വ്യക്തമായ ജൈവപരിഹാരങ്ങള്‍ ഇല്ലെന്നത് എന്റെ പ്രശ്‌നങ്ങളെ അധികരിപ്പിച്ചു. പരീക്ഷിച്ചു ഫലം നിരീക്ഷിക്കുക എന്ന രീതിയായിരുന്നു മിക്കവാറും നടന്നത്. ഫലം ചെയ്യുന്നതേതെന്ന് പരീക്ഷിച്ചു മനസ്സിലാക്കുകയല്ലാതെ മറ്റു വഴികളില്ല.
മണ്‍സൂണ്‍വിളയുടെ കൊയ്ത്തിനുശേഷം, 2004 നവംബറില്‍, നിലക്കടല വിതയ്ക്കുവാന്‍ ഞങ്ങള്‍ തീരുമാനിച്ചു. നിലക്കടലവിത്തുകള്‍ വിതരണം ചെയ്യപ്പെട്ട ദിവസം, വിധിവശാല്‍ എന്റെ കൈയില്‍ ആവശ്യത്തിനു പണമില്ലായിരുന്നു. അതിനാല്‍ രണ്ടു ചാക്ക് വിത്ത്, അതായത് 60 കിലോഗ്രാം മാത്രമാണു വാങ്ങുവാന്‍ കഴിഞ്ഞത്. നിലക്കടല തോടു കളഞ്ഞാണു വിതയ്‌ക്കേണ്ടതെന്നു നാട്ടുകാര്‍ പറഞ്ഞറിഞ്ഞപ്പോള്‍ മുതല്‍ കടലപുരാണം ആരംഭിച്ചു എന്നു പറയാം. ഞങ്ങളാ ജോലി വളരെ ആത്മാര്‍ഥമായിത്തന്നെ ആരംഭിച്ചു. പക്ഷേ, ഒരാഴ്ച പിന്നിട്ടപ്പോള്‍, ഞങ്ങള്‍ രണ്ടുപേരുംകൂടി തോടു കളഞ്ഞത് കഷ്ടിച്ച് കാല്‍ച്ചാക്ക് വിത്തുകളുടേത് മാത്രമാണെന്നു കണ്ടു. ഗ്രാമത്തിലെ മറ്റുള്ളവരെപ്പോലെ, അമ്മാവന്മാരും അമ്മായിമാരും കുട്ടികളും അപ്പൂപ്പന്മാരും ഒക്കെയുള്ള വലിയൊരു കുടുംബമായിരുന്നെങ്കില്‍ എന്ന് ആത്മാര്‍ഥമായി ആഗ്രഹിച്ചുപോയ ഒരു വേളയായിരുന്നു അത്.
എന്തെന്നാല്‍ അത്തരം കൂട്ടുസംരംഭങ്ങളായിരുന്നു എല്ലാ വീട്ടിലും നടന്നത്. കുടുംബമൊന്നാകെ ദിവസവും മുഴുവനും നിലക്കടല പൊളിക്കുക. ആരെങ്കിലും അതിഥികളുണ്ടെങ്കില്‍ അവരും കൂടെ വന്നിരുന്ന് സ്വാഭാവികമായും ജോലിയില്‍ പങ്കുചേരും. ഞങ്ങള്‍ക്കും ഗ്രാമത്തില്‍നിന്ന് അതിഥികളുണ്ടായി. പക്ഷേ, അതൊന്നും പോരാത്ത അവസ്ഥയായിരുന്നു.
ആവശ്യമാണ് അഥവാ ഞങ്ങളുടെ കാര്യത്തില്‍ ആലസ്യമാണ് സൃഷ്ടിയുടെ മാതാവ്. ഈ ജോലി പൂര്‍ത്തിയാക്കുവാനാകില്ലെന്നു വാരാന്ത്യത്തോടെ തിരിച്ചറിഞ്ഞ ഞങ്ങള്‍ നിലക്കടല, തോടോടുകൂടി വിതയ്ക്കാമെന്നു തീരുമാനമെടുത്തു. തോട് ഇല്ലാതെയായിരുന്നു വിത്തുകള്‍ വേണ്ടതെങ്കില്‍ പ്രകൃതിക്ക് അങ്ങനെ സൃഷ്ടിക്കാമായിരുന്നു. തനിക്കു വേണ്ടതുപോലെ സൃഷ്ടിക്കുകയാണു പ്രകൃതിയുടെ രീതി. ഇതാ, ഒരു ഭ്രാന്തന്‍ ആശയത്തിലൂടെ ഞങ്ങള്‍ നിയമങ്ങള്‍ ലംഘിക്കുവാന്‍ പോകുന്നു. നിലക്കടല, തോടോടുകൂടി വിതയ്ക്കാന്‍ പോകുന്നു എന്ന വാര്‍ത്ത എല്ലായിടത്തും പരന്നു. അത് പരമ മണ്ടത്തരമാണെന്നു പറഞ്ഞുതരുവാന്‍ നാട്ടുകാര്‍ എല്ലാവരുംതന്നെ വീട്ടിലെത്തി. തങ്ങള്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് അങ്ങനെയാണു ചെയ്തിരുന്നതെന്ന് മോഹനെയും ബബന്റെ അച്ഛനെയും പോലെയുള്ള മുതിര്‍ന്ന ചില ഗ്രാമീണര്‍ മാത്രം പറഞ്ഞു.
അങ്ങനെ ചില കേട്ടുകേള്‍വികളുടെയും, ചില കര്‍ഷകര്‍ അങ്ങനെ ചെയ്തതായി പറയുന്ന ഹണിബീയിലെ ഒരു ലേഖനത്തിന്റെയും അടിസ്ഥാനത്തില്‍ ഞങ്ങള്‍ തീരുമാനത്തില്‍ ഉറച്ചു നിന്നു. തോട് മയപ്പെടുന്നതിനായി വിതയ്ക്കുന്നതിനു മുന്‍പ് ഞങ്ങള്‍ നിലക്കടല വെള്ളത്തില്‍ കുതിര്‍ത്തെടുത്തു. വിതച്ചു തീര്‍ന്നത് ഡിസംബര്‍ 31 നാണ്. അതിനുശേഷം ഈ കൃഷിയൊരു ദുരന്തമാകരുതേ എന്ന പ്രാര്‍ഥനയോടെ, നവവര്‍ഷമാഘോഷിക്കുന്നതിനായി ഞങ്ങള്‍ മുംബൈയിലേക്കു പോയി.
പാടത്ത് ഒന്നും സംഭവിക്കാതെ ഒരാഴ്ച കടന്നുപോയി. എട്ടാം ദിവസം മണ്ണില്‍നിന്നും ചില നാമ്പുകള്‍ തലനീട്ടുന്നത് ഞങ്ങള്‍ കണ്ടു. പെട്ടെന്നുതന്നെ നിലമാകെ കുഞ്ഞു നിലക്കടലത്തൈകളാല്‍ ആവരണം ചെയ്യപ്പെട്ടു. ഞങ്ങളാഹ്ലാദത്താല്‍ ആര്‍പ്പുവിളിച്ചു. ആ പ്രോത്സാഹനത്തില്‍ ഞങ്ങളവയ്ക്ക് വെള്ളമൊഴിച്ചു, കള പറിച്ചു, വാത്സല്യപൂര്‍വം പരിചരിച്ചു.
നാലു മാസം കടന്നുപോയി. ഏപ്രില്‍ മാസത്തില്‍ ചില കടലച്ചെടികള്‍ പറിച്ചുനോക്കിയപ്പോള്‍, നനുത്ത ഇളംകടലകള്‍ വേരുകളില്‍നിന്നു തൂങ്ങിക്കിടക്കുന്നതു കണ്ടു. മേയ് ആണു വിളവെടുപ്പുകാലം. മേയ് 9നു ഞങ്ങള്‍ ചെടികള്‍ പിഴുതെടുത്തു തുടങ്ങി. പിഴുതെടുത്ത ചെടികള്‍, ഒരു ദിവസം വെയിലില്‍ ഉണങ്ങണം. ഗ്രാമത്തില്‍ ജോലിക്ക് അധികമാളെ കിട്ടാഞ്ഞതിനാല്‍ മീന ഒരാഴ്ച ഓഫീസ് ജോലിയില്‍നിന്ന് അവധിയെടുത്തു. കടലകളെ ചെടിയില്‍നിന്ന് വേര്‍പെടുത്തി എടുക്കുന്നതിന്, പിഴുതെടുത്ത ചെടികള്‍, രണ്ടു തൂണുകള്‍ക്കിടയില്‍ കെട്ടിയിരിക്കുന്ന ഇരുമ്പുദണ്ഡില്‍ ശക്തിയായി അടിക്കണമെന്നറിയുന്നതുവരെ കാര്യങ്ങളെല്ലാം എളുപ്പമാണെന്നാണു ഞങ്ങള്‍ കരുതിയത്. കേള്‍ക്കുമ്പോള്‍ വളരെ ലളിതവും സുഗമവുമായിത്തോന്നാം. പക്ഷേ, രാവിലെ ഏഴുമണി മുതല്‍ വൈകുന്നേരം ആറുമണിവരെ ഈ പണി ചെയ്യണമെന്നറിയുമ്പോഴോ? സമൃദ്ധമായ വിളവെടുപ്പിനെപ്പറ്റി ഞങ്ങള്‍ക്കത്ര ആവേശമൊന്നും അപ്പോള്‍ തോന്നിയില്ല.

നമ്മുടെ ക്രോധം കളയുന്നതിനുള്ള ഏറ്റവും നല്ലൊരു ഉപായമാണിതെന്നു കണ്ടെത്തുന്നതുവരെ ജോലി അല്പം ദുഷ്‌കരമായിത്തോന്നി. പിന്നീട് ജോലിയുടെ രീതി മാറി. ഒരു കറ്റ കൈയിലെടുക്കുന്നു, നിങ്ങള്‍ക്ക് അടിക്കണമെന്നാഗ്രഹമുള്ള ഒരാളെയോര്‍ക്കുന്നു, അടി തുടങ്ങുന്നു. ഏതാനും കറ്റകള്‍ കഴിയുമ്പോള്‍, വിശാലമായൊരു പുഞ്ചിരി നിങ്ങളുടെ മുഖത്തു വിരിയും. ലോകം കൂടുതല്‍ നല്ല ഇടമായിത്തോന്നും. എങ്കിലും വാരാന്ത്യമായപ്പോഴേക്കും, കൃഷിയിടത്തിന്റെ പാതിയേ ആയിരുന്നുള്ളൂ. മീനയ്ക്ക് അവധി ഒരാഴ്ചകൂടി നീട്ടേണ്ടിവന്നു. ഞങ്ങളാകെ തളര്‍ന്നിരുന്നു. ചൂടുകൊണ്ട് ആകെ കരുവാളിക്കുകയും ചൂടുകുരുക്കള്‍ ദേഹത്തു പൊന്തുകയും ചെയ്തു. രണ്ടു ചാക്ക് വിത്തേ വിതച്ചുള്ളൂ എന്നതില്‍ ഞങ്ങള്‍ക്കപ്പോള്‍ അത്യധികമായ സന്തോഷം തോന്നി.
തുടര്‍ച്ചയായ വിളവെടുപ്പുപ്രക്രിയകളുടെ രണ്ടാഴ്ച പിന്നിട്ടപ്പോള്‍, പതിനെട്ടു ചാക്ക് നിലക്കടലയാണു ഞങ്ങള്‍ക്കു ലഭിച്ചത്. വിതച്ചതിന്റെ അനുപാതത്തില്‍ നോക്കിയാല്‍ ഗ്രാമത്തിലെ ശരാശരി 10-12 ചാക്കാണ്. അതിനാല്‍ ഞങ്ങള്‍ ആ ശരാശരിയില്‍നിന്നും ബഹുദൂരം മുന്‍പില്‍. ഈ ബംബര്‍ വിളയെക്കുറിച്ചുള്ള വാര്‍ത്ത നാട്ടില്‍ പരന്നു. ഞങ്ങളുടെ വീട്ടിലേക്ക് ആളുകളുടെ ഒഴുക്കായി. ഇത്തവണ ആ വരവ്, കേട്ടവിവരം സത്യമാണോ എന്നുള്ള അന്വേഷണത്തിനാണ്. എന്റെ അയല്‍ക്കാരായ ലാഹു കാക്കയും ശ്രീധര്‍ കാക്കയും വളരെയധികം പ്രോത്സാഹനപരമായ മനോഭാവമാണു കാണിച്ചത്. അടുത്ത തവണ ഈ രീതിതന്നെ പരീക്ഷിക്കുമെന്നും അവര്‍ പറഞ്ഞു. ഇത് തുടക്കക്കാരുടെ ഭാഗ്യം മാത്രമാണെന്ന് ബാബു റാവു, കാത്തെ എന്നീ സംശയാലുക്കള്‍ പറഞ്ഞുവെങ്കിലും ഭൂരിപക്ഷം പേര്‍ക്കും ഞങ്ങളുടെ രീതി ഗുണപ്പെട്ടു എന്ന അഭിപ്രായമായിരുന്നു.
ഇത്രയും ജോലി കഴിഞ്ഞാല്‍ അടുത്ത പടി, ഈ നിറഞ്ഞ ചാക്കുകളെല്ലാം നദിയിലേക്ക് കൊണ്ടുപോകുകയും മണ്ണും അഴുക്കും മാറ്റാന്‍ കഴുകിയെടുക്കുകയുമാണ്. എന്നിട്ടവ വീണ്ടും ഉണങ്ങണം. ഈ അഭ്യാസങ്ങളെല്ലാം കഴിഞ്ഞപ്പോള്‍, 707 കിലോഗ്രാം നിലക്കടലയാണു ഞങ്ങള്‍ക്ക് എണ്ണയുത്പാദനത്തിനു തയ്യാറായ പാകത്തില്‍ കൈയില്‍ വന്നത്. അങ്ങനെ ആദ്യത്തെ നിലക്കടലക്കൃഷി ഞങ്ങള്‍ പൂര്‍ത്തിയാക്കി. അതിന്റെ അന്ത്യഫലങ്ങളില്‍ ഞങ്ങള്‍ തൃപ്തരായിരുന്നു.
സ്ഥലത്തെ എണ്ണയാട്ടല്‍കേന്ദ്രത്തില്‍നിന്ന് ഞങ്ങള്‍ നിലക്കടലയെ എണ്ണയാക്കി മാറ്റിയെടുത്തു. രണ്ടു തവണ അരിച്ച എണ്ണ 15 കിലോ ടിന്നുകളിലായി പാക്കു ചെയ്തു. ആകെ അത്തരം പതിമൂന്നു ടിന്നുകള്‍ ഞങ്ങള്‍ക്കു ലഭിച്ചു. പ്രാദേശികചന്തകളില്‍ വില്ക്കുന്നതുകൊണ്ട് കാര്യമില്ലെന്നറിയാവുന്നതിനാല്‍, ഞങ്ങളില്‍നിന്നും എണ്ണ വാങ്ങുവാന്‍ താത്പര്യപ്പെടുന്നുണ്ടോയെന്ന് അന്വേഷിച്ച് സുഹൃത്തുക്കള്‍ക്ക് മെസേജ് അയച്ചു. രാസപ്രക്രിയകള്‍ നടത്താത്ത (അണ്‍ റിഫൈന്‍ഡ്)തും മായം ചേര്‍ക്കാത്തതുമായ നൂറു ശതമാനം ശുദ്ധമായ എണ്ണയായിരുന്നു ഞങ്ങളുടെ പക്കലുള്ളത്.

നിലക്കടലയെണ്ണ വില്ക്കണമെന്നുള്ളതുകൊണ്ട്, എണ്ണ എങ്ങനെയാണ് റിഫൈന്‍ ചെയ്യുന്നതെന്നു മനസ്സിലാക്കുവാന്‍, ഞാന്‍ അടുത്തുള്ള ഒരു എണ്ണഫാക്ടറിയില്‍ പോയി. അതറിയുന്നത് എനിക്ക് സഹായകമാകുമെന്നാണു ഞാന്‍ പ്രതീക്ഷിച്ചത്. രണ്ടു തവണ അരിക്കുക മാത്രം ചെയ്ത എണ്ണയാണ് ഞങ്ങളുടെ കൈവശമുള്ളത്. എണ്ണവില ഇത്രയും കുറയ്ക്കുവാന്‍ അവര്‍ക്കെങ്ങനെ കഴിയുന്നു എന്നും എനിക്കറിയേണ്ടിരുന്നു. എന്നാല്‍ ആ സന്ദര്‍ശനത്തില്‍നിന്നറിഞ്ഞ വിവരങ്ങള്‍ അസ്വസ്ഥത പകരുന്നതായിരുന്നു. റിഫൈനിങ് പ്രക്രിയ ഒരു യന്ത്രവത്കൃത രീതിയാണ്. എണ്ണയിലൂടെ ഹൈഡ്രജന്‍ വാതകം കടത്തിവിടുന്നു. ഇത് എണ്ണയുടെ ഗന്ധം ഇല്ലാതാക്കുന്നു. എണ്ണ കേടില്ലാതെ സൂക്ഷിക്കുവാന്‍ പറ്റുന്ന കാലയളവ് വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ഇത് ഉത്പാദകര്‍ക്കു സഹായകമായ കാര്യമാണ്. പക്ഷേ, പ്രയോജകര്‍ക്ക് യാതൊരു സ്വാഭാവികഗുണവും കിട്ടുന്നില്ല. യഥാര്‍ഥത്തില്‍, ഈ പ്രക്രിയയില്‍ ഹൈഡ്രജന്‍ തന്മാത്രകള്‍ കടത്തിവിടുമ്പോള്‍, അത് രക്തക്കുഴലുകളില്‍ കൊഴുപ്പ് അടിഞ്ഞുകൂടുവാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു എന്നാണു ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുള്ളത്. അതായത്, ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്ക് കാരണമാകുന്നു.
ഞാന്‍ സംസാരിച്ച വ്യക്തി നേരിട്ട് സമ്മതിച്ചില്ലെങ്കിലും, പരുത്തിക്കുരു എണ്ണപോലെ മണമില്ലാത്ത ചില എണ്ണകള്‍ ചേര്‍ത്ത്, റിഫൈനിങ് ഘട്ടത്തില്‍ മായം കലര്‍ത്തുന്നുണ്ടെന്നാണ് അയാള്‍ അവ്യക്തമായി സൂചിപ്പിച്ചത്. ഇങ്ങനെ കലര്‍ത്തുന്ന മറ്റൊരെണ്ണ പാമോയിലാണ്. അത് പൊതുവിതരണസംവിധാനത്തില്‍നിന്നും വഴിമാറ്റിയെടുത്ത്, ഇത്തരം മായംചേര്‍ക്കലുകള്‍ക്ക് ഉപയോഗിക്കുന്നു. ഇങ്ങനെയാണവര്‍ ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ വിലയില്‍ എണ്ണ നല്കുന്നത്.
എനിക്കു ലഭിച്ച വിവരത്തിന്റെ ആധികാരികതയെപ്പറ്റി പറയുവാന്‍, ഞാന്‍ ഡോക്ടറോ ശാസ്ത്രജ്ഞനോ അല്ല. എന്തായാലും എന്റെ കൈവശമുള്ള എണ്ണ വില്ക്കുവാന്‍ എനിക്കിനി കൂടുതല്‍ വിവരങ്ങള്‍ ആവശ്യമില്ല. ഒരിക്കല്‍ രുചിച്ച്, അതിന്റെ ഗുണം ശീലിച്ചുകഴിയുമ്പോള്‍, ആളുകള്‍ കൂടുതല്‍ വാങ്ങും. കുറഞ്ഞ സമയത്തിനുള്ളില്‍ത്തന്നെ ഞങ്ങള്‍ക്ക് ഉത്പാദിപ്പിച്ച എണ്ണയത്രയും വില്ക്കാന്‍ കഴിഞ്ഞു. ഫാം തുടങ്ങിയിട്ട് ആദ്യമായി, ഉത്പാദനച്ചെലവ് പൂര്‍ണമായും ഉത്പന്നങ്ങള്‍ വിറ്റുകിട്ടിയ തുകകൊണ്ട് നേരിടുവാന്‍ ഞങ്ങള്‍ക്കു കഴിഞ്ഞു. അതു കൂടാതെ അല്പം ലാഭവും കിട്ടി.
കൃഷിക്കാരനായി മാറിയ ടെക്കി ഓണ്‍ലൈനില്‍ വാങ്ങാം
Content Highlights: Venkat Iyer Book Malayalam excerpts